കളവുപോയൊരു പ്രണയം
........................................................
എൻ്റേതെന്ന് ഞാനോർത്തു.
എൻ്റെ മാത്രമാകും എന്നു ഞാൻ വിശ്വസിച്ച്
ഹൃദയത്തിൽ ഒരു കുടന്ന പൂക്കൾ വഹിച്ച്
നിനക്കരികിലേക്ക് ഞാനടിവച്ചടുത്തു.
പ്രണയനോവിനാൽ പിടഞ്ഞും,
പ്രതീക്ഷകളുടെ ഇലകൾ കൊഴിഞ്ഞതറിഞ്ഞും
സ്വപ്നങ്ങൾ വൃഥാ കാഴ്ചകൾ എന്നു കണ്ടും,
ചുരമിറങ്ങുകയായിരുന്നു നീയപ്പോൾ.
പവിഴപ്പുറ്റുകൾ അസ്തമിച്ചു കഴിഞ്ഞ
നീലക്കടൽക്കരയിലൂടെ നടക്കുമ്പോൾ
ഉടയാത്ത ഒരു വെൺശംഖ് കണ്ണുകൾ കണ്ടെത്തുന്നു
ഓ! അതെൻ്റെ സ്വപ്നമായിരുന്നു.
കുന്തിരിക്കം പുകയുന്ന ഗന്ധം ശ്വസിച്ച്
അൾത്താരയുടെ ഏകാന്തതയിലേക്ക് നോക്കി മുട്ടുകുത്തി നിൽക്കുമ്പോൾ,
ഉടഞ്ഞ ശംഖിൻ്റെയുള്ളിലെ ഒച്ച
നിൻ്റെ ഉടലിൽ വിറപൂണ്ട് കിടപ്പുണ്ടായിരുന്നുവോ?
റബ്ബർക്കാടുകൾക്ക് നടുവിൽ സൂര്യൻ
ഒറ്റക്കൊരു വേനൽ വരയ്ക്കുമ്പോൾ
പൊട്ടിയടർന്ന് വീഴുന്നു ചുറ്റിലും
തച്ചുതകർത്ത സ്വപ്നങ്ങൾ, മോഹങ്ങൾ....
കൂകിയലച്ചു പാഞ്ഞു പോയ
വയസ്സൻ പാസഞ്ചർ ട്രെയിൻ
ഗർഭം ധരിച്ച രണ്ടു കുട്ടികൾ ഉള്ളിൽ കാറ്റിൻ്റെ താളത്തിൽ ലയിച്ച്
ഉമ്മ വച്ചു കളിക്കുന്ന മഴക്കാലം!
വഴി തെറ്റി, വരിതെറ്റി നിഴൽ പറ്റിയെങ്ങോ
മഴവില്ല് തേടി നടക്കുന്ന രണ്ടു പേർ
നില തെറ്റി വീണു പുളയുന്നിതാലിംഗന
പുതപ്പിൽ നഗ്നരായി രാത്രി മുഴുവനും.
എവിടെ? എവിടെയാണിടി വെട്ടിയത്
മിന്നലുകൾ കണ്ണുകളെ പുളയിച്ചത്
നനഞ്ഞ ഉടലുകളിൽ നിന്നും എപ്പോഴാണ്
തണുപ്പിൻ്റെ വേരറ്റു പോയത്?
ഓർമ്മകളുടെ ചാവു നിലത്ത് വീണ്
കണിക്കൊന്നപ്പൂക്കൾ ചിതറുമ്പോൾ
മഴയുടെ സംഗീതം നിലച്ചിരിക്കുന്നു.
മരണത്തിൻ്റെ ഗന്ധം മാത്രം
ശ്വസന ഗ്രന്ഥികളെ ഉന്മത്തമാക്കി
ചുറ്റും നൃത്തം വയ്ക്കുന്നു.
ചുവപ്പും മഞ്ഞയും വെളുപ്പും നിറങ്ങളിൽ
നിഴലുകൾ മാത്രം കൂട്ടിനുണ്ടാകുന്നു.
ഇരുട്ട് വരുവോളം കൂട്ടിനായ്
നീയാം വെളിച്ചമുണ്ടെന്ന തോന്നലും...
@ബിജു ജി.നാഥ്