Thursday, December 30, 2021

നനയാന്‍ മറന്ന മഴത്തുള്ളികള്‍.................... ഡോ: ലയ ശേഖര്‍

നനയാന്‍ മറന്ന മഴത്തുള്ളികള്‍(കവിത)

ഡോ: ലയ ശേഖര്‍

ഗ്രീന്‍ ബുക്സ്

വില :₹ 135.00

 

“കവിയാവണമെങ്കില്‍ എന്തുചെയ്യണമെന്നോ ?

കവിയാവണമെന്ന് മോഹിക്കാതിരിക്കണം.

കരളില്‍ സ്ഥലകാലക്ഷീരസാഗരത്തിലെ

കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം .

എഴുതിക്കഴിഞ്ഞതും തീരുത്തീടണം , തൂശി-

പ്പഴുതില്‍ നൂലോടിക്കും വിരലിന്‍ ക്ഷമയോടെ

എന്നെക്കൊണ്ടിതിലേറെ നന്നാക്കാന്‍ കഴികയി-

ല്ലെന്ന് വന്നാലെ നെറ്റിവിയര്‍പ്പ് തുടയ്ക്കാവൂ..” (അക്കിത്തം)

കവിതകള്‍ വായിക്കുമ്പോഴൊക്കെയും മനസ്സില്‍ തോന്നുന്ന ഈ വരികളെ ഓരോ കവികളും ഓര്‍ത്ത് വയ്ക്കുന്നത് എത്ര നന്നായിരിക്കും എന്നൊരു ചിന്ത അടുത്തിടെ അധികമായിട്ടുണ്ട് . ഒരുപക്ഷേ ഓണ്‍ലൈന്‍ എഴുത്തുകളുടെ അതിപ്രസരത്തില്‍ നഷ്ടമാകുന്ന കവിത്വം ഓര്‍ത്താകാം അങ്ങനെ ഒരു ചിന്ത ഉണ്ടായിവരുന്നത് . ദിനംതോറും എത്രയോ കവിതകള്‍ വായിക്കാന്‍ കഴിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതു !. കവിതകളുടെ വസന്തകാലം എന്നതിനെ വിശേഷിപ്പിക്കാന്‍ കഴിയുമോ എന്നതാണു ചര്‍ച്ചയാകേണ്ടത് എന്നു കരുതുന്നു. . കാരണം എനിക്കിവിടെ നിലനില്‍ക്കണമെങ്കില്‍ ഞാന്‍ നിരന്തരം കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കണം എന്നൊരു ധാരണ സോഷ്യല്‍ മീഡിയ നല്കുന്നുണ്ട് . ഓര്‍മ്മിക്കുവാന്‍ തക്കവണം കവിതകള്‍ എത്രയുണ്ടാകും വായിച്ചവയില്‍ എന്നോര്‍ക്കുമ്പോള്‍ അതിന്റെ തമാശ പൂര്‍ണ്ണമായ തോതില്‍ അനുഭവിക്കാനുമാകും . കവിത്വമുള്ളതും ഇല്ലാത്തതുമായ കവിതകളിലൂടെ നിരന്തരം സഞ്ചരിക്കുമ്പോള്‍ അതില്‍ നിന്നും സാരാംശം മാത്രം എടുക്കുകയും വരികളെ വഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യേണ്ടി വരുന്നതെന്തുകൊണ്ടാകാം? . സ്കൂള്‍ , കോളേജ് കാലം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞവര്‍ മുതല്‍ ഇപ്പൊഴും വിദ്യാര്‍ത്ഥികൾ ആയിരിക്കുന്നവര്‍ വരെയുള്ള ഒരു പൊതുസമൂഹമാണ് സോഷ്യല്‍ മീഡിയ. ഇപ്പഴും കവിതകളെക്കുറിച്ചു സംസാരിക്കുമ്പോള്‍ കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി എന്ന വരികളോ , അങ്കണത്തൈമാവിന്‍ ചോട്ടില്‍ ആദ്യ മാമ്പഴം വീഴുന്നതിനെക്കുറിച്ചോ , മഞ്ഞത്തെറ്റിപ്പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്‍കാലത്തെ കാഴ്ചകളെ കുറിച്ചോ ഒക്കെയുള്ള കവിതാശകലങ്ങളോ വരികളോ ഓര്‍മ്മയില്‍ വരാത്തവര്‍ ഉണ്ടാകില്ല . കാസറ്റ് കവിതകള്‍ പ്രസിദ്ധമാകും മുന്നെത്തന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും വിനയചന്ദ്രനെയും സച്ചിദാനന്ദനെയും സുഗതകുമാരിയെയും ഒക്കെ മലയാളി ആഘോഷിച്ചിരുന്നവരാണ് . അവരുടെ വരികളെ ഓര്‍മ്മിക്കുകയും മൂളുകയും ചെയ്യുന്നവര്‍ പോലും ഇന്നത്തെ കാലത്തെ കവിതകളുടെ വരികള്‍ ഓര്‍ക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാകും . ചിലര്‍ ചിലരുടെ കവിതകളുടെ താഴെ എഴുതിവയ്ക്കുന്നത് കാണാം അതിമനോഹരമായ വരികള്‍ , മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടെന്നൊക്കെ . ഒരാഴ്ച കഴിഞ്ഞു അവരോടുആ വരികള്‍ എടുത്തൊന്ന് ചോദിച്ചാല്‍ അതാരുടെ വരികള്‍ എന്നോ അത് മനോഹരമെന്നോ അവര്‍ക്ക് കൂടി അഭിപ്രായമുണ്ടാകുകയില്ല .

            കവിതകള്‍ എഴുതുന്നതു മനസ്സില്‍ നിന്നാണ് . അത് അറിയാതെ ഒഴുകി വരികയാണ് ചെയ്യുന്നത് . ഒരു കവിയുടെ ബാഹ്യമിഴികള്‍ കണ്ടറിയുന്നത് ഉൾക്കണ്ണുകൾ കവിതയായി ഒഴുക്കി വിടുകയാണ് ചെയ്യുന്നത് എന്നു കരുതുന്നു . ഡോ. ലയ ശേഖറിന്റെ , നനയാൻ, മറന്ന മഴത്തുള്ളികള്‍ എന്ന കവിതസമാഹാരം വായിക്കുകയുണ്ടായി . അതിലേക്കു വരുമ്പോള്‍ കവിതയുടെ സൃഷ്ടിക്കു വേണ്ടി കവി എത്രയധികം സമരം ചെയ്തിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വായനക്കാരന് വലിയ വിഷമം ഒന്നും ഉണ്ടാകുന്നില്ല . കവി ആമുഖത്തില്‍ പറയുന്നതു പോലെ തന്റെ കാഴ്ചകളും പ്രതിഷേധങ്ങളും ആ വരികളില്‍ വായിക്കാന്‍ വായനക്കാരന് കൂടി കഴിഞ്ഞാല്‍ അതൊരു വലിയ കാര്യമായിരിക്കും . സമൂഹത്തിനു നേരെ തുറന്നു പിടിക്കുന്ന കണ്ണാടിയാണ് കവിതകള്‍ . അങ്ങനെ വരുമ്പോള്‍ അത് പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങള്‍ ഏകപക്ഷീയമായ കാഴ്ചകള്‍ ആകരുതല്ലോ . പ്രണയം , വിരഹം തുടങ്ങി പതിവ് രീതികളിലെ കവിതകളുടെ ഒഴുക്കിനെ ഈ പുസ്തകത്തിലും വായിക്കുവാന്‍ കഴിയുന്നുണ്ട് . അതിനൊപ്പം തന്നെ സമൂഹത്തിലെ, സ്ത്രീക്ക് സംഭവിക്കുന്ന , നേരിടേണ്ടിവരുന്ന ആക്രമണങ്ങളെയും അവഗണനകളെയും കവിതകളില്‍ കാണാന്‍ കഴിയും . അതുപോലെ തന്നെ നീതിനിഷേധങ്ങളെയും മത ദൈവ കാഴ്ചപ്പാടുകളുടെ തെറ്റുകുറ്റങ്ങളെയും അടയാളപ്പെടുത്തി വയ്ക്കാൻ കവി ശ്രമിക്കുന്നുണ്ട് . പുരോഗമന ആശയങ്ങള്‍ നിറഞ്ഞ , പുതിയ കാഴ്ചപ്പാടുകള്‍ ഉള്ള ആധുനിക എഴുത്തുകാര്‍ സമൂഹത്തെ നോക്കിക്കാണുമ്പോൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒന്നാണ് സമൂഹ നിര്‍മിതിയില്‍ അവര്‍ നല്‍കുന്ന സംഭാവനകളുടെ കാമ്പും കരുത്തും . എതിര്‍ത്തു നില്‍ക്കാൻ കഴിഞ്ഞില്ലെങ്കിലും പ്രതിഷേധിക്കാനുള്ള ശ്രമങ്ങളെങ്കിലും ഉണ്ടാകുക ചെറിയ കാര്യമല്ല . കവി ഇവിടെ തന്റെ സാമൂഹ്യ ധര്മ്മം നിറവേറ്റാന്‍ നല്ല രീതിയില്‍ തന്നെ ശ്രമിച്ചിട്ടുണ്ട് . കവിതകള്‍ ഒരു മുള്ളാണി പോലെ തറച്ചു കയറുവാന്‍ എല്ലാ വിധത്തിലും കവി ശ്രദ്ധ വച്ചിരിക്കുന്നുണ്ട് .

            എല്ലാകവിതകളും നല്ലതാണെന്ന ധാരണ ഒന്നും വായനക്കാരില്‍ സൃഷ്ടിക്കാൻ മിക്ക കവിത പുസ്തക നിർമ്മിതിക്കാരെപ്പോലെ  കവിക്കും കഴിഞ്ഞിട്ടില്ല . ഏകപക്ഷീയമായ കാഴ്ചകളിലൂടെ സമൂഹത്തെ നോക്കി കാണാന്‍ ശ്രമിക്കുന്ന ഒരു തോന്നല്‍ അതിനാല്‍ തന്നെ സാമൂഹ്യ വിഷയങ്ങളില്‍ കവി കൈക്കൊള്ളുന്നതായി തോന്നുന്നുണ്ട് . അതുപോലെ മറ്റൊരു പ്രധാന പ്രശ്നമായി തോന്നിയത് കവിതകളില്‍ ചിലതെങ്കിലും കവിതയെഴുതാൻ വേണ്ടി എഴുതിയതാണോ എന്നാണ് . വരുത്തിത്തീര്‍ക്കുന്ന വികാര പ്രപഞ്ചത്തെയും, പറഞ്ഞേ പറ്റൂ എന്ന തോന്നലില്‍ നിന്നും പറഞ്ഞു പോകുകയും അതിനു ചേരുംപടി ചേര്‍ക്കാനോ അവയില്‍ ഐക്യരൂപ്യമുള്ള ഒരു ആശയം നിലനിര്‍ത്താനോ കഴിയാതെ പോകുന്നു എന്നുള്ളതാണ് . ഒരു കവിതയുടെ രണ്ടു വരികള്‍ മാത്രമാകും ആ കവിതയിലെ പ്രധാന വിഷയമെന്നുണ്ടെങ്കില്‍ കൂടിയും വായനക്കാരന്‍ ആ കവിത മുഴുവന്‍ വായിക്കേണ്ടി വരികയും ഇതായിരുന്നോ ഞാന്‍ ഇത്രനേരവും മനസ്സിലാക്കാന്‍ ശ്രമിച്ചത് എന്നു തോന്നിപ്പിക്കുകയുംചെയ്യുന്ന ഒരു രീതി കവി അവലംബിച്ചിരിക്കുന്നു . ഉദ്ധരിക്കാന്‍ വേണ്ടിയുള്ള കുറച്ചു വരികള്‍ പറഞ്ഞു പോകുന്നതിനു ഒരു മുഴുവന്‍ കവിത രചിക്കുന്നത് പോലെ. ഇതിന് ഏറ്റവും നല്ലതായി തോന്നിയിട്ടുള്ളത് കാപ്സ്യൂൾ കവിതകളോ ഹൈക്കു കവിതകളോ ആണ് . അതില്‍ സാരം മാത്രം പറഞ്ഞു പോകാമെന്ന സന്തോഷവും വായനക്കാരന്റെ വായനാസുഖം നല്‍കുന്ന ആനന്ദവും ഒരുപോലെ നേടാം .

            ഓരോ കവിതയും ഓരോ ലോകം ആകുകയും ഓരോ വായനയും വിവിധങ്ങളായ ആശയങ്ങളെ ഒരേ കവിതയ്ക്ക് നല്‍കുന്നതുമായ ഒരു വിദ്യ എന്തുകൊണ്ടോ അധികം കവികളും പ്രയോഗിച്ച് കണ്ടിട്ടില്ല . അതൊക്കെക്കൊണ്ടാകാം ഇന്‍സ്റ്റന്‍റ് കവിതകള്‍ ആയി സോഷ്യല്‍ മീഡിയയുടെ കവികളെ വായനക്കാര്‍ വായിച്ചടയാളപ്പെടുത്തുന്നത് എന്നു കരുതുന്നു. കുറച്ചു കവിതകള്‍ എഴുതുമ്പോൾ അതില്‍ കവിതയായിട്ടുള്ളത് വളരെ കുറവായിരിക്കുക ഒരു സ്വാഭാവിക കാര്യമാണ് . ലക്ഷം മാനുഷരൊത്തുകൂടുംമ്പോഴതിൽ ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ എന്നു പറയുമ്പോലെ . ആ ഒരു തലത്തില്‍ നിന്നു മാത്രം ചിന്തിക്കാതെ , മുകളില്‍ അക്കിത്തം പറഞ്ഞത് പോലെ സ്വയം ഒരു വിമര്‍ശനത്തിന് മുതിരുകയും രചനകളെ വീണ്ടും വീണ്ടും വായിക്കുകയും തിരുത്തുകയും ചെയ്യുന്ന ഒരു പ്രവണത ഇന്നത്തെ കവികള്‍ക്ക് ആവശ്യമെന്ന് പൂര്‍ണബോധ്യത്തോടെ ഡോ ലയ ശേഖറിന് ആശംസകള്‍ നേരുന്നു . കൂടുതല്‍ നല്ല കവിതകളുമായി കവിതയുടെ വസന്തത്തിലെ ഒരു പുഷ്പമായി സുഗന്ധം പൊഴിക്കാന്‍ കവിക്ക് കഴിയട്ടെ . സസ്നേഹം ബിജു. ജി.നാഥ്

 

 

 

 



Tuesday, December 28, 2021

ഇരയുടെ (വേട്ടക്കാരൻ്റെ) മാനിഫെസ്റ്റോ

ഇരയുടെ (വേട്ടക്കാരൻ്റെ) മാനിഫെസ്റ്റോ .
............................
ഭയത്താൽ അടങ്ങിക്കിടക്കുന്നതും 
അധികാരത്തോടെ അടക്കിക്കിടത്തുന്നതും 
വേട്ടയുടെ രീതിശാസ്ത്രമാണ്. 
നീതിശാസ്ത്രമെന്ന് സംസ്കാരവേലിയും.

തല്ലിപ്പഴുപ്പിക്കാമെന്ന് വാത്സ്യായനും 
തല്ലു കൊടുക്കാമെന്ന് പടച്ചവനും .
ഇരയുടെ ഇളംമാംസത്തിന് ഇളമകൂടുന്നത്
വേട്ടക്കാരന് ഹരവുമനുവദനീയവുമത്രെ.!

ആരും തൊടാത്ത കനിയുടെ ആനന്ദം
അതാണല്ലോ ഉടമയുടെ അവകാശമെന്നും,
മാറാൻ പാടില്ലാത്ത നിയമമെന്നും ദൈവം.
ഇരകൾക്ക് വേട്ടക്കാരനധിപനെന്നല്ലോ.

ഇരകളും വേട്ടക്കാരും മാറുന്നു
ദേശങ്ങളും സംസ്കാരങ്ങളും മാറുന്നു
മതങ്ങളും ദൈവങ്ങളും മാറുന്നു.
മാറ്റമില്ലാതെ തുടരുന്നതേക നിയമത്രേ!

കാക്കയ്ക്കൊരിക്കലും കഴുകനെയോ
പന്നിക്ക് കടുവയെയോ വേട്ടയാടാനാവില്ല.
മാൻ എപ്പോഴെങ്കിലും പുലിയെ കൊല്ലുമോ
മുയൽ എന്നേലും ചെന്നായയെ തിന്നുമോ?

ഉപമകൾക്കും പ്രകൃതി നിയമങ്ങൾക്കും
ദൈവം കല്പിച്ച രീതിശാസ്ത്രങ്ങളിലനുവാദം
ഇരയെ തിരഞ്ഞെടുപ്പ് വേട്ടക്കാരനെന്നും
വേട്ടക്കാരന് കീഴടങ്ങൽ ഇരയെന്നുമാണോ?
@ബിജു.ജി.നാഥ്

Friday, December 24, 2021

മൂളിയലങ്കാരി............................ ജ്യോതിബായ് പര്യേടത്ത്

മൂളിയലങ്കാരി (കവിതകള്‍)

ജ്യോതീബായ് പര്യേടത്ത്

ഡി സി ബുക്സ്

വില :₹ 170.00

 

കവിതകള്‍ എന്നാലെന്താണ് എന്ന് ചോദിക്കുന്നവരുടെ കാലം എന്നും സാഹിത്യവായനയുടെ ലോകത്തുണ്ടായിരുന്നു . അതിനുകാരണം വളരെ ലളിതമാണ് . കവിതയെന്നാല്‍ കാവ്യമായി വായിക്കപ്പെടേണ്ടതാണ് എന്ന പരമ്പരാഗതമായ ഒരു ചിന്തയുടെ മേല്‍ നിന്നുകൊണ്ടാണ് ആ ചര്‍ച്ചകള്‍ എല്ലാം തന്നെ ഉരുത്തിരിഞ്ഞിരുന്നത് . കവിതയുടെ വിധിയും നിയമങ്ങളും എ ആര്‍ രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിയടക്കം വൈയ്യാകരണശാസ്ത്രകാരന്‍മാര്‍ പറഞ്ഞു വയ്ക്കുകയും അതേ രീതിയില്‍ മാത്രം പദ്യ രചനകള്‍ സംഭവിക്കുകയും ചെയ്തിരുന്നതായിരുന്നു അടുത്ത കാലം വരെയും കാവ്യ സാഹിത്യമേഖല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ് . ഈ കവിതാ രീതിക്ക് മാറ്റം വരുന്നത് ആംഗലേയ സാഹിത്യം ഇവിടെ കൂടുതല്‍ വായിക്കപ്പെട്ടു തുടങ്ങിയത് മുതലാണ് എന്നു കരുതുന്നു . അന്യഭാഷാ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ കവിതയില്‍ ഗദ്യ കവിതയുടെ സ്വാധീനം വന്നു തുടങ്ങിയിട്ടുണ്ടാകണം. വൃത്തവും അലങ്കാരങ്ങളും അഴിച്ചുവച്ച് കവിത തെരുവില്‍ നിന്നു നൃത്തം ചെയ്തു തുടങ്ങി എന്നു പറയപ്പെടുന്ന ഈ മാറ്റത്തെ പുരോഗമനത്തിന്റെ നാന്ദിയായി എണ്ണപ്പെടുന്നു . കൊട്ടാരത്തില്‍ നിന്നും കുടിലിലേക്കും കവിത വന്നപ്പോള്‍ കവിതയുടെ താളവും ഭാവവും ഭാഷയും മാറിയെന്നും പറയാം മറ്റൊരു വിധത്തില്‍ . ഇന്ന് സോഷ്യല്‍ മീഡിയയില്‍ കവിതകളുടെ അതിപ്രസരം കാണുമ്പോൾ കേരളചരിത്രം വായിച്ച ഓർമ്മ ഉണരുന്നു . സംഘകാലത്ത് കേരളത്തില്‍ കലയ്ക്ക് വളരെ പ്രാധാന്യവും ബഹുമാനവും നല്‍കപ്പെട്ടിരുന്നു എന്നും കവികള്‍ സമൂഹത്തില്‍ വളരെയധികം ഉണ്ടായിരുന്നു എന്നും ഭരണാധികാരികള്‍ കവികളെ മനസ്സറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും ദാനവും ഭൂമിയും ഒക്കെ ഇഷ്ടംപോലെ നല്‍കുമായിരുന്നു എന്നും ശ്രീധരമേനോന്‍ പറയുന്നു. അടുത്തിടെ ഒരു സുഹൃത്ത് പറയുകയുണ്ടായി തൃശൂര്‍ നഗരത്തില്‍ ഇറങ്ങി നടന്നാല്‍ തിരക്കില്‍ നിങ്ങള്‍ ഒരു കവിയെയെങ്കിലും മുട്ടാതെ കടന്നു പോകില്ല എന്നു . കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കവിതയിലും സാഹിത്യത്തിലും വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ സോഷ്യല്‍ മീഡിയകള്‍ക്കും ബ്ലോഗുകള്‍ക്കും കഴിഞ്ഞിട്ടുണ്ട് .

 

            കവിതകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് പറയാനുണ്ട്. പക്ഷേ അതിന് ഈ താളുകള്‍ പോരാതെ വരും . പകരം കവിതകളുടെ ഈ മാലയെ ഒന്നു അണിയാന്‍ ശ്രമിക്കാം . യൂടൂബിലെ കാവ്യം സുഗേയം എന്ന പരമ്പരയിലൂടെ കവിതയുടെ ലോകത്തെ വിശാലമായി പരിചയപ്പെടുത്തുന്ന ജ്യോതീബായി പര്യേടത്തിനെ സാഹിത്യലോകത്തിന്, പ്രത്യേകിച്ചു കവിത സ്നേഹികള്‍ക്ക് പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കവിതയുടെ ആസ്വാദന ലോകത്തെ ശബ്ദമധുരവുമായി കൂട്ടിയിണക്കി നല്ല മഹത്തായ ഒരു സംഭാവനയാണ് ജ്യോതീബായി നല്‍കുന്നത് . അതിനാല്‍ത്തന്നെ ജ്യോതീബായിയുടെ കവിത പുസ്തകം എന്നത് അത്രയേറെ ആകാംഷയോടെ വായിക്കപ്പെടേണ്ട ഒന്നാണ് എന്ന ചിന്ത പുസ്തകം ഇറങ്ങിയ നാള്‍ മുതല്‍ മനസ്സില്‍ ഉയരുന്നതാണ്. ഈ കവിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ അതുപകരിച്ചേക്കും എന്നൊരു ഗൂഢമായ ആനന്ദവും അതിലുണ്ട് . മൂളിയലങ്കാരി എന്ന നാമത്തില്‍ ജ്യോതീബായി സംഭാവന ചെയ്യുന്ന ഈ പുസ്തകത്തിലെ കവിതകള്‍ എല്ലാം തന്നെ മനോഹരമായ കവിതാ വിരുന്നുകള്‍ ആണെന്നതില്‍ സംശയമില്ല . സോഷ്യല്‍മീഡിയ സാഹിത്യത്തിലെ ഏറ്റവും പ്രശ്നം, എന്തെഴുതണമെന്ന മിക്ക കവികളുടെയും അങ്കലാപ്പാണ് . രാഷ്ട്രീയം മതം സാമൂഹ്യം എന്നീ വിഷയങ്ങളില്‍ കൈ വച്ചാല്‍ നഷ്ടമാകും എന്നു കരുതുന്ന പ്രതിച്ഛായകളുടെ ഭാരം മൂലം അവരൊക്കെയും തിരിയുക തന്നിലേക്ക് തന്നെയാണ് . അവിടെ അവര്‍ക്ക് പറയാന്‍ പ്രണയം അല്ലാതെന്തുണ്ട് ?. ചിലര്‍ സ്ത്രീയുടെ വേദനകളും ബുദ്ധിമുട്ടുകളും പറഞ്ഞു പറഞ്ഞു പഴകുന്നു. മറ്റ് ചിലര്‍ അതില്‍ തൂങ്ങി പുതിയ ഭാവനകള്‍ സൃഷ്ടിക്കുന്നു എന്നതിനപ്പുറം വലിയ വികാസം ഒന്നുമില്ല . ചുരുക്കം ചില കവികള്‍ ഈ സ്ഥിരം ഫോര്‍മാറ്റുകളില്‍ നിന്നും അകന്നു ലോക കവിതകളില്‍ അഭിരമിക്കുന്നു . ഇവരാണ് ഒരുപക്ഷേ സോഷ്യല്‍ മീഡിയ കവികളെ താങ്ങി നിര്‍ത്തുന്ന ഊര്‍ജ്ജം എന്നു കരുതുന്നു . അവരെ വായിക്കുക എന്നതും ഒരു സന്തോഷമാണ് . ഈ അവസരത്തില്‍ ജ്യോതീബായി എന്താണ് തന്റെ കവിതാ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് ഒന്നു കണ്ണോടിച്ചു നോക്കാം .

 

            നഷ്ടമാകുന്ന ഒരു സംസ്കാരം , ഭാഷ , കാഴ്ചകള്‍ ഒക്കെയും വളരെ ഒഴുക്കോടെ പറഞ്ഞു പോകുന്ന ജ്യോതീബായിയുടെ കവിതകളില്‍ ഓരോന്നിലും ഓരോ ജീവിതങ്ങള്‍ ആണുള്ളത് . ഒരുപക്ഷേ ഒരു കവിതയില്‍ എങ്ങനെ ഒരു കഥ പറയാം എന്നുള്ളത് മനസ്സിലാക്കാന്‍ ഈ കവിതകള്‍ ഉപകരിച്ചേക്കും . എം.ടി. യുടെയോ ഒ. വി. വിജയന്റെയോ കഥകളോ നോവലുകളോ വായിക്കുമ്പോള്‍ കിട്ടുന്ന ജീവിതത്തെപ്പോലെ വളരെ ഹൃദയസ്പൃക്കായി സ്പഷ്ടമായി ലളിതമായി ഓരോ കവിതകളിലും, ഓരോ കഥാപാത്രങ്ങളില്‍ക്കൂടി പരിചയപ്പെടുത്തുന്ന ഈ കവിതമാല ശരിക്കും പേരിനു വിപരീതമായി നില്ക്കുന്നു എന്നു പറയാനാണ് ആഗ്രഹം . മൂളിയലങ്കാരി എന്നത് ഒരു അഹങ്കാരിപ്പെണ്ണോ തന്‍റേടിയോ ആണ് . അങ്ങനെയുള്ള ഒരുവള്‍ വിളിച്ച് പറയുക സമൂഹത്തിലെ സദാചാരബോധത്തിനും സനാതന സംസ്കൃതിക്കും എതിരായ എന്തുമാകാം . പക്ഷേ ഈ മൂളിയലങ്കാരി പറയുന്നതൊക്കെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ആണ് . ആര്‍ക്കും അതില്‍ മുഷിവ് തോന്നാന്‍ ഇടയില്ല പകരം അവൾക്കൊപ്പം ശരിവയ്ക്കുകയും തങ്ങളുടെ തന്നെ പരിസരങ്ങളില്‍ നിന്നോ തങ്ങളിൽ നിന്നു തന്നെയോ അവരെ കണ്ടെത്തുകയോ ആണ് . മാധവിക്കുട്ടിയുടെ ഭാഷ പ്രണയാമൃതം ആയിരുന്നു ജ്യോതീബായിയുടെ ഭാഷ ജീവിതാമൃതവും . അനസ്യൂതമായി ഒഴുകുന്ന വരികളില്‍ ചിലവ ഈണത്തോടെ തന്നെ വായിച്ചു പോകാന്‍ കഴിയുമ്പോള്‍ ചിലവ ചൊല്‍ക്കവിതകള്‍ ആണ് . മുന്പ് വായിച്ചിട്ടുള്ള കവിതകളില്‍ ഡോ ദീപ സ്വരന്‍ എന്ന കവിയുടെ കവിതകള്‍ ഇങ്ങനെ മനോഹരമായ ഒരു പാത്ര സൃഷ്ടികളില്‍ അനുഭവിച്ച ശേഷം തികച്ചും ജ്യോതീബായി വരെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു കവിതയെ അതിന്റെ നാനാർത്ഥങ്ങളും അർത്ഥതലത്തിലും ആശയതലത്തിലും വായിക്കുവാന്‍ എന്നത് ഈ രംഗത്ത് സംഭവിക്കുന്ന പരീക്ഷണങ്ങള്‍ വിജയം വരിക്കാന്‍ ആവശ്യം തുറന്ന വായനയും ഭാഷയോടുള്ള സ്നേഹവും അറിവുമാണെന്ന് അടിവരയിടുന്നു . എല്ലാവരും കവിതയെഴുതുന്നുണ്ട് . ചിലരുടെ കവിതകള്‍ക്ക് കവിതയുടെ നിറവും ഗന്ധവും ലഭിക്കുന്നു ചിലരുടെ കവിതകള്‍ വായിച്ചു മടക്കി വയ്ക്കാന്‍ മാത്രം തോന്നുന്നു . ചിലര്‍ ലക്ഷ്മണ രേഖയ്ക്കുള്ളില്‍ മാത്രം നിന്നു കവിതകള്‍ രചിക്കുന്നു . ഓരോരുത്തര്‍ക്കും ഓരോ ന്യായങ്ങള്‍ തങ്ങളുടെ രചനാ ശൈലിക്കുണ്ടാകുക സ്വാഭാവികമാണ് .

 

            ഭാഷയുടെ സുവ്യക്തമായ അടയാളപ്പെടുത്തലുകള്‍ ആണ് ജ്യോതീബായിയുടെ കവിതകളുടെ കാതലായ പ്രത്യേകത . ടൈപ്പായി പോകാതെ കവിതകള്‍ അവതരിപ്പിക്കുക വഴി ജ്യോതീബായി, കവിത സാഹിത്യത്തിലെ തന്റെ അനിഷേധ്യമായ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നു . ഇത് ഈ കവിയുടെ മൂന്നാമത്തെ പുസ്തകം ആണെന്ന് പുസ്തകത്തിലെ പരിചയപ്പെടുത്തലുകളില്‍ നിന്നറിയാൻ കഴിഞ്ഞു . കൂടുതല്‍ സംഭാവനകള്‍ മലയാള സാഹിത്യ ലോകത്തിന് നല്കാന്‍ പര്യാപ്തയായ ജ്യോതീബായി പരിയേടത്തിന് എല്ലാ ആശംസകളും നേരുന്നു . ഒപ്പം കവിത ആസ്വാദകര്‍ക്കും , പഠനം ആഗ്രഹിക്കുന്നവര്‍ക്കും മുതല്‍ക്കൂട്ടാകും ഈ പുസ്തകം എന്ന സന്തോഷം പങ്ക് വയ്ക്കുന്നു. സസ്നേഹം ബിജു.ജി.നാഥ്

Thursday, December 23, 2021

സ്വപ്നവും സമയവും തമ്മിലാണ് മത്സരം.

സ്വപ്നവും സമയവും തമ്മിലാണ് മത്സരം.
..............................................................................
പുലർച്ച മുതൽ പ്രിയേ, നിന്നുടെ വരവിനെ
കനവു കണ്ടു ഞാനങ്ങിരുന്നീടവേ,

തിരക്കുകൾ ആയിരുന്നെന്ന വാർത്തയിൽ പതിഞ്ഞു ഞാൻ
തീർത്തും നിരാശയാൽ വലഞ്ഞുവല്ലോ.

ഒതുക്കുകൾ കയറി നീ വരുന്നതും കാത്തെൻ്റെ 
ഇറയത്ത് ഞാനിന്നിരുന്നുറഞ്ഞു പോയ്.

ഇടക്കിടെ വന്നു പോകും കാറ്റിൻ്റെ കരങ്ങളിൽ
കൊടുത്തു നീയയച്ച നിൻ ഗന്ധം നുകർന്ന്

മിഴികളങ്ങടച്ചു ഞാൻ മലർന്നു കിടക്കുന്നു 
ചുറ്റും, പറന്നു നടക്കും ശലഭച്ചിറകിൻ വർണ്ണം.!

ചരലുകൾ കരയുന്നൊരൊച്ചയിൽ ഞാൻ 
നിൻ്റെ, പദചലനത്തിൻ നാദം ഗണിച്ചിടുന്നു.

അരികിലായ് കൈതപ്പൂവിൻ ഗന്ധമറിഞ്ഞു 
നിൻ്റെ വിരലെന്നെ തൊടുന്നൊരാ നിമിഷം കാത്ത്

മിഴികളിൽ കപടമാം നിദ്രയെ പതിച്ചു വച്ച്
കിടക്കുന്നു ഞാനിന്നൊരു നടനെപ്പോലെ.

പതിയെ നീയെന്നരികിലിരുന്ന് നോക്കീടുന്നു
പിന്നെ ഉയരും പുഞ്ചിരിയെ മറയ്ക്കുന്നല്ലോ.

തണുത്ത വിരലുകൾ പതിയും ഫാലത്തിൽ ഞാൻ, നിൻ 
ഹൃദയം തൊടുന്നതിൻ സുഖമറിവൂ.

ഉലഞ്ഞുവീഴും ചികുര തലോടലിൻ രസത്തിൽ ഞാൻ
കഠിനഹൃദയനായ് മിഴി പൂട്ടുന്നു.

അധരപുടങ്ങൾ വന്നമരും കവിൾത്തടം
കുഴിഞ്ഞു പോയെന്നോർത്ത് ചിരിച്ചു പോകെ

പരിഭവക്കിണുക്കത്താൽ നാസിക ത്തുമ്പിൽ
നിൻ്റെ, തണുവിരൽ നഖമുനയമർന്നുവല്ലോ.

ഉരുണ്ട തുടകളിലെൻ ശിരസ്സിനെ വച്ച് 
മെല്ലെ
മുടികൾക്കിടയിൽ നീ വിരൽ കടത്തേ

ഹൃദയതാളത്തെയൊന്നാകെയും തകർത്തെൻ്റെ
മുഖമതിൽ നിൻ്റെ മുലയമർന്നു.

പിറന്നു വീണ കുഞ്ഞിൻ പ്രകൃതമെന്ന പോലെൻ
കൈവിരലും ചുണ്ടുമപ്പോൾ വിറപൂണ്ടല്ലോ.

നിറവും സംഗീതവും നിറഞ്ഞ സ്വപ്നത്തിനെ
മാനിക്കാനറിയാത്ത സമയലോഹം

കഠിനകഠോരമാം ഒച്ചയിൽ വിളിച്ചെൻ്റെ
സമയമായെന്നങ്ങറിയിക്കുന്നപ്പോൾ.
@ബിജു.ജി.നാഥ്

Wednesday, December 22, 2021

ത്രേസ്യാമ്മ തോമസ് നാടാവള്ളിലിൻ്റെ എഴുത്തുകൾ

മഞ്ഞു പൂക്കുന്ന ഇടവഴികൾ (കവിത)
മൗനത്തിൻ്റെ ചിറകടികൾ (കവിത)
അവളുടെ വെളിപാടുകൾ (ലേഖനം)
സ്നേഹപൂർവ്വം കുഞ്ഞേച്ചി (ലേഖനം)
ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ



        കവിതകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ ആദിമ മനുഷ്യന്റെ പരസ്പരമുള്ള കൊടുക്കല്‍വാങ്ങല്‍ ആയിരുന്നു . അതിന് ആദിമഭാഷയുടെ ഗന്ധവും അതിന്റെ ഭംഗിയും ഉണ്ട് . കവിതകള്‍ പില്‍ക്കാലത്ത് രൂപപരിണാമങ്ങള്‍ പലതു കൈവരിക്കുകയും മനുഷ്യപരിണാമത്തിന്റെ ദശാ സന്ധികളില്‍ എന്നപോലെ പലപ്പോഴും വഴി മറന്നും ധർമ്മം  മറന്നും നില്‍ക്കുകയുമുണ്ടായിട്ടുണ്ട് . ആധുനിക കവിതകളുടെ, നിലനില്‍പ്പിന്റെ സമരത്തിലൂടെ ആണ് കവിതാലോകം കടന്നുപോകുന്നതെന്നും നമുക്കെല്ലാം അറിയാവുന്നതാണല്ലോ . ഇത്തരം കവിതാസങ്കേതങ്ങളുടെ നിലനില്‍പ്പില്ലായ്മയും മാറ്റങ്ങളും പലപ്പോഴും സംഭവിക്കാന്‍ കാരണമാകുന്നത് കവിതയുടെ ധര്‍മ്മവും അതിൻ്റെ രീതികളും അറിയാതെ പോകുന്നതുകൊണ്ടാണ് . കവിതയെന്നത് ആന്തരികമായ ചിന്തയുടെയും കാഴ്ചകളുടെയും ബഹിര്‍ഗ്ഗമനമാര്‍ഗ്ഗം ആണ് . അതില്‍ സൗന്ദര്യം ഉണ്ടാകുന്നത് വായനക്കാരനും അതേ ഭാവത്തിലോ അവസ്ഥയിലോ കടന്നുപോയിട്ടുണ്ടാകുകയോ അതിലേക്കു സ്വയം വീണുപോയിട്ടുണ്ടാകുകയോ ചെയ്തതിനാല്‍ ആകണം . അതിനാല്‍ത്തന്നെ കവിത സംവദിക്കുന്നത് ഒരുപോലെയല്ല എല്ലാവരിലും. ഒരു പുഷ്പത്തെ കാണുന്ന പല കണ്ണുകളില്‍ ആ പുഷ്പത്തിന്റെ രൂപവും സൗന്ദര്യവും കാഴ്ചയും എഴുതപ്പെടുകയാണെങ്കില്‍, അതില്‍ ഒരുപോലെ ചിന്തിച്ചവര്‍ എത്രയുണ്ടാകാം എന്നത് ഇതിനൊരു ഉദാഹരണമായി പറയാം .

         പറഞ്ഞു വന്നത് ത്രേസ്യാമ്മ തോമസ് നാടാവള്ളിൽ എന്ന കവിയുടെ കവിതകളെക്കുറിച്ച് ആണെങ്കിലും വിഷയത്തില്‍ നിന്നും അകന്നു പോയോ എന്നു തോന്നിയതിനാല്‍ തിരികെ വരുന്നു. ത്രേസ്യാമ്മ മലയാള കവിതകളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു തുടങ്ങുന്ന ഒരെഴുത്തുകാരിയാണ് . സോഷ്യല്‍ മീഡിയയിലും മറ്റും അവര്‍ തന്റെ കവിതകള്‍കൊണ്ട് സമ്പന്നമാക്കുന്നുണ്ട്. എങ്കിലും അതിലുമുപരി അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ത്രേസ്യാമ്മയുടെ കവിതകള്‍ ഇതിന് മുന്പ് തന്നെ പ്രസിദ്ധമാണ് . ഈ പുസ്തകം ത്രേസ്യാമ്മയുടെ ആദ്യ പുസ്തകമല്ല എങ്കിലും ഓരോ പുസ്തകവുമോരോ പുതിയ അനുഭവം നല്കുന്നു എന്ന തത്വം കവി പിന്തുടരുന്നു എന്നു കരുതുന്നു . സാമൂഹിക വിഷയങ്ങളില്‍ ഒക്കെ വളരെ ശക്തമായി തന്റെ സോഷ്യല്‍ മീഡിയ മാധ്യമം വഴി പ്രതികരിക്കുന്ന കവി പക്ഷേ എന്തുകൊണ്ടോ തന്റെ കവിതകളില്‍ ഈ പറയുന്ന ക്ഷോഭിക്കുന്ന യുവത്വത്തെ പരിചയപ്പെടുത്താറില്ല . സ്വതവേ ശാന്തയും മിത ഭാഷിയുമായ ഒരാളുടെ മൗനഭാഷയാണ് ത്രേസ്യാമ്മയുടെ കവിതകള്‍ എന്നു കാണാം.  ഹൃദയത്തെ ദ്രവീകരിപ്പിക്കുന്ന ഒരു മൗനം തന്റെ കവിതകളില്‍ ത്രേസ്യാമ്മ ഒളിച്ചു വയ്ക്കുന്നു . മഴ പെയ്തു നനഞ്ഞ ഒരു ഗ്രാമപാതയിലൂടെ ഉണങ്ങിയ നനഞ്ഞ ഇലകളില്‍ ചവിട്ടി നടക്കുന്ന ഒരു പ്രതീതി ആ കവിതകളില്‍ ഉടനീളം അനുഭവപ്പെടുന്നു .
ഏകാന്തതയുടെ കൂട്ടുകാരിയാണ് ഈ കവിതകളുടെ മിക്കതിന്റെയും നായിക എന്നത് വായനയില്‍ ഒരു ഏകശിലാരൂപം നല്‍കുന്ന കാഴ്ചയാണ് . ഒറ്റക്കിരിക്കുന്നവള്‍ . അവള്‍ അമ്മയാണ് മകളാണ് ഭാര്യയാണ് കൂട്ടുകാരിയാണ് പ്രണയിനിയാണ് വൃദ്ധയുമാണ് . ഓരോ നെടുവീര്‍പ്പിലും അവള്‍ ബഹിര്‍ഗമിപ്പിക്കുന്ന ഭയാനകമായ ഒരു  മുഴക്കമുണ്ട് . കാത്തിരിപ്പിന്റെ അവസാനമെന്നോണം ഒരു യാത്ര കവി എപ്പോഴും കൊതിക്കുന്നതായി കാണാം . പ്രണയിനിയായ ഒരുവള്‍ അവള്‍ക്ക് ചരിത്രത്തില്‍ പല മുഖങ്ങളും ഭാഷകളും ആണ് . നമുക്കെല്ലാവര്‍ക്കും സുപരിചിതം മീരയാണ് . അല്ലെങ്കില്‍ രാധയുടെ വിരഹം . ഇവിടെ ഈ നായികയും ഒരു വിഷാദവതിയായ തരുണി തന്നെയാണ് . തന്റെ ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിനുള്ളില്‍ ഒളിച്ചു കഴിഞ്ഞോളാം ശിഷ്ടകാലം എന്നൊരു ചിന്ത അവളെ സദാ പിന്തുടരുന്നുണ്ട് . പ്രണയത്തിന്റെ മധുരവും നോവുകളും പങ്ക് വയ്ക്കുമ്പോളും , അവന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുമ്പോഴും പരസ്പരം കാണാതെ , ഇങ്ങനെ മരണം വരെയും കഴിഞ്ഞുപോകാന്‍ അവള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നതായി കാണാം .
സമകാലീന വിഷയങ്ങളില്‍ കവിയുടെ പ്രതികരണങ്ങള്‍ കവിതകളില്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല എങ്കിലും പിതാവിന്റെ ഓര്‍മ്മകളും വീടോര്‍മ്മകളും ഒക്കെക്കൊണ്ട് വികാരവിക്ഷുബ്ധയാകുന്ന ഒരു മകളെ ഇതില്‍ കാണാന്‍ കഴിയും .
ഒന്നിൽ ഇങ്ങനെയെങ്കിൽ അടുത്ത കവിത സമാഹാരത്തിൽ കവി ഓർമ്മകളിൽ ഒരു കുഞ്ഞും അമ്മയുമുണ്ട്. ഒരു നാടും നാട്ടു പെണ്ണും ഉണ്ട്. അവളുടെ ഗദ്ഗദങ്ങളിൽ പ്രായ കാലത്തിൻ്റെ എല്ലാ നഷ്ട സ്മൃതികളും ഉണ്ട്.  മനോഹരമായ ഒരു കവിത എന്നത് ഒരു വാഗ്മയയ ചിത്രമാണ് . അത്തരം ഒരനുഭവം മലയാളിക്ക് അപരിചിതമായ ഒരു കാഴ്ചയെ അതിന്റെ എല്ലാ ഭംഗിയോടും കാട്ടിത്തരുന്ന ഒന്നായി വായിക്കാം മഞ്ഞു പൂക്കുന്ന ഇടവഴികളിൽ . മഞ്ഞു വീണു കിടക്കുന്ന മരച്ചില്ലകളില്‍ പ്രഭാത സൂര്യന്റെ കിരണങ്ങള്‍ നക്ഷത്രശോഭ പകരുന്ന ഒരു പ്രഭാത ദൃശ്യം ഏതൊരു മനസ്സിലും അടക്കാനാകാത്ത കൊതിയും ആകാംഷയും ഉണര്‍ത്തുവാന്‍ പര്യാപ്തമായതാണ് .
കവിതകളൊന്നും തന്നെ ഗഹനമായ ചിന്തകളോ കഠിന പദങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകളോ നല്‍കുന്നവയല്ല . മനോഹരമായ ഭാഷയും പാകത ഉള്ള ശൈലിയും ഉള്ള കവിതകള്‍ പരമ്പരാഗത കവിതാശൈലികളെ പിന്തുടരാതെ ആധുനിക കവിതകളില്‍  ഉറച്ചു നിന്നു കൊണ്ടെഴുതിയവയാണ് എന്നു കാണാം . മലയാള സാഹിത്യ വേദിയില്‍ കവിതാശാഖയില്‍ കൂടുതല്‍ പ്രതീക്ഷകളും സംഭാവനകളും നല്കാന്‍ കഴിവുള്ള ത്രേസ്യാമ്മ സ്വയം നിര്‍മ്മിച്ച കൂട് വിട്ടു പുറത്തു വരുന്നതിനായി വായനക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നു കരുതുന്നു . 

           കവിതകൾ ഒക്കെ മനോഹരങ്ങൾ ആണ് എന്നത് കൊണ്ട് ത്രേസ്യാമ്മ നല്ലൊരു കവിയാണ് എന്നടയാളപ്പെടുത്തുന്നു. എന്നാൽ ലേഖനങ്ങളുടെ രണ്ടു കാലങ്ങളിലെ അടയാളപ്പെടുത്തലുകൾക്കും മതത്തിൻ്റെ വേലിക്കെട്ടും സദാചാര ചിന്തകളുടെ വർദ്ധിതമായ സ്വാധീനവും വിദേശവാസവും അനുഭവങ്ങളും നല്കിയ ചിന്തകളിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്ന വായനാനുഭവം ആണ് നല്കിയത്. കടുത്ത മത ചിന്തയുടെ പുറം ചട്ട വലിച്ചു കീറാൻ ഭയക്കുന്ന ഒരു കാഴ്ച കുട്ടികൾക്ക് സാരോപദേശം നല്കുന്നതിലായാലും മുതിർന്നവരോടുള്ള സംവേദനത്തിലായാലും കാണാൻ കഴിഞ്ഞു. ഒരു നല്ല എഴുത്തുകാരൻ എന്നത് ഒരു സാമൂഹ്യ പരിഷ്കർത്താവു കൂടിയാണ് എന്ന സാമാന്യതത്വം എന്തുകൊണ്ടോ മിക്ക എഴുത്തുകാർക്കും കൈവരിക്കാനാകാത്തതിന് കാരണം മതവും രാഷ്ട്രീയ ചായ്വുകളും ആണെന്ന പൊതു ധാരണയെ ഈ എഴുത്തുകാരിയും മറികടക്കുന്നില്ല. കൃത്യമായ നിരീക്ഷണങ്ങളും അവയ്ക്കു പക്ഷേ പുരോഗമനത്തിൻ്റെയല്ല മത,സാമുദായ സദാചാര ബോധങ്ങളുടെ ഉള്ളിൽ നിന്നു കൊണ്ടുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കടന്നു വരുമ്പോൾ അവയുടെ സാമൂഹികമായ ഉത്തരവാദിത്തം നഷ്ടമാകുന്ന ഒരു വായനാനുഭവം നല്കുന്നതിനാൽ കുഞ്ഞേച്ചിയെയും അവളുടെ വെളിപാടുകളെയും ഒരു വായനാ മൂല്യമുള്ള പുസ്തകങ്ങളുടെ ശ്രേണിയിൽ കണക്കാക്കാൻ കഴിയാതെ പോകുന്നതായി അനുഭവപ്പെട്ടു. കാലവും ദേശവും സംസ്കാരവും എത്ര തന്നെ മാറിയാലും മാറാൻ കഴിയാത്ത ചിലത് ഉണ്ടാകും. അവയുടെ മുകളിലിരുന്നു നമുക്കാെരിക്കലും ഒരു സാമൂഹ്യ പരിഷ്കർത്താവിൻ്റെ വേഷം അണിയാനാകില്ല എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന ഘടകങ്ങൾ നാമെങ്ങനെ അവർക്ക് നല്കുന്നുവോ അതിനെ അധിഷ്ഠിതമാക്കിയാകുമ്പോൾ നാം സ്വയം നവീകരിക്കപ്പെടേണ്ടതുണ്ട്. ഒരു കവിയെന്ന നിലയിൽ ത്രേസ്യാമ്മ തോമസ് തിളങ്ങുമ്പോഴും ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ ഉയരാൻ ഈ വസ്തുതകൾ മനസ്സിരുത്തേണ്ടതുണ്ട് എന്ന തോന്നലിൽ വായനകൾ പൂർത്തിയാക്കേണ്ടി വരുന്നു. 
ആശംസകളോടെ ബിജു.ജി.നാഥ്

ഭ്രമര ചിത്തം

ഭ്രമര ചിത്തം 
.........................
പ്രണയമേ...!
അസ്ഥിവാരമിളകിയ 
പുരാതനഗേഹമീയിരുളിൽ
കനിവിനായ് കാത്തു കിടക്കവേ
നിറയും ക്ഷീരമധുവുമായീ
പടിവാതിലിലെത്തുന്നുവോ നീ.?
കരിന്തിരി കത്തുമീയുടൽ വിളക്കൊന്ന്
അനിലനെ ആട്ടിയോടിക്കുന്നു
മിന്നൽപ്പിണരിനാൽ മേലെ വാനം
നിൻ്റെ കണ്ണിൻമുന പോൽ നോക്കുന്നു.
അഴിഞ്ഞുലഞ്ഞിതാ വീണു ചികുരവും
ഞൊറിയകന്നൊരു കാളസർപ്പവും
ഉടലുറയൂരിയെന്തിനോ രാവിൻ
ഉഷ്ണവാതത്തിൽ പുതയുന്നു.
ചിത്രം വരച്ചു തുടങ്ങുന്നു ചുറ്റിലും
ചിത്രശലഭങ്ങളെങ്കിലും രാവേ !
ചിത്തമിതാ നിശബ്ദം നിന്നുടെ
ചുറ്റിലും വട്ടം തിരിയുന്നു.
ഇല്ല വിശപ്പിൻ കയറഴിഞ്ഞീടിലും,
ജ്വരബീജങ്ങളെൻ നാഡി തളർത്തീടിലും
അക്ഷരമേ നിന്നെ വാരിയെടുത്തു ഞാൻ
കനൽക്കട്ടകൾ തൻ മേൽ നിരത്തും.
എത്രയൊടുങ്ങാത്ത വേദന തന്നീടിലും
മുനയൊടിച്ചൊടുക്കുകയില്ല ന്യൂനം.
@ബിജു.ജി.നാഥ്

Sunday, December 12, 2021

ഹൃദയം പറഞ്ഞ കഥകൾ........ ഗീതാഞ്ജലി

ഹൃദയം പറഞ്ഞ കഥകൾ(ഓർമ)
ഗീതാഞ്ജലി
സാപിയൻസ് ലിറ്ററേച്ചർ
വില: ₹ 120.00


ഓർമ്മകൾക്ക് മധുരമുണ്ടാകുന്നത് അവ നമ്മെ പിന്തുടർന്ന് വേട്ടയാടുന്നതിനാലാണ്. ചിലർക്കത് മധുരമാണെങ്കിൽ മറ്റു ചിലർക്ക് നോവാകാം. വേട്ടക്കാരൻ ഏതു തരക്കാരനെന്നു തിരിച്ചറിയുക ഇരയുടെ അനുഭവത്തിൽ നിന്നുമാണല്ലോ. എച്മിക്കുട്ടിയുടെ ഓർമ്മകൾ, നളിനി ജമീലയുടെ ഓർമ്മകൾ, രമ പൂങ്കുന്നത്തിന്റെ ഓർമ്മകൾ, സിസ്റ്റർ ജസ്മിയുടെ ഓർമ്മകൾ, തുടങ്ങി ഓർമ്മകളുടെ പുസ്തകങ്ങൾ അനവധിയാണ് സാഹിത്യത്തിൽ. വിദേശ രാജ്യങ്ങളിലിരിക്കുന്ന കുടിയേറ്റക്കാർക്ക് ഓർമ്മകൾ എന്നാൽ ജന്മനാടാണ്. അവരുടെ ഓർമ്മക്കുറിപ്പുകൾക്ക് ഒരു ഏകതയുണ്ട് എന്ന് പറഞ്ഞു കേൾക്കാം. മലയാളി എഴുത്തുകാർ ആയ പ്രവാസികൾക്ക് പങ്കുവയ്ക്കാൻ കുറച്ച് സ്ഥിരം സംഗതികൾ ഉണ്ട്.  നദി, പുഴ, വയൽ, കുയിൽ ,അമ്മക്കൈപ്പുണ്യം, അമ്പലം, ആചാരം, പ്രണയം, സ്കൂൾ .... അതിങ്ങനെ വലിയ ഒരു ലിസ്റ്റുണ്ട്. അതിൽ തലങ്ങും വിലങ്ങും വീണുരുളുക എന്നതായിരുന്നു പ്രവാസികളുടെ സാഹിത്യം എന്ന ആക്ഷേപത്തെ പുതിയ കാലം തിരുത്തിത്തുടങ്ങിയിട്ടുണ്ട് ഒരു പരിധി വരെ. 

ഗീതാഞ്ജലിയുടെ ആദ്യ പുസ്തകമാണ് "ഹൃദയം പറഞ്ഞ കഥകൾ". ഈ പുസ്തകത്തിലെ കുറിപ്പുകൾ ഒക്കെയും വളരെ ഹൃദയാർദ്ര നൊമ്പരം നിറഞ്ഞ, പെൺമനസ്സിൻ്റെ വിങ്ങലുകളും പ്രതിഷേധങ്ങളും ആണ്. ഉപമകൾ കൊണ്ടും സൂചകങ്ങൾ കൊണ്ടും ഓരോ ഓർമ്മകളും ഹൃദയം പങ്കുവയ്ക്കുന്നത് വളരെ നല്ലൊരു വായനാനുഭവം ആണ് തരുന്നത്. വിഷയം വേദനാ പൂർണ്ണമോ ചിന്താഭരിതമോ ആകുമ്പോഴും ഈ ആഖ്യായനശൈം വേറിട്ടതാണ്. നമുക്ക് നിത്യജീവിതത്തിലെ സംഭവങ്ങളെ , അനുഭവങ്ങളെ ഒക്കെ പരിചയപ്പെടുത്തുന്നതിന് ചില പരിമിതികളും ബുദ്ധിമുട്ടുകളും ഉണ്ടാകാം. എന്നാലവയെ മറികടക്കാൻ അവയിലേക്ക് ഒരെഴുത്തുകാരന് മാത്രം കഴിയുന്ന ചില വിദ്യകളുണ്ട്. നിറം, മണം മുതലായ ഗന്ധങ്ങളെ അങ്ങനെ സന്നിവേശിപ്പിക്കുന്ന രീതി രസകരമാണ്. 

കുട്ടിക്കാലമായാലും യൗവ്വനമായാലും ഓർമ്മയിൽ നിറയ്ക്കുന്ന പെൺനോവുകൾ ( അതെടുത്തു തന്നെ പറയണം) പലപ്പോഴും മനസ്സിനെ പിടിച്ചുലയ്ക്കുവാൻ പര്യാപ്തമായതാണ്. യാത്രകൾ, വീടകങ്ങൾ തുടങ്ങി അവളിടങ്ങളിലെല്ലാം ഈ വേട്ടമൃഗ സാന്നിധ്യങ്ങളെ കാണാതിരിക്കാനാകുന്നില്ല. പക്ഷേ നന്മയുടെ, മാനവികതയുടെ, മനുഷ്യത്വത്തിൻ്റെ ഒക്കെ നിലാവെളിച്ചം നമുക്കനുഭവപ്പെടുന്ന ഇടങ്ങൾ കൂടി നാം കാണാതെ പോകരുത് എന്ന് ഗീതാഞ്ലി ഓർമ്മിപ്പിക്കുന്നുണ്ട്. ഓർത്തുനോക്കിയാൽ മധുരം കിനിയുന്ന നെല്ലിക്കയാണ് ചില ബന്ധങ്ങളും ഇഷ്ടങ്ങളും എന്നത് ഒരു വാസ്തവികതയാണ്. കഥകൾ ഇഷ്ടപ്പെടുന്ന കുഞ്ഞിന് കഥ പറയുന്ന അതേ കാലത്തിൽ തന്നെ അമ്മയ്ക്കും ആ കഥകളിലൂടെ സഞ്ചരിക്കാനാകുന്നത് രണ്ടു കാലത്തെ ഒന്നിച്ചു ഒരു വണ്ടിയിൽ കൊണ്ടു പോകും പോലെയാണ്. 

ഓർമ്മകൾ അടയാളപ്പെടുത്തുമ്പോൾ അവ ആവർത്തന വിരസതയുണ്ടാക്കാതെ സൂക്ഷിക്കാൻ എഴുത്തുകാർ മറന്നു  പോകുന്നതായി തോന്നാറുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത ഒന്നാണ് ഓർമ്മകൾ. എന്നാൽ അതിനെ അടയാളപ്പെടുത്തി വയ്ക്കുമ്പോൾ അവയ്ക്ക് അടുക്കും ചിട്ടയും അത്യാവശ്യമാണ്. ആ അർത്ഥത്തിൽ ഗീതാഞ്ജലിക്ക് പാളിച്ചകൾ സംഭവിക്കുന്നുണ്ട്. ആവർത്തന വിരസത അനുഭവിക്കുന്ന ഒന്നായല്ല അതിനെ പറയേണ്ടത്. കാരണം തുടക്കത്തിലെ വായന നല്കുന്ന മാനസികവ്യഥയും വികാരങ്ങളും പുസ്തകവായന മുന്നേറുമ്പോൾ അലിഞ്ഞലിഞ്ഞ് പോവുകയും നിസംഗമായ ഒരവസ്ഥയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്. ഇതിന് കാരണം ആവർത്തന കാഴ്ചകൾ നല്കുന്ന പരിസരങ്ങളും അനുഭവങ്ങളും വീണ്ടും വീണ്ടും പറയുന്നത് തോന്നുമ്പോഴാണ്. ഏറെ കേട്ടാൽ ദുഃഖം നിസംഗതയാഴ്ന്ന മൗനം പൂണ്ടു പോകുമെന്ന അവസ്ഥ. വളരെ മനോഹരമായ ഭാഷയും പ്രയോഗങ്ങളും അവതരണ രീതിയും കൊണ്ട് ഒരു മികച്ച എഴുത്തുകാരൻ്റെ തലത്തിലാണ് ഗീതാഞ്ജലിയെ വിലയിരുത്താൻ കഴിയുന്നത്. തുടർന്നും കൂടുതൽ വിപുലമായ കഥകളോ നോവലുകളോ കവിതകളോ ഒക്കെയായി ഓർമ്മകളെ അടുക്കിക്കെട്ടി വരാൻ ആശംസിക്കുന്നു.
സ്നേഹപൂർവ്വം ബിജു.ജി.നാഥ്

ചെറിയ വലിയ നുണകളിൽ ഒരു ലോകം

ചെറിയ വലിയ നുണകളിൽ ഒരു ലോകം .
........................................................................
ഈ മഴചാറ്റലിൽ നീയെന്താ പെണ്ണേ
ഒറ്റക്ക് നിന്നു നനയുന്നതിങ്ങനെ?
നിൻ മനോവേദന എന്നോട് ചൊല്ലുവാൻ
എന്താണ് നിന്നെ തടഞ്ഞു നിർത്തുന്നത് ?

ഒന്നോർത്തു നോക്കുകിൽ നാമെത്ര കാലമായ്
ഒന്നായീ ജീവിതം മുന്നോട്ടു നീക്കുന്നു.
എങ്കിലും നിന്നിൽ പടർന്നു കയറുന്ന 
അന്യതഃ ബോധം സഹിക്കുന്നതെങ്ങനെ.

നീ പറഞ്ഞില്ല നിൻ കഥകളിലൊന്നുമേ
നീയെന്തെന്നും നിൻ വാസ്തവചരിതവും.
ഇന്നീ പാതതൻ ഓരത്ത് നിന്നു നീ 
ചൊല്ലും കഥകളിൽ പോലുമില്ലല്ലോ നീ.

എന്തിനായ് പാഴില മൂടുമീ വഴികളിൽ
നിന്നുടെ തോരാത്ത കണ്ണുനീർ ചൊരിയുന്നു.
അന്നും പറഞ്ഞതാണീ ലോകചിന്തയിൽ
കള്ളത്തരങ്ങളതില്ലാതെ ഗമിക്കുവാൻ.

നീ പറഞ്ഞുള്ളോരു ജീവിതക്കാഴ്ചകൾ
എത്രയോ കണ്ടു കഴിഞ്ഞതാണീ ലോകം!
എങ്കിലും നീ നിൻ്റെ കണ്ണുനീർ ചൊരിയുന്ന
കാഴ്ചയിലെൻ കാലവും ദേശവും മറയുന്നു.

നിന്നെ വിശ്വസിക്കുവാൻ മനസ്സു പറയുന്നു
നിന്നെ തലോടുവാൻ ഉള്ളം കൊതിക്കുന്നു.
നിൻ്റെ പൊള്ളുംഹൃത്തിൻ സാന്ത്വനമാകുവാൻ
നിൻ്റെ മനസ്സിൽ ഞാൻ കൂടൊന്നുകൂട്ടുന്നു.

തട്ടിയെറിഞ്ഞു നീ അകലേക്ക് മാറുന്നു
കുറ്റപ്പെടുത്തലാൽ ഉള്ളം പുകയ്ക്കുന്നു.
മാർജ്ജാരമൂഷിക ലീലകൾ പോലെ നീ
എന്നെയീ ഇരുളിൻ പിടയാൻ വിട്ടീടുന്നു!

ഒന്നു മാത്രം ചൊല്ലാം രാവുമായും മുന്നേ,
ഇന്നു നീ കാണാത്ത എന്നെയോർത്തീടുക.
അന്നു നീ യാത്രക്കൊരുങ്ങുന്ന വേളയിൽ
ഉണ്ടായിടില്ല ഞാൻ മറന്നിടല്ലേ സഖേ.

ഒറ്റവാക്കിൻ വ്യഥ ചൊല്ലുവാൻ നിൻ ചിത്തം
എത്ര വേദനിച്ചീടിലും കഴിയുമോ?
ചത്തു പുഴുക്കൾ ആഹരിച്ചൊടുവിലായ്
അസ്ഥി മാത്രമാം എൻ കാതറിയുവാൻ.

ആകയാൽ നീ പ്രിയേ പോകുന്നതിൻ മുമ്പ്
ചൊല്ലുക നിന്നുടെ ഉള്ളം തുറന്നു നീ.
എന്തുമാകട്ടെ ഞാൻ ഉള്ളിൽ വയ്ക്കുന്നില്ല
നിന്നെയല്ലാതെയാ പൊളി വാക്കുകളൊന്നുമേ.

എത്ര വേനലുകൾ പൊള്ളിച്ചതാണീ ദേഹി.
എങ്കിലും ജീവൻ പോകാതെ നില്ക്കുകിൽ
ഇല്ല നിൻ സ്നേഹം കാണാതിരിക്കില്ല.
അറിയാതെ പോകില്ല നിൻ ചുംബന മധുരവും.
@ബിജു.ജി.നാഥ്





Thursday, December 9, 2021

അമ്മ

അമ്മ

കണ്ണാരം പൊത്തിക്കളിക്കുന്ന കാറ്റിൻ
കണ്ണാടി വിരലിൽ ഞാൻ തൊട്ടു. പിന്നെ,
കണ്ണൊന്നിറുക്കി ചിരിച്ചു.

നെഞ്ചോരം ചേർത്തു പുണർന്നൊരാ കാറ്റിൻ
ഹൃദയത്തുടിപ്പ് ഞാൻ കേട്ടു. വാത്സല്യ -
പരിരംഭണത്തിൽ അലിഞ്ഞു.

അമ്മയാണെന്നു കരുതി ഞാൻ മെല്ലെ
കണ്ണങ്ങടച്ചു കിടന്നു പിന്നെ -
ആനന്ദമോടങ്ങുറങ്ങീ.

പേമാരി പെയ്തിട്ടും ഇടിമിന്നൽ വന്നിട്ടും
ഭയമേതും വന്നില്ലെനിക്ക് ഞാനപ്പോൾ
അമ്മ വാത്സല്യത്തിലല്ലോ.

പാരിൽ നാം കാണും ദേവത തൻ നാമം
പാടില്ല മറവിയാൽ മൂടാൻ ലോകമേ,
മാതാവ് കൺകണ്ട ദൈവം.
........ബി.ജി.എൻ വർക്കല

ഉത്തമരഹസ്യങ്ങളുടെ (അ) വിശുദ്ധ പുസ്തകം. ..... ലിഖിത ദാസ്

ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം(കവിതകൾ)
ലിഖിത ദാസ്
ധ്വനി ബുക്സ്
വില: ₹100. 00


മനുഷ്യജീവിതപരിണാമചക്രത്തിൽ ഒരു ദശാസന്ധിയിൽ അവളും അവനും വേറിട്ട രണ്ടു വ്യക്തികളായി പരാവർത്തനം ചെയ്യപ്പെടുകയുണ്ടായി. അന്നുവരെ ഒന്നായി ഒരുപോലെ ജീവിച്ചു രമിച്ചു മരിച്ച മനുഷ്യകുലത്തിൽ അപ്പോൾ മുതൽ അവൻ , അവൾ എന്നിങ്ങനെ രണ്ടു സ്വത്വബോധങ്ങളുണ്ടായി. അതു വരേയും ഒരു പോലെ വേട്ടയാടിയും ഇര പിടിച്ചും വഴക്കിട്ടും തോളോട് തോൾ ചേർന്നു നിന്നവർക്ക് ലിംഗം, യോനി എന്നിവ പെട്ടെന്നു മുളച്ചതു പോലെയായി. ബലാബലങ്ങളിൽ, പന്തികളിൽ, വീതം വയ്ക്കലുകളിൽ ഒരു രണ്ടാമൻ്റെ ലോകമായി അവൾക്ക് സ്ഥാനം. ചിന്താധാരകളിൽ പൊടുന്നനെ സംഭവിച്ച ഈ മാറ്റം പിന്നീടങ്ങോട്ട് നൂറ്റാണ്ടുകൾ പിന്നിട്ടും മാറ്റമില്ലാതെ തുടരുന്നു. പ്രകൃതിക്ക് ഒരു നിയമമുണ്ടത്രേ! ആണിനാണ് സൗന്ദര്യമെന്നും , കരുത്തെന്നും , അധികാരമെന്നും അവൻ തീരുമാനിച്ചു കഴിഞ്ഞു. എതിർത്തു നിന്നൊരു യുദ്ധത്തിനവൾ പ്രാപ്തയായിരുന്നു അന്നെങ്കിലും നിർഭാഗ്യവശാൽ എന്തോ അജ്ഞാത കാരണങ്ങളാൽ അവൾക്കതിനന്നു കഴിഞ്ഞില്ല.  ഇന്നവൾ അതോർത്ത് കുണ്ഠിതപ്പെടുന്നു. ഇന്നതിൽ നിന്നും കുതറി മാറാൻ അശ്രാന്തം പരിശ്രമിക്കുന്നു.

കലയുടെ ഉത്ഭവ കാലം തൊട്ടേ കവിതയിൽ അവൻ മാത്രമായിരുന്നു മേധാവി എന്ന് കരുതുക വയ്യ തന്നെ. ജീവിതസമരത്തിൽ അവൻ വമ്പുകാട്ടി തൻ്റെ ചുമലേറ്റിയ അധ്വാനഭാരത്തിൽ അവൻ്റെ ദിനങ്ങൾ വ്യാപരിക്കപ്പെട്ടപ്പോൾ , ഒഴിവുവേളകൾ ഒരുപാട് ലഭിച്ച അവളാകണം കവിതകൾ ആദ്യമായി ചൊല്ലിത്തുടങ്ങിയിട്ടുണ്ടാവുക. പക്ഷേ അധികാര വികേന്ദ്രീകരണവും അടിമവംശ സംബ്രദായവും നിലവിൽ വരുത്തിക്കൊണ്ടവൻ ആ മേഖലയും സ്വന്തമാക്കിയിട്ടുണ്ടാകണം. ദൈവനീതികൾ രചിച്ചു കൊണ്ട് അവൾക്ക് മൂടുപടങ്ങൾ അണിയിച്ച അവൻ രണ്ടാംകിട പൗരയെന്ന ആണിയടിച്ചു കൊണ്ടവളെ സമൂഹമധ്യത്തിൽ നിന്നും നിഷ്കാസിതയാക്കി. അവൾ പിന്നെ എഴുതിയതൊക്കെ അവനു വേണ്ടിയായിരുന്നു. അവൻ്റെ പ്രണയം, കരുണ, സ്നേഹം, പരിഗണന ഒക്കെയും തേടിക്കൊണ്ട് ... അപേക്ഷിച്ചു കൊണ്ട് അവൾ പുതിയ തലത്തിൽ കാവ്യരചന തുടങ്ങി വച്ചു. അവനത് വളരെ ഇഷ്ടമായി. അവളെ അവനതിനാൽത്തന്നെ തുടരാനുമനുവദിച്ചു. രാധയും, മീരയും, ഒക്കെ അങ്ങനെ കവിതകളിലൂടെ അവളുടെ അവനെ , അവൻ്റെ പ്രണയത്തെ , കാമത്തെ ഒക്കെ ഓർത്ത് നോവും, വിരഹവും, ഭ്രാന്തും രചിച്ചു. ഇക്കാവമ്മയ്ക്കും മറ്റൊന്നുമില്ലായിരുന്നല്ലോ പറയുവാൻ.

കാലം അതിവേഗം കടന്നു പോയി. ഇന്ന് കവിത അവൻ്റെ കുടുംബസ്വത്തല്ല. വിഷയങ്ങൾ അവൻ്റെ ദയാവായ്പോ കരുണാ കടാക്ഷങ്ങളോ അല്ല. ഭക്തമീരയല്ല ഇന്നവൾ. ആ പ്രതിരോധ കാലത്തിൽ ഇവിടെ ഈ നൂറ്റാണ്ടിൽ 'ലിഖിത ദാസ്' തൻ്റെ "ഉത്തമ രഹസ്യങ്ങളുടെ (അ)വിശുദ്ധ പുസ്തകം" നിർമ്മിക്കുമ്പോൾ ഇതിലെ 29 കവിതകളിൽ 29 അവളുമാരുണ്ട്. കഴിഞ്ഞ ദിവസം ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റിൽ പ്രകാശിപ്പിച്ച ഒരു പുസ്തകത്തിൻ്റെ പേര് 21 വാരിയെല്ലുകൾ എന്നായിരുന്നു. 21 സ്ത്രീകളുടെ കഥകൾ. അവ എന്താണുള്ളടക്കങ്ങൾ എന്നറിയില്ല. പുരുഷൻ്റെ വാരിയെല്ലെന്ന ചിന്തയുടെ കാര്യമൊക്കെ പറയുന്നത് കേൾക്കാമായിരുന്നു. പക്ഷേ അതിനുമപ്പുറം ആ തലക്കെട്ടിൽ മുകളിൽ പറഞ്ഞുവന്ന അവളുടെ കുതിപ്പിനെ മണത്തു. ലിഖിതയുടെ കവിതകൾ 29 എണ്ണമാണ്. സാധാരണ ഗതിയിൽ ഒരു മണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന കവിതകൾ ആണ് ആ എണ്ണം. പക്ഷേ വായിക്കുന്തോറും നീളമേറുകയും വായന ശ്വാസം മുട്ടലുകൾ തീർക്കുകയും ചെയ്യുന്ന 29 അവളുമാർ. തങ്ങളുടെ പ്രണയം. രതി, കാമനകൾ, പ്രതിഷേധം, പ്രതിരോധം, ക്രോധം, പ്രതികാരം തുടങ്ങി എല്ലാ വന്യതകളുമായി അവളുമാർ മുന്നിൽ നിന്നു വായനയിൽ. 

നിസാരമായി വായിച്ചു പോകാൻ കഴിയുന്ന വായനകളല്ല ഒന്നും തന്നെ. വിപുലമായ വായനാ തലം തേടുന്ന കവിതകൾ. അവയ്ക്ക് ഓരോ രാഷ്ട്രീയമുണ്ട്. നിലപാടുണ്ട്. സ്വത്വബോധമുണ്ട്. തൻ്റെ ചിന്തകൾക്ക് ഭ്രമാത്മകമായ ഒരു മഴവില്ലു നല്കുന്നു കവി ഈ കവിതായാത്രയിൽ. ഓരോ കവിതകളും എടുത്ത് ഇഴകീറി പരിശോധിക്കുന്നില്ല. കവിത്വം ഉണ്ടോ കാവ്യമാണോ എന്ന് നോക്കുന്നില്ല. ഗദ്യകവിതയുടെയും പദ്യ കവിതയുടെയും സർപ്പ സൗന്ദര്യമുറങ്ങുന്ന ഈ കവിതകൾ ആസ്വാദ്യകരമായ ഒരു വിരുന്നു തന്നെയാണ്. ആശംസകളോടെ ബിജു.ജി. നാഥ്