Friday, December 28, 2018

ഗന്ധദ്വീപുകളുടെ പാറാവുകാരി ...... സബീന എം. സാലി

ഗന്ധദ്വീപുകളുടെ പാറാവുകാരി (ഓർമ്മകൾ)
സബീന എം സാലി
സൈകതം ബുക്സ്
വില: 70 രൂപ

          ജീവികളിൽ ഓർമ്മകൾ താലോലിക്കുന്ന ഒരേയൊരു വർഗ്ഗം മനുഷ്യർ മാത്രയാകണം. ആദിമ സംസ്കാരത്തിന്റെ നാൾവഴികൾ മുതൽ ആധുനിക സംസ്കാരത്തിന്റെ ഡിജിറ്റൽ  സങ്കേതങ്ങൾ വരെ പല രീതിയിലും ആ ഓർമ്മകളെ അടയാളപ്പെടുത്തിയിട്ടുണ്ട്. അതൊരു കലാവിരുതാണ്. ഗുഹാമുഖചിത്രങ്ങൾ കോറിയിട്ട മനുഷ്യർ മുതൽ അക്ഷരങ്ങളുടെ ഡിജിറ്റൽ സങ്കേതങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ മനുഷ്യർ വരെ ആ കലയുടെ മർമ്മം മനോഹരമായി പ്രയോഗിക്കാൻ കഴിയുന്നവരാണ് എന്നു മനസ്സിലാക്കാൻ കഴിയും.

           മലയാള സാഹിത്യത്തിൽ, പൊടിപ്പും തൊങ്ങലും വച്ച അനവധി ഓർമ്മ , അനുഭവക്കുറിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇറങ്ങാനുമുണ്ട്. എരിവും പുളിയും ഉള്ളവയും ജീവിതഗന്ധിയായതും ആയ ഒട്ടനവധി ഓർമ്മകൾ ഉണ്ട്. ചിലർ ഓർമ്മകളെ തരം തിരിക്കുകയും അവയെ സമാഹരിക്കുകയും ചെയ്യുന്നതും നാം വായിച്ചിട്ടുണ്ട്. ഓർമ്മകളെ ഓമനിക്കാനും പങ്കുവയ്ക്കാനും അധികവും ശ്രമിച്ചിട്ടുള്ളത് സ്ത്രീകൾ ആണ് എന്നു തോന്നലുളവാക്കുന്ന ഒരു പിടി വായനകൾ സോഷ്യൽ മീഡിയയിൽ , പുസ്തകങ്ങളിൽ കൂടി വായിച്ചിട്ടുമുണ്ട്. ദീപ നിശാന്ത്, ഷൈന കുഞ്ചൻ , രമ പൂങ്കുന്നം തുടങ്ങിയവരുടെ ബാല്യ കൗമാരക്കുറിപ്പുകളും ഹണി ഭാസ്കർ സമാഹരിച്ച എന്റെ പുരുഷൻ ഒക്കെ ഇത്തരം ഓർമ്മ മരങ്ങളുടെ ചില്ലകളിൽ പൂക്കുന്ന പലതരം ഗന്ധങ്ങളെ സമ്മാനിച്ച വായനകളായിരുന്നു. സോഷ്യൽ മീഡിയയിൽ പലപ്പോഴും കണ്ടു വന്ന ഓർമ്മകൾക്ക് ഒരു ഏകത തോന്നിച്ചത് ഒറ്റ വിഷയത്തിലായിരുന്നു എന്നത് തമാശ പോലെ കാണാമായിരുന്നു. ആദ്യ ആർത്തവം ഒരു നൊസ്റ്റാൾജിക് ഓർമ്മയായി പങ്കു വയ്ക്കുന്ന  വിവിധ സ്ത്രീ എഴുത്തുകാർ. എന്തേ അതൊരു സമാഹാരം ആകാത്തതെന്നു ചിന്തിക്കാറുമുണ്ട്.

         ഓർമ്മകളുടെ സുഗന്ധം , ഗന്ധങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും അടയാളപ്പെടുത്തുന്ന വ്യത്യസ്ഥതയാകാം ഈ വായനകളിൽ നിന്നും "സബീന എം സാലി" എന്ന എഴുത്തുകാരിയെ വേറിട്ടു നിർത്തുന്ന ഘടകം. കവിതയും കഥയും നോവലും ഒക്കെയായി തിളങ്ങി നില്ക്കുന്ന സമയത്ത് തന്നെ ഈ എഴുത്തുകാരി തന്റെ രസനയെ ഉത്തേജിപ്പിച്ചു നിർത്തുന്ന ഓർമ്മകളെ കുടഞ്ഞിടുകയാണിവിടെ. "ഗന്ധദ്വീപുകളുടെ പാറാവുകാരി" എന്ന ഓർമ്മപ്പുസ്തകത്തിലൂടെ വായനക്കാരെ സമ്മിശ്രവികാരങ്ങളിലേക്ക് എറിഞ്ഞു കൊടുക്കുകയാണിതിൽ.

