എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Saturday, September 30, 2017
അരുന്ധതി കരയുന്നില്ല ...........പി വത്സല
Wednesday, September 27, 2017
Saturday, September 23, 2017
നീ വിടപറഞ്ഞകലുമ്പോള്‍ !
ഒരു നിലാവിന്റെ വെണ്മ മുഴുവനും
മനസ്സിനുള്ളില്‍ നിറച്ചുവച്ചിന്നു ഞാന്‍
അരുമയാല്‍ നിന്‍ ചികുരഭാരത്തില്‍
മുഖമമര്‍ത്തി മയങ്ങട്ടെ തെല്ലൊന്നു.
മയങ്ങീടുമീയെന്നെയുണര്‍ത്താതെ
കടന്നുപോകുക മത്സഖീയിന്നു നീ
മറന്നീടരുതെൻ നെറ്റിയിലന്ത്യമായ്
തന്നിടാനൊരു ചുംബനം മാത്രമേ.
മധുരമായി നീ പാടിയ ഗീതികള്‍
മനസ്സിലാകെ നിറഞ്ഞു കിടക്കുമ്പോള്‍
മധുരിമേ നീ പോകുന്നതെന്നുടെ
മരണവും കൊണ്ടെന്നതോര്‍ത്തീടുക.
കനവുകളില്‍ നീ നൃത്തമാടുന്ന
കനകപാദസരത്തിന്‍ കിലുക്കമായ്
അകലുമീ നിന്‍ പാദചലനത്തെ ഞാൻ
അകതാരില്‍ കണ്ടിന്നുറങ്ങുമ്പോള്‍
തിരിഞ്ഞു നോക്കീടൊരുമാത്ര പോലുമേ
പ്രിയതമേ നീ എന്മുഖത്തേയ്ക്കപ്പോള്‍
അറിയാതെ ഞാനുണര്‍ന്നു പോയെന്നാകില്‍
ഹൃദയഭേദകം ആ നിമിഷമറിക നീ.
-------------------ബിജു ജി നാഥ് വര്‍ക്കല
Tuesday, September 19, 2017
അകലങ്ങൾ തീർക്കുന്നവർ
നമുക്കിടയിലേക്ക്
അപരിചിതത്വത്തിന്റെ വേരുകൾ
ആഴത്തിലേക്കൂളിയിടുന്നു.
രണ്ടു ലോകങ്ങളിലേക്ക്
നാം നമ്മെ പറഞ്ഞയക്കുന്നു.
.... ബി.ജി.എൻ വർക്കല
Monday, September 18, 2017
താളിയോല കവിതാ സമാഹാരം .
എഡിറ്റര്‍ :എ ബി വി കാവില്‍പ്പാട്
കെ കെ ബുക്സ്
വില : 200 രൂപ
"വികൃതമാമേതു രചനക്കും പിന്നില്‍
തുഴയുവാന്‍ കൈകളേറെയുണ്ടെങ്കില്‍
വിരാജിക്കാമവക്കീ പാരിലൊരു
വാസനാപുഷ്പമായി !" (നിരാശ , ജമീല കേ എം ഗ്രാമശ്രീ )
സോഷ്യല്‍ മീഡിയ മുഖപുസ്തകത്തിന്റെ വരവോടെ സാഹിത്യത്തില്‍ വളരെ വലിയ മുന്നേറ്റം തന്നെ നടത്തുകയുണ്ടായി . സാംസ്കാരികമായ ചര്‍ച്ചകളും , പഠനങ്ങളും , വായനകളും എഴുത്തും ആസ്വാദനങ്ങളും സോഷ്യല്‍ മീഡിയയെ ചടുലമായി നിലനിര്‍ത്തുന്നു . കേവലമായ പ്രണയത്തിനും രതിക്കും സൌഹൃദത്തിനും സമയം പോക്കിനും വേണ്ടി മാത്രം നിലനിന്ന മെസഞ്ചര്‍ കാലഘട്ടത്തെ പാടെ പിന്തള്ളിക്കൊണ്ട് സോഷ്യല്‍ മീഡിയയുടെ വരവ് സാംസ്കാരികമായ ഒരു പുതിയ ആകാശം തുറന്നിട്ടതായി കാണാം . അച്ചടി മഷി പുരളാതെ ഒരു രചനയ്ക്ക് എങ്ങനെ അതിലും കൂടുതല്‍ വായനക്കാരെ സമീപിക്കാം എന്ന സാധ്യത കണ്ടറിഞ്ഞ പുസ്തകലോകം പതിയെ സോഷ്യല്‍ മീഡിയയിലും തങ്ങളുടെ കാലുകള്‍ ഉറപ്പിക്കാന്‍ ശ്രമം തുടങ്ങിയത് അങ്ങനെയാണ് . ഫലമോ പാടെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്ത രചനകള്‍ പലതും കൂടുതല്‍ സ്വീകാര്യമായ ഒരു തലം കൈക്കൊള്ളുന്നതും തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും നിലനിന്ന സാഹിത്യ ലോകത്തെ സമ്പൂര്‍ണ്ണമായ ഭാഷാ സ്നേഹികളുടെ കൂട്ടായ്മയായി നിലനിര്‍ത്താന്‍ കഴിഞ്ഞതും ഒരു വലിയ കാര്യം തന്നെയാണ് . പക്ഷെ കാലം ചെല്ലുമ്പോള്‍ സോഷ്യല്‍ മീഡിയയും വലിയ ഒരു അപചയത്തിന്റെ കൈകളിലേക്ക് വീഴുകയാണ് എന്ന് കാണാം . വ്യെക്തികളെ കേന്ദ്രീകരിച്ചു അവ സൌരയൂഥങ്ങള്‍ തീര്‍ക്കുന്നു . വാല്‍ നക്ഷത്രങ്ങള്‍ ജനിക്കുന്നു . സൂര്യനും ചന്ദ്രനും പ്ലൂട്ടോയും രാഹുവും കേതുവും നക്ഷത്രങ്ങളും ഉണ്ടാകുന്നു . ഇത്തരം പ്രവണത ഭാഷയ്ക്ക് ദോഷം ചെയ്യും എന്ന് തിരിച്ചറിയുന്നിടത്തു മാത്രമേ ഒരു മാറ്റം പ്രതീക്ഷിക്കാന്‍ കഴിയൂ .
സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് ഗ്രൂപ്പുകള്‍ ഉണ്ട് . കവിതകള്‍ക്കും കഥകള്‍ക്കും വെവ്വേറയായും ഒന്നിച്ചും ഒക്കെയായി ഗ്രൂപ്പുകള്‍ പലതാണ് . പല ഗ്രൂപ്പുകളും മത്സരങ്ങള്‍ സംഘടിപ്പിച്ചും കൂട്ടായ്മകള്‍ സംഘടിപ്പിച്ചും കലയെ പ്രോത്സാഹിപ്പിക്കുന്നു . ചില ഗ്രൂപ്പുകള്‍ നിക്ഷിപ്ത താത്പര്യങ്ങളില്‍ വീണു കിടക്കുന്നു . ചില ഗ്രുപ്പുകള്‍ ഓണ്‍ ലൈന്‍ പോര്‍ട്ടലുകള്‍ ഉണ്ടാക്കി പത്രവും മാഗസിനുകളും പുറത്തിറക്കുന്നു . ചിലര്‍ ഗ്രൂപ്പുകളില്‍ നിന്നും പണം പിരിച്ചോ അല്ലെങ്കില്‍ സ്പോണ്‍സറിംഗ് മുഖേനയോ എഴുത്തുകാരുടെ കൂട്ടായ രചനകളെ കളക്റ്റ് ചെയ്തു പ്രസിദ്ധീകരിക്കുന്നു . ഇത്തരത്തില്‍ ആദ്യമായി ഒരു പുസ്തകം ഇറക്കിയത് ഇ ലോകം കവിതകള്‍ എന്ന പേരില്‍ ഇ ലോകം ഗ്രൂപ്പ് ആയിരുന്നു . പിന്നെ ഒരു വേലിയേറ്റം ആയിരുന്നു എന്ന് കാണാം . സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്നതും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു ഗ്രൂപ്പ് ആണ് താളിയോല . ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്നു ഇറക്കിയ ഗ്രൂപ്പിലെ അംഗങ്ങളുടെ നല്ല കവിതകള്‍ കൊരുത്തു പുറത്തിറക്കിയതാണ് "താളിയോല" എന്ന കവിതാ സമാഹാരം . ഇതിന്റെ എഡിറ്റര്‍ ശ്രീ എ ബി വി കാവില്‍പ്പാട് ആണ് . ഇതിനു അവതാരിക എഴുതിയിരിക്കുന്നത് ശ്രീ ശിവശങ്കരന്‍ കരവില്‍ ആണ് . 150 കവിതകള്‍ ആണ് ഇതില്‍ ഉള്ളത് . പലരുടെയും ഒന്നിലധികം കവിതകള്‍ ഇതില്‍ ഉണ്ട് . ഒരു തിരക്കേറിയ ഉത്സവസ്ഥലത്ത് അകപ്പെടുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയാണ് ഈ കവിതകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നത് . വിവിധ നിറത്തില്‍ ഉള്ള വര്‍ണ്ണങ്ങള്‍ , അപരിചിതരായ അനവധി മനുഷ്യര്‍ , ശബ്ദങ്ങള്‍ , വെയില്‍ , കാറ്റ് , ചൂടു തുടങ്ങി സമ്മിശ്രമായ ഒരു അന്തരീക്ഷം .
കാതലുള്ള വളരെ കുറച്ചു കവിതകള്‍ മാത്രമാണ് ഇതില്‍ വായിക്കാന്‍ കഴിഞ്ഞത് എന്നത് തിരഞ്ഞെടുപ്പിന്റെ പോരായ്മായി തോന്നി. പലപ്പോഴും എഴുത്തുകാരുടെ ഒന്നിലധികം രചനകള്‍ വായിച്ചപ്പോള്‍ അവയില്‍ കാമ്പുള്ളതൊരെണ്ണം മതിയായിരുന്നില്ലേ എന്ന തോന്നല്‍ വായനയില്‍ അനുഭവപ്പെട്ടു . ചില വായനകള്‍ കേവലം എഴുത്തുകള്‍ മാത്രമായി തോന്നിയപ്പോള്‍ ചിലവ മനസ്സിനെ തൊട്ടു കടന്നു പോയി . വിഷയം കൊടുത്ത് എഴുതിക്കും പോലെ കവിതയില്‍ കുറെ ഭാഗം അമ്മ, മാതൃത്വം കൊണ്ട് പോയി . പിന്നെ കുറച്ചു ഭാഗം പ്രണയം കടിച്ചു കുടഞ്ഞു നാശമാക്കി . കാലികമായ വിഷയങ്ങളും , ജീവിതങ്ങളും ഇടയില്‍ ശ്വാസം മുട്ടിക്കിടപ്പുണ്ടായിരുന്നു . ഒരു പക്ഷെ ഒരു പഠനം കൂടി ഉള്‍പ്പെടുത്തിയ അവതാരികയായിരുന്നു എങ്കില്‍ ഈ പുസ്തകം വളരെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നിച്ചു .
കവിതകള്‍ ഒന്നും കൊള്ളില്ല എന്ന അഭിപ്രായം ഇല്ല . ബാലാരിഷ്ടതകള്‍ ഉള്ള കവിതകള്‍ തൊട്ടു എഴുത്തിന്റെ സിദ്ധി കൈവന്ന ഇരുത്തം വന്ന എഴുത്തുകളും ഉണ്ട് ഉള്ളില്‍ . എഴുതി പഠിച്ചവരും എഴുതാന്‍ പഠിപ്പിച്ചവരും ഉണ്ട് കൂട്ടത്തില്‍ . തീര്‍ച്ചയായും ഒറ്റ വായനയില്‍ മടക്കി വയ്ക്കുന്നതിനപ്പുറം ആമുഖക്കുറിപ്പില്‍ പറയും പോലെ 150 മൂല്യബോധമുള്ള കവിതകള്‍ വായനാലക്ഷങ്ങളുടെ മുന്നിരക്കസേരയില്‍ സ്ഥാനംപിടിക്കുന്ന മേന്മകള്‍ ഉള്ളതായി അനുഭവപ്പെട്ടില്ല. പക്ഷെ അത്തരം കവിതകള്‍ ഉണ്ടായിരുന്നു എന്നതും വാസ്തവം . തിരഞ്ഞെടുപ്പിലെ പോരായ്മകളാകാം ഇതിനു കാരണം എന്ന് കരുതുന്നു . വരുംകാലങ്ങളില്‍ കൂടുതല്‍ നല്ല തിരഞ്ഞെടുപ്പുകളുമായി താളിയോല കവിതാ സമാഹാരത്തിന്റെ തുടര്‍ ലക്കങ്ങള്‍ പ്രതീക്ഷിക്കുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Sunday, September 17, 2017
മരുമരങ്ങള്‍ ........വി മുസഫര്‍ അഹമ്മദ്
വി മുസഫര്‍ അഹമ്മദ്
ഡി സി ബുക്സ്
വില : 250 രൂപ
യാത്രകളെ അടയാളപ്പെടുത്തുക ഭാരിച്ച ചുമതലയാണ് .കാരണം അടയാളപ്പെടുത്തുക എന്നത് ഒരു യാഥാര്‍ത്ഥ്യത്തെയാണ് . അതിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് . അവയെ അതേ വാസ്തവികതകളില്‍ കൂടിത്തന്നെ അവതരിപ്പിക്കുക എന്നത് ഓര്‍മ്മകളോടുള്ള ഒരു വെല്ലുവിളി കൂടിയാണ് . സഞ്ചാരസാഹിത്യങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നത് ഇത്തരം ഓര്‍മ്മകളില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്തു കേട്ടുകേള്‍വികളെ മാത്രം ആധാരമാക്കി യഥാര്‍ത്ഥ കാഴ്ചകളെ മായ്ച്ചു കളയുന്ന വിവരണങ്ങള്‍ ആകുമ്പോഴാണ്. കാടു കാണുമ്പോള്‍ കാടിനെ അറിയാന്‍ കഴിയുന്നതും , മരുഭൂമി കാണുമ്പോള്‍ അതിനെ വരയ്ക്കാന്‍ കഴിയുന്നതും ചരിത്ര നഗരങ്ങളില്‍ പൊടിയടിച്ചു സാക്ഷിയായി നില്‍ക്കുമ്പോഴും യാത്രാവിവരണം എന്നത് അതിന്റെ ധര്‍മ്മം പാലിക്കുന്നതിനു സാക്ഷിയാകുന്നു . "താഴ്വാരങ്ങളുടെ നാട്ടില്‍" എന്ന കെനിയന്‍ ഡയറി കുട്ടികളില്‍ പോലും ഒറ്റ ഇരുപ്പിന് വായിച്ചു പോകാന്‍ കഴിയുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് പുതു എഴുത്തുകാരില്‍ സഞ്ചാര സാഹിത്യം എത്രത്തോളം ഉത്തരവാദിത്വബോധം ഉള്ളതാണെന്ന് സര്‍ഗ്ഗ റോയിയിലൂടെ വായനാലോകം തിരിച്ചറിഞ്ഞതാണ് . എസ് കെ പൊറ്റക്കാടിനെപ്പോലുള്ള പ്രതിഭകള്‍ തെളിച്ചിട്ട സഞ്ചാര സാഹിത്യ പാത കെ എ ബീനയിലൂടെ കടന്നു ഇങ്ങേതലയില്‍ സര്‍ഗ്ഗാ റോയിയില്‍ എത്തിനില്‍ക്കുമ്പോള്‍ സഞ്ചാര സാഹിത്യം വളരെ പുരോഗമിച്ചിരിക്കുന്നു എന്ന് കാണാം . പതിവായി വായിക്കുന്ന പുണ്യ ക്ഷേത്ര ദര്‍ശന കാഴ്ചകള്‍ അല്ല അവ എന്നത് സന്തോഷം നല്‍കുന്ന സംഗതിയാണ് .
മികച്ച സഞ്ചാര സാഹിത്യ കൃതിക്ക് 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ( മരുഭൂമിയുടെ ആത്മകഥ) ഒരു എഴുത്തുകാരന്‍ ആണ് "വി മുസഫര്‍ അഹമ്മദ്." മലപ്പുറം ജില്ലയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായി പതിമൂന്നു കൊല്ലം സൌദി അറേബ്യയില്‍ ജീവിച്ച കാലഘട്ടത്തില്‍ നടത്തിയ മരുഭൂമിയിലൂടെയുള്ള യാത്രകളുടെ അനുഭവങ്ങള്‍ ആണ് "മരുമരങ്ങള്‍ "എന്ന പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത് . വളരെ മനോഹരമായ ഭാഷയില്‍ ദുരൂഹതകള്‍ അവശേഷിപ്പിക്കാതെ ഒരു പത്രക്കാരന്റെ കണ്ണുകളിലൂടെ യാത്രയെ അവലോകനം ചെയ്യുന്ന ഈ കൃതി മരുഭൂമിയുടെ വന്യ സൗന്ദര്യം അതേപോലെ ഒപ്പിയെടുത്തു വായനക്കാരന് സമ്മാനിക്കുന്നു . ചരിത്രത്തിന്റെ ഇടനാഴിയില്‍ മനുഷ്യവംശത്തിന്റെ പലായനത്തിനും അതിജീവനത്തിനും സംസ്കാരത്തിനും അവശേഷിപ്പുകള്‍ അധികമൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ല . വളരെ തുശ്ചമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചു മറ്റെല്ലാം അനുമാനങ്ങളിലൂടെ കണ്ടെത്താന്‍ അപേക്ഷിച്ച് അത് മറവിയില്‍ മറഞ്ഞു നില്‍ക്കുകയാണ് .
സൗദി അറേബ്യയില്‍ ജീവിച്ചു അവിടത്തെ കാഴ്ചകള്‍ അടയാളപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും കടന്നു വരികയും ആവര്‍ത്തനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു വസ്തുതയാണ് ഇസ്ലാം മതവും നബി ചരിതവും അതിന്റെ കഥഉപകഥ വിവരണങ്ങളും . പക്ഷെ മരുമരങ്ങള്‍ എന്തുകൊണ്ടോ അതില്‍ നിന്നും വ്യെത്യസ്തമായി ചരിത്രത്തിന്റെ അടയാളങ്ങളെ തിരഞ്ഞു പോകുകയാണ് ഉണ്ടായത് . തന്റെ ചുറ്റുപാടില്‍ കാണുന്ന ജീവിതങ്ങളും അവരുടെ സ്പന്ദനങ്ങളും ഒപ്പം മരുഭൂമിയുടെ ആത്മാവും മുസഫര്‍ അഹമ്മദ് തൊട്ടറിയാന്‍ ശ്രമിക്കുകയായിരുന്നു . അതിന്റെ ഫലമോ വളരെ നിഗൂഡമായ മരുഭൂമിയെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍ക്ക് പോലും ഒന്ന് കാണാനും അനുഭവിക്കാനും അദമ്യമായ ആഗ്രഹം ജനിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു ഈ കൃതിയില്‍ .
ബദുക്കളുടെ ജീവിതവും കാഴ്ചപ്പാടുകളും എത്ര കൃത്യമായാണ് ഇതില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് . സ്ത്രീകള്‍ക്ക് സമത്വം ലഭിക്കാതെ ഇരുളില്‍ ഒളിപ്പിക്കുന്ന നഗര ജീവിതത്തില്‍ നിന്നും എത്രയോ അകലെയാണ് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ബദുക്കള്‍ ജീവിക്കുന്നത് . ടാങ്കര്‍ പോലുള്ള വാഹനങ്ങള്‍ ഓടിക്കുന്നവരും , വര്‍ക്ക് ഷോപ്പ് നടത്തുന്നവരും തുടങ്ങി പൊതുജീവിതത്തിലെ എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്ന ബദു സ്ത്രീകളെ സൗദി അറേബ്യയില്‍ തന്നെ കാണാനും പകര്‍ത്താനും കഴിയുമ്പോള്‍ ചരിത്രത്തെ വികലമാക്കുന്നവര്‍ക്ക് ഒരുപാട് തിരുത്താന്‍ ഇനിയും ബാക്കിയാണ് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അത് . 450 വര്‍ഷം പഴക്കമുള്ള ചാഡ് വംശജരുടെ പാലായനത്തിന്റെ അടയാളങ്ങള്‍ മാത്രമല്ല 3500 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്ര ശേഷിപ്പുകളും ഈ യാത്രയില്‍ വായനക്കാരെ കാത്തിരിക്കുന്നുണ്ട് . സൗദി അറേബ്യ എന്ന രാജ്യത്തിന്റെ പുറം കാഴ്ചകള്‍ അല്ല ഉള്‍ക്കാടുകളുടെ (മണല്‍) മാസ്മര സൌന്ദര്യമാണ് വായനക്കാരനെ ഭ്രമിപ്പിക്കുക . ബഹറിന്‍ , അബുദാബി തുടങ്ങിയ ഇടങ്ങളിലെ മണല്‍ക്കാടുകളും വിവരങ്ങളും കൂടി ഇവയില്‍ ഉള്‍പ്പെടുന്നുണ്ട് . റോഹങ്ക്യന്‍ അഭയാര്‍ഥികളെ ആന്തമാന്‍ ദ്വീപില്‍ വച്ച് കണ്ടു മുട്ടുന്നതും കര്‍ണ്ണാടകയില്‍ പക്ഷി സങ്കേതത്തില്‍ കണ്ട കാഴ്ചകളും കൂടി ഉള്‍പ്പെടുന്നുണ്ട് എങ്കിലും സിംഹഭാഗവും ഈ കൃതി പങ്കു വയ്ക്കുന്നത് സൗദി അറേബ്യന്‍ മണലാരണ്യ കാഴ്ചകള്‍ തന്നെയാണ് . പച്ചപ്പും ഗാഫ് മരങ്ങളും ഒട്ടകങ്ങളും മാനുകളും ഒക്കെ ചേര്‍ന്ന് കേട്ട് കേള്‍വിയില്ലാത്ത ഒത്തിരി കാഴ്ചകള്‍ മരുമരങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്നുണ്ട് . ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ മനസ്സിലെങ്കിലും അവിടേയ്ക്ക് ഒരു യാത്ര ആഗ്രഹിച്ചു പോകും എന്നതാണ് ഇതിന്റെ ഭാഷയുടെ ഭംഗി . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല
Saturday, September 16, 2017
നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം ........സാറാതോമസ്
Monday, September 11, 2017
പ്രെയ്സ് ദി ലോഡ് ......... സക്കറിയ
പ്രെയിസ് ദി ലോര്‍ഡ് (നോവല്‍)
സക്കറിയ
ഡി സി ബുക്സ്
വില : 20 രൂപ
മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാര്‍ മാത്രമാണ് ധിഷണാപരമായ നിലപാടുകളിലൂടെ എപ്പോഴും സമൂഹത്തില്‍ തലയുയര്‍ത്തി നിന്നിട്ടുള്ളൂ. സക്കറിയ അതില്‍ ഒരാള്‍ ആണ് . നിലപാടുകള്‍ വ്യക്തമായ് പ്രദര്‍ശിപ്പിക്കുകയും ഒഴുക്കില്‍ പെട്ടുപോകുകയും ചെയ്യാന്‍ വിസമ്മതിക്കുന്ന ചുരുക്കം പേരില്‍ ഒരാള്‍ . സക്കറിയയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല മലയാളി വായനക്കാര്‍ക്ക് എന്നതിനാല്‍ ആ ഒരു സാഹസത്തിലേക്ക് കടക്കുന്നുമില്ല. നോവല്‍ സാഹിത്യത്തില്‍ ദീര്‍ഘവും ഹൃസ്വവും ആയ അനവധി സംഭാവനകള്‍ ഇന്നേവരെ ലഭ്യമാണ് മലയാളത്തില്‍ . ആശയപരമായ , ശൈലീപരമായ , വിഷയാവതരണസംബന്ധിയായ പല കാരണങ്ങള്‍ കൊണ്ട് അവ സ്വീകരിക്കുകയും തള്ളപ്പെടുകയും ചെയ്തിട്ടുമുണ്ട് . പലപ്പോഴും പുതിയകാല എഴുത്തുകാര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷയമാണ് താന്‍ എന്തിനെക്കുറിച്ച് എഴുതണം എന്നത് . അവരില്‍ വായന എന്നത് വെറും കാട്ടിക്കൂട്ടലുകള്‍ ആകുന്നു. സമയമില്ലായ്മ എന്ന ഒഴിവുകഴിവുകളില്‍ അവര്‍ വായനയെ കുഴിച്ചുമൂടുകയും നിരന്തരം അവരുടെ അക്ഷരങ്ങളെ ആരും വായിക്കുന്നില്ല എന്ന് പരിഭവപ്പെടുകയും വായന മരിച്ചു എന്ന് നിലവിളിക്കുകയും ചെയ്യുന്നുണ്ട് .
“പ്രെയിസ് ദി ലോര്‍ഡ്” എന്നത് “സക്കറിയ”യുടെ ഒരു കുഞ്ഞു നോവല്‍ ആണ് . ഈ നോവലിന്റെ പരിസരം റബ്ബര്‍ മണമുള്ള മധ്യകേരളത്തിന്റെ ഏതോ ഉള്‍നാടന്‍ പ്രദേശമാണ് . ഇതിലെ കഥാപാത്രങ്ങള്‍ പുറംലോകത്തിന്റെ മോഡികളോ കാപട്യങ്ങളോ ഉള്ളവര്‍ അല്ല . മനുഷ്യരുടെ പച്ചയായ വികാരവിചാരങ്ങളെ അതേപടി നോവലിസ്റ്റ് ഇവിടെ പകര്‍ത്തി വച്ചിരിക്കുന്നു . ഈ നോവല്‍ വെറും രണ്ടു ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞവയാണ് . സംഭവബഹുലമായ രണ്ടു ദിവസങ്ങള്‍ ഒരു കുടുംബത്തില്‍ നടക്കുന്നതിനെ വളരെ സരസമായി പറയുന്ന ഈ നോവല്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാന്‍ തോന്നിക്കുന്ന അത്ര ലളിതവും മനോഹരവുമായി പറഞ്ഞിരിക്കുന്നു . വിരസതയില്ലാത്ത വായന നല്‍കുന്ന കഥയാണ് നോവലിന്റെത് . ഭാര്യയും കുട്ടികളുമായി അലസം സുഭിക്ഷം സമാധാനത്തോടെ കഴിയുന്ന നായകന്‍ തന്റെ കൂട്ടുകാരന്റെ വരവോടെ മനസ്സമാധാനം നഷ്ടപ്പെടുന്നതാണ് തുടക്കം . കളിക്കൂട്ടുകാരനായ വക്കീല്‍ സ്നേഹിതന്‍ ഒരു ദിവസം വരുന്നത് ഒരു ആവശ്യവുമായാണ് . ഡല്‍ഹിയില്‍ നിന്നൊരു പ്രണയജോഡി വരുന്നു ഒന്ന് രണ്ടു ദിവസത്തേക്ക് അവരെ ഒളിവില്‍ താമസിപ്പിക്കണം . ഒരുപാട് സാഹസത്തിലൂടെ അവിടെ നിന്നും നാട്ടില്‍ എത്തിയ അവര്‍ ഏതെങ്കിലും ധ്യാനകേന്ദ്രത്തില്‍ വച്ചു വേണം വിവാഹം കഴിക്കാന്‍ എന്ന വാശിയില്‍ ആണ് നാട്ടില്‍ എത്തിയിരിക്കുന്നത് .അവളാകട്ടെ ഒരു പടി കൂടി മുന്നില്‍ വന്നിട്ട് ലിവിംഗ് ടുഗതര്‍ മതി എന്ന നിലപാടിലാണ്. രണ്ടുപേരും കൃസ്ത്യാനികള്‍ ആണെങ്കിലും രണ്ടു തട്ടിലുള്ളതായതിനാല്‍ വീട്ടുകാരുടെ സമ്മതം ഇല്ല.
ജീവിതത്തില്‍ ഇതുവരെ സിനിമയിലും കഥകളിലും മാത്രം കേട്ടും കണ്ടും പരിചയമുള്ള പ്രണയജോഡികളെ നേരില്‍ കാണാന്‍ കഴിയുന്ന ത്രില്ലില്‍ അയാള്‍ കൂട്ടുകാരനോട് സമ്മതം മൂളുന്നു താമസിപ്പിക്കാന്‍ . അവരെ തേടിനടക്കുന്ന ഗുണ്ടകളെ നേരിടാന്‍ തോക്കുപയോഗിക്കാന്‍ അറിയില്ലെങ്കിലും അതു എടുത്ത് ചൂണ്ടാം എന്ന ആത്മവിശ്വാസത്തോടെ കൂട്ടുകാരനോട് അവരെ കൊണ്ടുവരാന്‍ പറയുന്നു . അവരെത്തി. അവരുടെ പ്രണയഭാവങ്ങളും രീതികളും കൌതുകത്തോടെ നോക്കിക്കാണുന്ന അയാളും ഭാര്യയും വളരെ നിര്‍മലമായ ഒരു കാഴ്ചയാണ് വായനക്കാരില്‍ ഉണ്ടാക്കുക. അവരെ ഒന്നിച്ചുറങ്ങാന്‍ വിട്ടെങ്കിലും ആകാംഷയോടെ അയാള്‍ രാത്രിയില്‍ അവരെ പോയി നോക്കുകയും തിരിഞ്ഞു കിടന്നുറങ്ങുന്ന അവരെ കണ്ടു അയാള്‍ ആശ്വാസത്തോടെ തിരികെ വരികയും ചെയ്യുന്നുണ്ട്.. രാത്രിയില്‍ അവരെ തേടി ഗുണ്ടകളും കാമുകന്റെ രക്ഷിതാക്കളും വരുമ്പോള്‍ അയാള്‍ അവരെ രണ്ടുപേരെയും വിളിച്ചുണര്‍ത്തുന്നതും അവളുടെ ലോലവസ്ത്രങ്ങള്‍ക്കുള്ളില്‍ നഗ്നത കണ്ടു വെളിച്ചം അണച്ച് അയാള്‍ പതറുന്നതും തട്ടിന്മുകളില്‍ കയറ്റുന്നതും ആ സമയം ആ പെണ്‍കുട്ടിയെ എടുത്തുയര്‍ത്താന്‍ കഴിയുന്ന സുഖം അയാള്‍ ആസ്വദിക്കുന്നതും വളരെ രസാവഹമായ അവസ്ഥകള്‍ ആയി വായിച്ചുപോകാന്‍ കഴിയും. ഇതിനു കാരണമായി അയാള്‍ ആത്മഗതം ചെയ്യുന്നത് തന്റെ ഭാര്യയെ ഇത്ര കാലം കഴിഞ്ഞിട്ടും പകല്‍ വെളിച്ചത്തില്‍ നഗ്നത കാണണോ ഭോഗിക്കാനോ അവള്‍ അനുവദിക്കുകയോ കഴിയുകയോ ചെയ്തിട്ടില്ല എന്നാണു . ഗുണ്ടകളും ആയി വന്നിറങ്ങിയ അവരോടു സംസാരിച്ചു നില്‍ക്കാന്‍ പ്രതിരോധിക്കാന്‍ പാടുപെടുന്ന അയാളെ അത്ഭുതപ്പെടുത്തി അയാളുടെ ഭാര്യ അവരേ നേരിടുന്നത് ശരിക്കും ശ്രദ്ധേയമായ ഒരു സംഗതി ആണ് . ഒടുവില്‍ അവര്‍ തിരച്ചില്‍ നടത്താതെ തിരികെ പോകുന്നു . പിറ്റേന്ന് രാവിലെ അവരെ തിരികെ കൂട്ടുകാരന്‍ കൂട്ടിക്കൊണ്ടു വാഗമണില്‍ മറ്റൊരു ധ്യാനകേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു . പിന്നീട് കടുത്ത മതബോധത്തില്‍ നിന്നുകൊണ്ട് കാമുകന്‍ കാമുകിയെ വിട്ടു വീട്ടുകാരോട് ചേര്‍ന്ന് എന്ന അറിവില്‍ നോവല്‍ അവസാനിക്കുന്നു .
ഗ്രാമീണ സംഭാക്ഷണങ്ങളും പരിസരങ്ങളും ഒക്കെ ചേര്‍ന്ന് വളരെ നല്ലൊരു നോവല്‍ ആയിരുന്നു സക്കറിയ നല്‍കിയത് . മനുഷ്യ ബന്ധങ്ങളുടെ , മതത്തിന്റെ ഒക്കെ ജീവിതത്തോടുള്ള ഇടപെടലുകളും സാമൂഹ്യ പരിസരങ്ങളും അടയാളപ്പെടുത്താന്‍ സക്കറിയക്ക് കഴിഞ്ഞിരിക്കുന്നു ഈ നോവലില്‍ . തൊണ്ണൂറു കാലഘട്ടത്തില്‍ ഇരുന്നുകൊണ്ട് ലിവിംഗ് ടുഗതര്‍ എന്ന ചിന്തയെ മുന്നിലേക്ക് കൊണ്ട് വരാന്‍ കഴിഞ്ഞ ദീര്‍ഘ വീക്ഷണവും മതം എക്കാലവും എല്ലാ പ്രായത്തിലും മനുഷ്യനെ എത്ര ദുര്‍ബ്ബലന്‍ ആക്കുന്നു ബന്ധങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും അതില്‍ നില്‍ക്കാന്‍ ശ്രമിക്കുമ്പോഴും എന്നതുമൊക്കെ വളരെ ആഴത്തില്‍ വായനക്കാരനെ എഴുത്തുകാരുടെ ചിന്ത കാലദേശങ്ങളില്‍ ഒതുങ്ങുന്നതല്ല എന്ന ധാരണയില്‍ എത്തിക്കാന്‍ സാധിക്കും.
ആശംസകളോടെ ബി. ജി. എന്‍ വര്‍ക്കല
Sunday, September 10, 2017
പൂക്കാതെ പോയ വസന്തം.................സഹര്‍ അഹമ്മദ്
Saturday, September 9, 2017
ആകാശത്തിന് ചുവട്ടില്‍ ..........എം മുകുന്ദന്‍
എം മുകുന്ദന്‍
ഡി സി ബുക്സ്
വില . 28 രൂപ
മലയാളസാഹിത്യത്തിലെ പ്രധാനപ്പെട്ട സാഹിത്യകാരുടെ പേരുകള്‍ എടുക്കുമ്പോള്‍ അവയില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് നില്‍ക്കുന്ന വ്യെക്തിയാണ് എം മുകുന്ദന്‍ . വായിച്ചു പോകുന്നവയില്‍ നിന്നും മാറി വായിച്ചവ ഓര്‍മ്മിച്ചു വയ്ക്കുന്ന കാലത്തേക്ക് വായനക്കാര്‍ സഞ്ചരിച്ച കാലഘട്ടം കൂടിയാണ് മുകുന്ദനും സേതുവും പെരുമ്പടവും ഒ വി വിജയനും മാധവിക്കുട്ടിയും ബഷീറും എം ടിയും ഒക്കെ നട്ട് നനച്ച മലയാളസാഹിത്യ ലോകം . അതിനു ശേഷം മുന്നോട്ടു വരുമ്പോഴും ഇത്രയും സൗഭഗവും ആനന്ദദായകവുമായ വായനാലോകം ഒരുക്കുവാന്‍ കഴിയാത്ത ഒരു ആള്‍ക്കൂട്ടമായി എഴുത്തുകാര്‍ മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത് . ഒരുപക്ഷെ എഴുപതു എണ്‍പതുകള്‍ക്ക് ശേഷം മലയാള സാഹിത്യം പുതിയ ഒരു സത്വം തേടുന്ന കാഴ്ച ആണത് എന്ന് പറയാം . പരീക്ഷണങ്ങളുടെ കാലം കൂടിയാണിത് . ഇത്തരം ഒരു കാലത്ത് നിന്നുകൊണ്ട് മുകുന്ദന്റെ ആകാശത്തിനു ചുവട്ടില്‍ വായിക്കുമ്പോള്‍ സാഹിത്യത്തിലെ മാറ്റങ്ങള്‍ ഭാഷയിലും ശൈലിയിലും ഒക്കെ പ്രകടമായ കാഴ്ചകള്‍ വായനക്കാരന് ഒപ്പിയെടുക്കാന്‍ കഴിയുന്നുണ്ട് വളരെ എളുപ്പത്തില്‍. മയ്യഴിയില്‍ ജനിച്ച മുകുന്ദന്‍ മയ്യഴിപ്പുഴയും കടന്നു ഡല്‍ഹിയിലെത്തുന്ന വിശാലത ഓരോ വായനയിലും ഉണ്ടാകുന്നുണ്ട് . ഇടയില്‍ മാജിക്കല്‍ റിയലിസം പരീക്ഷിച്ച ആദിത്യനും രാധയും മറ്റു ചിലരും മലയാള സാഹിത്യത്തിനു കിട്ടിയ വലിയൊരു സമ്മാനം തന്നെയായിരുന്നു എന്ന് കാണാം .
എന്താണ് ആകാശത്തിന് ചുവട്ടില്‍ എന്ന നോവല്‍ എന്ന് പരിശോധിക്കാം . ദിനേശന്‍ എന്ന വ്യെക്തിയുടെ ജീവിതം കുട്ടിക്കാലം മുതല്‍ യൌവ്വനം വരെ വരച്ചു കാട്ടുന്ന ഒരു പുസ്തകം ആണ് ഈ നോവല്‍ . ഇതിന്റെ ആമുഖമായി പ്രസാധകര്‍ പറയുന്ന ഒരു വാചകം ആധുനിക മലയാള നോവല്‍ സാഹിത്യത്തിലെ ഒരു മാതൃക ശില്പമായി കണക്കാക്കപ്പെടുന്ന നോവല്‍ ആണ് ഇത് എന്നാണു. 1994ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ എങ്ങനെയാണ് മാതൃക ആകുന്നതു എന്ന് പരിശോധന കൂടിയാണ് ഈ നോവലിന്റെ വായന തിരഞ്ഞെടുത്തതിന്റെ ലക്‌ഷ്യം. ആധുനിക മലയാള സാഹിത്യത്തിനെ വായിച്ചുകൊണ്ട് പഴയ മലയാളവും പുതിയ മലയാളവും താരതമ്യം ചെയ്യുന്നത് തികച്ചും രസാവഹമായ ഒരു കാര്യമാണെങ്കില്‍ കൂടി ആകാശത്തിന് ചുവട്ടില്‍ എന്ന നോവലിനെ പരിചയപ്പെടുത്തുക മാത്രം ആണ് കടമ എന്നത് മനസ്സിലൂന്നി നോവലിലേക്ക് കടക്കുന്നു .
സാധാരണ കുട്ടികളില്‍ നിന്നും വിഭിന്നനായ ഒരു കുട്ടിയായാണ് ദിനേശന്‍ വളര്‍ന്നു വരുന്നത് . അമ്മയും അച്ഛനും ചേട്ടനും ചേച്ചിയും മുത്തശ്ശിയും ജാനു എന്ന വേലക്കാരിയും അടങ്ങിയ വീട്ടിലെ ഏറ്റവും ഇളയവന്‍ . പ്രായത്തിനു നിരക്കാത്ത പക്വതയും ശാന്തതയും ആണ് ദിനേശന്റെ മുഖമുദ്രയായി കുട്ടിക്കാലത്തു അടയാളപ്പെടുത്തുന്നതു . അതിനാല്‍ത്തന്നെ വേലക്കാരി ജാനകിയെ അവനു കെട്ടിച്ചു കൊടുക്കാമെന്ന തമാശയില്‍ പോലും അവന്റെ ഗൌരവം പാറക്കല്ല് പോലെ അമര്‍ത്തിപ്പിടിക്കുന്നത് വായനക്കാര്‍ കൌതുകപൂര്‍വ്വം നോക്കിക്കടന്നു പോകും . ക്ലാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങുകയും ചേട്ടന്‍ രാജനെ പ്പോലെ അധികപ്രസംഗിയും തല്ലുകൊള്ളിയും അല്ലാതെ വളരുകയും ചെയ്യുന്ന ദിനേശന് ഒരു കൂട്ടുകാരന്‍ ഉണ്ട് നാരായണിയുടെ മകന്‍ ആയ മോഹനന്‍ . ഒരു പനിക്കാലത്ത് മോഹനന്‍ മരിച്ചുപോകുന്നതോടെ ദിനേശന്‍ എന്ന കുട്ടി ലോകത്ത് ഒറ്റപ്പെടുകയാണ് എന്ന പ്രതീതി അവനില്‍ ഉണ്ടാകുന്നു . കളിക്കൂട്ടുകാരിയായ വസന്തയോ ജാനകിയോ അമ്മയോ അച്ഛനോ മുത്തശ്ശിയോ ഒന്നും തന്നെ അവന്റെ ശ്രദ്ധയെ ആകര്ഷിക്കാണോ അവനില്‍ സ്വാധീനം ചെലുത്തുവാനോ കഴിയാത്ത വണ്ണം അവന്‍ തന്റെ ലോകത്ത് ഒതുങ്ങിക്കൂടുന്നു . പഠനം മാത്രം അവന്‍ ഫോക്കസ് ചെയ്യുകയും മറ്റെല്ലാം അവനില്‍ നിന്ന് അകലുകയും ചെയ്യുന്നു . ഉറക്കമില്ലാത്ത , വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഭക്ഷണം കഴിക്കാത്ത ദിനേശന്‍ ദിനം പ്രതി മെലിഞ്ഞു വരികയാണ് .
മക്കളോട് പ്രതിപത്തി ഇല്ലാത്ത അവരെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത അച്ഛനും അടുക്കളയില്‍ മരിച്ചു പോകുന്ന ശബ്ദമാകുന്ന അമ്മയും ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളെ എത്രകണ്ട് ഭീതിയിലേക്കും നാശത്തിലേക്കും തള്ളിയിടും എന്നതിന് ഉദാഹരണം ആണ് ദിനേശന്‍ . ലോകത്തോട് മുഴുവന്‍ നിശബ്ദത പാലിച്ചുകൊണ്ട് തന്റെ ലോകത്ത് ജീവിക്കുന്ന ദിനേശന്‍ ജാനകിയുടെ കന്നിമാസത്തിലെ രാത്രി മറവിന്റെ അവസരം എന്നില്‍ കാമം ഇല്ല എന്ന മൌന സന്ദേശത്തോടെ നിഷ്ക്രിയനായി ഉറങ്ങിയും , ശരീരഗന്ധത്തിന്റെ ഭ്രമിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും വസന്തയോടുള്ള എന്നില്‍ പ്രണയമില്ല എന്ന പ്രതീകാത്മക നിസംഗതയോടും സംവദിക്കുകയാണ് ആ യുവാവ്/, മറ്റുള്ളവരുടെ പ്രതീക്ഷകളെ എപ്പോഴും തകര്‍ക്കുക എന്ന ദിനേശന്റെ രീതി മെട്രിക്കുലേഷന്‍ പരീക്ഷയുടെ ടെസ്റ്റില്‍ ആദ്യമായി എല്ലാ വിഷയങ്ങള്‍ക്കും തോറ്റ്കൊണ്ട് ദിനേശന്‍ അനുവര്‍ത്തിക്കുന്നു . തുടന്നു ദിനേശന്‍ എന്ന കൌമാരക്കാരന്‍ യുവത്വത്തിലേക്ക് നടക്കുകയാണ് . കീറിപ്പറിഞ്ഞ ഷര്‍ട്ടും അഴുക്കും പൊടിയും നിറഞ്ഞ മുണ്ടും കാടുപിടിച്ച മുടിയും കുണ്ടിലേക്ക് ആണ്ട കണ്ണുകളും ആയി കൂനിക്കൂടി നടക്കുന്ന ദിനേശന്‍ എന്ന എകാകിയെ ആണ് നാം ഒടുവില്‍ കാണുന്നത് . സ്വയം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളിലൂടെ അയാള്‍ ഉറങ്ങി ഉണരുന്ന ദിനരാത്രങ്ങള്‍ . മരിച്ചു പോയ സ്നേഹിതന്‍ മോഹനനെ മണ്ണില്‍ നിന്നും പുനസൃഷ്ടി നടത്തിക്കൊണ്ടു വരികയും അവന്റെ അമ്മയുമായി കൂട്ടിമുട്ടിച്ചു അവരുടെ ആനന്ദം കണ്ടു സന്തോഷിക്കുകയും ചെയ്യുന്ന ദിനേശന്‍ . സ്വയം ഒരു കൂട്ടുകാരിയെ സൃഷ്ടിച്ചു അവളുമായി ചുറ്റിയടിക്കുന്ന ദിനേശന്‍ , തന്റെ പെങ്ങളെയും ജാനകിയും പരസ്പരം മാറ്റി വച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന ദിനേശന്‍ .. അങ്ങനെ ദിവാസ്വപ്നങ്ങളുടെ ചിറകില്‍ ഒരു ലഹരിയും ഉപയോഗിക്കാതെ ലഹരിയില്‍ മുഴുകുന്ന ദിനേശന്‍ ഒരു മഴയുള്ള രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയില്‍ കടപ്പുറത്ത് ഒറ്റക്കിരുന്നു നനയുകയാണ് . മകനെ കാണാതെ തേങ്ങുന്ന ഒരമ്മയുടെ ദുഃഖം വായനക്കാരനെ നോവിക്കുന്ന വിധത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നുണ്ട് . രാത്രിയില്‍ അച്ഛന്‍ തിരഞ്ഞു പോയെങ്കിലും കണ്ടെത്തിയില്ല . പിറ്റേന്ന് നാട്ടുകാരും വീട്ടുകാരും തിരഞ്ഞു ഒടുവില്‍ കണ്ടെത്തി തിരികെ കൊണ്ട് വരുന്ന ദിനേശനെ കോപത്തോടെ അച്ഛന്‍ മര്‍ദ്ദിക്കുകയും ഒരു കൊച്ചു മുറിയില്‍ അടച്ചു നാട്ടുകാരോട് അവനു ഭ്രാന്ത് ആണെന്ന് പറയുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുന്നു . തനിക്കല്ല ഭ്രാന്ത് ലോകത്തിനു ആണ് എന്ന ദിനേശന്റെ മൗനപ്രതികരണത്തോട് വായനക്കാരന്‍ സമ്മതം രേഖപ്പെടുത്തുമ്പോള്‍ ആകാശത്തിന് ചുവട്ടില്‍ എന്ന നോവല്‍ പൂര്‍ണ്ണമാകുന്നു .
ഭാഷയുടെ ലാളിത്യം , ഗ്രാമീണത എന്നിവ മുകുന്ദന്റെ രചനകളെ എപ്പോഴും മാറ്റിനിര്‍ത്തി വായിപ്പിക്കുന്ന ഒരു ഘടകമാണ് . ഇവിടെയും ആ പതിവ് തുടരുന്നത് കാണാം . വായനയില്‍ രസാവഹമായി തോന്നിയ ഒരു വസ്തുത എടുത്തു പറഞ്ഞു ഈ വായന അവസാനിപ്പിക്കാം .ചില കാര്യങ്ങള്‍ നാം ഭാഷയില്‍ പറയാന്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഉറപ്പിനോ പ്രാധാന്യത്തിനോ വേണ്ടി ആവര്‍ത്തിച്ചു പറയുക സാധാരണം ആണ് . ഇതേ രീതിയില്‍ ഒരു ശൈലി മുകുന്ദന്‍ ഇതില്‍ ഉപയോഗിക്കുന്നുണ്ട് .
കരയാന്‍ തുടങ്ങി . കണ്ണു ചുവന്നു , കവിള് നനഞു .
ജാനകിയും രാധയും ചിരിച്ചു അമ്മമ്മയും ചിരിച്ചു രാജനും ചിരിച്ചു
കാക്ക കരയുന്നതിനു മുന്‍പ് കുട്ടികള്‍ പഠിക്കാന്‍ തുടങ്ങിയിരുന്നു . കോഴി കൂവുന്നതിനു മുന്‍പ് പഠിക്കാന്‍ തുടങ്ങിയിരുന്നു .
ദോശ തിന്നു , പഴം തിന്നു ചായയും കുടിച്ചു.
കോഴിച്ചോര വായിലൂടെ ഒഴുകി . തറയിലൂടെ ഒഴുകി അമ്പല മുറ്റത്തൂടെ ഒഴുകി
തുടങ്ങിയ രീതികള്‍ ചലച്ചിത്രം കാണും പോലെ ഒരു കാഴ്ച്ചയെ ഉറപ്പിച്ചു നിര്‍ത്താന്‍ ഉള്ള പരത്തിപ്പറയല്‍ പോലെ അനുഭവപ്പെട്ടു . ഒരു ദൃശ്യത്തെ മനസ്സിലേക്ക് ആഴത്തില്‍ പതിപ്പിക്കുന്ന ഈ രീതി അധികം വായിച്ചു കണ്ടിട്ടില്ല എന്നതിനാല്‍ ഇത് എടുത്തുപറയേണ്ടത് ആണെന്ന് തോന്നുന്നു .
വായനകള്‍ എല്ലാക്കാലത്തെക്കും ഒരുപോലെ ആസ്വദിക്കപ്പെടാന്‍ വേണ്ടിയുള്ളത് ആണെന്ന് ഇന്നത്തെ പുതിയ എഴുത്തുകാര്‍ മനസ്സിലാക്കുവാന്‍ പഴയ എഴുത്തുകാരെ ഇടക്കെങ്കിലും ഓര്‍മ്മിക്കുകയും വായിക്കുകയും ചെയ്യുന്നത് നന്നായിരിക്കും . ആശംസകളോടെ ബി. ജി . എന്‍ വര്‍ക്കല
ഇരു ലോകങ്ങളിൽ അവർ. ..
അവൾക്ക് മഴ ഇഷ്ടമായിരുന്നു.
ഒരിക്കൽ ,ഒരു മഴയുള്ള രാത്രിയുടെ മധ്യത്തിൽ അവൾ അവനെ വിളിച്ചു.
ഒരു വീഡിയാ കോളിനു ഇരുപുറവും അവർ ചിരിയോടെ ഉറക്കമിളച്ചിരുന്നു.
"നിനക്ക് മഴ കാണണ്ടേ."
ഇടയ്ക്കവൾ ചോദിച്ചു. ...
മരുഭൂമിയുടെ ചൂടിലിരുന്നു അവൻ വേണം എന്നു പറയാതിരിക്കുന്നതെങ്ങനെ.
ജാലക വാതിലുകൾ തുറന്നിട്ടു അവൾ മഴ കാട്ടിത്തന്നു. മഴയുടെ ശബ്ദം അവൻ ആസ്വദിക്കുകയായിരുന്നു അവൾ മഴയെ വരവേൽക്കാൻ കഴിച്ചിരുന്ന, വിസ്കിയുടെ ലഹരിപ്പൂക്കൾ ഉന്മത്തയാക്കിയപ്പോൾ ജാലകത്തിനു മുന്നിൽ നിന്നവൾ തന്റെ ഷർട്ടിന്റെ ബട്ടണുകൾ വലിച്ചഴിച്ചു. നഗ്നമായ മാറിലും മുഖത്തും മഴനൂലുകൾ ഇക്കിളിയിടുമ്പോൾ അവൾ ഒരു കൊച്ചു കുട്ടിയെ പോലെ ചിരിക്കുന്നുണ്ടായിരുന്നു. കുളിർന്ന ദേഹവുമായി അവൾ തിരിച്ചു വന്നു. കിടക്കയിൽ വച്ച ലാപ് ടോപ്പിന്റെ അരണ്ട വെളിച്ചത്തിൽ, നനഞ്ഞു കുതിർന്നൊരു രതി ശില്പം പോലെ ലഹരി മയങ്ങുന്ന കണ്ണുകളുമായി അവൾ ഇരുന്നു. നെറ്റിയിൽ നിന്നും ഒഴുകിയിറങ്ങിയ മഴവെള്ളം ചുണ്ടുകൾ തഴുകി മെല്ലെ പ്രായം ഇടിച്ചുതാഴ്ത്തിയ മുലകൾക്കിടയിലൂടെ പുക്കിൾച്ചുഴിയിൽ നിറഞ്ഞു അരക്കെട്ടിലെവിടെയോ മറയുന്ന കാഴ്ച ഒരു വെള്ളിനാരു പോലെ തോന്നിച്ചു . മയങ്ങിയ മിഴികൾ വലിച്ചു തുറന്നു അവൾ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. തണുപ്പു കൊണ്ടവളുടെ മുലഞെട്ടുകൾ എഴുന്നു നില്ക്കുന്നുണ്ടായിരുന്നു. കവിളിൽ ഇടം കൈ താങ്ങി അവളെ കേട്ടും കണ്ടും ഒരു പുഞ്ചിരിയോടെ അവനിരുന്നു. മുന്നിൽ.
ഉച്ചത്തിൽ ഹോൺ മുഴക്കി ഏതോ ട്രെയിൻ പോകുന്ന ശബ്ദം കേൾക്കുന്നു . അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൾ കിടക്കയിൽ കമിഴ്ന്നു കിടന്നു. കൈകൾ രണ്ടും വളച്ചു തലയിണ പോലാക്കി മുഖം അതിൽ ചരിച്ചു വച്ചു അവനെ നോക്കി കിടന്നവൾ മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു. കിടക്കയിൽ അമർന്നു വശത്തേക്ക് തള്ളിയിരിക്കുന്ന മാറിടവും ഉയർന്ന നിതംബവും നഗ്നമായ മുതുകും നിഴൽ വെളിച്ചത്തിൽ ശില്പഭംഗിയാർന്ന ചിത്രം വരച്ചിട്ടതു പോലെ തോന്നിച്ചു . മയങ്ങിപ്പോകുന്ന മിഴികൾ രണ്ടു മൂന്നു വട്ടം വലിച്ചു തുറന്നു അവൾ അവനെ നോക്കി. പിന്നെ എപ്പോഴോ അവൾ ഗാഢനിദ്രയിലേക്കമർന്നു. ഉറക്കത്തിൽ, അവളുടെ ചുണ്ടുകൾ മെല്ലെ പിളർന്നു വന്നു. നിഷ്കളങ്കമായ നിസ്സഹായനായ മനുഷ്യനെ കാണണമെങ്കിൽ അവൻ ഉറങ്ങുമ്പോൾ നോക്കണം എന്നത് എത്ര സത്യമാണ്. രാത്രി വളരെ വളർന്നു. പുലർകാല കോഴിയുടെ ശബ്ദം എവിടെയോ കേൾക്കാം. ഒരു അലർച്ച പോലെ ട്രെയിൻ ഹോൺ മുഴക്കി കടന്നു പോയതും അവൾ കണ്ണു തുറന്നു. ലാപ്പിന്റെ വെളിച്ചം കണ്ണുകളെ പുളിപ്പിച്ചു. അവൾ പണിപ്പെട്ടു കണ്ണുകൾ തുറന്നു നോക്കി. തന്നെത്തന്നെ നോക്കിയിരിക്കുന്ന അവനെ കണ്ടവൾ അത്ഭുതപ്പെട്ടു. ഇത്രയും നേരം തനിക്കു കാവലിരിക്കുകയായിരുന്നവൻ ,എന്ന തിരിച്ചറിവിൽ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് അരയ്ക്ക് മേലേക്ക് താൻ നഗ്നയാണെന്നവൾ തിരിച്ചറിയുന്നത്. ലജ്ജയോടെ പുതപ്പു വലിച്ചെടുത്തു മൂടിക്കൊണ്ട് അവൾ കാൾ കട്ട് ചെയ്തു.
ഒരു നനുത്ത ചിരിയോടെ അവൻ ഉറക്കത്തിലേക്ക് നടന്നു കയറി. ഉറക്കം നഷ്ടമായ അവൾ നഖം കടിച്ചു കൊണ്ടു മോണിറ്ററിലേക്ക് നോക്കിയിരിക്കുകയായിരുന്നു മറുപുറത്തപ്പോൾ ...
.... ബി.ജി.എൻ വർക്കല
Tuesday, September 5, 2017
എന്റെ ഭൂമിയെവിടെ ?
ഒരിടത്തെന്നിലൊരുവനെ
നിങ്ങൾ കൊന്നു തള്ളുന്നു.
മറിടത്തെന്നിലൊരുവനെ
നിങ്ങൾ പലായനം ചെയ്യിക്കുന്നു.
ഒരിടത്തെന്നിലൊരുവനെ
നിങ്ങൾ ശൂലത്തിൽ തറയ്ക്കുന്നു
മറിടത്തെന്നിലൊരുവനെ നിങ്ങൾ
കത്തിച്ചു കളയുന്നു.
ഒരിടത്തെന്നിലൊരുവനെ നിങ്ങൾ
ഭോഗിച്ചു കെട്ടി ഞാത്തുന്നു -
മറിടത്തെന്നിലൊരുവനെ നിങ്ങൾ
ഭോഗിച്ചു തെരുവിൽ വില പറയുന്നു.
ഒരിടത്ത് .....
മറിടത്ത് .......
പറയൂ
ഇതെന്റെ കൂടി ഭൂമിയല്ലേ?
.........ബി.ജി.എൻ
Monday, September 4, 2017
അമ്പലമണി................സുഗതകുമാരി
സുഗതകുമാരി
നാഷണല്‍ ബുക് സ്ടാള്‍
വില : 12 രൂപ
"കവിയായിരുന്നു ഞാനെങ്കിലെന്‍ കദനങ്ങള്‍
കവനങ്ങളായ് മാറിയേനെ!
എന്റെ പ്രേമത്തിനു പകരമായ് കീര്‍ത്തിയും
സമ്പത്തുമുണ്ടാക്കിയേനെ,
സഖീ, നിന്റെ പേരിന തിളക്കം കിലുക്കവും
മതി , വേണ്ട മറ്റെനിക്കൊന്നും . (ലില്ലിക്കു, ഒരു കത്തിന് പകരം )
കവിതകള്‍ ജീവിതത്തെ പകര്‍ത്തുന്നത് വളരെ മനോഹരമായിട്ടാണ് . ഓരോ കവിതകളും അതിന്റെ സൌന്ദര്യം പ്രകടമാക്കുന്നത് വാക്കുകള്‍ കൊണ്ടുള്ള മായാജാലത്താല്‍ ജീവിതത്തെ അതിന്റെ സമസ്തമേഖലകളെയും ചുറ്റുപാടുകളെയും അതിഭാവസാന്ദ്രവും ദീപ്തവുമായി രേഖപ്പെടുത്തുമ്പോള്‍ ആണ് . പല കവികളും ആ സൌഭാഗ്യം വായനക്കാരന് വാരിക്കോരി നല്‍കിയിട്ടുണ്ട് . ഓരോ കവിത വായിക്കുമ്പോഴും അത് പരിചിതമായ് തോന്നുകയും അതില്‍ പറയുന്ന പരിസരങ്ങളെ ചുറ്റുപാടുകളില്‍ നിന്നും വായിച്ചെടുക്കുകയും പലപ്പോഴും ഉള്ളിലെ വിങ്ങലുകള്‍ ഒതുക്കിവച്ച് തന്നെയെങ്ങനെ കവി ഇത്ര നഗ്നമായി പകര്‍ത്തി വച്ച് എന്ന് ആശ്ചര്യം കൊള്ളുകയും ചെയ്യുന്ന അവസ്ഥ സംജാതമാക്കുവാന്‍ കഴിഞ്ഞു പോയ കാലത്തിന്റെ എഴുത്തുകാര്‍ക്ക് കഴിഞ്ഞിരുന്നു . ഇന്നത്തെ കവികള്‍ കവികള്‍ അല്ല എന്നല്ല ഈ പറയുന്നതിന് അര്‍ഥം . ഇന്നത്തെ കവികള്‍ ഈ കാലത്തിന്റെ സ്പന്ദനങ്ങളെ അടയാളപ്പെടുത്തുന്ന ദുര്‍ഗ്രാഹ്യമായ രീതികള്‍ അല്ല അന്നത്തെ വായനകള്‍ നല്‍കുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം . കവിതകള്‍ വായിക്കപ്പെടുക ആ കാലത്ത് ആകുമ്പോള്‍ അതിനു മധുരവും ഓര്‍മ്മകള്‍ സുവ്യെക്തവും ആയിരിക്കുകയും അത് നാളെ വായിക്കുമ്പോള്‍ വായനക്കാരന്‍ ശ്വാസം മുട്ടുകയും ഇരുട്ടില്‍ തപ്പുകയും ചെയ്യേണ്ടി വരും എന്ന് ഇന്നത്തെ എഴുത്തുകാര്‍ക്ക് അറിയില്ല . അവര്‍ ഇന്നില്‍ മാത്രം ജീവിക്കുകയാണ് . ഈ നില്പ്പിനെ മാറ്റി എഴുതുവാന്‍ ശ്രമിക്കുന്ന കുറെ കവികള്‍ പക്ഷെ സോഷ്യല്‍ ഇടങ്ങളില്‍ സജീവമായി ഉണ്ട് എന്നത് ആശ്വാസം നല്‍കുന്നുണ്ട് .
ഓടക്കുഴല്‍ അവാര്‍ഡ് 82 ല്‍ നേടിയ സുഗതകുമാരിയുടെ കവിതാ സമാഹാരം ആണ് അമ്പലമണി. ദീര്‍ഘവും ഹൃസവും ലളിതവും ആയ 38 കവിതകള്‍ കൊണ്ട് സുന്ദരമായ ഒരു സമാഹാരം . വളരെ മനോഹരവും പ്രൌഡവുമായ അവതാരികയാണ് എം ലീലാവതി ഇതിനു കൊടുത്തിരിക്കുന്നത് . ഇതുവരെ വായിച്ച കവിതാസമാഹാരങ്ങളെ കവച്ചു വയ്ക്കുന്ന അവതാരിക . ഒരുപക്ഷെ വായനയുടെ പരിമിതിയില്‍ കാണാതെ പോയതാകാം മറ്റുള്ളവ. അതോ പുതിയകാല അവതാരിക എഴുത്തുകള്‍ ഹ്രസ്വവും പരിമിതമായ സമയ ദൂര പരിധികള്‍ പേറുന്നത് ആകയാലും ആകാം ഈ ദീര്‍ഘമായ അവതാരിക ഒരു സന്തോഷമായി വായിച്ചു പോകുന്നത് .
കവിതകള്‍ എല്ലാം തന്നെ വളരെ മനോഹരമായിരുന്നു . പ്രണയത്തിന്റെ ഉജ്ജ്വലനിമിഷങ്ങള്‍ പ്രദാനം ചെയ്യുന്ന "കൃഷ്ണാ നീയെന്നെയറിയില്ല" എന്ന പ്രശസ്തമായ കവിത ഈ സമാഹാരത്തിലുണ്ട് . ഇതില്‍ വായനയില്‍ ഏറ്റവും ആകര്‍ഷകമായ ഒരു കവിത "സ്ത്രീപര്‍വ്വം" ആണ് . വളരെ വ്യെത്യേസ്തമായ ഒരു പ്രതലത്തില്‍ ആണ് ആ കവിത എഴുതപ്പെട്ടിരിക്കുന്നത് . ശരിക്കും പറയുകയാണെങ്കില്‍ അതൊരു നാടകത്തിന്റെ തലം ആണ് നല്‍കുന്നത് . ജീവിത സായാഹ്നത്തില്‍ എത്തിനില്കുന്ന ഭാര്യയും ഭര്‍ത്താവും ഒരുമിച്ചൊരു യാത്രയുടെ അന്ത്യത്തില്‍ ഭാര്യ തന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ നേരെ ഒരു തിരിഞ്ഞു നോട്ടം നോക്കുകയാണ് . തുടക്കത്തില്‍ തന്നെ ഭര്‍ത്താവ് അസഹ്യനായി പിന്തിരിഞ്ഞു പോകുന്നുവെങ്കിലും അവള്‍ തന്റെ ജന്മഗേഹം നോക്കി കുട്ടിക്കാലം കൌമാരം യൌവ്വനം തുടങ്ങി അവളുടെ ഇന്നത്തെ നില വരെ ഓര്‍ക്കുന്ന ബ്രിഹത്തായ ഒരു കവിത . അതില്‍ ഒരു സ്ത്രീ ജന്മം മുഴുവന്‍ അടങ്ങിയിരിക്കുന്നു . പ്രകൃതിയും ബന്ധങ്ങളും എന്ന് വേണ്ട ഒരു പൂര്‍ണ്ണ സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തിയ കവിതയാണ് അതെന്നു പറയാം .
"ആളൊഴിഞ്ഞപ്പോള്‍ , അടികൊണ്ടൊടിഞ്ഞു തന്‍
മാളത്തിലെത്തുന്ന പാമ്പുപോലെ
ചിറകറ്റുവെങ്കിലും മന്ദമിഴഞ്ഞുതന്‍
ചെറു കൂട്ടിലെത്തും പറവപോലെ
ചാകുവാന്‍... ഈ മണ്ണിലമ്മേ , തലചായ്ച്ചു
ചാകുവാന്‍ ... ഞാനുമൊടുവിലെത്തി.... (സ്ത്രീപര്‍വ്വം) എന്ന് പറയുന്നിടത്ത് അറിയാതെ കണ്ണുകളില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ പൊടിയും വായനക്കാരില്‍ എന്നത് ഒരു തിരിച്ചറിവാണ് .അതുപോലെ തന്നെ പ്രണയത്തിന്റെ പരമമായ അവസ്ഥയിലും തന്റെ ജീവിതവും കുടുംബവും ഉപേക്ഷിക്കാനോ കടമകള്‍ മറക്കാനോശ്രമിക്കാതെ മൌനം പ്രണയത്തെ ആത്മാവില്‍ ഒളിപ്പിചു ജീവിക്കുന്ന കൃഷ്ണന്‍ അറിയാത്ത ഒരു കാമിനിയെ അവതരിപ്പിക്കുന്ന കവിയുടെ രചനാവിലാസം എത്രമനോഹരമാണ് .തന്റെ കുടിലിനു മുന്നില്‍ എത്തുന്ന കണ്ണന്റെ രഥം ഒരുമാത്ര നില്‍ക്കുകയും തന്നിലേക്ക് ആ മിഴികള്‍ വന്നുവീഴുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണമാകുന്ന ആ പ്രണയംപോലെ മനോഹരമായ മറ്റൊരു കാഴ്ച വേറെയില്ലതന്നെ. തന്നെപ്പോലെ ചിന്തിക്കുന്ന ഒരുപാട്പേര്‍ ഈഭൂമിയില്‍ ഉണ്ടാകാം ഏറ്റവും കുറച്ചു ഒരാള്‍ എങ്കിലും ഉണ്ടാകാം എന്ന കവിയുടെ കണ്ടെത്തല്‍ ആണ്" സമാനഹൃദയാനിനക്കായ്പാടുന്നു"എന്ന കവിതയില്‍ കവി പങ്കുവയ്ക്കുന്നത്. സൂര്യന്റെ മകനായ ഫെയ്ത്തോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ പിതൃത്വം തെളിയിക്കാന്‍ സൂര്യനരികില്‍ എത്തുകയും പിതാവില്‍നിന്നും ഒരുദിവസത്തെ തേര് തെളിയിക്കാന്‍ ഉള്ള അനുവാദം നേടിയെടുത്തു നാലു കുതിരകളെ പൂട്ടിയ ആ രഥവുമായി ആകാശഗംഗയില്‍ പായുകയും ചെയ്യുന്ന കഥയെ വളരെ നന്നായി കഥ പറച്ചില്‍ കവിതയില്‍ എങ്ങനെ മനോഹരമാക്കാം എന്ന ഉദാഹരണം ആയി കവി വരച്ചിടുന്നു. ഇന്ദിരാഗാന്ധിയെ ഓര്‍മ്മിക്കുന്ന "പ്രിയദര്‍ശിനി ,നിന്നെ സ്നേഹിച്ചു ഞങ്ങള്‍ "പോലുള്ള കവിതകള്‍ തങ്ങളുടെ കാലത്തെ ജീവിതങ്ങളെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ മിതത്വം നിറഞ്ഞ വാക്കുകളിലൂടെ എങ്ങനെ അത് അവതരിപ്പിക്കാം എന്നൊരു പാഠം കൂടി പുതിയ കവികള്‍ക്ക് നല്‍കുകയാണ് എന്ന് മനസിലാക്കാം .തന്റെകാലത്തിലെ രാഷ്ട്രീയ ,സാമൂഹിക ,പാരിസ്ഥിക വിഷയങ്ങളെ വളരെ തന്മയത്തോടെ കവി രേഖപ്പെടുത്തുന്നു .അതു വായനയില്‍ സുതാര്യവും ഗഹനവുമായ ഒരു ചരിത്രപഠനം കൂടിയാകുന്നു ഭാവിതലമുറയ്ക്ക് .ഒരു കവിയുടെ ജീവിതദൌത്യം പൂര്‍ണ്ണമാകുക ഇത്തരം ഇടപെടലുകളിലൂടെയാകണംഎന്നത് കവി ചൂണ്ടിക്കാണിക്കുന്നു .മരണത്തെ വെള്ള പുതപ്പിച്ചു ശാന്തിയും സമാധാനവും സൌന്ദര്യവും നല്‍കി അവതരിപ്പിക്കുന്നു കവി .
ചെഞ്ചെല വാരിച്ചുറ്റി
ചെമ്പിച്ച മുടി പാറു-
മന്ധയാം, ബധിരയാം
കാലകന്യകയല്ല ( അമൃതം ഗമയ ) എന്ന വരികള്‍ വായിക്കുമ്പോള്‍ ആണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അമംഗള ദര്‍ശിനിയായ് , ബധിരയായി മൂകയായ് അന്ധയായി നിരുപമപിംഗള കേശിനിയായി അവതരിപ്പിക്കുന്ന മരണം സുഗതകുമാരിയില്‍ എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്ന് നാം മനസ്സിലാക്കുന്നത് . അമ്മവാത്സല്യം നിറയെ നിറഞ്ഞു നില്‍ക്കുന്ന കവിതകളും , അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി എഴുതിയ കവിതയും , ഒരു വൃക്ഷത്തെ ചുറ്റിപ്പറ്റി അതിന്റെ ജീവിതത്തെയും കടമകളെയും വിവരിക്കുന്ന "മരത്തിനു സ്തുതി " എന്ന കവിതയും ഒക്കെ കവി ഒരു പ്രത്യേക തലത്തില്‍ മാത്രമല്ല മറിച്ചു സമസ്ത മേഖലയിലും കാലുന്നി നില്‍കുന്ന ഒരു മഹാമേരുവാണ് എന്ന് വായനക്കാരന്‍ ഓര്‍മ്മിക്കുന്ന ഒരു അവസ്ഥ സംജാതമാക്കുന്ന വായന നല്‍കുന്നു .
ഓരോ കവിതയെക്കുറിച്ചും എഴുതുകയാണെങ്കില്‍ അത് ഒരു പുസ്തകമാക്കാന്‍ വേണ്ട വിധത്തില്‍ ഉണ്ട് എന്നതിനാല്‍ വായനക്കാരനെ വായിച്ചു വിധിയെഴുതുവാന്‍ വിടുന്നു . സന്തോഷപൂര്‍ണ്ണമായ ഒരു വായന നല്‍കിയ കവിക്ക് അനുമോദനങ്ങളോടെ ബി. ജി. എന്‍ വര്‍ക്കല
Saturday, September 2, 2017
ഉണക്കമരങ്ങൾ .
ഉണങ്ങി വരണ്ട നിലമുഴാൻ
കാതങ്ങൾ താണ്ടിയൊരുവൻ...!
തൂമ്പായെടുത്തു കിളയ്ക്കും മുന്നേ
കിതച്ചു വീണവനെക്കണ്ടു
ഒന്നു നെടുനീർപ്പിട്ട ഭൂമി
തന്റെ വിധിയോർത്തു കൺ തുടച്ചു.
അനന്തരം ഭൂമിയിങ്ങനെ പറഞ്ഞു.
ഈ ഗ്രീഷ്മം ഒരു ശാപമാണ്.
ഊഷരഭൂമികൾ കാട്ടി
ഇനിയെന്നെ മോഹിപ്പിക്കരുത്.
ഈ വാതിലുകൾ കൊട്ടിയടക്കുന്നു ഞാൻ.
കരുത്തിന്റെ അശ്വവേഗവുമായി
ഒരു കൃഷീവലനെ കാത്ത്
ഞാൻ നിദ്രയിലേക്കമരുന്നു.
തിരികെ നടക്കുമ്പോൾ
അയാൾ തന്റെ കൈവെള്ള നോക്കി.
ശര്യാണ് റോസാദളം പോലത്
ഒരു ഞെട്ടലോടയാളുടെ കൈ
അടിവയറിലേക്ക് താണു പരതി.
പിറകിലെ വാതിലിനപ്പുറം
ഒരsക്കിയ നിശ്വാസം പൊഴിഞ്ഞുവോ?
...... ബി.ജി.എൻ വർക്കല