വിരിമാറിൽ തട്ടി
തറക്കും വെടിയുണ്ടകൾക്കും
ഉമ്മറകോലായിൽ
വിശ്രമിക്കും ശിരസ്സുകൾക്കും
പറയാൻ കഥകൾ ഒരുപാടുണ്ടായിരുന്നു .
ഉപ്പു സത്യാഗ്രഹങ്ങൾക്കും
തൂക്കു മരങ്ങൾക്കും
വിധവകളുടെ കണ്ണീരിനും
ഓർമ്മകളിൽ
മൂവർണ്ണത്തിന്റെ തുടിപ്പുണ്ടായിരുന്നു .
കാലം വല്ലാതെ പാഞ്ഞു പോയി .
പുഞ്ചപ്പാടങ്ങളിൽ
ജനിതകവിത്തുകൾ ഒരുപാട് മുളച്ചു പൊന്തി .
വിത്തും കൈക്കോട്ടും
കൊയ്ത്തു യന്ത്രങ്ങളും ചേർന്ന്
ഊർവ്വരതയുടെ ഗാനം പാടി മദിച്ചു .
ജീർണ്ണിച്ച ശവങ്ങൾ പോലെ
ചീർത്തുവീർത്ത മുതലാളിത്തവും
ബക്കറ്റുവിപ്ലവത്തിന്റെ
ശുഷ്ക്കിച്ച തത്വസംഹിതയും
കൌമാരത്തിന്റെ കല്ലുപ്പുകൾ
നാവിലിട്ട് മുഖം ച്ചുളിക്കുന്ന
നൂറ്റാണ്ടിന്റെ പുളിപ്പ് .
പനി തിന്നു ചീർക്കുന്ന മണ്ണും
രതിയുടെ മുഴുക്കാപ്പ് കഥകളും ആയി
മഴയിൽ കുതിരുന്ന
കഴുതകളുടെ നാട്ടിൽ
പട്ടിണിയുടെ രോദനം അല്ല
കിടപ്പറകളുടെ ശീല്ക്കാരം മാത്രം .
അടിവസ്ത്രം ഉമ്മറത്ത് തൂക്കി
അകത്തളത്തിൽ തിരക്കഥ എഴുതുന്ന
അഭിനവചാണക്യന്മാർ
അടിയറവു പറയിക്കുന്ന
കഴിവുകേടിന്റെ പരിഷകൾ .
എല്ലാം കണ്ടുകൊണ്ടു
പ്രതികരണത്തിന്റെ താറഴിക്കാൻ
പ്രിയതമയെ തേടുന്ന
ഞാനെന്ന പൊതുജനം .!
---------ബി ജി എൻ വർക്കല ------