        കുട്ടിക്കാലം നമുക്ക് എത്രയേറെ മധുര മുള്ളതാണെന്നറിയുന്നത് മുതിർന്നയാളായി ജീവിതസമരങ്ങൾ എല്ലാം കഴിഞ്ഞു വിശ്രമിക്കുന്ന നാളുകളിലാകും. ചിലപ്പോൾ യാദൃശ്ചികമായി തുടങ്ങുന്ന ഒരു ശരീരവേദനയിൽ, ചിലപ്പോൾ കണ്ണാടിയിൽ കാണുന്ന ഒരടയാളത്തിൽ , ചിലപ്പോൾ കുഞ്ഞുമക്കൾ തൊട്ടു ചോദിക്കുന്ന അടയാളങ്ങളിൽ പിടിച്ചൊരു യാത്ര തുടങ്ങുമ്പോഴാകും കുട്ടിക്കാലം എത്ര മധുരമായിരുന്നു എന്ന ഓർമ്മയും വിഷാദവും പടരുക. തുടയിലെ പാടിൽ നോക്കി പട്ടിയുടെ കടി ഓർത്തു പോകുന്ന പോലെ മനോഹരവും സത്യസന്ധവുമാകും ഓരോ ചിന്തകളും. സബീന , ഈ ഓർമ്മകളിൽ ഒരേസമയം നാട്ടിൻ പുറത്തെ ബാല്യവും സൗദി അറേബ്യൻ മണൽക്കാടും പങ്കുവയ്ക്കുന്നു. കുട്ടിക്കാലത്തെ ഓർമ്മകൾക്കും മുതിർന്ന ശേഷം സൗദിയിൽ പരിചയിക്കുന്ന ഓർമ്മകൾക്കും തമ്മിൽ ഒരു ബന്ധം ഉണ്ട്. ഒന്നു നിഷ്കളങ്കമായ ജീവിതത്തെ, മധുര വിഷാദത്തിനെ ഓർമ്മിപ്പിക്കുകയാണെങ്കിൽ മറ്റേത് പച്ചയായ യാഥാർത്ഥ്യങ്ങളുടെ പൊള്ളലും നീറ്റലും കൊണ്ടു കരയിക്കുകയാണ്. ഒരു സ്ത്രീയായി ജനിച്ചു സ്ത്രീയായി മരിക്കും വരെ ശരീരത്തിൽ പേറേണ്ടി വരുന്ന നിരവധി അടയാളങ്ങളെ കൃത്യം കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു ലേഖനം വളരെ ഹൃദ്യമായി ഇടയിൽ കാണാനായി. അതു പോലെ ജോലി സ്ഥലത്ത് കണ്ടു മുട്ടുന്ന ഓരോ മനുഷ്യരെയും ഓരോ ഗന്ധം കൊണ്ട് അടയാളപ്പെടുത്തുന്നതും കാണാൻ കഴിഞ്ഞു. കുട്ടിക്കാലത്തെ ചങ്ങാതിയുടെ ഓർമ്മ ഒട്ടും തന്നെ കലർപ്പില്ലാതെ പറഞ്ഞു എന്നതാണ് ഈ എഴുത്തുകളിലെ സത്യസന്ധതയായി എടുത്തു പറയാവുന്നത്.
        വെറും ഓർമ്മകളെ കുടഞ്ഞിട്ടു കൊണ്ടു എഴുത്തുകാരി കടന്നു പോകുന്നില്ല എന്നതാണ് എഴുത്തിലെ ധർമ്മം എന്തെന്ന തിരിച്ചറിവ് ഹൃദിസ്ഥമാക്കിയ ഒരാൾ എന്ന ബോധം സബീനയെക്കുറിച്ചു  പറയാൻ തോന്നിപ്പിക്കുന്നത്. സൗദി പോലുള്ള ഒരു രാജ്യത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളുടെ ഒരു രേഖാചിത്രം കൂടിയാണ് ഈ ഓർമ്മകൾ. സാഹിത്യത്തിന്റെ , നൊമാഡുകളുടെ, മരുഭൂമിയുടെ, പ്രവാസിയുടെ, മാനുഷികതയുടെ, ഹൃദയവേദനകളുടെ ഒക്കെയും സമ്മിശ്ര ഗന്ധം പടർത്തുന്ന ഒരു ലേഖന സമാഹാരം. പല പത്രങ്ങളിലായും ആനുകാലികങ്ങളിലും വെളിച്ചം കണ്ടവയെ സമാഹരിച്ചു ഒറ്റ വായനയിലേക്കു സമ്മാനിക്കുന്നു.

        തീർച്ചയായും ഒരാളുടെ ഓർമ്മകൾ എങ്ങിനെയാണ് വായനക്കാരുടെ കൂടി ഓർമ്മകൾ ആകുന്നതെന്ന് അനുഭവിച്ചറിയാൻ ഇത്തരം ഓർമ്മകൾ ഇനിയും പിറക്കട്ടെ എന്ന ആശംസകളോടെ ബി.ജി.എൻ വർക്കല

Thursday, December 27, 2018

നരച്ചു പോയൊരു പകലിലൂടെ ....

.

നരച്ചു പോയൊരു പകലിലേക്ക്
നാം പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് .
ചുളിഞ്ഞു പോയ ചര്‍മ്മത്തെ
നിലാവില്‍ പ്രകാശിക്കാന്‍ വിട്ടുകൊണ്ട്
നരച്ചു പോയൊരു പകലിലേക്ക്
നാം പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് .
വിളറി വെളുത്ത കപോലങ്ങളില്‍
സായം സന്ധ്യയുടെ ശോണിമ തിരയാതെ,
ഇടിഞ്ഞു താണ മാറിടങ്ങളില്‍
വീനസ്സിന്റെ സൗന്ദര്യം ദര്‍ശിക്കാതെ
ഞൊറിവ്  വീണ അരക്കെട്ടില്‍
മൃഗരാജകടിയുടെ അഴകളവ് തിരയാതെ,
കൊഴുപ്പടിഞ്ഞ അടിവയറില്‍
ആലില വയറിന്റെ മിനുസം പരതാതെ 
നരച്ചു പോയൊരു പകലിലേക്ക്
നാം പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് .
കണ്ടുടനെ ഉടുതുണി അഴിച്ചും
ആളൊഴിഞ്ഞിടങ്ങളില്‍ വാരിപ്പുണര്‍ന്നും
പ്രണയമെന്നു മുദ്രകുത്തി കാമ-
പ്രഹസനങ്ങളില്‍ ആറാടിത്തിമര്‍ക്കാതെ,
നരച്ചു പോയൊരു പകലിലേക്ക്
നാം പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് .
സമയഘടികാര വിരലില്‍ കൊരുത്ത
ഗുളികകള്‍ നല്‍കുന്ന വിരസതയിലേക്കും
ഏകാന്തത കുത്തിനോവിക്കുന്നൊരാ
നിദ്രാവിഹീനമാം രാവുകളെക്കുറിച്ചും
പോയകാലത്തിലെങ്ങോ മറന്നിട്ട
യൗവ്വനത്തിന്‍ മധുരനൊമ്പരങ്ങളും
ചൊല്ലുവാന്‍ അനവധിയുണ്ട്
നമുക്കെന്നാല്‍ , ഇല്ല സമയമിടയിലെന്നോര്‍ത്ത് 
നരച്ചു പോയൊരു പകലിലേക്ക്
നാം പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് .
കാലം വെറുതെ മറച്ചു വച്ചതോ
ബോധപൂര്‍വ്വം  നീ മറച്ചു പിടിച്ചതോ
വായിക്കപ്പെടുന്ന താളുകളില്‍
കണ്ടുമുട്ടുമടയാളങ്ങളില്‍ ഞാനടിവരയിടവേ
നരച്ചു പോയൊരു പകലിലേക്ക്
നാം പരാവര്‍ത്തനം ചെയ്യപ്പെടുകയാണ് .
ഒരിക്കലും ചുരത്തുവാന്‍ വഴിയില്ലാത്ത
മുലഞെട്ടുകള്‍ തുടിച്ചുണരുകയും
അടിവയറ്റിന്നാഴങ്ങളില്‍ നിന്ന് പൊടുന്നനെ
ഉറവയിടുന്നൊരു കമ്പനമറിയവേ
പറഞ്ഞറിയിക്കാനാവാത്തൊരു ഭീതി
നിന്നില്‍ പടര്‍ന്നു കയറി ആകെയുലയ്ക്കവേ
നരച്ചു പോയ പകലിനെ വിട്ടു
ഇരുട്ടിലേക്ക് ഓടിയൊളിക്കുന്ന നിന്നെ നോക്കി
എറിഞ്ഞു തീരാന്‍ മടികാട്ടിയ
സൂര്യവെളിച്ചത്തില്‍ കുളിച്ചു ഞാന്‍ മാത്രം
നരച്ചു പോയൊരു പകലിലേക്ക്
എന്നെ പറിച്ചു നടുകയാണ്‌ വെറുതെയെങ്കിലും .
 ---------ബിജു.ജി.നാഥ് വര്‍ക്കല 

Wednesday, December 26, 2018

അവർ അപരിചിതരായിരുന്നുവോ?

മിനിക്കഥ
.............
അവർ അപരിചിതരായിരുന്നുവോ?
........................................................
ഡിസംബർക്കുളിരിൽ മുങ്ങി രാവ് മരവിച്ചു കിടക്കുമ്പോൾ, ഒരു വാക്ക് പോലും പറയാതെ മടങ്ങിയ കുസൃതിക്കാറ്റിനെ നോക്കി പറയുവാൻ മറന്ന കവിതയുമായി ഒരാൾ... കാഴ്ചയിൽ മറയാതെ നിന്നു വേട്ടയാടുന്ന ഒരു ചിത്രമുണ്ട്. ഒരിക്കലും നീയാടരുതായിരുന്നെന്നു ഞാനാഗ്രഹിച്ചതാണത്. ഇടയ്ക്കിടെ ഇടനെഞ്ചിൽ ഇപ്പോൾ വിരുന്നു വന്നു പോകുന്ന കൊളുത്തി പിടിത്തത്തിന് എന്നോടെന്തോ പറയാനുണ്ടാകും. വേണ്ട എന്ന ഒറ്റവാക്കിൽ എനിക്കതിനെ അവഗണിക്കാനാകുന്നത് വർഷങ്ങൾ കൊണ്ടു ഞാൻ കെട്ടിയുയർത്തിയ വിശ്വാസത്തിനേറ്റ ആഘാതത്തിനാലാകണം. അങ്ങു ദൂരെ ഒരു കൊച്ചു കൂടിൽ  ഒന്നുമറിയാതെ ചിലരുണ്ടല്ലോ എന്ന ചിന്തയിൽ നിന്നാകണം ഒരിക്കലും വിടപറഞ്ഞകലാൻ കഴിയാത്ത നിസ്സഹായത എന്നെ ചൂഴ്ന്ന് നില്ക്കുന്നത്. ഹേ വർഷമേ നീ കടന്നു പോകുന്നതിന് മുമ്പേ ഇത്രയും കഠിനമായ വേദന എനിക്കു നല്കിയതെന്തിനാണ്. നോവുകൾ മാത്രം പരവതാനി വിരിച്ച എന്റെ പാതയിൽ നീ നല്കിയ പുഞ്ചിരിയും വാക്കുകളും ആർക്കും അറിയില്ലെന്നു ഞാൻ കരുതുന്ന ആ നിമിഷങ്ങളും എന്നെ വേട്ടയാടുമ്പോൾ ഡിസംബറിന് ഞാനെന്ത് നല്കണം സമ്മാനമായി.
അയാളുടെ സ്റ്റാറ്റസ് കണ്ടതും ഇൻബോക്സിലവൾ ഓടിയെത്തി ചോദിച്ചു.
"നീയെന്താണിത്ര ശോകാർദ്രമായ വരികൾ എഴുതുന്നത് ?"
അവളുടെ ചോദ്യങ്ങൾക്ക് സഹതാപത്തിന്റെ വേരുകളുണ്ടായിരുന്നു.
" നോക്കു... എനിക്ക് എന്നെ തുറന്നു വയ്ക്കാൻ ഒരിടം എന്റെ അക്ഷരങ്ങൾ മാത്രമാകുന്നു. മനസ്സു തുറക്കുവാൻ ഒരു കൂട്ട് ഇല്ലാതെ പോയതാണ് എനിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം . "വേനലുകൾ മാത്രം വിരുന്നുകാരായി വന്ന ഒരു മനസ്സിനെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് ചിത്രീകരിക്കുക." അയാളുടെ വാക്കുകൾക്ക് മുന്നിൽ അവളുടെ വേരുകൾ വഴി മറന്നു നിന്നു. നിലവിളികൾക്കു ചെവി കൊടുത്തുകൊണ്ട് അവളെന്നും കവിതയുടെ കലവറ തുറന്നിരുന്നു. പ്രണയത്തിന്റെയും പ്രണയ ഭംഗങ്ങളുടെയും നിരാശയുടെയും വിരഹദുഃഖത്തിന്റെയും അടങ്ങാത്ത നോവുകൾ കൊണ്ടു കവിതകൾ പുറത്തെടുത്തു ചിരിച്ചിരുന്നവൾ. ദുഃഖത്തിന്റെ മുഖാവരണമണിഞ്ഞു , ജീവിതം അനുഭവിപ്പിച്ച വേദനകളെ പറഞ്ഞും പ്രകടിപ്പിച്ചും നിസംഗതയോടെ അവൾ അയാളെ നോക്കിനിന്നു. ഇനിയെന്ത് നിന്നോട് പറയാൻ എന്നു മനസ്സിലോർത്തു അയാൾ തിരികെ നടന്നു. അരുതെന്നൊരു വാക്ക് പ്രതീക്ഷിച്ചു കാതുകൾ അടയാതെ ശ്രദ്ധയോടെ അയാൾ പോകുന്നതും നോക്കി അവൾ അപ്പോഴും അവിടെ നില്പുണ്ടായിരുന്നു. പച്ചവെളിച്ചം തെളിയിച്ചു കൊണ്ടവിടെ.
...... ബി.ജി.എൻ വർക്കല

മുഖംമൂടി മരം ........... ഉഷ ഷിനോജ്

മുഖംമൂടി മരം (കവിതകള്‍ )
ഉഷ ഷിനോജ്
സീഫോര്‍ ബുക്സ്
വില 130 രൂപ
 
 
കവിതകള്‍ വായിക്കുമ്പോള്‍ ശരീരം ഒന്നാകെ ഉണര്‍ന്നെഴുന്നേല്‍ക്കുന്നുവെങ്കില്‍ അതാ  കവിതകളുടെ വിജയമായി എണ്ണാമെന്നു കരുതുന്നു . അത്തരത്തില്‍ കവിതകളെ കൊണ്ട് വിഭ്രാന്തി സൃഷ്ടിക്കുന്ന കവികള്‍ വളരെ കുറവാണ് മലയാളത്തില്‍. ഇത് ഭാഷയുടെ പോരായ്മയല്ല പകരം എഴുത്ത് ഒരു കെട്ടുകാഴ്ച്ചയായി മാറുന്നത് കൊണ്ടുണ്ടാകുന്ന പ്രശ്നം ആണെന്ന് കരുതുന്നു . ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെയും വിജയലക്ഷ്മിയെപ്പോലെയും എഴുതുന്നവര്‍ ഇന്നുണ്ടോ എന്നത് സംശയം തന്നെയാണ് . സുഗതകുമാരികള്‍ നമുക്ക് ചുറ്റും ആവശ്യത്തിനുണ്ട് . മാധവിക്കുട്ടിമാര്‍ ഒട്ടും തന്നെ ഇല്ല എന്നും പറയാം. പക്ഷെ സോണി ദത്ത് , സംഗീത ആര്‍ , ദേവി മനോജ്‌ , തുടങ്ങി കുറച്ചു കവികള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് സജീവമായ പെണ്‍ഭാഷകളെ കൈകാര്യം ചെയ്യുന്നുണ്ട് . മഞ്ജുള , ആഞ്ജല , മാലിനി , ലവ്ലി നിസാര്‍  തുടങ്ങി ചിലര്‍ കൂടിയുണ്ട് വായനയുടെ ലോകത്തില്‍ ഈ ചെയിന്‍ പൊട്ടിച്ചവര്‍ . മറ്റുള്ളവരുടെ കവിതകളെ കുറച്ചു കാണിക്കുവാന്‍ വേണ്ടിയല്ല ചില പേരുകള്‍ എടുത്തു പറഞ്ഞത് . കാരണം ഈ കവികള്‍ എഴുതുന്നതും പറയുന്നതും വ്യത്യസ്തമാകുന്നത് അവര്‍ പ്രയോഗിക്കുന്ന ഭാഷയുടെ പ്രത്യേക രീതികളും സങ്കേതങ്ങളും കൊണ്ടാണ് . ജീവിതവും രാഷ്ട്രീയവും സാമൂഹികവും ആയ കാഴ്ചപ്പാടുകളെ അവര്‍ മറ്റൊരു ആംഗിളില്‍ നോക്കിക്കാണുന്നത് കൊണ്ടാണ് . സുധീര്‍ രാജ് എന്ന ഒറ്റയാന്‍ കവിയെപ്പോലെ ചില ആണ്‍ കവികളും ഉണ്ട് എങ്കിലും ഇവിടെ ഞാന്‍ വനിതാ പ്രാധിനിത്യം ആണ് എടുത്തു പറയാന്‍ ആഗ്രഹിക്കുന്നത്.
ഈ ശ്രേണിയിലേക്ക് ചേര്‍ക്കാന്‍ എന്തുകൊണ്ടും അനുയോജ്യയായ ഒരു കവിയാണ്‌ ഉഷ ഷിനോജ് എന്ന അധ്യാപിക എന്ന് നിസംശയം പറയാന്‍ കഴിയും "മുഖംമൂടി മരം" എന്ന കവിത സമാഹാരം വായിക്കുകയാണെങ്കില്‍ . സമൂഹത്തിലെ എല്ലാ അപചയങ്ങളെക്കുറിച്ചും കവി പറയുന്നുണ്ട് കവിതകളില്‍ . ഒന്നും തെളിച്ചു പറഞ്ഞു ആരുടേയും പരാതിയോ ശകാരങ്ങളോ ഏറ്റു വാങ്ങുകയല്ല കവി ചെയ്യുന്നത് . പകരം കവിതകളിലൂടെയവര്‍ നിശിതമായ ശരങ്ങള്‍ എറിഞ്ഞുകൊണ്ട് പ്രതിരോധം നിഷ്പ്രഭമാക്കുകയാണ് ചെയ്യുന്നത്.
"ഇരട്ടവാലൻ പെറ്റ
നിയമ പുസ്തകത്തിൽ
ഉൽപ്പത്തിയുടെ സുവിശേഷം തിരഞ്ഞവർ " ആണ് പുരോഹിത വർഗ്ഗം എന്ന പ്രസ്താവന കൊണ്ട് കവി വ്യക്തമായ ചാട്ടവാർ കൈയ്യിലെടുക്കുന്നുണ്ട്.
കന്യാസ്ത്രീമഠങ്ങള്‍ ആയാലും രാഷ്ട്രീയ കുതികാല്‍ വെട്ടലുകള്‍ ആയാലും ദളിത്‌ ഉപരോധങ്ങള്‍ ആണെങ്കിലും അതിനെയൊക്കെ ഫലവത്തായ വാക്കുകളാല്‍ കവി ശക്തമായി വിമര്‍ശിക്കുന്നു .
" അന്നുതൊട്ടെന്റെ ജാലക വാതിലിൽ
തഴുതിടാതെ തുറന്നിട്ടത്
നിനക്ക് കഥ പറയാനായിരുന്നു.
എന്തെന്നാൽ ....
നീ ഞാനായിരുന്നു." പ്രണയം മനോഹര ഭാവങ്ങളിലൂടെ പീലി വിടർത്തുന്ന കാഴ്ചയിൽ പോലും അതിഭാവുകത്വത്തിന്റെ അടരുകൾ ഉണ്ടാകുന്നില്ല.
പ്രണയത്തിനും അപ്പുറം ജീവിതത്തിന്റെ കനലുകള്‍ നിറഞ്ഞ പാതകളെ ഇഷ്ടപ്പെടുന്ന ഒരു കവി എന്ന നിലയില്‍ വളരെ ഗൗരവപൂര്‍ണ്ണമായ ഒരു കാഴ്ചപ്പാട് കവി തന്റെ വരികളില്‍ എമ്പാടും പിന്തുടരുന്നത് കാണാന്‍ കഴിയുന്നുണ്ട് . തന്നെ നോവിക്കുന്നതും താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ ബാധിക്കുന്നതുമായ എന്തിനെയും നഖശിഖാന്തം എതിര്‍ക്കുക എന്നൊരു നിലപാടില്‍ നിന്നുകൊണ്ട് തീവ്രമായ , തീക്ഷ്ണമായ വാക്കുകള്‍ കൊണ്ട് കവി കവിതകളിലൂടെ സംസാരിക്കുന്നു.
," മ്ലേച്ഛം മൃഗമെത്രഭേദം തമ്മിൽ
മൃതി തൊടാനറയ്ക്കുന്ന ഈഡിപ്പസുമാർ " എന്നു കവി മനസ്സ് വെറുത്ത് പറഞ്ഞു പോകുന്നുണ്ട് കാലികമായ കാഴ്ചകൾക്ക് മുന്നിൽ നിന്നു കൊണ്ട്.
തികച്ചും ഇന്നിന്റെ കവിതാ വായനകള്‍ ആവശ്യപ്പെടുന്ന എല്ലാ വസ്തുതകളും നമുക്കീ കവിയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട് . ഒരുതരത്തിലുള്ള നീക്കുപോക്കും ഇല്ലാത്ത വിധത്തില്‍ പറയാനുള്ളത് ശക്തവും ആര്‍ജ്ജവത്തോടും പറയാന്‍ കഴിയുന്ന കവിയുടെ ഭാഷാ ശുദ്ധി എടുത്തു പറയേണ്ട ഒരു മേന്മയാണ് .
"നിന്നെ ഭ്രാന്തിയെന്നു വിളിച്ചത്
എന്റെ തെറ്റ് " എന്ന് കവിയുടെ തന്നെ വാക്കുകൾ  കടമെടുത്ത് വായനക്കാരൻ പറയുന്നിടത്ത് കവിതയുടെ വായന പൂർണ്ണമാകുന്നു. ഒരു അധ്യാപിക എന്ന നിലയില്‍ തന്റെ ധര്‍മ്മത്തെ കവി നിലനിര്‍ത്തുവാന്‍ , പ്രസരിപ്പിക്കുവാന്‍ സദാ ജാഗരൂകയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു പിടി കവിതകളുടെ ഒരു സമാഹാരമാണ് മുഖം മൂടിമരം. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല 

Monday, December 24, 2018

കാലം കണ്ണു ചിമ്മിക്കളിക്കുമ്പോൾ

"നിങ്ങളാരാണ് ?"
അവൾ ആശ്ചര്യത്തോടെ തിരക്കി.
"ഞാനാരാണ് നിങ്ങൾക്ക് ?"
വീണ്ടും ചോദ്യം ഉയർന്നു.
"നമ്മളാരാണ് ?"
ചോദ്യം തുടർച്ചയായി വന്നുകൊണ്ടിരുന്നു.
കൗതുകവും ആശങ്കയും നിറഞ്ഞ അവളുടെ മുഖത്തേക്ക് ഒരു പുഞ്ചിരി പൊഴിച്ചു കൊണ്ടു അയാൾ ഉത്തരം നല്കി. "നീ നിന്നോട് തന്നെ തിരയുക. ഉത്തരം കണ്ടെത്തും വരെ നീ തിരയുക. ഒരു വേള നീ തോറ്റുപോയാൽ ഞാനുത്തരം നല്കാം."
നിരാശകൊണ്ടു കൂമ്പിയ മിഴികളുമായി അവൾ മുഖം താഴ്ത്തി. വെളിച്ചത്തിന്റെ ഒരു ചെറിയ പൊട്ട് അവളുടെ മിഴിക്കോണിൽ ഒട്ടിട തങ്ങി നിന്ന ശേഷം തറയിൽ വീണു ചിതറി.
"കണ്ണാ ..... ഒന്നു പറയ് ."
അവൾ കെഞ്ചിപ്പറഞ്ഞു. അനുഭവങ്ങളുടെ തീവേരുകൾ ചികഞ്ഞു ഇനിയും തിരികെ യാത്ര വയ്യ എന്നു പറയാതെ പറയുന്ന അവളെ നോക്കി അവൻ വീണ്ടും ചിരിച്ചു. പിന്നെ അവളുടെ വിരൽത്തുമ്പിൽ ഒന്നു തൊട്ടു. പൊടുന്നനെ അവളെ ചൂഴ്ന്നൊരു കാറ്റു വീശി. ചുറ്റും നരച്ച പകൽ കൊഴിഞ്ഞു വീണ പോലെ. പ്രാക്തനമായ ഏതോ ഒരു കാലത്തിന്റെ സുതാര്യമായ ഒരു സന്ധ്യാനേരം മുന്നിൽ വന്നു. ഹംപിയിലെ കരിങ്കൽ സ്തൂപങ്ങളിൽ നിന്നും ചുവന്ന കിരണങ്ങൾ പ്രതിഫലിക്കുന്നതും ഇടിഞ്ഞു പൊളിഞ്ഞ ഒരൊറ്റ ക്കൽ മണ്ഡപത്തിൽ നിഴലുകൾ പോലെ രണ്ടു പേർ മുഖാമുഖം നോക്കിയിരിക്കുന്നതുമവൾ കണ്ടു. അതിലെ പുരാതനമായ ഏതോ കാലത്തെ വേഷവിധാനത്തിലെ സ്ത്രീരൂപത്തിന് തന്റെ ഛായ കണ്ടെത്തിയ അവൾ ഞെട്ടലോടെ തനിക്കരികിലിരിക്കുന്ന ആളെ നോക്കുമ്പോഴേക്കും അയാൾ അവളിൽ നിന്നും കൈ എടുത്തു കഴിഞ്ഞിരുന്നു.
" കണ്ണാ.... നീ ആരാണ്....? "
ചോദ്യങ്ങൾക്കു ഉത്തരം മറു ചോദ്യങ്ങൾ ആണെന്നു മെല്ലെ പറഞ്ഞു കൊണ്ടയാൾ അസ്തമയ സൂര്യന് നേർക്ക് നടന്നു തുടങ്ങി. തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ . ആ ചുണ്ടിൽ ഒരു നിഗൂഢമായ പുഞ്ചിരി ഉണ്ടായിരുന്നത് സൂര്യൻ ഒപ്പിയെടുത്തു കടലിൽ മറഞ്ഞു. ഇരുളിൽ നടന്നകലുന്ന അയാളെ നോക്കി മറ്റൊരു കൽ പ്രതിമ പോലെ അവൾ നിന്നു. അവൾക്കു ചുറ്റും തണുത്ത കാറ്റിന്റെ കൈകൾ നിരന്നു തുടങ്ങിയതറിയാതെ.....
...... ബി.ജി.എൻ വർക്കല

രാജാവിന്റെ വരവും കല്പമൃഗവും........ രാജേഷ് ചിത്തിര

രാജാവിന്റെ വരവും കല്പമൃഗവും(കവിതകള്‍ )
രാജേഷ് ചിത്തിര
പാപ്പാത്തി ബുക്സ്
വില 120 രൂപ
 
എഴുത്ത് ആത്മരതിയാകുന്ന കാലത്ത് അത് ആഘോഷമാക്കുന്ന വായനക്കാരും ഉണ്ടാകുന്നത് ഒരേ തലത്തില്‍ ഒന്ന് പോലെ ചിന്തിക്കുന്നവരുടെ ലോകം സൃഷ്ടിക്കുന്നതിനു തുല്യമാണ് . എഴുത്ത് എന്തിനു വേണ്ടി എന്ന ചോദ്യത്തിന് എഴുത്തുകാരന്‍ തന്നെ സാക്ഷ്യം പറയുന്നത് എന്റെ തന്നെ ഭ്രാന്തുകള്‍ ഞാന്‍ കുറിച്ച് വയ്ക്കപ്പെടുന്നതാണ് എന്നാകുമ്പോള്‍ വായനക്കാരന്‍ ചോദിക്കുക സ്വാഭാവികം ഞങ്ങള്‍ എന്തിനു ആ ഭ്രാന്ത് സഹിക്കണം എന്ന് . പലപ്പോഴും എഴുത്തുകാര്‍ അനുവര്‍ത്തിക്കുന്ന ഒരു മാര്‍ഗ്ഗമാണ് എഴുതിക്കഴിഞ്ഞ ഒന്നിനെ വായനക്കാര്‍ തിരസ്കരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുകയാണെങ്കില്‍ അതെന്റെ ആവിഷ്കാര സ്വാതന്ത്ര്യം എന്നതും എന്റെ ആത്മരതിയെന്നതും സ്ഥാപിക്കാനുള്ള പാഴ്ശ്രമങ്ങൾ . ഇവിടെ വായനക്കാരും എഴുത്തുകാരും ശ്രദ്ധിക്കേണ്ട ഒരു വസ്തുത നാരായണ ഗുരു പറഞ്ഞ ഒരു വാക്യം ആണ് . “അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം”
അത് മനസ്സില്‍ ഓരോ എഴുത്തുകാരും വഹിക്കുകയാണെങ്കില്‍ ആ ആത്മരതിയില്‍ നിന്നും വായനക്കാര്‍ക്ക് ഉതകുന്ന എന്തെങ്കിലും ലഭ്യമാകും എന്നുള്ളതാണ് . ഇത് പക്ഷേ മിക്ക എഴുത്തുകാരും പിന്തുടര്‍ന്ന് കാണുന്നുമില്ല. നിഷേധിയായ ഒരു എഴുത്തുകാരന്റെ മുഖം മൂടി അണിയുന്ന ഭൂരിഭാഗം ബുദ്ധിജീവി എഴുത്തുകാരും തങ്ങളുടെ ശ്ലഥ ചിന്തകളെ ആരും വിമർശിക്കാതിരിക്കാന്‍ തക്കവണ്ണം പൊതിഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നത് ഇന്നിന്റെ കാഴ്ചയാണ് . അര്‍ത്ഥമറിയാത്ത വാക്കുകളുടെ ആകെത്തുകകൊണ്ടോ, ചിതറിത്തെറിച്ച ചിന്തകളെ അടുക്കിപ്പറക്കി എടുക്കാതെ കെട്ടഴിഞ്ഞ ചൂല് പോലെ അലക്ഷ്യമായി വലിച്ചെറിയപ്പെടുകയോ ചെയ്യുന്ന ഇത്തരം കാഴ്ചകള്‍ക്ക് ആധുനികത എന്നൊരു ഓമനപ്പേരുകൂടി ചാര്‍ത്തുമ്പോള്‍ പിന്നതിന് നേർക്ക് ചോദ്യങ്ങള്‍ ഉണ്ടാകുകയേയില്ല.
ഇത്തരം എഴുത്തുകാര്‍ ആണ് ഇന്ന് ദന്തഗോപുരങ്ങളില്‍ സ്വയം വിരാജിക്കുകയും അത് നടിക്കുകയും ചെയ്യുന്നത് .
എഴുത്തുകളിൽ സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ ഒരു കൂട്ടം എഴുത്തുകാർ - അവരിൽ കവിയും കഥാകാരനും (ലിംഗഭേദമില്ലാതെ) - നമുക്ക് സോഷ്യൽ മീഡിയകളിലും ബ്ലോഗുകളിലും കാണുവാനാകും. പലരും പ്രശസ്തരാകാതെ തന്നെ അടിഞ്ഞുകൂടുകയോ ഉൾവലിയുകയോ ചെയ്യുമ്പോൾ ചിലർ സ്വയമോ കോക്കസുകളിലൂടെയൊ കൂടുതൽ പ്രശസ്തിയും കുപ്രശസ്തിയും നേടുന്നതും കാണാനാകും. ഈ ബഹളങ്ങൾക്കിടയിലാണ് നിലപാടുകളുടെ വെളിപ്പെടലുകളുമായി രാജേഷ് ചിത്തിര എന്ന എഴുത്തുകാരൻ സഞ്ചരിക്കുന്നത്. കഥകളും കവിതകളും എഴുതിയും ചൊല്ലിയും സജീവമായി നില്ക്കുന്ന ഈ യുവ സാഹിത്യകാരന്റെ നാലാമത്തെ പുസ്തകമാണ് " രാജാവിന്റെ വരവും കല്പമൃഗവും " എന്ന കവിതാ സമാഹാരം. പൂർണ്ണമായും ആമുഖത്തിൽ പറയും പോലെ രാഷ്ട്രീയ കവിതകൾ ആണ്. എന്നാലവ ഒരു തരത്തിൽ അരാഷ്ട്രീയവും ആണ്.
വേദനിക്കുന്ന ജനതയുടെ കണ്ണുനീരിന് , പകരം ചോദിക്കുവാൻ ഒരു വിരൽ പോലും അനക്കാൻ തയ്യാറാകാത്ത ഒരു സമൂഹത്തിൽ രാജാവിന്റെ വരവിനെ നാലു കവിതകളിലൂടെ വലിച്ചു കീറുന്ന ആ പഴയ കുട്ടിയുടെ വിളിച്ചു പറയലുകൾ രാജേഷ് എന്ന എഴുത്തുകാരന്റെ സാമൂഹ്യബോധത്തിന്റെ ഉദാത്തമായ അടയാളമാണ്.
" എല്ലാവരും സ്വന്തം ചരിത്രത്തെ
അടയാളപ്പെടുത്തുന്ന കാലത്ത്
ഓരോ ഭരണാധികാരിയിലും
ഒരു കവി ഒളിച്ചു പാർക്കുന്നുണ്ട് " (പെൻ ജാഗരൺ) എന്ന ആക്ഷേപത്തിലൂന്നിയ ഹാസ്യത്തിലൂടെ കവിയുടെ സമകാലീന ലോകത്തെ അലോസരപ്പെടുത്താൻ ഒട്ടും തന്നെ മടിക്കുന്നില്ല.
ഇന്നത്തെ ഇന്ത്യയുടെ യഥാർത്ഥ മുഖം എന്ത് എന്നു വെളിപ്പെടുത്തുന്ന കവിതകളിൽ രാജാവും പശുവും ദളിത് ബിംബങ്ങളും ആത്മഹത്യാ മരങ്ങളും നിറയെ വായനക്കാരെ കുത്തിനോവിച്ചുകൊണ്ടിരിക്കും. കവി അതേക്കുറിച്ചു ഇങ്ങനെ കുറിക്കുന്നു.
"ഒരു കവിത നമ്മളെ എത്തിക്കാൻ
ഇടയില്ലാത്ത ഒരു പാടിടങ്ങളെപ്പോലെ " ( കവിതായനം) അത് വായനക്കാർക്കു എളുപ്പം  മനസ്സിലാക്കുവാനുമാകുന്നുണ്ട്.
പ്രണയത്തെയും ജീവിതത്തിനെയും അതേ സമയം കവി തൊടാതെ പോകുന്നില്ല. മനുഷ്യജീവിതത്തിന്റെ പ്രണയ ശൂന്യത മരണം പോലെ നിരാശജനകമാണെന്ന കാഴ്ചപ്പാടിലൂന്നിയ കവി അരഞ്ഞാണം മോഷ്ടിച്ച കള്ളനെയും, തന്റെ നഗ്നതയിൽ നിന്നും ആ അരഞ്ഞാണം കവർന്ന കള്ളനെയും ഒരേ സമയം പരസ്പരം തിരയാൻ വിടുന്നതും ഒടുവിൽ ഒരേ മതിൽക്കെട്ടിനുള്ളിൽ എത്തിക്കപ്പെടുന്നതും. പരസ്പരം തിരിച്ചറിയാനാവാതെ പോകുന്ന ജീവിത നിമിഷങ്ങൾ രാഷ്ട്രീയ കവിതകൾക്കിടയിൽ നിന്നും മുന്നിലേക്ക് നീങ്ങി നില്ക്കുന്നത് അതിന്റെ അവതരണത്തിലെ ശില്പഭംഗി മൂലമാണ്.
ആത്യന്തികമായി കവി അടിച്ചമർത്തപ്പെട്ടവന്റെ കൂടെയാണ്.
"ചില പ്രത്യേക ഋതുക്കളിൽ മാത്രം
നിന്റെ ഉടലാകെ പൂത്തു വിടരുന്ന
രാജ്യസ്നേഹത്തിന്റെ പുഷ്പങ്ങൾ കരുതി വയ്ക്കുക " (രാജാവിന്റെ വരവ്) എന്ന ആഹ്വാനം കീഴടങ്ങാൻ മാത്രം പഠിച്ചവരുടെ മനഃശാസ്ത്രം പഠിച്ചവന്റെ വേദ വാക്യമായി കാണാം.
"കെട്ട കാലത്തിന്റെ കരിന്തിരി കൊണ്ട്
ഏതോ കവി
എഴുതിത്തീർത്ത
കവിതയാകുന്നു
എന്റെ രാജ്യം " (കല്പമൃഗം) എന്നു വിലപിക്കുന്ന കവി ഒരു നൂറ്റാണ്ടിനിപ്പുറം കേരളം കണ്ട മഹാദുരന്തമായ പ്രളയത്തെയും തന്റെ കവിതകളിൽ ഇടം നല്കുന്നുണ്ട്. ദുരന്തമുഖത്തെ ഓടിയെത്തിയ അന്നുവരെ അവഗണിക്കപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികളെ കവിതയിൽ ഉചിതമായി ആദരിക്കുന്ന കവി തന്റെ വീക്ഷണങ്ങൾ ഏകപക്ഷീയമല്ല എന്ന വെളിപാടു കൂടി നല്കുന്നുണ്ട്.
"ചെകിളകളിലൂടെയല്ല
എന്നേയുള്ളു
മറ്റൊരു മത്സ്യമാണ് മനുഷ്യൻ " ( തോന്നലുകളും മറ്റും) എന്ന ചിന്ത തികച്ചും ഇന്നത്തെക്കാലത്ത് മനുഷ്യന് നല്കാവുന്ന ഏറ്റവും നല്ല നിർവ്വചനങ്ങളിലൊന്നായ് അനുഭവപ്പെട്ടു.
ഉളിപ്പേച്ച് എന്ന കവിതാ സമാഹാരത്തിൽ നിന്നും രാജാവിന്റെ വരവിലേക്കെത്തുമ്പോൾ രാജേഷ് എന്ന കവിയിൽ പ്രകടമായി വരുന്ന മാറ്റം ദുർഗ്രാഹ്യതയുടെ മൂടുപടം അഴിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങി വച്ചു എന്നുള്ളതാണ്. പൂർണ്ണമായും അതിനു കഴിഞ്ഞിട്ടില്ലെങ്കിലും ആശാവഹമായ മാറ്റങ്ങൾ എഴുത്ത് നല്കുന്നുണ്ട്. തുടക്കം വായിച്ചു തുടങ്ങുന്നവർ മടുത്തു മടക്കി വച്ചു പോകുന്ന അവസ്ഥയാണ് വായന തുടങ്ങുമ്പോൾ നല്കുന്ന മനോഭാവം. ഒരു ഇരുത്തം വന്ന കവി എന്ന നിലയിൽ പാടില്ലാത്ത അലംഭാവം മൂലം അക്ഷരത്തെറ്റുകളും കവിതയുടെ അടുക്കുചിട്ടയില്ലാത്ത നിഷേധിയുടെ ഭാവവും വായനയെ തടഞ്ഞു നിർത്തുമെങ്കിലും ആദ്യ വികാരത്തെ മാറ്റിമറിക്കുന്ന കവിതകൾ ഉള്ളിൽ തടയുന്നുണ്ട്. സാൾട്ട് ആന്റ് പെപ്പർ പോലെ വായിച്ചു പോകാവുന്ന കവിതകൾ.
കവി മനസ്സു വയ്ക്കുകയാണെങ്കിൽ , ഭാഷാശുദ്ധിയും രാഷ്ട്ര ബോധവും തീക്ഷ്ണതയും കൈമുതലായുള്ള എഴുത്തുകാരനെന്ന നിലയിൽ കാലം ഓർമ്മിക്കപ്പെടും. പക്ഷേ അതിനു കവി തന്റെ അലസതയും ആത്മരതിയോടുള്ള അടങ്ങാത്ത അഭിനിവേശവും മാറ്റിവച്ചു ശരിയായ തലത്തിൽ ആത്മാർത്ഥതയോടെ കവിതയെ സമീപിക്കണം. നിയതമായ ശൈലിയോ ചിട്ടവട്ടങ്ങളോ ഉണ്ടാകണമെന്നില്ല പക്ഷേ വീണ്ടും വീണ്ടും ഓർത്തു നീറുന്ന വാക്കുകളുടെ ചാട്ടുളികൾ നിർമ്മിക്കണം. ചാട്ടയടിയേൽക്കണം മനസ്സുകളിൽ. നിലപാടുകളിലെ അഴകൊഴമ്പൻ രീതികൾ മാറി വരികയും ചെയ്യണം. അതിനു കഴിയും എന്ന ആത്മവിശ്വാസത്തോടെ , ആശംസകളോടെ ബി.ജി.എൻ വർക്കല