Tuesday, October 30, 2012

കുരുക്ഷേത്രം

വിശറിത്താളാല്‍ ഉഷ്ണമകറ്റി
കോസടിയില്‍ നടുനിവര്‍ത്തി കിടര്‍ന്നോരാ -
കളിയടക്ക താംബൂലത്തില്‍ മടക്കി
ലാഘവത്തോടെ കവിളിലോതുക്കി കൊണ്ട്
ധ്രിതരാക്ഷ്ട്രര്‍ചോദിപ്പൂ സഞ്ജയനോട്
പറയൂ കുരുക്ഷേത്രയില്‍ എന്താണവസ്ഥ ?

കാലൊടിഞ്ഞ സോഡാഗ്ലാസ്സ് കണ്ണട
മൂക്കിലെക്കമര്‍ത്തി വച്ചുകൊണ്ടാ
നരച്ച കണ്പീലികള്‍ വിടര്‍ത്തി
കൈപ്പടം മറയാക്കി നോക്കുന്നു സഞ്ജയന്‍
നീലാകാശത്തിന്‍ കടലിനിന്നും ഭൂമിയിലേക്കായ്‌
മറ്റൊരു  കൃഷ്ണപ്പരുന്തിന്‍ കൂര്‍ത്ത ദ്രിഷ്ടിയാല്‍ .

വാക്കുകളിടറിപരക്കുന്നു , ഗദ്ഗദം
നോക്കിടുന്നു ധാര്‍ത്രരാക്ഷ്ട്രന്‍ തന്‍
പീളകെട്ടും കണ്‍തടങ്ങളില്‍ വിരിയും
നിര്‍ജ്ജീവമാം കുതൂഹലങ്ങളെ .

ഉഷ്ണവാതം തളര്‍ത്തും മനസ്സിന്റെ
കാറ്റ് മൂളും കഠിനരോദനങ്ങളാല്‍
ചവച്ചിറക്കും പോലെ അരഞ്ഞു വീഴുന്നു
നേര്‍ക്കാഴ്ച്ചയിലെ കുരുക്ഷേത്ര ഭൂവുതന്‍
പോര്‍നിലത്തില്‍ പൂഴിമണ്ണിലായ്‌
ചിതറിവീഴും ചോരത്തുള്ളികള്‍ .

പിടയ്ക്കുന്ന മാംസത്തുണ്ടുകള്‍ നോക്കി
എണ്ണിയാര്‍ക്കുന്നുണ്ടക്ഷരമാലകള്‍ .
ഒത്തു തീര്‍പ്പിന്‍ മേശപ്പുറങ്ങളില്‍
ഭ്രാതാക്കള്‍ തന്‍ സംവാദങ്ങില്‍
തുളവീഴുന്ന നെഞ്ചകം നോക്കിയാ -
തുളുമ്പാത്ത നയനങ്ങള്‍ പിടചിടുന്നു.

കൂട്ടുപോകുന്ന തോഴന്റെ കഴുത്തിലെ -
ക്കാഴ്ന്നിറങ്ങുന്നു  കഠാരപിടിവരെ ,
നിദ്ര തൂകും പതിതന്‍ ശിരസ്സിലെക്കാ-
ഴ്ന്നു വീഴുന്നു  കൂടങ്ങള്‍ ശക്തമായ്‌ .

കാലുറയ്ക്കാതെ മുന്നില്‍നിന്നാടുന്ന
താതന്‍ തന്നുടെ ശിരസ്സ്‌ പിളര്‍ക്കുന്ന
പുത്രനെ നോക്കി പൂവൃഷ്ടി തൂകുന്ന
ജനനി തന്‍ മുഖം പൂര്‍ണ്ണേന്ദുപോലെയും ,

ലഹരി പൂകിയ പുത്രന്റെ കാലുകള്‍
പാല്കുടിച്ചോരാ മാറില്‍ പതിക്കവേ
വെട്ടി വീഴ്ത്തുന്നു മാതൃത്വ ഭാവങ്ങള്‍
ദുഖഭാവമേതുമില്ലാതെ
നിര്‍വ്വികാരം മൌനമുടക്കുന്നു.

കാല്പിടിച്ചതാ ച്ചുഴറ്റിയെറിയുന്നു
ശലഭങ്ങളെ ജലാശയങ്ങളില്‍ ,
അറ്റു വീഴുന്ന കബന്ധങ്ങള്‍ തന്‍ മുഖം
ഉറ്റവര്‍ തന്റെ നിഴല്‍വീണ ചിത്രങ്ങള്‍ .
കാഴ്ചകള്‍ തന്‍ ഘോരവിപിനത്തില്‍ ,
ക്രൌര്യതയില്‍ മനോനില തെറ്റുമാ -
കാല്‍ക്കല്‍  ഓര്‍മ്മകള്‍ പിടച്ചു വീഴവേ ,

കണ്ടു സന്ജയനാ വൃദ്ധമുഖത്തായ്‌
ചാലുകീറിയൊഴുകും ചോരയാ -
കുഴിയിലാണ്ട മിഴികളില്‍ നിന്നുമേ .
സ്ഫടികമായ്‌ ഒരു നേര്‍ത്ത നിശബ്ദതയായ്‌
ജീവനിതാ പറന്നകലും പോലെ

-













----------ബി ജി എന്‍ വര്‍ക്കല ----

Monday, October 29, 2012

ചായാപടം

നീ വരച്ചത് ജലച്ചായമായിരുന്നു
അതിരുകളില്ലാത്ത  നിറഭ്രാന്തിന്റെയും ,
നാരുകളില്ലാത്ത  ബ്രഷിന്റെയും വാലുകള്‍
കൂട്ടിപ്പിടിചെഴുതിയ വെറും ചായാചിത്രം .

ക്യാന്‍വാസില്‍ ഒരിതളടര്‍ന്ന പുഷ്പമായ്‌ 
നീ കോറിയിടാന്‍ ശ്രമിച്ചതു , നേരിയ -
വെളിച്ചം കണ്ണുചിമ്മും സന്ധ്യതന്‍ ശോഭയില്‍
നഗ്നയാം നിന്നെയായിരുന്നല്ലോ .

ആര്‍ട്ട് ഗാലറിയിലെ കരിമഷിക്കണ്ണുകളില്‍ ,
നരച്ചു വെളുത്ത നീളന്‍ താടിമീശകളില്‍ ,
ഉടഞ്ഞു വീഴാറായ കണ്ണടകല്ക്കുള്ളില്‍ ,
നിന്റെ ലാവണ്യം ആകാശച്ചിറക് വിരിച്ചു നിന്നു.

മുന്തിയവിലക്ക് നീ വിറ്റഴിച്ചത് നിന്നാത്മാവിനെ
പക്ഷെ സ്വത്വം നക്ഷ്ടമായ  മനസ്സില്‍

നിസ്സംഗതയുടെ മേല്‍വസ്ത്രമണിഞ്ഞു നീ
പുതിയ സങ്കേതങ്ങള്‍ തിരയുകയായിരുന്നപ്പോള്‍ .
--------------------ബി ജി എന്‍ വര്‍ക്കല ----

കാവല്‍ ദൈവം

അതിവിദൂരം ഓര്‍മ്മകള്‍ തന്‍ ശീവേലി
അതിരുകള്‍ക്കപ്പുറം ജീവന്റെ ബലി
ഇരുണ്ട പുതപ്പിന്‍ കീഴില്‍ മയങ്ങുമ്പോഴും
മനസ്സില്‍ നിറയുന്നത് ശൂന്യത മാത്രം

പുലര്‍ച്ചയില്‍ നിന്നും പുലര്‍ച്ചവരേക്കും
എന്റെ രാജ്യം ഹൃദയത്തിലേറുന്നവന്‍
വിങ്ങുന്ന നോവായ്‌ ഓര്‍മ്മച്ചെപ്പില്‍
എന്റെ വീടെന്ന് വിലപിക്കുന്നവന്‍

കോരിച്ചൊരിയുന്ന മഴയിലും ,ചെളിയിലും
എല്ലുകള്‍ കോച്ചുന്ന മഞ്ഞിന്‍കൂടിലും
ഉരുകിത്തിളക്കുന്ന വേനലിന്‍ വരുതിയിലും
നോക്ക് കുത്തിയായി ജീവിതം തളക്കുവോന്‍

ഉള്ളിലെ വ്യെഥയിലും പുഞ്ചിരിക്കാന്‍ പഠിച്ചു
കരളു നുറുങ്ങിലും കരയാതിരിക്കുന്നവന്‍
ഒരു വെടിയുണ്ടയില്‍ , ഷെല്ലില്‍ ചിതറുവാന്‍
പേരെഴുതി ഹാരമായ്‌ മാറില്‍ ചുമക്കുവോന്‍ .

 ഒരു ജവാനെന്ന പേരിന്റെ ഉള്ളിലായ്
ഒരു നാടിന്റെ വീര്യം ചുമക്കുവോന്‍
ഒരു നാള്‍ മൂവര്‍ണ്ണപതാക പുതപ്പിച്ചു
ബ്യൂഗിളിന്‍ നാദത്തില്‍ യാത്ര ചെയ്യേണ്ടവന്‍ .

നീ  എന്റെ ദൈവം , നീ എന്റെ രക്ഷ
നീ എന്റെ നാടിന്റെ കോട്ടമതിലാകുന്നു
കല്ലിന്‍കാപട്യ ഭണ്ഡാരത്തെ കടലിലെറിഞ്ഞു
നീയാം സമുദ്രത്തെ നെഞ്ഞിലെറ്റട്ടെ ഞാന്‍ .
----------------ബി ജി എന്‍ വര്‍ക്കല ----
(എന്റെ നാടിനെ സേവിക്കുന്ന , സംരക്ഷിക്കുന്ന, ജീവത്യാഗം ചെയ്ത എല്ലാ ജവാന്മാര്‍ക്കും മുന്നില്‍ എന്റെ അഞ്ജലി )


Sunday, October 28, 2012

പാമ്പും കോണിയും

ഇര ഒരു വാഗ്ദാനം ആകുന്നു
ഓരോ ക്രിയയുടെയും ഉപഭോക്താവ് .
വേട്ടയാടാന്‍ ഇര ഇല്ലാതെ കാടിനെന്തു പ്രസക്തി
ചോര പൊടിയാന്‍ ദേഹമില്ലാതെ
വേട്ടയൊരു വിനോദവുമാകുന്നില്ല .

കാലച്ചക്ക്രത്തിന്റെ കറക്കത്തിനനുസരിച്ചു
മാറുന്നതൊന്നേയുള്ളൂ അത് ഇരകളാണ് .
വേട്ടക്കാരനും ആയുധങ്ങളും പിന്നെ
പകയുടെ കണക്കുകളും പഴയത് തന്നെ .

ചങ്ക് പിളര്‍ന്നു കണ്ണുകള്‍ തുറിച്ചു
ചീറ്റിയോഴുകുന്ന ചോരയില്‍ കാല്‍ നനച്ചു
വേട്ടക്കാരന്‍ വരുന്ന കല ,
കണ്ണുകളില്‍ നിറയും
ആമോദത്തിന്റെ ലഹരി , അതില്ലാതെ വേട്ടയില്ലല്ലോ .

അക്ഷരമെണ്ണിയും , അംഗങ്ങള്‍ പകുത്തും
പച്ചമുറിവില്‍ മണ്ണ് വിതറിയും
വിഷഫണം നിറച്ച ലോഹമുന ചോര നനയ്ക്കുമ്പോള്‍ ,
ഇരകള്‍ പുഴുവാകുന്നത് കാണാന്‍ കൌതുകമേറും.

ഇരകളില്ലാത്ത ലോകം
അതൊരു മരുഭൂമിയാണ്
അല്ല മരുഭൂമിക്ക് പറയാനും കഥകളോരുപാടുണ്ട്.
മണലില്‍ ഉടല്‍പൂഴ്ത്തിയുറങ്ങും വിഷപ്പാമ്പുകളായ്‌,
കണ്ണില്‍ ആശ നിറയ്ക്കും ജലാശയങ്ങളായ്
മുകളില്‍ കത്തി നില്‍ക്കും അഗ്നിയായ്‌
ഇരകളെ അവ വീഴ്ത്തുന്നുണ്ട് .

ഇന്ന് പ്രഭാതംവരെ കാത്തിരിക്കേണ്ടി വരുന്നില്ല
വേട്ടയുടെ സുഖം , ലഹരി
ഒരു ശീതളപാനീയത്തിന്‍ അനുസാരികയായ്‌
പരസ്യങ്ങല്‍ക്കിടയിലെ നയനസുഖമായ്‌
വിവിധമാനങ്ങളില്‍ നുണയാം
മതിവരുവോളം മാറി മാറി .

ഇരകള്‍ക്ക്‌ മുഖമില്ലാതാകുന്നു ,
വേട്ടക്കാരന്റെ ശബ്ദം ഇന്ന് മനോഹരമാണ്
ശ്രോതാവിന്റെ ത്രസിപ്പിക്കുന്ന കാഴ്ചയും
ശബ്ദവുമാകുന്നു ഓരോ വേട്ടയും .
ഇന്ന് ആരും നടുങ്ങാറില്ല
വേട്ട ഒരു ഉത്സവമാകുന്നു
വേട്ടക്കാരന്‍ നായകനും .

കാടിന്റെ വന്യത മാറിയിരിക്കുന്നു
ചെന്നായ്ക്കളും സിംഹങ്ങളും കുറുനരികളും
നഗരത്തെ അടക്കിവാഴുന്നു
മുയലുകള്‍ പൊന്തകള്‍ തേടിയുഴറുന്നു
പേടമാനുകള്‍ കാടുകള്‍ തേടുന്നു .

വേട്ടക്കാരന്റെ  താളവും ലയവും ചലനവും
ഇരയില്‍  നുരയുന്ന ഭയവും
ഇന്നൊരു കാഴ്ച്ചയല്ലാതാകുന്നു
രക്ഷപ്പെടുന്നവന്‍ വാര്‍ത്തയാകുന്നു
രക്ഷകന്‍ മിഥ്യയും, പരിഹാസവുമാകുന്നു .
രക്ഷയെന്നത് സമസ്യയാകുന്നു .
----------------ബി ജി എന്‍ വര്‍ക്കല -----

Saturday, October 27, 2012

മൌന വാല്‍മീകം

ഒരു മേശക്കിരുവശവും നമ്മള്‍
നമുക്കിടയില്‍ നിമിഷങ്ങളുടെ വേലിക്കെട്ടു
നീ ഭഞ്ജിച്ച മൌനത്തില്‍ നിന്നും
ഞാന്‍ തുടരട്ടെ ഒരു യുഗകാവ്യം .

നിന്റെ കണ്ണുകളില്‍ വിരിയും തിളക്കവും
കവിള്‍ത്തുടിപ്പും , ചൊടിയിലെ ഹാസവും
ഒരു മായക്കഴ്ചയായ്‌ പിന്നെയും
നമുക്കിടയിലൊരു നൂല്പ്പാലമാകുന്നു.

നമുക്കീ മൌനത്തിനെ തമസ്സിലെറിയാം
ജീവിതങ്ങളുടെ  അകലവും ആഴവും
മനസ്സുകളുടെ വ്യെഥയും വലിച്ചെറിയാം
കണ്ണീരുകള്‍  തുടച്ചു പുഞ്ചിരിപൊഴിക്കാം.

ഇനിയുടെ സന്ധ്യകള്‍ പാടിയുറങ്ങട്ടെ
രണ്ടുപേര്‍ ,നമ്മള്‍ രണ്ടുപേര്‍
എന്നോ ഇവിടെ ജീവിച്ചിരുന്നെന്ന് .
ജീവിച്ചു മരിച്ചുവെന്നു, ആരുമാരുമറിയാതെ.
--------------ബി ജി എന്‍ വര്‍ക്കല ----

Sunday, October 21, 2012

തെരുവു വിളക്കിന്റെ മങ്ങിയ വെളീച്ചം അണയുന്നു .

 വിഷാദം നിഴൽ വിരിക്കുന്ന സായംസന്ധ്യകൾ
വികാരം തിരമാലയാകുന്ന കടൽത്തീരങ്ങൾ
മനസ്സിൽ വിരിയുന്ന പ്രണയത്തിന്റെ പൂക്കളീൽ
മധുരം നൂൽനൂക്കുന്ന നിന്റെ പുഞ്ചിരിത്തിളക്കം...!

കണ്ണുനീർത്തുള്ളിയിൽ സമുദ്രം തീർക്കുന്ന
കടമകൾ തൻ പാഴ്മരുഭൂമികൾ താണ്ടി ഞാൻ
കാമനകളെ ഇരുളീൽ പൊതിഞ്ഞുവച്ചു
നിന്റെ സ്നേഹം വിലയ്ക്കുവാങ്ങീടാം വ്രിഥാ.

നിഴലുകൾ പാത വിരിയിച്ച പാതയോരങ്ങൾ
മറഞ്ഞുപോയെന്നതറിയാമെങ്കിലും
സായാഹ്നകുട തണൽ വിരിച്ച ഭോജനശാലകൾ
നിലാവെളിച്ചം കെടുത്തിയെന്നാകിലും .

ഇരുണ്ട സംഗീതശാലകളിൽ അമർന്നടങ്ങിയ
ശീൽക്കാരങ്ങൾ മൗനമാചരിക്കുന്നുണ്ടെങ്കിലും
വിറപൂണ്ട നിൻ വിരലുകൾ എന്നെ വിട്ടുപോയ
പുലരി മറക്കുവാനാകാതെ കരളീനെ നുറുക്കുന്നു.

ആകാശകൂടകെട്ടിയ നാൽക്കവലകളിൽ
നിശയുടെ പരാഗങ്ങൾ പടർന്നു ചിതറുംബൊഴും
മുഷിഞ്ഞഗന്ധം വിടർത്തുന്ന തെരുവിന്റെ
അടഞ്ഞ സങ്കടക്കടലായി ഞാനലിയുമ്പൊഴും

നിന്റെ ഗദ്ഗദം നിറഞ്ഞ മിഴികളിലെ നനവും
നിന്റെ അധരങ്ങളിലെ ചുവപ്പിന്റെ തടിപ്പും തിരഞ്ഞു
മറക്കുവാൻ കഴിയാത്ത ഓർമ്മകളുടെ ഭാരത്താൽ
നെഞ്ചകം വിങ്ങി എൻ  രാവുകൾ പിടഞ്ഞുവീഴുന്നു.
----------------ബി ജി എൻ വർക്കല ----------------------

Saturday, October 20, 2012

ഉണക്ക മരങ്ങള്‍

അന്നൊരിക്കല്‍ സൂര്യന്‍ പടിഞ്ഞാറുദിച്ചു .
ഉറക്കം  വിട്ടു ന്രിപവംശം തെരുവിലിറങ്ങി .
വേശ്യകള്‍ ഉടുതുണി തലയില്‍ പുതച്ചും 
കള്ളന്മാര്‍ താക്കോലുകള്‍ തിരികെ കൊടുത്തും
കിഴക്കിനെ നോക്കി നടന്നു തുടങ്ങി .

ശവഭോഗത്തിന്റെ ആലസ്യം വിട്ടകന്നു
അഘോരികള്‍ ചിതാഭസ്മം പുതച്ചു
വെളുത്ത രാവുകള്‍ക്ക് സ്വസ്ഥിയെകി .

ജന്മം  തന്ന യോനിയെ പട്ടികള്‍ക്കെറിഞ്ഞു
കീശയിലെ ഭാരമോഴിയാന്‍ മദ്യവും
അരക്കെട്ടിന്റെ ഭാരംമകളിലുമിറക്കി
ആദമിന്റെ  മക്കള്‍ ഉറക്കമായ്‌ .

കാറ്റ് വീശിക്കൊണ്ടേയിരുന്നു  അപ്പോഴും
പക്ഷെ ,ഉലയാന്‍ വസ്ത്രാഞ്ജലങ്ങള്‍ മാത്രം
നമുക്കില്ലാതെ പോയെന് മനസ്സ് തേങ്ങി .
----------ബി ജി എന്‍ . വര്‍ക്കല -------

Thursday, October 18, 2012

ഉച്ചസൂര്യന്‍ കത്തിയമരുമ്പോള്‍

ഞാനൊരു നുണയാകുന്നു
പഴയ ഘടികാര സൂചിപോല്‍
ചെവിയില്‍ പിടിച്ചു തിരിച്ചാല്‍ കറങ്ങും
നാഴികമണിയാകുന്നു ഞാന്‍ ...!

ഇരുട്ടിനും വെളിച്ചത്തിനും ഇടയിലായ്‌
നിലനില്‍പ്പിന്റെ ശല്ക്കങ്ങള്‍ക്കിടയിലൂടെ
നൂണ്ടു പോകുന്ന വിഷംവറ്റിയ ഫണിയാണ്
നഗ്നനാക്കപ്പെട്ട എന്റെ മുഖാവരണം.

നീ നയിക്കുന്ന പാതകളില്‍
നീ ചമയ്ക്കും ലക്ഷ്മണരേഖക്കുള്ളില്‍
ഒരു കുറവന്റെ കുരങ്ങനായി ഞാന്‍ ചാടികളിക്കുമ്പോള്‍
കൊഴിഞ്ഞു പോകുന്നത് എന്റെ മേല്‍വസ്ത്രം .

എന്റെ ശരികളെ താഴിട്ടു പൂട്ടി
നിങ്ങളുടെ നേരിന്റെ സന്തതികളെ  താരാട്ട് പാടി
നിഴലിന്റെ ഇരുളറയില്‍ ഉറക്കാം ഞാനിനി -
വരാതെ പോകുന്ന വെളിച്ചത്തെ ശപിച്ചുകൊണ്ട് .

ഉയര്‍ത്തിവയ്ക്കപ്പെട്ട മുഖത്ത് നിന്നും ഇനിയും
താഴാന്‍ മടിക്കുന്ന എന്റെയിമകളെ,
എന്നെയോര്‍ത്തിനി നിങ്ങളെന്നും
തപിക്കുക , പൊഴിക്കുക കണ്ണുനീര്‍ ...!
...............ബി ജി എന്‍ ...............


Saturday, October 13, 2012

ആത്മനൊമ്പരം

ഏകാന്തതയുടെ ചരല്‍ക്കല്ലിന്‍ കാലുകള്‍ മാറി മാറി ചവിട്ടി ഞാന്‍ ഇരിക്കവേ എന്റെ കണ്ണുകള്‍ എന്തിനോ നിറയുന്നു . എന്നില്‍ ദുഃഖം ഒരു തീമല പോലെ വന്നു നിറയുന്നു . എന്തിനെന്നറിയാതെ എന്റെ കണ്ണുകള്‍ നിറയുന്നു . ഒരു ശില പോലെ ഞാന്‍ ഇരിക്കുക ആണ് , നിറഞ്ഞൊഴുകുന്ന കണ്ണുനീര്‍ എന്റെ മടിയില്‍ വീണു പൊള്ളുന്നത് ഞാന്‍ അറിയുന്നു. കവിളിലൂടെ ചാല് കീറി വരുന്ന വരവ് എന്നില്‍ അസ്വസ്ഥത ആണോ ഉണ്ടാക്കുന്നത് എന്നറിയില്ല പക്ഷെ ഞാന്‍ കരയുക ആണ് .
എനിക്ക് കാരണം പറയാന്‍ അറിയുന്നില്ല .
ഞാന്‍ മരണത്തെ സ്നേഹിക്കുന്നു . എന്നാല്‍ ഓടിപ്പോയി അത് പറിച്ചെടുത്തു അതിന്റെ സുഗന്ധം ഒരു മാത്ര കൊണ്ട് ആവാഹിക്കാനും പിന്നെ അതിന്റെ വാടിയ ദളങ്ങളില്‍ നോക്കി വിഷാദം തൂകാനും എനിക്ക് വയ്യ .
ഈ വേദനയുടെ കടലില്‍ നിന്നും ആഴങ്ങളില്‍ നിന്നും ഒരു സംഗീതം ആയി അല ഉയരുന്ന അഭൌമമായ ഒരു അനുഭൂതി ആണ് മരണം എന്നത് .
ഇപ്പോള്‍ ഞാന്‍ സ്നേഹിക്കുന്നത് മരണത്തെ ആണ് പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ ഒരു സങ്കടം തിരതല്ലുന്നു . ഒരിക്കലെങ്കിലും , ഒരു വട്ടം എങ്കിലും ഒന്ന് പ്രണയിച്ചിരുന്നെങ്കില്‍ എന്നെ . ആരെന്നില്ലാത്ത ആ മുഖത്ത് ഞാന്‍ ഇമ പൂട്ടാതെ നോക്കി ഇരിക്കുന്നു . പക്ഷെ ഇരുളില്‍ പതയുന്ന അവ്യെക്തത മാത്രമായി അത് എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നു . ഞാന്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകാത്ത ഒരു ജീവിതമായ്‌ അമരുമോ എന്നാ സന്ദേഹം എന്നെ വന്നു മൂടുന്നു . ഞാന്‍ കൂടുതല്‍ അധീരനും , അശക്തനും ആകുന്നു . ഇതാ എന്റെ കണ്ണീര്‍ ഉണങ്ങി ഉപ്പ് പാട ആകുന്നു . എന്റെ വേദന എന്നില്‍ ഒരു മരവിപ്പ് ആകുന്നു . ഞാന്‍ ഒരു ശിലയാകുന്നു ...........ബി ജി എന്‍

Thursday, October 4, 2012

അവധൂതരുടെ ലോകം


കാറ്റിന്റെ സഞ്ചാരപാതയില്‍ ശോഭ പരത്തും

കാവിയും ,പീതാംബരവും ,വേണ്മയേറും
ധവളിമയും ഹരിതകവും ചതച്ചു മിനുക്കി
അവധൂതന്മാരുടെ കുളമ്പടിയൊച്ചകള്‍  .

നോവിന്റെ കരിനീല കണ്ണുകളില്‍
കരുണയുടെ കൃപാ രസം പകര്‍ത്തിയും
പൂവുടലില്‍ പരാഗരേണുക്കള്‍ പടര്ത്തിയും
യോഗദണ്ടിനാല്‍  വ്യെതയകറ്റുന്നവര്‍ .

കനിവിന്റെ കണ്ണുനീര്‍ ചുണ്ടുകളാലെടുത്തും
മാറിലെ തണുവില്‍ ആശ്ലെഷത്താല്‍
മുഖമമര്‍ത്തിച്ചും വിങ്ങലടക്കിച്ച്  ജീവിത
പാതതന്‍ ശാന്തിയരുളുന്നവര്‍ ചിലര്‍

കാലത്തിന്നിടനാഴിയില്‍ നിന്നും പെറുക്കി -
കൂട്ടും തിരുശേഷിപ്പുകളില്‍ രോഗവിമുക്തിയും
അരൂപികളെ ഊതിയകറ്റി ജീവനകലയില്‍
പൂര്‍ണ്ണത നല്‍കുന്ന ഊര്‍ദ്ധപുണ്ണ്യജന്മങ്ങളും .

കാല്‍വിരലില്‍ ,കണ്‍കളില്‍, മുടിയിഴകളില്‍
വിശ്വാസ നിലവിളികളില്‍,ആകാശകാഴ്ചകളില്‍
പീഡനമോചന സപര്യകളില്‍ വീണു പുളയുന്ന
കുന്തിരിക്കപുക പോലെ  മോക്ഷദായാക്കളും .

പഴയ ഗണിതലേഖനങ്ങളിലെ പഴകിയ
നരച്ച വാറോലകള്‍ അക്കമിട്ടു നിരത്തി
ഒരു കളം വരച്ചതിന്നുള്ളില്‍ സുഷുപ്തിയേകിച്ചു
ഉച്ചസൂര്യനെ മറയ്ക്കുന്ന നായാടികോലങ്ങള്‍ .

നമുക്കിനിയീ പുതുലോകത്തില്‍ , പുതിയാകാശത്തില്‍
യുഗങ്ങള്‍ തന്‍ പഴയകുതിരയെ പൂട്ടിച്ച
രഥയാത്ര നടത്തും പങ്കുകച്ചവടക്കാരാല്‍
പതിതയാകുന്ന ഭൂമിയെ നോക്കി പകച്ചു നില്‍ക്കാം

പിന്നെ പിത്തരസം നിറയും ആമാശയത്തില്‍
നിറഞ്ഞ  പുളിച്ച ദഹനരസത്താല്‍ രതിമൂര്‍ച്ച നേടും
കാകനേത്രങ്ങളെ  കണ്ടു കണ്‍നിറച്ചുകൊണ്ട്
മോക്ഷപ്രാപ്തി നേടി സായൂജ്യമടയാമിനിയെന്നും .
---------------------------------ബി ജി  എന്‍




Wednesday, October 3, 2012

ഇരുള്‍ മായുമ്പോള്‍

വര്‍ഷങ്ങളായുള്ള മോഹമായിരുന്നു
എന്റെ പ്രതിബിംബം കാണണം എന്നത്
ഒടുവില്‍ ഞാന്‍ സ്വന്തമാക്കി ഒരു ദര്‍പ്പണം
എന്റെ മുഖം ഞാന്‍ കണ്ടുവിന്നാദ്യമായ്

കറുത്ത പ്രതലത്തില്‍ ചുരുണ്ട മുടിനാരുകളില്‍
പ്രലോഭനത്തിന്റെ കൊളിനോസ്  ചിരിയില്‍
കൌശലത്തിന്റെ ഒളികണ്ണില്‍ ഒളിപ്പിച്ചതും
എന്റെ മുഖത്തു തന്നെ എന്നത് സത്യം ...!

പെങ്ങളെ കണ്ട കണ്ണുകളല്ല പറമ്പില്‍
പുല്ലറുക്കാന്‍ വന്ന ജാനകിയെ കണ്ടപ്പോള്‍
കുളിക്കടവിലെ അര്‍ദ്ധ നഗ്ന മേനി കണ്ടപ്പോള്‍
ചുവരിലെ സിനിമാ നടിയുടെ മാറില്‍ നോക്കിയപ്പോഴും .

അമ്മയെ കണ്ടപ്പോള്‍ വന്ന ചിരിയല്ല
കാമുകിയെ നോക്കിയപ്പോള്‍ തെളിഞ്ഞതും 
പലിശക്കാരന്റെ തെറി  കേട്ടപ്പോഴും 
മീങ്കാരി ത്രേസ്യയെ കണ്ടപ്പോഴും ചുണ്ട് വിരിയിച്ചത് .

വേണ്ട എനിക്കീ കാഴ്ചകളുടെ ഉത്സവം  വേണ്ട 
എനിക്കീ നേരിന്റെ മുഖം കാണണ്ട വീണ്ടും
എനിക്കിഷ്ടം മറഞ്ഞിരിക്കാനാണ്  ഇരുളില്‍
ഞാന്‍ കൂട്ടുന്ന എന്റെ അഞ്ജതയുടെ കൂട്ടില്‍ .
------------------------------ബി ജി എന്‍
 


Tuesday, October 2, 2012

ഇതിഹാസം പറയാന്‍ മറന്നത്

നിലാവിന്റെ തിരി തെറുത്തു നിശാഗന്ധികള്‍ മിഴി തുറന്നു .
വിരല്‍ത്തുമ്പില്‍ തൊട്ടെടുത്ത ചോരയുടെ ഗന്ധം നുകര്‍ന്ന്
ഇരയുടെ മാറില്‍ കാര്‍ക്കിച്ചു തുപ്പി ഒരു ഇരുള്‍ പക്ഷി
ഇരുട്ടിന്റെ മറ തേടി  പോകുന്നു ഉയര്‍ത്തിപിടിച്ച ശിരസ്സുമായി.

യുദ്ധം ജയിച്ച പാണ്ഡവര്‍
ഹസ്തിനപുരിയില്‍ മൌനം മുറുക്കിയ
നിമിഷങ്ങള്‍ക്ക് സാക്ഷിയായ്
കുടിച്ചിറക്കും പുഞ്ചിരിയുടെ ഉടവാള്‍
അരയില്‍ പകുതി താഴ്ത്തി
മിഴികളില്‍ ശോകവുമായ് അന്ധതാതന്റെ
 ആശ്ലേഷണത്തിനായ് ഊഴം കാക്കുന്നു .

പരപുരുഷന്മാരില്‍ മാതാവ് പരീക്ഷിച്ച ജാര ബീജങ്ങള്‍ ,
യുദ്ധം ജയിച്ചത്‌ ധര്‍മ്മത്താല്‍ അവകാശപ്പെട്ട രാജ്യമത്രേ!
 ഒരു തന്തക്കു പിറക്കാത്ത അഞ്ചുപേരില്‍ ആരുടെ പൈതൃക -
സ്വത്തിന്റെ ധര്‍മ്മപരീക്ഷ ആയിരുന്നു കുരുക്ഷേത്രയില്‍ ?

ഉത്തരം കിട്ടാത്ത ചോദ്യവുമായ്
കൌശലത്തിന്റെ കാകന്‍ കണ്ണുമായ് രാധേയന്‍
ഗാന്ധാരി മിഴികളില്‍ അഗ്നി നിറച്ചു നിന്ന് കത്തുമ്പോള്‍
എന്ത് പറയാന്‍ കഴിയും യാദവകുലപതിക്ക് ?

ഭീമന് പറയാന്‍ പാഞ്ചാലിയ്ക്ക് നല്‍കിയ വാക്കുണ്ട് കയ്യില്‍ .
കുന്തിക്കെന്തു കാരണം ഉണ്ട് കൃഷ്ണന്‍ തന്‍ വാക്കുകളല്ലാതെ ?
എല്ലാത്തിനും തുടക്കത്തില്‍ വായനക്കാരനെ വാരിപ്പുണരുന്നു
വേദവ്യാസന്റെ ആമുഖക്കുറിപ്പിന്‍ മാസ്മരമൊഴികള്‍...!

"ഇതിലുള്ളത് എല്ലായിടത്തുമുണ്ട് ,
ഇതിലില്ലാത്തത്  എങ്ങുമില്ല ."
ശരിയാണ് വായനക്കാരന്‍ മൊഴിയുന്നു ഹാസത്താല്‍
ജാരസംസര്‍ഗ്ഗം , കുടിപ്പക ,അഗമ്യഗമനം ,
,ചതി , അധര്‍മ്മം ,നീതിശാസ്ത്രം ,അധിനിവേശം
അതെ ഇതില്‍ ഇല്ലാത്തത് മറ്റെങ്ങുമില്ല .

ഇത് ഭാരത പര്‍വ്വം , ഭാരതം നെഞ്ചിലെറ്റിയത്
പുണ്യ പുരാണത്തിന്റെ നിര്‍വ്വാണസാഹിതി . സ്വസ്തി .
--------------------------------------------ബി ജി എന്‍