നൃത്തം (നോവല്‍
)
എം. മുകുന്ദന്‍
ഡി സി ബുക്സ്
വില 60 രൂപ
“ഒരു
നാടുമായി എത്രയേറെ ബന്ധമുണ്ടെങ്കിലും നമുക്ക് അതില്‍ നിന്നും മാറി നില്‍ക്കാന്‍
കഴിയും . സ്നേഹിക്കുന്നവരില്‍ നിന്നും സ്വയം പറിച്ചെടുക്കാനാണ് പ്രയാസം.”......(നൃത്തം
... മുകുന്ദന്‍ )
“ഒരു
തൂവാലകൊണ്ട് കവിളിലെ കണ്ണുനീര്‍ തുടയ്ക്കുന്നതു പോലെ ഒരു പൂവ് കൊണ്ട് മനസ്സിലെ
ദുഃഖം തുടച്ചു മാറ്റാന്‍ കഴിയും”.....(നൃത്തം
... മുകുന്ദന്‍ )
സ്വയം വായിക്കുവാന്‍
പ്രേരണ നല്‍കുന്ന വായനകള്‍ ആണ് മലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നത് എന്ന്
കാണാം . ഇന്നു വായിപ്പിക്കാന്‍ ആരൊക്കെയോ പ്രേരിപ്പിക്കുന്ന എഴുത്തുകള്‍ ആണ് ആ
സ്ഥാനം കൈയ്യടക്കിയിരിക്കുന്നത് . എഴുത്ത് എങ്ങനെ വായനക്കാരില്‍ എത്തിക്കാന്‍
കഴിയും എന്ന ചിന്തയില്‍ അവര്‍ തങ്ങളുടെ എഴുത്തുകളെ പല രീതിയില്‍ പ്രോമോട്ട് ചെയ്തു
വിറ്റഴിക്കുക , നഷ്ടം നികത്തുക എന്ന ശൈലിയില്‍ മാത്രം നോക്കിക്കണ്ട് മുന്നോട്ടു
നില്‍ക്കുന്നു . ഒരുകാലത്ത് എഴുത്ത് ആത്മാവിഷ്കാരം ആയിരുന്നു എങ്കില്‍ ഇന്നത്
കാട്ടിക്കൂട്ടല്‍ ആയി നിലനില്‍ക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാകാം .
ഇന്ന് വായിക്കാന്‍
എടുത്തത് “എം മുകുന്ദന്‍” എഴുതിയ “നൃത്തം” എന്ന നോവല്‍ ആയിരുന്നു .
മലയാളസാഹിത്യത്തില്‍ തന്റെ സ്ഥാനം മുകുന്ദന്‍ ഉറപ്പിച്ചു വച്ചത് എഴുത്തിലെ മായാജാലവും
പരീക്ഷങ്ങണങ്ങളും കൊണ്ടുതന്നെയാണ് . ഓരോ എഴുത്തിലും ആ ഒരു വ്യത്യസ്തത നമുക്ക്
അനുഭവിച്ചു അറിയാന്‍ കഴിയും . ഓരോ എഴുത്തുകാരനും തങ്ങളുടെ രചനയില്‍ മറ്റൊരു ഭൂമിക
അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍ ഉണ്ട് . അവതരിപ്പിക്കുന്ന
ഭൂമിക വായനക്കാരന് എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നത്. കാരണം വായനക്കാരില്‍
രണ്ടുതരം ആള്‍ക്കാര്‍ ഉണ്ടാകാം . ഒരു കൂട്ടര്‍ ആ ഭൂമിക അറിയുന്നവരോ അവിടെ വസിക്കുന്നവരോ
ആകും മറ്റൊരു വിഭാഗം ഒരിക്കലും അതു കണ്ടിട്ടുള്ളവര്‍ ആയിരിക്കുകയും ഇല്ല . ഈ രണ്ടു
വിഭാഗത്തെയും ഒരുപോലെ ആ ഭൂമികയെ പരിചയപ്പെടുത്തണം എങ്കില്‍ ആ ഭൂമികയെപറ്റിയുള്ള
ആഴത്തിലുള്ള അവഗാഹം എഴുത്തുകാരന് ഉണ്ടായിരിക്കണം . ഇന്നത്തെ പല എഴുത്തുകളും
പരാജയപ്പെടുന്നത് അവിടെയാണ് . ഇന്ന് ആരും അതിനു മുതിരുന്നില്ല . ഗൂഗിളില്‍ പോയി
വിവരങ്ങള്‍ ശേഖരിക്കുക , സിനിമകളില്‍ നിന്നും കണ്ടു മനസ്സിലാക്കുക, ഭാവനയുടെ
അതിഭാവുകത്വം നല്‍കുക തുടങ്ങിയ
എളുപ്പവഴികളില്‍ കൂടി അവര്‍ വിഷയം അവതരിപ്പിച്ചു സംതൃപ്തരാകും .
