Thursday, June 2, 2016

നമുക്കിനി ചീത്തയാകാതിരിക്കാം


നമുക്കിനി ചീത്തയാകാതിരിക്കാം .
ഉമ്മകൾ കൊണ്ടധരങ്ങളിൽ
ചുവന്ന പുഷ്പങ്ങൾ കൊരുക്കാതെ,
വാക്കുകൾ കൊണ്ടു ചൂചുകങ്ങളെ
ഗിരിശൃംഗങ്ങളിലേക്ക് നയിക്കാതെ
നോക്കുകൾ കൊണ്ടു പുഷ്പദളങ്ങളെ
ലജ്ജയുടെ മുടൽമഞ്ഞിലാഴ്ത്താതെ
എത്ര നാൾ ,
നിനക്കെത്ര നാൾ കഴിയും
എന്റെ ചിത്തത്തിൽ മറ്റൊരു
ചിത്രപതംഗമായി പറക്കാൻ .
സ്നേഹത്തിന്റെ ചടുലചലനങ്ങളിൽ
പ്രണയത്തിന്റെ ആരോഹണാവരോഹണങ്ങളിൽ
കാമത്തിന്റെ ഉഷ്ണവാതങ്ങളിൽ
എന്നോടൊപ്പം ചരിക്കാൻ
കഴിയാതെ പോകുന്ന നിസ്സഹായതയെ
നിസ്സംഗതയുടെ രതിയിൽ
മേയാൻ വിട്ടെത്ര നാൾ....
രാത്രികൾക്ക് മാത്രമേ നിന്നെ സ്നേഹിക്കാനാവൂ .
നീയൊരു വെറും കൗശലക്കാരൻ .!
കാലമേ, നിന്റെ വക്ഷസ്സിൽ
ഊരുവിലക്കപ്പെട്ടവന്റെ വെന്ത കാലുമായി
ചാഞ്ഞു കിടക്കുന്നതറിയുന്നില്ലേ ഞാൻ .
തിരസ്കരിക്കപ്പെട്ട ജീവിതം ,
മരുഭൂമിയുടെ രതിസാഗരം...
പിഴയ്ക്കാത്തതെന്തുണ്ട് ഭാണ്ഡത്തിലെന്നു
കവിത വിലപിക്കുന്നു.
വാക്കുകൾക്കപ്പുറം
നിന്റെ നോട്ടത്തിലെ കാമവും
വാക്കിലെ പ്രണയവും .
ഞാൻ അസ്വസ്ഥയാകുന്നുവെന്ന നിന്റെ പരിദേവനം .
മാംസനിബന്ധമല്ല പ്രണയമെങ്കിലും
നിന്നെ മറക്കുന്നതെങ്ങനെയെന്നു മാലാഖ തേങ്ങുന്നു.
നിലവിളക്കിൻ ചുവന്ന വെളിച്ചത്തിൽ
സാലഭംജ്ഞികയായി നീ നില്ക്കുമ്പോൾ
കാലം സ്തംഭിക്കുന്നു.
വേണ്ട
നമുക്കിനി ചീത്തയാകാതിരിക്കാം....!
അകലങ്ങളിൽ നമുക്ക്
അപരിചിതരുടെ മേലങ്കിയണിയാം. .
മറക്കുന്നതെങ്ങനെയെന്നു വിലപിക്കാം .
......... ബിജു ജി നാഥ് വർക്കല .

No comments:

Post a Comment