Monday, June 30, 2014

ബാല്യകാല ഓര്‍മ്മകള്‍

സ്കൂള്‍ ഓര്‍മ്മകള്‍ വായിക്കവേ ഞാനും ചില നര്‍മ്മനിമിഷങ്ങളില്‍ വീണു പോയി . എന്നെ ചിരിപ്പിക്കുന്ന ഒരു സംഭവം ഇന്നും മനസ്സില്‍ നില്‍ക്കുന്നത് സ്കൂള്‍ യുവജനോത്സവത്തിന് ഒരു നാടകം അവതരിപ്പിച്ചതാണ് .എല്ലാരും നാടകം അവതരിപ്പിക്കുന്നു എന്നാല്‍ നമുക്കും ഒരെണ്ണം വേണം എന്ന വാശിയില്‍ ആണ് ഞാനും ഷിബുലാല്‍ , ചന്ദ്ര ബോസ് തുടങ്ങി മൂന്നു നാല് പേര്‍ ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കാന്‍ ശ്രമിച്ചത് . കഥ റെഡി ആയി " കുഞ്ഞു പെങ്ങള്‍ക്ക് ഒരു സമ്മാനം" അതായിരുന്നു പേര് . നാടകം സെലെക്ഷന്‍ ടൈമില്‍ എഴുത്തുകാരനും നാടക സംവിധായകനും ഒക്കെ ആയ ഹുസൈന്‍ സാര്‍ പറഞ്ഞു ശരി നടക്കട്ടെ എന്ന് . ദയാപരമായ ഒരു എന്‍ട്രി കിട്ടി എന്ന് പറയാം .
നാടകത്തിന് പേര് വിളിച്ചു . കര്‍ട്ടന്‍ പൊങ്ങി അഭിനയം നടക്കുന്നു . സ്റെജില്‍ കയറിയില്‍ എനിക്കൊരു വിഷമമേ ഉള്ളൂ കാണികളെ നോക്കരുത് . നോക്കിയാല്‍ എല്ലാം പോയി . വിയര്‍ത്തു കുളിച്ചു വിറയല്‍ വരും . നാടകത്തില്‍ എനിക്ക് വില്ലന്‍ റോള്‍ ആയിരുന്നു. അങ്ങനെ നാടകം നടകുന്നു രംഗത്ത്‌ ഷിബുലാല്‍ നായകന്‍ ആയി അരങ്ങു തകര്‍ക്കുന്നു . എന്റെ രംഗപ്രവേഷത്തിനു സമയം ആയി . അന്നത്തെ ചെത്ത്‌ മോഡല്‍ ബെല്‍ബോട്ടം പാന്റും ഒരു കൂളിംഗ് ഗ്ലാസ്സും നീളന്‍ കോളര്‍ ഷര്‍ട്ടും ഒക്കെ ആയിട്ട് വില്ലന്‍ രംഗ പ്രവേശം ചെയ്തു. കിടിലം കിടിലം എന്തൊക്കെയോ ഡയലോഗുകള്‍ അങ്ങ് പറഞ്ഞു തീര്‍ത്ത്‌ ഒടുക്കത്തെ ക്ലൈമാക്സ് ആയിരുന്നു . ഇനി വേണ്ടത് വില്ലന്‍ തോക്കെടുത്ത് നായകനെ വെടിവയ്ക്കാന്‍ ശ്രമിക്കണം അപ്പോള്‍ നായകന്‍ അത് മല്പിടുത്തതിലൂടെ കയ്ക്കലാക്കി വില്ലനെ കൊല്ലണം. സംഗതി തോക്ക് എടുത്തു നായകന്‍റെ കയ്യിലും ആയി . വെടി വെയ്ക്കുമ്പോള്‍ പണ്ടത്തെ പൊട്ടാസ് തോക്കിന്റെ തനിക്കോണം കാണിച്ചു . അതിന്റെ മുന്‍വശം പിന്‍ പോയിട്ട് പ്ലിംഗ് എന്ന് പറഞ്ഞു താഴോട്ട് ഇളകി വന്നു . പുറകില്‍ നിന്ന് വെടി ശബ്ദവും വന്നു . ഷിബുലാല്‍ വീഴടാ എന്ന് ആംഗ്യം കാണിക്കുക ആണ് വെടി വച്ച തോക്കിന്റെ അവസ്ഥ കണ്ടു ഞാന്‍ അന്തം വിട്ടു നില്‍ക്കുക ആണ് മറന്നു പോയി . കാണികള്‍ ചിരിച്ചു തുടങ്ങിയപ്പോള്‍ ആണ് എനിക്ക് സ്ഥലകാല ബോധം ഉണ്ടായത് . പിന്നെ മരണ അഭിനയം ആയിരുന്നു നെഞ്ചു പൊത്തുന്നു പുളയുന്നു താഴെ വീഴുന്നു . കര്‍ട്ടന്‍ വീഴുന്നു . ഹഹഹ ഇന്നതൊരു പൊട്ടിച്ചിരിയായി ഓര്‍മ്മയില്‍ വീണ്ടും .

Sunday, June 29, 2014

ഒരേ തൂവല്‍പ്പക്ഷികള്‍

നക്ഷത്രങ്ങൾ  കണ്ണ് ചിമ്മിക്കളിക്കുന്ന
ശരത്കാല രാവുകളിൽ
വേനല്മഴ കൊതിക്കും
പകലിൻ മാറിൽ നിന്നു -
മൊരു ശലഭം പറന്നുയരുന്നു
പ്രണയത്തിന്റെ താഴ്വര തേടി .

പറന്നകലുന്ന പകലുകൾക്ക്‌
പറയുവാനാകാത്ത കഥകളുമായ്
ഇരുണ്ട വിജനതകൾക്കു മേലെയായ്
മൃദുലമാം ചിറകുകൾ ചലിക്കുന്നതിദ്രുതം.
നിമിഷവേഗങ്ങളെ പിറകിലാക്കുന്ന
മൃതിയുടെ സുഗന്ധം പിന്തുടരവേ
പ്രണയസുമത്തിൻ മധുവൊന്നു നുകരുവാൻ
ഒരു ചുംബനം കൊണ്ട് ജീവിതം സഫലമാകാൻ
കിതച്ചു പായുന്നൊരീ ശലഭവും
ഞാനും, ഒരേ തൂവൽപ്പക്ഷികൾ ...!
-----------------ബി ജി എന്‍ 

Monday, June 23, 2014

ജനനി


ഒരു വിരല്‍ത്തുമ്പാല്‍ തടഞ്ഞു
നിര്‍ത്താനും
ഒരു വാക്കിന്‍ മുനയാല്‍
തളര്‍ത്താനും
ഒരു ചൂരല്‍ വടിയാല്‍
നടത്താനും
കഴിയില്ല തന്‍ പൈതലിനെയെങ്കില്‍
അറുത്തെറിയുക കൊരവള്ളി
പിടഞ്ഞിടാതെ മനവും.
നീ 'ജനനി'യെങ്കില്‍ ! .

ആശ്രയമറ്റവളല്ല
ആശയറ്റവളുമല്ല നീ
നേരിന്‍ പാതയില്‍ വളര്‍ത്താന്‍
നന്മയുടെ ചിന്തേരില്‍
തിളങ്ങുവാന്‍
ജന്മം കൊടുപ്പവള്‍
നീ 'ജനനി'യെങ്കില്‍ ! .

കാമത്താലെരിയുവോളല്ല
പുത്രന്‍ തന്‍ നഗ്നത
ഭ്രമിക്കോളുമല്ല .
പിഴുതെറിയാന്‍ കെല്‍പ്പുള്ളവള്‍
ഏതു കളകളും ധരിത്രിയില്‍
വളരാതിരിക്കുവാന്‍
കൊയ്ത്തരിവാളെടുപ്പവള്‍
നീ 'ജനനി'യെങ്കില്‍ !

