Thursday, March 2, 2017

എഴുതുമ്പോൾ അടയാളമാകുവാൻ ..


എനിക്കുമൊരു കവിതയെഴുതണം
ജീവിതം പനിച്ചു നില്‍ക്കുന്ന കവിത.
ഒഴുകിപ്പരക്കുന്ന കൊഴുത്ത ചോരപോല്‍
മനസ്സില്‍ അടയാളപ്പെടുത്തുന്ന കവിത.

ളോഹയും കാവിയും ധരിച്ച
പുരോഹിതന്മാര്‍ പിച്ചിക്കീറുന്ന
കുഞ്ഞു കന്യകാത്വങ്ങളെക്കുറിച്ചല്ല,
മൊല്ലാക്കമാര്‍ സ്ഖലിതകാവ്യം രചിക്കുന്ന
പിഞ്ചിളം ചുണ്ടുകളെക്കുറിച്ചുമല്ല.

ഒരേ പുസ്തകവും ഒരേ ദൈവവും
പരസ്പരം കഴുത്തറുക്കുന്നതുമല്ല.
സിന്ധുതടസംസ്കൃതിയുടെ പേരില്‍
സ്വന്തമായൊരു ദൈവമില്ലാത്തോന്റെ
സംസ്കാരസംരക്ഷണത്തെക്കുറിച്ചുമല്ല.

ആദിമഗോത്രങ്ങളെ ഇനിയുമാകാട്ടില്‍
ആരുമറിയാതെ ഉപേക്ഷിക്കുന്നതിനെ,
കണക്കുപറഞ്ഞു അവര്‍ക്കായ് വാങ്ങും
നാണയത്തുട്ടുകള്‍ തിന്നുന്നവരെക്കുറിച്ച്.

അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചു,
ഗോത്രീയത തിരിച്ചു ചവിട്ടിത്താഴ്ത്തുന്ന
വര്‍ണ്ണസങ്കര അശ്ലീലചിന്തകളെക്കുറിച്ച്.
തന്റെമാത്രമെന്ന സങ്കുചിതലോകത്തെ
നെഞ്ചിലേറ്റി നടക്കുന്ന കാപട്യങ്ങളെ...

ഒക്കെയും എനിക്കെഴുതിയെ മതിയാവൂ.
ജീവശ്വാസം നഷ്ടപ്പെട്ടു ഞാനഴുകിത്തുടങ്ങുമ്പോള്‍
എന്നെ ഓര്‍ക്കുവാന്‍ എനിക്കിതൊക്കെ മതി .
........... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment