Tuesday, March 28, 2017

അകലങ്ങൾ തീർക്കുമ്പോൾ .


ഒരു ചുംബനം കൊണ്ട് മാത്രം
ഉണരാൻ വൈകുന്നവർ നാം.
കാതോർത്തു കിടക്കുമ്പോൾ
മിഴികൾ പിടയ്ക്കുമ്പോൾ
തടയണ കെട്ടിയമനം പിടയ്ക്കുമ്പോൾ
പ്രതീക്ഷയോടൊരു ചുംബനം കാക്കുന്നവർ .
ഒരു മന്ദസ്മിതം കൊണ്ടോ
നാലു കുത്തുകൾ കൊണ്ടോ
ചിലപ്പോഴൊരു ഇമോജി കൊണ്ടോ
നീ ധന്യമാക്കിയിരുന്നിടം !
ചിതലരിച്ച പുസ്തകത്താളുകൾ
ഉടഞ്ഞുപോയ കൈവളകൾ
ചിലന്തിവല കെട്ടിയ ഓർമ്മകൾ
ഇന്നു പ്രാക്തനമായ ഒരു ക്ഷേത്രം പോലാണത്.
നിന്റെ ചലനങ്ങൾക്ക് മുന്നിൽ
കടാക്ഷം കാത്തു ബസ്സ്റ്റാന്റിൽ നിന്ന
കോളേജുകുമാരന്റെ  മനസ്സാണെനിക്കിപ്പോൾ.
നിന്റെ നിശബ്ദതയെ മറക്കാൻ
എരിയുന്ന ദ്രാവകത്തിനോ
എഴുത്തു മറന്ന തലച്ചോറിനോ കഴിയുന്നില്ല .
ഒരിക്കൽ  നീ നോക്കിയിരുന്ന നിമിഷത്തെ
നീയറിയാതൊപ്പിയെടുത്തതിൽ
നോക്കിയിരിക്കുമ്പോൾ ഞാനുള്ളിൽ കരയുകയാണ്.
പറഞ്ഞു പോകുന്നതും
പറയാതെ പോകുന്നതും
രണ്ടു വേദനയാണെന്നു നീയെപ്പോഴാണ് തിരിച്ചറിയുക?
        ബിജു ജി നാഥ് വർക്കല

Monday, March 27, 2017

വെളിച്ചം .

ഇനി ഈണം ഇല്ലെന്ന പരാതി കേൾക്കണ്ട. മാമ്പഴം കവിതയുടെ ജൗണം മനസ്സിൽ കണ്ടു ചൊല്ലി നോക്കിയേ പ്രിയരേ.
.

കണ്ണുകള്‍ നിറയാതെ
ചുണ്ടുകള്‍ വിതുമ്പാതെ
കേള്‍ക്കുക നീയുമിന്നീ
കെട്ടകാലത്തിന്‍ സത്യം.

പോയ കാലങ്ങള്‍ നമ്മള്‍
ചൂടിയ പൂക്കളൊക്കെ
ചോര പടര്‍ന്നീ മണ്ണില്‍
അടിഞ്ഞു വേണ്ടാതാര്‍ക്കും.

ഇന്നുമേ പോകുന്നുണ്ട്
കാടതില്‍ പോരാളികള്‍
ഉണ്ടവര്‍ക്കെന്നാല്‍ പുതു
വിപ്ലവ ചിന്തകളും.

നാട്ടിലെ യുവത്വങ്ങള്‍
ചീന്തുന്നുണ്ടിന്നു ചോര
നാടിനു വേണ്ടിയെന്ന
വ്യാമോഹം വേണ്ടായതില്‍.

കോളനിവത്കരണം
തീരുവാന്‍ പൊരുതിയോര്‍
കോളറില്‍ വള്ളി കെട്ടി
ഭരിക്കുന്നുണ്ട് ചെമ്മേ.

അയലോക്കങ്ങള്‍ തമ്മില്‍
ആഴത്തില്‍ പതിഞ്ഞൊരു
ആത്മബന്ധത്തെ കാണാം
ചാറ്റിംഗിലൂടെ മാത്രം.

മൃഗങ്ങൾ നാണിക്കുന്ന
രതിതൻ പാഠഭേദം
മനുഷ്യൻ ചെയ്യുന്നുണ്ട്
ആബാലവ്യദ്ധർക്കൊപ്പം.

ഇല്ലിന്നു ബന്ധങ്ങൾക്ക്
പണ്ടത്തെ സ്നേഹ മണം
ഉണ്ടല്ലോ തമ്മിൽത്തമ്മിൽ
മാത്സര്യ വകഭേദം .

ഭരിക്കുന്നോർ പരസ്പരം
വലിക്കുന്നു കസേരകൾ
ഭരിപ്പാനയച്ചോർ സ്വയം
പഴിക്കുന്നൂ ജന്മത്തെയും.

ഇല്ലല്ലോ ശാന്തിയിന്നീ
ഭൂതലം തന്നിൽ മത-
മദത്തിൻ തേരോട്ടത്തിൽ
തകർന്നു പോകുന്നല്ലോ.

തേടുന്നു മർത്യർ മറ്റു
ഗേഹങ്ങൾ സൗരയൂഥ
കടലിൽ പുതിയൊരു
ഭൂമിയെ നിർമ്മിച്ചീടാൻ.

എങ്ങിനി പോയെന്നാലും
പോകുവോർ നാമെന്നാകിൽ
മണ്ണതും നശിച്ചീടും
നമ്മുടെ ചിന്തകളാൽ.

വേണമീ മനുഷ്യർക്ക്
ശാസ്ത്രീയ ചിന്തയുള്ളിൽ
വേണ്ടിനി മനുജർക്ക്
ജാതിയും മതങ്ങളും .

ആണെന്നും പെണ്ണെന്നുള്ള
വേറിട്ട ചിന്ത മാറും.
മാനുഷർ പരസ്പരം
സ്നേഹിക്കാൻ പഠിച്ചിടും.
.... ബി.ജി.എൻ വർക്കല

Saturday, March 25, 2017

പരദൂഷണം

മധുമതി ഭയങ്കര എഴുത്താ.
കീബോർഡ് കിട്ടിയാ സകലപുരുഷനേം
വ്യവസ്ഥിതിയേം കടിച്ചു കീറും.
നേരിലൊരനീതി കണ്ടാലപ്പം
ബാത്റൂമീ കയറി പൊരുന്നയിരിക്കുന്ന,
കീബോർഡിൽ കുത്തിയിരുന്നു
പ്രതികരിച്ചു ലൈക്ക് വാങ്ങുന്ന
നായികമാരുള്ള ഉശിരനെഴുത്താ .

മധുമതിയുടെ കൂടെയെപ്പഴും
ഏതേലുമൊരു കോവാലനുണ്ടേലും
ഏണിപ്പടികൾ പോലെയാണാണുങ്ങൾ.
ആവശ്യം കഴിഞ്ഞാ പുറത്താ.
അവന്മാർക്കും പേടിയാ.
മധുമതി പോസ്റ്റിടുമെന്നു .
കസേരേം മൈക്കുമില്ലേൽ
മധുമതി പോകില്ലൊരിടത്തും.

ക്ലച്ചു പിടിക്കാത്ത ജീവിതവണ്ടിയിൽ
മധുമതി യാത്ര തുടരുന്നു.
മധുരമില്ലാത്ത ഓർമ്മകളും പേറി
വഴികാട്ടിയില്ലാത്ത യാത്ര.
പാക്കരാദികൾ ഇല്ലെങ്കിൽ
മധുമതിയില്ലെന്നതിനാൽ
ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന പോലെ
മധുമതിയെഴുതിക്കൊണ്ടേയിരിക്കുന്നു.
        ബിജു ജി നാഥ് വർക്കല

Friday, March 24, 2017

വെറുതെയാ

എല്ലാം വെറുതെയെന്ന
ചൊല്ലില്‍ വീണുടയുന്നു
കല്ലായ് തീര്‍ന്നെന്‍ കരള്‍
ചില്ലെന്ന് കണ്ടു നീയും .
മെല്ലെ നടന്നുപോകും
നേരം പിറകിലെന്റെ
ജീവന്‍ പറന്നു പോകും
ചിറകൊച്ച മറക്ക നീയും .
*ബി.ജി.എന്‍ വര്‍ക്കല

കവിതാ ദിനം

കവിതാ ദിനമാണത്രേ
കവിതേ വരൂ നീ ചാരേ.
കവനം കവച്ചിടുമെങ്കിൽ
കവിയായി മാറും ഞാനും.
   ബി.ജി.എൻ വർക്ക

നിറം മാറ്റം

എത്ര വേഗത്തിലാണ് ബദാംമരം
ഇലകൾ പൊഴിച്ചതും തളിർത്തതും.
അടയാളങ്ങൾ അവശേഷിപ്പിച്ച
ഉണക്കിലകളെയും കൊണ്ട്
കാറ്റെത്ര വേഗത്തിലാണ് പോയത്.
മഴകൊണ്ട് കഴുകി
മണ്ണും മരവും ശുദ്ധമായപ്പോൾ
പഴയതൊന്നും കാണ്മാനില്ല.
ഇനി നിറയെ പൂക്കും.
കായകൾ കൊണ്ടു നിറയും.....
തല്ലിയലച്ചു വീണു മണ്ണിലടയാളമിടും
പിന്നെയും ......
* ബി.ജി.എൻ വർക്കല *

Wednesday, March 22, 2017

ഓർമ്മ പുസ്തകം

ഓർമ്മകളുടെ ആൽബം
തുറന്നു നോക്കുകയേയരുത്
നിങ്ങൾ തനിച്ചാണെങ്കിൽ..
കണ്ണുകൾ നിറഞ്ഞേക്കും
ഹൃദയം വിങ്ങിപ്പൊടിയുകയും
ഉറക്കം നഷ്ടമാകുകയും
മരിക്കാൻ കൊതിക്കുകയും ചെയ്തേക്കും.
ഓർമ്മകളുടെ ആൽബം
തുറന്നു നോക്കുകയേയരുത് .
.... ബിജു ജി നാഥ്

Saturday, March 18, 2017

നീയല്ല കരയേണ്ടത് .


നിലച്ചുപോയ നിലവിളികളായ-.
കത്തളങ്ങളിൽ പകച്ചിരിക്കും
മൗനം മാറാല കെട്ടിയ നിമിഷങ്ങൾ സാക്ഷിയായ്.
നനഞ്ഞ പക്ഷിത്തൂവൽ പോല-
മ്മതൻ തോളിലമർന്നു കിടപ്പൂ
‘പേ’നായ കടിച്ചു കീറിയവൾ...

മുറിവേറ്റ മനസ്സും
ക്ഷതമേറ്റ ശരീരവും പേറി
ശാപവാക്കുകൾക്കിടയിൽ
പെറ്റമ്മ തൻ സാന്ത്വനം കൊതിച്ചു.

ചുറ്റുമാർക്കുന്നു നാവുകൾ ...
വസ്ത്രമാണ്,
വാക്കാണ്,
നടന്ന രീതികളാണ്,
ഉറക്കെയുള്ള ചിരികളാണ്,
സൗഹൃദങ്ങളാണ്.....
നഷ്ടമായത്
മാനമാണ്
കന്യകാത്വമാണ്
പരിശുദ്ധിയാണ്
ഭാവിയാണ് .....

ഒട്ടുമേ കരുണയില്ലാ നാവുകൾ
കൊത്തി വലിക്കുകയാണ് പിന്നെയും
മനസ്സിനെ,തല്ലിക്കൊഴിക്കുകയാണ് .
തരി സാന്ത്വനം കൊതിക്കുകയാണ് മനം.

പിഞ്ഞിക്കീറും മനസ്സിനെയൊരു കുഞ്ഞു
ചുംബനം കൊണ്ടമ്മ ഒപ്പിയെടുക്കട്ടെ !
ഇല്ല മകളേ, മറക്കണ്ട നിന്നിലെ
ഉണ്മകളൊന്നുമേ വാർന്നു പോയില്ല സത്യം .

വഴിയോരമൊരു വന്യമൃഗം നിന്നെ കടിക്കുകിൽ,
ഒരു ചെളിക്കുണ്ടിൽ നീയറിയാതെ വീഴുകിൽ,
കളിക്കൂട്ടുകാർ നിന്നെ കുഴികുത്തി വീഴ്ത്തുകിൽ
നിനക്കെന്ത് നഷ്ടമാമോർക്കുക മകളേ നീ.

കഴിയില്ല നശിപ്പിക്കുവാനാർക്കും
മനസ്സിലെ പരിശുദ്ധി ,
ചിന്തതൻ ദൃഢതയും.
കരുതലോടിനി നീ നിൻ
ചുവടുകൾ വയ്ക്കുക.

കരഞ്ഞിടുന്നതൊന്നും കണ്ണിനു നന്നല്ല.
തലയുയർത്തി നീ നടന്നു പോയീടുകിൽ
കഴുകുകൾ നിന്നെ കാണ്‍കെ
തല താഴ്ത്തും സുനിശ്ചിതം.

എരിയുന്നൊരഗ്നിപോലെ കണ്ണുകൾ
മുനയുള്ളൊരസ്ത്രമാം മൊഴികൾ
ഹൃദയത്തിലെത്തണം വിരൽ മുന.
കരയുക വേണമവർ മനസ്സിലെങ്കിലും.

ഒരു വേനലെരിയുന്ന കാലമാണ്
മരമെല്ലാം മാഞ്ഞു പോയ തെരുവാണ്.
വറ്റിയ കിണറുള്ള വീടാണ് .
മറന്നീടാതിരിക്കുക ചുവടുകളിലിവയെന്നും .

ഒരിക്കലും നീയല്ല പതിതയെന്നറിയുക.
കടിച്ച പാമ്പാണ്
കടിയേറ്റവരല്ല ഭയപ്പെടേണ്ടതെന്ന
തത്വം മനസ്സിൽ നീ കരുതുക.  
                ബിജു ജി നാഥ് വർക്കല

Monday, March 13, 2017

വിശുദ്ധ ലിംഗങ്ങൾ


ജീവനില്ലാത്ത ശവങ്ങളുടെ നാട്ടിൽ
മാംസഭോജികൾ ഇര തേടിയിറങ്ങുമ്പോൾ
കനൽവഴികൾ താണ്ടി മോചനത്തിന്റെ
വെള്ളരിപ്രാവുകൾ കുറുകും.

നഷ്ടമാകുന്ന വിശ്വാസപ്പെരുമകളെ നോക്കി
ദൈവം നിലവിളിക്കുമെന്ന ഭയം
ഓരോ തെരുവും പങ്കുവയ്ക്കും.
നമ്മുടേതെന്നറിയാതെ ഭക്ഷിക്കുന്നവരും
നമുക്കുള്ളതാണെന്നു കരുതി ഭുജിക്കുന്നവരും
അജീർണ്ണം ബാധിച്ച ശരീരവുമായി
ജല ഞരമ്പുകൾ തേടിയലയും.

എവിടെയുമെത്താത്ത
ജീവിതപ്പിറവികൾ മാത്രം
ആയുസ്സിന്റെ പുസ്തകം തേടി
അരമനകളിൽ അടിവസ്ത്രമഴിച്ചും
കുർബ്ബാനക്കൂട്ടിൽ ഓർക്കാനിച്ചുമൊടുവിൽ
തെമ്മാടിക്കുഴികളിൽ
മണ്ണിൻ നനവു ഭക്ഷിക്കും.

"ഇതെന്റെ രക്തം
ഇതെന്റെ മാംസ"മെന്നു
അൾത്താരകൾ പിടയും .
വെളുപ്പും കറുപ്പും നിറഞ്ഞ
ഉടയാടകളുടെ പാദ ചലനത്തിൽ
മണി നാക്കുകൾ നിശബ്ദമാവും.

ദൈവത്തിന്റെ നാമം ഉയർത്തിപ്പിടിക്കാൻ
പുത്രികൾക്ക്
പിതൃക്കൾ മണവാളനാകും.
"ഇതെന്റെ ബലി
ഇതെന്റെ രക്ത"മെന്നു
കുരിശുകൾ തൊണ്ട പൊട്ടിയലറും.

ചിറകില്ലാത്ത കിളിക്കുഞ്ഞുങ്ങളെ ദത്തെടുക്കാൻ
അരമനകൾ തേടി വെളുത്തവർ വരും.
കൊന്തമാലകൾ പൊട്ടുംവരെ
മുട്ടു കാലുകൾ അടരും വരെ
നെഞ്ചകം പൊടിഞ്ഞു കരയും
അമ്മയാകാതെ പോയിട്ടും
അമ്മിഞ്ഞ നൽകാനാകാഞ്ഞിട്ടും
അമ്മയായവരും
പെങ്ങളായവരും.

അപ്പോഴും തിളയ്ക്കുന്ന തെരുവുകളിൽ
തെറിച്ച പെണ്ണു മൂലം പിഴച്ചു പോയ
വിശുദ്ധ ലിംഗങ്ങളെ സംരക്ഷിക്കാൻ
വിഴുപ്പു താങ്ങുന്നവരുടെ
മെഴുകുതിരി ജാഥകൾ  നിറഞ്ഞു നില്ക്കും.
            - ബിജു .ജി.നാഥ് വർക്കല

Thursday, March 2, 2017

എഴുതുമ്പോൾ അടയാളമാകുവാൻ ..


എനിക്കുമൊരു കവിതയെഴുതണം
ജീവിതം പനിച്ചു നില്‍ക്കുന്ന കവിത.
ഒഴുകിപ്പരക്കുന്ന കൊഴുത്ത ചോരപോല്‍
മനസ്സില്‍ അടയാളപ്പെടുത്തുന്ന കവിത.

ളോഹയും കാവിയും ധരിച്ച
പുരോഹിതന്മാര്‍ പിച്ചിക്കീറുന്ന
കുഞ്ഞു കന്യകാത്വങ്ങളെക്കുറിച്ചല്ല,
മൊല്ലാക്കമാര്‍ സ്ഖലിതകാവ്യം രചിക്കുന്ന
പിഞ്ചിളം ചുണ്ടുകളെക്കുറിച്ചുമല്ല.

ഒരേ പുസ്തകവും ഒരേ ദൈവവും
പരസ്പരം കഴുത്തറുക്കുന്നതുമല്ല.
സിന്ധുതടസംസ്കൃതിയുടെ പേരില്‍
സ്വന്തമായൊരു ദൈവമില്ലാത്തോന്റെ
സംസ്കാരസംരക്ഷണത്തെക്കുറിച്ചുമല്ല.

ആദിമഗോത്രങ്ങളെ ഇനിയുമാകാട്ടില്‍
ആരുമറിയാതെ ഉപേക്ഷിക്കുന്നതിനെ,
കണക്കുപറഞ്ഞു അവര്‍ക്കായ് വാങ്ങും
നാണയത്തുട്ടുകള്‍ തിന്നുന്നവരെക്കുറിച്ച്.

അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചു,
ഗോത്രീയത തിരിച്ചു ചവിട്ടിത്താഴ്ത്തുന്ന
വര്‍ണ്ണസങ്കര അശ്ലീലചിന്തകളെക്കുറിച്ച്.
തന്റെമാത്രമെന്ന സങ്കുചിതലോകത്തെ
നെഞ്ചിലേറ്റി നടക്കുന്ന കാപട്യങ്ങളെ...

ഒക്കെയും എനിക്കെഴുതിയെ മതിയാവൂ.
ജീവശ്വാസം നഷ്ടപ്പെട്ടു ഞാനഴുകിത്തുടങ്ങുമ്പോള്‍
എന്നെ ഓര്‍ക്കുവാന്‍ എനിക്കിതൊക്കെ മതി .
........... ബിജു.ജി.നാഥ് വർക്കല