മാനത്തിന്‍ വിലയെ
ജീവനിലുപരി സ്നേഹിപ്പവള്‍ .
മക്കളെ
മാനത്തോടെ ജീവിക്കാന്‍
പഠിപ്പവള്‍ .
മാനമപമാനമായാല്‍
പുലരികാണാത്തവള്‍
നീ 'ജനനി'യെങ്കില്‍ !
---------------ബി ജി എന്‍

Friday, June 20, 2014

കറുത്ത ലോകം വെളുത്ത മനുഷ്യര്‍

ചവച്ച് തുപ്പിയ പെണ്ണെല്ലിന്‍ കഷണങ്ങള്‍
കുടിച്ചു വറ്റിച്ച മുലക്കാമ്പിന്‍ ശേഷിപ്പുകള്‍
വലിച്ചു കീറിയ ശലഭദളങ്ങള്‍ തന്‍ നിണം
ഇനിയെന്താണ് നിന്നുടലിന്‍ ദാഹമകറ്റാന്‍!

കണ്ണീര്‍ വറ്റിയ ജീവിത പെരുമഴകള്‍ മുന്നി-
ലായ് ഉപ്പളങ്ങള്‍ പോലെ വറ്റിവരളുമ്പോള്‍
ശീതീകരണികളില്‍ പുളച്ചുമദിക്കുന്നു മേദ-
സ്സിന്‍ പുതിയ ജന്മത്തിന്‍ ബീജബാങ്കുകള്‍ .

ഉറവവറ്റിയ തണ്ണീര്‍ക്കുടങ്ങള്‍ വിണ്ടു കീറിയ
നഗ്നയാം ഭൂമി വെയില്‍ കൊണ്ട് പുളയവേ 
ആകാശം കാത്തിരിക്കുന്നു മഴമേഘങ്ങള്‍
ഭൂമിയെ ബലമായിപ്രാപിക്കുന്നത്കാണാന്‍ .

ഇനി മടങ്ങാം, പെരുമവറ്റിയ വെറുംനിലത്തു
കരുണ വറ്റിയ മുലക്കാമ്പുകള്‍ മുറിച്ചു മാറ്റി
ആണത്വവും പെണ്ണത്വവും ശവഭോഗംചെയ്യും
വിശുദ്ധനദികളില്‍ കളിയോടമിറക്കി രസിക്കാം .

വിശപ്പിനരക്കച്ചയഴിക്കുന്ന കാഴ്ചകള്‍ മറക്കാം
നമുക്കിനി വിശുദ്ധയോനികള്‍ രജസ്വലയാകുന്ന
അന്തപ്പുരങ്ങളില്‍ മണിയൊച്ചകള്‍ കാതോര്‍ക്കാം
ഉമ്മറത്ത് ഞാത്തിയിടാം തൃപ്പൂത്തിന്‍ ശേഷിപ്പുകള്‍ .

വരിയുടയ്ക്കപ്പെടുന്ന പകലിന്‍ സന്തതികള്‍ രാവു-
മുഴുവന്‍ തെരുവില്‍ വിഴുപ്പു ചുമന്നു തളരുമ്പോള്‍
തിരുകേണം മയക്കത്തിന്റെ കറുത്ത ചേലകള്‍
പുതിയൊരു പുലരി സ്വപ്നം കാണാത്തിടത്തോളം .
-----------------------------ബി ജി എന്‍

ആല്‍ക്കെമിസ്റ്റ് .. ഒരു വായനയുടെ ബാക്കി പത്രം

വായന ദിനത്തില്‍ വായിക്കാന്‍ വേണ്ടി കരുതി വച്ച പുസ്തകം പോലെ ആണ് ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷം ഇന്ന്  ആല്‍ക്കെമിസ്റ്റ് വായിക്കാന്‍ കഴിഞ്ഞത് .
വിശ്വാസത്തിനും സങ്കല്‍പ്പത്തിനും ഇടയില്‍ മതിഭ്രമം ബാധിച്ച മനുഷ്യന്റെ കേവല ജീവിതത്തിന്റെ കാഴ്ച എന്നതിനുപരി കുറെ കാര്യങ്ങള്‍ ഈ വായന തന്നു എന്ന് പറയാം . നീ തേടുന്നതെന്തോ അത് നിന്നിലുണ്ട് എന്നെപ്പോഴും ഓര്‍മ്മിപ്പിക്കുന്ന കാഴ്ചപ്പാട് പരക്കെ പറയുമ്പോഴും ബാല്യം കൗമാരം യൗവ്വനം മുതലായവ കടന്നു വാര്‍ദ്ധക്യത്തില്‍ എത്തി ചേരുന്ന ജീവിതത്തെ ആണ് ഞാന്‍ വായിച്ചെടുത്തത് .
കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തിലെ മായാ സ്വപ്നമായിരുന്നു നിധി അഥവാ സുഖ സൗകര്യങ്ങള്‍ നിറഞ്ഞ ജീവിതമെന്ന് തുടങ്ങുന്ന വായന ആ കഷ്ടപ്പാടില്‍ നിന്നും സുഖദമായ ജീവിതത്തിലേക്ക് നടന്നു കയറാന്‍ ഉള്ള പ്രതിബന്ധങ്ങളെ ആണ് പിന്നെ കാണിച്ചു തരുന്നത് . ഇടയില്‍ ബാല്യം കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും കടന്നു പോകുന്നതും ലക്ഷ്യത്തിലേക്കുള്ള ചവിട്ടു പടി പോലെ അതിജീവനത്തിന്റെ യാത്രകളും വിയര്‍പ്പൊഴുക്കലും വായനയില്‍ കടന്നു പോകുന്നു . പ്രണയത്തിന്റെയും യുദ്ധത്തിന്റെയും സങ്കീര്‍ണ്ണതകളും , ഭൌതിക ജീവിതത്തിന്റെ തത്രപ്പാടും എല്ലാം സ്ഫടികപാത്രങ്ങളും പച്ചപ്പുകളുടെ മരുക്കാഴ്ചയിലും മറ്റുമായി തെളിഞ്ഞു വരുന്നുണ്ട് . ഒടുവില്‍ പരാജയപ്പെട്ട , എല്ലാ ആശകളും നിഷ്പഹലം എന്ന് തിരിച്ചറിയുന്ന മനുഷ്യന്‍ തന്റെ ആശ്വാസം അല്ലെങ്കില്‍ ലക്‌ഷ്യം തന്റെ മൂലസ്ഥാനം തന്നെ എന്ന് തിരിച്ചറിയുകയും അവിടെ തന്റെ അന്വേഷണങ്ങള്‍ പൂര്‍ണ്ണമാകുകയും ചെയ്യുന്നതു വായനയില്‍ അനുഭവിച്ചു അറിയാന്‍ കഴിയുന്നു .
ആത്മീയതയുടെ ഒരു തലം കൂടി നിലനിര്‍ത്തി പോരുന്ന വായനാനുഭവം ഒടുവില്‍ മരണമെന്ന നിതാന്ത സത്യത്തിലേക്ക് ഒടുവില്‍ പൂര്‍ണ്ണ മനസ്സോടെ നടന്നു കയറുന്ന മനുഷ്യനില്‍ എത്തിച്ചു വിരാമമിടുന്നു . മുന്‍പ് പലപ്പോഴും മുന്നില്‍ നിന്ന് കൊതിപ്പിച്ചപ്പോഴും അവയില്‍ വീഴാതെ തിരിച്ചു പോകാന്‍ മനസ്സ് ശ്രമിച്ചിരുന്നത് വളരെ മനോഹരമായി പറഞ്ഞു പോകുന്നുണ്ട് ഇടയില്‍ എന്നതിനാല്‍ തന്നെ അവസാനത്തില്‍ എത്തുമ്പോള്‍ ഉള്ള ആ ആത്മ സമര്‍പ്പണം വളരെ മനോഹരവും ഹൃദ്യവും ആയി അനുഭവപ്പെട്ടു .
നല്ല ഒരു വായന .

Wednesday, June 18, 2014

മഴക്കുമിളകള്‍


ഇനിയും ജനിക്കാന്‍ ജനനമില്ലെങ്കിലും
മരിക്കും വരേയ്ക്കും പ്രണയിക്കണം നാം .
ഇരുള്‍കവര്‍ന്നെടുത്തു പറന്നകലുമ്പോഴും
ചുണ്ടില്‍ പ്രണയത്തിന്‍ മധുരമുണ്ടാകണം

കരയുവാനിരുളിനെ സ്നേഹിക്കും പകലി-
ന്റെ പരിഭവം കേട്ട് മരവിച്ച മനസ്സേ
വേദനയറുത്തുയിരിനെ വളര്‍ത്തുമ്പോള്‍
കാണാതെപോകരുതീ മഞ്ഞുതുള്ളിയെ .

ഒരുനോക്കു കാണുവാന്‍ പരിഭവത്താ-
ലൊരു കളിവാക്കു ചൊല്ലുവാന്‍ കഴിയാതെ
മഴയില്‍ കുതിര്‍ന്നൊരു വേഴാമ്പലിന്നു
കരയുവാന്‍  മറന്നു മിഴിതാഴ്ത്തിടുന്നു

പിടയുന്ന മാനസം പിളര്‍ന്നെടുത്തിന്നു
കണിയായ് വച്ചു  പതിയെ മടങ്ങുന്നു .
കതിരുകള്‍ വാടിയ പാടവരമ്പിലൂടടയാള -
മില്ലാതകലുന്ന നിഴല്‍പോലെ ഞാന്‍!
------------------------ബി ജി എന്‍

Sunday, June 15, 2014

അശാന്തിയുടെ വേരുകള്‍


കനലുകള്‍ പിടയുന്ന മനസ്സില്‍ എവിടെയോ
ഹിമബിന്ദു പോലൊരു മുഖമൊളിഞ്ഞിരിപ്പുണ്ട് .
ചാന്ദ്ര രാവുകളിലെന്നും തണുപ്പ് പുതച്ചു ഞാന്‍
താഴ്വരകളില്‍ മിന്നാമിന്നി പോല്‍ തിരഞ്ഞിരുന്നു .

പറയാതെ പറയുന്ന പകലുകളില്‍ എന്നുമാ
പൊരിവെയില്‍ കൊണ്ട് പുളയുന്ന ജീവനില്‍
വസന്തമൊഴിഞ്ഞ മലര്‍വാടികളിലോ, ജലം
മരവിച്ചു കിടക്കുന്ന കതിരില്ലാ പാടങ്ങളിലോ ?

അറിയില്ല കരിമ്പനക്കൂട്ടം പുളയ്ക്കുന്ന രാത്രികള്‍
പതിവായി നിന്നെ പകുത്തു തരുന്നുണ്ടെങ്കിലും
പടര്‍ന്നു കയറാന്‍ മനം കൊതിക്കും മരമൊരു
വനമായി വന്നെന്‍ പടിവാതില്‍ മറയുന്നുവോ.

മൈലാഞ്ചി വിരലുകളാല്‍ കവിള്‍ തലോടിയും
ഒരു കുഞ്ഞുപൈതലെ പോല്‍ വാരിയെടുത്തും
ചുണ്ടുകളിലമൃതം തിരുകിയും സ്നേഹിക്കും നിന്‍
കരുണാര്‍ദ്രനേത്രങ്ങള്‍ കണ്ടു ഞാനുറങ്ങട്ടെ !
-------------------------ബി ജി എന്‍

Tuesday, June 10, 2014

നമ്മളറിയാതെ പോകുന്നു

അകന്നു പോകുന്ന കാലൊച്ചകള്‍ പോലെയാണ്
നിന്റെ മൗനം നിറയുന്ന വാക്കുകള്‍ പെയ്യുന്നത് .
ഒരു മഴകൊതിക്കും വേഴാമ്പലിന്‍ മനസ്സറിയാതെ
ആകാശച്ചരുവില്‍ മേഘശകലങ്ങളൊഴുകും പോലെ .

മനസ്സിനെ മേയാന്‍ വിട്ടു കൊണ്ട് ആകാശം നോക്കി കിടക്കുമ്പോള്‍ ശരീരത്തിന് ഭാരം നഷ്ടം ആയതു പോലെ. നിശ്വാസങ്ങള്‍ക്ക് അപ്പുറം നിന്റെ ഗന്ധം നുകരുന്ന പകലുകള്‍ എന്നെ സ്നേഹിച്ചിരുന്നു . നിന്റെ വരികള്‍ക്കും , വാക്കുകള്‍ക്കും അപ്പുറം നിന്റെ ഉണ്മ അറിയുമ്പോള്‍ ഗതാകാലത്തിലെങ്ങോ എന്നോ നമ്മള്‍ ഒരുമിച്ചിരുന്നു എന്ന് തോന്നിക്കുന്നു.
വയല്‍ക്കാറ്റേറ്റു പാടവരമ്പത്ത് എത്രയോ പകലുകള്‍ ഏകനായി ഞാന്‍ ആകാശം നോക്കി കിടന്നിരിക്കുന്നു . അന്ന് പക്ഷെ മനസ്സില്‍ ശൂന്യത ഇരുട്ട് നിറച്ചിരുന്നു . നീയില്ലാത്ത കാലം . ഓര്‍മ്മയില്‍ കഥകള്‍ മാത്രം നിറഞ്ഞു നിന്ന കാലം .

സ്നേഹമെന്നാല്‍ വികാരരഹിതമാം കാമത്തിന്‍
കാളക്കണ്ണുകള്‍ വിടര്‍ത്തുമാസക്തിയല്ല , നിന്നില്‍
വേഗതയില്ലാതെ പടര്‍ന്നു പകരും കാറ്റിന്‍
കൈവിരല്‍ പോലെ സ്നിഗ്ദമാമോരനുഭൂതി മാത്രം .!

കടല്‍ക്കരയുടെ സാന്ത്വനം തേടി എത്രയോ നാളുകള്‍ ! കുന്നിന്‍ ചരിവുകള്‍ , നദിയോരങ്ങള്‍ , യാത്രകളുടെ കാണാ തീരങ്ങള്‍ . ആള്‍ക്കൂട്ടത്തില്‍ തനിയെ ആകുന്ന പോലെ ഒരു ഒറ്റയാന്‍ .
കൂട്ടത്തിലെടുക്കാതെ വിടാന്‍ അവര്‍ക്ക് കാരണങ്ങള്‍ ഉണ്ടായിരുന്നു . സമകാലിക സുഖങ്ങളില്‍ അവര്‍ക്കൊപ്പം നീരാടാന്‍ മനസ്സിന് താല്പര്യം ഇല്ലാതെ പോയി . വിരക്തിയുടെ പൊയ്കയില്‍ മുങ്ങി കിടന്നുകൊണ്ട് സ്വപ്‌നങ്ങള്‍ കാണാന്‍ ആയിരുന്നു എന്നും മനസ്സ് കൊതിച്ചത് .
ഇന്നു നിന്റെ മൈലാഞ്ചി മണമുള്ള തണുത്ത വിരലുകള്‍ എന്റെ നെറ്റിയില്‍ തഴുകി കടന്നു പോകുന്ന സുന്ദരസ്വപ്നങ്ങള്‍ ഓര്‍ത്ത്‌ ഞാന്‍ രാവുകളെ തണുപ്പിക്കുമ്പോള്‍ , നിന്നെ അറിയാതിരിക്കാന്‍ കഴിയുന്നില്ല . യുഗങ്ങള്‍ക്കപ്പുറത്തെങ്ങോ കാലം സ്പന്ദനം മറന്നു നിന്ന ഒരു നിമിഷത്തെ ഞാന്‍ ഓര്‍മ്മയിലാവാഹിക്കുവാന്‍ ശ്രമിക്കുന്നു പിന്നെയും .....ബി ജി എന്‍

