Wednesday, November 28, 2018

96 ഉം ഞാനും


96
ഒരു പാട് സ്റ്റാറ്റസുകള്‍ കണ്ടിരുന്നു ഈ ചിത്രത്തെക്കുറിച്ച് . ഒത്തിരി ഇടങ്ങളില്‍ കൂട്ടുകാര്‍ പറയുകയും ചെയ്തു നല്ലതാണ് എന്ന് . എന്നിട്ടും ഞാന്‍ കണ്ടില്ല കാണാന്‍ തയ്യാറായില്ല എന്നതാണോ മനസ്സ് വന്നില്ല എന്നതാണോ ശരി എന്നറിയില്ല. പക്ഷെ എന്റെ കൂട്ടുകാരി അവളുടെ  ജീവിതം അതുപോലെ പകര്‍ത്തിയതാണ് ആ ചിത്രം എന്ന് പറഞ്ഞപ്പോള്‍ അതൊന്നു കാണണം എന്നെനിക്ക് തോന്നി. കണ്ടു... ചിത്രം കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ നൊമ്പരം വന്നു. ഒപ്പം നിരാശയും .അത് കൂട്ടുകാരിയുടെ ജീവിതം എന്ന് കേട്ടതിനാലല്ല . സ്വന്തം അനുഭവങ്ങള്‍ പലതും മുന്നില്‍ വന്നു നില്‍ക്കുന്നത് കണ്ടതിന്റെ ഒരു നോവ്‌ , നഷ്ടബോധം അങ്ങനെ എന്തൊക്കെയോ . 89 ൽ ,ഒന്‍പതിൽ പഠിക്കുമ്പോൾ ഞാനും പ്രണയിച്ചിരുന്നു ഒരു പെണ്‍കുട്ടിയെ. എന്നും വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞു പോകുമ്പോള്‍ , നടന്നു പോകാതിരിക്കാന്‍ വേണ്ടി എനിക്കായി മാത്രം പത്തു പൈസ കരുതി വയ്ക്കുന്ന ഒരാള്‍ . ജ്യോമട്രി ബോക്സിനുള്ളില്‍ ഒരു കത്തുണ്ടാകും അതിനകത്ത് പത്തു പൈസയും . തലേന്നാളത്തെ മറുപടി കത്ത് അതില്‍ വയ്ക്കാനും കത്തെടുക്കാനും അന്ന് കാണിച്ചിരുന്ന സാഹസങ്ങള്‍ , ഒളിച്ചു കളികള്‍ ഒക്കെ മനസ്സില്‍ ഇപ്പോള്‍ ചിരിയാണ് ഉണര്‍ത്തുന്നത് . കൂട്ടുകാര്‍ ആരുമറിയാതെ ഒരേ ക്ലാസ്സിലെ അവസാന ബഞ്ചുകളില്‍ അപ്പുറമിപ്പുറം സ്ഥിരം സൈഡ് സീറ്റുകാരായ രണ്ടു പേര്‍ . ആരുമറിയാതെ ഒന്ന് നോക്കാന്‍ എത്ര അടുത്താണെങ്കിലും എന്തോരം ശ്വാസം മുട്ടിയിരുന്നു . സ്കൂളില്‍ ചെന്നാലും അവളുടെ ക്ലാസ്സിന്റെ വാതിക്കല്‍ ബാല്‍ക്കണിയില്‍ ഇന്റര്‍വെല്‍ സമയത്ത് അവളുണ്ടാകും. ഇങ്ങു താഴെ അവളെ കാണാനാകുന്ന ഒരിടം നോക്കി ഞാനും . ഉച്ചക്ക് അവള്‍ വീട്ടില്‍ പോകും ഭക്ഷണം കഴിക്കാന്‍. അവള്‍ വരുന്ന സമയം നോക്കി ചോറ് കഴിച്ചു പാത്രം കഴുകാന്‍ മാത്രം അവളുടെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള പൈപ്പ്ടാ പ്പില്‍ പോകുന്ന ഞാന്‍. അവള്‍ വരുമ്പോള്‍ ആരും കാണാത്ത ഒരു പുഞ്ചിരിയും പരിഭ്രമവും രണ്ടു പേരിലും ഉണ്ടാകും . മനോരമയിലും മംഗളത്തിലും വരുന്ന നായക ,നായിക ചിത്രങ്ങളെ വരച്ചെടുത്തു ഞാനും നീയും എന്ന് പറഞ്ഞു കത്തിനൊപ്പം കൈമാറുക  എന്റെ ഹോബിയായിരുന്നു . ഒടുവില്‍ ഒന്‍പതാം ക്ലാസ്സിന്റെ അവസാന ദിവസങ്ങളില്‍ അവള്‍ക്ക് സംഭവിച്ച ചില വിഷമതകള്‍ മൂലം അവള്‍ പോയതും വൈകിയാണെങ്കിലും പത്തില്‍ അവള്‍ എത്തിയപ്പോഴേക്കും അവളോട്‌ പിണങ്ങി ഒരു വര്ഷം മുഴുവന്‍ ഒരേ ട്യൂഷന്‍ ക്ലാസില്‍ ഇരുന്നു പഠിച്ചതും ഓര്‍ത്തു എനിക്ക് സങ്കടം വന്നു . വര്‍ഷങ്ങള്‍ക്ക് എത്രയോ കടന്നു പോയി . ഇരുപത്തിയെട്ടു കൊല്ലം ആകുന്നു അവളെ ഞാന്‍ കണ്ടിട്ട്. എനിക്കും അവളെ കാണാന്‍ കൊതി തോന്നി സിനിമ കഴിഞ്ഞപ്പോള്‍ . സ്കൂള്‍ , കോളേജ് റീ യൂണിയന്‍ ഇന്ന് സുപരിചിതമായ ഒരു കാര്യം ആണെങ്കിലും ഞാന്‍ ഇതുവരെ അത്തരം ഒരു കൂട്ടായ്മയില്‍ പോയിട്ടില്ല . എന്റെ സുഹൃത്തുക്കള്‍ എല്ലാവരെയും എനിക്ക് ഇപ്പോള്‍ അറിയുകയും ഇല്ല എവിടെയോക്കെയെന്നു . എന്തോ ഒരു നഷ്ടബോധം എനിക്ക് തോന്നി..... തോന്നുന്നു . ജീവിതത്തിന്റെ സന്തോഷങ്ങള്‍ പഴയ നോവുകള്‍ ഓര്‍ത്തെടുക്കുന്നതാണ് എന്ന് കരുതുന്നു . അതിനിത്തരം ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ . ആശംസകള്‍. ബി.ജി.എന്‍ വര്‍ക്കല   

No comments:

Post a Comment