Saturday, December 22, 2018

ഒടിയനും കാഴ്ചക്കാരും .....

ഒടിയന്‍

"ഒടിയന്റെ മുന്നില്‍ മായം വേണ്ട "  ഇതാണ് കുട്ടിക്കാലത്തു മുതല്‍ ഒടിയന്‍ എന്ന സിനിമ ഇറങ്ങുകയും അതിനെ ചുറ്റിപ്പറ്റി വന്ന ചര്‍ച്ചകളും ലേഖനങ്ങളും ഒക്കെ അറിയുന്നതിന് മുന്‍പുള്ള ഒടിയനെക്കുറിച്ചുള്ള ഏക വിവരം. ദളിതവും പിന്നെ ഇരവത്കരണവും സവര്‍ണ്ണതയും ഒക്കെ ഘോരഘോരം വിലയിരുത്തുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് ഒടിയന്‍ എന്നൊരു സിനിമയെ രാഷ്ട്രീയവത്കരിക്കപ്പെടുന്ന ഒരു തലത്തിലേക്ക് കൊണ്ട് പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ പെടാന്‍ ഉദ്ദേശിക്കുന്നില്ല . ഇതിന്റെ മറ്റുകാര്യങ്ങള്‍ ഒന്നും തന്നെ ഞാന്‍ നോക്കുന്നുമില്ല . എന്താണ് ഒടിയന്‍ എന്ന ചിത്രം എനിക്ക് പറഞ്ഞു തന്നത് എന്ന് മാത്രം പറയാം.
തേന്‍കുറുശ്ശി എന്ന പാലക്കാടന്‍ പ്രദേശത്ത് ഒരുകാലത്ത് ജീവിച്ചിരുന്ന ഒരു പരമ്പരയായിരുന്നു ഒടിയവേഷം കെട്ടുന്ന മനുഷ്യര്‍. അവര്‍ തലമുറകള്‍ ആയി ആ ജോലിയാണ് ചെയ്തിരുന്നത്. എന്താണ് ഒടിയ വേഷമെന്നു ചോദിച്ചാല്‍ ജന്മിമാരുടെയും മറ്റും ശത്രുക്കളെ ഭയപ്പെടുത്താനും അവരുടെ സ്വൈര വിഹാരത്തിന് കളമൊരുക്കാനും വേണ്ടി പോത്തിന്റെയും മറ്റു മൃഗങ്ങളുടെയും വേഷം കെട്ടി രാത്രികാലങ്ങളില്‍ ഇരുട്ടില്‍ പതിയിരുന്നു ദൗത്യം നിർവ്വഹിച്ചിരുന്നവര്‍ ആയിരുന്നു ഒടിയന്മാര്‍. ഇത്തരം മായപ്പണി ചെയ്തിരുന്ന ഒരു തലമുറയുടെ അവസാന കണ്ണിയാണ് മാണിക്യന്‍. മാണിക്യന്‍ വളരെ ഭയം ഉള്ള ഒരു കുട്ടി ആയിരുന്നു . ആ കുട്ടിയെ മുത്തശ്ശന്‍ ആണ് ഭയം ഇല്ലാത്ത, രാത്രി സഞ്ചാരിയായ ഒരു മനുഷ്യനായി വളര്‍ത്തി എടുക്കുന്നത് . ഒപ്പം മായാജാലവും ഒടി വേഷത്തിന്റെ കലയും പഠിപ്പിക്കുന്നു . അയാള്‍ താമസിക്കുന്ന ഭൂവുടമയുടെ മക്കളുമായി കുട്ടിക്കാലം മുതലേ സൗഹൃദത്തില്‍ ആണ് .  പ്രഭയെന്ന മൂത്തവളും ആയി മാണിക്യന് പ്രണയം തന്നെയാണ് . അത് വെളിവാക്കുന്നത് കുട്ടിക്കാലത്ത്, തന്റെ ഒടിവിദ്യയും മായാജാലവും പഠിച്ചു തുടങ്ങിയ കാലത്ത്  പ്രഭയ്ക്ക് താമരപ്പൂവ് നല്‍കുന്നതും അവളുടെ മുറച്ചെറുക്കനുമായി കോര്‍ക്കുന്നതും വ്യക്തമാക്കി തരുന്നുണ്ട് . ആ പ്രണയത്തെ പ്രഭ നോക്കിക്കാണുന്നത് പ്രണയം ആയിട്ടായിരുന്നില്ല എന്നത് അവളോട്‌ അവളുടെ ഭര്‍ത്താവ് "കഥകള്‍ " കേട്ട കാര്യം പറയുമ്പോള്‍ കയര്‍ക്കുന്ന മുഖഭാവം വ്യക്തമാക്കുന്നു . അവള്‍ക്ക് അയാള്‍ ഒരു കൂടെപ്പിറപ്പോ ഏറ്റവും വിശ്വസ്തനായ ഒരു സുഹൃത്തോ ആണ് . ഇവരുടെ ജീവിതത്തിലേക്ക് മുറച്ചെറുക്കന്‍ ചെയ്തുകൂട്ടുന്ന പ്രശ്നങ്ങളും അതിന്റെ പരിസമാപ്തിയും ആണ് ഈ ചിത്രം പറയുന്നത്.
നായകന്‍ ഒടിവിദ്യ മാത്രമല്ല നല്ലൊരു കായികാഭ്യാസി കൂടി ആണെന്ന് കാണിക്കാന്‍ ഉള്ള കുറച്ചു സംഘട്ടന രംഗങ്ങള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ കഥയില്‍ അസ്വഭാവികത അധികം തോന്നിക്കുന്നില്ല . നായകന്‍റെ യൗവ്വനവും സൗന്ദര്യവും നായികയെ ആകര്‍ഷിക്കുന്നില്ല എന്ന് മാത്രമല്ല നാട്ടുകാര്‍ക്കും ആ സൗന്ദര്യം ഒരു വിഷയമാകുന്നില്ല . എങ്കിലും അന്നാട്ടിലെ പുരോഗമനവാദികള്‍ ആയ ചെറുപ്പക്കാര്‍ (അവര്‍ക്ക് കമ്യൂണിസ്റ്റ് മുഖം നല്‍കിയിട്ടുണ്ട് എന്തായാലും യുക്തിവാദികള്‍ അല്ല) ഒടിയനെ ശക്തമായി എതിര്‍ക്കുന്നുണ്ട് . എതിര്‍പ്പിന്റെ സ്വരത്തെ നിലനില്‍പ്പിന്റെ പ്രതിരോധം കൊണ്ട് ഭയപ്പെടുത്തി ഒടിയന്‍ തന്റെ നില ഭദ്രമാക്കുന്നു . അതിനാല്‍ തന്നെ വെളിച്ചം എത്തിനോക്കാത്ത ആ ദേശത്തിന് ഒടിയന്‍ പേടി സ്വപ്നം തന്നെയാണ് . രാത്രികളില്‍ ഭയപ്പെടുത്തുന്ന ഒരാള്‍ . പകല്‍ അതിനാല്‍ തന്നെ അയാള്‍ അധികം പുറം ലോകത്ത് ഇടപെടുന്നുമില്ല. പ്രഭയുടെ മുറച്ചെറുക്കന്‍ ഗ്രാമത്തില്‍ ഇലക്ട്രിക് വെളിച്ചം കൊണ്ട് വരുന്നതും അത് വഴി ഒടിയന്‍ എന്ന സങ്കല്പം  വെളിച്ചത്തിലാകാന്‍ പോകുന്നതും സ്വപ്നം കാണുന്ന ജനതയ്ക്ക് നേരെ ബള്‍ബുകള്‍ എറിഞ്ഞുടച്ചു ഒടിയന്‍ പ്രതിഷേധിക്കുന്നു.
എന്ത് തന്നെയായാലും മുറച്ചെറുക്കന്‍ കാട്ടുന്ന കുതന്ത്രങ്ങള്‍ മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത മാണിക്യന്‍ തന്റെ പരദേശ യാത്രക്കിടയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാശിയില്‍ വച്ചു പ്രഭയുടെ ജീവിതം വലിയൊരു വിപത്തില്‍ ആണെന്ന് അറിഞ്ഞു തിരികെ വരുന്നു . സാധാരണ കഥകള്‍ കൈകാര്യം ചെയ്യുന്ന അടുക്കും ചിട്ടയും  സംഭവങ്ങള്‍ക്ക് തമ്മില്‍ച്ചേര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത വണ്ണം പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാനും ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്നത് മറച്ചു വയ്ക്കുന്നില്ല. എന്ത് തന്നെയായാലും ഒടിയനോ ചിത്രത്തിന്‍റെ അണിയറക്കാരോ സമ്മതിക്കുന്നില്ല ഒടിയന്‍ ഒരു അമാനുഷിക കഥാപാത്രം എന്നു. എങ്കിലും നാട്ടുകാര്‍ അത് അങ്ങനെ കാണുന്നത് അവരുടെ ഭയം എന്ന വികാരത്തിന്റെ ബാഹ്യരൂപം മാത്രമാണ് .
ഒരു ചിത്രം എന്ന നിലയില്‍ ഒടിയന്‍ നല്ലൊരു വിരുന്നു തന്നെയാണ് . അതിലേക്ക് കറുത്ത നായര്‍ വന്നു എന്നും വെളുത്ത ഒടിയന്‍ വന്നു എന്നും വര്‍ഗ്ഗീകരണവും ധ്രുവീകരണവും സംഭവിക്കുന്നതും രാഷ്ട്രീയപരമായ ശത്രുതകള്‍ വന്നു ചേര്‍ന്നതും മാത്രമാണ് പൊതുജനങ്ങള്‍ മുന്നില്‍ കണ്ട പോരായ്മകള്‍ . പക്ഷെ മഞ്ജുവാര്യര്‍ എന്നൊരു നായികയുടെ ഭര്‍ത്താവ് ആയിരുന്ന ആള്‍ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളുടെ ചിത്രം എട്ടു നിലയില്‍ പൊട്ടിക്കാന്‍ വേണ്ടി ഫാന്‍സിനെ കൊണ്ട് നടത്തിയ ഗൂഡാലോചന ആര്‍ക്കും തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞില്ല എന്നതാണ് പൊതുജനവും സിനിമാ വ്യവസായവും തമ്മിലുള്ള അന്തരം . അതല്ലെങ്കില്‍ ബാഹുബലിയും റോബോ 2.0 ഒക്കെ കൈയ്യടിയോടെ സ്വീകരിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന ജനതയുടെ മുന്നില്‍ ഒടിയന്‍ ഒടിഞ്ഞു മടങ്ങിയ ഒരു ചിത്രമാകുമായിരുന്നില്ല.
എനിക്ക് പറയാനുള്ളത് ഇത്രമാത്രം . നിങ്ങള്‍ ചിത്രം കാണണം എന്ന് കരുതിയാല്‍ പോയി കാണുക . ഒരാളും പറയുന്നത് കേട്ട് കാണാന്‍ പോകാതിരിക്കുക കാരണം അയാള്‍ നിങ്ങളുടെ കണ്ണല്ല നിങ്ങളുടെ ബുദ്ധി അല്ല നിങ്ങളുടെ ചിന്താഗതിയല്ല . അയാളെ നിങ്ങളായി നിനച്ചു നിങ്ങളൊരു ചിത്രം കാണാതെയും പുസ്തകംവായിക്കാതെയും ഇരിക്കുക ആണെങ്കില്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമായിരിക്കും . സ്വയമേവ വിലയിരുത്തുക. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment