ഋതുക്കളിൽ ചില പൂക്കൾ
.................................................
പ്രണയിക്കുന്നതിൽ നിന്നും പ്രണയത്തെ വേർതിരിച്ചെടുക്കുക.
വാടിയ ഇലകൾ പോലെ
സ്നേഹം
ഇഷ്ടം
സൗഹൃദം
ഇവകളെ തല്ലിക്കൊഴിക്കുക.
ശേഷം അത്രയും പ്രിയപ്പെട്ടതൊന്നെന്നോർത്ത്
അതിനെ നെടുകെ പിളർക്കുക.
പ്രണയം
കാമം
വിരഹം
വേർപാട്
എന്നിവയായി നാലറകൾ കണ്ടേക്കാം.
വേനൽച്ചൂട് പൊള്ളിച്ചവയും
മഞ്ഞുകാലത്തിൽ വിണ്ടുകീറിയതും
വർഷകാലത്തിൽ ഒലിച്ചു പോയതും
ഓർമ്മകളാൽ പാെതിയുക.
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെപ്പോലെ
തിരികെ വിളിക്കുന്നതെന്തെങ്കിലും ഉണ്ടേൽ,
എങ്കിൽ മാത്രം
തിരിഞ്ഞൊന്നു നോക്കുക.
ശബ്ദം നഷ്ടപ്പെട്ടതെന്ന് തോന്നിയേക്കാവുന്ന
ഒരു നിലവിളിയിൽ
ഒരിക്കലും കാൽ തെറ്റി വീഴരുതപ്പോഴും.
യാത്ര !
അത് മുന്നോട്ടു മാത്രം ലക്ഷ്യം വയ്ക്കുക.
കാരണം
മരം ഒരിക്കലും അടർന്നു പോയ ഇലകളെയോർത്ത്
കരഞ്ഞിട്ടുണ്ടാകില്ലല്ലോ....
@ബിജു ജി.നാഥ്
No comments:
Post a Comment