Sunday, April 10, 2016

അമ്മത്തൊട്ടില്‍


(ഈണം : കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി)

ഇഴകളടര്‍ന്നൊരു പഴയവസ്ത്രത്തിലായ്
പൊതിഞ്ഞു കിടക്കുമീ കുഞ്ഞിനെ കാണ്‍കെ
മിഴികളില്‍ നിറയുമീ സങ്കടപ്പുഴയെ ഞാന്‍
ഒഴുക്കുവതേതൊരു കടലിലേയ്ക്കായിനി.

ഒരു പക്ഷെ ജീവിതം മരവിച്ചൊരു പെണ്ണിന്‍
അവസാനയാത്രയില്‍ കളഞ്ഞതുമാകാം
ഒരു മുഴംകയറില്‍ തന്‍ ജീവനെ തീര്‍ക്കുമ്പോള്‍
അനുവദിച്ചതുമാകാമീ കുരുന്നിനെ വളരുവാന്‍.

കാമുകന്‍ തന്നുടെ ഉടലിലെ ചൂടില്‍
രാവുകള്‍ പകലുകള്‍ തീര്‍ത്തൊരു കാമിനി
ഉടലിലുരുവിട്ടൊരാ ജീവന്റെ മുകുളത്തെ
കൊല്ലുവാനാകാതെ വിട്ടതുമാകാം .

മഞ്ഞുപൊഴിയുന്ന രാവിതില്‍ മുഴുവനും
രാക്കിളി തന്നുടെ പാട്ടില്‍ രസിച്ചു
കൈകാലുകള്‍ കുടഞ്ഞാ വിരലൊന്നു നുകര്‍ന്നും
കരയാതെ കഴിച്ചത് ആനന്ദമായി.

ഇവിടെയീ വളരും അനാഥജന്മങ്ങളില്‍
ഒരു വയര്‍ കൂടിനി അധികം വിശക്കും
എങ്കിലും മനതാരില്‍ നിറയുന്നു സ്നേഹം
ഒരു കുഞ്ഞിനു കൂടിനിയമ്മയായ് മാറുമ്പോള്‍ .
------------------ബിജു ജി നാഥ് വര്‍ക്കല

1 comment: