Sunday, June 19, 2016

വേനലില്‍ ഒരു പുഴ .............റോസ് മേരി

വായനയില്‍ പലപ്പോഴും വസന്തത്തിന്റെ പരിമളം പരക്കുന്നത് വായനയുടെ മനോഹാരിത നമ്മെ ചൂഴ്ന്നു നില്‍ക്കുമ്പോള്‍ ആണ് . ലളിതമായ പദങ്ങള്‍ കൊണ്ട് രസച്ചരട് മുറിക്കാതെ ജീവിതങ്ങളെ പറഞ്ഞു പിടിപ്പിക്കുന്ന കവിതകള്‍ നമുക്ക് പലപ്പോഴും അന്യമാകുന്നുണ്ട് അവിടെയാണ് എഴുത്തില്‍ മാന്ത്രികവിരല്‍ തൊടുന്നതുപോലെ റോസ് മേരി നമ്മോട് സംവദിക്കുന്നത് . തീവണ്ടി , മഴ , കാറ്റ് , കാട് തുടങ്ങി പ്രകൃതിയിലേക്ക് ഇറങ്ങി നിന്നുകൊണ്ട് നമ്മെ പലതും കാണിച്ചു തരുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ എഴുത്തുകാരി തന്റെ "വേനലില്‍ ഒരു മഴ" എന്ന കവിത സമാഹാരത്തിലൂടെ.
ഇടറിപ്പെയ്യുന്ന
ഹിമശകലങ്ങള്‍ക്കിടയിലൂടെ
തളര്‍ന്നുലഞ്ഞു
വ്യഥിതതാളത്തോടെ
തീവണ്ടി,
ഇരുപുറവും
ഇലകൊഴിഞ്ഞ മുള്‍ക്കാടുകള്‍
വിളര്‍ത്ത വൈധവ്യങ്ങള്‍
മെല്ലിച്ച കൈകള്‍
ആകാശത്തേക്കുയര്‍ത്തി
അവര്‍ ശബ്ദമില്ലാതെ
വിലപിക്കുന്നു ...(കാട്ടുതീ ) എന്ന് വായിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ അറിയാതെ ഒരു ചിത്രം നമ്മുടെ മനസ്സിലേക്ക് കോറിയിട്ടു തരുന്ന റോസ് മേരിയുടെ രചനാ വൈഭവം വളരെ മനോഹരം തന്നെയാണ് . 'വനഹര്‍മ്യം' എന്ന കവിത വളരെ വ്യത്യസ്ഥമായ മറ്റൊരു കഥയാണ് പറയുന്നത് . ലാജവന്തി എന്ന വനഹര്‍മ്യം . വേട്ടയ്കായി അപൂര്‍വ്വം ചിലപ്പോള്‍ മാത്രം വനത്തില്‍ വരുന്ന രാജനെ കാത്തു അവന്റെ വരവില്‍ ഉണരുന്ന ലാജവന്തിയുടെ ചിത്രം വളരെ മനോഹരമായി കവി വരച്ചിടുന്നു .
രാവ് മുഴുവനെരിഞ്ഞു നില്‍ക്കുന്ന
ശരറാന്തലുകള്‍....
തുളുമ്പുന്ന മധുപാത്രങ്ങള്‍ ...
ഒരു രാത്രി
ഒരേ ഒരു രാത്രി!
ഒരായിരം കല്‍വിളക്കുകള്‍
എരിഞ്ഞു കത്തി നില്‍ക്കുന്ന
മദഭരരാത്രി! .......... ആ രാത്രിയെ , ആ ഹര്‍മ്മ്യത്തെ , അവിടെ അരങ്ങേറുന്ന നാടകങ്ങളെ ഇതിലും വ്യക്തതയോടെ എങ്ങനെ അവതരിപ്പിക്കുക എന്ന് തോന്നിപ്പിക്കുക കഴിവുറ്റ ഒരു വിരലിനു മാത്രമേ സാധ്യമാകൂ .
ദയാരഹിതമായോരു വറുതിക്കാറ്റ്
കാട്ടുപയ്യാനിക്കായ്കളെ
ചിന്നഭിന്നമായ് ചിതറിപ്പറത്തുന്ന
വേനല്‍രാത്രികളിലൊന്നില്‍
ദൈന്യവും ഹൃദയഭേദകവുമായ വിലാപങ്ങള്‍
അന്നാമേരിയെത്തിരഞ്ഞെത്തുകയായി...(വിലാപപര്‍വ്വം ) എന്ന വരികള്‍ വായിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് ആ കവിത മുഴുവന്‍ വായിക്കാതെ അത് മടക്കി വയ്ക്കാനാകാത്ത വണ്ണം റോസ് മേരി തന്റെ രചനാവൈഭവം പ്രകടമാക്കിയിരിക്കുന്നു .
മറ്റൊരിടത്ത് സങ്കടത്തെ ക്കുറിച്ച് ഇങ്ങനെ പറയുന്നു കവി .
മഴ ചിലമ്പിപ്പെയ്യുന്നൊരു
മിഥുനരാത്രിയിലാണ്
സങ്കടം അയാളുടെ ഉള്ളില്‍
നുഴഞ്ഞു കയറ്റം നടത്തിയത് . (സങ്കടത്തിന്റെ ആല്‍മരം ) തുടര്‍ന്ന് ആ സങ്കടം അയാളെ കാല്‍ വെന്ത ഒരു നായയെ പ്പോലെ ഓടിച്ചു പോകുന്ന കാഴ്ചകള്‍ ഒടുവില്‍ അയാള്‍ മരിച്ചു വീഴുമ്പോള്‍ തന്നില്‍ നിന്ന് മുക്തമാകുന്ന സങ്കടം . മറ്റൊരു കവിതയില്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവിന്റെ ഗൃഹത്തിലേക്ക് ഒരു ശതാവരിതൈയ്യുമായി നടന്നു നീങ്ങുന്ന വധുവിനെ കാണാം . പക്ഷെ അധികം വൈകാതെ തന്നെ അമ്മായിയമ്മയുടെ ക്രോധമിഴികളില്‍ ഉടക്കി ആ ശതാവരി കടപുഴക്കിയെറിയപ്പെടുമ്പോള്‍ അവള്‍ ഗൂഡപ്പുഞ്ചിരിയോടെ ഓര്‍ക്കുന്നു ആര്‍ക്കും പിഴുതുകളയാനാവാതെ ഒരു ശതാവരി തന്റെ ഉള്ളില്‍ വളരുന്നത്‌ (പറിച്ചു നടപ്പെട്ട ചെടി ). ഉപമകളില്‍ കൂടിയും അടയാളങ്ങളില്‍ക്കൂടിയും കവി നമ്മോടു പലതും പറയാതെ പറയുന്നുണ്ട്. അതുപോലെ തന്നെ 'ബന്ധനസ്ഥനായ വിഘ്നേശ്വരന്‍' സമകാലികമായ മതദൈവ വിശ്വാസങ്ങളെ നന്നായി കടിച്ചു പറിക്കുന്ന ഒരു രചനയായി കാണാന്‍ കഴിയുന്നു . കൂട്ടത്തില്‍ ശ്രദ്ധേയവും വളരെ മനോഹരവുമായ ഒരു കവിതയാണ് 'വനമഹിഷം ' രതിയുടെ , പ്രണയത്തിന്റെ അമൂര്‍ത്തതയും വന്യതയും ശാന്തതയും മനോഹരമായ മൂന്നു ഭാഗങ്ങളായി അവതരിപ്പിക്കുന്നു. പ്രണയവും രതിയും വളരെ നന്നായി സന്നിവേശിപ്പിച്ച കവിതകള്‍ ഈ സമാഹാരത്തിന്റെ ഒരു പ്രത്യേകതയായി അനുഭവപ്പെടും വായനക്കാരന് .
നെഞ്ചെരിയും കനലിന്റെ
തീപകര്‍ന്ന്
കരളുരുകിയൊഴുകും
മിഴിനീര്‍ക്കണമിറ്റിച്ചു
ഉയിരിന്നുമുയിരായി
പോറ്റിവളര്‍ത്തിയൊരു
പക്ഷിക്കുഞ്ഞു (കബറടക്കപ്പെട്ട കിളി) ആണ് സ്നേഹമെന്ന് കവി വിലപിക്കുന്നു
ഒടുവില്‍ നിരാസങ്ങളുടെ അവസാനമാകുമ്പോള്‍ നിരാശയുടെ കൂടുകള്‍ പൊട്ടുമ്പോള്‍
അവള്‍ പിടഞ്ഞുണരുന്നു
അതാ, വസ്ത്രങ്ങളുടെ
തടവറ ഭേദിച്ചവള്‍
സൂര്യനഭിമുഖമായ്
യാത്രയാരംഭിക്കുന്നു ...(ഈ രാവു എന്ത് തന്നു) ഒടുവിലോ പ്രതീക്ഷകളുടെ അവസാന കൊമ്പില്‍ നിന്നുകൊണ്ട് കവി തന്റെ മനസ്സ് തുറക്കുന്നു .
ജീവിച്ചിരിക്കുന്നവരെക്കാള്‍
എനിക്ക് മമത
മണ്‍ മറഞ്ഞവരോടാണ് .(ഇതും കൂടി ) കവിതയില്‍ തന്റെ അടയാളം മനോഹരമായി ചാര്‍ത്തി റോസ് മേരി നടന്നു നീങ്ങുമ്പോള്‍ വായനക്കാരന്‍ ഒരു നിമിഷം മൌനത്തിന്റെ തോടില്‍ ഒതുങ്ങിക്കൂടുകയും വായന ഒരു ഭാരമായി മനസ്സില്‍ കനം തിങ്ങുകയും ചെയ്യുന്നു .
ഇരുപത്തി മൂന്നു കവിതകള്‍ ഉള്ള ഈ സമാഹാരം കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു നല്ല വായനാനുഭവം തന്നെയാകും എന്ന് പറയാന്‍ കഴിയും . കറന്റ് ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്‌ 45രൂപയാണ് മുഖവില .
ആശംസകളോടെ ബി ജി എന്‍ വര്‍ക്കല
vaay

1 comment:

  1. പുസ്തക പരിചയം നന്നായി
    ആശംസകള്‍

    ReplyDelete