Saturday, November 3, 2018

പെണ്ണച്ചി....................... വെള്ളിയോടന്‍ സൈനുദ്ധീന്‍


പെണ്ണച്ചി (നോവല്‍)
വെള്ളിയോടന്‍ സൈനുദ്ധീന്‍
ഒലിവ് പബ്ലിക്കേഷന്‍
വില 140 രൂപ


          സാഹിത്യരംഗം വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ കടന്നുപോകുന്ന ഒരു ചാക്രിക പ്രക്രിയ ആണെന്നത് വെറും സങ്കല്‍പം മാത്രമാണ് . കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു വരുന്ന എല്ലാ എക്കലുകളും അടിഞ്ഞു സാഹിത്യലോകത്തിന്റെ ഉമ്മറമാകെയും പലവിധ നിറങ്ങളും ഗന്ധങ്ങളും വെളിച്ചങ്ങളും നിറഞ്ഞതാണതിന്ന്. അക്ഷരങ്ങള്‍ എഴുത്തുകാരന്റെ ആയുധമാണ് . അതുകൊണ്ട് ഒരാളെ , ഒരു സമുദായത്തെ  , ഒരു രാഷ്ട്രത്തെ ഒക്കെ മുറിവേല്‍പ്പിക്കാന്‍ കഴിയും . പടുത്തുയര്‍ത്താനും ഇടിച്ചു നിരത്താനും കഴിയും . ജീവിപ്പിക്കാനും ജീവന്‍ എടുപ്പിക്കാനും കഴിയും . സാഹിത്യ മത്സരം എഴുത്തുകാര്‍ തമ്മില്‍ ആകുമ്പോള്‍ അതിനു ആരോഗ്യകരമായ ഒരു അന്തരീക്ഷവും അതിനു കഴിയുന്ന പ്രതിഭയും സഹിഷ്ണുതയും ആവശ്യമാണ്‌ . അത് പറയുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് മാധവിക്കുട്ടിയെ ആണ് . വളരെ വികാരലോലയും കാല്പനികതയുടെ തമ്പുരാട്ടിയും ആയിരുന്ന മാധവിക്കുട്ടി 'എന്റെ കഥ എഴുതുമ്പോള്‍ അത് മലയാള സാഹിത്യത്തില്‍ ഒരു പുതിയ സ്ഥിതിവിശേഷം കൊണ്ട് വരികയുണ്ടായി. വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടുകൊണ്ട് പമ്മന്‍ തന്റെ 'ഭ്രാന്ത് ' എന്ന നോവലുമായി മാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് ബദല്‍ ചര്‍ച്ച തുടങ്ങി വച്ച്. പിന്നെയാണ് മലയാളം ആരോഗ്യകരമായ പല പല മാറ്റങ്ങളും എഴുത്തില്‍ കണ്ടു തുടങ്ങിയത്. എഴുത്തിലെ പുരുഷ മേധാവിത്ത സമൂഹം, തലയുയർത്താൻ ശ്രമിക്കുന്ന എഴുത്തുകാരി എന്ന ഭാഗധേയത്തെ അടിച്ചു താഴ്ത്താന്‍ ശ്രമിക്കുകയും അവരതിനെ അതിിിജീവിക്കുകയും ചെയ്തു എന്നതാണ് വര്‍ത്തമാന കാലം നമുക്ക് കാട്ടിത്തരുന്നത്. മാധവിക്കുട്ടി പക്ഷെ ഭയം എന്ന നിശാവസ്ത്രം പുതയ്ക്കേണ്ടി വരികയും എന്റെ ലോകം എന്ന എഴുത്തിലേക്ക് കടന്നു പോകേണ്ടി വരികയും ചെയ്തു എങ്കിലും മലയാളം പിന്നീട് പെണ്ണെഴുത്തുകാരെ ആക്രമിക്കാന്‍ മടി കാണിക്കുകയോ, മുറുമുറുപ്പുകളില്‍ മാത്രംഒതുങ്ങുകയോ ചെയ്തു എന്നതാണ് പരിണിതഫലം.
         ഇന്നും ആ സാഹിത്യ കിടമത്സരം മലയാള സാഹിത്യത്തില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് അറുത്തു മുറിച്ചു പറയാന്‍ കഴിയില്ല. പക്ഷെ പലപ്പോഴും എഴുത്തുകള്‍ വ്യക്തിഹത്യകളുടെ ലോകം സൃഷ്ടിക്കുന്നുണ്ട് ഇന്നും . ഇതില്‍ മനം നൊന്തു എഴുത്ത് ഉപേക്ഷിച്ചു ഇരുളിലേക്ക് മറയുന്നവര്‍ ഉണ്ട് . തലയുയര്‍ത്തി നിന്ന് കാമ്പുള്ള എഴുത്തുകളിലൂടെ മറുപടി നല്കുന്നവരും ഉണ്ട്. ഒരെഴുത്തുകാരന്‍/ കാരി ആദ്യം മനസ്സിലാക്കേണ്ടത് താന്‍ എന്തിനു എഴുതുന്നു ആര്‍ക്കായി എഴുതുന്നു, എന്തിനു വേണ്ടി എഴുതുന്നു ...ഇതുകൊണ്ട് വായനക്കാര്‍ക്ക് എന്ത് ഗുണം ആണുള്ളത് എന്നിവയാണ്. കുളക്കടവ് വര്‍ത്തമാനങ്ങളുടെ ലോകം സൃഷ്ടിക്കുന്ന ഇടം ആകാതിരിക്കണം സാഹിത്യ രംഗം . അതിനു പക്വതയുള്ള എഴുത്തുകാര്‍ വളര്‍ന്നു വരേണ്ടിയിരിക്കുന്നു. അത്തരം എഴുത്തുകള്‍ വരുമ്പോള്‍ മാത്രമേ ഇവിടെ ഇനിയൊരു പരിഷ്കാരം ഉണ്ടാകുകയുള്ളൂ. കാലഹരണപ്പെട്ട സദാചാര മൂല്യങ്ങളുടെ മാപിനിയില്‍ തൂങ്ങി അപരനെ വിധിക്കുന്ന സമൂഹമാണ് ഇന്നും നമുക്കിടയില്‍ ഭൂരിപക്ഷം എന്ന ഓര്‍മ്മ പുതുക്കലുകള്‍ ആണ് പലപ്പോഴും വളരെ കൊട്ടിഘോഷിക്കപ്പെട്ടു വരുന്ന ഓരോ കൃതികളും.
കഥാ രചനയില്‍ തന്റേതായ ഒരു ഇരിപ്പിടം നേടിയെടുത്ത പ്രവാസത്തില്‍ ഇരുന്നു എഴുതുന്നവരില്‍ പ്രസിദ്ധനാണ് വെള്ളിയോടന്‍ സൈനുദ്ധീന്‍. അദ്ദേഹത്തിന്റെ കടല്‍ മരങ്ങള്‍ എന്ന കഥാ സമാഹാരം തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു . അത് ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഒരു തമിഴ് എഴുത്തുകാരന്‍ മുന്നോട്ടു വന്നു എന്ന വാര്‍ത്തയും കേള്‍ക്കുകയുണ്ടായി. കടൽ മരങ്ങൾ എന്ന കഥാസമാഹാരങ്ങള്‍ മാത്രമല്ല വെള്ളിയോടന്‍ എഴുതിയ പുസ്തകം. എങ്കിലും അതിനു കൈവരിക്കാന്‍ കഴിഞ്ഞ ശൈലിയും വിഷയ പരമായ വിശാലതയും മറ്റുള്ള കൃതികളില്‍ ഉണ്ടോ എത്തിയിട്ടുണ്ടോ എന്നത് വായിച്ചവര്‍ പറയേണ്ടവയാണ് . അവ കൂടുതല്‍ ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല എന്നതിനാല്‍ അതിനെക്കുറിച്ചൊരു പരാമര്‍ശം വേണ്ടതില്ല എന്ന് കരുതുന്നു. ഒരു പക്ഷെ കടൽ മരങ്ങൾ എഴുതിയ ആള്‍ എന്ന നിലയില്‍ നിന്നും വെള്ളിയോടന്‍ ഉയരങ്ങളിലേക്ക് അല്ല പോയിരിക്കുന്നത് എന്നൊരു ധാരണ "പെണ്ണച്ചി" നല്‍കുന്നുണ്ട് . പെണ്ണച്ചി എന്ന നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ ഇന്നത്തെ സമൂഹത്തിലെ സദാചാരവിഷയം ആണ് എന്നതിനാല്‍ തന്നെ അതിലേക്ക് കടക്കുമ്പോള്‍ എന്തെങ്കിലും പുതുമ വായനയുടെ പരപ്പുള്ള എഴുത്തുകാരില്‍ നിന്നും പ്രതീക്ഷിക്കുക സ്വഭാവികം.
         സുചല എന്ന തന്റെ ആത്മാര്‍ത്ഥസുഹൃത്തായ  എഴുത്തുകാരിയുടെ ആത്മകഥാപരമായ നോവല്‍ വായിക്കുന്ന രാമകൃഷ്ണനെന്ന സുഹൃത്ത് സുചലയിലേക്കും അവളുടെ ഭര്‍ത്താവ് നന്ദന്‍ , മകന്‍ തപ്പു എന്നിവരിലേക്കും ആഴത്തിലേക്ക് ഇറങ്ങി ചെല്ലുകയാണ് സത്യമറിയുവാന്‍. അവിടെ അയാള്‍ കണ്ടെത്തുന്നത് സുചലയോടുള്ള സ്വകാര്യ സംഭാഷണത്തില്‍ നിന്നും നന്ദന്‍ നല്ലവനും അവളുടെ എഴുത്തുകളില്‍ കണ്ട ആളില്‍ നിന്നും ഘടകവിരുദ്ധമായ ഒരു സ്വഭാവം ഉള്ള ആള്‍ എന്നുമാണ് . അതോടെ അയാള്‍ നന്ദനെ തേടുകയും അയാളെ കണ്ടെത്തി അയാളില്‍ നിന്നും സുചലയെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. സുചല പറഞ്ഞ വിടനായ അച്ഛനില്‍ നിന്നും സ്നേഹനിധിയായ ഒരു കര്‍ക്കശക്കാരന്‍ നാടന്‍ മനുഷ്യനെ കണ്ടെത്തുന്നു. സുചലയുടെ കാമുകനെയും അയാളില്‍ നിന്നവള്‍ക്ക് ഏല്‍ക്കുന്ന പീഡനങ്ങളും സാമ്പത്തിക നഷ്ടങ്ങളും കണ്ടെത്തുന്നു . സുചനായ കാമുകനായ ക്ലീട്ടസിന്റെ ഭാര്യ രാമകൃഷ്ണനെ കാണാന്‍ വരുന്നതോടെ അയാള്‍ക്ക് സുചല മൂലം രണ്ടു കുട്ടികള്‍, രണ്ടു കുടുംബം നഷ്ടമാകുന്നത് അറിയുന്നു . അതില്‍ നിന്നും അവളെ മാറ്റിയെടുക്കാന്‍ രാമകൃഷ്ണന്‍ ശ്രമിക്കുന്നു . അപ്പോഴേക്കും ദുരന്തങ്ങള്‍ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു . സുചല എന്ന സ്ത്രീസമത്വവാദിയില്‍ നിന്നും അച്ചടക്കമുള്ള ഒരു ഉത്തമനാരിയിലേക്ക് അവളെ കൊണ്ട് വന്നു നിര്‍ത്തിക്കൊണ്ട് രാമകൃഷ്ണന്‍ തന്റെ സനാതന ധര്‍മ്മത്തെ പരിപാലിക്കുമ്പോള്‍ കഥ അവസാനിക്കുന്നു .
          ഒരു ചെറുകഥ ആയിരിക്കാന്‍ മാത്രമുള്ള ഒരു കഥയെ, മ പ്രസിദ്ധീകരണങ്ങള്‍ക്ക് പഥ്യമായേക്കാവുന്ന ഒരു കഥയെ വലിച്ചു നീട്ടി ഒരു നോവല്‍ ആക്കി എന്നതില്‍ കവിഞ്ഞു വെള്ളിയോടന്‍ എന്ന എഴുത്തുകാരനെ ഇതില്‍ കാണാന്‍ കഴിയുന്നില്ല . തുടക്കത്തില്‍ ആമുഖത്തില്‍ പറയും പോലെ നുണക്കഥ ആണിതെന്ന ജാമ്യത്തോടെ ഒരു രചന മാത്രമായി ഈ നോവലിനെ വായിച്ചു പോകാന്‍ കഴിയും. എഴുത്തിന്റെ ലോകത്ത് നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു പ്രണയത്തിന്റെ കവിതകളും കഥകളുമായി മലയാള സാഹിത്യത്തില്‍ വിരാജിക്കുന്ന കെ പി സുധീരയുടെ  അവതാരികയും ഇതിന്റെ പൂമുഖം അലങ്കരിക്കുന്നു . വായിക്കുന്നതിനപ്പുറം ആശംസകള്‍ ചൊരിഞ്ഞുകൊണ്ട്‌ സുഖിപ്പിച്ചു നിര്‍ത്തുന്ന അവതാരികകള്‍ക്ക് കൂടി പ്രശസ്തയാകും വരും കാലങ്ങളില്‍ ഈ എഴുത്തുകാരി എന്നൊരു ആശങ്ക അടുത്തകാലത്തുള്ള പല അവതാരികകളും വായിക്കുമ്പോള്‍ തോന്നിപ്പോകുന്നുണ്ട്.
ഒറ്റ വായനക്ക് ഉതകുന്ന ഈ ചെറുനോവല്‍ സൗഹൃദത്തിനെയും പ്രണയത്തിനെയും കുടുംബബന്ധത്തിനെയും നോക്കിക്കാണുന്ന രീതികളും നിലപാടുകളും ഇന്നിന്റെ കാലത്തിനു അനുയോജ്യമാണോ എന്നൊരു ചര്‍ച്ച ഉയര്‍ന്നു വരേണ്ടതുണ്ട് എന്ന് കരുതുന്നു . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

No comments:

Post a Comment