ഒരു പെണ്ണിന്റെ മുന്നില്‍ ഭയന്ന് തോറ്റ് നില്‍ക്കുന്ന സംഘപരിവാറും അവര്‍ ഇളക്കിവിടുന്ന ഭക്തര്‍ എന്ന ലേബലിലെ ടെററിസ്റ്റുകളും.
കേരളം ലജ്ജിക്കുന്ന പതിമൂന്നു മണിക്കൂറുകള്‍ ആയിരുന്നു കടന്നുപോയത്. ഒരു പ്രമുഖ ദൈവത്തിന്റെ ബ്രഹ്മചര്യം സംരക്ഷിക്കാന്‍ വേണ്ടി കുറച്ചു സാമൂഹ്യവിരുദ്ധര്‍ സംസ്കാരസംരക്ഷണം എന്ന കപട ലേബലില്‍ ഒരു പെണ്ണിനെ ഭയന്ന്, അവളെ പുറത്തു വരാന്‍ സമ്മതിക്കാതെ തടഞ്ഞു വച്ച് കൊണ്ട് നിയമത്തെ കൈയ്യിലെടുത്ത പതിമൂന്നു മണിക്കൂറുകള്‍. ഇത് രൂപം നല്കിയതും അതിനെ നിയന്ത്രിച്ചതും ബി ജെ പി കേരള ഘടകം ആയിരുന്നു . അവര്‍ കാണിച്ച ഇരട്ട മുഖം കൂടി ഇതില്‍ വ്യക്തമായിരുന്നു . ഞങ്ങള്‍ ഇവിടെ വന്നത് ഭക്തര്‍ക്ക് പിന്തുണ കൊടുക്കാന്‍ വേണ്ടിയാണ് . ഞങ്ങള്‍ എന്ത് വിലകൊടുത്തും തൃപ്തിയെ തടയും എന്നൊക്കെ അവര്‍ അത് പറയുമ്പോള്‍ ആരാണ് ആ ഭക്തരെന്ന പേരില്‍ കുറച്ചു തീവ്രവാദികളെ അവിടെ അണിനിരത്തിയതെന്നു ജനങ്ങള്‍ക്ക് ബോധ്യമാകുന്നു . ഇവിടെ മലയാളി എന്ന നിലയില്‍ ലജ്ജ തോന്നേണ്ട കാര്യം തന്നെയാണ് നടന്നത് . പക്ഷെ ലജ്ജ എന്നത് എന്ത് എന്തിനു എന്നറിയാത്ത ജനങ്ങള്‍ ആണ് നാം എന്നതിന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് .
കോണ്ഗ്രസ്സിന്റെയും ബി. ജെ പി യുടെയും അജണ്ടകള്‍ അനുസരിച്ച് ഒരു പ്രക്ഷോഭവും കുറച്ചു ജീവനും അവര്‍ക്ക് വേണം . അത് ഇടതു പക്ഷ സര്‍ക്കാരിന്റെ ചുമലില്‍ ആകുകയും വേണം . ഈ ചുമട് ഒഴിവാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു . ഈ രാഷ്ട്രീയ കളികള്‍ക്കിടയില്‍ സംഭവിക്കുന്നത് മനുഷ്യത്വപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് . സ്ത്രീയെ മാനിക്കാത്ത ഒരു സമൂഹമാണ് ഞങ്ങള്‍ എന്ന് സ്ത്രീകള്‍ അടക്കം അംഗീകരിക്കുന്ന ഈ സമൂഹത്തില്‍ തന്നെയാണ് ഞാനും ജീവിക്കുന്നത് എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്.
ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ കരുതുന്നത് ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ എല്ലാവര്ക്കും ഈ സമൂഹത്തില്‍ എല്ലാ അവകാശങ്ങളും അനുഭവിക്കാന്‍ കഴിയണം എന്നാണു . അതിനു വിഘാതം നില്‍ക്കുന്നത് മനുഷ്യത്വം അല്ല എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഒരു വിശ്വാസി അല്ല. അതുകൊണ്ട് തന്നെ ശബരിമല എന്നെ ഭ്രമിപ്പിക്കുന്നില്ല. അവിടെ പോകണം എന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് പോകണം എന്ന് തോന്നിയ കാലത്ത് ഞാന്‍ അവിടെ പോയിരുന്നു . എനിക്കറിയേണ്ടതും കാണേണ്ടതും ഞാന്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തു. പിന്നെ അങ്ങോട്ട് പോകണം എന്ന് തോന്നിയിട്ടില്ല. അത് മനസ്സിലാക്കാന്‍ ആരെങ്കിലും പറഞ്ഞു തരുന്നതില്‍ അല്ല നേരില്‍ കാണുന്നതില്‍ ആണ് കാര്യം എന്ന് ഞാന്‍ കരുതുന്നതിനാല്‍ തന്നെയാണ് പോയത് . കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഒരു അവിശ്വാസി എന്ന നിലയില്‍ തന്നെ ഞാന്‍ പോയിട്ടുണ്ട്. ഒരു തരത്തിലുള്ള വിശ്വാസപരമായ കീഴ്വഴക്കങ്ങളും പിന്തുടരാതെ തന്നെയാണ് ഞാനവിടെയൊക്കെ പോയിട്ടുള്ളതും . എന്നാല്‍ വിശ്വാസം ഉള്ളവര്‍ എനിക്കും നേരില്‍ തൊഴാന്‍ ഒരു അവസരം വേണം എന്ന് പറഞ്ഞാല്‍ അവര്‍ക്ക് അതിനുള്ള അവകാശം ലഭിക്കുന്നില്ല എന്നതില്‍ പരം അവകാശ നിഷേധം മറ്റൊന്നില്ല.
ഇവിടെ ഭക്തര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന പ്രധാനപ്പെട്ട ചില കളവുകള്‍ പറയാം . *മല ചവിട്ടാന്‍ വരുന്നവര്‍ അവരുടെ ഇരുമുടിക്കെട്ടില്‍ സാനിട്ടറി പാഡ് കൊണ്ടുവരും.
*ആര്‍ത്തവ സമയത്ത് മല ചവിട്ടും .
*നാല്‍പത്തിയൊന്നു ദിവസം നോയമ്പ് എടുക്കാന്‍ അവര്‍ക്ക് ആര്‍ത്തവം മൂലം കഴിയില്ല.
*അവര്‍ ആക്ടിവിസ്റ്റ് ആണ് .
വിശ്വാസത്തോടെ ദൈവത്തെ കാണാന്‍ വരുന്ന സാധാരണക്കാരായ ഭക്തകള്‍ ആര്‍ത്തവ സമയത്തോ, സാനിട്ടറി പാഡുമായോ മലയിലേക്കു വരികയില്ല എന്നത് വ്യക്തമായ കാര്യമാണ് . അത് അവരുടെ മനസ്സില്‍ അടിയുറച്ചു പോയ വിശ്വാസം ആണ് ഞാന്‍ മലിനയാണ് ആ ദിനങ്ങളില്‍ അതിനാല്‍ ക്ഷേത്രപ്രവേശനം ചെയ്യില്ലന്ന്. അതുകൊണ്ട് തന്നെ ആ ദിവസങ്ങളില്‍ അവര്‍ വരില്ല അല്ലാത്ത സമയത്താകും വരിക എന്നത് വ്യക്തമാണ്. നാല്പത്തിയൊന്നു ദിവസത്തെ നോയമ്പ് എടുക്കാന്‍ കഴിയാത്തത് ഒരു കുറ്റം ആയി കാണുന്നവര്‍ ശബരിമലയില്‍ എത്ര പേര്‍ ആണ് അത്ര നോയമ്പ് എടുത്തു വരുന്നത് എന്ന് കൂടി മനസ്സിലാക്കണം. ആയിരത്തില്‍ നൂറു പേര്‍ ആകാം ഒരു പക്ഷെ ഈ പറയുന്ന നോയമ്പ് എടുത്തു വരുന്നത് എന്ന് അവിടെ പോകുന്നവര്‍ക്ക് തന്നെ അറിയാവുന്ന കാര്യം ആകുമ്പോള്‍ സ്ത്രീക്ക് മാത്രം അങ്ങനെ ഒരു നിബന്ധനയുടെ ആവശ്യം എന്തിനാണ്? ആക്ടിവിസ്റ്റുകള്‍ എന്തെ ഭക്തര്‍ അല്ലെ? അഥവാ അല്ലെങ്കില്‍ അവര്‍ ക്ഷേത്ര പ്രവേശനം ചെയ്യരുത് എന്ന് ആരാണ് തീരുമാനിക്കുന്നത്. തന്റെ മുന്നില്‍ വരുന്നത് ആരെന്നു നിശ്ചയിക്കേണ്ടത് ദൈവമോ മനുഷ്യരോ എന്നത് ഓരോരുത്തരും ചിന്തിക്കേണ്ട കാര്യം ആണ് .
ഇന്ന് ഒരു സ്ത്രീയെ വിമാനത്താവളത്തില്‍ തടഞ്ഞിട്ടവരും , അവര്‍ക്ക് യാത്രയ്ക്ക് വാഹനം നിഷേധിച്ചവരും അവരെ താമസിപ്പിക്കാന്‍ ഹോട്ടലുകള്‍ തയ്യാറാകാതിരുന്നതും മലയാളിയുടെ കേവലമായ മനസ്സില്‍ നിന്നും ഉണ്ടായ ഒരു വെറും ചിന്തയല്ല. ഇവിടെയെങ്ങും മാനവ സ്നേഹം വിളമ്പുന്ന ഓരോ മലയാളിയും ഇങ്ങനെയാണ് ചിന്തിക്കുന്നത്. സ്ത്രീ എന്നാല്‍ തനിക്കു കാലകത്തി കിടന്നു തരാന്‍ ഉള്ള ഒരു ടൂള്‍ മാത്രമാണ് എന്ന് . ഇവിടെ അതിനെ അംഗീകരിക്കുകയും അവര്‍ക്ക് ജയ് വിളിക്കുകയും ചെയ്ത ഓരോ സ്ത്രീയും സമ്മതിച്ചതും ആ കാലകത്തല്‍ കടമ തങ്ങളുടെ ജന്മാവകാശം ആണ് എന്ന് തന്നെയാണ് . അതിനപ്പുറം അവര്‍ക്കൊരു ആകാശമില്ല എന്നത് അവരുടെ മനസ്സില്‍ അവര്‍ തന്നെ തീരുമാനിച്ചിട്ടുണ്ട് . പുരുഷന്‍ പറയുന്ന എന്തും വേദവാക്യമാണെന്നും അവന്‍ നിശ്ചയിക്കുന്നതാണ് നിയമം എന്നും ആ സ്ത്രീകള്‍ സ്വയമേവ സമ്മതിക്കുന്നു. അതിനാല്‍ തന്നെ അവര്‍ ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്ന സ്ത്രീകളെ വേശ്യകളും , തന്റേടികളും, അരാജകവാദികളും ആയി കാണുന്നു .
സ്വന്തം ശരീരത്തിന്റെ സ്വാതന്ത്ര്യം പോലും കൈയ്യില്‍ ഇല്ലായിരുന്ന കുലസ്ത്രീകള്‍ , ഇന്ന് മേല്‍ പറഞ്ഞ വേശ്യകള്‍ തന്റെടികള്‍ അരാജകവാദികള്‍ എന്നൊക്കെ വിശേഷിപ്പിച്ച സ്ത്രീകള്‍ നടത്തിയ സമരങ്ങളുടെ , പ്രതിരോധങ്ങളുടെ ഒക്കെ ഗുണം കൊണ്ടാണ് , അവര്‍ കൊണ്ട ആക്രമണങ്ങളുടെയും വേദനകളുടെയും ഫലം ആണ് ആസ്വദിക്കുന്നത് എന്നറിയുന്നില്ല. ദൈവത്തിന്റെ മുന്നിലും ഉയര്‍ന്ന വര്‍ഗ്ഗ (ബ്രാഹ്മണന്‍, ക്ഷത്രിയന്‍) ക്കാരുടെ മുന്നിലും നെഞ്ചു മറക്കാന്‍ അവകാശം ഇല്ലായിരുന്ന കാലത്തെ അവര്‍ ഇനി ഒരിക്കലും തിരികെ വരാന്‍ ആഗ്രഹിക്കില്ല. കാരണം അത് അനാചാരം ആണിവര്‍ക്ക് ഇന്ന് . അന്ന് അത് അനാചാരം ആണെന്ന് കരുതുകയും പിന്തുടരുകയും അതിനെ എതിര്‍ത്തവരെ മേല്‍ പറഞ്ഞ വിശേഷണങ്ങള്‍ ചാര്‍ത്തുകയും ചെയ്തവര്‍ ആയിരുന്നു കുലസ്ത്രീകള്‍ . ബ്ലൌസ് ധരിച്ചതിന് അമ്മായിയമ്മ മടല് വെട്ടി അടിച്ചതും അത് വലിച്ചു കീറി കത്തിച്ചതും നാം ഇന്ന് തെറ്റായി കാണുന്നു.. റാണിയുടെ മുന്നില്‍ മാറ് മറച്ചു ചെന്ന നായര്‍ സ്ത്രീയുടെ മുലകള്‍ തല്‍ക്ഷണം അരിഞ്ഞിട്ടത് തിരുവിതാംകൂറില്‍ ആണ് . നങ്ങേലിയുടെ മുല മുറിച്ച കഥ മാത്രം കേട്ടവര്‍ മനപ്പൂര്‍വ്വം മറന്ന കഥകള്‍ ആണിവ. അരക്കെട്ട് തകര്‍ന്നു മരിച്ച പെണ്‍കുട്ടികളുടെ ജീവന് സുരക്ഷ ലഭിക്കാന്‍ വേണ്ടിയാണ് നമ്മുടെ സ്ത്രീകളുടെ വിവാഹക്കാലം ഒന്‍പതു വയസ്സും പിന്നെ കൂടി കൂടി പതിനെട്ടും ആയത് അവയൊക്കെ പരിഷ്കാരം ആയിരുന്നു . ഒന്‍പതു വയസ്സിനു താഴെയും പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്ന കാലം ഉണ്ടായിരുന്നു ശൂദ്രര്‍ക്ക് ഇടയില്‍ എന്ന് കണ്ട തിരുവിതാകൂര്‍ രാജാവ് ഒന്‍പത വയസ്സ് വിവാഹപ്രായമായി ഉയര്‍ത്തിയത് പതിനെട്ടാം നൂറ്റാണ്ടില്‍ ആയിരുന്നു . അന്നത്തെ ശൂദ്രന്‍ നായര്‍ എന്ന് 1914നു ശേഷം അറിയപ്പെട്ട ജാതിക്കാര്‍ ആയിരുന്നു . അവയും ചരിത്രത്തില്‍ നിന്നും മറക്കാന്‍ ആഗ്രഹിക്കുന്നവ ആണല്ലോ. ആ സന്തോഷവും സുഖവും ലഭിച്ച കുല സ്ത്രീകള്‍ പഴയ ആചാരങ്ങളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കില്ല കാരണം അവര്‍ക്കത് അനാചാരം ആണ് ഇന്ന് .
ഈ ഒരു അവസ്ഥയില്‍ നിന്നുകൊണ്ട് ചിന്തിക്കുക . നിങ്ങള്‍ ഇന്ന് അനാചാരം ആയി കണ്ടു തടയുന്ന ബിന്ദു കല്യാണിയും ലിബിയും തൃപ്തിയും ഒക്കെ നാളെയുടെ ചരിത്രത്തില്‍ അറിയപ്പെടുക ഇത്തരം അറിയാത്ത മനുഷ്യര്‍ ആയി മാത്രമാകും .പക്ഷെ അന്നവര്‍ ഇന്ന് നിങ്ങള്‍ എന്തിനോടൊക്കെ നന്ദി കാട്ടുന്നോ അതെ നന്ദി പ്രകടിപ്പിക്കും ഈ പേരുകള്‍ നിങ്ങള്‍ വിളിച്ചതൊക്കെ അവര്‍ സൃഷ്ടിക്കാന്‍ പോകുന്ന ചരിത്രത്തിന്റെ വിശേഷണങ്ങള്‍ ആയി നില്‍ക്കും .
പുരുഷന്മാരായ ഈ സാമൂഹ്യവിരുദ്ധരെ ഞാന്‍ ഇവിടെ കണക്കാക്കുന്നില്ല . അവര്‍ക്ക് കഴിയുന്നത് തെറി വിളിക്കാനും തല്ലാനും ജീവനെടുക്കാനും മാത്രമാണ് . അവരുടെ കൈയ്യില്‍ ഉത്തരങ്ങള്‍ ഇല്ല. പക്ഷെ ഈ വര്‍ഗ്ഗീയ വാദികളുടെ , തീവ്രവാദികളുടെ നാവാകുന്ന സ്ത്രീകളെ , നിങ്ങളെ ഞാന്‍ വെറുക്കുന്നു .നിങ്ങളുടെ ദയനീയതയും , അറിവില്ലായ്മയും ഓര്‍ത്ത് ഞാന്‍ സഹതപിക്കുന്നു . ഘോരഘോരം നിങ്ങള്‍ എഴുതുന്ന കുറിപ്പുകള്‍ കണ്ടു എനിക്ക് ഓര്‍ക്കാനം വരുന്നുണ്ട് . സ്വന്തം അസ്ഥിത്വം അറിയാത്ത നിങ്ങളെ ഞാന്‍ സ്ത്രീകള്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല . പരമ്പരാഗത അടിമകള്‍ ആണ് നിങ്ങള്‍ . നിങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ഇല്ല.
നിങ്ങളുടെ ജീവിതം ഈ പുരുഷന്മാരുടെ കാല്‍ക്കീഴില്‍ ഞെരിയാന്‍ മാത്രമുള്ളതാണ് . അവന്റെ ബീജം വഹിച്ചു, അവന്റെ കുഞ്ഞിനെ പെറ്റ് , അവനു വേണ്ടി അടിമയായി ജീവിച്ചു മരിക്കേണ്ടവര്‍. നിങ്ങളില്‍ ഒരാള്‍ പോലും നാളെ എന്റെ ഇന്ബോക്സിലോ പോസ്റ്റുകളിലോ നീതിക്ക് വേണ്ടി അപേക്ഷിക്കുകയോ പങ്കുവയ്ക്കാന്‍ പറയുകയോ അരുത് . കാരണം അത് നിങ്ങള്‍ അംഗീകരിച്ചു കൊടുത്ത ഒരു വസ്തുവാണ് . നിങ്ങളുടെ അവകാശം എന്ന നിലയില്‍. നാളെ ഒരു സ്ത്രീയെയും ഈ പുരുഷന്മാര്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞു നിങ്ങള്‍ ശബ്ദം ഉയര്‍ത്തരുത്. അവന്‍ പറയുന്നിടത്ത് , അവന്‍ ആവശ്യപ്പെടുന്നിടത്തു അവനു കീഴടങ്ങുവാന്‍ മാത്രം അവകാശം ഉണ്ടെന്നു കരുതുകയും അവന്‍ ആണ് ശരിയെന്നു കരുതുകയും ചെയ്യുന്നവര്‍ ആണ് നിങ്ങള്‍ . നിങ്ങളില്‍ നിന്നും ഒന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല.
ബി.ജി.എന്‍ വര്‍ക്കല
No comments:
Post a Comment