Monday, December 10, 2018

നായർ മേധാവിത്വത്തിന്റെ പതനം (ചരിത്രം)

നായർ മേധാവിത്വത്തിന്റെ പതനം (ചരിത്രം)
റോബിൻ ജെഫ്രി .
വിവർത്തനം : പുതുപ്പള്ളി രാഘവൻ, എം.എസ് ചന്ദ്രശേഖര വാര്യർ
പ്രസാധകർ : ഡി.സി.ബുക്സ്.
വില: 375 രൂപ

ചരിത്രം പഠിക്കുക എന്നതൊരു അനിവാര്യതയാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നൊമാഡുകൾ ആയിരുന്ന മനുഷ്യർ, ആഫ്രിക്കൻ വനാന്തരങ്ങൾ കടന്നു പുറത്തേക്ക് വരുമ്പോൾ അവരുടെ കൈയ്യിലുണ്ടായിരുന്ന ആയുധം ഒരു പക്ഷേ ഒരു നീണ്ട വടി മാത്രമായിരുന്നിരിക്കണം. ഇന്നാ കൈകളിൽ ലേസർ കൊണ്ടുള്ള ആയുധങ്ങൾ ആണുള്ളത്. കാലം ഒരുപാട് മാറ്റങ്ങൾ മനുഷ്യകുലത്തിൽ വരുത്തുകയുണ്ടായി.
ഒരു ജനതയുടെ ചരിത്രം അവർ തന്നെ എഴുതുമ്പോൾ അതിൽ സത്യസന്ധതക്ക് മേൽ അതിഭാവുകത്വവും കെട്ടുകഥകളും ഉൾപ്പെടും. പ്രത്യേകിച്ച് സമകാലീന ഇന്ത്യൻ ചരിത്രലേഖകരായ കൂലിയെഴുത്തുകാർ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചു എഴുതുകയാണെങ്കിൽ ചാണകവറളി കത്തിച്ചു ആ പുകയിൽ റോക്കറ്റ് വിട്ടതും , ഗോമൂത്രത്തിൽ നിന്നും സ്വർണ്ണം അരിച്ചു മാറ്റുന്നതും ഭാവിതലമുറ വായിച്ചു ചിരിക്കുന്നതു ചരിത്രം കാണേണ്ടി വരും എന്നതു പോലെ. ഇവിടെയാണ് , ആ ഭൂമികയ്ക്കു പുറത്തു നിന്നുമൊരാൾ അതിനെക്കുറിച്ചു എഴുതുക എന്ന സംഗതിയെ നോക്കിക്കാണേണ്ടി വരുന്നത്. സ്വന്തം വീട്ടിലെ കാര്യങ്ങൾ അറിയണമെങ്കിൽ അയലത്തെ വീട്ടിലെ ജാലകത്തിലൂടെ നോക്കണം എന്ന നാട്ടുചൊല്ല് തികച്ചും ശരിയാകുന്നത് ചരിത്ര രചനകളിലാണ് എന്ന് കാണാം.
ഏകദേശം 900 കൊല്ലത്തോളം കേരളത്തിന്റെ ഭാഗധേയം നിർണ്ണയിച്ചും,നയിച്ചും മുന്നേറിയ ഒരു വിഭാഗം മനുഷ്യരുടെ വീഴ്ചയുടെ ചിത്രം വരയ്ക്കുകയാണ് ബ്രിട്ടിഷുകാരനായ റോബിൻ ജെഫ്രി ചെയ്യുന്നത്. 18 ാം നൂറ്റാണ്ടിന്റെ പാതി മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ചരിത്ര രേഖകളും വസ്തുതകളും പഠിച്ചു കൊണ്ടു കേരളത്തിൽ വിശിഷ്യാ തിരുവിതാംകൂറിൽ പ്രബലമായിരുന്ന നായർ വിഭാഗക്കാരായ മനുഷ്യരുടെ തളർച്ചയും തകർച്ചയും വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകത്തിൽ കേരളത്തിന്റെ സാമൂഹിക ചുറ്റുപാടുകൾ 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ എങ്ങനെയായിരുന്നു എന്നു കൂടി പറഞ്ഞു തരുന്നുണ്ട് സവിസ്തരം.
