എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Monday, April 30, 2018
എന്റെ കഥ ................. മാധവിക്കുട്ടി
Friday, April 27, 2018
നിങ്ങൾ നിരീക്ഷണത്തിലാണ് ......... ചന്ദ്രമതി
നിങ്ങൾ നിരീക്ഷണത്തിലാണ്. (കഥകൾ)
ചന്ദ്രമതി
ഡി.സി.ബുക്സ്
വില: 95 രൂപ.
"ഞാനെന്റെ സ്ത്രീത്വത്തിൽ അഭിമാനിക്കുന്നു. എന്റേതായ രീതിയിൽ ഞാനതിനെ ആഘോഷിക്കുന്നു." (ചന്ദ്രമതി )
തന്റെ സ്ത്രീത്വത്തിൽ അഭിമാനിയും അതിന്റെ ആഘോഷങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന ചന്ദ്രമതി എന്ന എഴുത്തുകാരിയുടെ പത്തു കഥകളും ഒരഭിമുഖവും ചേർന്നതാണ് ഡി.സി. ബുക്സ് പുറത്തിറക്കിയ "നിങ്ങൾ നിരീക്ഷണത്തിലാണ് " എന്ന ചെറുകഥാ സമാഹാരം . അഭിമുഖത്തിൽ വ്യക്തമാക്കും പോലെ തികച്ചും ആഘോഷ പരമായ പത്തുകഥകൾ വായനയിൽ ലഭിച്ചു. എഴുത്തിനു വിശ്രമം (കഥകൾക്ക് ) നല്കിയ കാലത്തു നിന്നും ആശുപത്രി വാസത്തിന്റെ അപ്രതീക്ഷിത കാലം നല്കിയ കഥകളുടെ തിരിച്ചുവരലാണ് ഈ കഥകൾ എന്നു കഥാകാരി ആമുഖത്തിൽ പറയുന്നുണ്ട്.
തികച്ചും വ്യത്യസ്ഥമായ കുറച്ചു കഥകൾ. നർമ്മത്തിന്റെ തൊങ്ങലുകൾ ചാർത്തിയ വായനാനുഭവം. കള്ളൻ ലംബോധരനിലായാലും ലെസ്ബിയൻ പ്രമേയമായ ശ്രീ ഹവ്യയുടെ കാര്യത്തിലായാലും ആശുപത്രിക്കിടക്കയിലെ അമ്മയുടെ മനോവ്യാപാരത്തിലായാലും ആ നർമ്മം വായനക്കാർക്കു തൊട്ടെടുക്കാൻ കഴിയും.
സാമൂഹ്യപരമായ ഒരു പാട് വിഷയങ്ങൾക്ക് കഥകൾ പ്രതലമാകുന്നുണ്ട്. നദികൾ എല്ലാം കടലിലല്ല ചെന്നെത്തുന്നത് ചിലത് എവിടെയോ ഒളിച്ചുകളയുന്നുണ്ട് എന്ന മുത്തശ്ശി വാക്യത്തിൽ ഒടുവിൽ പൊരുൾ തേടിയിറങ്ങുന്ന പെൺകുട്ടിയും മീൻകാരിയിൽ നിന്നും വാങ്ങിയ നിറം മങ്ങിയ പെൺകുട്ടിയുടെ മനോവ്യാപാരത്തിലും മനസ്സിലാക്കാൻ പലതാണുള്ളത്. കുടുംബബന്ധങ്ങളുടെ ചിട്ടപ്പെടലുകൾക്ക് പലപ്പോഴും ഒരു മൂശേട്ട സ്വഭാവം ആണുള്ളത്. അതിനെ മറികടക്കാനാവാത്ത മനസ്സുകളെ മനസ്സിലാക്കാനാകാത്തതാണ് എന്നും പ്രശ്നവത്കരിക്കപ്പെട്ട ജീവിതങ്ങളാകുന്നത്. നാലു കുട്ടികളെ ഗർഭത്തിൽ പേറുന്നവളുടെ മാനസിക വികാരങ്ങളെ കഥാകാരി വളരെ മനോഹരമായി ഒരിടത്ത് വരച്ചിടുന്നുണ്ട്. അതു പോലെ രാജലക്ഷ്മി എന്ന എഴുത്തുകാരിയുടെ ജീവിതത്തെ ചേർത്തു എഴുതിയ കഥയും പ്രമേയത്തിലൂടെ വേറിട്ട വായന നല്കി.
ഒറ്റ വായനക്കു മാത്രമല്ല ഓർത്തു വയ്ക്കാനും കഴിയുന്ന കഥകൾ ആണ് ചന്ദ്രമതിയുടെ ഈ കഥാസമാഹാരം നല്കുന്നത്- ലളിതമായ ഭാഷ , സരസമായ അവതരണം. സത്യസന്ധമായ കഥാപാത്രസമ്മേളനം. ആശംസകളോടെ ബി.ജി.എൻ വർക്കല.
Thursday, April 26, 2018
ആള്‍ക്കൂട്ടം .............ആനന്ദ്
കണി പൂക്കും നേരം
"ക്ഷണമാത്രയെങ്കിലും
നീ നല്കും കാഴ്ച തൻ
ലഹരിയിൽ പൂക്കുന്നെൻ
ദിനചര്യകളോമലേ.!"
....ബി.ജി.എൻ വർക്കല
Wednesday, April 25, 2018
ഭാരതീയർ
ഭാരതീയർ.
അറിഞ്ഞുവോ കൂട്ടരെ
നമ്മുടെ രാജ്യത്തിൻ
അവലക്ഷണം പൂണ്ട കഥകൾ.
കേട്ടുവോ കൂട്ടരെ
ഞങ്ങൾ തൻ രാജ്യത്തിൻ
അവമതി പൂണ്ട കഥകൾ.
ഒരു മൃഗം തന്നുടെ
ജഡമതിൽ നിന്നൊരു
തൊലിയുരിയുന്ന ജനത്തിൻ,
തണ്ടെല്ലു തകർത്തും
തലതല്ലിപ്പൊളിച്ചും
സംരക്ഷണം തീർക്കും കഥകൾ.
ഉന്മൂലനം ചെയ്യാൻ
സഹജീവിയെത്തന്നെ
പച്ചക്കു തിന്നുന്ന കൂട്ടർ.
സംസ്കാരമെന്നൊരു
പൊൻ തൂവൽ നെറ്റിയിൽ
ചൂടി നടക്കുന്ന കൂട്ടർ.
മൃഗ മലമൂത്രങ്ങൾ
ഔഷധിയായും
ഇന്ധനമായും കരുതുവോർ.
പഴയകാലത്തിന്റെ
വാറോലക്കെട്ടിലായ്
വിവര സാങ്കേതികത്വം കാണ്മോർ.
വിലകയറിപ്പോകുന്ന
ഇന്ധനവിലയിൽ
ഒരു വിരലനക്കാത്ത കൂട്ടർ.
മതവൈരവെറികളിൽ
ഇരവാദമോടിവിടെ
കൊടിയ പാപങ്ങൾ ചെയ് വോർ.
ആദിമ സംസ്കാര
മാനുഷരെ കൊന്നു
സാമൂഹ്യബോധം നിറപ്പോർ.
മതവും നിറവും ദേശവും നോക്കി
അപലപിക്കുന്ന മനുഷ്യർ.
കേട്ടുവോ കൂട്ടരെ
ഞങ്ങളീ നാട്ടിനെ
ഭാരതമെന്നു വിളിപ്പൂ.
കേൾക്കുവിൻ കൂട്ടരെ
ഞങ്ങളീ നാട്ടുകാർ
ഭാരതീയരെന്നല്ലോ അറിവൂ.
..... ബി.ജി.എൻ. വർക്കല
Monday, April 23, 2018
ദർശനം
"തിരുദർശനപുണ്യം തേടി
തവമുന്നിൽ കുമ്പിടുമെന്നിൽ
കൃപ ചൊരിയുക കാരുണ്യത്തിൻ
കുഡ്മള ദർശനഭാഗ്യമതേകി"
.... ബി.ജി.എൻ. ....
Saturday, April 21, 2018
വേനലാണ് ഞാൻ.
വേനലാണ് ഞാൻ.
............................
വേനലാണ് ഞാൻ
പുകയുന്ന ഗ്രീഷ്മത്തിലും
പൊള്ളലുകൾ ആടയാക്കിയ
കൊടും വേനലാണ് ഞാൻ.
നിലാവുകൾ അന്യമായ
മരുഭൂമിയുടെ ഉടലിൽ മയങ്ങും
ഉരഗമാണ് ഞാൻ.
കൊടും തപം കൊണ്ടു
മഴപ്പെയ്ത്തു മോഹിക്കുന്ന
വരണ്ട കാറ്റാണ് ഞാൻ.
ഓർമ്മയിലേക്ക് കുടഞ്ഞിടുന്ന
നനഞ്ഞ സ്വപ്നങ്ങളിൽ
മായാത്തsയാളം തീർക്കും
വിണ്ടുകീറിയ മണ്ണാണ് ഞാൻ.
ഒരു കടൽ മുഴുവനായ്
ഉള്ളിലേക്കാവാഹിച്ചാലും
ദാഹം മാറാത്ത നാവാണ് ഞാൻ.
ഒരു മഴയ്ക്കും
ഒരു പുഴയ്ക്കും
ഒരു സമുദ്രത്തിനും
അടക്കുവാനാകാത്തവൻ.
നിന്റെ മാറിലെ തണുപ്പിൽ
അലിയുന്ന കാലം വരേക്കും
ഉരുകുന്ന അഗ്നി പർവ്വതം ഞാൻ.
..... ബിജു.ജി.നാഥ് വർക്കല
Friday, April 20, 2018
യാത്രയാകണമിനിയൊന്നു ....
ഓർമ്മകൾക്കു മേൽ
ഞാനൊരു തിരശ്ശീലയിടും.
മരണത്തിന്റെ മഞ്ഞനിറം,
മഴവില്ലിൽ നിന്ന് കവർന്നെടുത്തു
ഞാനതിനു നിറം നല്കും.
ദീർഘമായ രാവുകൾ.
പകലുകൾ തൻ ഇടവേളകൾ ...
എവിടെയൊക്കെയോ
മായാത്തടയാളങ്ങൾ പോലെ
നിന്നെ വരച്ചിട്ടിരിക്കുന്നുണ്ട്.
മറവിയിലേക്കൊരിക്കൽ
നീ യാത്ര പോയതാണൊന്നും പറയാതെ.
പിറകിലേക്ക് നോക്കാൻ
നിനക്കിന്നും കഴിയാത്തതല്ല.
മുറിച്ചുകളയുമ്പോൾ,
വേദന തോന്നാതെ
ഇറ്റു കണ്ണുനീർ തുളുമ്പാതെ
നിസംഗമായി നിൽക്കാൻ കഴിഞ്ഞു.
നിന്റെ മിഴികളിൽ കാണുന്ന
അവജ്ഞയുടെ ചാരനിറം
നിന്റെ മുലച്ചുണ്ടിൽ ചുംബിച്ച
ആ പകലിലായിരുന്നാദ്യം വിരിഞ്ഞത്.
ഇന്നു നീയാനന്ദിക്കുന്ന ഓരോ
നിമിഷത്തിനും ഞാൻ സാക്ഷിയാകുന്നു.
ഗൂഢമായ നിന്റെ സന്തോഷങ്ങൾ
കണ്ടു ഞാനും ചിരിച്ചുകാട്ടുന്നു.
സഹനത്തിന്റെ സീമകൾ തകരുകയും
ഉറവ വറ്റിയ ഹൃദയം വരളുകയും ചെയ്യുന്നു.
തകർത്തു കളയാൻ ആവാത്ത വിധം
നീയെന്റെ ഓർമ്മയിൽ
കോറിയിടപ്പെട്ടിരിക്കുന്നു.
ഭീരുവിന്റെ പേരു സ്വയം ചാർത്തി
ഒറ്റപ്പെടലിന്റെ തുരുത്തിൽ നിന്നും
ഒരു യാത്ര പോകണമെനിക്കിനി.
യാത്ര പറയലുകളില്ലാത്തൊരു യാത്ര.
ഓർമ്മകൾക്കു മേൽ
ഞാനൊരു തിരശ്ശീലയിടും.
മരണത്തിന്റെ മഞ്ഞനിറം,
മഴവില്ലിൽ നിന്ന് കവർന്നെടുത്തു
ഞാനതിനു നിറം നല്കും.
ബിജു.ജി.നാഥ് വർക്കല
Saturday, April 14, 2018
ഓന്തു ജന്മം
ഓന്തു ജന്മം!
.................
നിർത്തുക ..
പാഴ്വാക്കുകൾ പതപ്പിച്ച
വ്യർത്ഥമാം കണ്ണീർക്കവിതകൾ.
നിർത്തുക
രോക്ഷം തീ കത്തിയാർക്കുന്ന
കേവല ഹിംസതൻരോദനം.
നിർത്തുക
നിഷ്ഫലമാകും നിറങ്ങൾ
മാറ്റി പ്രകടിപ്പിക്കും പ്രതിരോധം .
പറയുക
ഇനി നിങ്ങൾ എന്തു ചെയ്യും
ഇനിയൊരു ദുരന്തം വരാതിരിക്കാൻ.
കഴിയുമോ നിങ്ങൾക്ക്
നിങ്ങളിൽ നിന്നും
കുടഞ്ഞെറിയുവാൻ ചില ചിന്തകൾ?
കഴിയുമോ നിങ്ങൾക്ക്
വലിച്ചെറിയാൻ
മത , ജാതി ചിന്തതൻ കുഷ്ഠരോഗം?
കഴിയുമോ നിങ്ങൾക്ക്
വലിച്ചെറിയാൻ
മത , ദൈവ ചിന്തതൻ
ഭ്രമ കല്പനകൾ.
വരിക
കൈ കോർക്കുക നമ്മൾ തമ്മിൽ
മനസ്സുകൾ കൊണ്ടു
ഒരു മന്ത്രമുരുവിടാം.
മതമില്ല
ജാതിയില്ല
ദൈവമില്ല
ദേശവും വർഗ്ഗവും
ഒട്ടുമില്ല.
ഉണ്ടിവിടെ നമ്മൾ മനുഷ്യർ മാത്രം.
ഇല്ല കാമത്തിന്റെ ഉഷ്ണനോട്ടം
ഇഷ്ടപ്പെടാതൊരു ദേഹി മേലും
ഇല്ല കടന്നാക്രമണ ചിന്ത പോലും
അപരിചിതമാമൊരാൾക്കു നേർക്കും.
ഇല്ല കഴിയില്ല എങ്കിൽ നിങ്ങൾ
തുടരുക പാഴ്വാക്കിൽ
കപട കണ്ണീരിൽ
നിഷ്ഫലമാം ഓന്തു ജന്മം.
... ബിജു.ജി.നാഥ് വർക്കല
Tuesday, April 10, 2018
അടയാള മോതിരങ്ങൾ.
അടയാള മോതിരങ്ങൾ.
.......
അടയാളപ്പെടുത്തുവാനും, ചിലരെ
അറിയാതെയിരിക്കുവാനും പാരിൽ
പലതുണ്ട് മാർഗ്ഗമെങ്കിലുമെളുപ്പം
അണിയിക്കുമൊരു മോതിരം തന്നെയല്ലോ.
ജീവിതത്തെ പകുത്തു വയ്ക്കാൻ
താലി കൊരുത്തു കൊണ്ടു വരുമ്പോൾ
പേര് കൊത്തിയൊരു മോതിരം
പാകമാകാതെ വിരലിൽ കുടുങ്ങിക്കിടക്കുന്നു.
കാമത്തിന്റെ നീലരശ്മികൾ വീണ്
മോണിറ്ററുകൾ പുളഞ്ഞകാലത്തിൽ
പ്രണയത്താലിയ്ക്കു പകരമായെന്നോണം
പാകമല്ലാത്തൊരു മോതിരം സമ്മാനമാവുന്നു.
പ്രണയത്തിന്റെ രാത്രി മുല്ലകൾ കൊണ്ട്
ഉറക്കം നഷ്ടമായ നാളുകൾക്ക് പകരം
മംഗല്യസൂത്രം പണിയിച്ചണിയിക്കുമ്പോൾ
മോതിരവിരലലങ്കരിക്കുന്നൊരയഞ്ഞ കുപ്പായം.
കാത്തിരിപ്പുകൾ പിന്നെയും നീണ്ടു.
കടൽത്തിരകൾ പലവുരു തിരികെ മടങ്ങി.
നഷ്ടസ്വപ്നങ്ങൾക്കു താളം പകർന്നാ
മോതിരവിരൽ നഗ്നം കൊതിച്ചു പാകമായൊരെണ്ണം.
കെട്ടിയാടിയ വേഷങ്ങൾ ഒന്നിനും
കിട്ടിയില്ല പാകത്തിനൊരാടയെങ്കിലും
വിദ്വേഷമില്ലാതെ , തെറ്റുകളില്ലാതാടുന്നു
കോമാളി വേഷമിന്നും ചിലരീ ഭൂമിയിൽ!
...... ബിജു.ജി.നാഥ് വർക്കല
Monday, April 9, 2018
സാറാമ്മ ആദ്യമായ് നഗരം കാണുമ്പോൾ
സാറാമ്മ ആദ്യമായ് നഗരം കാണുമ്പോൾ
...................................................................
എന്നെയൊന്നു പ്രണയിക്കു
എന്നാകാം ആദ്യമായ് പറഞ്ഞിട്ടുണ്ടാകുക.
സ്ത്രീ , പുരുഷാ നിന്റെ
അടിമയല്ലന്നും പറയുകയുണ്ടാകാം.
പൊടുന്നനെയാകാം
പ്രണയം കാപട്യമെന്ന തിരിച്ചറിവിൽ
വിഷാദത്തിന്റെ കടൽത്തിരയടിക്കുക .
സ്വാതന്ത്ര്യമില്ലായ്മയുടെ
തിരുമുറിവുകൾ കാട്ടി
ലോകത്തെയാകെ തെറി വിളിച്ചു കഴിഞ്ഞാകും
ഒരു പെണ്ണായ്
ആരാകിലുമാ കാൽച്ചുവട്ടിൽ
ഒരു നായുടെ ജന്മമായ് കഴിയാമെന്നു
സാക്ഷ്യം പറയുക.
സദാചാര കഴപ്പുകൾ കണ്ടു
തൊണ്ട പൊട്ടിക്കരയുകയും
അപമാനിക്കപ്പെടുന്ന പെണ്ണുടലുകൾ ഓർത്ത്
ഉണ്ണിയാർച്ചയാകുകയും ചെയ്യാം .
അതേ നിമിഷം . തന്നെ
എതിർക്കുന്ന പുരുഷന്റെ
അമ്മ ,പെങ്ങൾ ,മകളെ വിലയിടുന്നവനു
കെട്ടിപ്പിടിച്ചൊരു മുത്തവും നല്കും.
പാകതവരാത്ത ഫലം പോലെ,
ഭദ്രതയില്ലാത്ത വീട്ടകങ്ങളിൽ നിന്നും
ചില പെൺകുട്ടികൾ
ആദ്യമായി നഗരം കാണുമ്പോൾ
കാഴ്ചകളൊത്തിരിയുണ്ടാകും
കാഴ്ചക്കാർക്കു ചിരിയേകുവാൻ.
ചിലപ്പോൾ സഹതപിക്കാനും
.:.... ബിജു. ജി.നാഥ് വർക്കല
മരണം
മരണം
----------
സ്വപനങ്ങള്‍ കണ്ടു
മയങ്ങിയിരുന്നൊരു ശലഭത്തെ
ഗൗളി നാവുനീട്ടി പിടിച്ചു.
വെളിച്ചത്തെ സാക്ഷി നിര്‍ത്തി.
-------------------------ബി.ജി.എൻ
Saturday, April 7, 2018
ഖസാക്കിന്റെ ഇതിഹാസം .....ഒ.വി.വിജയൻ
ഖസാക്കിന്റെ ഇതിഹാസം (നോവൽ)
ഒ.വി.വിജയൻ
ഡി.സി.ബുക്സ്
വില: 25 രൂപ
ഒരു ഭൂപടത്തിനെ അടയാളപ്പെടുത്തുവാൻ അതിന്റെ നിലപാടുതറകളിലൂടെ സഞ്ചരിച്ചുതന്നെയാകണം. അപ്പോഴാണത് അടയാളമാകുന്നതും പിന്നാലെ വരുന്നവർക്ക് അവ സ്പർശിച്ചറിയാൻ കഴിയുന്നതും. നോവൽ രചനകളുടെ സൗന്ദര്യമെന്നത് അ തടയാളപ്പെടുത്തുന്ന ഭൂമികയെ വായനക്കാരന് മനസ്സിൽ കാണാനും കൂടെ സഞ്ചരിക്കാനും കഴിയുകയെന്നതാണല്ലോ. വായിച്ചു മറന്നു പോകുന്ന ജീവിതങ്ങളാണ് പലപ്പോഴും നോവലുകൾ കാഴ്ചവയ്ക്കുന്നത്. സേതുവിന്റെ പാണ്ഡവപുരം നല്കുന്ന കാഴ്ച പോലെ വളരെ അപൂർവ്വമാണ് സ്ഥലങ്ങളും കാഴ്ചകളും മനസ്സിൽ കുരുങ്ങിക്കിടക്കുക എന്നത്.
ഖസാക്കും ചിതലിയും പാലക്കാടൻ ചൂരും ചൂടും വായനയിൽ പടർത്തുന്ന മണ്ണു മണക്കുന്ന ഒരു നോവൽ ! ഖസാക്കിന്റെ ഇതിഹാസം അങ്ങനെ പറയാനാണ് പ്രേരിപ്പിക്കുന്നത്. എന്താണ് ഈ നോവലിന്റെ ഇതിവൃത്തം എന്നു പരിശോധിക്കാം. ഒ.വി.വിജയൻ എന്താണ് ഈ നോവലിൽ കുഴിച്ചിട്ടിരുന്നത് എന്ന ചിന്തയാണ് നോവലിലുടനീളം ആഴത്തിൽ ഇറങ്ങി നോക്കാൻ പ്രേരിപ്പിച്ചത്.
കൂമൻകാവിൽ വണ്ടിയിറങ്ങുന്ന രവിയിൽ തുടങ്ങുന്നു ഖസാക്കിന്റെ ഇതിഹാസം . രവി എന്ന മനുഷ്യൻ ഖസാക്കിൽ വരുന്നത് അവിടെ ആരംഭിക്കാൻ പോകുന്ന ഏകാധ്യാപക വിദ്യാലയത്തിലെ മാഷായാണ്. വരവിനു തന്നെ ഒരു പ്രത്യേകതയുള്ളത് അയാൾ വരുന്നത് ഒരാശ്രമത്തിൽ നിന്നാണ്. ധരിച്ചിരിക്കുന്ന കാവി വസ്ത്രം ആ ആശ്രമത്തിലെ ഒരു സന്യാസിനിയുടെയും. ആ നാട്ടിലെ മദ്രസ്സയും എഴുത്തുപള്ളിക്കൂടവും ഒരു പോലെ എതിർത്തു നിന്നിട്ടും രവി മാഷിന്റെ സ്കൂളിലേക്ക് പത്തു നാല്പതു കുട്ടികൾ വന്നു ചേർന്നു. ആ സ്കൂളും അവിടെ പഠിക്കാൻ വരുന്ന കുട്ടികളും അവരുടെ രക്ഷകർത്താക്കളും ആ നാട്ടിലെ അന്തേവാസികളും ഒക്കെ ചേർന്നു ഒരു ചലച്ചിത്രത്തിലെന്ന പോലെ മുന്നിൽ നില്ക്കുന്നു പിന്നീടങ്ങോട്ട്. അള്ളാപ്പിച്ചി മൊല്ലാക്ക , മാധവൻ നായർ ,നൈസാമലി, കുഞ്ഞാമിന ,മൈമൂന , കിളി തുടങ്ങി ഓരോരുത്തരിലൂടെയും ഖസാക്കിനെ തുറന്നു തരുന്നു വായനക്കാരന്. അമ്മ മരിച്ച ശേഷം അച്ഛനു കൂട്ടായി വന്ന ചിറ്റമ്മയുടെ ശരീരശാസ്ത്രം പഠിച്ച രവി കുറ്റബോധം വേട്ടയാടിത്തുടങ്ങിയപ്പോഴാണ് നാടു വിട്ടു പോകുന്നത്. തുടർന്നു ഒരാശ്രമത്തിലെത്തിയെങ്കിലും നിവേദിത എന്ന സന്യാസിനിയുമായ് അടുപ്പം വയ്ക്കുകയും ഒരുനാൾ അവിടെ നിന്നും അയാൾ ഖസാക്കിലേക്ക് ഒളിച്ചോടുകയുമാണ്. ഖസാക്കിലും അയാൾ ഒരു മാഷ് എന്നതിലുപരി സ്ത്രീ വിഷയങ്ങളിലും വാറ്റുചാരായത്തിലുമാണ് കൂടുതൽ ശ്രദ്ധ നല്കുന്നത്. മറ്റു സ്ത്രീകളിൽ ശരീര ദാഹം ഒടുക്കുമ്പോഴും ഇളം മാംസത്തോടുള്ള അയാളുടെ ആഗ്രഹമാണ് മൈമൂനയുമായുള്ള ബന്ധത്തിലും ഒടുവിൽ കുഞ്ഞാമിനയിലും അയാൾ തീർക്കുന്നത് . പത്മ എന്ന അയാളുടെ പ്രണയിനി അയാളെ തേടി കണ്ടെത്തിക്കഴിയുമ്പോൾ അവിടെ നിന്നും അയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതും ആ കുഞ്ഞു പൂവ് കൂടി വാസനിച്ച ശേഷം. പക്ഷേ അയാളുടെ യാത്ര കൂമൻ കാവിൽ ബസ് കാത്തിരിക്കുമ്പോൾ ഒരു പാമ്പിൻ വിഷപ്പല്ലിൽ കുരുങ്ങി എന്നെന്നേക്കുമായുള്ള ഒരു ഒളിച്ചോട്ടമായി മാറുന്നിടത്ത് നോവൽ അവസാനിക്കുന്നു.
പ്രമേയപരമായി വളരെ വ്യത്യസ്ഥതയുള്ള ഒരു നോവലാണ് ഖസാക്കിന്റെ ഇതിഹാസം. ഭാഷയും പ്രതലവും കൃത്രിമത്വമില്ലാതെ ഇതിൽ സന്നിവേശിക്കുന്നു. മനസ്സിൽ തങ്ങി നില്ക്കുന്ന ഒരു വായന തന്നെയാണ് ഇത് നല്കുന്നത്. അത് പക്ഷേ രവി എന്ന വീരനായകന്റെയല്ല മറിച്ചു ഒരധ്യാപകൻ എങ്ങനെയാകരുത് എന്ന ചൂണ്ടുപലകയായി കാണാവുന്ന ഒരു മനുഷ്യന്റെ ജീവിതത്തെ പച്ചയായി ആവിഷ്കരിച്ച നോവൽ എന്ന രീതിയിലാണ് എന്നു മാത്രം.
ആശംസകളോടെ ബി.ജി.എൻ വർക്കല
Thursday, April 5, 2018
അഗ്നിപര്‍വ്വതം
Tuesday, April 3, 2018
വാരാണസി. ......... എം.ടി.
വാരാണസി (നോവൽ)
എം.ടി.
കറന്റ് ബുക്സ്
വാര്‍ദ്ധക്യത്തിന്റെ ചിന്തകള്‍ , അസ്വസ്ഥതകള്‍ ഒക്കെയും അതേപടി വരികളില്‍ ആവാഹിച്ചു മനുഷ്യജീവിതത്തിന്റെ കഥ പറയുന്ന വാരാണസി ഒരു പക്ഷേ മലയാള നോവലില്‍ വലിയ ഒരു സംഭവം ആയി കാണുവാന്‍ കഴിഞ്ഞെന്നു വരില്ല . എങ്കിലും നോവലിന്റെ പാതയില്‍ സഞ്ചരിക്കുമ്പോള്‍ കാശിയുടെ അന്തരീക്ഷത്തെ രണ്ടു കാലഘട്ടത്തില്‍ കൂടി നോക്കി കാണാന്‍ കഴിയുന്ന വായന നല്ലൊരു അനുഭൂതി തന്നെയാണ് . കണ്ടതും കാണാത്തതും കേട്ടു മാത്രമറിഞ്ഞതും ആയ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ , ജീവിതങ്ങള്‍ തുടങ്ങിയവ നോവലിലൂടെ വായനക്കാരെ തേടി എത്തുന്ന ഒരു അനുഭവം ആണ് ഈ നോവലില്‍ കാണാന്‍ കഴിഞ്ഞത് . സുധാകരന്‍ എന്ന മനുഷ്യന്‍ നടന്നു പോയ വഴികള്‍ . അതിലൂടെ, അയാളുടെ കാഴ്ചകളിലൂടെ തലമുറകള്‍ സംഭവങ്ങള്‍ ഒക്കെ തികച്ചും യാഥാർത്ഥ്യബോധത്തോടെ പങ്കുവയ്ക്കുന്നു ഈനോവലില്‍ . ഒരു പക്ഷെ അത് തന്നെയാകാം വാര്‍ദ്ധക്യത്തിന്റെ കഥ പറയുമ്പോഴും ഈ നോവലിനെ വേറിട്ട് നിര്‍ത്തുന്നത് .
സുധാകരന്റെ ജീവിതത്തില്‍ കടന്നു വന്ന നാലു സ്ത്രീകള്‍ . ഈ നാലു പേരിലൂടെ സുധാകരന്‍ സഞ്ചരിച്ച വഴികള്‍ . ഇതാണ് വാരാണസി പങ്കു വയ്ക്കുന്ന കഥാബീജം . ആദ്യമായി പ്രണയം പങ്കു വച്ച സ്ത്രീ . അവളെ വിവാഹം കഴിക്കാന്‍ വേണ്ടി തൊഴില്‍ തേടി മുംബയില്‍ എത്തുന്ന സുധാകരന്‍ അവിടെ ജോലിക്കിടയില്‍ പഠനം കൂടി തുടരാന്‍ ശ്രമിക്കുമ്പോള്‍ ആണ് മറ്റൊരു സ്ത്രീ ജീവിതത്തില്‍ കടന്നു വരുന്നത് . മുംബയുടെ ജീവിതത്തിലെ ആധുനികതയുടെ കടന്നു വരവിന്റെ മുഖമുള്ള ആ പെണ്‍കുട്ടിയില്‍ അയാള്‍ പ്രതീക്ഷിക്കുന്നത് ഒരുപാട് പുരുഷന്മാര്‍ കടന്നു പോയിട്ടുള്ള ഒരു ജീവിതം ആണ് . പക്ഷെ വീണു കിട്ടിയ ഒരവസരത്തിൽ അയാള്‍ അവളെ കീഴടക്കുമ്പോഴാണ് അറിയുന്നത് അവളുടെ ആദ്യപുരുഷന്‍ താനെന്നത് . അവള്‍ ഗർഭിണിയാകുമ്പോള്‍ ഒരു ഭീരുവിനെപ്പോലെ അയാള്‍ അവിടെ നിന്നും ബാംഗ്ലൂരിലേക്ക് ഒളിച്ചോടുകയാണ് . അവിടെ നിന്നും അയാള്‍ വാരാണസിയില്‍ എത്തുന്നു . വാരാണസിയില്‍ നിന്നും അയാള്‍ എത്തപ്പെടുന്നത് പാരീസില്‍ ആണ് അവിടെ വച്ച് ആണ് ദക്ഷിണേന്ത്യന്‍ കലകളോട് പ്രിയം ഉള്ള ഒരു സ്ത്രീ അയാളുടെ ജീവിതത്തിലേക്ക് വരുന്നത് . അത് വിവാഹത്തില്‍ കലാശിക്കുകയും അവളില്‍ കുഞ്ഞു ജനിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ അവള്‍ ആ കുഞ്ഞുമായി അമേരിക്കയിലേക്കും അയാള്‍ തിരികെ വാരാണസിയിലേക്കും തിരിച്ചെത്തുന്നു . ഇവിടെ അയാള്‍ക്ക് പുതിയതായി ഒരു സ്ത്രീ സൗഹൃദം കടന്നു വരുന്നത് വാരാണസിയെക്കുറിച്ച് ചരിത്രം എഴുതുന്ന ഒരു സ്ത്രീയിലൂടെയാണ് . കാലം അവിടെനിന്നും അയാളെ വീണ്ടും നാട്ടിലേക്ക് പറിച്ചു നടുന്നു . ഒടുവില്‍ ജീവിതാവസാനത്തില്‍ അയാള്‍ തിരികെ ഗംഗാനദിയില്‍ മുങ്ങി ആത്മപിണ്ഡം ചെയ്തു ജീവിതത്തിലെ പാപങ്ങള്‍ കഴുകിക്കളയുവാന്‍ വാരാണസിയില്‍ എത്തുകയും അയാളിലേക്ക് പഴയ ഓര്‍മ്മകളും സൗഹൃദങ്ങളും കടന്നു വരികയും അവയൊക്കെ തിരക്കി പോകുകയും ചെയ്യുന്നു . കാലം കാശിയില്‍ വരുത്തിയ മാറ്റങ്ങളും ബന്ധങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഇഴകളും സന്തോഷങ്ങളും ഇവിടെ വായനക്കാരനെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും . ഗംഗയില്‍ ആത്മപിണ്ഡം നടത്തി സുധാകരന്‍ ഇനിയെന്ത് എന്ന് ചിന്തിക്കുന്ന അപൂര്‍ണ്ണതയില്‍ വായനക്കാരന്‍ സന്തോഷത്തോടെ ഒരു ജിവിതം വായിച്ച തൃപ്തി രേഖപ്പെടുത്തുന്നു .
നോവല്‍ രചനയിലെ എം ടി ടച്ച് വളരെ നന്നായി ഇതില്‍ കാണാന്‍ കഴിയും . കഥാപാത്രങ്ങളുടെ ആത്മവേദനകളും സംഘര്‍ഷങ്ങളും നന്നായി പറയാന്‍ കഴിഞ്ഞിട്ടുണ്ട് . വായനയില്‍ മുഷിവു തോന്നാത്ത ഒരു നോവല്‍ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല