എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Monday, January 31, 2022
ഒരിടത്ത് മരണം ഒരിടത്ത്....
Saturday, January 29, 2022
ചില നേരങ്ങളിൽ ചില മനുഷ്യർ
Friday, January 28, 2022
ചുടല വേര് (കവിത ) ലൌലി നിസാര്‍
ചുടല വേര് (കവിത )
ലൗലി നിസാര്‍
മാക്ബത്
വില : ₹ 100.00
എഴുത്തില്‍ ആണും പെണ്ണും ഒന്നുമില്ല . എഴുത്തില്‍ അക്ഷരങ്ങള്‍ മാത്രമാണുള്ളത്
. അക്ഷരങ്ങള്‍ക്ക് ലിംഗഭേദമനുസരിച്ച് അടുപ്പക്കൂടുതലോ അകല്‍ച്ചയോ സംഭവിക്കുന്നില്ല
. അതിനാല്‍ത്തന്നെ എഴുത്തില്‍ പ്രത്യേകിച്ചും മലയാള സാഹിത്യത്തില്‍ ഇന്ന്
കൊണ്ടാടപ്പെടുന്ന ആണെഴുത്ത് പെണ്ണെഴുത്ത് വാദങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാണ്
പറയാനുള്ളത് . ചിലര്‍ ഇരവാദം മുഴക്കുമ്പോലെ വീണ്ടും വീണ്ടും ശ്രദ്ധ പിടിച്ച്
പറ്റാന്‍ പെണ്ണെഴുത്ത് എന്നു പറഞ്ഞു
കേട്ടിട്ടുണ്ട് . ചിലര്‍ ഞങ്ങളും നിങ്ങളെപ്പോലെ
എഴുതാനറിയുന്നവര്‍ ആണെന്ന ഭാവത്തില്‍ എഴുതുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .
അതിന്റെ ഒന്നും ആവശ്യമുണ്ട് എന്നു തോന്നുന്നില്ല . കവി സച്ചിദാനന്ദന്‍ ആണ് ഈ
ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നു വിട്ടതെന്ന് കേട്ടിട്ടുണ്ട് . എന്തുതന്നെയായാലും
എഴുത്തില്‍ അങ്ങനെയൊരു ലിംഗമാറ്റം കാണാന്‍
കഴിഞ്ഞിട്ടില്ല. ടൈപ്പ് കവിതകളോ കഥകളോ ഒക്കെ വായിക്കപ്പെട്ടിട്ടുണ്ട് . അത് പക്ഷേ
സ്ത്രീകള്‍ മാത്രമായിട്ടല്ല
എഴുതിക്കണ്ടതും . പുരുഷന്മാരും സ്ത്രീകളുടെ വികാരവിചാരങ്ങളെക്കുറിച്ച് എഴുതുന്നതു
കണ്ടിട്ടുണ്ട് . സ്ത്രീകള്‍ തിരിച്ചും . അടുത്തിടെ കവിതകള്‍ ആണ് കൂടുതല്‍
വായിക്കാന്‍ അവസരം ഉണ്ടായത് എന്നതില്‍ അനല്‍പ്പമായ
സന്തോഷം ഉണ്ട് . പല രീതിയിലുള്ള കവിതകളെ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞു .
അക്കൂട്ടത്തില്‍ ഈ വര്‍ഷത്തെ അവസാന വായന എന്നു കരുതുന്നു ശ്രീമതി ലൗലി നിസാറിന്റെ
ചുടല വേര് എന്ന കവിത സമാഹാരം . അറുപത് കവിതകള്‍ അടങ്ങിയ ചുടലവേര് മാക്ബെത്ത് ആണ്
പുറത്തിറക്കിയിരിക്കുന്നത്. ഈ
പുസ്തകത്തിലെ ആമുഖത്തില്‍ കവി പറഞ്ഞിരിക്കുന്നത് "ചുരുങ്ങിയ വാക്കുകളില്‍ ആശയങ്ങള്‍
ഉള്‍ക്കൊള്ളിച്ച് ബിംബവത്കരിച്ചെഴുതുകയാണ് കവിയ്ക്ക് പ്രിയമെന്നാണ് " .
കവിതകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഒരു വാക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍
വായനക്കാരന്‍ ബാധ്യസ്ഥനാണ് .
സാധാരണ കവിതാ രചനകളില്‍ കാണുന്ന മൃദുവായ വാക്കുകളുടെ തഴുകലും തലോടലുകളും ലൗലിയുടെ കവിതകളില്‍ വായിക്കപ്പെടുക ബുദ്ധിമുട്ടാണ്. പറയാനുള്ളവയെ ശക്തമായ ഭാഷയില്‍
അടയാളപ്പെടുത്തുന്ന, പൊട്ടിത്തെറിക്കുന്ന ഒരാളായാണ് കവിതകളെ കാണേണ്ടത് . അവയില്‍
ആക്ഷേപഹാസ്യങ്ങളും രാഷ്ട്രീയ പുഴുക്കുത്തുകളും വായിക്കപ്പെട്ടേക്കും .
സമൂഹത്തിന്റെ കറുത്ത മുഖത്തെ അടയാളപ്പെടുത്താനാണ് കവിയ്ക്ക് ഏറെ ഇഷ്ടമായിട്ടുള്ളത് എന്ന് കാണാം . "പ്രതികരണം എന്നത് രക്തത്തിലലിഞ്ഞ വികാരമായതുകൊണ്ടു വരയ്ക്കുന്ന
ചിത്രങ്ങളിലും എഴുതുന്ന വരികളിലും അതാണ് മുന്നില്‍" എന്നു കവിയുടെ
ആമുഖക്കുറിപ്പ് അതുകൊണ്ടുതന്നെ തന്നെ കവിതാ വായനയില്‍ പ്രസക്തമായിത്തോന്നി. "സത്യത്തിനും നീതിക്കും ന്യായത്തിനും
വേണ്ടി പ്രതികരിക്കുക എന്റെ ധര്‍മ്മമാണെന്ന്" കവി വിശ്വസിക്കുന്നു . ഇത് എല്ലാ
കവികളും എഴുത്തുകാരും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ വിപ്ലവപരമായ ഒരു സാഹിത്യ
അന്തരീക്ഷം നമുക്ക് ലഭ്യമായേനെ . നിരാശയും പ്രക്ഷുബ്ധമായ അവസ്ഥയും പലപ്പോഴുമീ
കവിയുടെ സാമൂഹ്യ ഇടങ്ങളിലെ കാഴ്ചകളില്‍ നിന്നും സംജാതമാക്കപ്പെടുന്നുണ്ട് .
“കാലം വിഴുങ്ങിത്തുടങ്ങുമെന്‍ പ്രാണന്റെ
ശേഷക്രിയയ്ക്കായൊരുങ്ങുക മേഘമേ,
ചോര്ന്നോലിക്കുന്നനോവിന്റെ പെയ്ത്തുകള്‍
വറ്റിച്ചുണക്കുക ഉഷ്ണസ്വപ്നങ്ങളെ “
എന്ന കാവ്യ വിലാപം
ഇതിന്റെ സാക്ഷ്യമായി അനുഭവപ്പെടുന്നു . മനസ്സില്‍ നിറയെ നിറങ്ങളും സ്വപ്നങ്ങളും
ഉള്ള ഒരു മനുഷ്യന്റെ തന്നോടു തന്നെയുള്ള കലഹങ്ങളായി പലപ്പോഴും കവിയുടെ വരികളെ
വായിക്കുന്നുണ്ട് . ജീവിതത്തിലെ തോറ്റു പോകുമെന്ന് തോന്നുന്ന നിമിഷങ്ങളെ എങ്ങനെയാണ്
ഒരാള്‍ക്ക് തിരിച്ചു പിടിക്കാന്‍ കഴിയുകയെന്നും , തുടച്ചുകളയാൻ കഴിയുകയെന്നും കവിക്ക് നല്ല നിശ്ചയമുണ്ട് . തന്റെ വരികളുടെ പൊളളലില്‍ വീണവ
പുകയുന്നത് മാറി നിന്നു ആസ്വദിക്കുന്ന കവിയുടെ മനസ്സിനെ പലപ്പോഴും സമൂഹത്തിന്റെ
കാഴ്ചകളും ചിന്തകളും നിരാശയാക്കാറുമുണ്ട് . തനിക്ക് ശരിയെന്ന് തോന്നുന്നതിനെ തുറന്നു
പറയുന്നതാണ് സാമൂഹ്യമായ ഒരു മനുഷ്യന്റെ ധര്‍മ്മമെന്ന് കവിതകളിലൂടെ സംവദിക്കുന്ന
അധികം കവികള്‍ ഇപ്പോള്‍ ഇല്ല എന്നു തന്നെ പറയാം . പറയാനുള്ളവയെ മറച്ചു വച്ചുകൊണ്ടു
കവിയെന്നടയാളപ്പെടുത്തുവാന്‍ മാത്രം കവിതകള്‍ എഴുതുന്നവര്‍ക്കിടയില്‍ ഇത്തരം ക്ഷുഭിതയൌവ്വനങ്ങള്‍
ബാക്കി വയ്ക്കുന്ന ആശ്വാസമാണ് കവിതകളുടെ ജീവവായു .
കവിതകള്‍ ബിംബവത്കരിക്കുക എന്നതിന് സ്ഥായിയായ ഒരു രൂപം നല്‍കുന്നതില്‍ കവി
ശ്രദ്ധിച്ചപ്പോള്‍ അതിനു ബഹുസ്വരത നഷ്ടമാകുന്നത് പോലെ അനുഭവപ്പെട്ടു . അറുപത് കവിതകളില്‍
കൂടുതലും എടുത്തുകാണിക്കുന്ന ചില വാക്കുകള്‍ ആണ് ഇത്തരം ഒരു ചിന്ത ഉണ്ടാക്കിയത് . ഇരുട്ട്
, നാഗം , രക്തം നഗ്നത ഇവയുടെ വിവിധ കാലങ്ങളിലെ വിവിധ രൂപങ്ങളില്‍
കാണുന്ന ഭാവമാറ്റങ്ങള്‍ ഇരുണ്ട ലോകത്തിന്റെ ബീഭത്സതയുടെ കാഴ്ചകള്‍ ആണെങ്കിലും അവയില്‍
മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രവണത വായിക്കാന്‍ ആയി . തുറന്നുപറച്ചിലുകള്‍ക്ക്
ഇപ്പൊഴും പരിധികളും പരിമിതികളും ഉണ്ടെന്നത് ഒരു പക്ഷേ, സമൂഹവും മതവും രാഷ്ട്രീയവും ഒക്കെ പൗരന് നല്‍കുന്ന അസ്വാഭാവികമായ അരക്ഷിതാവസ്ഥയും ബന്ധനങ്ങളും ആണെന്ന വസ്തുത ഈ കവിതകളിലും കാണാന്‍ കഴിയും . ഇത്തരം
നിയന്ത്രണങ്ങള്‍ ആണ് പലപ്പോഴും എഴുത്തുകാരെ സ്വതന്ത്രമായി എഴുതാന്‍ അനുവദിക്കാതെ വിടുന്നതെന്ന്
വിശ്വസിക്കുന്നു .
ഒരു എഴുത്തുകാരി എന്നതിനപ്പുറം ഒരു ഗായികയും ചിത്രകാരിയും കൂടിയായ ലൗലി നിസ്സാറിന്റെ
രണ്ടാമത്തെ പുസ്തകമാണ് ചുടലവേര് . വലിയൊരു ഇടവേള രണ്ടു പുസ്തകങ്ങള്‍ക്കിടയില്‍
വേണ്ടി വന്നത് ഒരുപക്ഷേ ഈ പറയുന്ന ഘടകങ്ങള്‍ ഒക്കെയും കുടുംബിനി കൂടിയായ കവിയെ തടസ്സപ്പെടുത്തിയിട്ടുണ്ടാകാം
. മലയാളത്തിലെ മികച്ച പ്രസിദ്ധീകരണങ്ങളില്‍ ചിത്രം വരയ്ക്കുകയും രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും
ചെയ്യുന്ന ഈ കവിയുടെ കൂടുതല്‍ എഴുത്തുകള്‍ മലയാളത്തിന് ലഭ്യമാകട്ടെ എന്നാശംസിക്കുന്നു
. സസ്നേഹം ബിജു.ജി, നാഥ്
കേരള ചരിത്രം.....................പ്രൊഫ: എ ശ്രീധര മേനോന്‍
കേരള ചരിത്രം (ചരിത്രം )
പ്രൊഫ: എ ശ്രീധര മേനോന്‍
ഡി സി ബുക്സ്
വില: ₹ 399.00
ചരിത്രത്തെ വായിക്കുക എന്നാല്‍ നാം നമ്മെ അറിയുക എന്നാണർത്ഥം. ആഫ്രിക്കയുടെ ഇരുണ്ട ഭൂമിയില്‍ നിന്നും വിവിധ വര്‍ണ്ണങ്ങള്‍ , ഭാഷകള്‍ , രൂപങ്ങള്‍ ഒക്കെയായി ഭൂമിയുടെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ച മനുഷ്യവര്‍ഗ്ഗം ! അതിന്റെ ഉത്പത്തിയും പരിണാമവും ശാസ്ത്രം പഠിപ്പിക്കുമ്പോള്‍, അതിന്റെ കറുത്ത ഹാസ്യം മതം പഠിപ്പിക്കുന്നു . തിരഞ്ഞെടുപ്പ് എന്നൊരു അവകാശം മനുഷ്യര്‍ക്കുണ്ടെങ്കിലും അവര്‍ അതിനു പ്രാധാന്യം നാല്‍കാറില്ലല്ലോ എല്ലാ കാര്യങ്ങളിലും . ചാള്‍സ് ഡാര്‍വിനും , ഡ്വാക്കിന്‍സും , സ്റ്റീഫന്‍ ഹോക്കിംഗും അടങ്ങിയ ശാസ്ത്ര ചിന്തകര്‍ പങ്കുവയ്ക്കുന്ന തെളിവുകളും അടിസ്ഥാന വിവരങ്ങളും വിവരിക്കുന്ന ശാസ്ത്രീയ ചിന്തകള്‍ അറിയാനോ വായിക്കാനോ മിനക്കെടുക വലിയ ബുദ്ധിമുട്ടുള്ള മനുഷ്യര്‍ക്ക് എളുപ്പമുള്ള വസ്തുത മതഗ്രന്ഥങ്ങള്‍ നല്‍കുന്ന അനായാസ അറിവുകള്‍ വിശ്വസിക്കുകയാണ് . അതിനാല്‍ ത്തന്നെ ചരിത്രത്തെ അറിയുക എന്നത് മനുഷ്യനു ഒരേ സമയം ആവശ്യവും അതുപോലെ അതൊരു പാഴ്ജോലിയുമാണ് . നാടിനെ അറിയുക നാട്ടാരെ അറിയുക ശേഷം നിങ്ങള്‍ അയല്‍ നാടുകളെ അറിയുക എന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടത് എന്നു കരുതുന്നു . അതിനാല്‍ത്തന്നെ കേരളീയരായ എല്ലാവരും കേരള ചരിത്രം അറിയുന്നതു നല്ലതാണ് . പക്ഷേ എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒക്കെയും ചരിത്രവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതിന്റെ ചരിത്രം കൂടി തിരയേണ്ട ഗതികേടിലാണ് ചരിത്രാന്വേഷികള്‍ ആയ എല്ലാവരും . കേരളത്തിൻ്റെ ചരിത്രം പല വിധത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത് നമ്മുടെ എഴുത്തുകാര്‍ . പരശുരാമന്‍ മഴുവെറിഞ്ഞു കിട്ടിയ കേരളത്തിനെ പഴമയും പൊലിമയും പറയുന്ന ചരിത്രം മുതല്‍ നമുക്ക് വായനകള്‍ സുലഭമാണ് . കേരളം എന്ന പേരിനെ തെങ്ങുമായി കൂട്ടിയിണക്കുന്ന ചരിത്രകാരന്മാരും ഉണ്ട് . അതുപോലെതന്നെയാണ് ഇവിടെ ജീവിക്കുന്ന മനുഷ്യരുടെ കാര്യവും . ഓരോ ജാതിക്കാരും തങ്ങളുടെ വേരുകള്‍ ഈ മണ്ണിലെയാണ് എന്നു തെളിയിക്കാനുള്ള ചരിത്ര രചനകളില്‍ ആണ് . ചിലരാകട്ടെ തങ്ങളുടെ ദേശസ്നേഹവും മത സൗഹാര്‍ദ്ധങ്ങളും വെളിപ്പെടുത്താനും ചിലര്‍ക്ക് തങ്ങളുടെ സ്വത്വബോധം തെളിയിക്കാനും ചരിത്ര രചനകള്‍ നടത്തുന്ന പാച്ചിലിലാണ് . ഇവരൊക്കെയും മുന്‍വിധികളും , ലക്ഷ്യത്തെ മാത്രം കേന്ദ്രീകരിക്കപ്പെട്ട കുതിരകളുടെ കണ്ണുകളെ മൂടുന്ന വിധം മൂടികള്‍ അണിഞ്ഞവരുമാണ് . അതിനാല്‍ അത്തരം ചരിത്രങ്ങള്‍ക്ക് ഇന്ന് അടിസ്ഥാനമോ അംഗീകാരമോ ഉണ്ടാകുന്നില്ല . തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും ഒരളവു വരെ എന്നതിനപ്പുറം മറ്റൊന്നും അവര്‍ക്ക് കഴിയുകയുമില്ല .
കേരളചരിത്രം എന്ന പുസ്തകത്തിലൂടെ പ്രൊഫ. എ. ശ്രീധരമേനോന്‍ പറയാന്‍ ശ്രമിക്കുന്നത് കേരളത്തിന്റെ അറിയപ്പെടുന്നതും ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുള്ളതുമായ വിഷയങ്ങളെ ക്രോഡീകരിക്കുക എന്നതാണ് . സംഘകാലവും തുടര്‍ന്നുമുള്ള കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക , ആത്മീയ ,സാഹിത്യ രംഗങ്ങളിലുള്ള മാറ്റങ്ങളും സംഭവങ്ങളും ഈ പുസ്തകത്തില്‍ വിശദമായി പറഞ്ഞു പോകുന്നുണ്ട് . സാഹിത്യത്തിലും സാമൂഹിക ഇടപെടലുകളിലും പുരാതന കേരളം കൈക്കൊണ്ടിരുന്ന സത്യസന്ധതയും പ്രോത്സാഹനവും ഇന്നത്തെ കേരള ജനതയില്‍ സ്വപ്നം പോലും കാണാന്‍ കഴിയാത്ത അത്രയും മനോഹരമായിരുന്നു എന്നു വായന പറയുന്നു . ജാതിവിവേചനം ഇല്ലാതിരുന്ന സാമൂഹ്യ ഇടം കേരളത്തിന് ഒരിക്കല്‍ സ്വന്തമായിരുന്നത്രെ . ഉന്നത ജാതിയോ നീച ജാതിയോ ഇല്ലാത്ത ഒരു ജനത . ഇവിടെ വ്യാപാരത്തിനായി വന്നിരുന്ന അറബികളും ക്രൈസ്തവരും പോലും ഒരു കാലം വരെ കച്ചവടം എന്ന കാര്യത്തില്‍ മാത്രമാണു ശ്രദ്ധ ചെലുത്തിയിരുന്നത് . ആറും ഏഴും നൂറ്റാണ്ടിന്റെ വരവോടെ ഇവിടെയും മതം എന്നൊരു ചിന്ത ഉണ്ടായിത്തുടങ്ങുന്നു എന്നു വായന അറിവ് നല്കുന്നു. പുതിയ മതം അതിന്റെ സവിശേഷതകളും മേന്മയും നടിക്കുമ്പോഴാണ് തങ്ങളിലും ഒരു മതം ഉണ്ടെന്ന ചിന്ത കേരളീയരിലേക്ക് സംക്രമിക്കുന്നത് . അതേസമയം ക്രൈസ്തവ മതം അതിനും മുന്നേ കേരളത്തില്‍ വന്നിരുന്നുവെങ്കിലും അതിനീ മതചിന്ത ഉണര്‍ത്താനോ ഉയര്‍ത്താനോ താത്പര്യം ഇല്ലാതിരുന്നതോ അതോ അവരുടെ ഇടപെടല്‍ നയപരമായിരുന്നതോ ആയിരുന്നിരിക്കാം . എന്തായാലും പതിനഞ്ചാം നൂറ്റാണ്ടൊക്കെ ആകുമ്പോഴേക്കും ഉത്തരേന്ത്യന്‍ ബ്രാഹ്മണരെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഭരണാധിപര്‍ പതിയെ ഇവിടെയും വര്‍ണ്ണ വ്യവസ്ഥയും ജാതി ചിന്തയും കടുത്ത തോതിലേക്ക് വ്യാപിപ്പിച്ചു തുടങ്ങിയിരിക്കുന്നതായി കാണാം . തുടര്‍ന്നങ്ങോട്ട് സംഘര്‍ഷങ്ങളുടെ കാലമാണ് . അറബികളും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള സ്പര്‍ദ്ധയില്‍ നിന്നും തുടങ്ങുന്ന തുറന്ന യുദ്ധം പതിയെ അവരെ ആശ്രയിച്ച് കഴിഞ്ഞ രാജാക്കന്മാരിലൂടെ ജനങ്ങളിലേക്കും പടരുകയായിരുന്നെന്ന് കാണാം . അതിനെത്തുടര്‍ന്നാണ് കേരളത്തിനും പൊലിപ്പിച്ചു കാട്ടുന്ന വീര യോദ്ധാക്കളുടെ നിറം പിടിച്ച കഥകള്‍ക്ക് തുടക്കമിടുന്നതും. പരസ്പരം അധികാരം പിടിച്ച് നിര്‍ത്തനും വിപുലമാക്കാനും ബാഹ്യശക്തികളെ അനുവദിക്കുകയും ആദരിച്ചു എഴുന്നെള്ളിച്ചു കൂടെ നിര്‍ത്തുകയും ചെയ്ത ഭരണാധികാരികള്‍ കേരളത്തെ വിദേശ ശക്തികളുടെ അടിമകളാക്കാന്‍ വളരെ സഹായിച്ചു .
അവരുടെ സഹായത്തോടെ രാജ്യാതിര്‍ത്തികള്‍ വിശാലമാക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പരാദങ്ങളെപ്പോലെ പടര്‍ന്ന് കയറുകയും രാജാക്കൻമാര്‍ക്കും ദേശവാഴികള്‍ക്കും നാടും അധികാരവും നഷ്ടമാകുകയും ചെയ്തു . വ്യക്തമായ രീതിയില്‍ മതസ്പര്‍ദ്ധ ഉണരുന്ന വിധത്തില്‍ ബ്രിട്ടീഷ്കാരുടെ കാലത്തോടെ കേരളീയ വിഭാഗങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും ഹൈദരും പിന്ഗാമികളും അതിനു എണ്ണയൊഴിച്ചുകൊടുക്കുക കൂടി ചെയ്തപ്പോള്‍ കേരളത്തില്‍ രണ്ടു മതങ്ങളുടെ പ്രത്യക്ഷ വിരോധവും മൂന്നാം മതത്തിന്റെ കൌശലങ്ങളും മറനീക്കി മുന്നില്‍ എത്തിയിരുന്നു . ജാതി വിവേചനവും മറ്റും അതിന്റെ പൂര്‍ണ്ണതയില്‍ വരികയും പ്രക്ഷോഭങ്ങളും രക്തചൊരിച്ചിലുകളും കൊണ്ട് പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകള്‍ കൂലങ്കുഷവുമായി മാറിക്കഴിഞ്ഞിരുന്നു . ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ തുടത്തോടെ മാത്രമാണു ഇവയൊക്കെയും ഒരു വിധത്തിലെങ്കിലും സമവായത്തിന്റെ ഒരു രൂപത്തിലേക്ക് ഭാഗികമായെങ്കിലും വന്നു തുടങ്ങുന്നതെന്ന് കാണാം .
ചരിത്രത്തെ വായിക്കുക നമ്മെ അറിയുക എന്നത് തന്നെയാണ് . അതിനാല്‍ത്തന്നെ ഇത്തരം ചരിത്രരചനകള്‍ വായിക്കപ്പെടുക തന്നെ വേണം . പി ബാലകൃഷ്ണന്റെ കേരള ചരിത്രവും ജാതി വ്യവസ്ഥയും , റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനവും മനു വിന്റെ ദന്തസിംഹാസനവും ഒക്കെ വായിക്കുന്നതിനൊപ്പം പ്രൊഫസര്‍ ശ്രീധര മേനോന്റെ കേരള ചരിത്രവും വായിക്കപ്പെടുക വേണ്ടതുണ്ട് . പൂര്‍ണ്ണമായ സത്യങ്ങള്‍ എന്നോ ഇതാണ് ചരിത്രമെന്നോ എന്നല്ല ഇപ്പറഞ്ഞത്തിന് അർത്ഥം . പക്ഷേ തുറന്ന കാഴ്ചപ്പാടുകളോടെ കാര്യങ്ങളെ വായിച്ചറിയാൻ ഇത്തരം രചനകള്‍ നമ്മെ സഹായിക്കുകയും ഒരു ധാരണയില്‍ എത്താന്‍ കഴിയുകയും ചെയ്യും . പഴയകാല സംസ്കാരവും , നിലവിലിരുന്ന സാമൂഹ്യ സാഹചര്യങ്ങളും ആചാരങ്ങളും ഒക്കെ അറിയാനും അവയുടെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാനും ഒക്കെ ഇത്തരം വായനകള്‍ സഹായിക്കും . പരസ്പരം സ്പര്‍ദ്ധയോടെ ജീവിക്കുന്ന മതങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നവര്‍ ആരായിരുന്നെന്നും എപ്പോഴാണ് ഈ സ്പര്‍ദ്ധ അവര്‍ക്കിടയില്‍ വന്നതെന്നും അറിയാന്‍ കഴിയും . ഒരേ വംശവൃക്ഷത്തില്‍ നിന്നും പല ശാഖികള്‍ ആയി പിരിഞ്ഞവര്‍ പരസ്പരം നടത്തുന്ന യുദ്ധവും പകയും എന്തിനെന്ന് ചിന്തിക്കാന്‍ സഹായിക്കും ചരിത്ര പഠനങ്ങള്‍ . പക്ഷേ അവ ഒരിയ്ക്കലും മത ഗ്രന്ഥങ്ങളുടെ സംഭാവനകള്‍ ആയ ചരിത്രങ്ങളും പുരാണങ്ങളിലെ വീരനായക കോമിക് കഥാപാത്രങ്ങളുടെ ചുവടു പിടിച്ചതോ ആകരുതെന്ന് മാത്രം . ആശംസകളോടെ ബിജു.ജി.നാഥ്
Wednesday, January 26, 2022
അവകാശദിനാശംസാ കമ്മിറ്റി.
Monday, January 24, 2022
ഓർമ്മയിലേക്ക് പടർന്നു കയറുന്ന മിഴികൾ!
Sunday, January 23, 2022
Saturday, January 22, 2022
നിന്നെയെഴുതുമ്പോൾ
Wednesday, January 19, 2022
തൊട്ടാവാടി
Friday, January 14, 2022
ഋതു, വാതായനങ്ങളുടെ മഴവില്ല്......... ഡോ. കെ.വി.സുമിത്ര
Wednesday, January 12, 2022
കവിതയെന്ന് പറയരുതിതിനെ
Monday, January 10, 2022
ബലി
അനന്തരമവർ ആമോദത്തോടെയവൻ-
തന്നസ്ഥികൾ കടലിലൊഴുക്കുന്നു .-
Saturday, January 8, 2022
രാത്രിഞ്ചരൻ
Friday, January 7, 2022
ഓളപ്പരപ്പിലെ മിന്നുന്ന പരല്‍മീനുകള്‍ ........... ചിത്രാ മാധവന്
Wednesday, January 5, 2022
എഡിറ്റർ കം പബ്ലീഷർ
Monday, January 3, 2022
കവിത പറയുന്നവർ
Saturday, January 1, 2022
അവസാനമൊഴി
അവസാനമൊഴി
..................................
വേദനിക്കുന്നു ഞാന്‍ നിന്നെയോര്‍ത്തിന്നഹോ !
വേദനയല്ലാതെ എന്തുണ്ട് നീ തന്നു ?
പൊട്ടിയടരുമെന്‍ ഹൃത്തിന്റെ ഭിത്തിയില്‍
ഒട്ടിച്ചു ചേര്‍ത്തതാണെന്നേ നിന്നെ ഞാൻ;
എത്ര വസന്തങ്ങള്‍, പുഷ്പിച്ചിടാതെന്റെ
ഓര്‍മ്മതന്‍ വാടിയില്‍ മരവിച്ചുറങ്ങി...
എത്ര മഴക്കാലം എന്റെ ഹൃദന്തത്തെ
തെല്ലും നനക്കാതെ പെയ്തൊഴിഞ്ഞങ്ങനെ.
എന്നും പ്രതീക്ഷതന്‍ വെള്ളി വെളിച്ചത്തെ
സ്വപ്നം കണ്ടു ഞാന്‍ നിദ്രയെ പൂകി.
എന്നും പുലരിയില്‍ കണികണ്ടുണരുവാന്‍
നിന്നെ മോഹിച്ചു കണ്‍ തുറന്നു.
ഹേ എന്റെ സൂര്യ! ഹേ എന്റെ ആകാശമേ!
പോകുക എന്നെയീ ഇരുളില്‍ ഉപേക്ഷിച്ച്.
വിട്ടുപോയീടുക കാറ്റും വെളിച്ചവും
വിട്ടകന്നീടുക സ്നേഹബന്ധങ്ങളും .
ഒറ്റയ്ക്ക് ഞാന്‍ തീര്‍ത്ത മണ്‍പുറ്റിലെന്നെ
വിട്ടേച്ചു പോകുക, തിരികെ വന്നീടായ്ക നീ.
കത്തിച്ചു വച്ചോരു മണ്‍വിളക്കിന്‍ നാളം
ഊതിക്കെടുത്തുക കാറ്റേ മടിവേണ്ടിനി.
പൂര്‍ണമാകാത്തൊരു കാവ്യം പോലെ,
മുഴുമിക്കാനാകാത്തൊരു ചിത്രം പോലെ,
പറയാന്‍ മറന്നോരു പ്രണയം പോലെ
അകലാന്‍ കൊതിക്കുമീ ജീവന്‍ പിടയുമ്പോള്‍...
അരുതിനി പറയരുതു നീ പടുവാക്കുകള്‍.
അറിയാതെ പോലും നല്‍കരുത് സ്വപ്നങ്ങള്‍.
ചിതയില്‍ എരിയുമെന്‍ ഹൃദയത്തിനോട്
അരുതു നീയിനി മിടിക്കാന്‍ പറയരുതേ .
@ബിജു ജി നാഥ്