Wednesday, December 26, 2018

മുഖംമൂടി മരം ........... ഉഷ ഷിനോജ്

മുഖംമൂടി മരം (കവിതകള്‍ )
ഉഷ ഷിനോജ്
സീഫോര്‍ ബുക്സ്
വില 130 രൂപ
 
 
കവിതകള്‍ വായിക്കുമ്പോള്‍ ശരീരം ഒന്നാകെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നുവെങ്കില്‍ അതാ  കവിതകളുടെ വിജയമായി എണ്ണാമെന്നു കരുതുന്നു . അത്തരത്തില്‍ കവിതകളെ കൊണ്ട് വിഭ്രാന്തി സൃഷ്ടിക്കുന്ന കവികള്‍ വളരെ കുറവാണ് മലയാളത്തില്‍. ഇത് ഭാഷയുടെ പോരായ്മയല്ല പകരം എഴുത്ത് ഒരു കെട്ടുകാഴ്ച്ചയായി മാറുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നം ആണെന്ന് കരുതുന്നു . ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെയും വിജയലക്ഷ്മിയെപ്പോലെയും എഴുതുന്നവര്‍ ഇന്നുണ്ടോ എന്നത് സംശയം തന്നെയാണ് . സുഗതകുമാരികള്‍ നമുക്ക് ചുറ്റും ആവശ്യത്തിനുണ്ട് . മാധവിക്കുട്ടിമാര്‍ ഒട്ടും തന്നെ ഇല്ല എന്നും പറയാം. പക്ഷെ സോണി ദത്ത് , സംഗീത ആര്‍ , ദേവി മനോജ്‌ , തുടങ്ങി കുറച്ചു കവികള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് സജീവമായ പെണ്‍ഭാഷകളെ കൈകാര്യം ചെയ്യുന്നുണ്ട് . മഞ്ജുള , ആഞ്ജല , മാലിനി , ലവ്ലി നിസാര്‍  തുടങ്ങി ചിലര്‍ കൂടിയുണ്ട് വായനയുടെ ലോകത്തില്‍ ഈ ചെയിന്‍ പൊട്ടിച്ചവര്‍ . മറ്റുള്ളവരുടെ കവിതകളെ കുറച്ചു കാണിക്കുവാന്‍ വേണ്ടിയല്ല ചില പേരുകള്‍ എടുത്തു പറഞ്ഞത് . കാരണം ഈ കവികള്‍ എഴുതുന്നതും പറയുന്നതും വ്യത്യസ്തമാകുന്നത് അവര്‍ പ്രയോഗിക്കുന്ന ഭാഷയുടെ പ്രത്യേക രീതികളും സങ്കേതങ്ങളും കൊണ്ടാണ് . ജീവിതവും രാഷ്ട്രീയവും സാമൂഹികവും ആയ കാഴ്ചപ്പാടുകളെ അവര്‍ മറ്റൊരു ആംഗിളില്‍ നോക്കിക്കാണുന്നത് കൊണ്ടാണ് . സുധീര്‍ രാജ് എന്ന ഒറ്റയാന്‍ കവിയെപ്പോലെ ചില ആണ്‍ കവികളും ഉണ്ട് എങ്കിലും ഇവിടെ ഞാന്‍ വനിതാ പ്രാധിനിത്യം ആണ് എടുത്തു പറയാന്‍ ആഗ്രഹിക്കുന്നത്.
ഈ ശ്രേണിയിലേക്ക് ചേര്‍ക്കാന്‍ എന്തുകൊണ്ടും അനുയോജ്യയായ ഒരു കവിയാണ്‌ ഉഷ ഷിനോജ് എന്ന അധ്യാപിക എന്ന് നിസംശയം പറയാന്‍ കഴിയും "മുഖംമൂടി മരം" എന്ന കവിത സമാഹാരം വായിക്കുകയാണെങ്കില്‍ . സമൂഹത്തിലെ എല്ലാ അപചയങ്ങളെക്കുറിച്ചും കവി പറയുന്നുണ്ട് കവിതകളില്‍ . ഒന്നും തെളിച്ചു പറഞ്ഞു ആരുടേയും പരാതിയോ ശകാരങ്ങളോ ഏറ്റു വാങ്ങുകയല്ല കവി ചെയ്യുന്നത് . പകരം കവിതകളിലൂടെയവര്‍ നിശിതമായ ശരങ്ങള്‍ എറിഞ്ഞുകൊണ്ട് പ്രതിരോധം നിഷ്പ്രഭമാക്കുകയാണ് ചെയ്യുന്നത്.
"ഇരട്ടവാലൻ പെറ്റ
നിയമ പുസ്തകത്തിൽ
ഉൽപ്പത്തിയുടെ സുവിശേഷം തിരഞ്ഞവർ " ആണ് പുരോഹിത വർഗ്ഗം എന്ന പ്രസ്താവന കൊണ്ട് കവി വ്യക്തമായ ചാട്ടവാർ കൈയ്യിലെടുക്കുന്നുണ്ട്.
കന്യാസ്ത്രീമഠങ്ങള്‍ ആയാലും രാഷ്ട്രീയ കുതികാല്‍ വെട്ടലുകള്‍ ആയാലും ദളിത്‌ ഉപരോധങ്ങള്‍ ആണെങ്കിലും അതിനെയൊക്കെ ഫലവത്തായ വാക്കുകളാല്‍ കവി ശക്തമായി വിമര്‍ശിക്കുന്നു .
" അന്നുതൊട്ടെന്റെ ജാലക വാതിലിൽ
തഴുതിടാതെ തുറന്നിട്ടത്
നിനക്ക് കഥ പറയാനായിരുന്നു.
എന്തെന്നാൽ ....
നീ ഞാനായിരുന്നു." പ്രണയം മനോഹര ഭാവങ്ങളിലൂടെ പീലി വിടർത്തുന്ന കാഴ്ചയിൽ പോലും അതിഭാവുകത്വത്തിന്റെ അടരുകൾ ഉണ്ടാകുന്നില്ല.
പ്രണയത്തിനും അപ്പുറം ജീവിതത്തിന്റെ കനലുകള്‍ നിറഞ്ഞ പാതകളെ ഇഷ്ടപ്പെടുന്ന ഒരു കവി എന്ന നിലയില്‍ വളരെ ഗൗരവപൂര്‍ണ്ണമായ ഒരു കാഴ്ചപ്പാട് കവി തന്റെ വരികളില്‍ എമ്പാടും പിന്തുടരുന്നത് കാണാന്‍ കഴിയുന്നുണ്ട് . തന്നെ നോവിക്കുന്നതും താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ബാധിക്കുന്നതുമായ എന്തിനെയും നഖശിഖാന്തം എതിര്‍ക്കുക എന്നൊരു നിലപാടില്‍ നിന്നുകൊണ്ട് തീവ്രമായ , തീക്ഷ്ണമായ വാക്കുകള്‍ കൊണ്ട് കവി കവിതകളിലൂടെ സംസാരിക്കുന്നു.
," മ്ലേച്ഛം മൃഗമെത്രഭേദം തമ്മിൽ
മൃതി തൊടാനറയ്ക്കുന്ന ഈഡിപ്പസുമാർ " എന്നു കവി മനസ്സ് വെറുത്ത് പറഞ്ഞു പോകുന്നുണ്ട് കാലികമായ കാഴ്ചകൾക്ക് മുന്നിൽ നിന്നു കൊണ്ട്.
തികച്ചും ഇന്നിന്റെ കവിതാ വായനകള്‍ ആവശ്യപ്പെടുന്ന എല്ലാ വസ്തുതകളും നമുക്കീ കവിയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . ഒരുതരത്തിലുള്ള നീക്കുപോക്കും ഇല്ലാത്ത വിധത്തില്‍ പറയാനുള്ളത് ശക്തവും ആര്‍ജ്ജവത്തോടും പറയാന്‍ കഴിയുന്ന കവിയുടെ ഭാഷാ ശുദ്ധി എടുത്തു പറയേണ്ട ഒരു മേന്മയാണ് .
"നിന്നെ ഭ്രാന്തിയെന്നു വിളിച്ചത്
എന്റെ തെറ്റ് " എന്ന് കവിയുടെ തന്നെ വാക്കുകൾ  കടമെടുത്ത് വായനക്കാരൻ പറയുന്നിടത്ത് കവിതയുടെ വായന പൂർണ്ണമാകുന്നു. ഒരു അധ്യാപിക എന്ന നിലയില്‍ തന്റെ ധര്‍മ്മത്തെ കവി നിലനിര്‍ത്തുവാന്‍ , പ്രസരിപ്പിക്കുവാന്‍ സദാ ജാഗരൂകയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു പിടി കവിതകളുടെ ഒരു സമാഹാരമാണ് മുഖം മൂടിമരം. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

No comments:

Post a Comment