Monday, March 27, 2017

വെളിച്ചം .

ഇനി ഈണം ഇല്ലെന്ന പരാതി കേൾക്കണ്ട. മാമ്പഴം കവിതയുടെ ജൗണം മനസ്സിൽ കണ്ടു ചൊല്ലി നോക്കിയേ പ്രിയരേ.
.

കണ്ണുകള്‍ നിറയാതെ
ചുണ്ടുകള്‍ വിതുമ്പാതെ
കേള്‍ക്കുക നീയുമിന്നീ
കെട്ടകാലത്തിന്‍ സത്യം.

പോയ കാലങ്ങള്‍ നമ്മള്‍
ചൂടിയ പൂക്കളൊക്കെ
ചോര പടര്‍ന്നീ മണ്ണില്‍
അടിഞ്ഞു വേണ്ടാതാര്‍ക്കും.

ഇന്നുമേ പോകുന്നുണ്ട്
കാടതില്‍ പോരാളികള്‍
ഉണ്ടവര്‍ക്കെന്നാല്‍ പുതു
വിപ്ലവ ചിന്തകളും.

നാട്ടിലെ യുവത്വങ്ങള്‍
ചീന്തുന്നുണ്ടിന്നു ചോര
നാടിനു വേണ്ടിയെന്ന
വ്യാമോഹം വേണ്ടായതില്‍.

കോളനിവത്കരണം
തീരുവാന്‍ പൊരുതിയോര്‍
കോളറില്‍ വള്ളി കെട്ടി
ഭരിക്കുന്നുണ്ട് ചെമ്മേ.

അയലോക്കങ്ങള്‍ തമ്മില്‍
ആഴത്തില്‍ പതിഞ്ഞൊരു
ആത്മബന്ധത്തെ കാണാം
ചാറ്റിംഗിലൂടെ മാത്രം.

മൃഗങ്ങൾ നാണിക്കുന്ന
രതിതൻ പാഠഭേദം
മനുഷ്യൻ ചെയ്യുന്നുണ്ട്
ആബാലവ്യദ്ധർക്കൊപ്പം.

ഇല്ലിന്നു ബന്ധങ്ങൾക്ക്
പണ്ടത്തെ സ്നേഹ മണം
ഉണ്ടല്ലോ തമ്മിൽത്തമ്മിൽ
മാത്സര്യ വകഭേദം .

ഭരിക്കുന്നോർ പരസ്പരം
വലിക്കുന്നു കസേരകൾ
ഭരിപ്പാനയച്ചോർ സ്വയം
പഴിക്കുന്നൂ ജന്മത്തെയും.

ഇല്ലല്ലോ ശാന്തിയിന്നീ
ഭൂതലം തന്നിൽ മത-
മദത്തിൻ തേരോട്ടത്തിൽ
തകർന്നു പോകുന്നല്ലോ.

തേടുന്നു മർത്യർ മറ്റു
ഗേഹങ്ങൾ സൗരയൂഥ
കടലിൽ പുതിയൊരു
ഭൂമിയെ നിർമ്മിച്ചീടാൻ.

എങ്ങിനി പോയെന്നാലും
പോകുവോർ നാമെന്നാകിൽ
മണ്ണതും നശിച്ചീടും
നമ്മുടെ ചിന്തകളാൽ.

വേണമീ മനുഷ്യർക്ക്
ശാസ്ത്രീയ ചിന്തയുള്ളിൽ
വേണ്ടിനി മനുജർക്ക്
ജാതിയും മതങ്ങളും .

ആണെന്നും പെണ്ണെന്നുള്ള
വേറിട്ട ചിന്ത മാറും.
മാനുഷർ പരസ്പരം
സ്നേഹിക്കാൻ പഠിച്ചിടും.
.... ബി.ജി.എൻ വർക്കല

1 comment:

  1. കാലംമാറി കോലംമാറി
    ആശംസകള്‍

    ReplyDelete