Saturday, March 29, 2014

നീറുന്നൊരു ഓര്‍മ്മയാണ് ജീവിതമെങ്കില്‍



ജീവിതം കോറിയിട്ട
ചില നേരമ്പോക്കുകള്‍
നിനക്കും എനിക്കും
മറന്നുപോകാതെ കാത്തുവയ്ക്കാന്‍.

നേരിന്റെ നീറ്റല്‍
കണ്ണിമകളെ നനയ്ക്കുമ്പോഴും
കരയുകയല്ലെന്നു നടിക്കുന്ന
കാലമേ
നിനക്ക് കാവലാകുന്നു
ഇന്നിലെ ഞാനെന്ന കവി .

മുള്‍മുനകള്‍
കുത്തിനോവിക്കുന്ന
സായന്തനങ്ങളുടെ ചെഞ്ചുവപ്പില്‍
നിന്‍റെ അധരങ്ങള്‍
പൂത്തു വിടരുന്നതറിയുമ്പോള്‍
നാവേറു പാടുന്ന
നാഗത്തറകളില്‍
കാലം മുടിയഴിച്ചാര്‍ക്കുന്നു .

ചിതല്‍ തിന്നു പോകുന്ന
ഓര്‍മ്മകള്‍ക്ക് മേലെ
ഇന്ന് ഞാനൊരു കരിമ്പടം പുതയ്ക്കുന്നു .
കുളിരിന്റെ കാവ്യം പോലെ
നിന്‍റെ മിഴികള്‍ പിടയ്ക്കുന്നു
വേദനകളുടെ അടിക്കാടുകള്‍
തീപിടിച്ചുലയുന്നതറിയുമ്പോഴും
നമുക്ക് ചിരിക്കാന്‍ കഴിയണം.

മുഖങ്ങള്‍ മറയ്ക്കുമ്പോള്‍
തുറന്നിടുക നിന്‍റെ മാറിടം
നഖക്ഷതങ്ങള്‍ കരിനീലിച്ച
സ്ത്രൈണ കാവ്യം .
നിന്‍റെ സ്തന്യവേഗങ്ങളെ
ഞാനൊന്നു മുകരട്ടെ .

നാളെയുടെ കാവ്യസരസ്സില്‍
നമ്മുടെ പ്രണയവും
പൂവിടട്ടെ
കൊഴിയാന്‍ മടിച്ചു
പറയാന്‍ മടിച്ചു
പെയ്യാന്‍ മടിച്ചു
നമ്മള്‍ ഒന്നാകാന്‍ കൊതിച്ചു
പുഴപോലെയനസ്യൂതമൊഴുകട്ടെ.
-------------ബി ജി എന്‍ -----

2 comments: