Thursday, March 6, 2014

പ്രണയത്തിന്റെ മണിമുഴങ്ങുമ്പോൾപ്രിയതേ ,
നിന്നരികിലൊരു യാചകനായ്
പ്രണയമിരന്ന പകലുകൾ
സന്ധ്യകൾ
രാവുകളെത്രയോ കടന്നു പോയി .

ഇന്ന്
മൃതിയുടെ തണുത്ത വിരലുകൾ
എന്റെ കോശങ്ങളെ തഴുകുമീ
ഇരുണ്ട രാവിൻ യാമത്തിൽ
അവസാന പ്രജ്ഞയുമകലുമീ
ഇരുട്ടിൽ നീയറിയുന്നുവോ
എന്റെ പ്രണയം ഉന്മത്തമാവുന്നു.

അനുഭൂതികളുടെ തൂവൽ സ്പർശത്താൽ
ചേതന എന്നോട് മന്ത്രിക്കുന്നു
ഓർമ്മകളുടെ  ശവകുടീരത്തിൽ
സുഗന്ധം പരത്താതെ പോകും
ലില്ലിപ്പൂവുകളാണു
ഞാൻ കൈമാറിയൊരു കനവുകളെല്ലാമെന്നു.

പൂർണ്ണമാകാതെ പോകും
പരശതം ജീവിതങ്ങളിൽ
എഴുതിച്ചേർക്കുന്നൊരു നാമം മാത്രമായി
കാലത്തിനു ഞാനെന്നെ
കടം കൊടുക്കുന്നിന്നു . 
--------------- ബി ജി എൻ  

No comments:

Post a Comment