Wednesday, April 23, 2014

ഒരു സ്വപ്നം

ഏതോ വിദൂരമായ ഒരോര്‍മ്മ പോലെ എന്റെ മനസ്സിന്റെ ഉള്ളറകളില്‍ തെളിയുന്ന അവ്യക്തമായ രേഖാ ചിത്രങ്ങളില്‍ ഒന്നൊഴിയാതെ ഞാന്‍ അവളുടെ മുഖംതിരഞ്ഞുകൊണ്ടേയിരുന്നു .
മങ്ങിയ നിറം പടര്‍ന്ന ഓരോ മുഖങ്ങളും എനേന്‍ എവിടെയൊക്കെയോ കൊണ്ട് പോകുന്നത് പോലെ അനുഭവപ്പെട്ടു .
ശരത്കാല രാത്രികളില്‍ ഉറക്കം വരാത്ത ചിന്തകളുമായ് പടവെട്ടാന്‍ വിധിക്കപ്പെട്ട ദിനങ്ങള്‍ !
ഒരു നിയോഗം പോലെ എന്നും കാത്തിരുന്ന ഒരു മുഖം .
ഓര്‍മ്മയില്‍ നീറിപ്പടരുന്ന വേദനകള്‍ക്കിടയിലും ആശ്വാസംതേടാന്‍ ഞാന്‍ കരുതിയിരുന്ന ഒരു മുഖം .
അതും അകലെയെങ്ങോ ചരുവില്‍ നിന്നും കടന്നുവന്ന മാരുതന്‍ കവര്‍ന്നു കൊണ്ട് പോയപ്പോള്‍ അറിയാതെയെങ്കിലും മനസ്സു പിടഞ്ഞു പോയി.
മരണത്തിന്റെ കാലൊച്ച കാതോര്‍ത്ത് കിടന്നു ഒടുവില്‍ സ്വയം അതിനെ പുല്‍കാന്‍ കൊതിച്ച അനവധി രാവുകള്‍!
നിരാശയുടെ മേച്ചില്‍ പുറങ്ങളില്‍ എന്നോ തുടങ്ങിയ ഏകാന്ത യാത്രകള്‍ . ഒന്നും മനപൂര്‍വ്വമായിരുന്നില്ലല്ലോ . എന്നതാണു എന്നെ അലട്ടുന്ന പ്രശ്നം .
വൃഥാ പാഴായിപോകുന്ന ഒരു ജന്മമാണെന്ന ഓര്‍മ്മകല്‍ക്കിടയിലും മനസ്സ് വെറുതെ സ്വപ്‌നങ്ങളെ താലോലിച്ചിരുന്നു .
ഇന്നും അനിശ്ചിതമായി കടന്നു പോകുന്ന രാപകലുകളുടെ അര്‍ത്ഥാന്തരന്യാസം എന്റെ ചിതയുടെ നീറുന്ന കനലുകളായി എന്നെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു .
നിലാവ് പെയ്യുന്ന പൗര്‍ണ്ണമിരാത്രികള്‍ സ്വപ്നം കാണാനെന്തു രസമാണ് . ഒരുപക്ഷെ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ള മറ്റൊരു വസ്തു ഇല്ല തന്നെ.
കണ്ണ് ചിമ്മിക്കളിക്കുന്ന നക്ഷത്രക്കുഞ്ഞുങ്ങള്‍ എന്റെ മനസ്സിനെ തണുപ്പിക്കാന്‍ വെറുതെ ശ്രമിക്കുന്നതാകുമോ ?
ഉള്ളു കത്തുന്ന നൊമ്പരങ്ങള്‍ക്കിടയിലും ഒരു പുഞ്ചിരി പൊഴിക്കുന്ന മനസ്സ് എന്നിലുണ്ടെന്നു എന്നെ അറിയിക്കുന്ന പൗര്‍ണ്ണമിയോടു ഞാനേറ്റവും കടപ്പെട്ടിരിക്കുന്നു .
വരകളിലും വര്‍ണ്ണങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു രൂപം മാത്രമാണിന്ന് അവളെന്റെ മനസ്സില്‍ .
ഒരുപാട് ചിത്രങ്ങള്‍ വരച്ചും മായ്ച്ചും ഞാനൊടുവിലെത്തിയതിവിടാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കല്ഫുതം തോന്നുന്നു .
എന്റെ മനസ്സിനെ തണുപ്പിക്കുന്ന ഒരു മഞ്ഞു കണമായി എന്നെ തഴുകുന്ന ഒരു സ്വപ്നമായി അവള്‍ ....
അവള്‍ വരികയായി !
നിതംബം മറയുന്ന കാര്‍കൂന്തലില്‍ അവളുടെ അഴക്‌ എത്ര മനോഹരമാണ് .
നേര്‍ത്ത പുരികങ്ങളും , ഭംഗിയുള്ള കണ്ണുകളും , കുഞ്ഞു മുഖത്തിനിണങ്ങുന്ന ശാലീനഭാവം തരുന്നപോലെ .
നീണ്ടു കൂര്‍ത്ത ആ മൂക്കിന്‍ തുമ്പില്‍ ഒരു സ്വേദബിന്ദുവിന്‍ തിളക്കം .!
വിടര്‍ന്ന ചുണ്ടില്‍ വിരിയുന്ന മന്ദഹാസത്തിന്റെ ഒളികള്‍ , ആ കവിള്‍ത്തടങ്ങളെ ചുവപ്പിക്കുന്നത് പോലെ .
ഒതുക്കവും മനോഹരവുമായ മാറിടം , എന്റെ നേരെ കൗതുകത്തോടെ നോക്കി നില്‍ക്കുന്നത് പോലെ .
ആ കൈവണ്ണയിലെ സ്നിഗ്ദത , ആ വിരല്‍ത്തുമ്പിലെ സൗമ്യത അതെന്റെ ഹൃദയത്തെ തരളിതമാക്കുന്നു .
ഒത്ത ഭംഗിയുള്ള അണിവയറും , പുക്കിള്‍ചുഴിയും , പൗര്‍ണ്ണമിയുടെ വെളിച്ചത്തില്‍ തിളങ്ങുന്നു .
നിതംബത്തിന്റെ ശാന്തചലനത്തിലൂടെ അവളുടെ അടക്കവും ഒതുക്കവും വിളിച്ചറിയിക്കുന്നു .
കാല്‍പാദങ്ങളെ ഉമ്മ വച്ചുറങ്ങുന്ന പാദസരം ഒന്നിളകി ചിരിച്ചത് പോലെ .
അവളുടെ വേഷത്തിലെ കുലീനത എന്നെ അമ്പരപ്പിക്കുന്നതായിരുന്നു .
ഒരു ചുവന്ന പൊട്ടണിഞ്ഞു , മഞ്ഞിന്‍ വെളുപ്പ്‌ നിറഞ്ഞ  മുത്തുമാലയണിഞ്ഞു കാതില്‍ ഊയലാടുന്ന കമ്മലുമായി അവള്‍ വരുന്നു .
ചന്ദന കസവ്  സാരിയും ബ്ലൌസും അവളെ മറ്റേതോ ലോകത്തിലെ രാജകുമാരി , അല്ല അപ്സരസ്സായി തോന്നിപ്പിക്കുന്നു . വാരിപ്പുണരാന്‍ കൊതിക്കുമ്പോള്‍ ഊര്‍ന്നു പോകുന്ന മോഹങ്ങള്‍ പോലെ ഞാനടുത്തെത്തുമ്പോഴേക്കും അവള്‍ അപ്രത്യക്ഷയായിക്കഴിഞ്ഞിരുന്നു .
പിന്നെയും നീളുന്ന കാത്തിരിപ്പ് .
അതെ , ഇന്നും തുടരുന്ന കാത്തിരിപ്പിനൊടുവില്‍ എന്താകും ?
സ്വപ്നങ്ങളുടെ ഊര്‍വ്വരതയില്‍ വെറും ജലബിന്ദുക്കളായി മാറുമോ ഇതും . മനസ്സില്‍ കൊണ്ട് നടക്കാന്‍ മാത്രം വിധിക്കപ്പെടുന്ന അസംഖ്യം സ്വപ്നങ്ങളുടെ , മോഹങ്ങളുടെ കൂമ്പാരത്തിനിടയിലേക്ക് അറിയാതെയാണെങ്കിലും വലിച്ചെറിയേണ്ടി വരുന്ന ഒരു അവസ്ഥ .
അത് തന്നെയാണ് എന്റെ വിധിയും!
ഒരിക്കലും മോഹിക്കാന്‍ കഴിയാത്ത ഒരു ആത്മാവാണ് ഞാന്‍ .
ആ ഓര്‍മ്മയാണെന്നെ എന്നും പിന്നോട്ടും മുന്നോട്ടും പോകുവാനാകാതെ ഈ അനിശ്ചിതത്തില്‍ വലിച്ചെറിഞ്ഞിരിക്കുന്നത് .
കണ്ണുനീര്‍ തുള്ളികളുടെ വിലാപയാത്രകളില്ലാത്ത ഒരു ജന്മം !
കരയാനൊത്തിരി കാര്യങ്ങളുണ്ട് . എന്നാല്‍ കരയാനാകാത്ത മനസ്സ് .
ഒരു ബിന്ദുവില്‍ മാത്രം മനസ്സൂന്നി പ്രവര്‍ത്തിക്കാനാകാതെ ഞാനുഴറുകയാണ് .
അനാഥത്വത്തിന്റെ അസ്ഥിവാരം തോണ്ടുന്ന ചിന്തകള്‍ക്ക് നടുവില്‍ , ആര്‍ക്കോ വേണ്ടി നൊമ്പരപ്പെടുന്ന ഒരു മനസ്സ് ഞാനെന്നില്‍ കാണുന്നു . കറുത്ത നിറം മനസ്സിലാകെ നിറയുമ്പോള്‍ , ഒരു വെളിച്ചം തേടി അലയുന്ന വ്യാകുലത .
ആശ്വാസമേകാന്‍ ഒരു തണുത്ത കാറ്റുമായി , സുഗന്ധം വമിക്കുന്ന ഒരു ചെറു കാറ്റുമായി എന്നാകും വസന്തം കടന്നു വരിക ?
വിളിക്കാതെ വരുന്ന അതിഥിയെപ്പോലെ , ആ വരവും കാത്ത് ഞാനിരിക്കാം . പക്ഷെ എന്റെ കാത്തിരിപ്പ് എന്നത്തെയും പോലെ വ്യര്‍ത്ഥമായാലോ ?

No comments:

Post a Comment