Monday, December 23, 2024

കമ്പരരുടെ രാമായണ കഥ......................... സി. കുഞ്ഞിരാമമേനോന്‍

 


കമ്പരരുടെ രാമായണകഥ(ഗദ്യം )

സി. കുഞ്ഞിരാമമേനോന്‍

ദ മംഗളോദയം കമ്പനി 

വില : 2 രൂപ (1921)


രാമായണം ലോകമാകമാനം പ്രസിദ്ധമായ ഒരു കാവ്യമാണ് . ദേശങ്ങള്‍ക്കനുസരിച്ച് അതില്‍ പല മാറ്റങ്ങളോ കൈ കടത്തലുകളോ ഉണ്ടായിട്ടുണ്ടെങ്കിലും മൂലകാവ്യമായ രാമായണം ഇന്ത്യയിലെ വൈഷ്ണവരുടെ ഭക്തിയുടെയും, ക്രമേണ മുഴുവന്‍ ഇന്ത്യയിലും ഉള്ള ബഹുദൈവ വിശ്വാസികളുടെ ഭക്തിയുടെ പര്യായവും ആയി മാറുകയാണുണ്ടായത്. ചോള രാജാക്കന്മാരുടെ കാലത്ത് ജീവിച്ച കവി പ്രമുഖനായ തമിഴ് കവി കമ്പര്‍ എഴുതിയ രാമായണത്തിന്റെ പദ്യരൂപത്തെ മലയാളത്തില്‍ ഗദ്യത്തിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ് എഴുത്തുകാരന്‍ ഇവിടെ. വാത്മീകി രാമായണത്തിന്റെ പല സംഗതികളിലും കമ്പരരുടെരാമായണം വ്യത്യസ്തപ്പെട്ടു കാണാന്‍ കഴിയുന്നു എന്നത് ഒരു വേറിട്ട വായനയായി കാണാന്‍ കഴിയും. തമിഴ് ശൈലിയുടെ രസികത്വവും ഒപ്പം രാമായണ വായനയുടെ വേറിട്ട കാഴ്ചകളും ഒരു കൃതിയെ പല കാലങ്ങളില്‍ പലര്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെ ഏറ്റക്കുറച്ചിലുകളെ മനസ്സിലാക്കാന്‍ സഹായിക്കും. ലോകമെങ്ങുമുള്ള എല്ലാ പഴയ സാഹിത്യത്തിനും സംഭവിച്ചിട്ടുള്ള ആ മാറ്റം പലപ്പോഴും ഭക്തിയുടെയും വിശ്വാസത്തിന്‍റെയും മാപിനികളില്‍ സമരസപ്പെടാതെ വരുന്നത് സ്വാഭാവികമാണ്. 


രാമായണ കഥ എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. അതിനെ അടിസ്ഥാനമാക്കി നിരവധി സാഹിത്യങ്ങള്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും സംഭവിച്ചിട്ടുമുണ്ട് . അമ്മയുടെ മുലകുടിച്ചുകിടക്കുന്ന രാവണന്‍ , ആകാശത്തുകൂടി പറന്നുപോകുന്ന വൈശ്രവണനെ നോക്കി നെടുവീര്‍പ്പിടുന്ന അമ്മയോട് കാര്യം തിരക്കുകയും അമ്മ, തനിക്ക് നഷ്ടമായ രാജ്യവും പദവികളും മകനോടു പറയുന്നതും തുടര്‍ന്നു രാവണന്‍ ഞാനത് വീണ്ടെടുക്കും ലങ്കാപുരി എന്നു പറഞ്ഞു കുംഭകര്‍ണ്ണന്‍, വിഭീഷണന്‍ എന്നിവരുമായി ചേര്‍ന്ന് പതിനായിരം സംവത്സരങ്ങള്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ കൊല്ലാന്‍ കഴിയരുതെന്ന വരം വാങ്ങി ലോകം കീഴടക്കാന്‍ പുറപ്പെടുന്നു. വൈശ്രവണന്‍ യുദ്ധം കൂടാതെതന്നെ ലങ്ക നല്കി അവിടെ നിന്നും പൊയ്ക്കൊടുക്കുന്നു. ദേവന്മാരെയും മുനിമാരെയും ഓടി നടന്നു ഉപദ്രവിക്കുകയും കപ്പം വാങ്ങുകയും അവരുടെ സ്ത്രീകളെ അവര്‍ക്ക് മുന്നില്‍ വച്ച് പോലും മാനഭംഗം ചെയ്യുകയും ചെയ്യുന്ന ഒരു പ്രതിനായകനായി രാവണന്‍ മാറുന്നു . ഇതിനിടെ അയോദ്ധ്യയില്‍ ദശരഥന്യാ,ഗം ചെയ്തു കിട്ടിയ പ്രസാദം മൂലം നാലു കുട്ടികള്‍ ഉണ്ടാകുന്നു. ഇവരില്‍ രാമനെയും ലക്ഷ്മണനെയും (ഇവര്‍ ഭൂമിയിലെ അസുരന്‍മാരുടെ ശല്യം പ്രത്യേകിച്ചും രാവണന്‍ എന്ന പ്രതിനായകന്റെ അന്ത്യം കുറിക്കാന്‍ വേണ്ടി മഹാവിഷ്ണുവിന്റെയും അനന്തന്‍ എന്ന നാഗത്തിന്റെയും അവതാരങ്ങള്‍ ആണ് ) വിശ്വാമിത്ര മഹര്‍ഷി കൂടെ കൂട്ടുകയും താടക എന്ന രാക്ഷസ സ്ത്രീയെ വകവരുത്താന്‍ പ്രേരിപ്പിച്ചു താടകാവധവും കഴിഞ്ഞു മുനിമാരെ ശല്യം ചെയ്യുന്ന അസുരന്മാരെയൊക്കെ കൊല്ലിച്ച ശേഷം ജനക രാജാവിന്റെ കൊട്ടാരത്തില്‍ ചെല്ലുകയും അവിടെയുള്ള വിശിഷ്ട ചാപം കുലപ്പിച്ച് സീതയെ രാമന് വിവാഹം ചെയ്തു കൊടുക്കാന്‍ ഉള്ള വഴി ഒരുക്കുകയും ചെയ്യുന്നു. 


ദശരഥന്‍, അക്കാലത്തെ രീതിയനുസരിച്ച് രാജഭരണം മൂത്ത മകന് അതായത് രാമന് നല്കാന്‍ ആലോചിക്കുകയും പക്ഷേ മൂന്നു ഭാര്യമാരില്‍ ഒരുവളായ കൈകേയിയും അവളുടെ ദാസിയും ചേര്‍ന്ന് നടത്തിയ കുതന്ത്രം മൂലം രാമന്‍ പതിനാല് കൊല്ലം വനവാസം അനുഭവിക്കേണ്ടതുണ്ട് എന്നും ഭരതന്‍ രാജ്യം ഭരിക്കട്ടെയെന്നും തീരുമാനമാകുന്നു . വനവാസത്തിന് പോകാന്‍ ഒരുങ്ങുന്ന രാമന് കൂട്ടായി പ്രിയപ്പെട്ട അനുജന്‍ ലക്ഷ്മണനും , ഭാര്യയുടെ ധര്മ്മം കടുകിടെ തെറ്റിക്കാത്ത സീതയും തയ്യാറാകുന്നു. തുടര്‍ന്നു അവര്‍ മൂവരും കാട്ടിലേക്ക് പോകുകയും രാജകീയമായ എല്ലാ സുഖങ്ങളും ത്യജിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ചു മരവുരി ധരിച്ചു അലയുകയും ചെയ്യുന്നു. ഈ യാത്രയില്‍ ,പൂര്‍വ്വജന്‍മ പാപികളും ശാപം ലഭിച്ചവരുമായ പലരെയും ശാപമോക്ഷം കൊടുക്കാനുള്ള കടമയും രാമനുണ്ടായിരുന്നു. അഹല്യ,ശബരി, ജഡായു തുടങ്ങി പലരും ആ ഭാഗ്യത്തിനായി കാത്തിരിക്കുന്ന വനഭൂമിയിലൂടെ രാമനും സീതയും ലക്ഷ്മണനും യാത്ര തുടര്‍ന്നു . ഈ യാത്രയ്ക്കിടെ സംഭവബഹുലങ്ങളായ പലതും സംഭവിക്കുകയുണ്ടായി . താമസത്തിനായി ഒരു പര്‍ണ്ണശാല നിര്‍മ്മിക്കാനായി ലക്ഷ്മണന്‍ ഒരു മരം വാളുകൊണ്ടു മുറിച്ചപ്പോള്‍ ആ മരത്തോട് ചേര്‍ന്ന് ഒരു മനുഷ്യനും രണ്ടു തുണ്ടായി വീഴുകയുണ്ടായി. തുടര്‍ന്നു ആ മരം ഉപേക്ഷിച്ചു മറ്റ് മരങ്ങള്‍ മുറിക്കുകയും പണി പൂര്‍ത്തിയാക്കുകയും ചെയ്തു. അവര്‍ അവിടെ താമസം ആരംഭിച്ച് . ഇതേ നേരത്തായിരുന്നു രാവണന്റെ ഒരേ ഒരു സഹോദരിയായ ശൂര്‍പ്പണഖ തന്റെ മകന്‍ ശംഭു കുമാരന്‍ ആ കാട്ടില്‍ ഒരു വൃക്ഷത്തില്‍ ചാരി നിന്നു ശിവനെ തപസ്സു ചെയ്തത്  തീരുന്ന ദിവസമായതിനാല്‍ മകനോടു കാര്യങ്ങള്‍ ചോദിച്ചറിയാനായി അവിടെ എത്തിച്ചേരുന്നത് . വന്നപ്പോള്‍ കണ്ടതാകട്ടെ മകന്‍ രണ്ടു കഷണങ്ങള്‍ ആയി മരിച്ചു കിടക്കുന്നതാണ് . ഇതില്‍ കോപിഷ്ടയായ അവള്‍ ഇതാര് ചെയ്തതെന്ന അന്വേഷണത്തിനൊടുവില്‍ രാമന്റെ പര്‍ണ്ണശാലയില്‍ എത്തുന്നു . ഒരു സുന്ദരിയായ സ്ത്രീയുടെ വേഷം എടുത്തായിരുന്നു ശൂര്‍പ്പണഖ അവിടെ എത്തിയത് . രാമന്റെ സൌന്ദര്യം അവളില്‍ അനുരാഗം ഉണര്‍ത്തുകയും രാമനെ സ്വന്തമാക്കാന്‍ വേണ്ടി അവള്‍ രാമനുമായി സംവാദം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ ഏകപത്നീ വൃതമുള്ള ആളാണെന്ന് പറഞ്ഞു രാമന്‍ ഒഴിയുമ്പോള്‍, സീത ഉള്ളതുകൊണ്ടാണ് രാമന്‍ തന്നെ ഒഴിവാക്കുന്നതെന്ന് ചിന്തിച്ച് സീതയെ ഭക്ഷിക്കാന്‍ വേണ്ടി അടുക്കുകയും ബഹളം കേട്ടു വന്ന ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മുലയും മൂക്കും മുടിയും മുറിച്ച് അപമാനിച്ചു അയക്കുകയും ചെയ്യുന്നു. ക്രൂദ്ധയായി അവള്‍ തന്റെ ബന്ധുവായ ഖരനെ  സമീപിക്കുകയും അവര്‍ യുദ്ധത്തിന് വരികയും ചെയ്തെങ്കിലും അവരെയും സൈന്യത്തെയെയും  രാമനൊറ്റയ്ക്ക്  അമ്പ് എയ്തു കൊന്നുകളയുന്നു. തുടര്‍ന്നു ശൂര്‍പ്പണഖ ലങ്കയില്‍ ചെന്നു രാവണനോട് സീതയുടെ സൌന്ദര്യവും മറ്റും വര്‍ണ്ണിച്ച് അവളെ ജ്യേഷ്ഠന് വിവാഹം ചെയ്യാന്‍ വേണ്ടി കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോള്‍ എന്നെ ഇങ്ങനെ അപമാനിച്ചു വിട്ടു എന്നും പറയുന്നു. രാവണന്‍ ഉടനെ തന്നെ തന്റെ അമ്മാവനായ മാരീചനുമായി കാട്ടില്‍ എത്തുകയും മാരീചന്‍ ഒരു മാനായി വേഷം മാറി സീതയെ മോഹിപ്പിച്ചു കാട്ടുകയും സീതയുടെ അപേക്ഷപ്രകാരം രാമന്‍ അതിനെ പിടിക്കാന്‍ പോകുകയും ചെയ്യുന്നു. രാമന്‍ അകലെ ആയിക്കഴിയുമ്പോള്‍ മാരീചന്‍റെ മായ മൂലം ലക്ഷ്മണനെയും സീതയ്ക്ക് അങ്ങോട്ട് പറഞ്ഞു വിടേണ്ടി വരികയും ഈ സമയത്ത് രാവണന്‍ അവിടെ എത്തി സീതയെ ആദ്യം അനുനയത്തിലും അത് പറ്റാതെ വന്നപ്പോള്‍ നിന്ന ഭൂമിയോടെ പൊക്കിയെടുത്ത് തന്റെ വിമാനത്തില്‍ കയറ്റി കൊണ്ട് പോകുന്നു. സമ്മതപ്രകാരമല്ലാതെ രാവണനേതെങ്കിലും സ്ത്രീയെ തൊട്ടാല്‍ തല പൊട്ടിത്തെറിക്കും എന്നൊരു ശാപം ഉണ്ട് എന്നതിനാലാണത്രെ മണ്ണൊടു കൂടി പൊക്കിയെടുത്തത് . യാത്രാമദ്ധ്യേ ജഡായു എന്ന പക്ഷി രാവണനെ തടുക്കുകയും അവര്‍ തമ്മില്‍ ആകാശത്തു നല്ലൊരു യുദ്ധം ഉണ്ടാവുകയും ചെയ്യുന്നു. യുദ്ധത്തിനിടയില്‍ ജഡായുവിനെ പറ്റിച്ചു യുദ്ധമുറ തെറ്റിച്ചു വെട്ടി വീഴ്ത്തുകയും ഇതിനിടയില്‍ രാവണന്റെ കിരീടവും ആഭരങ്ങളും ആയുധവും ഒക്കെ ജഡായു തട്ടി താഴെ ഇടുകയും ചെയ്യുന്നു. 


സീതയെ തിരഞ്ഞു രാമനും ലക്ഷ്മണനും കാട്ടില്‍ അലയുകയും ജഡായുവിനെ കാണുകയും ജഡായു , ഭാര്യയെ വനത്തില്‍ ഒറ്റക്കാക്കി മാനിനെ പിടിക്കാന്‍ പോയതിന് രാമനെ കുറ്റപ്പെടുത്തുകയും രാവണന്‍ ആണ് കട്ടുകൊണ്ട് പോയതെന്ന് പറഞ്ഞു മരിക്കുകയും ചെയ്തു. തുടര്‍ന്നു അവര്‍ തിരഞ്ഞു നടക്കുന്നതിനിടയ്ക്ക് അയോമുഖി എന്ന രാക്ഷസ സ്ത്രീ ലക്ഷ്മണനെ ശല്യം ചെയ്യാന്‍ വരുകയും അവളുടെ മൂക്കും മുലയും മുടിയും മുറിച്ച് ലക്ഷ്മണന്‍ ഓടിക്കുകയും ചെയ്തു. കിഷ്കിന്ധയിൽ എത്തിയാല്‍ സുഗ്രീവനും വാനര സൈന്യവും സഹായിക്കും സീതയെ തിരയാന്‍ എന്നറിഞ്ഞ രാമലക്ഷ്മണൻമാർ അവിടെ എത്തുമ്പോള്‍ സുഗ്രീവന്‍ തന്റെ ജ്യേഷ്ഠന്‍ ബാലിയെ ഭയന്ന് ഒളിച്ചു ജീവിക്കുന്നതു കാണുകയും സുഗ്രീവന് രാജ്യം തിരികെ പിടിച്ച് കൊടുത്താല്‍ മാത്രമേ സൈന്യ സഹായം ലഭ്യമാകൂ എന്നു കണ്ടു ബാലിയെ ഒളിച്ചിരുന്നു കൊല്ലുകയും ചെയ്യുന്നു. മരിക്കും മുന്നേ ബാലി പക്ഷേ രാമനുമായി സംവാദം നടത്തുമ്പോൾ നല്ല രീതിയില്‍ രാമനെ വിമര്‍ശിക്കുന്നു. രാവണനെ ഒരിക്കല്‍ ശിക്ഷിച്ചിട്ടുള്ളതും, തന്റെ സുഹൃത്തും ആയതിനാല്‍ നീ എന്നോടു പറഞ്ഞാല്‍ പോരായിരുന്നോ എന്നു ചോദിച്ച ബാലി മരണം വരിക്കുന്നു. തുടര്‍ന്നു സുഗ്രീവനും ഹനുമാനും ജാംബവാനും ബാലിയുടെ മകന്‍ അംഗദനും എഴുപതു വള്ളം (ഏകദേശം 91000 കോടി ) വാനര സൈന്യവുമായി സീതയെ അന്വേഷിച്ചു പോകുന്നു. 


യാത്ര ഒടുവില്‍ കടല്‍ തീരത്ത് എത്തുകയും ഇനി എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന അന്വേഷണ സംഘത്തിനോട് ജഡായുവിൻ്റെ സഹോദരന്‍, രാവണന്റെ കോട്ട ആ കടലിന് അപ്പുറം ലങ്കയില്‍ ആണെന്ന് പറഞ്ഞു കൊടുക്കുന്നു. ഇതിനെ തുടര്‍ന്നു രാമനോട് കാര്യങ്ങള്‍ പറയുകയും രാമന്‍ നല്കിയ അടയാളമോതിരവും വാക്യങ്ങളും സ്വീകരിച്ചു ഹനുമാന്‍ ആ കടല് ചാടിക്കടന്നു ലങ്കയില്‍ എത്തി സീതയെ കാണുന്നു . സീത ഒരു മാസത്തിനകം തന്നെ ഇവിടെ നിന്നും രക്ഷിച്ചില്ലെങ്കില്‍ പിന്നെ ചിതയില്‍ ചാടി ഞാന്‍ മരിക്കും എന്നു രാമനോട് പറയാന്‍ ഉപദേശിച്ചു വിടുന്നു. ലങ്കയില്‍ കുറച്ചു നഷ്ടങ്ങൾ ഒക്കെ ഉണ്ടാക്കി ഹനുമാന്‍ തിരികെ വരികയും രാമനോട് വിവരങ്ങള്‍ പറയുകയും ചെയ്യുന്നു. തുടര്‍ന്നു കടലില്‍, വരുണ ദേവന്റെ സഹായത്തോടെ ഒരു ചിറ കെട്ടി രാമനും കൂട്ടരും ലങ്കയില്‍ എത്തുന്നു. ലങ്ക കണ്ട രാമന്‍ ലോകത്ത് ഇത്രയും മനോഹരവും സമ്പന്നവുമായ മറ്റൊരു ഇടം ഉണ്ടോ എന്നു അത്ഭുതം കൂറുന്നു. തന്റെ അയോധ്യ പോലും ഇതിനു മുന്നില്‍ ഒന്നുമല്ല എന്ന രാമന്റെ ചിന്ത ലങ്കയുടെ അഭിവൃദ്ധിയാണ് കാണിക്കുന്നത്. രാമനെ കുറിച്ച് കേട്ടറിഞ്ഞ രാവണ സഹോദരന്‍ വിഷ്ണു ഭക്തനായ വിഭീഷണന്‍ രാവണനെ ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷയില്ലെന്ന് കണ്ടു രാവണന്‍ ഓടിച്ചു വിട്ടപ്പോള്‍ രാമന്റെ അടുത്ത് അഭയം പ്രാപിക്കുന്നു. സന്ധി സംഭാഷണങ്ങൾ ഒന്നും വിലപ്പോകാതെ ഒടുവില്‍ യുദ്ധം നടക്കുന്നു. രണ്ടുവട്ടം രാവണപുത്രന്‍ ഇന്ദ്രജിത്ത് ലക്ഷ്മണനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും ഹനുമാന്‍ മൃത സഞ്ജീവനി കൊണ്ട് വന്നും, ഗരുഡന്‍ വന്നും രക്ഷിക്കുന്നു. ഒടുവില്‍ രാമനും സൈന്യവും രാവണനെയും സഹോദരങ്ങളെയും മക്കളെയും ഒക്കെ കൊന്ന് വിഭീഷണനെ സൂര്യചന്ദ്രന്മാർ ഉള്ള കാലത്തോളം  ലങ്കയുടെ രാജാവായിരിക്കും എന്ന് ആശീർവദിച്ച് അരിയിട്ട് വാഴിക്കുന്നു.. 