ബ്രാഹ്മണർ തങ്ങളുടെ വീടുപണിക്കും സുരക്ഷയ്ക്കുമായി മലയാള നാട്ടിലേക്ക് കൊണ്ടുവന്ന ചാതുർവർണ്യ വ്യവസ്ഥിതിയിൽ ശൂദ്രർ എന്നറിയപ്പെട്ടിരുന്ന ഒരു ജനവിഭാഗം . അവർ ബ്രാഹ്മണരുടെ വീടു പണി ചെയ്തും ,കൃഷിപ്പണി നോക്കി നടത്തിയും ,ശത്രുക്കളെ കൊന്നൊടുക്കിയും (ശത്രുക്കൾ എന്നാൽ അവർ യാത്ര ചെയ്യുന്ന വഴിയിൽ നേരെ വന്നുപെടുന്ന ഈഴവർ തൊട്ടു താഴോട്ടുള്ള വിഭാഗത്തിൽപ്പെട്ട അവർണ്ണരായ ശൂദ്രർക്കും താഴെയുള്ള ജനങ്ങൾ ) , ബ്രാഹ്മണർക്ക് ശരീരദാഹം തീർക്കാൻ സ്ത്രീകളെ വിട്ടുകൊടുത്തും ജീവിച്ചിരുന്നവരായിരുന്നു.
പുസ്തകത്തിന്റെ കവർ ചിത്രം കാട്ടും പോലെ ഒരു കോണകം മാത്രം ധരിച്ചു കുടുമി ധരിച്ചു (മുടി പ്രത്യേക ശൈലിയിൽ കെട്ടി വയ്ക്കുന്ന പഴയ രീതി) ഒരു വാളും കൈയ്യിലേന്തി നാടുചുറ്റി നടക്കുന്ന പുരുഷന്മാരും , ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ദൈവങ്ങൾക്കും മുമ്പിൽ മാറു മറയ്ക്കാൻ അനുവാദമില്ലാത്ത ,ഇഷ്ടമുള്ള പുരുഷനെ / പുരുഷന്മാരെ ഇഷ്ടമുള്ള കാലം സ്വീകരിച്ചും ഉപേക്ഷിച്ചും ലൈംഗിക തൊഴിലാളികളെപ്പോലെ ബ്രാഹ്മണർക്കു വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം ജീവിച്ചു തീർത്ത സ്ത്രീകളും ഉള്ള ഒരു സമൂഹം. 1847 ൽ ഒരു ക്രിസ്ത്യൻ മതവിശ്വാസി എഴുതിയത് " നായർ സ്ത്രീകൾ ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രം കൊണ്ടു മാറു മറച്ചിരുന്നു. ദേവമാർക്കും മേൽജാതിക്കാർക്കും മുന്നിൽ അവർ അതു നീക്കം ചെയ്യേണ്ടിയിരുന്നു " എന്നാണ്.
" നായർ സ്ത്രീകൾ സൃഷ്ടിക്കപ്പെട്ടത് ഉയർന്ന ജാതിക്കാരുടെ ആസ്വാദനത്തിനാണെന്നു കേരളോത്പത്തിയെക്കുറിച്ചുള്ള ഒരു ഐതിഹ്യത്തിൽ പറയുന്നുണ്ട് " എന്ന വാക്കുകൾ ആ സമൂഹത്തിലെ സ്ത്രീകൾ അനുഭവിച്ച സാംസ്കാരിക പശ്ചാത്തലം വെളിവാക്കുന്നതാണ്. " നഗരങ്ങളിൽപ്പോലും രാജകീയ ഘോഷയാത്രകൾക്ക് അകമ്പടി സേവിക്കുമ്പോൾ അവർ അർദ്ധനഗ്ന വേഷത്തിൽ നടക്കേണ്ടി വന്നിരുന്നു".
"ഓരോ ഇഞ്ചും സംരക്ഷിക്കപ്പെടേണ്ട ഒരു രാജ്യത്തിൽ ഇത്ര ഭീരുക്കളായ ഒരു സംഘത്തെ ഞാനിതുവരെ കണ്ടിട്ടില്ല. വൃത്തിയുള്ള പട്ടാള യൂണിഫോമും ഒന്നാന്തരം ആയുധങ്ങളും അവർക്കുണ്ടായിരുന്നുവെങ്കിലും ഭടന്മാർ എന്ന പേര് അവരർഹിച്ചിരുന്നില്ല" എന്ന് ജയിംസ് വേൽഷ് എന്ന ഇംഗ്ലീഷുകാരൻ എഴുതി വയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് കൂപ്പുകുത്തിയ ജനക്കൂട്ടമായിരുന്നു ശൂദ്രർ.
