Wednesday, April 26, 2017

കണി കാണും നേരം .


നേരിയ തണുപ്പിൻ
സൂഷ്മ വിരലുകളിൽ ഞാനുണരവേ
ചിത്രശലഭത്തെ കണികാണുന്നു.
വിടർന്ന ചിറകുകൾ
വിറയാർന്നു വിതുമ്പുന്ന
വർണ്ണശലഭത്തെ കണികാണുന്നു.

ആദിയും അന്ത്യവും
നേർത്തൊരാവരണമിട്ടു
കാടും മലയും താണ്ടി വരുന്നു.
കാറ്റും മഴയും
തുടിതാളമിട്ടൊരു മൂളിപ്പാട്ടു പാടുന്നു.

കറുപ്പ് .....ചുവപ്പെന്നു
മണ്ണിൽ പൊടിയുന്ന തുള്ളികൾ !
ഓർമ്മകൾക്ക് ചുടുചായയുടെ മണം.
എരിയുന്ന കരൾ പകുത്തു
വാഴയിലയിൽ ചുട്ടെടുക്കുന്നു പകൽ.
മുറുകുന്ന ഇടയ്ക്കയുടെ നാദത്തിൽ
ശലഭച്ചിറകുകൾ പിടയുന്നു.

പ്യൂപ്പയിലേക്ക് തിരികെ നടക്കാൻ
കൊതിയോടെ ശലഭം തിരിയുന്നു.
ചിറകടർന്നു മണ്ണിൽ ചിത്രം തുന്നുമ്പോൾ
ശലഭഹൃദയം മാത്രം തപിക്കുന്നു.
യാത്ര പറയാതെ
പുലരിയകന്നു പോകുന്നു.

ഇടയിലെവിടെയോ കനവു പോലെ
ശലഭം ചിറകുവിരിക്കുന്നു.
ഓർമ്മയിൽ നിന്നൊരു മഴവില്ലു
യാത്ര തുടങ്ങുന്നു.
നരച്ച പകലിനെ നോക്കി
ദാഹമടക്കിയൊരു യാത്ര.
ഇരുളെന്ന സമസ്യയിൽ
അലിഞ്ഞു ചേരാനായി
നിറങ്ങളോരോന്നായി കൊഴിച്ചു
യാത്ര തുടരുന്നു.
          - ബിജു.ജി.നാഥ് വർക്കല -

1 comment:

  1. പൊഴിഞ്ഞു വീണൊരു ശലഭച്ചിറകിലും
    ഞാനെന്റെ സ്വപ്നമൊളിപ്പിച്ചിരുന്നു...
    അടിച്ചുകൂട്ടിയ കരിയിലയ്ക്കൊപ്പം
    ആരത് കത്തിച്ചു ചാമ്പലാക്കി ...


    ആര്‍ദ്രം...മനോഹരം... ആശംസകള്‍ ബിജു..

    ReplyDelete