ഗന്ധദ്വീപുകളുടെ പാറാവുകാരി (ഓർമ്മകൾ)
സബീന എം സാലി
സൈകതം ബുക്സ്
വില: 70 രൂപ
ജീവികളിൽ ഓർമ്മകൾ താലോലിക്കുന്ന ഒരേയൊരു വർഗ്ഗം മനുഷ്യർ മാത്രയാകണം. ആദിമ സംസ്കാരത്തിന്റെ നാൾവഴികൾ മുതൽ ആധുനിക സംസ്കാരത്തിന്റെ ഡിജിറ്റൽ സങ്കേതങ്ങൾ വരെ പല രീതിയിലും ആ ഓർമ്മകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതൊരു കലാവിരുതാണ്. ഗുഹാമുഖചിത്രങ്ങൾ കോറിയിട്ട മനുഷ്യർ മുതൽ അക്ഷരങ്ങളുടെ ഡിജിറ്റൽ സങ്കേതങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ മനുഷ്യർ വരെ ആ കലയുടെ മർമ്മം മനോഹരമായി പ്രയോഗിക്കാൻ കഴിയുന്നവരാണ് എന്നു മനസ്സിലാക്കാൻ കഴിയും.
മലയാള സാഹിത്യത്തിൽ, പൊടിപ്പും തൊങ്ങലും വച്ച അനവധി ഓർമ്മ , അനുഭവക്കുറിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇറങ്ങാനുമുണ്ട്. എരിവും പുളിയും ഉള്ളവയും ജീവിതഗന്ധിയായതും ആയ ഒട്ടനവധി ഓർമ്മകൾ ഉണ്ട്. ചിലർ ഓർമ്മകളെ തരം തിരിക്കുകയും അവയെ സമാഹരിക്കുകയും ചെയ്യുന്നതും നാം വായിച്ചിട്ടുണ്ട്. ഓർമ്മകളെ ഓമനിക്കാനും പങ്കുവയ്ക്കാനും അധികവും ശ്രമിച്ചിട്ടുള്ളത് സ്ത്രീകൾ ആണ് എന്നു തോന്നലുളവാക്കുന്ന ഒരു പിടി വായനകൾ സോഷ്യൽ മീഡിയയിൽ , പുസ്തകങ്ങളിൽ കൂടി വായിച്ചിട്ടുമുണ്ട്. ദീപ നിശാന്ത്, ഷൈന കുഞ്ചൻ , രമ പൂങ്കുന്നം തുടങ്ങിയവരുടെ ബാല്യ കൗമാരക്കുറിപ്പുകളും ഹണി ഭാസ്കർ സമാഹരിച്ച എന്റെ പുരുഷൻ ഒക്കെ ഇത്തരം ഓർമ്മ മരങ്ങളുടെ ചില്ലകളിൽ പൂക്കുന്ന പലതരം ഗന്ധങ്ങളെ സമ്മാനിച്ച വായനകളായിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും കണ്ടു വന്ന ഓർമ്മകൾക്ക് ഒരു ഏകത തോന്നിച്ചത് ഒറ്റ വിഷയത്തിലായിരുന്നു എന്നത് തമാശ പോലെ കാണാമായിരുന്നു. ആദ്യ ആർത്തവം ഒരു നൊസ്റ്റാൾജിക് ഓർമ്മയായി പങ്കു വയ്ക്കുന്ന വിവിധ സ്ത്രീ എഴുത്തുകാർ. എന്തേ അതൊരു സമാഹാരം ആകാത്തതെന്നു ചിന്തിക്കാറുമുണ്ട്.
ഓർമ്മകളുടെ സുഗന്ധം , ഗന്ധങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും അടയാളപ്പെടുത്തുന്ന വ്യത്യസ്ഥതയാകാം ഈ വായനകളിൽ നിന്നും "സബീന എം സാലി" എന്ന എഴുത്തുകാരിയെ വേറിട്ടു നിർത്തുന്ന ഘടകം. കവിതയും കഥയും നോവലും ഒക്കെയായി തിളങ്ങി നില്ക്കുന്ന സമയത്ത് തന്നെ ഈ എഴുത്തുകാരി തന്റെ രസനയെ ഉത്തേജിപ്പിച്ചു നിർത്തുന്ന ഓർമ്മകളെ കുടഞ്ഞിടുകയാണിവിടെ. "ഗന്ധദ്വീപുകളുടെ പാറാവുകാരി" എന്ന ഓർമ്മപ്പുസ്തകത്തിലൂടെ വായനക്കാരെ സമ്മിശ്രവികാരങ്ങളിലേക്ക് എറിഞ്ഞു കൊടുക്കുകയാണിതിൽ.
