Tuesday, November 27, 2012

ചര്‍വ്വാകജന്മം

കരിങ്കല്ലിന്‍ ശില്പത്തെ
ആരാധനയുടെ  ശൈലങ്ങളില്‍ നിറച്ചപ്പോള്‍
നിന്റെ മുഖത്ത് നോക്കി ഞാനൊരായിരം വട്ടം വിളിച്ചു
ഗോത്രവര്‍ഗ്ഗത്തിന്റെ പിന്മുറക്കാരനെന്നു .
നിങ്ങളുറക്കെയെനിക്ക്  ജയ്‌ വിളിച്ചു .

അവതാരങ്ങള്‍ തന്‍ പ്രൌഡക്രീഡാരസങ്ങളെ
എഴുത്താണിയിലൂടെ ഞാന്‍ കീറിയെറിഞ്ഞു
നിങ്ങളെന്നെ  വിളിച്ചു ഉല്‍പ്പതിക്ഷ്ണു .

കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്‍പ്പുമായ്
മണ്ണില്‍ മുട്ടുകുത്തി ആകാശം നോക്കി
കണ്ണീരിനാല്‍ യാചിച്ചവനെ നോക്കിയെന്‍
വിരല്‍ വിറച്ചു ചൊല്ലി ഉച്ചക്കിറുക്കന്‍...!

കാപട്യത്തിന്‍ കുരിശാം തത്വശാസ്ത്രത്തെ
തച്ചുതകര്‍ത്തു ഞാനവര്‍ തന്‍ ഗീതകത്തിലൂടെ .
എന്റെ  ഇരിപ്പിടം വാനോളമുയര്‍ത്തിയും
എന്റെ ചിന്തകളെ കടലോളം പരത്തിയും
നിങ്ങളെന്നെ ഒരുപാട്  സ്നേഹിച്ചു .

തിരുത്തുവാനവകാശമില്ലാത്ത രചനയും
മണല്ക്കാടിന്‍പ്രതിബിംബങ്ങളെയും നോക്കി
കാപട്യമെന്ന് ഞാന്‍ ഉറക്കെ അലറിപ്പറഞ്ഞു .

നിങ്ങളുടെ കണ്ണുകളില്‍ മഴമേഘങ്ങളും
നിങ്ങളുടെ ചൊടികളില്‍ ശലഭച്ചിറകുകളും വിരിയിച്ചു.
പ്രസാധകന്റെ അവകാശവാദങ്ങളിലും
നേരിന്റെ മൂടുപടത്തിലും വിരലുകള്‍ തൊട്ടപ്പോള്‍
ആദ്യമായ്‌ എനിക്കെന്റെ അംഗങ്ങള്‍ നക്ഷ്ടമായ്‌ .

ഇപ്പോള്‍ ഞാന്‍ നിശബ്ദനാണ് .
നിങ്ങള്‍ സന്തുഷ്ടരും .
--------------ബി ജി എന്‍ വര്‍ക്കല ----


2 comments:

  1. നിശ്ശബ്ദമായാല്‍ എല്ലാരും സന്തുഷ്ടരായി..
    എഴുത്ത് കൊള്ളാം

    ReplyDelete
    Replies
    1. നിശബ്ദമാക്കുക എന്നാ സര്‍ഗ്ഗാത്മ പ്രക്രിയ ആണ് പ്രധാനം

      Delete