Monday, December 24, 2018

രാജാവിന്റെ വരവും കല്പമൃഗവും........ രാജേഷ് ചിത്തിര

രാജാവിന്റെ വരവും കല്പമൃഗവും(കവിതകള്‍ )
രാജേഷ് ചിത്തിര
പാപ്പാത്തി ബുക്സ്
വില 120 രൂപ
 
എഴുത്ത് ആത്മരതിയാകുന്ന കാലത്ത് അത് ആഘോഷമാക്കുന്ന വായനക്കാരും ഉണ്ടാകുന്നത് ഒരേ തലത്തില്‍ ഒന്ന് പോലെ ചിന്തിക്കുന്നവരുടെ ലോകം സൃഷ്ടിക്കുന്നതിനു തുല്യമാണ് . എഴുത്ത് എന്തിനു വേണ്ടി എന്ന ചോദ്യത്തിന് എഴുത്തുകാരന്‍ തന്നെ സാക്ഷ്യം പറയുന്നത് എന്റെ തന്നെ ഭ്രാന്തുകള്‍ ഞാന്‍ കുറിച്ച് വയ്ക്കപ്പെടുന്നതാണ് എന്നാകുമ്പോള്‍ വായനക്കാരന്‍ ചോദിക്കുക സ്വാഭാവികം ഞങ്ങള്‍ എന്തിനു ആ ഭ്രാന്ത് സഹിക്കണം എന്ന് . പലപ്പോഴും എഴുത്തുകാര്‍ അനുവര്‍ത്തിക്കുന്ന ഒരു മാര്‍ഗ്ഗമാണ് എഴുതിക്കഴിഞ്ഞ ഒന്നിനെ വായനക്കാര്‍ തിരസ്കരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുകയാണെങ്കില്‍ അതെന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്നതും എന്റെ ആത്മരതിയെന്നതും സ്ഥാപിക്കാനുള്ള പാഴ്ശ്രമങ്ങൾ . ഇവിടെ വായനക്കാരും എഴുത്തുകാരും ശ്രദ്ധിക്കേണ്ട ഒരു വസ്തുത നാരായണ ഗുരു പറഞ്ഞ ഒരു വാക്യം ആണ് . “അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം”
അത് മനസ്സില്‍ ഓരോ എഴുത്തുകാരും വഹിക്കുകയാണെങ്കില്‍ ആ ആത്മരതിയില്‍ നിന്നും വായനക്കാര്‍ക്ക് ഉതകുന്ന എന്തെങ്കിലും ലഭ്യമാകും എന്നുള്ളതാണ് . ഇത് പക്ഷേ മിക്ക എഴുത്തുകാരും പിന്തുടര്‍ന്ന് കാണുന്നുമില്ല. നിഷേധിയായ ഒരു എഴുത്തുകാരന്റെ മുഖം മൂടി അണിയുന്ന ഭൂരിഭാഗം ബുദ്ധിജീവി എഴുത്തുകാരും തങ്ങളുടെ ശ്ലഥ ചിന്തകളെ ആരും വിമർശിക്കാതിരിക്കാന്‍ തക്കവണ്ണം പൊതിഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നത് ഇന്നിന്റെ കാഴ്ചയാണ് . അര്‍ത്ഥമറിയാത്ത വാക്കുകളുടെ ആകെത്തുകകൊണ്ടോ, ചിതറിത്തെറിച്ച ചിന്തകളെ അടുക്കിപ്പറക്കി എടുക്കാതെ കെട്ടഴിഞ്ഞ ചൂല് പോലെ അലക്ഷ്യമായി വലിച്ചെറിയപ്പെടുകയോ ചെയ്യുന്ന ഇത്തരം കാഴ്ചകള്‍ക്ക് ആധുനികത എന്നൊരു ഓമനപ്പേരുകൂടി ചാര്‍ത്തുമ്പോള്‍ പിന്നതിന് നേർക്ക് ചോദ്യങ്ങള്‍ ഉണ്ടാകുകയേയില്ല.
ഇത്തരം എഴുത്തുകാര്‍ ആണ് ഇന്ന് ദന്തഗോപുരങ്ങളില്‍ സ്വയം വിരാജിക്കുകയും അത് നടിക്കുകയും ചെയ്യുന്നത് .
എഴുത്തുകളിൽ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ ഒരു കൂട്ടം എഴുത്തുകാർ - അവരിൽ കവിയും കഥാകാരനും (ലിംഗഭേദമില്ലാതെ) - നമുക്ക് സോഷ്യൽ മീഡിയകളിലും ബ്ലോഗുകളിലും കാണുവാനാകും. പലരും പ്രശസ്തരാകാതെ തന്നെ അടിഞ്ഞുകൂടുകയോ ഉൾവലിയുകയോ ചെയ്യുമ്പോൾ ചിലർ സ്വയമോ കോക്കസുകളിലൂടെയൊ കൂടുതൽ പ്രശസ്തിയും കുപ്രശസ്തിയും നേടുന്നതും കാണാനാകും. ഈ ബഹളങ്ങൾക്കിടയിലാണ് നിലപാടുകളുടെ വെളിപ്പെടലുകളുമായി രാജേഷ് ചിത്തിര എന്ന എഴുത്തുകാരൻ സഞ്ചരിക്കുന്നത്. കഥകളും കവിതകളും എഴുതിയും ചൊല്ലിയും സജീവമായി നില്ക്കുന്ന ഈ യുവ സാഹിത്യകാരന്റെ നാലാമത്തെ പുസ്തകമാണ് " രാജാവിന്റെ വരവും കല്പമൃഗവും " എന്ന കവിതാ സമാഹാരം. പൂർണ്ണമായും ആമുഖത്തിൽ പറയും പോലെ രാഷ്ട്രീയ കവിതകൾ ആണ്. എന്നാലവ ഒരു തരത്തിൽ അരാഷ്ട്രീയവും ആണ്.
വേദനിക്കുന്ന ജനതയുടെ കണ്ണുനീരിന് , പകരം ചോദിക്കുവാൻ ഒരു വിരൽ പോലും അനക്കാൻ തയ്യാറാകാത്ത ഒരു സമൂഹത്തിൽ രാജാവിന്റെ വരവിനെ നാലു കവിതകളിലൂടെ വലിച്ചു കീറുന്ന ആ പഴയ കുട്ടിയുടെ വിളിച്ചു പറയലുകൾ രാജേഷ് എന്ന എഴുത്തുകാരന്റെ സാമൂഹ്യബോധത്തിന്റെ ഉദാത്തമായ അടയാളമാണ്.
" എല്ലാവരും സ്വന്തം ചരിത്രത്തെ
അടയാളപ്പെടുത്തുന്ന കാലത്ത്
ഓരോ ഭരണാധികാരിയിലും
ഒരു കവി ഒളിച്ചു പാർക്കുന്നുണ്ട് " (പെൻ ജാഗരൺ) എന്ന ആക്ഷേപത്തിലൂന്നിയ ഹാസ്യത്തിലൂടെ കവിയുടെ സമകാലീന ലോകത്തെ അലോസരപ്പെടുത്താൻ ഒട്ടും തന്നെ മടിക്കുന്നില്ല.
ഇന്നത്തെ ഇന്ത്യയുടെ യഥാർത്ഥ മുഖം എന്ത് എന്നു വെളിപ്പെടുത്തുന്ന കവിതകളിൽ രാജാവും പശുവും ദളിത് ബിംബങ്ങളും ആത്മഹത്യാ മരങ്ങളും നിറയെ വായനക്കാരെ കുത്തിനോവിച്ചുകൊണ്ടിരിക്കും. കവി അതേക്കുറിച്ചു ഇങ്ങനെ കുറിക്കുന്നു.
"ഒരു കവിത നമ്മളെ എത്തിക്കാൻ
ഇടയില്ലാത്ത ഒരു പാടിടങ്ങളെപ്പോലെ " ( കവിതായനം) അത് വായനക്കാർക്കു എളുപ്പം  മനസ്സിലാക്കുവാനുമാകുന്നുണ്ട്.
പ്രണയത്തെയും ജീവിതത്തിനെയും അതേ സമയം കവി തൊടാതെ പോകുന്നില്ല. മനുഷ്യജീവിതത്തിന്റെ പ്രണയ ശൂന്യത മരണം പോലെ നിരാശജനകമാണെന്ന കാഴ്ചപ്പാടിലൂന്നിയ കവി അരഞ്ഞാണം മോഷ്ടിച്ച കള്ളനെയും, തന്റെ നഗ്നതയിൽ നിന്നും ആ അരഞ്ഞാണം കവർന്ന കള്ളനെയും ഒരേ സമയം പരസ്പരം തിരയാൻ വിടുന്നതും ഒടുവിൽ ഒരേ മതിൽക്കെട്ടിനുള്ളിൽ എത്തിക്കപ്പെടുന്നതും. പരസ്പരം തിരിച്ചറിയാനാവാതെ പോകുന്ന ജീവിത നിമിഷങ്ങൾ രാഷ്ട്രീയ കവിതകൾക്കിടയിൽ നിന്നും മുന്നിലേക്ക് നീങ്ങി നില്ക്കുന്നത് അതിന്റെ അവതരണത്തിലെ ശില്പഭംഗി മൂലമാണ്.
ആത്യന്തികമായി കവി അടിച്ചമർത്തപ്പെട്ടവന്റെ കൂടെയാണ്.
"ചില പ്രത്യേക ഋതുക്കളിൽ മാത്രം
നിന്റെ ഉടലാകെ പൂത്തു വിടരുന്ന
രാജ്യസ്നേഹത്തിന്റെ പുഷ്പങ്ങൾ കരുതി വയ്ക്കുക " (രാജാവിന്റെ വരവ്) എന്ന ആഹ്വാനം കീഴടങ്ങാൻ മാത്രം പഠിച്ചവരുടെ മനഃശാസ്ത്രം പഠിച്ചവന്റെ വേദ വാക്യമായി കാണാം.
"കെട്ട കാലത്തിന്റെ കരിന്തിരി കൊണ്ട്
ഏതോ കവി
എഴുതിത്തീർത്ത
കവിതയാകുന്നു
എന്റെ രാജ്യം " (കല്പമൃഗം) എന്നു വിലപിക്കുന്ന കവി ഒരു നൂറ്റാണ്ടിനിപ്പുറം കേരളം കണ്ട മഹാദുരന്തമായ പ്രളയത്തെയും തന്റെ കവിതകളിൽ ഇടം നല്കുന്നുണ്ട്. ദുരന്തമുഖത്തെ ഓടിയെത്തിയ അന്നുവരെ അവഗണിക്കപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികളെ കവിതയിൽ ഉചിതമായി ആദരിക്കുന്ന കവി തന്റെ വീക്ഷണങ്ങൾ ഏകപക്ഷീയമല്ല എന്ന വെളിപാടു കൂടി നല്കുന്നുണ്ട്.
"ചെകിളകളിലൂടെയല്ല
എന്നേയുള്ളു
മറ്റൊരു മത്സ്യമാണ് മനുഷ്യൻ " ( തോന്നലുകളും മറ്റും) എന്ന ചിന്ത തികച്ചും ഇന്നത്തെക്കാലത്ത് മനുഷ്യന് നല്കാവുന്ന ഏറ്റവും നല്ല നിർവ്വചനങ്ങളിലൊന്നായ് അനുഭവപ്പെട്ടു.
ഉളിപ്പേച്ച് എന്ന കവിതാ സമാഹാരത്തിൽ നിന്നും രാജാവിന്റെ വരവിലേക്കെത്തുമ്പോൾ രാജേഷ് എന്ന കവിയിൽ പ്രകടമായി വരുന്ന മാറ്റം ദുർഗ്രാഹ്യതയുടെ മൂടുപടം അഴിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി വച്ചു എന്നുള്ളതാണ്. പൂർണ്ണമായും അതിനു കഴിഞ്ഞിട്ടില്ലെങ്കിലും ആശാവഹമായ മാറ്റങ്ങൾ എഴുത്ത് നല്കുന്നുണ്ട്. തുടക്കം വായിച്ചു തുടങ്ങുന്നവർ മടുത്തു മടക്കി വച്ചു പോകുന്ന അവസ്ഥയാണ് വായന തുടങ്ങുമ്പോൾ നല്കുന്ന മനോഭാവം. ഒരു ഇരുത്തം വന്ന കവി എന്ന നിലയിൽ പാടില്ലാത്ത അലംഭാവം മൂലം അക്ഷരത്തെറ്റുകളും കവിതയുടെ അടുക്കുചിട്ടയില്ലാത്ത നിഷേധിയുടെ ഭാവവും വായനയെ തടഞ്ഞു നിർത്തുമെങ്കിലും ആദ്യ വികാരത്തെ മാറ്റിമറിക്കുന്ന കവിതകൾ ഉള്ളിൽ തടയുന്നുണ്ട്. സാൾട്ട് ആന്റ് പെപ്പർ പോലെ വായിച്ചു പോകാവുന്ന കവിതകൾ.
കവി മനസ്സു വയ്ക്കുകയാണെങ്കിൽ , ഭാഷാശുദ്ധിയും രാഷ്ട്ര ബോധവും തീക്ഷ്ണതയും കൈമുതലായുള്ള എഴുത്തുകാരനെന്ന നിലയിൽ കാലം ഓർമ്മിക്കപ്പെടും. പക്ഷേ അതിനു കവി തന്റെ അലസതയും ആത്മരതിയോടുള്ള അടങ്ങാത്ത അഭിനിവേശവും മാറ്റിവച്ചു ശരിയായ തലത്തിൽ ആത്മാർത്ഥതയോടെ കവിതയെ സമീപിക്കണം. നിയതമായ ശൈലിയോ ചിട്ടവട്ടങ്ങളോ ഉണ്ടാകണമെന്നില്ല പക്ഷേ വീണ്ടും വീണ്ടും ഓർത്തു നീറുന്ന വാക്കുകളുടെ ചാട്ടുളികൾ നിർമ്മിക്കണം. ചാട്ടയടിയേൽക്കണം മനസ്സുകളിൽ. നിലപാടുകളിലെ അഴകൊഴമ്പൻ രീതികൾ മാറി വരികയും ചെയ്യണം. അതിനു കഴിയും എന്ന ആത്മവിശ്വാസത്തോടെ , ആശംസകളോടെ ബി.ജി.എൻ വർക്കല
 
 

No comments:

Post a Comment