Monday, June 13, 2016

രാധ തൻ ദുഃഖം...


ഗോപികമാരൊത്തു ഗോപാലൻ
കേളികളാടുന്നതറികിലും രാധ,
ഇല്ല കാട്ടില്ല തെല്ലുമേയല്ലലവൾ
തൻ പ്രിയനോടില്ല കല്മഷവും.

എങ്കിലും വൃന്ദാവനത്തിലിരുന്നു
ആർദ്ര മധുരമായവൻ മീട്ടുന്ന
വേണുഗാനമതാർക്കു വേണ്ടിയെ-
ന്നാകുലചിത്തയാണെന്നുമേയവൾ.
കണ്ടുമുട്ടുന്ന വേളയിലൊക്കെയു-
മുള്ളു പൊട്ടിയവൾ കേൾക്കുന്നു.
ചൊല്ലു കണ്ണാ നീ പൊഴിക്കുന്നൊരീ
ഗാനമാലികയെനിക്കായല്ലയോ.?
കള്ളനവൻ കാർവർണ്ണമയനപ്പോഴും
കണ്ണെറിയുന്നു രാധതൻ മിഴികളിൽ.
ചുണ്ടിലൊളിപ്പിച്ച ഗൂഢസ്മിതവുമായി
തന്വിയവളോട് കഥകളുര ചെയ്യുന്നു.
രാധയറിയുന്നു കണ്ണന്റെയുള്ളത്തിൽ
തന്റെ മുഖമാണെന്ന സത്യമെങ്കിലും
കാത്തിരിക്കുന്നു കേൾക്കുവാനാ വാക്ക്
കള്ളനവനുടെ നാവിൽ നിന്നെന്നുമേ..!
..... ബിജു ജി നാഥ് വർക്കല

1 comment: