കാലങ്ങള്‍ ഏറെയായി നാം വായനയുടെ തുരുത്തിലെ വഴിയാത്രക്കാര്‍ ആയിട്ട്.
മനുഷ്യന്റെ സര്‍ഗ്ഗ ശേഷിക്ക് അവന്റെ ബൌദ്ധികമായ വളര്‍ച്ചയുടെ കാലത്തോളം പഴക്കമുണ്ട്. അവനിലെ ബൌദ്ധികത അവസാനിക്കും കാലം വരെ അത് നിലനില്‍ക്കുകയും ചെയ്തു. ഇന്നെന്റെ വായനയിലൂടെ കടന്നു പോയത് എനിക്ക് വളരെ ഇഷ്ടമുള്ള , ഞാന്‍ പരിചയിച്ച ഒരു അനുഗ്രഹീത എഴുത്തുകാരിയെ ആണ് . നൈസര്‍ഗ്ഗികമായ അക്ഷര കുസൃതികളിലൂടെ ചന്നം പിന്നം പെയ്യുന്ന മഴയെ ഓര്‍മ്മിപ്പിക്കുന്ന ആ എഴുത്തുകാരിയുടെ ആദ്യ കവിതാ സമാഹാരം ആണ് "നോവു പാടം".
സോഷ്യല്‍ മീഡിയയില്‍ ഇന്ന് പരിചിതമാകുന്ന എഴുത്തുകാരില്‍ വേറിട്ട് നില്‍ക്കുന്ന ഈ എഴുത്തുകാരിയെ ഒരുപാടൊന്നും വായിക്കാനുള്ള അവസരം അവര്‍ നല്‍കി കണ്ടിട്ടില്ല . സ്വയം ഒരുക്കിയ ഒരു നിഗൂഡ വലയത്തില്‍ തന്റെ അക്ഷരങ്ങളുമായി സല്ലപിച്ചു , കലഹിച്ചു കടന്നു പോകുന്ന ഈ എഴുത്തുകാരി ഒരു നല്ല ചിത്രകാരി കൂടിയാണെന്ന് അറിയുമ്പോള്‍ ആണ് അവരുടെ കാലിബര്‍ നമുക്ക് പിടിതരാതെ നില്‍ക്കുന്നത് നാം മനസ്സിലാക്കുന്നത് . കവിതയിലൂടെയും , നുറുങ്ങു ചിന്തകളിലൂടെയും , കൊച്ചു കൊച്ചു കഥകളിലൂടെയും ജീവിതത്തിന്റെ ഉപ്പുനീരും തേന്‍കണവും നമുക്ക് രുചിക്കാന്‍ ഇട്ടു തരുന്ന അനുഗ്രഹീതയായ ആ എഴുത്തുകാരിയുടെ "നോവുപാട"ത്തു ഞാന്‍ അല്‍പനേരം ഇരുന്നു പോയി . ഇളംകാറ്റും , ശീതളിമയും, ഉഷ്ണമേഘങ്ങളും പച്ചപ്പുതപ്പുമൊക്കെ നല്‍കുവാന്‍ കഴിയുന്ന ഒരു പാടത്തിരുന്ന അനുഭൂതി അല്ല ഈ കാവ്യശകലങ്ങളില്‍ കൂടി കടന്നു പോകുമ്പോള്‍ നമ്മെ പക്ഷേ തഴുകുക. നേരെ മറിച്ചു പൊള്ളിപ്പിടയുന്ന കുറെ കാഴ്ചകളുടെ തീത്തെയ്യമാണ് നമ്മുടെ മനസ്സിലേക്ക് ചിതറി വീഴുക.
ഈ വായനയിലുടനീളം ഞാന്‍ 'അവളെ' കണ്ടു . ജീവിതത്തിന്റെ പരുക്കന്‍ മുഖത്ത് നോക്കി പകച്ചു നില്‍ക്കുന്ന , വേവലാതിപ്പെടുന്ന , പരിഭവിക്കുന്ന , പൊട്ടിത്തെറിക്കുന്ന , കണ്ണീര്‍ വാര്‍ക്കുന്ന , തളര്‍ന്നു പോകുന്ന ആ അവള്‍ എഴുത്തുകാരിയിലൂടെ പരകായ പ്രാവേശം നടത്തി പലതും വെളിവാക്കി തരുന്നുണ്ട് വായനയില്‍ . ചിലപ്പോള്‍ അവള്‍ വറ്റി വരണ്ട പുഴയാണ് . മറ്റു ചിലപ്പോള്‍ കര കവിഞ്ഞൊഴുകുന്ന പ്രളയവും .ചില നേരങ്ങളില്‍ മയങ്ങിക്കിടക്കുന്ന തെളിനീരുറവയാണ്. ഇവയിലെല്ലാം സ്ഥായിയായി ഉറഞ്ഞു കിടക്കുന്ന ഒരു ഭാവം ഉണ്ട് . നഷ്ടപെട്ട നീലാംബരി തേടുന്ന നാലപ്പാട്ടിന്റെ മുഖച്ഛായ നമുക്കീ എഴുത്തുകളില്‍ വായിക്കാനാവുന്നു എങ്കില്‍ അത് ആ എഴുത്തുകാരിയുടെ മാന്ത്രിക വിരലുകളുടെ കഴിവൊന്നു മാത്രം. ഇത്തരം പരകായ പ്രവേശം കവിതാ രചനയില്‍ നല്ല കയ്യടക്കവും , വായനയും കൊണ്ട് മാത്രമേ സ്വായത്തമാക്കാന്‍ കഴിയൂ എന്നിടത്തു നിന്ന് ചിന്തിക്കുമ്പോള്‍ ശ്രീമതി മഹിത ഒരു മഹാ മേരു പോലെ നമുക്ക് മുന്നില്‍ നില്‍ക്കുന്നത് കാണാം .
പ്രണയം മരിച്ചു പോയ തേങ്ങലായി നില്‍ക്കുമ്പോഴും തന്നിലേക്കടുക്കുന്ന പ്രണയത്തിന്റെ ലാവയെ നോക്കി "പ്രണയമേ നീയെന്നിലേക്കാണ് യാത്രയെങ്കില്‍ അകന്നു പോകൂ" എന്ന് പറയുന്നുണ്ട് . അതേ സമയം ഒറ്റപ്പെടലിന്റെ ഇരുള്‍ ത്താഴ്ചയില്‍ എപ്പോഴോ "എന്റെ പ്രണയമേ നീയൊരു കൈത്തിരിയായി എന്നെ തലോടിയിരുന്നെങ്കില്‍ " എന്ന വിലാപവും നമ്മെ നോവിച്ചു കൊണ്ട് കടന്നു പോകുന്ന മരുകാറ്റാണ് . പേറ്റുനോവ് ആണ് സ്ത്രീയുടെ സഹനത്തിന്റെ പരമമായ ഉദാഹരണമായി നിലനില്‍ക്കുന്നതെങ്കിലും ഒരു സ്ത്രീ തന്നെ ആ നോവിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ മാറ്റ് കൂടും. അത് പോലെ ഇഷ്ടങ്ങളെ അവ എത്ര തന്നെ ഇഷ്ടങ്ങള്‍ ആണെങ്കിലും അവ നമ്മെ പൊതിയുമ്പോള്‍ നാം അതില്‍ നിന്നും കുടഞ്ഞു പുറത്തു വരാന്‍ ശ്രമിക്കും എന്ന് ലളിതമായി പനിയെ കൂട്ട് പിടിച്ചു പറഞ്ഞു വയ്ക്കുന്നുണ്ട് . പഴയ നാലുകെട്ടുകളുടെ ഓര്‍മ്മകളെ തിരികെ വിളിച്ചു കൊണ്ട് വരുന്ന ഓര്‍മ്മക്കുറിപ്പുകള്‍ പോലെ ആണ് ചില ചിത്രങ്ങള്‍ വരയുന്നത് വാക്കിനാല്‍ . ചാര് കസേലയും ചുവരിലെ ചിത്രങ്ങളും അകത്തളത്തില്‍ യന്ത്രങ്ങള്‍ ആയി അരഞ്ഞു തീരുന്ന മൗനജീവിതങ്ങളും ഒക്കെ ഇതിനു ഉദാഹരണമാണ് . മധുരം വിളമ്പി വയ്ക്കുന്ന രതി ചിത്രങ്ങളില്‍ പോലും ഒരു യോഗിനിയുടെ കയ്യടക്കം എഴുത്തുകാരിയില്‍ വിടരുന്നത് കാണാം . പക്ഷേ സ്ഥായിയായ മൂടുപടം അണിയുന്നത് പലതും വിളിച്ചു പറഞ്ഞു പോകുമോ എന്നൊരുള്‍ ഭയം കൊണ്ട് തന്നെയാകണം. അക്ഷരങ്ങള്‍ക്കിടയില്‍ ഉറയുന്ന അര്‍ത്ഥ ഗര്‍ഭമായ നിഗൂഡതകള്‍ക്ക് മേലെ ഒരു മഞ്ഞു പാളി വിടര്‍ത്തിയിടുന്ന ഈ അക്ഷരക്കൂട്ടുകള്‍ വായനക്കാരന്റെ രസനയെ നന്നായി പിടിച്ചു കുലുക്കാന്‍ ഉതകുന്നതാണ് .
എന്നെ വായനയില്‍ വളരെ ആകര്‍ഷിച്ച ഒരു കൊച്ചു കവിതയോടെ ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ എനിക്ക് ഉറപ്പുണ്ട് നിങ്ങള്‍ ഈ കവിതാ സമാഹാരം തേടി തുടങ്ങുമെന്ന് .
വേനല്‍
അവളിലെ വസന്തത്തിനു എന്നും
കടുത്ത വേനല്‍ ആയിരുന്നു .
പൊടിച്ചു വരുന്ന നാമ്പുകളില്‍
തീക്കാറ്റടിച്ചു കേറി
എല്ലാറ്റിനേം കരിച്ചു കളയും.
അവള്‍ക്കു സ്വപ്നത്തിന്റെ
ഒരു പൂമൊട്ട് പോലും
വിരിയിക്കാന്‍ കഴിഞ്ഞില്ല .
അവള്‍ ഊട്ടി വളര്‍ത്തിയ മോഹങ്ങള്‍
ആ വേനലില്‍ വിണ്ടു കീറി ......മഹിത
നല്ലൊരു വായന നിങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം ബി ജി എന്‍ വര്‍ക്കല