അവരുടെ സ്ത്രീകളുടെ അവസ്ഥ വിവരിക്കുന്ന ഒരു പഴഞ്ചൊല്ല് ഇങ്ങനെയായിരുന്നു. "കല്യാണം കഴിക്കാൻ ആരുമില്ലെങ്കിൽ ഒരു പട്ടർ, തിന്നാൻ ഒന്നുമില്ലെങ്കിൽ ഒരു പുൽക്കൊടി''. ബ്രാഹ്മണർ സംബന്ധം കൂടാൻ വരുന്നത് അഭിമാനമായി കണ്ട ശൂദ്രർ അതു വഴിയൊക്കെ സാമ്പത്തികമായി നല്ല ഉയർന്ന നിലയിൽ ആയിരുന്നുവെങ്കിലും ധാരാളിത്തവും മറ്റു ആർഭാടങ്ങളും മരുമക്കത്തായ സമ്പ്രദായങ്ങളും കൊണ്ടു ക്രമേണ ദരിദ്രരായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
സമൂഹത്തിൽ നിലനിന്ന, ഇന്ന് അനാചാരങ്ങൾ ആയി കരുതുന്ന പലതും അന്ന് ഭക്ത്യാദരപൂർവ്വം അനുഭവിച്ചു പോന്നവയായിരുന്നു. "ഒരു നായരും അവന്റെ അച്ഛനെയറിയില്ല." എന്ന കുത്തുവാക്കുകളിൽ ചൂളി നിന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ 19-ാം നൂറ്റാണ്ടിൽ  കാണാമായിരുന്നു. വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ " വേശ്യകളെ പ്പോലെ പെരുമാറാൻ സ്ത്രീകൾ നിർബന്ധിതരാകുന്നതിലും , ഇരയിട്ടു മീൻ പിടിക്കുന്നത് പോലെ നഗ്ന മാറിടങ്ങളുമായി കാമുകരെ ആകർഷിക്കാൻ നടക്കുന്നതിലും രോക്ഷാകുലയായിരുന്നു " എന്നു ഒരിടത്തു പറയുന്നുണ്ട്. അതുപോലെ തിരുവിതാംകൂർ റാണിയുടെ മുന്നിൽ വിദേശത്തു ജീവിച്ചു തിരികെ വന്ന ഒരു പരിഷ്കാരിയായ നായർ സ്ത്രീ ഉടുപ്പ് ധരിച്ചു ചെന്നതിന് തത്ക്ഷണം അവരുടെ മുലകൾ മുറിച്ചതായും പറയുന്നുണ്ട്. ഇതിന്റെ ഒക്കെ ചൊരുക്ക് ഈഴവാദികൾക്ക് മുന്നിൽ , തങ്ങൾ മേൽജാതിക്കാരിൽ നിന്നും അനുഭവിക്കുന്നവ പിടിച്ചു വാങ്ങിയും നല്കിയുമാണ് സംതൃപ്തി നേടാൻ ശ്രമിച്ചിരുന്നത്.
1891 ൽ മലയാളി മെമ്മോറിയൽ എന്ന സംഘടനാ ചർച്ചയിൽ ശൂദ്രർ തങ്ങളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ചെറുതായി ശബ്ദം ഉയർത്തിത്തുടങ്ങിയതായി കാണാം.  എങ്കിലും ഭൂരിപക്ഷം വരുന്ന വിഭാഗം തങ്ങൾ തുടരുന്ന സ്ഥിതി അതു പോലെ നിലനിർത്താൻ ശ്രമിക്കുകയും വാദിക്കുകയും ആണ് ചെയ്തിരുന്നത്. ഈ കാലത്താണ് അവസരങ്ങളെ വിനിയോഗിക്കാൻ ബുദ്ധിപൂർവ്വം ശ്രമിക്കുന്ന ഈഴവരുടെ മുന്നേറ്റം സംഭവിക്കുന്നത്. അവർ വിദ്യാഭ്യാസത്തിലും കയർ വ്യവസായം , കള്ളു വ്യവസായം , കൊപ്ര വ്യാപാരം , വൈദ്യം തുടങ്ങിയ മേഖലകളിലും ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അവരെ അതിന് സഹായിക്കുന്നതിൽ ആദ്യ കാലത്ത് ഡോ പല്പുവിന്റെ ഉദാഹരണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ബാംഗ്ലൂർ വാസവും വേഷഭൂഷാദികളും ഈഴവരിൽ വലിയ മതിപ്പ് നല്കിയില്ല. ഈ കാലത്താണ് വിവേകാനന്ദൻ കേരളത്തിൽ വരുന്നതും ഈഴവരിൽ സ്വാധീനം ചെലുത്തപ്പെടുന്നതും ഇതേ സമയം നാണു ആശാൻ എന്ന സന്യാസി ഈഴവ സമുദായത്തെ ഒന്നിച്ചു നിർത്താനും ക്രിസ്തുമതത്തിലേക്ക് പോകാതെ ഹിന്ദു മതത്തിന്റെ ഭാഗമായി നില്ക്കാനും സഹായിച്ചുകൊണ്ട് അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി വലിയൊരു ആത്മവീര്യം നല്കുന്നു. തുടർന്നു ഈഴവർ എസ് എൻ ഡി പി യുടെ കീഴിൽ ഒന്നിക്കുകയും അതിന്റെ രണ്ടാം വാർഷികത്തിന് 1905 ൽ കൊല്ലത്തു വച്ചു ഒരു വ്യാപാരമേള നടത്തുകയും അതു വലിയ വിജയവും വലിയ തോതിൽ ആത്മവീര്യം അവർക്കു നല്കുകയും ഉണ്ടായി. ഇതിനെ തുടർന്നാണ് നായർ - ഈഴവ ലഹള നടക്കുന്നത്. കൊല്ലത്ത് ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നായർ സ്ത്രീകളെ പോലെ മേൽവസ്ത്രം ധരിച്ചു വന്ന ഈഴവ സ്ത്രീകളുടെ വസ്ത്രം വലിച്ചു കീറുകയും , ദൈവത്തെ , അനുവദിച്ചതിലും കൂടുതൽ അടുത്തു ചെന്നു തൊഴുതവരെ തല്ലിയോടിച്ചതും ആണ് ലഹളക്ക് കാരണമായത്.
