Saturday, March 18, 2017

നീയല്ല കരയേണ്ടത് .


നിലച്ചുപോയ നിലവിളികളായ-.
കത്തളങ്ങളിൽ പകച്ചിരിക്കും
മൗനം മാറാല കെട്ടിയ നിമിഷങ്ങൾ സാക്ഷിയായ്.
നനഞ്ഞ പക്ഷിത്തൂവൽ പോല-
മ്മതൻ തോളിലമർന്നു കിടപ്പൂ
‘പേ’നായ കടിച്ചു കീറിയവൾ...

മുറിവേറ്റ മനസ്സും
ക്ഷതമേറ്റ ശരീരവും പേറി
ശാപവാക്കുകൾക്കിടയിൽ
പെറ്റമ്മ തൻ സാന്ത്വനം കൊതിച്ചു.

ചുറ്റുമാർക്കുന്നു നാവുകൾ ...
വസ്ത്രമാണ്,
വാക്കാണ്,
നടന്ന രീതികളാണ്,
ഉറക്കെയുള്ള ചിരികളാണ്,
സൗഹൃദങ്ങളാണ്.....
നഷ്ടമായത്
മാനമാണ്
കന്യകാത്വമാണ്
പരിശുദ്ധിയാണ്
ഭാവിയാണ് .....

ഒട്ടുമേ കരുണയില്ലാ നാവുകൾ
കൊത്തി വലിക്കുകയാണ് പിന്നെയും
മനസ്സിനെ,തല്ലിക്കൊഴിക്കുകയാണ് .
തരി സാന്ത്വനം കൊതിക്കുകയാണ് മനം.

പിഞ്ഞിക്കീറും മനസ്സിനെയൊരു കുഞ്ഞു
ചുംബനം കൊണ്ടമ്മ ഒപ്പിയെടുക്കട്ടെ !
ഇല്ല മകളേ, മറക്കണ്ട നിന്നിലെ
ഉണ്മകളൊന്നുമേ വാർന്നു പോയില്ല സത്യം .

വഴിയോരമൊരു വന്യമൃഗം നിന്നെ കടിക്കുകിൽ,
ഒരു ചെളിക്കുണ്ടിൽ നീയറിയാതെ വീഴുകിൽ,
കളിക്കൂട്ടുകാർ നിന്നെ കുഴികുത്തി വീഴ്ത്തുകിൽ
നിനക്കെന്ത് നഷ്ടമാമോർക്കുക മകളേ നീ.

കഴിയില്ല നശിപ്പിക്കുവാനാർക്കും
മനസ്സിലെ പരിശുദ്ധി ,
ചിന്തതൻ ദൃഢതയും.
കരുതലോടിനി നീ നിൻ
ചുവടുകൾ വയ്ക്കുക.

കരഞ്ഞിടുന്നതൊന്നും കണ്ണിനു നന്നല്ല.
തലയുയർത്തി നീ നടന്നു പോയീടുകിൽ
കഴുകുകൾ നിന്നെ കാണ്‍കെ
തല താഴ്ത്തും സുനിശ്ചിതം.

എരിയുന്നൊരഗ്നിപോലെ കണ്ണുകൾ
മുനയുള്ളൊരസ്ത്രമാം മൊഴികൾ
ഹൃദയത്തിലെത്തണം വിരൽ മുന.
കരയുക വേണമവർ മനസ്സിലെങ്കിലും.

ഒരു വേനലെരിയുന്ന കാലമാണ്
മരമെല്ലാം മാഞ്ഞു പോയ തെരുവാണ്.
വറ്റിയ കിണറുള്ള വീടാണ് .
മറന്നീടാതിരിക്കുക ചുവടുകളിലിവയെന്നും .

ഒരിക്കലും നീയല്ല പതിതയെന്നറിയുക.
കടിച്ച പാമ്പാണ്
കടിയേറ്റവരല്ല ഭയപ്പെടേണ്ടതെന്ന
തത്വം മനസ്സിൽ നീ കരുതുക.  
                ബിജു ജി നാഥ് വർക്കല

No comments:

Post a Comment