മലയാളത്തിലെ
ആദ്യ സാങ്കേതികശാസ്ത്ര വിഷയത്തിലെ നോവല്‍ എന്ന വിശേഷണം മുകുന്ദന്റെ നൃത്തം പങ്കു
വയ്ക്കുന്നു . ഇന്റര്‍നെറ്റ് എന്ന ലോകത്തെ ആസ്പദമാക്കി അതിനു മുന്‍പ് മലയാളത്തില്‍
ഒരു നോവല്‍ ഉണ്ടായിട്ടില്ല എന്നത് തന്നെയാണ് ആ പരീക്ഷണത്തിന്റെ മേന്മയായും മനസ്സിലാക്കേണ്ടത്
. ഒരുകാലത്ത് ഓരോ മനുഷ്യനും അവനെ അടയാളപ്പെടുത്തിയിരുന്നത് ഒരൊറ്റ വിലാസത്തിലല്ലായിരുന്നു
. പേരു മാത്രം സ്ഥിരമായിരിക്കുകയും പദവികളും വിലാസങ്ങളും മാറിക്കൊണ്ടിരിക്കുകയും
ചെയ്തു ജീവിതവഴിയില്‍ എപ്പോഴും . ഇന്റര്‍നെറ്റിന്റെ വരവോടുകൂടിയാണ് ഓരോ മനുഷ്യനും
സ്വന്തമായി ഒരു വിലാസം ലഭിച്ചു തുടങ്ങിയത് . അവന്‍ ലോകത്തിന്റെ ഏതൊരു കോണില്‍ ആയാലും
അവനെ ബന്ധപ്പെടാന്‍ ഒരൊറ്റ ഈ മെയില്‍ വിലാസം . അതില്‍ അവന്‍ എപ്പോഴും ലഭ്യമായിരുന്നു
.
നൃത്തം എന്ന
നോവല്‍ ഇതിവൃത്തമാക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധം ആണ് .
ലോകത്തെവിടെയോ ഇരിക്കുന്ന അഗ്നി എന്ന നൃത്തകനും ശ്രീധരന്‍ എന്ന വ്യക്തിയും
തമ്മിലുള്ള കത്തിടപാടുകള്‍ . ഒരു വിധത്തില്‍ പറഞ്ഞാല്‍ അഗ്നി എന്ന മലയാള വേരുകള്‍
ഉള്ള വ്യക്തി തന്റെ കഥ ശ്രീധരന്‍ എന്ന വ്യക്തിയോടു പറയുന്നതാണ് നോവല്‍ . അയാള്‍
എങ്ങനെ കേരളത്തില്‍ നിന്നും യൂറോപ്യന്‍ രാജ്യത്ത് എത്തിച്ചേര്‍ന്നു എന്നും അവിടെ
അയാള്‍ നൃത്തത്തിന്റെ ലോകത്ത് എന്തൊക്കെ ആയിത്തീര്‍ന്നു എന്നുമൊക്കെ അയാള്‍
തനിക്കറിയാത്ത ഒരു വിലാസത്തില്‍ ഒരാളോട് സംസാരിക്കുകയാണ് നോവലില്‍ . കേരളത്തിലെ
ഉള്‍നാടന്‍ ഗ്രാമത്തിന്റെ വിശേഷങ്ങളും സംസ്കാരവും പറഞ്ഞു തുടങ്ങി അതു യൂറോപ്പിന്റെ
സംസ്കാരത്തിലേക്ക് സന്നിവേശിപ്പിച്ചു , നൃത്തത്തിന്റെ, കലയുടെ യൂറോപ്പ്യന്‍ സംസ്കാരവും
, കലയുടെ വിവിധ കാലങ്ങളും ചരിത്രങ്ങളും പഠിപ്പിച്ചു തരികയും ചെയ്യുന്നതിനൊപ്പം
തന്നെ ആ ലോകത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ ലോകത്തിന്റെ
വളരെ വിശദമായ ഒരു ചിത്രവും നോവല്‍ വരച്ചിടുന്നു .
ഇതില്‍ വളരെ
മനോഹരമായി പറയുന്ന മറ്റൊരു വിഷയം ആണ് ഇന്റര്‍നെറ്റിന്റെ കേരളത്തിലെ ആഗമനവും അതു
പൊതു സമൂഹത്തില്‍ വരുത്തിയ മാറ്റവും . നെറ്റിന്റെ തുടക്കകാലത്തിന്റെ അരിഷ്ടതകള്‍ ,
ദുര്‍വിനിയോഗങ്ങള്‍ എന്നിവ വളരെ നന്നായി തന്നെ നോവല്‍ പ്രതിപാദിക്കുന്നുണ്ട് .
കുട്ടികളെ പോണ്‍ ലോകത്തേക്ക് നയിക്കുന്ന
കഫേകള്‍ , അതുമൂലം സമ്പന്നരായവര്‍ , നെറ്റിനെ കുറിച്ച് കേവലമായ അറിവ് പോലും
ഇല്ലാത്ത സമൂഹം , നെറ്റിന്‍റെ ലഭ്യതയും അതിന്റെ പരിമിതികളും വിഷമതകളും ,
കമ്പ്യൂട്ടറും ഫ്ലോപ്പിയും നീലവെളിച്ചം നിറഞ്ഞ സ്ക്രീന്‍ കാഴ്ചകളും ഒക്കെ ഇന്നത്തെ
തലമുറയ്ക്ക് തികച്ചും അത്ഭുതം നല്‍കുന്ന വസ്തുതകള്‍ ആകും . നെറ്റ് ലഭിക്കാതെ
പോകുന്ന സന്ദര്‍ഭങ്ങളില്‍ ശ്രീധരന്‍ അനുഭവിക്കുന്ന മാനസിക ക്ലേശങ്ങള്‍ വായിക്കുമ്പോള്‍
ഇന്ന് ഈ കാലഘട്ടത്തില്‍ തലമുറ അനുഭവിക്കുന്ന അന്തസംഘര്‍ഷങ്ങള്‍ എത്ര അര്‍ത്ഥവത്തായി
അതിന്റെ മൂലരൂപത്തെ മുകുന്ദന്‍ എഴുതിവച്ചിരിക്കുന്നു എന്ന സന്തോഷം ചെറുതല്ല.
വായനയ്ക്ക്
വളരെ നല്ലൊരു നോവല്‍ ആണ് എന്ന സന്തോഷം പങ്കു വച്ചുകൊണ്ട് ആശംസകളോടെ ബി. ജി . എന്‍
വര്‍ക്കല