Saturday, April 9, 2016

അക്ഷരമരം


അക്ഷരമെന്നെ തഴയുമ്പോള്‍ ഞാ-
നക്ഷരത്തെ തിരഞ്ഞു പോകുന്നു.
യാത്രകളുടെ ആരോഹണവരോഹണങ്ങളില്‍
നീലിച്ചൊരു ഓര്‍മ്മപോലെ
നിന്നെ ഞാന്‍ കാണുന്നു .
നിന്റെ മുടിയിഴകളില്‍ നിറയെ
ഞാത്തിയിട്ട അക്ഷരപ്പൂവുകള്‍ !
അവിദഗ്ദ്ധനായ ഒരു ചോരനെപ്പോലെ
ഞാന്‍ മറഞ്ഞു നില്‍ക്കുന്നു .
തിരക്കുകള്‍ക്കിടയില്‍ നീ ചലിക്കുമ്പോള്‍
അടര്‍ന്നു വീഴുന്ന അക്ഷരങ്ങളെ
ആര്‍ത്തിപിടിച്ച കണ്ണുകളാല്‍
നോക്കി നില്‍ക്കുന്നു ഞാന്‍ .
നീയുറങ്ങാന്‍ പോകുന്ന നിമിഷവും കാത്ത്
മണ്ണില്‍ വീണു പുതഞ്ഞുപോയ
അക്ഷരങ്ങളെ നോക്കി
ഞാന്‍ മറഞ്ഞു നില്‍ക്കുന്നു .
അലസം നീനടക്കുമ്പോള്‍
ഓരോ കാലടിയും ഞാന്‍ ഭയത്തോടെ നോക്കുന്നു .
നിന്റെ കാല്‍പ്പാദങ്ങളില്‍ പെട്ട്
ചതഞ്ഞരഞ്ഞു പോയേക്കാവുന്ന
എന്റെ അക്ഷരങ്ങളെ ഓര്‍ത്ത്
ഞാന്‍ നെഞ്ചു പൊടിഞ്ഞു വിലപിക്കുന്നു .
എന്റെ വിലാപം കേള്‍ക്കാന്‍
നിന്റെ ബധിരകര്‍ണ്ണങ്ങള്‍ക്കു കഴിയുന്നില്ല
നിന്റെ കാല്‍ പാദങ്ങളില്‍ നിന്നും
രക്ഷനേടാന്‍ അക്ഷരങ്ങള്‍ക്കും ....
------------ബിജു ജി നാഥ് വര്‍ക്കല

1 comment:

  1. അക്ഷരങ്ങളെ തേടുന്നവൻ

    ReplyDelete