Monday, June 9, 2014

സ്വപ്നലോകത്തെ നിഴലുകള്‍


പൊരിയും വേനലിന്‍ മദ്ധ്യേ ഗമിക്കീടുകില്‍ 
കരള്‍ പകുത്തെടുത്തു കഴുകന്നു നല്‍കുന്ന
കപടലോകത്തിന്‍ നിറുകയിലെത്തുവാന്‍
ശുഭയാത്ര നേരുന്ന നേരത്തും പ്രിയേ ഞാന്‍
അഴലിന്റെ പേമാരി ഉള്ളില്‍ കരുതട്ടെ .

ഇത് ലോകത്തിന്‍ നന്മയ്ക്ക് വേണ്ടിയോ
ഇരുളിന്‍ മഴക്കാറ് പെയ്യുവാന്‍ മാത്രമോ
അറിയില്ലെനിക്കെങ്കിലും കൊതിക്കുന്നു
ഇനി നമ്മള്‍ പങ്കിട്ടെടുക്കണമീ രാവുകള്‍ .

സ്വപ്‌നങ്ങള്‍ കണ്ടൊരു രാവുകളെന്നോ
കണ്ടു മറന്നൊരു ലോകമായ് മറയവേ
പൊട്ടിയടര്‍ന്ന വളത്തുണ്ടുകള്‍ കൊണ്ട്
നീ കോറിയിടുന്നുണ്ടുണങ്ങാത്ത ചാലുകള്‍ .

പുകമണം മാറാത്തടുക്കളയിരുളിലായ്
കവിളുകള്‍ പൊള്ളിച്ചടര്‍ന്നൊരു നീരില്‍
കുതിരുമീ കറികളില്‍ മധുരം പകര്‍ന്നൊരു
മൃദുമന്ദഹാസത്താല്‍ ഊട്ടിയുറക്കുന്നുണ്ട് .

എങ്കിലും നിന്നുടെ മിഴികളിലൊരിക്കലും
കണ്ടിരുന്നില്ലൊരു മഴക്കാറുപോലുമീ
വെയിലേറ്റുപുകയുന്ന പകലുകളൊന്നും
കിന്നാരം ചൊല്ലി നിന്നെ പുണരുമ്പോള്‍.  

അരികത്തുമകലത്തും നമ്മള്‍ കുറിച്ചിട്ട
വരകള്‍ പൊള്ളിച്ച കടലാസ് പോലെ
വിറപൂണ്ട ഹൃത്തടം വിങ്ങുന്നു രാവില്‍
അലിവോടെയുടലിലോരംഗുലീ ലാളനം. 

കൊതിയോടെയകതാരില്‍ കരുതുന്നു
നനവാര്‍ന്ന മിഴികള്‍ ചേര്‍ത്തടയ്ക്കുമ്പോള്‍
ശുഭനിദ്ര നേരുന്നു സഖേ നിനക്കെന്നു
മുദ്രവയ്ക്കുമധരങ്ങളാല്‍ ശ്രവിക്കുവാന്‍ .
--------------------ബി ജി എന്‍

ചുംബനം


ഉമ്മവയ്ക്കാന്‍ പഠിക്കുന്ന
ചുണ്ടുകളേ 
നിങ്ങൾക്ക് സമാധാനം .
സ്നേഹത്തിന്റെ
മൃദു ചുംബനം മുതൽ
കാമത്തിന്റെ
ചുടു ചുംബനം വരെ
നിങ്ങള്‍ക്ക് സ്വന്തം ...!

നിങ്ങൾ മേയുന്ന താഴ്വരകൾക്ക്
നാണത്തിന്റെ ചുവന്ന നിറം .
ദന്തക്ഷതമേറ്റ നിരവധി
ചുണ്ടുകളുടെ ശാപവും,
തിണർത്ത കവിളുകളുടെ ദുഖവും
നിങ്ങള്‍ക്ക്  അമരത്വം
നൽകുമ്പോൾ
ചുവന്നു തുടുത്ത
മുലച്ചുണ്ടുകൾ നിങ്ങളെ
നോക്കുവാനാകാതെ 
മിഴിയൊളിപ്പിക്കുന്നുവല്ലോ .

നിങ്ങൾ കീഴടക്കാത്ത
മഹാമേരുക്കളുണ്ടോ ?
നിങ്ങൾ ഊളിയിടാത്ത
സമുദ്രങ്ങളും .
എങ്കിലും ഉമ്മകളെ
നിങ്ങളെന്തിനു ഭയക്കുന്നു
ഇന്നുമീ ചുണ്ടുകളെ ?
--------ബി ജി എൻ

സമകാലീനം

ഓർമ്മിക്കുവാനായി
ഒന്നുമില്ലാതെ ഞാൻ
കനവുകളിൽ വീണലിഞ്ഞിടുമ്പോൾ
ജീവിക്കുവാനായി
ജീവിതങ്ങൾ തെരുവിൽ
നാണയത്തുട്ടുകൾ തേടിടുന്നു .

കാമിക്കുവാനായി
പ്രണയമിഥുനങ്ങൾ
മോണിട്ടറുകൾ തേടിടുമ്പോൾ
പശിയകറ്റീടുവാന്‍
ദൈന്യബാല്യങ്ങള്‍
നരഭോജികള്‍ക്കത്താഴമായിടുന്നു .

വെട്ടിപ്പിടിക്കുവാൻ
അധികാരമുറയ്ക്കുവാൻ
കബന്ധങ്ങള്‍ മണ്ണുതിന്നുമ്പോൾ
ആശ്രയമറ്റവർ
ആലംബമില്ലാതെ
അഴുകുന്നു വറുതിതൻ പാടങ്ങളിൽ .

നീതിതൻ ദേവി
കണ്ണുകൾ മറച്ചുകൊണ്ട-
തിഗൂഢസ്മിതമോടെ മരുവുമ്പോൾ
കഴുമരച്ചുവടുകളിൽ
ചോര മണത്തിട്ടു
ചെന്നായകള്‍ കൂവിയാര്‍ത്തിടുന്നു .
------------------ബി ജി എന്‍ 

Thursday, June 5, 2014

വര്‍ത്തമാനകാലം

അമ്മേ
നിലാവിന്റെ പൂ വീണു
പുളകിതയാകുന്ന ഭൂമിയെങ്ങു ?
മരതകപട്ടില്‍ പൊതിഞ്ഞോരവള്‍
തന്നണിവയര്‍ തഴുകും
വെള്ളിയരഞ്ഞാണമെങ്ങു ?
ഉത്തുംഗ ശൈലമെന്നെന്നും
കവികള്‍ വാഴ്ത്തിയ
നിത്യവിസ്മയമാം
മുലകളെങ്ങ്?
നാഭീചുഴിയില്‍
മധുപോല്‍ നിറച്ചോരാ
തണ്ണീര്‍നിലങ്ങളെങ്ങു ?
ഹരിതവന ഭംഗിയാല്‍
ഗൂഡം മറഞ്ഞൊരു
രതിഭംഗിയോലും
കേദാരമെങ്ങു ?
ഇന്നെന്റെ ചിന്തയില്‍
നീ കുടഞ്ഞിട്ടൊരീ
സങ്കല്പ ഭൂമിയതെങ്ങുപോയ് ?
----------------ബി ജി എന്‍