Tuesday, March 4, 2014

കരിയിലകള്‍ പോലെ

സന്ധ്യ എരിഞ്ഞടങ്ങുകയായി .
പകലിന്റെ യാത്ര ,വിരഹം അടിച്ചേല്‍പ്പിച്ച ആകാശ വിതാനത്തിന്റെ ശോണിമയില്‍ ദുഖത്തിന്റെ കാളിമ പടര്‍ന്നു തുടങ്ങി .
നീറുന്ന കുഞ്ഞുതുള്ളികളായി രാവിന്റെ ദുഃഖം പെയ്തിറങ്ങിയത് മണ്ണിന്റെ മാറില്‍ വീണു ചാലിട്ടൊഴുകിതുടങ്ങി . പിന്നെ, അതൊരു ചെറിയ അരുവിപോലെ ഭൂമിയുടെ അന്തരാളങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ ഒരിടം തേടി യാത്ര തുടങ്ങി .
നിഗൂഡമായ ഒരാനന്ദത്തോടെ തന്റെ വക്ഷസ്സില്‍ പറ്റിച്ചേര്‍ന്നു ഒഴുകുന്ന കുഞ്ഞരുവിയെ നോക്കി പ്രകൃതി മന്ദഹസിച്ചു .
അവളുടെ നഗ്നമായ മേനിയെ പുളകിതയാക്കിക്കൊണ്ട്  നിര്‍വൃതി തേടി , അജ്ഞാതമായ തീരത്തിലേക്ക് അപ്പോഴും കുഞ്ഞരുവി ഒഴുകിക്കൊണ്ടേയിരുന്നു . പുറകില്‍ ചാലിട്ടൊഴുകി വന്ന അരുവിയിലെ ജലകണികകളെ മെല്ലെ തന്റെ ആത്മാവിലെക്കാവഹിക്കുന്ന മണ്ണിന്റെ വികൃതികള്‍ അറിയാതെ , ശുക്ഷ്കമായ ഒരു പാത തീര്‍ത്തുകൊണ്ട് പാഞ്ഞൊഴുകുന്ന കുഞ്ഞരുവിയെ മെല്ലെ തഴുകി തന്നിലെക്കലിയിച്ച ഭൂമി ഒടുവിലത്തെ ശ്വാസവും നഷ്ടപ്പെട്ടു തന്റെ ആലിംഗനത്തിലമര്‍ന്നു ഞെരിഞ്ഞുടഞ്ഞ അരുവിയെ ഒട്ടൊരു സംതൃപ്തിയോടെ നോക്കികാണവേ ആ മിഴികളില്‍ എന്തിനോ വേണ്ടിയുള്ള ഒടുങ്ങാത്ത ദാഹം അലതല്ലുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.
പിന്നെയും പ്രഭാതം വന്നു .
ആദ്യത്തെ കിരണങ്ങളില്‍ തന്നെ പൂത്തു വിടര്‍ന്ന പ്രകൃതിയില്‍ തലേരാത്രിയുടെ ഊഷരതയും , നെടുവീര്‍പ്പും വീണലിഞ്ഞ രാത്രിയുടെ ശോകം പൊടുന്നനെ മാഞ്ഞു പോകുന്നതും അവിടെ നവയൗവ്വനത്തിന്‍റെ താരും തളിരും ഇതള്‍ വിടര്‍ത്തി പാടുന്നതും,ആടുന്നതും ഒട്ടൊരു കൗതുകത്തോടെ ഞാന്‍ കണ്ടുനിന്നു.
പൂനിലാവിന്റെ പ്രഭയില്‍ സ്വര്‍ണ്ണ ചാമരം വീശി നിന്ന കാറ്റിന്റെ നറുമണത്തിന് ഇപ്പോള്‍ ഉഷ്ണിക്കുന്ന മറ്റെന്തൊക്കെയോ ഗന്ധമാണെന്നന തിരിച്ചറിവ് എന്നെ രാവിന്റെ കാമുകനാക്കി തീര്‍ത്തത് തികച്ചും യാദൃശ്ചികം ആകാനെ തരമുള്ളൂ .
എപ്പോഴും ഇരുളിനെ മാത്രം നോക്കി കണ്ടിരുന്ന എന്റെ മനസ്സിലേക്ക് പൗര്‍ണ്ണമിയുടെ തിരി വെളിച്ഛവുമായി കടന്നുവന്ന ഓര്‍മ്മകളുടെ ചില്ല് കഷണങ്ങളിലേക്ക് ആര്‍ത്തിയോടെ ഞാന്‍ പരതി നോക്കി .
എവിടെയെങ്കിലും ഒരു മറവില്‍ അവളുടെ നിശ്വാസമുതിര്‍ന്നു വീണ ഒരു നിമിഷമെങ്കിലും പൊടിമങ്ങി കിടപ്പുണ്ടോ എന്ന ഒരു അന്വേഷണ ത്വര എന്റെ മനസ്സിനെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു .
എന്റെ ആ പരക്കം പായലിനിടയില്‍ കൈവിരല്‍ത്തുമ്പുകളില്‍ നിന്നും ചില്ല് കഷണങ്ങള്‍ തന്ന മുറിവുകളിലൂടെ ചാലിട്ട ചോര സ്ഫടികത്തിന് മറ്റൊരു  നിറം പകരുമ്പോള്‍ , ഹൃദയത്തിന്റെ  അന്തരാളങ്ങളിലെ  നീറ്റലിനുമുന്നില്‍ ഈ മുറിവോ , വേദനയോ ഒന്നുമല്ലെന്ന തിരിച്ചറിവ് എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല.
ആരുടെയെക്കെയോ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും വഹിച്ചു കൊണ്ടുവന്ന കാറ്റിനുമുണ്ടായിരുന്നു ഒരു പിടി നൊമ്പരങ്ങള്‍ . പക്ഷേ ....
ഒക്കെയും ബധിരമായ കര്‍ണ്ണങ്ങളില്‍ വീണു അലതല്ലി തെറിച്ചു പോകുന്ന തന്റെ സ്വന്തം സ്വപ്നങ്ങളുടെ മാത്രമായവശേഷിച്ചു. .........ബി ജി എന്‍ ..........വാപി 17.07.2000

1 comment:

  1. ഭാവാത്മകമായ ചിന്താശകലങ്ങളുടെ അമൃതധാരയായ നീരൊഴുക്കുപോലെ മനോഹരമാണ് ഈ രചന..
    ആശംസകള്‍

    ReplyDelete