Friday, November 23, 2018

കുഞ്ഞനിലയും ആൽമരവും........ദുർഗ മനോജ്

കുഞ്ഞനിലയും ആൽമരവും (ബാലസാഹിത്യം)
ദുർഗ മനോജ്
ചിന്ത പബ്ലിക്കേഷൻസ്
വില : 65 രൂപ

ആരോഗ്യപരവും പാരിസ്ഥിതിക സൗഹൃദപരവുമായ ഒരു സമൂഹത്തെ നിർമ്മിച്ചെടുക്കുക എന്നത് വളരെ എളുപ്പവും അതുപോലെ ഭാരിച്ചതുമായ ഒരു സംഗതിയാണ്. ഇത്തരം നവനിർമ്മിതികൾക്ക് അവശ്യം വേണ്ടത് ശക്തമായ അടിത്തറകൾ പണിയുക എന്നുള്ളതും. ഇന്നു ലോകത്തു കാണുന്ന എല്ലാ നവീകരണ പ്രവൃത്തികൾക്കും കാരണം നല്ല പാഠങ്ങൾ ചൊല്ലിപ്പഠിപ്പിക്കുന്ന ഒരു ഗുരു സമൂഹമിവിടെ എന്നുമുള്ളതാണ് എന്ന വസ്തുത മറക്കാനാവില്ല.
സമൂഹ നിർമ്മിതിയെ മുമ്പെങ്ങുമില്ലാത്ത വിധം പിറകോട്ടു നയിക്കുന്ന ഒരു സംവിധാനമാണ് ദൗർഭാഗ്യവശാൽ ഈ തലമുറ അനുഭവിക്കുന്നത്. ശാസ്ത്രബോധം വളർത്തി കുഞ്ഞുങ്ങളിൽ ഭാവി ലോകത്തിന്റെ വളർച്ച ഏൽപ്പിക്കുമ്പോൾ കുതിച്ചു പാഞ്ഞു വന്ന മതവും പ്രാകൃത സംസ്കാരങ്ങളും കിതച്ചു തുടങ്ങിയതറിഞ്ഞ മനുഷ്യർ പുരോഗമനത്തിന്റെ പാതയിൽ നിന്നും കുഞ്ഞുങ്ങളെ മതപഠനത്തിലൂടെ പഴമയിലേക്കും അവിടെയാണ് മാനവികതയും മനുഷ്യനന്മയും ഉള്ളതെന്ന കപടമായ അറിവുകളിലേക്കും തിരികെ പിടിച്ചു കൊണ്ടു പോകുന്നു.
ഇത്തരം മാറ്റങ്ങൾ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങുന്നുണ്ട്. മാറ്റങ്ങൾ മാത്രമാണ് നവീകരണത്തിന്റെ മുഖമുദ്രയെന്നും മതങ്ങൾ പഠിപ്പിക്കുന്ന അശാസ്ത്രീയതയല്ല നമുക്ക് കരണീയമെന്നും കുട്ടികൾ സ്വയം ചിന്തിച്ചു തുടങ്ങിയ കാലമാണിത്.
അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ കുട്ടികൾ പഠിക്കേണ്ടത് ശരിയായ പാഠങ്ങൾ ആകണം. വിദ്യാലയങ്ങൾ പാഠ്യപദ്ധതികളിൽ നിന്നും മതഗ്രന്ഥങ്ങളിലെയും, പുരാണങ്ങളിലെയും മിത്തുകൾ പഠിപ്പിക്കുന്നത് നിർത്തലാക്കുക തന്നെ വേണം. കുട്ടികൾ പഠിക്കേണ്ടത് അവർ ജീവിക്കുന്ന കാലഘട്ടത്തിലെ  സമൂഹത്തിൽ എങ്ങനെ ആരോഗ്യകരമായ ഒരു പരിതസ്ഥിതി വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചാകണം.
ഈ അവസ്ഥ ഉണ്ടാക്കിയെടുക്കാൻ വിദ്യാലയങ്ങളിൽ പരന്ന വായനകൾ ഉണ്ടാകണം. മലയാളിയുടെ ബാലസാഹിത്യ മേഖല എൺപതുകളുടെ അവസാനം വരെ റഷ്യൻ നാടോടിക്കഥകൾ നിറഞ്ഞു നിന്നതായിരുന്നുവെങ്കിൽ പിന്നെയങ്ങോട്ട് സാരോപദേശക്കഥകളുടെ കുത്തൊഴുക്ക് തിരികെ വരികയായിരുന്നു. പഞ്ചതന്ത്രം കഥകളും മറ്റും പുതിയ രൂപത്തിൽ പഴയ വീഞ്ഞു പുതിയ കുപ്പിയിലാക്കൽ മാത്രമായി നില നിന്നു പോരുന്ന കാഴ്ച. പേരുകേട്ട സാഹിത്യകാർ മുതൽ പുതുമുഖക്കാർ വരെ ബാലസാഹിത്യത്തിൽ കൈ വച്ചിട്ടുണ്ടെങ്കിലും അവയൊക്കെയും പതിവു  സാരോപദേശ ദൈവ പ്രഘോഷങ്ങൾ ഒക്കെയാണ് എന്നത് ഖേദകരമായ വസ്തുതയാണ്.
ഈ ചുറ്റുപാടിലാണ് 'ദുർഗ മനോജി'നെപ്പോലുള്ള എഴുത്തുകാരുടെ പ്രസക്തി വർദ്ധിക്കുന്നത്. ഒരു ഗ്രാമവും ആ ഗ്രാമത്തിന്റെ നെടുംതൂണായ അരയാലും ഒരു കഥയായി വരുന്ന "കുഞ്ഞനിലയും ആൽമരവും" പ്രമേയ ഭംഗികൊണ്ടും അവതരണ ശൈലി കൊണ്ടും കുഞ്ഞുമനസ്സുകളെ വളരെ വേഗം ആകർഷിക്കുന്ന തരത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. യാതൊരു അത്ഭുതങ്ങളുമില്ലാതെ, ആർക്കും എളുപ്പം കാര്യം മനസ്സിലാകുന്ന രീതിയിൽ ഈ ചെറു നോവൽ കടന്നു പോകുന്നു.
കുഞ്ഞുങ്ങളിൽ പരിസ്ഥിതി ബോധം സൃഷ്ടിക്കാനും , മണ്ണിനെയും മനുഷ്യനെയും ബാധിക്കുന്ന ഘടകങ്ങളെ മനസ്സിലാക്കി അവയെ പ്രതിരോധിക്കാനും പ്രചോദനം നല്കുന്ന ഈ നോവൽ തീർച്ചയായും കുട്ടികൾക്ക് അവശ്യം സമ്മാനിക്കേണ്ട ഒന്നാണെന്ന കാര്യത്തിൽ ആരും തർക്കിക്കുമെന്നു കരുതുക വയ്യ. എങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ സൃഷ്ടിക്കാം എന്നതാണ് കുട്ടികൾ ആദ്യം അറിയേണ്ടത് എന്ന സാമാന്യ തത്വം പറഞ്ഞു കൊടുക്കുന്ന എഴുത്തുകാരി, വളരെ രസാവഹമായിത്തന്നെ നുറുങ്ങു തമാശകളിലൂടെ കുട്ടികളെ ആനന്ദിപ്പിക്കുകയും വായനയെ മുഷിവില്ലാതെ തുടരാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇനിയും കൂടുതൽ ബാലസാഹിത്യങ്ങൾ ലഭ്യമാകും ഈ എഴുത്തുകാരിയിൽ നിന്നും എന്ന ശുഭപ്രതീക്ഷകൾ നില നിർത്തിക്കൊണ്ട് ആശംസകളോടെ ബി.ജി.എൻ വർക്കല

No comments:

Post a Comment