പതിയെ ശൂദ്രർ ( നാട്ടിൻ പുറങ്ങളിൽ ഇപ്പോഴും ചൂത്തരൻ എന്ന് വിളിക്കപ്പെടുന്നു) നായർ എന്ന പൊതു മേൽ വിലാസത്തിൽ അറിയപ്പെടാൻ തുടങ്ങി എങ്കിലും അലസതയും ബുദ്ധിശൂന്യതയും കൊണ്ട് അവർ അവഗണിച്ച വിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും ഈഴവരും ക്രിസ്ത്യാനികളും കൈയ്യടക്കുകയും പ്രബലരായ ഒരു വിഭാഗം സമവായം കൊണ്ടു പിടിച്ചു നില്ക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലേക്കു വന്നു ചേരുകയും ചെയ്ത ചരിത്രം രേഖകളുടെയും മറ്റും അകമ്പടിയോടെ റോബിൻ ജെഫ്രി വിവരിക്കുന്നു.
1901 ൽ താണുപിള്ള തിരുവനന്തപുരത്ത് ഒരു നായർ സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. "ഉറച്ച ശരീരവും , ചുറുചുറുക്കും , നല്ല ഉത്സാഹവുമുള്ള ഒരാളെ നിങ്ങൾ യാത്രയ്ക്കിടയിൽ കാണുമ്പോഴൊക്കെ അതൊരു സുറിയൻ ക്രിസ്ത്യാനിയോ ഈഴവനോ ആണെന്നു അനുമാനിക്കാം. ദുർബല ശരീരവും വിളർച്ചയും തളർന്ന പ്രകൃതവും ഉള്ള ഒരാളെ കണ്ടാൽ നായരാണെന്നു നിശ്ചയിച്ചാൽ മിക്കവാറുമതു തെറ്റാറില്ല. അതുപോലെ നല്ല വേലിയും ഒന്നാന്തരം തെങ്ങുകളുമുള്ള ഒരു പറമ്പു കണ്ടാൽ അതിന്റെ ഉടമസ്ഥൻ ഒരു ക്രിസ്ത്യാനിയോ ഈഴവനോ ആണെന്നു അനുമാനിക്കാം. വേലിയില്ലാത്തതും ശ്രദ്ധിക്കപ്പെടാത്തതും ആണ് എങ്കിൽ ആ ഭൂമി നായരുടേതാണ് എന്നു തീർച്ചയാക്കാം."
1896 ൽ വിവാഹ ബില്ല് അവതരിപ്പിച്ചു കൊണ്ട് താണുപിള്ള പറയുന്നുണ്ട് "നിങ്ങളുടെ ഭാര്യമാർ വെപ്പാട്ടികളും പുത്രന്മാർ ജാരസന്തതികളും എന്നു ഞങ്ങളെ അധിക്ഷേപിക്കുവാൻ അജ്ഞതകൊണ്ടോ മുൻവിധി കൊണ്ടോ ഞങ്ങളുടെ വിമർശകർക്ക് ലേശവും മനസ്സാക്ഷിക്കുത്തില്ലെന്നു തോന്നുന്നു."
തിരുവിതാംകൂറിന്റെ സാമൂഹിക ചരിത്രവും ഭരണവും സാംസ്കാരിക തലങ്ങളും വ്യക്തമാക്കുന്ന ഈ പുസ്തകം ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ടതു അത്യാവശ്യമാണ് എന്ന് കരുതുന്നു. ഇന്നു അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന പല സംസ്കാരങ്ങളും ഒരു കാലത്ത് (വളരെയൊന്നും പഴയകാലത്തല്ല) അസംസ്കാരികമായിരുന്നു എന്ന തിരിച്ചറിവ് പൊതുജീവിതത്തെ താറുമാറാക്കുന്ന കുലമഹിമയുടെ വക്താക്കൾക്കും സംസ്കാര സംരക്ഷകർക്കും വഴികാട്ടിയാകും എന്നുറപ്പാണ്.
ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment