നിങ്ങൾ വലിച്ചെറിഞ്ഞവർ ഞങ്ങൾ !
പിഴച്ചു പെറ്റ കുറ്റത്തിനും
അനാഥമാക്കപ്പെട്ട കാലത്തിനും
ഭ്രാന്തിന്റെ പൂക്കൾക്കും
ഞങ്ങൾ ഇരകൾ മാത്രം.
സിഫീലിസ് പിടിച്ച ദേഹിയും
ജട പിടിച്ച താടിമുടികളും
അംഗഭംഗം വന്ന ശരീരവും
ഞങ്ങൾക്ക് സ്വന്തം .
പകലിന്റെ വെളിച്ചത്തിൽ
പുലയാട്ടിയും ഭേദ്യം ചെയ്തും
രാവിന്റെ കാളിമയിൽ
ഉടുമുണ്ട് വലിച്ചു കീറിയും
നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നു .
അന്യം നിന്ന് പോകാതെ
കുഞ്ഞുങ്ങളെ തന്നും
അന്നം മുടങ്ങാതിരിക്കാൻ
പിച്ചതെണ്ടിയും
ഞങ്ങൾ നിങ്ങളെ സേവിക്കുന്നു .
തെരുവിൽ നിങ്ങൾ കണ്ടേക്കാം
നിങ്ങളുടെ മുഖച്ഛായ
നിങ്ങളുടെ ബന്ധു
നിങ്ങളുടെ അയൽക്കാരൻ
നിങ്ങൾ തെല്ലുമേ
കാരണം തെരുവിന്റെ ജന്മം
സഹതാപത്തിന് അർഹരല്ല .
കാരണം ...ഞങ്ങൾ അട്ടകൾ ആണ്
നിങ്ങളുടെ കണ്ണിലെങ്കിലും
....... ബിജു ജി നാഥ് വർക്കല
( പുലർകാലം ഗ്രൂപ്പിൽ രണ്ടാം സമ്മാനം കിട്ടിയ വരികൾ )
ശോചനീയമാമീ തെരുവുബാല്യം.
ReplyDeleteആശംസകള്‍