Saturday, June 25, 2022

A Pair of Jeans & other Stories.....................Qaisra Shahraz

A Pair of Jeans & other Stories (Short Story) 
Qaisra Shahraz 
HopeRoad London 
Price: £ 5.99 




കഥകള്‍ ദേശത്തിനും ഭാഷയ്ക്കും ഉപരിയായി മനുഷ്യരുടെ ജീവിതവും സംസ്കാരവും വിശ്വാസങ്ങളും ആയി ഇടകലര്‍ന്നു കിടക്കുന്ന അടയാളങ്ങള്‍ ആണ് . അവയ്ക്കു വ്യക്തിയുടെ ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതുപോലെ തന്നെ ഒരു സമൂഹത്തെയോ ഒരു ദേശത്തെയോ ഒരു കാലഘട്ടത്തെയോ ഒക്കെ അടയാളപ്പെടുത്താന്‍ കഴിഞ്ഞേക്കും . വെറും തമാശയല്ല കഥയെഴുത്ത് എന്നോര്‍മ്മിപ്പിക്കാന്‍ ഇത് പറയേണ്ടത് ആവശ്യമാണെന്ന് കരുതുന്നു. വായന എന്നത് ഒരു അധ്വാനം തന്നെയാണ് . അതിന്റെ അനുരണനങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ അനുഭവിക്കേണ്ടത് വായനക്കാരന്‍ മാത്രമാണു . അവന്റെ ജീവിതവും മാനസിക , ശാരീരിക അവസ്ഥകളും ഒക്കെ ഓരോ വായനയും സ്വാധീനിക്കപ്പെടുന്നുണ്ട് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ . എഴുത്തില്‍ ലിംഗഭേദം ഇല്ല . പക്ഷേ പലപ്പോഴും എഴുത്തുകാരനെ നോക്കാതെ തന്നെ വായനയില്‍ അതേത് ലിംഗത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് വ്യക്തമാകുക സ്വാഭാവികമാണല്ലോ . ഇന്നിവിടെ പരിചയപ്പെടുത്തുന്നത് പാകിസ്താനിയായ ക്വൈസറ ഷഃറാസ് (Qaisra Shahraz) എഴുതിയ എട്ട് കഥകളുടെ സമാഹാരമായ A Pair of Jeans & other Stories എന്ന പുസ്തകമാണ്. പാകിസ്താനിയായ എഴുത്തുകാരി തന്റെ ബാല്യത്തിലെ തന്നെ യൂ കെ യില്‍ താമസം ആക്കിയ ഒരാള്‍ ആണ് . അവരുടെ രണ്ടു നോവലുകള്‍ വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് . ഏഷ്യന്‍ വുമണ്‍ ഓഫ് അച്ചീവ്മെന്‍റ് അവാർഡ് , ദി മുസ്ലീം ന്യൂസ് അവാർഡ് ഫോര്‍ എക്സലന്‍സ് എന്നിവ ലഭിച്ചിട്ടുള്ള എഴുത്തുകാരി 2012ല്‍, ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട സ്ത്രീകളുടെ കണക്കെടുപ്പായ പാകിസ്ഥാന്‍ വുമണ്‍ പവര്‍ 100 ലിസ്റ്റില്‍ ഉള്‍പ്പെട്ട മഹിളയാണ് . ഈ ചെറുകഥകള്‍ എല്ലാം തന്നെ പാകിസ്ഥാന്റെയും യൂ കെ യുടെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള കുടുംബകഥകള്‍ ആണ് . പുതിയ ലോകത്തെ സ്ത്രീയുടെ പുരോഗമനപരമായ കാഴ്ചപ്പാടുകളും , തികഞ്ഞ യാഥാസ്ഥിക മനോഭാവമുള്ള ഗ്രാമവാസികളുടെ കാഴ്ചപ്പാടുകളും സമം ചേര്‍ത്ത് തയ്യാര്‍ ചെയ്ത കഥകള്‍ ആണ് ഇവയൊക്കെയും . വസ്ത്ര സ്വാതന്ത്ര്യത്തെ നന്നായി അടയാളപ്പെടുത്തുന്ന പുതുകാലത്തിന്റെ കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുന്ന ടൈറ്റില്‍ കഥയായ A Pair of Jeans കൂട്ടത്തില്‍ മികച്ചു നില്‍ക്കുന്ന് ഒരു കഥയാണ് . അതുപോലെ അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും എങ്ങനെയാണ് മനുഷ്യരുടെ ജീവിതത്തില്‍ കൈകടത്തലുകള്‍ നടത്തുന്നതെന്ന കാഴ്ചയെയും, നഗരവാസികളായ മനുഷ്യരും ഗ്രാമവാസികളായ മനുഷ്യരും തമ്മില്‍ എങ്ങനെയാണ് ബന്ധങ്ങളില്‍ ഊഷ്മളത സൂക്ഷിക്കുന്നതെന്നും അസഹിഷ്ണുത ഉള്ളവരായി പെരുമാറുന്നതെന്നും ഉള്ള കാഴ്ചകളെ എഴുത്തുകാരി സരളമായി പറഞ്ഞു പോകുന്നുണ്ട് . വാര്‍ധക്യത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും നന്മയും വികാരങ്ങളും ഒക്കെ വളരെ നന്നായിത്തന്നെ എഴുത്തുകാരി അവതരിപ്പിക്കുന്നുണ്ട് ഈ കഥകളില്‍ . മതവും സമൂഹവും എങ്ങനെയാണ് പരിഷ്കൃത ലോകത്തും തങ്ങളുടെ ഭാഗങ്ങള്‍ ജനജീവിതത്തെ സ്വാധീനിക്കുന്നതെന്നും ഇടപെടുന്നതെന്നും പറയാതെ പറയാന്‍ കഴിയുന്ന എഴുത്തുകള്‍ ആണ് ക്വൈസറ ഷഃറാസിന്റേത്.

കേരള സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടാന്‍ കഴിയുന്ന തലത്തിലുള്ള രചനകള്‍ ആണ് ഓരോന്നും. കാരണം ഇന്ത്യയുടെയും പാകിസ്താന്റെയും സംസ്കാരവും ചിന്തകളും വേറിട്ടതല്ല എന്ന കാഴ്ച ഈ കഥകള്‍ നല്കുന്നുണ്ട്. കുതറിമാറാനും , ഒതുങ്ങിക്കഴിയാനും ഒരുപോലെ പ്രാപ്തരായ സ്ത്രീകളുടെ ആത്മവ്യാപാരങ്ങളുടെ കഥ പറയുന്ന ഈ പുസ്തകം വായനയില്‍ മടുപ്പുണ്ടാക്കിയില്ല എന്നുമാത്രമല്ല ഇവയെ മലയാളത്തിലേക്കു പകര്‍ത്തിയാലോ എന്നൊരു ചിന്ത പോലും ഉണ്ടാക്കാന്‍ തോന്നിയിട്ടുണ്ട് . വായനയില്‍ ഉള്‍പ്പെടുത്തി ഒറ്റവായനക്ക് കൂട്ടാവുന്ന ഈ കഥകള്‍ തീര്‍ച്ചയായും കഥാ വായനക്കാര്‍ക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ആശംസകളോടെ ബിജു ജി. നാഥ്

No comments:

Post a Comment