ഹേ പ്രഭൂ ,
ജീവിച്ചിരിക്കുന്നു എന്നതിനോ
പരമാർത്ഥം ആണെന്നതിനോ
തെളിവുകൾ നല്കാൻ നിനക്കായിട്ടില്ലിതുവരെ.!
എങ്കിലും ചില കള്ളനാണയങ്ങൾ
അവരുടെ പ്രതീകമായ്
നിന്നെ പുരുഷനെന്നും
പിതാവെന്നും
ആശ്രയത്തിന്റെ പരമകാഷ്ടയെന്നും
വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു.
നീ ഇരുളിലും
ഏകാന്തതയിലും
ഉറക്കത്തിലും
അവർക്കു മാത്രം ഗോചരമാകുന്നു.
നിന്റെ പേരിലവർ പുസ്തകങ്ങൾ നിർമ്മിക്കുന്നു
മതങ്ങൾ , ജാതികൾ , നിയമങ്ങൾ
നിന്നെയവർ ആഘോഷിക്കുന്നു.
ഈ ചരാചരങ്ങളിലവർ കണ്ട
അറിയാസത്യങ്ങളൊക്കെയും
നിന്റെ കണക്കിൽപ്പെടുത്തി വയ്ക്കുന്നു. .
ജീവനുണ്ടായ കാലം മുതൽ ഇന്നുവരെ
ഒരിലപോലും അനക്കാനോ
കൊഴിയാതെ സംരക്ഷിക്കാനോ
കഴിയാതെ പോയ നിന്നെയവർ
ആപത്ബാന്ധവനായി നമസ്കരിക്കുന്നു.
മരണപ്പെടുമ്പോൾ നിന്റെ ഹിതമായ് കണ്ടും
രക്ഷപ്പെടുമ്പോൾ നിന്റെയനുഗ്രഹമായ് എണ്ണിയും
അവർ നിന്നെ വിശ്വസിക്കുന്നു.
ജനനത്തിലേ എഴുതി വച്ചുവെന്നവർ പറയുന്ന
അവന്റെ രോഗങ്ങൾക്ക് ,
വൈകല്യങ്ങൾക്ക്
നിന്നെ വെല്ലുവിളിച്ചവർ
ശാസ്ത്രങ്ങൾക്ക് പിന്നാലെ പായുന്നു.
നീ നല്കിയ വിധിയെന്നു കരുതുന്നവ
തടയാനാവില്ലെന്നു പറയുന്നവർ
നീതി തരൂ എന്നു പറഞ്ഞു നിനക്കു മുന്നിൽ
വഴിപാടും നേർച്ചയും മെഴുകുതിരിയുമായി
വരികളിൽ സ്ഥാനം പിടിക്കുന്നു.
പിടഞ്ഞു തീരുന്ന ജന്മങ്ങൾ
നിന്നെ വിളിച്ചാർത്ത നാദം മുഴക്കുന്നു.
പരസ്യമായി ലോകത്തിനു മുന്നിൽ
വെളിപ്പെട്ടുവരാനും
ഞാനാണ് നിങ്ങളെയീ നിലയിൽ
നിലനിർത്തുന്നതെന്നും പറയാൻ
ഭയമാകുന്ന നിന്റെയാരാധനാലയങ്ങൾ
ആയുധങ്ങളും
പൂട്ടും
രക്ഷാ ചാലകങ്ങളും കൊണ്ട്
നിന്റെയാരാധകർ കാത്തുരക്ഷിക്കുമ്പോൾ
നിനക്കൊന്നു പൊട്ടിക്കരഞ്ഞു കൂടെ.
ജീവന്റെ മുന്നൂറ്റിയെഴുപത്തഞ്ചു കോടി
വർഷങ്ങൾ
നിന്നെ പരിഹസിക്കുന്നതറിഞ്ഞൊന്നു
ആത്മഹത്യ ചെയ്തു കൂടെ നിനക്ക് ?
......... ബി ജി എൻ വർക്കല