Sunday, December 16, 2018

വെറോണിക്ക മരിക്കാൻ തീരുമാനിക്കുന്നു.......പൗലോ കൊയ്ലോ

വെറോണിക്ക മരിക്കാൻ തീരുമാനിക്കുന്നു (നോവൽ)
പൗലോ കൊയ്ലോ
വിവർത്തനം : എ.വി.ശ്രീകുമാർ
ഡി.സി.ബുക്സ്
വില : 110 രൂപ

ഓർമ്മകൾ നശിക്കുന്നതോടെ മനുഷ്യൻ ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. നിറമുള്ള കിനാവുകൾക്കും , കേവല സുഖങ്ങൾക്കും പിന്നാലെ പരക്കം പായലുകൾ ഇല്ലാതെ ജീവിതം എന്ത് എന്ന് ആസ്വദിച്ചറിയുകയാണ്. തീർച്ചയായും അത്തരം ഒരു ജീവിതത്തിലൂടെ സഞ്ചരിക്കാനാകുന്നവർ മാത്രമാകണം ഇന്നിന്റെ ജാലകത്തിലൂടെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നത്.
കഥകൾ കവിതകൾ നോവലുകൾ എന്നിവ കൈകാര്യം ചെയ്യുന്നതെപ്പോഴും ഓർമ്മകൾ നഷ്ടമാകാത്ത മനുഷ്യരുടെ ജീവിതമോ അവയുടെ വിവരണക്കുറിപ്പുകളോ ആയിരിക്കണം എന്നൊരു പൊതുബോധത്തിൽ നിന്നു കൊണ്ടാണ് "വെറോണിക്ക മരിക്കാൻ തീരുമാനിക്കുന്നു" എന്ന നോവൽ വായിക്കുന്നത്. എന്തുകൊണ്ടാകാം പൗലോ കൊയ്ല ഇങ്ങനെയൊരു പ്രമേയം തിരഞ്ഞെടുത്തത് എന്ന് അത്ഭുതം കൂറിപ്പോയി വായനയിലുടനീളം. നോവലിസ്റ്റ് തന്നെ നോവലിൽ തുടക്കത്തിൽ കടന്നു വന്നു പഴയ കാല നാടകസങ്കേതങ്ങളിലെ വിദൂഷകവേഷം കെട്ടിയാടി കടന്നു പോകുമ്പോൾ നോവൽ അതിന്റെ ഉച്ചസ്ഥായിയിലേക്ക് നടന്നു തുടങ്ങുകയായി.
സ്ലോവനിയൻ പരിസരങ്ങൾ വളരെ ലളിതമായി വരച്ചിടുന്ന നോവലിൽ യുദ്ധവും അതു വിതയ്ക്കുന്ന അസ്വസ്ഥതകളുടെ വിത്തുകളും മാത്രമല്ല വായനക്കാരെ അലോസരപ്പെടുത്തുക മറിച്ച് വില്ലറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഡോക്ടർ ഇഗോറിന്റെ മേൽനോട്ടത്തിലുള്ള മാനസികരോഗാശുപത്രി വലിയ ഒരു പ്രപഞ്ചം സൃഷ്ടിക്കുന്നുണ്ട്. പുറം ലോകത്ത് മുഴുവൻ ഭ്രാന്തന്മാർ ആണ് എന്നു വിശ്വസിക്കുന്ന, ഭ്രാന്തന്മാർ എന്നു മുദ്രകുത്തപ്പെട്ട മനുഷ്യരുടെ ആത്മഭാഷണങ്ങളുടെ ആകെത്തുകയാണ് ഈ നോവൽ.
സാധാരണ മലയാളി വായനക്കാർ കണ്ടു പഴകിയ ഭ്രാന്തന്മാർക്കെല്ലാം നീണ്ട മുടിയും, താടിയും, പേനരിക്കുന്ന തലയും കീറിപ്പറിഞ്ഞ വേഷങ്ങളും ഒക്കെയായി ഒരു പാട് സ്ഥിരബിംബങ്ങൾ സ്വന്തമായുണ്ട്. അവർ സിനിമയിലും കഥകളിലും നിന്നിറങ്ങി വരുന്നത് ചിരിപ്പിക്കാൻ അതല്ലെങ്കിൽ കരയിക്കുവാൻ മാത്രമാണ്. താളവട്ടം പോലുള്ള സിനിമകളും സാറേ സാറേ സാമ്പാറേ പോലുള്ള പാട്ടുകളും ചില ഉദാഹരണമായി വയ്ക്കാം.
വില്ലറ്റിൽ ഒരു പാട് മനോരോഗികൾ ഉണ്ട്. നഴ്സുമാർ ഉണ്ട്. ഡോക്ടർമാർ ഉണ്ട്. പക്ഷേ ഇവരിൽ നിന്നും ഡോക്ടർ ഇഗോർ എന്ന ആശുപത്രി നോക്കി നടത്തിപ്പുകാരനും എഡ്വേർഡ് , മേരി, സെഡ്കോ വെറോണിക്ക തുടങ്ങി ചുരുക്കം ചിലരിലൂടെ കഥ പറഞ്ഞു പോകുകയാണിവിടെ നോവലിസ്റ്റ്.
വെറോണിക്ക എന്ന സുന്ദരിയായ ചെറുപ്പക്കാരി മരിക്കാൻ വേണ്ടി ഉറക്കഗുളികൾ അമിതമായി കഴിക്കുന്നിടത്തു നോവൽ ആരംഭിക്കുകയാണ്. മരണത്തിലേക്ക് നടന്നടുക്കുമ്പോൾ ഉണ്ടാകുന്ന മാനുഷിക വികാരങ്ങളും ചിന്തകളും വളരെ നന്നായി പറയുവാൻ കഴിഞ്ഞിരിക്കുന്നു നോവലിന്. മാത്രവുമല്ല മരണത്തിലേക്കുള്ള അവളുടെ ഉറക്കം ഉണരുന്നത് വില്ലറ്റ് എന്ന മനോരോഗാശുപത്രിയിലാണ്. അവിടെ അവൾ തിരിച്ചറിയുന്ന ഒരു സത്യമാണ് ഒരു ആഴ്ച കൂടി മാത്രമേ അവളിനി ജീവിച്ചിരിക്കുകയുള്ളു എന്നു. കഥ പുതിയ ഒരു തലത്തിലേക്ക് കടക്കുകയാണവിടെ. മരണത്തിലേക്ക് പോകാൻ മനസ്സുകൊണ്ടു തയ്യാറെടുക്കുന്ന വെറോണിക്കയെ അതിന് പര്യാപ്തമായ നിലയിലേക്ക് കൈ പിടിച്ചു കൊണ്ടു പോകാൻ മേരിയെന്ന മറ്റൊരു രോഗിയായിരുന്ന യുവതിക്ക് സാധിക്കുന്നു. അവൾ തന്റെ പക്വതയാർന്ന വാക്കുകളിലൂടെ വെറോണിക്കയിൽ നിന്നും അവളുടെ യഥാർത്ഥ സ്വത്വം പുറത്തെടുവിക്കുന്നു. എഡ്വേർഡ് എന്ന സ്കിസോഫ്രനിയ രോഗിക്ക് വേണ്ടി പിയാനോ വായിക്കാനും അവനു മുന്നിൽ പൂർണ്ണ നഗ്നയായി നിന്ന്  മനസ്സിലെ എല്ലാ അടക്കി വച്ച വികാരങ്ങളും വാക്കുകളും അവനെ നോക്കി വിളിച്ചു പറഞ്ഞു കൊണ്ടു പിയാന റൂമിൽ മേരിയുടെ സാന്നിധ്യം പോലും മറന്നു തളർന്നു വീഴുവോളം സ്വയംഭോഗം ചെയ്യാനും അവൾക്ക് കഴിയുന്നു. ഒടുവിൽ എഡ്വേർഡുമൊത്ത് അവൾ വില്ലറ്റിൽ നിന്നും ഒളിച്ചു കടക്കുകയും അവർ മരിക്കും വരെ സ്വതന്ത്രമായി നടക്കണമെന്ന ആഗ്രഹത്തോടെ  തെരുവിലൂടെ കൈ കോർത്തു നീങ്ങുകയും ചെയ്യുന്നത് വായനക്കാരന് കാണാൻ കഴിയുന്നു. ഉപകഥകളായി മേരി, സെഡ്കോ എന്നിവരുടെ ജീവിതവും എഡ്വേർഡിന്റെ ജീവിതവും വായനക്കാരെയും രോഗികളെയും  പറ്റിച്ച സന്തോഷവും ഒളിപ്പിച്ചു നില്ക്കുന്ന പ്രധാന ഡോക്ടർ ഇഗാറും ഒക്കെ മനസ്സിൽ സമ്മിശ്രവികാരത്തിന്റെ നൂലുകൾ കൊണ്ട് മുറുകെ കെട്ടുന്ന വേദന നല്കുന്നുണ്ട്. 
വളരെ നാടകീയമായ ഒരു അവസാനത്തിലൂടെ നോവൽ വായനക്കാരനിൽ ഉളവാക്കുന്ന ആശ്വാസമാണ് നോവലിന്റെ  സൗന്ദര്യം ചോരാതെ അവസാനം വരെ വായിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
വളരെ മനോഹരമായ  വായനയുടെ സുഖം നല്കിയ ഈ നോവൽ പരിഭാഷയിൽ മുഴച്ചു നില്ക്കലുകളുടെ അസ്കിത നല്കിയതേയില്ല എന്നു കാണാം. പുറം ലോകത്തിന്റെ പ്രണയവും ഭ്രാന്തിന്റെ ലോകത്തെ പ്രണയവും രതിയും മാനുഷിക വികാരങ്ങളുടെ പ്രതികരണങ്ങളും ഇതിലും മനോഹരമായി പറഞ്ഞ മറ്റൊരു വായന കാണാനിതുവരെ കഴിഞ്ഞിട്ടില്ല -
ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment