എന്താണ് നമ്മുടെ സമൂഹത്തിനു സംഭവിക്കുന്നത് ?
ഒരുകാലത്ത് ,അതെ അങ്ങനെ
തന്നെ വിശേഷിപ്പിക്കട്ടെ , നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് ആശ്വാസം
സ്വന്തം വീട് ആയിരുന്നു . അഭയം സ്വന്തം അച്ഛന്‍ ആയിരുന്നു , തുണ
അമ്മയായിരുന്നു , അഭിമാനം സഹോദരന്‍ ആയിരുന്നു . ഇന്ന് എവിടെ ആണ് നമുക്ക്
അത് കൈമോശം വന്നത് ?
ജീവിതത്തിനെ പുക പിടിച്ച കണ്ണുകളാല്‍ നോക്കി കാണുന്ന ഒരു സമൂഹത്തില്‍ ആണ്
നാം ജീവിക്കുന്നത് എന്നത് നീറ്റല്‍ ഉളവാക്കുന്നു ഒപ്പം ഭയം ജനിപ്പിക്കുന്ന
ഒന്നാകുന്നു .
ആനുകാലിക വാര്‍ത്തകളില്‍ കൂടെ കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുതകള്‍ ഇവയൊക്കെ അല്ലെ ?
സഹോദരന്‍ പീഡിപ്പിച്ച,
അച്ഛന്‍ നശിപ്പിച്ച,
അച്ഛനും സഹോദരനും പീഡിപ്പിക്കുന്ന,
ഇളയച്ഛന്‍ അല്ലെങ്കില്‍ രണ്ടാനച്ഛന്‍ നശിപ്പിക്കുന്ന,
അമ്മ വില്‍ക്കുന്ന,
അമ്മ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്ന,
അമ്മയുടെ മാര്‍ക്കട്റ്റ് ഇടിയുമ്പോള്‍ പിടിച്ചു നില്ക്കാന്‍ ഇരയാക്കുന്ന,
അമ്മയുടെ ജാര കഥകള്‍ പുറത്തു പറയാതിരിക്കാന്‍ കൂട്ടിക്കൊടുക്കുന്ന,
സഹോദരി ചതിക്കുന്ന,
സഹോദരിക്ക് വേണ്ടി നശിക്കുന്ന,.........!!!
ഇങ്ങനെ സംഭവങ്ങള്‍ ഒരുപാട് നമുക്ക് മുന്നില്‍ പത്രങ്ങളില്‍ കൂടി വന്നു കൊണ്ടേ ഇരിക്കുന്നു .
ഇവിടെ, ആരില്‍ നിന്നും ആണ് ഒരു പെണ്‍കുട്ടിക് രക്ഷ കിട്ടുന്നത് . നമ്മുടെ
പെണ്മക്കള്‍ ഒരു തരം അരക്ഷിതാവസ്ഥ നല്‍കുന്ന മാനസിക സമ്മര്‍ദ്ധത്തില്‍ ആണ്
ജീവിക്കുന്നത് . ഇതവരുടെ ജീവിതത്തിലെ മുന്നോട്ടുള്ള യാത്ര ദുഷ്ക്കരം
ആക്കുന്നു . ഭയം നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ നിന്നും വരുന്ന പെണ്‍കുട്ടി
അവളുടെ ജീവിതം മുഴുവന്‍ മാനസികമായ ഒരു അപക്വതയില്‍ ആണ് ജീവിച്ചു
മരിക്കുന്നത് , വിഷാദ രോഗം , ആത്മഹത്യ, ജീവിത വിരക്തി, ലൈംഗിക മരവിപ്പ് ,
സമൂഹത്തിനോടുള്ള അവഞ്ജ , ബന്ധങ്ങളോടുള്ള അടുപ്പമില്ലായ്മ , പരസ്പര
വിശ്വാസമില്ലായ്മ;, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച അങ്ങനെ ഒരു പാട് ഒരുപാട്
പ്രശ്നങ്ങളില്‍ കൂടി കടന്നു പോകാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടി ഒരിക്കലും
ആരോഗ്യകരമായ ഒരു സമൂഹത്തെ അല്ല വാര്‍ത്തെടുക്കാന്‍ സഹായിക്കുക .
നമ്മുടെ പുരുഷന്മാര്‍ക്കൊക്കെ ലൈംഗിക അരാജകത്വം ബാധിച്ചിരിക്കുന്നുവോ ?
സ്ത്രീ എന്നത് ലൈംഗിക ദാഹം തീര്‍ക്കാന്‍ ഉള്ള ഒരു വസ്തു മാത്രമായി
അധപതിക്കുന്നുവോ ? മദ്യവും മയക്കു മരുന്നും അസന്മാര്‍ഗ്ഗിക ജീവിതവും ,
മലയാളി പുരുഷന്റെ സാമൂഹിക ജീവിതത്തിന്റെ മുഖം മാറ്റിയിരിക്കുന്നു എന്ന്
സംശയിക്കേണ്ടി ഇരിക്കുന്നു . ആക്രമണങ്ങളെ ഭയന്ന് ഉറക്കമില്ലാതെ ഇരുളില്‍
പരതി വരുന്ന ഒരു ശത്രുവിനെ പ്രതീക്ഷിക്കുന്ന നമ്മുടെ പെണ്‍കുട്ടികളുടെ
കണ്ണുകള്‍ എന്നെ ഭയപ്പെടുത്തുന്നു . ഒരു അവബോധം സമൂഹത്തില്‍ ഉണ്ടാകേണ്ടി
ഇരിക്കുന്നു . സ്ത്രീ എന്തെന്ന് അറിയാന്‍ സ്ത്രീയെ പ്രാപിക്കല്‍ അല്ല വഴി .
അമ്മ , മകള്‍ , സഹോദരി , ഭാര്യ എന്നീ നിലകളില്‍ സ്ത്രീ നമ്മുടെ
ജീവിതത്തില്‍ നല്‍കുന്ന ആത്മാര്‍ത്ഥ സേവനം അതിനെ അതിന്റെ ശരിയായ രീതിയില്‍
എടുക്കാനും അങ്ങനെ നോക്കി കാണാനും ശ്രമിക്കാന്‍ പുരുഷന്മാര്‍ പഠിക്കേണ്ടി
ഇരിക്കുന്നു . നിര്‍ലജ്ജം നമുക്ക് പറയേണ്ടി ഇരിക്കുന്നു നമ്മുടെ മക്കളെ നാം
തന്നെ പഠിപ്പിക്കണം എന്താണ് മാനുഷിക മൂല്യം എന്ന് , എന്താണ് മനുഷ്യനും
മൃഗവും തമ്മില്‍ ഉള്ള വ്യെത്യാസം എന്ന് . എന്റെ മതം , എന്റെ ജനത
എന്നതരത്തില്‍ ഉള്ള ജുഗുല്സ്സാവഹമായ പ്രക്രിയക്ക് പകരം നമ്മുടെ മക്കള്‍
നമ്മുടെ സമൂഹം എന്നാ ചിന്ത മനസ്സില്‍ നിറക്കാന്‍ എല്ലാരും തയ്യാറാകണം .
നമ്മുടെ മക്കള്‍ നമ്മെ സംശയകണ്ണോടെ നോക്കാതിരിക്കാന്‍ നാം ഇപ്പോഴേ
തയ്യാറായെ മതിയാകൂ . മസ്തിഷ്ക്കത്തില്‍ ഉറങ്ങുന്ന കാമത്തെ , അരക്കെട്ടിന്റെ
ദാഹത്തെ ഇറക്കി വയ്ക്കാന്‍ കുടുംബത്തിലെ പവിത്രത തകര്‍ക്കാതിരിക്കുക ,
ഒപ്പം പുറത്തു കാണുന്ന സ്ത്രീകള്‍ ഇതുപോലെ മറ്റൊരു വീട്ടിലെ അമ്മയോ,
പെങ്ങളോ, ഭാര്യയോ മകളോ ആണെന്ന് മനസ്സില്‍ പഠിക്കുക . പകര്‍ത്തുക .
മൂല്യശോക്ഷണം വന്ന ഒരു സമൂഹം അല്ല നമുക്ക് വേണ്ടത് , മൂല്യമുള്ള ഒരു സമൂഹം
ആണ് . യുവാക്കളെ നിങ്ങള്‍ പഠിച്ച അറിവ് അതിനു വേണ്ടി ഉപയോഗിക്കുക ,
നിങ്ങളുടെ ഞരമ്പുകളില്‍ ഒഴുകുന്ന ചോര ഇനി അതിനു വേണ്ടി ജ്വലിക്കട്ടെ , ചോര
തുടിക്കുന്ന ചെറുപ്പക്കാര്‍ ഉത്തമമായ
ഒരു സമൂഹ നിര്‍മ്മിതിക്ക് ഉതകുന്ന മനസ്സ് വാര്‍ത്തെടുക്കുക ആണ് .
ഇനി പറയൂ നിങ്ങള്‍ എത്ര പേര്‍ മുന്നോട്ടുണ്ട് . ആരെയും കാത്തു നില്‍ക്കാതെ ,
നയിക്കാന്‍ നായകനെ പ്രതീക്ഷിക്കാതെ ഓരോരുത്തരും നായകനാകുക ഒരൊറ്റ
ലക്ഷ്യത്തിനായ് കൈകോര്‍ക്കുക .
വിപ്ലവം ജയിക്കട്ടെ ...!
---------------------------------------------ബി ജി എന്‍ വര്‍ക്കല -----------------