ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങള്‍ പാടാം .
എങ്ങും നിറഞ്ഞു എങ്ങും വിളങ്ങുന്ന നിരീശ്വരന്‍
മണ്ണില്‍ ഉല്പത്തിയായ കഥകള്‍ പറയാം .
ശത്രു നിഗ്രഹം ചെയ്തു ആശ്രിതരെ കാക്കുന്ന കാരുണ്യം വാഴ്ത്താം
അവന്റെ മഹിമ കേള്‍ക്കാത്തവര്‍ക്കായി
അവനെ ഇനിയും അറിയാത്തവര്‍ക്കായി
നിരീശ്വരചരിത്രം ഇനി ഞാന്‍ ഉര ചെയ്യാം ,.
നിരീശ്വരലീലകള്‍ സഫലമായി വര്‍ണ്ണിക്കുന്നതിനു
അവനെനിക്ക് കൃപ നല്‍കുമാകാറാകട്ടെ .
ഓം നിരീശ്വരായ നമ :
ചില വായനകള്‍ നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്തും . ചിലവ നിരാശ നല്‍കും . ചിലവ നമ്മെ പിന്നെയും പിന്നെയും വായിക്കാന്‍ തോന്നിപ്പിക്കും . വായനകള്‍ക്ക് കിട്ടുന്ന സൌകുമാര്യം അതിന്റെ എഴുത്തിലെ കയ്യടക്കങ്ങളും ശൈലികളും പ്രമേയവും ഒക്കെ വഹിക്കുന്ന പങ്കു അനുസരിച്ചാകും മാറി മറിയുന്നത് . മനുഷ്യന്‍ ബൌദ്ധികമായി ചിന്തിച്ചു തുടങ്ങിയ കാലത്തു തുടങ്ങിയതാണ് മത ചിന്ത എന്നത് രസാവഹമായ ഒരു വിഷയം ആണ് . മനുഷ്യന്‍ തുടങ്ങി വച്ച ആ വികാരം , വിശ്വാസങ്ങള്‍ പലപ്പോഴും മനുഷ്യനെ പരിഹാസ്യനായി നിര്‍ത്തുന്ന നിമിഷങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നു .
"നിരീശ്വരന്‍" എന്ന നോവലിന്റെ വായന തുടങ്ങുന്നത് ദേവത്തെരുവില്‍ നിന്നാണ് . അത് അവസാനിക്കുന്നത് നിരീശ്വരത്തെരുവിലും . ഇടയില്‍ അല്‍പനേരം അത് ആഭാസത്തെരുവ് ആകുന്നു എങ്കിലും ചാക്രിക ചലനം പോലെ അത് നിരീശ്വരത്തെരുവില്‍ എത്തി നില്‍ക്കുന്നു . എന്താണ് നിരീശ്വരന്‍ എന്ന നോവലിലൂടെ ശ്രീ വി ജെ ജയിംസ് പറയാന്‍ ശ്രമിക്കുന്നത് എന്ന് ഒന്ന് നോക്കുന്നത് ഈ നോവലിന്റെ വായനയെ , ആശയത്തെ മനസ്സിലാക്കാന്‍ കഴിയും എന്ന് കരുതുന്നു . ആന്റണി , ഭാസ്കരന്‍ , സഹീര്‍ എന്നീ ത്രിമൂര്‍ത്തികള്‍ ദേവത്തെരുവില്‍ വരുത്തുന്ന മാറ്റങ്ങളെയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെയും ആണ് ഈ നോവല്‍ പ്രതിനിദാനം ചെയ്യുന്നത് . മത മൈത്രി എന്ന ഓട്ടക്കലം ആണ് ആഭാസന്മാര്‍ എന്ന് സ്വയം നാമകരണം ചെയ്ത ഈ മൂന്നു ഉള്പതിഷ്ണുക്കള്‍ ആയ ചെറുപ്പക്കാരുടെ ബിംബത്തിലൂടെ നോവല്‍ വെളിച്ചപ്പെടുത്തുന്നത് . വേറെയും മൂന്നു പേര്‍ ഉണ്ട് പിന്നാലെ വരുന്നുണ്ട് അതേ ശൃംഖലയില്‍ .പുരോഗമന ആശയങ്ങള്‍ ഉള്ള ആഭാസന്മാരുടെ മുന്നേ അതെ തെരുവില്‍ ജീവിച്ചവരും ഇന്നും ജീവിച്ചിരിക്കുന്നവരും ആണ് ഈശ്വരന്‍ നമ്പൂതിരിയും അര്‍ണോസും സൈദും . ഇവര്‍ പേരുപോലെ മൂന്നു മതങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്ന് കാണാം . ഇവര്‍ക്ക് ഒപ്പം ഇന്ദ്രജിത്ത് ഇടതുപക്ഷ ആശയങ്ങളും ആയി സഞ്ചരിച്ചു പാതി വഴിയില്‍ വീണു പോകുന്നു . ഈശ്വരന്‍ നമ്പൂതിരി താന്‍ പൂജ നടത്തുന്ന ക്ഷേത്രത്തിലെ ആഭരണ മോഷണവും ആയി ബന്ധപ്പെട്ടു പുറത്താകുന്നു. സൈദ് മതാധ്യപകന്‍ ആകുന്നു. അര്‍ണോസ് പാതിരിയും . ഇവരെ വഴിവക്കിലുപേക്ഷിച്ചു ആഭാസന്മാരിലെക്ക് വരാം . ദേവത്തെരുവിന്റെ പേരിനു കാരണം തന്നെ തേവരുടെ ക്ഷേത്രം ആണ് എന്നിരിക്കെ ആ തെരുവിന്റെ പേര് മാറ്റണം എന്ന നിശ്ചയത്തോടെ ആഭാസന്മാര്‍ ആ തെരുവിനെ ആഭാസത്തെരുവ് എന്ന് നാമകരണം ചെയ്യുന്നു . ഒരു വിശ്വാസത്തെ എങ്ങനെ ജനങ്ങള്‍ക്കിടയില്‍ മാറ്റം വരുത്താം എന്നതിന് ഉള്ള നല്ലൊരു ഉദാഹരണം ആണ് അവര്‍ ആ പേര് മാറ്റത്തിന് ഉപയോഗിച്ച സങ്കേതങ്ങള്‍ . ദേശത്തെ ക്ഷുരകന്‍ , വേശ്യ , ബസ്സ് പിന്നെ പോസ്റ്റര്‍ നാട് നീളെ . അതെ ഒരു തെരുവിന്റെ പേര് മാറാന്‍ അധികം സമയം എടുത്തില്ല എന്നതാണ് സത്യം . അതേ സമയത്ത് തന്നെ ആഭാസത്തെരുവില്‍ ഒരു പുതിയ ദൈവത്തെ സ്ഥാപിച്ചുകൊണ്ട് നിലവിലുള്ള ദൈവ സങ്കല്‍പ്പത്തെ കളിയാക്കാനും അതിന്റെ തെറ്റുകള്‍ മനസ്സിലാക്കികൊടുക്കാനും ആഭാസന്മാര്‍ തീരുമാനിക്കുന്നു . ഇവിടെയാണ് ശരിക്കും നോവല്‍ തന്റെ മുഖം വെളിപ്പെടുത്തുന്നത് . രൂപമില്ലാത്ത ദൈവത്തെ പ്രതിഷ്ടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ആണ് ഭാസ്കരനിലൂടെ അവര്‍ മനുഷ്യ രൂപത്തിലെ ഒരു പ്രതിമ നിര്‍മ്മിക്കുകയും തലയും കൈകളും കാലും മുറിച്ചു ഒരു വികല പ്രതിമയാക്കി നിരീശ്വരന്‍ എന്നാ പേരില്‍ ആഭാസത്തെരുവില്‍ ആലും മാവും ചേര്‍ന്ന് നില്‍ക്കുന്ന ആ തറയില്‍ വയ്ക്കുന്നത് . ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വിഷയം വിശ്വാസം എത്ര കണ്ടു നമ്മിലേക്ക് ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണം ആയി വിഗ്രഹം പ്രതിഷ്ടിക്കുക എന്നൊരു ആശയം ഉടലെടുക്കുക മാത്രമല്ല അതിനു അവര്‍ ഒരു നമ്പൂതിരിയെ തന്നെ കണ്ടെത്തുകയും ചെയ്യുന്നു . നേരത്തെ പറഞ്ഞ ക്ഷേത്രഭ്രഷ്ട് സംഭവിച്ച ഈശ്വരന്‍ നമ്പൂതിരിയെ കൊണ്ട് ഒരു പാതിരായ്ക്ക് അമാവാസിയില്‍ അവര്‍ ആ കടമ നിര്‍വ്വഹിക്കുന്നു . അതോടെ അവര്‍ക്ക് അതിലുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടുകയും അത് ജനങ്ങളുടേത് ആകുകയും ചെയ്യുന്നു . അടുത്ത പടി എന്നത് ഓരോ വിശ്വാസങ്ങളുടെയും മുന്നില്‍ വരുന്ന പരീക്ഷണങ്ങള്‍ ആണ് രോഗ ശാന്തി , ഉദ്യോഗ ലബ്ധി , ധനം , ഐശ്വ്യര്യം ഇത്യാദി കാര്യങ്ങള്‍ . മുറപോലെ ഒരിക്കലും കിട്ടില്ലാന്നു കരുതുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നു , കൊഞ്ഞ ഉള്ള ഒരാള്‍ നന്നായി സംസാരിച്ചു തുടങ്ങുന്നു , ഇരുപത്തി നാല് വര്‍ഷങ്ങള്‍ ആയി അബോധാവസ്ഥയില്‍ ആയിരുന്ന ഒരാള്‍ (ഇന്ദ്രജിത്ത് ) ലോകത്തേക്ക് ചെറുപ്പക്കാരനായി അബോധ അവസ്ഥയില്‍ പോയ അതെ അവസ്ഥയില്‍ തിരികെ എത്തുന്നു തുടങ്ങി അത്ഭുതങ്ങള്‍ നിറയെ സംഭവിക്കുന്നു . ഓരോ വിശ്വാസങ്ങളിലും സംഭവിക്കും പോലെ പ്രാര്‍ത്ഥന, ക്ഷേത്ര പരിപാലക സംഘം , വിശ്വാസ സംഘം ഒക്കെ ഇവിടെയും നിരീശ്വരന്റെ കാര്യത്തിലും സംഭവിക്കുന്നു . ഇതേ സമയത്ത് തന്നെ ശാസ്ത്രത്തിന്റെ വക്താവായി റോബര്‍ട്ട് എന്ന ചെറുപ്പക്കാരനും അയാളിലൂടെ വിശുദ്ധയാകുന്ന ജാനകി എന്ന വേശ്യയുടെ കഥയും സജീവമാകുന്നു. നോവലിസ്റ്റ് തന്റെ അപൂര്‍ണ്ണമായ ശാസ്ത്രജ്ഞാനം റോബര്‍ട്ടിലൂടെ ഇടയ്ക്കിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് എങ്കിലും എല്ലാം വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള അവിശ്വാസചിന്തകള്‍ പോലെ ആണ് വായനക്കാര്‍ക്ക് (പ്രത്യേകിച്ചും ശാസ്ത്ര കുതുകികളായ വായനക്കാര്‍ക്ക് ) അനുഭവപ്പെടുന്നത് . ഗന്ധത്തിലൂടെ സഞ്ചരിക്കാന്‍ , പഠിക്കാന്‍ പരീക്ഷണം നടത്താന്‍ വന്ന അയാള്‍ പിന്നെ മനസ്സിലൂടെ ആകുന്നു യാത്ര . കാര്യകാരണസംഭവങ്ങള്‍ , കാലം , സമയം എന്നിവയുടെ ഉപയോഗം ഒക്കെ ഇതിനായി ഉദ്ധരിക്കുന്നുണ്ട് എങ്കിലും മിത്തുകളുടെ പുതിയ ലോകം സൃഷ്ടിക്കുന്ന ഒരു വായന ആകും റോബര്‍ട്ട് തുറന്നിടുന്നത് എന്നതില്‍ സംശയം ഇല്ല.
നോവലിന്റെ ഒരു ഘട്ടത്തില്‍ ആഭാസന്മാര്‍ ആ വിഗ്രഹം നശിപ്പിക്കാന്‍ തന്നെ തുനിയുകയും അവര്‍ ആ ക്ഷേത്ര പരിസരത്തു നിന്നും തന്നെ വിലക്കപ്പെടുകയും ചെയ്യുന്നതും തങ്ങള്‍ സൃഷ്ടിച്ച ദൈവം തങ്ങള്‍ക്കു അന്യവും അജയ്യവും ആകുന്നതും കണ്ടു വ്യാകുലര്‍ ആകുകയും ചെയ്യുന്നു . അതെ സമയത്ത് തന്നെ ഇന്ദ്രജിത്തിന്റെ തിരിച്ചു വരവും അയാളുടെ യുവത്വവും ഭാര്യയുടെ വാര്‍ദ്ധക്യവും കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ ഉണര്‍ത്തുന്ന കിടപ്പറയുടെ ലോകവും , അയാളുടെയും ഭാര്യ സുധയുടെയും മനോവൈക്ലബ്യങ്ങളെയും നോവല്‍ സവിസ്തരം പറയുന്നു .
കൂട്ടത്തില്‍ മണിയന്‍ എന്ന ക്ഷുരകനും ഘോഷയാത്ര അന്നാമ്മയും നമ്മുടെ ഇടയില്‍ തമാശകള്‍ ആയി കടന്നു വരുന്നത് . ഘോഷയാത്ര അന്നാമ്മയും നാല് പെണ്മക്കളും ചേര്‍ന്നാല്‍ പിന്നെ മറ്റാര്‍ക്കും പിടിച്ചു നില്ക്കാന്‍ കഴിയില്ല അവരുടെ നാവിനു മുന്നില്‍ . കാരണം നാവില്‍ തോറ്റാല്‍ അന്നാമ്മ തന്റെ ഉടുമുണ്ട് ഒരു പൊക്ക് പൊക്കും അവരുടെ അവസാന ആയുധം ആണ് . ഇതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തത് കൊണ്ട് ആരും അവരോടു വഴക്കിനു പോകാറില്ല പോയാലും സമവായം കൊണ്ട് പിന്‍വാങ്ങല്‍ ആണ് പതിവ് . ഇവിടെ ആണ് ഒരു ദിവസം അന്നാമ്മയും മണിയനും തമ്മില്‍ ഉള്ള വഴക്ക് നടക്കുന്നതും വഴക്കിനോടുവില്‍ അന്നാമ്മയുടെ തുണി പൊക്കലിനുമറുപടിയായി മണിയന്റെ നിര്‍വ്വാണക്കാഴ്ച. അതോടെ അന്നാമ്മ മൗനത്തിലേക്ക് പോകുന്നു . കാലം കഴിയുമ്പോള്‍ നിരീശ്വര മാജിക്കിലൂടെ ഇവര്‍ തമ്മിലുള്ള വൈരവും വഴക്കും അവരുടെ ഇടയില്‍ നിന്നും മഞ്ഞുരുകുന്ന പോലെ ഉരുകി മാറുന്നതും അവര്‍ക്കു നടുവില്‍ ഒരു കുടുംബം വളര്‍ന്നു വരുന്നതും കാണാന്‍ കഴിയുന്നു .
നിലവില്‍ ഉള്ള ദൈവ സങ്കല്‍പ്പങ്ങളും അവയുടെ ഉല്‍പ്പത്തിയും ഒക്കെ പ്രതിനിദാനം ചെയ്യുന്ന പല ഘടകങ്ങളെയും നിരീശ്വരനില്‍ ബിംബവല്‍ക്കരിച്ചു നോവലിസ്റ്റ് നമ്മെ ഈശ്വര വിശ്വാസം എന്നത് തന്നെ ആണ് പരമമായ സത്യം എന്ന് ബോധ്യപ്പെടുത്തുന്നു ഉടനീളം . ഒടുവില്‍ ആഭാസന്മാര്‍ ക്ഷേത്രത്തിന് ബോംബു എറിയാനുള്ള ശ്രമം നടത്തുകയും പ്രതിമ നിര്‍മ്മിച്ച ഭാസ്കരന്‍ തന്നെ അതിനു മുന്നിട്ടു നില്‍ക്കുകയും ഒടുവില്‍ കൈ മുറിഞ്ഞു ചോര ഒലിപ്പിച്ചു കിടക്കുമ്പോള്‍ കൂട്ടുകാര്‍ തന്നെ ഉപേക്ഷിച്ചു ഓടാന്‍ ശ്രമിക്കുന്നതും അവര്‍ മൂവരും ജയിലില്‍ ആകുന്നതും എത്തുമ്പോള്‍ നോവലിസ്റ്റ് ദൈവ വിശ്വാസം എല്ലാത്തിലും കുടിയിരിക്കുന്ന ആര്‍ഷ ഭാരത സംസ്കാരമെന്ന വിശ്വാസത്തിന്റെ ചട്ടക്കൂട്ടില്‍ എത്തപ്പെടുകയും ഈശ്വരന്‍ നമ്പൂതിരി സമവായവും ആയും റോബര്‍ട്ട് തല്ക്കാല വിട പറയാന്‍ എത്തുന്നതായും കാണിച്ചു തരുന്നു. ഈശ്വരന്‍ നമ്പൂതിരിയുടെ ഗീതോപദേശങ്ങള്‍ കേട്ട് ഭാസ്കരന്‍ മാനസാന്തരപ്പെടുന്നതും അവനു പിന്നാലെ സഹീറും ഒടുവില്‍ ആന്റണിയും നിരീശ്വരനില്‍ വിശ്വസിക്കുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുന്നു .
പുതുമകള്‍ ഉള്ള അവതരണവും വിഷയവും ആയതിനാല്‍ തന്നെ വായനയ്ക്ക് നല്ലൊരു വിരുന്നാകും ശ്രീ വി ജെ ജെയിംസിന്റെ നിരീശ്വരന്‍ . ഡി സി ബുക്സ് ഇറക്കിയിരിക്കുന്ന ഈ നോവലിന് 250രൂപ ആണ് മുഖവില .