കുട്ടിക്കാലം നമുക്ക് എത്രയേറെ മധുര മുള്ളതാണെന്നറിയുന്നത് മുതിർന്നയാളായി ജീവിതസമരങ്ങൾ എല്ലാം കഴിഞ്ഞു വിശ്രമിക്കുന്ന നാളുകളിലാകും. ചിലപ്പോൾ യാദൃശ്ചികമായി തുടങ്ങുന്ന ഒരു ശരീരവേദനയിൽ, ചിലപ്പോൾ കണ്ണാടിയിൽ കാണുന്ന ഒരടയാളത്തിൽ , ചിലപ്പോൾ കുഞ്ഞുമക്കൾ തൊട്ടു ചോദിക്കുന്ന അടയാളങ്ങളിൽ പിടിച്ചൊരു യാത്ര തുടങ്ങുമ്പോഴാകും കുട്ടിക്കാലം എത്ര മധുരമായിരുന്നു എന്ന ഓർമ്മയും വിഷാദവും പടരുക. തുടയിലെ പാടിൽ നോക്കി പട്ടിയുടെ കടി ഓർത്തു പോകുന്ന പോലെ മനോഹരവും സത്യസന്ധവുമാകും ഓരോ ചിന്തകളും. സബീന , ഈ ഓർമ്മകളിൽ ഒരേസമയം നാട്ടിൻ പുറത്തെ ബാല്യവും സൗദി അറേബ്യൻ മണൽക്കാടും പങ്കുവയ്ക്കുന്നു. കുട്ടിക്കാലത്തെ ഓർമ്മകൾക്കും മുതിർന്ന ശേഷം സൗദിയിൽ പരിചയിക്കുന്ന ഓർമ്മകൾക്കും തമ്മിൽ ഒരു ബന്ധം ഉണ്ട്. ഒന്നു നിഷ്കളങ്കമായ ജീവിതത്തെ, മധുര വിഷാദത്തിനെ ഓർമ്മിപ്പിക്കുകയാണെങ്കിൽ മറ്റേത് പച്ചയായ യാഥാർത്ഥ്യങ്ങളുടെ പൊള്ളലും നീറ്റലും കൊണ്ടു കരയിക്കുകയാണ്. ഒരു സ്ത്രീയായി ജനിച്ചു സ്ത്രീയായി മരിക്കും വരെ ശരീരത്തിൽ പേറേണ്ടി വരുന്ന നിരവധി അടയാളങ്ങളെ കൃത്യം കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു ലേഖനം വളരെ ഹൃദ്യമായി ഇടയിൽ കാണാനായി. അതു പോലെ ജോലി സ്ഥലത്ത് കണ്ടു മുട്ടുന്ന ഓരോ മനുഷ്യരെയും ഓരോ ഗന്ധം കൊണ്ട് അടയാളപ്പെടുത്തുന്നതും കാണാൻ കഴിഞ്ഞു. കുട്ടിക്കാലത്തെ ചങ്ങാതിയുടെ ഓർമ്മ ഒട്ടും തന്നെ കലർപ്പില്ലാതെ പറഞ്ഞു എന്നതാണ് ഈ എഴുത്തുകളിലെ സത്യസന്ധതയായി എടുത്തു പറയാവുന്നത്.
വെറും ഓർമ്മകളെ കുടഞ്ഞിട്ടു കൊണ്ടു എഴുത്തുകാരി കടന്നു പോകുന്നില്ല എന്നതാണ് എഴുത്തിലെ ധർമ്മം എന്തെന്ന തിരിച്ചറിവ് ഹൃദിസ്ഥമാക്കിയ ഒരാൾ എന്ന ബോധം സബീനയെക്കുറിച്ചു പറയാൻ തോന്നിപ്പിക്കുന്നത്. സൗദി പോലുള്ള ഒരു രാജ്യത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളുടെ ഒരു രേഖാചിത്രം കൂടിയാണ് ഈ ഓർമ്മകൾ. സാഹിത്യത്തിന്റെ , നൊമാഡുകളുടെ, മരുഭൂമിയുടെ, പ്രവാസിയുടെ, മാനുഷികതയുടെ, ഹൃദയവേദനകളുടെ ഒക്കെയും സമ്മിശ്ര ഗന്ധം പടർത്തുന്ന ഒരു ലേഖന സമാഹാരം. പല പത്രങ്ങളിലായും ആനുകാലികങ്ങളിലും വെളിച്ചം കണ്ടവയെ സമാഹരിച്ചു ഒറ്റ വായനയിലേക്കു സമ്മാനിക്കുന്നു.
തീർച്ചയായും ഒരാളുടെ ഓർമ്മകൾ എങ്ങിനെയാണ് വായനക്കാരുടെ കൂടി ഓർമ്മകൾ ആകുന്നതെന്ന് അനുഭവിച്ചറിയാൻ ഇത്തരം ഓർമ്മകൾ ഇനിയും പിറക്കട്ടെ എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല