Saturday, June 18, 2022

ബര്‍സഖ്................. വെളളിയോടൻ

ബര്‍സഖ് (കഥകള്‍ ) 
വെള്ളിയോടന്‍ 
കൈരളി ബുക്സ് 
വില : 150 രൂപ 


അടുത്തിടയായി കഥകള്‍ ഒരുപാട് വായിക്കുകയുണ്ടായി . ആധുനിക കാലത്തെ കഥകളുടെ ഒരു പൊതു ട്രെന്‍ഡ് അറിയാന്‍ അത് വളരെയേറെ സഹായിച്ചു എന്നു പറയാം . സ്ഥിരം കഥാകാരും ഓണ്‍ ലൈന്‍ കഥാകാരും വ്യത്യസ്ഥരാണ് . അവരിലെ വായനയുടെയും എഴുത്തിന്‍റെയും തലങ്ങളും എനിക്കു തോന്നുന്നത് വ്യത്യാസമാണ് എന്നാണ്. ബാലിശത മുതല്‍ കേവലത വരെ . കാതലുള്ളവ മുതല്‍ ചവറുകള്‍ വരെ കഥകളായി സോഷ്യല്‍ മീഡിയയില്‍ വിടര്‍ന്ന് പരിലസിക്കുന്നുണ്ട് . കഥ വായന സോഷ്യല്‍ മീഡിയയില്‍ കുറച്ചു വച്ചതിന് കാരണം സഹിഷ്ണുതയുള്ള എഴുത്തുകാരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ത്തന്നെയാണ് . ഫേസ് ബുക്കില്‍ വായിച്ചിട്ടുള്ളതില്‍ നിള ജാക്സനും ഡോണ്‍ ബോസ്കോയും ഒഴികെ മറ്റാരെയും കഥയുടെ പേരില്‍ ഓര്‍ത്ത് വയ്ക്കാന്‍ കഴിയാതെ പോകുന്നത് ഒരു പക്ഷേ എന്റെ വായന എത്തുന്നതിന്റെ പരിമിതിയോ , എഴുതുന്നവരുടെ പോരായ്മയോ ആകാം . 

ദുബായ് സാഹിത്യ ലോകത്തെ ഇപ്പോഴത്തെ ചില പ്രമുഖരായ കഥാകൃത്തുക്കള്‍ ആണ് സി.പി. അനില്‍കുമാര്‍, രാജേഷ് ചിത്തിര, സലീം അയ്യനേത്ത്, സൈനുദ്ദീന്‍ എന്ന വെള്ളിയോടന്‍, ഇസ്മയില്‍ കൂലോത്ത് , വിജു സി പരവൂര്‍, സര്‍ഗ റോയ്, ഷീല പോള്‍ എന്നിവര്‍ . പ്രമുഖരായവര്‍ എന്നു പറയാന്‍ കാരണം ഞാന്‍ വായിച്ചവര്‍ / ഓര്‍ക്കുന്നവര്‍ ഇവരാണ് എന്നതുകൊണ്ടാണ് . അതിനപ്പുറം മറ്റെഴുത്തുകാര്‍ ഇല്ല എന്നല്ല ഞാന്‍ കണ്ടിട്ടില്ല / വായിച്ചിട്ടില്ല അല്ലെങ്കില്‍ ഓര്‍മ്മിക്കത്തക്ക വിധം വായന കിട്ടിയിട്ടില്ല എന്നതാണു കാരണം. എന്റെ വായനയുടെ പരിമിതികള്‍ക്കകത്ത് ഞാന്‍ കണ്ടവര്‍ ആണിവര്‍. ഇവരിലെ എഴുത്തിന്റെ പ്രതിഭയൊന്നും അളക്കാനോ മാര്‍ക്കിടാനോ ഞാന്‍ തയ്യാറാകുന്നില്ല . ഇന്ന് ഞാന്‍ പരിചയപ്പെടുത്തുന്നത് / വായിച്ചത് ഇവരില്‍ നിന്നും വെള്ളിയോടന്‍ എന്ന എഴുത്തുകാരന്റെ കഥ സമാഹാരമായ ബര്‍സഖ് ആണ് . ഇത് പത്തു കഥകളുടെ ഒരു സമാഹാരമാണ് . 

വെള്ളിയോടന്റെ കഥകള്‍ പലപ്പോഴും വായിക്കുമ്പോള്‍ അനുഭവപ്പെട്ടിട്ടുള്ള ചില പ്രധാന ഘടകങ്ങള്‍ ഉണ്ട്. സ്വന്തം ചുറ്റുവട്ടങ്ങള്‍ , പരിചയങ്ങള്‍ എന്നിവയില്‍ നിന്നും കഥകളെ കണ്ടെത്തുകയും അവയില്‍ സ്വയം ഒരു കഥാപാത്രമായി നില്ക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണത് . ഫസ്റ്റ് പെഴ്സന്‍ കഥ പറയുന്ന രീതിയാണ് വെള്ളിയോടന്‍ കൂടുതല്‍ ഉപയോഗിച്ച് കാണുന്നത് . മറ്റൊരു കണ്ടെത്തല്‍ അമൂര്‍ത്തമായതോ അതിമധുരമായതോ അതി വൈകാരികമായതോ ചിലപ്പോള്‍ അതിവൈകൃതമായതോ ആയ രതിയുടെ ഛായങ്ങള്‍ കഥകളില്‍ കണ്ടെത്താന്‍ കഴിയും എന്നുള്ളതാണ് . അതുപോലെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികളുടെ ജീവിതവും മാനസികവ്യാപാരങ്ങളും കൂടി  വെള്ളിയോടന്‍ കഥകളില്‍ ഒളിഞ്ഞും തെളിഞ്ഞും വായിക്കാന്‍ കഴിയും. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ എന്തുണ്ടാകും വായിക്കാന്‍ എന്നു തിരഞ്ഞാല്‍ ആഗോള തലത്തിലെ ഇസ്ലാമിനെ ഒറ്റപ്പെടല്‍ , ഇരയാക്കല്‍ , സ്ത്രീ പക്ഷത്തുള്ള മനോവേദനകള്‍ , പുരോഗമന ചിന്തകളുടെ അതിവാചാലമായ ചിന്തകള്‍, പറയാതെ പറയാന്‍ ശ്രമിക്കുന്ന മതനിരാസം തുടങ്ങിയ ഞാണിന്‍മേല്‍ കളികള്‍ അതോ ട്രെന്‍റോ വെള്ളിയോടന്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ആയി കാണാന്‍ കഴിയും . 

കഥ പറയുന്നതിലും അധികം അദ്ദേഹം ശ്രദ്ധിക്കുന്നത് ലോക നിലപാടുകളും , കാഴ്ചപ്പാടുകളും കഥാപാത്രങ്ങളിലൂടെ വിളിച്ച് പറയാന്‍ ആണ് . നല്ലൊരു എഴുത്തുകാരനാണ് വെള്ളിയോടന്‍ . നല്ലൊരു ചിന്തകനും സാമൂഹിക വിഷയങ്ങളില്‍ സ്വന്തമായ നിലപാടുകള്‍ ഉള്ളയാളും ആണ് . തന്റെ എഴുത്തുകളില്‍ മാന്യവും ശുഭ്രവുമായ ഭാഷയെ പ്രയോഗിക്കാനും വെള്ളിയോടന്‍ എപ്പോഴും ശ്രദ്ധിക്കുന്നത് കാണാന്‍ കഴിയും . മേല്‍പ്പറഞ്ഞ എല്ലാ വിഷയങ്ങളും, കൂടിയും കുറഞ്ഞും നില്‍ക്കുന്ന പത്തു കഥകള്‍ ആണ് ബര്‍സഖ് എന്ന കഥ സമാഹാരത്തില്‍ക്കൂടി വായനക്കാര്‍ക്ക് ലഭിക്കുന്നത് . അക്ഷരത്തെറ്റുകള്‍ ഇല്ലാതെ നല്ലൊരു എഡിറ്റിംഗ് വര്‍ക്ക് നടന്ന പുസ്തകം എന്നതില്‍ വളരെ സന്തോഷം തോന്നി. കഥാ രചനകളില്‍ പക്ഷേ, ഒരുപാട് തുറന്ന വായനകള്‍ ഉള്ള വെള്ളിയോടന് വലിയ തോതില്‍ തന്റെ കഴിവിനെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രാഫ്റ്റ് വര്‍ക്കുള്ള കഥകള്‍ സ്ഥിരം ഫോര്‍മാറ്റുകളിൽ നിന്നും അകന്നു നിന്നുകൊണ്ടു അദ്ദേഹം എഴുതും എന്ന ശുഭപ്രതീക്ഷയുണ്ട്. ആശംസകളോടെ ബിജു ജി നാഥ്

No comments:

Post a Comment