നാരകങ്ങളുടെ ഉപമ (കഥ)
ഇ സന്തോഷ്കുമാര്‍
മാതൃഭൂമി വാരിക
“ സ്വപ്നങ്ങളെ ഉടക്കാതെത്തന്നെ ഒരാളുടെ ഉറക്കത്തിലൂടെ പതിയെ നടന്നു പോകുന്ന പണി . അതേ സമയം അവരുടെ സ്വപ്നങ്ങള്‍ മാറാലകളെപ്പോലെ നിങ്ങളുടെ ദേഹത്ത് പറ്റുകയുമരുത്. അത് സൂക്ഷിക്കണം”
കഥകള്‍ വായിക്കുന്നത് ഒരു സുഖമാണ് എന്ന് തോന്നിപ്പിക്കുക "കഥകള്‍ " വായിക്കുമ്പോള്‍ ആണ് എന്നല്ലേ. പ്രിയ സ്നേഹിതന്‍ ഇന്നലെ മാതൃഭൂമിയിലെ ഇ. സന്തോഷ്കുമാറിന്റെ കഥ വായിക്കാന്‍ പറഞ്ഞു . "നാരകങ്ങളുടെ ഉപമ " ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ വൈകിട്ട് വായിക്കാം എന്ന് കരുതി . അപ്പോഴാണ് മറ്റൊരു സ്നേഹിത അതേ കഥയുടെ രസം നുണയുന്ന സ്റ്റാറ്റസ് ഇട്ടത്. തികഞ്ഞ ആകാംഷയോടെ ആ കഥ വായിച്ചു .
ശരിയാണ് എന്ത് രസം കഥ വായിക്കുമ്പോള്‍ എന്ന് അനുഭവപ്പെട്ടു . ഓറഞ്ചു നീരു തമാനിയുടെ ആറാം വിരലിലൂടെ ഇറ്റിറ്റു വീഴുന്നതും , ഭൂമിക്കടിയിലെ മണ്‍ഭരണിയില്‍ ആറാം വിരല്‍ ഉള്ളൊരു മനുഷ്യന്‍ ഏകനായി അടക്കപ്പെട്ടതും അതേ ഭാവത്തോടെ, സാന്ദ്രതയോടെ വായിക്കാനും അനുഭവിക്കാനും കഴിഞ്ഞു . കഥയുടെ പറച്ചില്‍ ശൈലിയാണ് ഏറെ ഇഷ്ടമായത് . അതിനാല്‍ തന്നെ ഒറ്റ ഇരുപ്പില്‍ അത് വായിച്ചു എന്ന് പറഞ്ഞാല്‍ അതിനു അതിശയോക്തിയില്ല.
ഈ കഥ വായിച്ചപ്പോഴും അതിനെക്കുറിച്ചൊരു ചര്‍ച്ച ഞാന്‍ പതിവുപോലെ ആഗ്രഹിച്ചില്ല. എന്നാല്‍ വ്യത്യസ്തമായ ഒരു ചര്‍ച്ച എനിക്ക് സ്നേഹിതനുമായി നടത്തേണ്ടി വന്നപ്പോള്‍ അതിനെക്കുറിച്ച് എഴുതാം എന്ന് ഞാനും കരുതുന്നു . ഈ കഥ വായിച്ചവര്‍ ഉണ്ടെങ്കില്‍ അവരവരുടെ വായനയുടെ അനുഭവം താഴെ പറയും എന്ന് ആഗ്രഹിച്ചുകൊണ്ട് ഞാന്‍ വായിച്ചതെന്ത് എന്ന് പറഞ്ഞു വയ്ക്കുന്നു .
ഓരോ യാത്രയും ഓരോ അനുഭവം ആണ് . അത്തരം യാത്രകളില്‍ നമുക്ക് പലപ്പോഴും പല തരത്തിലുള്ള ആള്‍ക്കാരെ കാണാന്‍ കഴിയുന്നത്. ഈ കഥയിലെ യാത്രക്കാരന്റെ യാത്ര ജീവിതമെന്ന ചെങ്കുത്തായമല കയറ്റത്തിലാണ് . യാത്രയുടെ ആ സുഖം , അതിന്റെ ബുദ്ധിമുട്ടുകള്‍ അയാള്‍ ശരിക്കും ആസ്വദിക്കുകയും ചെയ്യുന്നുണ്ട് . അയാളുടെ യാത്രയുടെ ലക്‌ഷ്യം എന്താകും എന്നതിന് ഉത്തരമാണ് യാത്രയില്‍ അയാളുടെ ഗന്ധവാഹികള്‍ ആവാഹിച്ചെടുക്കുന്ന ഓറഞ്ചു മണം . അതിന്റെ കാഴ്ച ഇരുള്‍ എന്ന അയാളുടെ അജ്ഞാനം മാറിവരുമ്പോള്‍ കാണാന്‍ കഴിയുന്നതോ ആറു വിരലുകള്‍ ഉള്ള തന്റെ കൂടെ യാത്ര ചെയ്യുന്ന മനുഷ്യനിലാണ് .
തമാന ഒരു സാധാരണക്കാരനും ജീവിതത്തിന്റെ അവസാന സ്ലോട്ടില്‍ എത്തി നില്‍ക്കുന്ന സാത്വികനും ആണ് . അയാളിലൂടെ യാത്രക്കാരന്‍ സത്യത്തിന്റെ ഓറഞ്ചു ബീജം ശേഖരിക്കുന്നു . ആ ബീജം അയാള്‍ തന്റെ മനസ്സില്‍ നട്ടു വളര്‍ത്തുകയും അത് കാലങ്ങള്‍ എടുത്തു വളരെ സാവകാശത്തിലെങ്കിലും അയാള്‍ക്ക് ഓറഞ്ചു സമ്മാനിക്കുന്നിടത്തു കഥ തീരുന്നു .
തമാന എന്ന മനുഷ്യന്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത് ഒരു പര്യവേഷകന്‍ എന്ന നിലയിലാണ് അയാളുടെ ആറാം വിരൽ അയാളിലെ നാസ്തിക ചിന്തയാണ്. ആ നാസ്തികത സാധാരണക്കാരന് ഒരിക്കലും അംഗീകരിക്കപ്പെടാനാവാത്ത ഒരു വസ്തുതയാണ്. അശ്ലീലമായ ഒന്ന്. . കുഴിച്ചു കുഴിച്ചു കണ്ടെത്തുന്ന സത്യങ്ങളുടെ വേരുകള്‍, അയാളെ ഒരു യുക്തിവാദി ആയി മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. . തന്റെ ജീവിതത്തില്‍ മുഴുവന്‍ അയാള്‍ ശ്രമിക്കുന്നത് യാതാർത്ഥ്യങ്ങള്‍ കണ്ടെത്താന്‍ ആണ് . ആ യാത്രകള്‍ അയാളെ കൊണ്ടെത്തിക്കുന്നത് ഒടുവില്‍ തന്നില്‍ തന്നെയാണ് . അത് നീ തന്നെയാണ് എന്ന ചിന്തയിലേക്ക് അറിവിലേക്ക് അയാളെ കൊണ്ടെത്തിക്കുന്നു . അയാള്‍ അത് തിരിച്ചറിയുന്നത് യുക്തിവാദം അയാളെ ലോകത്ത് ഒറ്റപ്പെടുത്തുകയും ആരും അറിയാത്ത ഒരു ലോകത്ത് അയാളെ ഏകനായി കുഴിച്ചു മൂടപ്പെടുകയും ചെയ്യുന്നു എന്നിടത്താണ്..
ഈ തിരിച്ചറിവ് ആണ് അയാളില്‍ ആത്മീയത തിരികെ കൊണ്ട് വരുന്നത് . ഓറഞ്ചു ഇവിടെ സനാതന ധര്‍മ്മങ്ങളുടെ ആത്മീയകാഴ്ചപ്പാട് ആണ് സൂചിപ്പിക്കുന്നത്. തിരിച്ചറിവിൽ നിന്നാണ് നാസ്തിക ചിന്തയുടെ ആറാം വിരലിലൂടെ ആത്മീയതയുടെ ഓറഞ്ചു നീര് ഒലിച്ചിറങ്ങുന്നതും. അതിനാല്‍ തന്നെ നാസ്ഥികതയില്‍ നിന്നും ആസ്തികതയിലെക്ക് എത്തുന്ന അവസ്ഥയാണ് അയാള്‍ക്ക് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നു. ഈ രൂപമാറ്റം ആധുനിക ആത്മീയതയുടെ രൂപപരിണാമവും വ്യാഖ്യാന ചതുരതയും സൂചിപ്പിക്കുന്നു. ഈ ഒരു തിരിച്ചറിവാണ് അയാള്‍ ആ യാത്രക്കാരന് നല്‍കുന്നത് . തന്റെ ജീവിതത്തിന്റെ കാഴ്ചപ്പാടുകളില്‍ എങ്ങും അയാള്‍ക്ക് ലഭിക്കാതിരുന്ന ഒരു ശാന്തിയും സന്തോഷവും ആ ഓറഞ്ചു ചെടി കായ്ച്ചു നല്കുന്ന കനിയിലൂടെ അയാള്‍ അനുഭവിക്കുന്നു . മറ്റുള്ളവര്‍ കളിയാക്കിയപ്പോഴും അയാള്‍ ആ കാഴ്ചപ്പാടിലേക്ക് തന്നെ സഞ്ചരിക്കുകയും അതില്‍ പൂര്‍ണ്ണന്‍ ആകുകയും ചെയ്യുന്നു എന്ന് കഥാകാരന്‍ പറഞ്ഞു വയ്ക്കുന്നു .
നാസ്തികതയില്‍ നിന്നും എന്നുമൊരു തിരിച്ചുവരവ് ആസ്തികതയിലേക്ക് ഉണ്ടാകുമെന്ന അബദ്ധപൂര്‍ണ്ണമായ പൊതു ബോധമാണ് ഈ കഥയുടെ സാരമായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ ഒരു തലത്തില്‍ നിന്നുകൊണ്ട് ഞാന്‍ ഈ കഥ വായിച്ചു തീര്‍ത്തത്. കഥയുടെ സന്ദേശം എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല എങ്കിലും കഥയുടെ കഥന രീതിയും അതിലെ സങ്കേതങ്ങളും വളരെ ഇഷ്ടമായ ഒരു വസ്തുതയാണ് . അതിനാലാണ് ഈ കഥയെ ക്കുറിച്ച് എഴുതണം എന്ന് തോന്നിയതും .
ആശംസകളോടെ ബി.ജി. എന്‍ വര്‍ക്കല .
എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Sunday, November 18, 2018
നാരകങ്ങളുടെ ഉപമ ,......ഇ. സന്തോഷ് കുമാർ
Subscribe to:
Post Comments (Atom)
ഈ കഥ ഏതു ലക്കം ആയിരുന്നു എന്ന് ഒന്നു അറിയിക്കാമോ
ReplyDelete9539772753