Monday, April 14, 2014

റോംഗ് നമ്പര്‍

ഔദ്യോഗിക ആവശ്യത്തിനായാണ് സേതു ആ നമ്പര്‍ തിരക്കിയത് . ഒടുവില്‍ ഓഫീസ് പാഡില്‍ പഴയ താളുകളിലൊന്നില്‍ മാഞ്ഞു തുടങ്ങിയ ആ നമ്പര്‍ അയാള്‍ കണ്ടെത്തി . അന്ന് ,അത്യാവശ്യമില്ലാതിരുന്നതിനാല്‍ പെന്‍സില്‍ കൊണ്ട് കോറി ഇട്ടതാണ്  വെറുതെ . മറവികളുടെ മാറാലയില്‍ അത് അങ്ങനെ പൊടിപിടിച്ചു കിടന്നിരിക്കാം .
ഒരു വലിയ കോള് ഒത്തു വന്നിരിക്കുന്നു . അതുറപ്പിക്കണം എങ്കില്‍ ഈ നമ്പര്‍ സഹായിക്കണം .
കമ്പനിയുടെ പേരു മാത്രം ഓര്‍മ്മ ഉണ്ട് ഏതോ മാര്‍വാഡിയാകണം അപ്പുറത്ത് .
നമ്പര്‍ മൊബൈലില്‍ കുത്തി കാതോടു ചേര്‍ത്തു . ഭാഗ്യം കോള്‍ പോകുന്നുണ്ട് . സമാധാനമായി .
റിംഗ് നിലച്ചു അപ്പുറത്ത് ഒരു സ്ത്രീ സ്വരം കാതിലേക്കൊഴുകി വന്നു .
"ഹലോ "
സെക്രട്ടറി ആകുമോ അതോ ടെലിഫോണ്‍ ഓപ്പറേറ്ററോ ..!
" ഹലോ " സേതു തിരികെ ശബ്ദിച്ചു .
'യേ റയിന്‍ബോ ഹേനാ ?" അയാള്‍ ചോദിച്ചു .
പക്ഷെ ഒരു നിമിഷത്തിനു ശേഷം മറുവശത്ത്‌ നിന്നും വന്ന ശബ്ദം സേതുവിനെ നിരാശനാക്കി .
"നഹി യേ റയിന്‍ ബോ നഹി ഹേ  . റോംഗ് നമ്പര്‍ "
നിരാശയോടെ സേതു കസേരയിലെക്കിരുന്നു .
ഭാഷയിലെ ഉച്ഛാരണം ശ്രദ്ധിച്ച സേതു കൗതുകത്തോടെ തിരക്കി "മലയാളി ആണോ ?"
"അതെ , ആരാ വിളിക്കുന്നെ ?" മറുപുറത്തു നിന്നും ആശ്ചര്യത്തോടെ മറുപടി വന്നു .
"അല്ല സംസാരം കേട്ടപ്പോള്‍ തോന്നി . മറുനാട്ടിലെ മലയാളിയുടെ ഹിന്ദി കേട്ടാല്‍ ഉടനെ മനസ്സിലാകുമല്ലോ " സേതു ഒരു ചിരിയോടെ പറഞ്ഞു .
മറു വശത്തുനിന്നും ഒരു ചിരി പൊഴിഞ്ഞു വീണു . ഇപ്പൊ സ്വാഭാവികമായി ആ പെണ്‍കുട്ടി അതോ സ്ത്രീയോ നഖം കടിക്കുന്നുണ്ടാകാം അയാള്‍ വെറുതെ മനസ്സില്‍ ഓര്‍ത്ത്‌  ഒരു പുഞ്ചിരിയോടെ .
"ആരാണ് ?  എവിടെ നിന്നാണ് ? " മഴ കാത്തിരുന്ന വേഴാമ്പല്‍ മഴ കണ്ടത് പോലെ ചോദ്യങ്ങള്‍ ശരവേഗത്തില്‍ വന്നു .
പെട്ടെന്ന് തോന്നിയ ഒരു കുസൃതിയില്‍ സേതു പേര് മാറ്റി കിഷോര്‍ എന്ന് പറഞ്ഞു .
"ഇടയ്ക്കിടെ ഞാന്‍ ഈ നമ്പരില്‍ വിളിക്കുന്നതില്‍ വിരോധമുണ്ടോ " സേതുവിലെ കിഷോര്‍ ആകാംഷയോടെ തിരക്കി .
"എന്തിനാ വിളിക്കുന്നെ ? " മറുപടി സ്വരം വളരെ താഴ്ന്നിരുന്നു .
"വെറുതെ ഒരു സന്തോഷം " കിഷോര്‍ എന്ന സേതു ഊറിച്ചിരിച്ചു .
"വിളിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല . പക്ഷെ സംസാരം അതിര് കടന്നാല്‍ പിന്നെ ഞാന്‍ ഫോണ്‍ എടുക്കില്ല "
മറുപടി കേട്ടപ്പോള്‍ സമാധാനമായി .
"ഹേയ് അങ്ങനെ ഒന്നുമില്ല . എന്റെ സൗഹൃദം അതിര് കടന്നു എന്ന് തോന്നുന്ന നിമിഷം തുറന്നു പറഞ്ഞോളൂ . പിന്നെ ഞാന്‍ വിളിക്കില്ല "
" അങ്ങനെ ആണേല്‍ വിളിച്ചോളൂ . അയ്യോ ഇപ്പൊ ഞാന്‍ പോകട്ടെ ഒരുപാട് പണി കിടക്കുന്നു . പിന്നെ വിളിക്കുക ." അവള്‍ കട്ട് ചെയ്തു പോയി .
കുറച്ചു നേരം ആ ശബ്ദത്തിന്റെ ലഹരിയില്‍ സേതു അവിടെ തന്നെ ഇരുന്നു . പിന്നെ തന്റെ ജോലികളിലേക്ക് വീണു .
ദിവസങ്ങള്‍ ഓടിയകന്നു .
സേതു വീണയെ എന്നും വിളിക്കും സംസാരിക്കും . വീണ ഒരു തനി നാട്ടിന്‍പുറത്ത് കാരി വീട്ടമ്മ .
ഭര്‍ത്താവും ഒരു മകളും ആയി ഇവിടെ ഡല്‍ഹിയില്‍ താമസം . നാട്ടില്‍ പറയത്തക്ക ബന്ധുക്കള്‍ ഒന്നുമില്ല . ഇവിടത്തെ കാലാവസ്ഥയും ആയി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത ആ പാവം ഭര്‍ത്താവിന്റെയും കുട്ടിയുടെയും ലോകത്ത് തന്നെ തളച്ചിട്ടു ജീവിതം ജീവിച്ചു തീര്‍ക്കുന്നു എന്ന് മനസ്സിലാക്കി സേതു .
വിവാഹം , കുട്ടികള്‍ ഇവയൊക്കെ ഒരു ശല്യം എന്ന് കരുതിയിരുന്ന സേതുവിന് ഈ കൂട്ട് കെട്ടില്‍ നിന്നും ഒന്ന് കൂടി മനസ്സിലായി . നമ്മള്‍ വില പറഞ്ഞു വാങ്ങി കൊണ്ട് വരുന്ന മൃഗം ആണ് ഭാര്യ എന്നൊരു അധമ ചിന്തയില്‍ അവരെ നാം നമ്മുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങല്കും വേണ്ടി ഉപയോഗിക്കുന്നു എന്നതിനപ്പുറം അവരിലേക്കൊരു ദയയുടെ കണിക പോലും നല്‍കുന്നില്ല . അവര്‍ക്കെന്താണ്‌ വേണ്ടത് , അവരുടെ ആഗ്രഹങ്ങള്‍ എന്താണ് എന്നതൊന്നും നാം ഓര്‍ക്കുന്നില്ല . അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്നതും , അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിലും , രാത്രിയില്‍ കിടക്കയില്‍ ചവിട്ടി അരയ്ക്കപ്പെടുന്നതിനും വേണ്ടി മാത്രം സ്നേഹിക്കുന്ന ഒരു ജീവി ആയി ഭാര്യയെ കാണുമ്പോഴും , ഇതെല്ലം സഹിച്ചു , അയാളെ മാത്രം സ്നേഹിച്ചും വിശ്വസിച്ചും അനുസരിച്ചും കഴിയുന്ന നാടന്‍ പെണ്ണിന്റെ ജീവിതം വളരെ പഠനാര്‍ഹാമായി തോന്നി സേതുവിന് .
ഒരിക്കല്‍ പോലും അവര്‍ തമ്മില്‍ ഉള്ള സംസാരത്തില്‍ അശ്ലീലം കടന്നു വരാതിരിക്കാന്‍ രണ്ടു പേരും നന്നായി ശ്രമിച്ചു പോന്നു . ദൃഡമായ ഒരു സൗഹാര്‍ദ്ദം അവര്‍ക്കിടയിലേക്ക് ഉയര്‍ന്നു വന്നു .
അത്യാവശ്യ ഘട്ടങ്ങളില്‍ അവള്‍ക്കു സഹായകമായി സാമ്പത്തിക സഹായം പോലും സേതു ചെയ്തു കൊടുത്തു .
ഒരിക്കല്‍ പോലും തിരികെ വാങ്ങാതെ ഒരു സഹോദരനോ ,അതിനപ്പുറമോ ആയ ഒരു നിലയില്‍ അയാള്‍ അവളെ കണ്ടു പോന്നു .
ജീവിതത്തിന്റെ പ്രാപ്പിടിയന്‍  ലോകത്ത്  കളങ്കം ഇല്ലാത്ത രണ്ടു ആത്മാക്കള്‍ ആയി അവര്‍ . സേതുവിലെ കിഷോറിനെ അപ്പാടെ അവള്‍ മുറിച്ചെറിഞ്ഞു എന്നതാണ് ശരി .
ഇന്ന്  ബന്ധങ്ങളുടെ വില സേതുവിനറിയാം .
സേതു വിവാഹിതനാകാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു . വീണയാണ് അയാള്‍ക്ക്‌ വേണ്ടി പെണ്ണു തേടുന്നത് . ഒരുപക്ഷെ ഈ ബന്ധം നാളെ കൂടുതല്‍ ശക്തമാകാം . അല്ലെങ്കില്‍ വരുന്ന പെണ്ണിന്റെ കാഴ്ചപ്പാടനുസരിച്ച് അവ തകരുകയും ആകാം . ഭാവിക്ക് വിട്ടു കൊടുക്കട്ടെ ഞാന്‍ അവരെ .
ആശുഭകാഴ്ചകള്‍ കാണാന്‍ മനസ്സ് പാകമല്ല .
...................................ശുഭം .

2 comments:

  1. നന്മയുള്ള മനുഷ്യര്‍!

    ReplyDelete
    Replies
    1. അജിയെട്ടാ നന്ദി

      Delete