Sunday, June 19, 2016

മൂക പ്രണയം!


ഒരു മൗനസങ്കീർത്തനം പോൽ
ആരുമറിയാതെന്നോ കൂടിയതാണ്
നീയെൻ നിഴലായെങ്കിലും പ്രിയേ
ഞാനിന്നു നിന്നെയറിയുന്നുവല്ലോ .

ഒരു പടക്കുതിരയെപ്പോലെ ഞാൻ
പായുകയായിരുന്നീ രണഭൂമിയിൽ.
യാത്രയിൽ കണ്ട മുഖങ്ങളിലൊക്കെ
ഞാനാർത്തിയാൽ നിന്നെതിരഞ്ഞും.

വെട്ടിമുറിച്ചും തട്ടിത്തടഞ്ഞുമേ
എത്രയലഞ്ഞു ഞാൻ സഖീ ....
നിന്റെ ഉത്തരീയത്തിൻ പൂക്കൾ
വഹിക്കും ഗന്ധമാരുതനെത്തേടി.

എത്രയോ രാവതിൽ നിന്നെ കനവി -
ലൂടെത്രയോ ഭോഗിച്ചിരുന്നു ഞാൻ .
എത്രയോ നിലാവുകൾ കണ്ടു നാം
മേഘത്തുണ്ടതിൽ ഒപ്പം ശയിക്കേ !

മഴയുടെ വിരലുകൾ മത്സരിച്ചെത്ര -
യെന്നൊപ്പം ജയിക്കുവാൻ നിന്നുടൽ.
അത്രമേൽ പരിചിതം ഞാൻ നിൻ
മറുകുകൾ മുത്തിത്തളർന്നവൻ ഭ്രാന്തൻ.

കാത്തിരിക്കുന്നു ഞാൻ നിന്നെ സഖീ
യെനിക്കൊന്നു  പുണരണം നിന്നെ .
കനവിലൂടല്ല നിനവിന്റെ നനവെഴും
തണുവിൽ പുതച്ചൊന്നുറങ്ങാൻ....
...... ബിജു ജി നാഥ് വർക്കല ......


1 comment:

  1. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete