Monday, March 13, 2017

വിശുദ്ധ ലിംഗങ്ങൾ


ജീവനില്ലാത്ത ശവങ്ങളുടെ നാട്ടിൽ
മാംസഭോജികൾ ഇര തേടിയിറങ്ങുമ്പോൾ
കനൽവഴികൾ താണ്ടി മോചനത്തിന്റെ
വെള്ളരിപ്രാവുകൾ കുറുകും.

നഷ്ടമാകുന്ന വിശ്വാസപ്പെരുമകളെ നോക്കി
ദൈവം നിലവിളിക്കുമെന്ന ഭയം
ഓരോ തെരുവും പങ്കുവയ്ക്കും.
നമ്മുടേതെന്നറിയാതെ ഭക്ഷിക്കുന്നവരും
നമുക്കുള്ളതാണെന്നു കരുതി ഭുജിക്കുന്നവരും
അജീർണ്ണം ബാധിച്ച ശരീരവുമായി
ജല ഞരമ്പുകൾ തേടിയലയും.

എവിടെയുമെത്താത്ത
ജീവിതപ്പിറവികൾ മാത്രം
ആയുസ്സിന്റെ പുസ്തകം തേടി
അരമനകളിൽ അടിവസ്ത്രമഴിച്ചും
കുർബ്ബാനക്കൂട്ടിൽ ഓർക്കാനിച്ചുമൊടുവിൽ
തെമ്മാടിക്കുഴികളിൽ
മണ്ണിൻ നനവു ഭക്ഷിക്കും.

"ഇതെന്റെ രക്തം
ഇതെന്റെ മാംസ"മെന്നു
അൾത്താരകൾ പിടയും .
വെളുപ്പും കറുപ്പും നിറഞ്ഞ
ഉടയാടകളുടെ പാദ ചലനത്തിൽ
മണി നാക്കുകൾ നിശബ്ദമാവും.

ദൈവത്തിന്റെ നാമം ഉയർത്തിപ്പിടിക്കാൻ
പുത്രികൾക്ക്
പിതൃക്കൾ മണവാളനാകും.
"ഇതെന്റെ ബലി
ഇതെന്റെ രക്ത"മെന്നു
കുരിശുകൾ തൊണ്ട പൊട്ടിയലറും.

ചിറകില്ലാത്ത കിളിക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ
അരമനകൾ തേടി വെളുത്തവർ വരും.
കൊന്തമാലകൾ പൊട്ടുംവരെ
മുട്ടു കാലുകൾ അടരും വരെ
നെഞ്ചകം പൊടിഞ്ഞു കരയും
അമ്മയാകാതെ പോയിട്ടും
അമ്മിഞ്ഞ നൽകാനാകാഞ്ഞിട്ടും
അമ്മയായവരും
പെങ്ങളായവരും.

അപ്പോഴും തിളയ്ക്കുന്ന തെരുവുകളിൽ
തെറിച്ച പെണ്ണു മൂലം പിഴച്ചു പോയ
വിശുദ്ധ ലിംഗങ്ങളെ സംരക്ഷിക്കാൻ
വിഴുപ്പു താങ്ങുന്നവരുടെ
മെഴുകുതിരി ജാഥകൾ  നിറഞ്ഞു നില്ക്കും.
            - ബിജു .ജി.നാഥ് വർക്കല

No comments:

Post a Comment