Monday, November 5, 2018

അവസാനത്തെ മൂന്നു നാളുകള്‍


അവസാനത്തെ മൂന്നു നാളുകള്‍ 
*****************************
മരണത്തിനു മൂന്നു നാള്‍ മുന്‍പ്
ഞാന്‍ നിന്റെ അരികില്‍ വരും .
ഒന്നാം നാളില്‍ ഞാന്‍ നിന്നോട്
നമ്മള്‍ കണ്ടുമുട്ടിയതിനെക്കുറിച്ചു സംസാരിക്കും.
എന്തിനായെന്നും,
 എങ്ങനെയെന്നും
അതില്‍ വിജയിച്ചുവോയെന്നും ചര്‍ച്ച ചെയ്യും.
അനന്തരം, നേരം ഇരുട്ടുകയും
നീ നിന്റെ ശയ്യയിലേക്കും
ഞാന്‍ ഉമ്മറത്തേക്കും നടന്നു പോകും.
തിരിഞ്ഞു നോക്കുകയില്ലന്നു
നമ്മളുറപ്പിക്കും.
രണ്ടാം നാളില്‍
നമ്മുടെ പാളിച്ചകളും
നമ്മള്‍ എവിടെയാണ് പരാജയപ്പെട്ടതെന്നും
നമുക്കിടയില്‍ ആര്‍ക്കൊക്കെ,
എന്തൊക്കെ വേദനകള്‍ നാം നല്‍കിയെന്നും
വിശദമായി പരിശോധിക്കും .
പതിവുപോലെ ഇന്നലെയെ
ആവര്‍ത്തിച്ചുകൊണ്ടു രാത്രി കടന്നുപോകും .
മൂന്നാം ദിവസം പ്രഭാതം വരും
അന്ന് നമ്മള്‍ നമ്മുടെ പ്രണയത്തെക്കുറിച്ചും
നമ്മള്‍ എന്ത് നേടിയെന്നും
എന്തൊക്കെ നഷ്ടപ്പെടുത്തിയെന്നും സംസാരിക്കും .
ഇതുവരേക്കും കാണാത്ത ഒരാളെപ്പോലെ
നിന്റെ മുഖം നോക്കി ഞാനിരിക്കും .
ഒടുവില്‍ രാവ് കടന്നുവരും
യാത്രപറയാന്‍ നേരമായെന്നു
എന്റെ മനസ്സ് നിന്നോട് പറയും .
യാത്ര പറഞ്ഞു പിരിയാന്‍ നേരമാകുമ്പോള്‍
നീയെന്നെയും ഞാന്‍ നിന്നെയും
അന്നോളം നോക്കിയിട്ടില്ലാത്തത്രയും വികാരത്താല്‍
നോക്കിനില്‍ക്കും.
ഒടുവില്‍, ഒരേസമയം നമ്മള്‍ പുണരും.
ഇനി അമരാന്‍ കഴിയാത്ത വണ്ണം
നമ്മള്‍ പുണര്‍ന്നു നില്‍ക്കും .
നിന്റെ നെറ്റിയില്‍ ഒരു ചുംബനം തന്നു
പിന്‍വാങ്ങാന്‍ ഞാന്‍ ശ്രമിക്കും .
നീയപ്പോൾ മാറിൻ നടുവില്‍ 
എന്റെ മുഖം അമര്‍ത്തിപ്പിടിക്കും .
നിന്റെ ഹൃദയത്തിന്റെ താളം
എനിക്ക് കേള്‍ക്കാന്‍ കഴിയും .
അതിലൂടെ അലിഞ്ഞലിഞ്ഞു
ഞാന്‍ മരണത്തിലേക്ക് യാത്രയാകും .
നിന്റെ ചൂടില്‍ അലിഞ്ഞ്,
നിന്റെ ആത്മാവില്‍ അലിഞ്ഞ് 
ഊര്‍ന്നു വീഴും ഞാന്‍ നിന്റെ പാദത്തില്‍.
മരണത്തിന്റെ തണുപ്പില്‍ നിന്നും
ജീവിതത്തിന്റെ ചൂടിലേക്ക് നീയപ്പോള്‍ നടന്നകലണം.
മരിച്ചവരുടെ ലോകത്തില്‍
നീയുണ്ടാകരുത് .
....ബി.ജി.എന്‍ വര്‍ക്കല 


No comments:

Post a Comment