Sunday, April 13, 2014

യാത്രികർ നിരാശപൂവ് ചൂടുന്നു


എഴുതി മുഴുമിപ്പിക്കാത്ത തിരക്കഥകളിൽ നിന്നും
പറഞ്ഞു തീരാത്ത പഴംകഥകളിൽ എത്തുമ്പോൾ
കണ്ടു തീരാത്ത മായക്കാഴ്ചകളിൽ മുഖമറിയാതെ
എവിടെയോ  നമ്മൾ സ്വയം നഷ്ടമായിങ്ങനെ .

ചിതൽ തിന്നുതീർക്കുന്ന തത്വശാസ്ത്രങ്ങൾക്കോ
ഇരുല്പക്ഷി കൊന്നൊടുക്കിയ നീതിസാരത്തിനോ
നില്നില്പ്പില്ലാതെ അടർന്നുവീണ പരശതം
പൈന്മരങ്ങൾക്കോ ഒരു മഴ തരുവാനാകില്ലൊരിക്കലും.

നടന്നു തീർക്കേണ്ട വഴികളിലേവം പതിയിരിക്കും
കനൽത്തുണ്ടുകളിൽ പാദമമരവേ  വിറയ്ക്കാതെ
ഹൃദയം പറഞ്ഞുകൊണ്ടേയിരിക്കും വേദനയില്ലാതെ
താണ്ടുവാനില്ലാ ഇനിയുമധികമിടനാഴികൾ നമുക്ക് .

വിരഹത്തിന്റെ തീക്കാറ്റൂതി മടുത്തൊരു മഴപ്പക്ഷി
വേനലിന്റെ മാറിൽ തൂവൽ കൊഴിഞ്ഞുതിരുമ്പോൾ
മാമ്പഴക്കാലം കടന്നു വരുന്ന കുളിർത്തെന്നൽ
നാവിൽ മധുരമിറ്റിച്ചു കടന്നു പോകുന്നുണ്ടാകാം .

ഇനിയാത്ര അരുതെന്ന് മനസ്സ് പതറി പറയും
കുന്നിൻച്ചരുവുകളിൽ സന്ധ്യ കൂട് കൂട്ടും മഴവില്ലുകൾ
നിറമഴിഞ്ഞു വെറുമൊരു ചികുരഭാരമായി വഴി മറച്ചു
ഇരുള് കാട്ടുന്നതറിയുന്നതെങ്ങനെയീ അന്ധജന്മം ...!
-----------------------ബി ജി എൻ വർക്കല -------------------

No comments:

Post a Comment