സീതയെ, ഹനുമാനേ വിട്ടു കൂട്ടിക്കൊണ്ടു വരുമ്പോള്‍ മുഷിഞ്ഞ വേഷം മാറ്റി കുലസ്ത്രീയായി വരിക എന്ന ഉപദേശം കേട്ടു കുളിച്ചു നല്ല വസ്ത്രം ധരിച്ചു വന്നത് കണ്ട രാമന്‍ , രാവണൻ്റെ കോട്ടയില്‍ സീത സന്തോഷവതിയായിരുന്നു എന്നു തെറ്റിദ്ധരിക്കുകയും സീതയോട് സ്നേഹം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്തു. തുടര്‍ന്നു സീത അഗ്നിയില്‍ ചാടി തന്റെ ശുദ്ധി തെളിയിക്കുകയും രാമന്‍ സീതയെയും ലക്ഷ്മണനെയും മറ്റുള്ളവരെയും കൂട്ടി പുഷ്പക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് പോകുകയും അവിടെ വീണ്ടും രാജാവായി സ്ഥാനം ഏറ്റു ഭരണം തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ ഒരു ദിവസം രാമന്റെ ചാരന്മാര്‍ ഒരു അലക്കുകാരനും ഭാര്യയും തമ്മിലുള്ള വഴക്കു കേള്‍ക്കുകയും അത് രാമനോട് വന്നു പറയുകയും ചെയ്തു. ഒരു ദിവസം അന്യവീട്ടില്‍ പോയി താമസിച്ചതിന് ഭാര്യയെ പുറത്താക്കാൻ ശ്രമിക്കുമ്പോള്‍ ഒരു വര്ഷം അന്യ വീട്ടില്‍ താമസിച്ച ഭാര്യയെ കൂടെ താമസിപ്പിക്കുന്നയാളുടെ രാജ്യത്തു ഒരു ദിവസം ഒരു കാര്യമാണോ എന്ന വാദപ്രതിവാദമാണ് നടന്നതവിടെ . ഇത് കേട്ട രാമന്‍ ലക്ഷ്മണനോട് പറഞ്ഞു സീതയെ കാട്ടില്‍ ഉപേക്ഷിക്കുന്നു. മൂന്നുമാസം ഗര്‍ഭിണിയായ സീതയെ ലക്ഷ്മണന്‍ ഗൌതമന്റെ ആശ്രമപരിസരത്ത് ഉപേക്ഷിച്ചു മടങ്ങുന്നു(വാത്മീകി രാമായണത്തില്‍ ഗൌതമനല്ല വാത്മീകിയാണ് ). ഗൌതമ മഹര്‍ഷി സീതയെ ആശ്വസിപ്പിക്കുകയും അവിടെ താമസിപ്പിക്കുകയും ചെയ്യുന്നു. സീത പത്തു മാസം പൂര്‍ത്തിയായപ്പോള്‍ രാമനെ പോലെയുള്ള ഒരാൺകുട്ടിക്ക് ജന്മം നല്കുന്നു. ഒരു ദിവസം സീത പുറത്തുപോയിരുന്ന സമയത്ത് ഗൌതമന്‍ ആശ്രമത്തില്‍ വരികയും കുട്ടിയെ തൊട്ടിലില്‍ കാണാതെ , കുട്ടി നഷ്ടപ്പെട്ടെന്ന് കരുതി ഒരു കുശപ്പുല്ലെടുത്ത് കുട്ടിയായി മാറ്റി അവിടെ കിടത്തുന്നു. കുറെ കഴിഞ്ഞു സീത കുട്ടിയുമായി വരുകയും ഗൌതമന്‍ തെറ്റ് മനസിലാക്കി ആ കുട്ടിയെക്കൂടി  വളര്‍ത്താന്‍ പറയുന്നു. പതിനായിരം സംവത്സരങ്ങള്‍ രാജ്യം ഭരിച്ച രാമന്‍ അശ്വമേധം നടത്താന്‍ ഒരുങ്ങുകയും അതിനെത്തുടര്‍ന്നു യാഗാശ്വത്തെ പിന്തുടര്‍ന്നു രാമലക്ഷ്മണ സൈന്യം യാത്ര ചെയ്യുകയും ചെയ്തു . ഇടയ്ക്കു വച്ച് ഒരു അസുരന്‍ യാഗാശ്വത്തെ അടിച്ചുകൊണ്ടു പോയി. തുടര്‍ന്നു അതിനെ കണ്ടുപിടിക്കുകയും ആ അസുരനെ രാമന്‍ വധിക്കുകയും ചെയ്തപ്പോള്‍ അയാളുടെ ഭാര്യ ഇവരെ ഭക്ഷിക്കാന്‍ ഓടിവന്നു . ലക്ഷ്മണന്‍ അവളുടെ മൂക്കും മുലയും മുടിയും മുറിച്ച് ഓടിച്ചു വിട്ടു. യാഗാശ്വയാത്ര തുടരവേ , അശ്വത്തെ  ഗൌതമ ആശ്രമ പരിസരത്ത് വച്ച് സീതയുടെ മക്കള്‍ പിടിച്ച് കെട്ടുകയും തുടര്‍ന്നു വന്ന രാമലക്ഷ്മണന്മാരെയും ഹനുമാനെയും ഒക്കെ യുദ്ധം ചെയ്തു തോല്‍പ്പിക്കുകയും ചെയ്യുന്നു. സീത ഒടുവില്‍ വിവരം അറിഞ്ഞു മക്കളോട് കാര്യം പറയുകയും അതനുസരിച്ച് അവര്‍ എല്ലാവരും ഒരുമിച്ച് കൊട്ടാരത്തിലേക്ക് രാമൻ കൂട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. 


ഒരു ദിവസം രാവണന്റെ രൂപം എന്തായിരുന്നു എന്ന ദശരഥപത്നിമാരുടെ ചോദ്യത്തിന് സീത ഒരിക്കല്‍ മാത്രം രാവണന്‍ തന്റെ വേഷം മാറുമ്പോള്‍ കണ്ട രൂപം ഓര്മ്മ വച്ചുകൊണ്ട്, രാമന്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന പലകയില്‍ രാവണ രൂപം വരച്ചു കാട്ടുന്നു. ഭക്ഷണം കഴിക്കാന്‍ രാമന്‍ പലകയില്‍  ഇരുന്നപ്പോള്‍ അത് വിറയ്ക്കുകയും എന്താണ് കാര്യം എന്നു തിരക്കിയപ്പോള്‍ കൈകേയി , സീത രാവണന്റെ പടം അതില്‍ വരച്ചതിനാല്‍ ആണെന്ന് പറയുന്നു. സീതയുടെ മനസ്സില്‍ രാവണന്‍ ഇപ്പൊഴും ഉണ്ടെന്ന് കരുതിയ രാമന്‍ ലക്ഷ്മണനോട് സീതയെ കാട്ടില്‍ കൊണ്ട് പോയി വെട്ടിക്കൊല്ലാന്‍ പറയുന്നു . സീത പുറത്തേക്കിറങ്ങിയതും ഭൂമി പിളര്‍ന്ന് അതില്‍ വീണു ഭൂമി മൂടുന്നു. ഭൂമിയിലെ പണി കഴിഞ്ഞു തിരികെ വരാന്‍ സമയമായി എന്നറിഞ്ഞ ദേവകളും മുനിമാരും രാമനെയും ലക്ഷ്മണനെയും തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി ശ്രമിക്കുകയും അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്നു ലക്ഷ്മണനെ കൊല്ലാന്‍ രാമന്‍ ഓടിക്കുകയും ലക്ഷ്മണന്‍ രക്ഷപ്പെടാന്‍ ഓടി ഒടുവില്‍ സരയൂവില്‍ വീണു മരിക്കുകയും ചെയ്യുന്നു. തുടര്‍ന്നു രാമനും സരയൂവില്‍ ചാടുകയും കഥ പൂര്‍ണ്ണമാകുകയും ചെയ്യുന്നു.


വാത്മീകി രാമായണത്തെക്കാള്‍ കുറച്ചൊക്കെ മാറി ഒരു സാധാരണ മനുഷ്യന്റെ എല്ലാ ചാപല്യങ്ങളും അധീരതയും കഴിവുകേടുകളും ചിന്തയും വിമര്‍ശനങ്ങളും നേരിടുന്ന ഒരു രാമനെയാണ് കമ്പരരുടെ രാമായണത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇത് വായനയില്‍ ഒരു മാറ്റം നല്‍കുന്നതായി അനുഭവപ്പെടുന്നു. വേറിട്ട വായനകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വായനയ്ക്ക് ഈ ഗദ്യ പരിഭാഷ നല്ലതാകും എന്നു കരുതുന്നു.. സസ്നേഹം ബി.ജി.എന്‍ വര്‍ക്കല.

Saturday, October 26, 2024

ജാനകീവധം

ജാനകീവധം

പുനരാഖ്യാനം ബി.ജി.എൻ വർക്കല


"ജാനകീ ...... രാഘവന്‍ വരുന്നുണ്ട് . ഭക്ഷണം എടുത്തു വയ്ക്കാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ." 
കൗസല്യയുടെ വാക്കുകള്‍ കേട്ട ജാനകി പെട്ടെന്നു തന്നെ തല്പത്തില്‍ നിന്നും എഴുന്നേറ്റ് കുശിനിപ്പുരയിലേക്ക് വേഗത്തില്‍ നടന്നു. കൗസല്യ ഉടനെ തന്നെ ജാനകി വരച്ചു വച്ച പലക എടുത്ത് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറ്റി ആരും കാണാത്ത വിധം വച്ച ശേഷം സുമിത്രയുമൊത്ത് അറയിലേക്ക് നടന്നുപോയി. കൈകേയി പുറകെ ചെല്ലാന്‍ ഒരുങ്ങിയിട്ടു പെട്ടെന്നു തിരിഞ്ഞു തിരശ്ശീലക്കു പിറകില്‍ വച്ച പലക എടുത്തു പുറമെ കാണാന്‍ കഴിയുന്ന വിധത്തില്‍ വച്ചശേഷം ഗൂഢമായ ഒരു പുഞ്ചിരിയോടെ അവരുടെ പിന്നാലേ നടന്നു പോയി. 
മുറിവാതില്‍ക്കല്‍ രാഘവന്റെ കാലടി ശബ്ദം കേള്‍ക്കുമ്പോഴേക്കും ജാനകി കഴുകിത്തുടച്ച തൂശനിലയുമായി എത്തിക്കഴിഞ്ഞിരുന്നു . അകത്തേക്ക് വന്ന രാഘവന് ഇരിക്കാന്‍ അവള്‍ അടുത്തുകണ്ട പലക എടുത്തു മുന്നിലേക്ക് നീക്കി വച്ച് ഭവ്യതയോടെ കാത്തു നിന്നു. 

********
ജാനകിയുടെ സമൃദ്ധമായമുടിയില്‍ എണ്ണയിട്ടുകൊണ്ട് കൗസല്യയും ഇരുവശവും അവളുടെ മുഖത്ത് നോക്കി കൈകേയിയും സുമിത്രയും ഇരുപ്പുണ്ടായിരുന്നു. 
ലങ്കയിലെ വിശേഷങ്ങള്‍ കേട്ടു മതിയായിട്ടില്ല എന്നു തോന്നും മൂവരുടെയും ആകാംഷയും ചോദ്യങ്ങളും കേട്ടാല്‍ . ഇതിപ്പോള്‍ എത്രവട്ടമായി എന്നു ജാനകിക്കു നിശ്ചയമില്ല രാവണക്കോട്ടയുടെ കഥകള്‍ പറയുന്നത് . മുത്തും പവിഴവും തങ്കവും കൊണ്ട് അലംകൃതമായ രാവണരാജ്യം . ലങ്കയുടെ മഹിമ അയോദ്ധ്യക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല . ദൂതന്മാരും സഞ്ചാരികളും വര്‍ണ്ണിച്ച് കേട്ടിട്ടുള്ളതല്ലാതെ ആരും കണ്ടിട്ടുപോലുമില്ലാത്ത ആ സ്വര്‍ഗ്ഗഭൂമിയില്‍ ജാനകി കുറെക്കാലം ജീവിച്ചവള്‍ ആണെന്നതിനാല്‍ അവളുടെ വാക്കുകള്‍ക്ക് കൂടുതല്‍ തെളിമ ഉണ്ടാകും എന്നവര്‍ക്കറിയാം. അതുകൊണ്ടു തന്നെ അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു സമയം കിട്ടുമ്പോള്‍ ഒക്കെ . അന്തപ്പുരം വിട്ടു പുറത്തു പോയിട്ടു എത്രയോ കാലമായി. ദശരഥന്‍ മരിക്കുകയും രാമനും ലക്ഷ്മണനും രാജ്യമുപേക്ഷിച്ചു കാട്ടിലേക്കും അധികാരം ഉപേക്ഷിച്ചു മുനിജനങ്ങളെപ്പോലെ ഭരതനും ശത്രുഘ്നനും ജീവിക്കുകയും ചെയ്ത അയോദ്ധ്യയില്‍ ഇത്രകാലവും അമാവാസിയായിരുന്നല്ലോ. അതിനാല്‍ത്തന്നെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ സീതയുടെ ചുറ്റും സമയം ലഭിക്കുമ്പോഴൊക്കെ മൂവരും എത്തിക്കൊണ്ടിരുന്നു. 
വിശേഷങ്ങള്‍ തിരക്കുന്നതിലെ ഉത്സാഹം പതിയെ രാവണന്റെ നേരെ ആയി മാറിയത് പൊടുന്നനെയായിരുന്നു. സത്യത്തില്‍ അതിന്റെ പിന്നിലെ ബുദ്ധി കൈകേയിയുടെ ആയിരുന്നു. ജാനകിയുടെ ഉള്ളില്‍ രാവണന്‍ ഉണ്ടോ എന്നറിയാനുള്ള ഒരു മാര്‍ഗ്ഗം തിരയലായിരുന്നു മൂന്നമ്മമാരിലും വളര്‍ന്ന് നിന്നത് . കുലവധൂടികള്‍ ആയ സ്ത്രീകള്‍ സ്വന്തം പുരുഷനെ അല്ലാതെ മറ്റൊരാളെ മനസ്സില്‍ പോലും നിനയ്ക്കാറില്ല എന്നതാണു ചട്ടം. അതാണ് ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നതും. അതിനപ്പുറം അവള്‍ മറ്റൊരു പുരുഷനെക്കുറിച്ച്  ഓര്‍മ്മിക്കുകയോ സങ്കല്‍പ്പിക്കുകയോ എന്തിന് നോക്കുകയോ ചെയ്യുന്നത് പോലും സദാചാരസീമകള്‍ക്കപ്പുറം ആണ്. അതിനാല്‍ത്തന്നെ ജാനകിയുടെ ഉള്ളില്‍ രാവണന്‍ ഉണ്ടോ എന്നറിയുക അത്യാവശ്യമായി മാറിയിരിക്കുന്നു. അലക്കുകാരന്‍ പറഞ്ഞത് കേട്ടു രാഘവന്‍ ജാനകിയെ കാട്ടില്‍ ഉപേക്ഷിച്ചു എങ്കിലും രാജസൂയത്തോട് അനുബന്ധിച്ച് പുനര്‍ സംഗമം നടന്നത് എല്ലാര്‍ക്കും അറിയാമെങ്കിലും ഇപ്പഴും ജനങ്ങളുടെ മനസ്സില്‍ ഒരു കരട് കിടപ്പുണ്ട്. സ്ത്രീജിതനായി പേര് കേട്ട ഒരാള്‍ . അയാളുടെ തടങ്കലില്‍ ജാനകിയെപ്പോലൊരു സാധുവും സുന്ദരിയുമായ പതിവൃത എത്ര കാലം പിടിച്ച് നിന്നിരിക്കാം. ദേവ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയായിരുന്നു എന്നു കേട്ടിട്ടുണ്ട്. അപ്പോള്‍ ജാനകി രാവണന് വെറും സാധാരണ ഒരു സ്ത്രീ മാത്രമല്ലേ. 
ഹനുമാന്‍ ജാനകിയെ , രാവണ വധത്തിന് ശേഷം രാഘവന്‍ പറഞ്ഞത് കേട്ടു വിളിച്ചുകൊണ്ടു വരുമ്പോള്‍ ജാനകി അണിഞ്ഞൊരുങ്ങി കുലവധൂ വേഷത്തില്‍ ആയിരുന്നു വന്നതെന്ന് കേട്ടിട്ടുണ്ട്. അത്രയും കാലം വിരഹ ദുഖം അനുഭവിച്ച ഒരുവള്‍ ആയിരുന്നില്ല രാഘവന്റെ മുന്നില്‍ വന്നു നിന്ന ജാനകി. ഹനുമാന്റെ അപേക്ഷ പ്രകാരമാണ് മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറി , സ്നാനം ചെയ്തു ഒരുങ്ങി വന്നതെന്നത് പക്ഷേ രാഘവനോ കൂടെയുള്ളവര്‍ക്കോ മനസ്സിലായതുമില്ല. ശാസ്ത്രവും , വിധിയും, സമൂഹ നടപടികളും ഒക്കെ വിശദീകരിച്ചു നിര്‍ബന്ധിച്ച് ഹനുമാന്‍ ജാനകിയെ അണിഞ്ഞൊരുങ്ങി വരാന്‍ അപേക്ഷിക്കുമ്പോള്‍ അയാളുടെ മനസ്സിലും മറ്റൊരു ചിന്ത ഉണ്ടായിരുന്നു എന്നു കരുതാന്‍ വയ്യ. എന്തായാലും അത് കണ്ടതോടെ രാഘവന്റെയും കൂട്ടരുടെയും മുഖം കറുത്തു എന്നത് വാസ്തവം. നാട്ടുകാരുടെ വായടയ്ക്കാന്‍ എന്ന പേരിലാണെങ്കിലും രാഘവന്‍ അന്ന് അഗ്നിപരീക്ഷ നടത്തി ജാനകിയെ പരീക്ഷിക്കുകയും ചെയ്തിരുന്നുവല്ലോ. 
സംശയാസ്പദമായ ഒരു ദാമ്പത്യജീവിതമാണ് രാഘവന് എന്നും നയിക്കേണ്ടി വന്നത് എന്നതില്‍ അമ്മമാര്‍ക്ക് വേദനയുണ്ടാക്കിയിരുന്നു. അതില്‍ നിന്നും ഒരു മോചനം നല്കാന്‍ അവര്‍ പലവുരു കരുതിയതാണെങ്കിലും ജാനകിയെ കാട്ടില്‍ ഉപേക്ഷിച്ചു വന്നപ്പോഴും രാഘവന്‍ ബ്രഹ്മചര്യം സ്വീകരിക്കാന്‍ ആണ് തയ്യാറായത്. അതൊരു വലിയ പരാജയം തന്നെയായിരുന്നു തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ചത് എന്നത് അമ്മമാര്‍ ഓര്‍ക്കുന്നുണ്ടു എപ്പോഴും. ആ ഒരു കുറ്റബോധം ആണ് ജാനകിയെ പരീക്ഷിക്കാന്‍ കിട്ടുന്ന ഓരോ അവസരത്തിലും അവര്‍ ഉപയോഗിച്ചുകൊണ്ടിരുന്നതും. 
അമ്മമാരുടെ കൗതുകാന്വേഷണങ്ങളില്‍ രാവണന്റെ പരാമര്‍ശം വരുമ്പോഴൊക്കെ ജാനകി അസ്വസ്ഥത കാണിക്കാറുണ്ടായിരുന്നു. പക്ഷേ സ്ത്രീ സഹജമായ കാഴ്ചപ്പാടും , സംശയങ്ങളും അവരെ വിട്ടുപോയിട്ടില്ലായിരുന്നു. ഒടുവില്‍ അന്ന് അത് സംഭവിച്ചു. 
കൈകേയി ആണ് വിഷയം ആദ്യം എടുത്തിട്ടത് . ജാനകീ നീ എത്ര ഇല്ലെന്നു പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല . രാവണനെ നീ കണ്ടിട്ടുണ്ട് ഒരിക്കലെങ്കിലും. അങ്ങനെയെങ്കില്‍ നിന്റെ ജീവിതത്തെ നശിപ്പിച്ച ആ ദുഷ്ടന്റെ മുഖം നീ ഒരിയ്ക്കലും മറക്കാന്‍ വഴിയില്ല. ഞങ്ങള്‍ ആണെങ്കില്‍ വയസ്സായി , മരിക്കാറായി. ഇനിയും ഞങ്ങൾക്ക് രാവണനെ കാണാന്‍ കഴിയുകയുമില്ല . ലോകം മുഴുവന്‍ ദുഷിക്കുകയും ശപിക്കുകയും ഭയക്കുകയും ചെയ്തിരുന്ന ആ ദുഷ്ടനെ മരിക്കും മുന്നേ ഒന്നു കാണാന്‍ കഴിയാതെ പോകുന്നത് ഈ ജന്മത്തില്‍ ഒരു വലിയ കുറവ് തന്നെയാകും. ജാനകിയ്ക്കു നന്നായി ചിത്രരചന അറിയാമല്ലോ . ഞങ്ങള്‍ക്കു കാണാന്‍ വേണ്ടി ഒരിക്കല്‍ മാത്രം രാവണനെ ഒന്നു വരച്ചു കാണിക്കാമോ. കൗസല്യയുടെയും സുമിത്രയുടെയും മുഖത്തും ഇതേ ആവശ്യവും ആകാംഷയും തിങ്ങി നില്‍ക്കുന്നത് കണ്ട ജാനകി ചകിതയായി. 
അമ്മേ , പതിവൃതയായ ഒരു സ്ത്രീയും ചെയ്യാന്‍ പാടില്ലാത്തത് ആണ് പരപുരുഷനെ ഓര്‍മ്മിക്കുകയോ അയാളെ സങ്കല്‍പ്പിക്കുകയോ ചെയ്യുക എന്നത്. എന്റെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങളെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഇത്ര കാലവും. അതിനെ വീണ്ടും ഓര്‍മ്മിപ്പിച്ചു എന്നെ കഷ്ടത്തിലാക്കരുതേ . ലോക നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ കുലസ്ത്രീകള്‍ ആണ് നമ്മള്‍ എന്നത് അമ്മമാര്‍ മറന്നുപോകുന്നുവോ . 
ജാനകി എന്തിന് വിഷമിക്കണം. ഈ അന്തപ്പുരത്തില്‍ നടക്കുന്നതൊന്നും പുറത്തറിയുന്നതല്ല. നമ്മള്‍ ആരും നമ്മുടെ  ചിത കൊളുത്താന്‍ ആഗ്രഹിക്കുന്നവരുമല്ല. അതിനാല്‍ ജാനകിയുടെ ഭയം അസ്ഥാനത്താണ്. ഇവിടെ ആരും ഇല്ല ആരും കടന്നുവരികയുമില്ല നമ്മുടെ അനുവാദമില്ലാതെ. 
അമ്മേ ലോകം എത്ര അറിയാതെ പോയാലും നമ്മള്‍ തെറ്റുകള്‍ ചെയ്യാന്‍ പാടുണ്ടോ . ശാസ്ത്രങ്ങള്‍ അനുസരിക്കാനുള്ളതല്ലേ . അവയെ നാം തന്നെ അവഗണിക്കുകയോ എതിര്‍ത്തു പെരുമാറുകയോ ചെയ്താല്‍ പിന്നെ പ്രജകള്‍ക്കെങ്ങനെ നാം നല്ലൊരു സന്ദേശം നല്കാന്‍ കഴിയും. അവരെ എങ്ങനെ നമുക്ക്  നയിക്കാന്‍ കഴിയും. എല്ലാ കണ്ണുകളും മറച്ചു വയ്ക്കാന്‍ കഴിയുമോ നമുക്ക് . 
മകളെ , നമ്മുടെ മനോരഥങ്ങള്‍ ഒന്നും തന്നെ സമൂഹത്തില്‍ നിന്നും വേറിട്ടതല്ല. നാം നമ്മുടെ മഹിമ കൊണ്ടും സ്ഥാനം കൊണ്ടും അവയെ ഗോപ്യമായി വയ്ക്കുന്നു എന്നതിനപ്പുറം നമുക്കാര്‍ക്കാണ് അതിനെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടു ജീവിക്കാന്‍ കഴിയുക. 
വാദോപവാദങ്ങള്‍ക്കു ഒടുവില്‍ ജാനകി രണ്ടും കല്‍പ്പിച്ചു അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാം എന്നു കരുതി അവിടെ ഉണ്ടായിരുന്ന പലക എടുത്തു അതിന്റെ അടി ഭാഗത്ത് രാവണനെ വരയ്ക്കാന്‍ ശ്രമിച്ചു. അവളുടെ മനസ്സ് പഴയ കാലത്തിലേക്ക് കുതിച്ചുപാഞ്ഞു. 
തന്നെ തട്ടിക്കൊണ്ടു പോകാന്‍ ആദ്യം പര്‍ണ്ണശാലയില്‍ വന്ന രാവണന്റെ മുഖത്ത് അവള്‍ കണ്ടത് ആരാധനയും അസൂയയും പ്രേമവും ആയിരുന്നു എന്നവള്‍ ഓര്‍ത്തെടുത്തു. തന്നെ തട്ടിയെടുത്ത് പുഷ്പക വിമാനത്തില്‍ കയറുമ്പോള്‍ അയാളുടെ മുഖത്ത് ഒരു വീരന്റെ ഗര്‍വ്വ് ആയിരുന്നു. ശിംശിപാ വൃക്ഷച്ചുവട്ടില്‍ പക്ഷേ പല സമയത്തും അയാള്‍ക്കു പല മുഖമായിരുന്നു. ചിലപ്പോള്‍ കാമപരവശന്‍ , ചിലപ്പോള്‍ ക്രോധത്താല്‍ തിളച്ചു നില്ക്കുന്നു ചിലപ്പോള്‍ വാശി മൂത്ത ഭാവം ചിലപ്പോള്‍ ദയനീയമായ അപേക്ഷഭാവം ചിലപ്പോള്‍ ദുഖിതനായ ഒരാള്‍ . അവസാനം കണ്ടപ്പോള്‍ അവശനും പരാജിതനുമായ ഒരാള്‍ ആയിരുന്നു രാവണന്‍ . 
മനസ്സിലെ എല്ലാ ഭാവങ്ങളും ഓര്‍ത്തെടുത്ത് അവള്‍ രാവണനെ വരച്ചു പൂര്‍ത്തിയാക്കി. പത്തു മുഖങ്ങള്‍ പത്തു ഭാവങ്ങള്‍ . അറിഞ്ഞോ അറിയാതെയോ അയാളുടെ ശരീരം അവള്‍ വരച്ചു തീരുമ്പോള്‍ അമ്മമാരില്‍ നിറഞ്ഞ കൗതുകം മെല്ലെ മാറി അതില്‍ അമ്പരപ്പ് ഭയം വിദ്വേഷം ലജ്ജ തുടങ്ങിയ പല ഭാവങ്ങള്‍ ആയി മാറുകയായിരുന്നു. അന്യപൂരുഷനെ നോക്കുന്നത് പോലും പാപമായിരിക്കുമ്പോള്‍ തന്നെ ഉപദ്രവിച്ച മനുഷ്യന്റെ എത്ര മുഖങ്ങള്‍ ഭാവങ്ങള്‍ ആണ് ജാനകി ഓര്‍ത്ത് വച്ചിരിക്കുന്നത് എന്നവര്‍ അത്ഭുതപ്പെട്ടു . അയാളുടെ ശരീരത്തിന്റെ കായ ബലവും അഴകും ഒരു പക്ഷേ അയാള്‍ക്കു പോലും ലജ്ജ തോന്നും വിധം അവള്‍ പകര്‍ത്തിയിരിക്കുന്നു . അതിനര്‍ത്ഥം ജനങ്ങള്‍ പിറുപിറുക്കുന്നത് ശരിതന്നെയാണെന്നല്ലേ. രാഘവന്‍ ജാനകിയെ അഗ്നിപരീക്ഷ ചെയ്തതിലോ കാട്ടില്‍ ഉപേക്ഷിച്ചതിലോ ഒരു തെറ്റുമില്ല എന്നവര്‍ക്ക് തോന്നി. അവള്‍ ഒരിയ്ക്കലും സത്യസന്ധയായിരുന്നില്ല എന്നും അവള്‍ പാപിനിയാണെന്നും അവര്‍ക്ക് തോന്നി. അയോധ്യയുടെ മേല്‍ വീണ കളങ്കം തന്നെയാണ് ജാനകി . രാഘവന്‍ ജാനകിയെ പരിണയിച്ച നാള്‍ മുതല്‍ അയോധ്യയുടെ മേല്‍ നിറഞ്ഞു നില്‍ക്കുന്നത് കരിനിഴലുകള്‍ മാത്രമാണു .പിന്നൊരിക്കലും അയോധ്യ സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല. ഭരിക്കുന്നവരോ ഭരിക്കപ്പെടുന്നവരോ സന്തുഷ്ടരല്ലാതെ പോയ ഒരു കാലം . ഇത് അയോധ്യയുടെ മേല്‍ ഒരു കളങ്കമാണ്. സൂര്യവംശത്തിന് ഏറ്റ അപമാനം. 
ഈ ദുര്‍ഘടന എങ്ങനെ ആണ് അയോദ്ധ്യയില്‍ നിന്നൊഴിയുക. എങ്ങനെയാണ് ഇത് രാഘവനെ അറിയിക്കുക. അത് പാടുണ്ടോ . കൂടുതല്‍ ദുഖങ്ങളിലേക്കും ദുരിതങ്ങളിലേക്കും ആണ് അയോധ്യ കടന്നു പോകാന്‍ പോകുന്നതെന്ന് കൗസല്യ ഭയപ്പെട്ടു . സുമിത്രയുടെ മുഖത്ത് അതേ പരിഭ്രാന്തിയും സംശയവും വായിച്ചെടുക്കാന്‍ കഴിഞ്ഞു. പക്ഷേ കൈകേയി ചിരിക്കുകയായിരുന്നു ഉള്ളാല്‍. കഴിഞ്ഞു. ഇതോടെ ജാനകിയുടെ കാര്യം അവസാനിക്കുന്നു. ഒപ്പം രാഘവനും. ഈ വിവരം രാഘവന്‍ അറിഞ്ഞാല്‍ ജാനകിയുടെ ജീവന്‍ ആ നിമിഷം അവസാനിക്കും. പിന്നെ ദുഖഭാരം മൂലം രാജ്യം ഉപേക്ഷിച്ചു രാഘവനും എന്നെന്നേക്കുമായി അയോധ്യ വീടും. ഇനിയെങ്കിലും ഭരതന് രാജ്യം മനസമാധാനത്തോടെ ഭരിക്കാം. രാജമാതാവായി ഇനി എങ്കിലും എനിക്കും വാഴാമല്ലോ. 

*******
രാഘവന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി പലകയിലേക്കിരിക്കുമ്പോള്‍ പലക തെന്നി പിറകിലോട്ട് പോയി. എന്തു പറ്റിയെന്ന് നോക്കാന്‍ പലക എടുത്തു നേരെയാക്കുമ്പോള്‍ ആണ് അതിന്റെ പിറകില്‍ വരച്ചിരിക്കുന്ന രാവണന്റെ ചിത്രം രാഘവന്‍ കണ്ടത്. അടിമുടി ഒരു തീക്കാറ്റു കടന്നുപോയി രാഘവന്റെയും ജാനകിയുടെയും ശരീരത്തില്‍ ഒരേ പോലെ. അവൾ ഭയന്ന് തളര്‍ന്ന് അടുത്തുള്ള ചിത്രത്തൂണില്‍ തന്റെ ശരീരം താങ്ങി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ രാഘവന്റെ തീക്കണ്ണുകള്‍ ജാനകിയ്ക്കു മേല്‍ ആയിരുന്നു. 
ആരാണ് ഈ പലകയില്‍ രാവണന്റെ ചിത്രം വരച്ചത് . രാഘവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ജാനകി ഓര്‍ത്തത് ഇതേ ശബ്ദമായിരുന്നന്ന് അഗ്നിപരീക്ഷയ്ക്ക് തന്നെ നിര്‍ബന്ധിക്കുമ്പോഴും രാഘവനെന്നായിരുന്നു. 
അത് ..... അമ്മമാര്‍ എന്നോടു രാവണനെ കാണണം എന്നു ആശ പറഞ്ഞപ്പോള്‍........ 
വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ജാനകിയ്ക്കു അപ്പോഴേക്കും മതി എന്നര്‍ത്ഥത്തില്‍ രാഘവന്‍ കൈ എടുത്തു തടഞ്ഞു . ജാനകിയ്ക്കു ഇന്നുവരെ നമ്മെ ഒന്നു വരയ്ക്കാന്‍ ആയിട്ടില്ല പൂര്‍ണ്ണമായും. എന്തിന് പറയുന്നു ലവ കുശന്മാരെ വരച്ചിട്ടില്ല . പക്ഷേ , എത്ര ഗഹനമായി സൂക്ഷ്മമായി രാവണനെ വരച്ചിരിക്കുന്നു . ഇക്കണ്ട കാലം മുഴുവന്‍ ഞാനൊരു വിഡ്ഢി വേഷം കെട്ടുകയായിരുന്നു അല്ലേ. നമ്മുടെ മനസിനെ വഞ്ചിച്ചുകൊണ്ടു നമുക്കെങ്ങനെ ജീവിക്കാന്‍ കഴിയും ജാനകീ. 
അരുതു അങ്ങനെ ഒന്നും കരുതരുത് പറയരുതു . ഞാന്‍ ചിത്രം വരച്ചു എന്നത് ശരിയാണ് . പക്ഷേ അതിനര്‍ത്ഥം എന്റെ മനസ്സില്‍ ആ രൂപം ആണെന്ന് കരുതരുത് . അത് പാപമാണ്. എനിക്കു അങ്ങയോടുള്ള സ്നേഹവും ഭക്തിയും എന്നും അതേ നിലയില്‍ തന്നെയുണ്ട്. എന്റെ മനസ്സിലെയും ജീവിതത്തിലെയും പുരുഷന്‍ അങ്ങ് മാത്രമാണു. അങ്ങല്ലാതെ ആരും എന്നെ ......
ജാനകീ ...... പാഴ്വാക്കുകള്‍ കൊണ്ട് നീ തീര്‍ക്കുന്ന ഒന്നും തന്നെ പാപപരിഹാരം ആകുന്നില്ല . ഇനി ഈ ഭൂമിക്ക് ഭാരമായി നീയുണ്ടാകന്‍ പാടില്ല .ഇനിയും എന്റെ ജനതയെ അഭിമുഖീകരിക്കുവാന്‍ എനിക്കു കഴിയില്ല . ഞാന്‍ ഒരു കോമാളിയുടെ വേഷം ആണ് ആടുന്നതെന്ന് കരുതുന്നു. എനിക്കു ഇനിയും ഇത് കഴിയില്ല. 
ആദ്യമായി ജാനകിയുടെ കണ്ണുകളില്‍ രാഘവന്‍ പുതിയ ഒരു ഭാവം കാണുകയായിരുന്നു. 
അങ്ങേക്ക് എന്തു യോഗ്യതയാണുള്ളത് ഇനിയും എന്നെ അപമാനിക്കുവാന്‍. ശരിക്കും ഞാനല്ലേ ഇവിടെ കോമാളിയായി ജീവിക്കുന്നത്? ഒരു ഭാര്യ എന്ന നിലയില്‍ എന്റെ സംരക്ഷണം അങ്ങയുടെ ചുമതല അല്ലേ . അത് ചെയ്യാന്‍ മറന്ന അങ്ങേക്ക് എങ്ങനെയാണ് എന്റെ രക്ഷകന്‍ എന്ന ഭാവവും അധികാരവും ഭൂഷണമാകുന്നത് . 
ജാനകീ . ... എല്ലാം കാലത്തിന്റെ ആവശ്യമായിരുന്നു. കാലാകാലങ്ങളില്‍ സംഭവിക്കേണ്ടവ സംഭവിക്കുക തന്നെ വേണമല്ലോ. 
അതിനാലാണോ അങ്ങ് ഒരന്യപുരുഷന്‍ തട്ടിക്കൊണ്ടു പോയ ഭാര്യയെ പാടുപെട്ടു വീണ്ടെടുത്തത്. അതിനായിരുന്നോ അക്കണ്ട ജനങ്ങള്‍ക്ക് മുന്നില്‍ വച്ച് എന്നെ അവമതിക്കുകയും അവിശ്വസിക്കുകയും അഗ്നിപരീക്ഷ നടത്തുകയും ചെയ്തത് . അതിനാലാണോ ഏതോ വായാടി പറഞ്ഞ ഭോഷത്തരം കേട്ട് ഗര്‍ഭിണിയായ എന്നെ കാട്ടില്‍ ഉപേക്ഷിച്ചത് . ഇതാണോ രാജ ധർമ്മം. ഇതാണോ കൊട്ടിഘോഷിക്കുന്ന സൂര്യ വംശത്തിന്റെ മഹിമ . ഇതിലും നല്ലത് അങ്ങേന്നെ വീണ്ടെടുക്കാതിരിക്കുന്നതായിരുന്നു. വീണ്ടും വീണ്ടും മരിക്കാന്‍ വേണ്ടി അങ്ങെന്നെ വീണ്ടെടുക്കാതിരിക്കണമായിരുന്നു. 
ജാനകീ ..... നിന്റെ വാക്കുകള്‍ അതിര് കടക്കുന്നു. ഒരു പുരുഷന്റെ , ഭര്‍ത്താവിന്റെ കടമയാണ് തന്റെ ഭാര്യയെ രക്ഷിക്കുക എന്നത്. അതില്‍ എനിക്കു സംഭവിച്ച വീഴ്ചയാണ് നിന്നെ രാവണന്റെ കോട്ടയില്‍ എത്തിച്ചതെന്നറിയാം. പക്ഷേ അത് ദൈവവിധിയായിരുന്നു. ഞാന്‍ അവിടെ നിന്നും നിന്നെ വീണ്ടെടുത്ത് സകല പുരുഷന്മാരുടെയും അഭിമാനം ആണ് സംരക്ഷിച്ചത്. 
എന്തു അഭിമാനം . പുരുഷന്റെ അഭിമാനം എന്നത് സ്ത്രീയെ രക്ഷിക്കുന്നതില്‍ ആണോ ? അവളെ മനസ്സിലാക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്നതിലാണ്. പരസ്പരം വിശ്വാസം നഷ്ടമാകുന്ന ഒരു ബന്ധത്തിലും ശാന്തിയും സമാധാനവും ഉണ്ടാകുന്നില്ല എന്നങ്ങേക്ക് മനസ്സിലാകുന്നില്ലേ ഇനിയും.  
അങ്ങ് കൊട്ടിഘോഷിക്കുന്ന പുരുഷത്വം , അന്യരുടെ വാക്കുകള്‍ കേട്ടു സ്വന്തം ഭാര്യയെ തീയില്‍ ചുട്ടെടുക്കുന്നതില്‍ അല്ല നിലനില്‍ക്കുന്നത് . ഗര്‍ഭാവസ്ഥയില്‍, സംരക്ഷിക്കപ്പെടേണ്ട കാലത്ത് വനത്തില്‍ ഉപേക്ഷിച്ചല്ല അത് തെളിയിക്കേണ്ടത്. എന്തിന് , കേവലം ഒരു ചിത്രം വരച്ചതിന്റെ പേരില്‍ കൊല്ലാന്‍ പുറപ്പെടുന്നതല്ല പുരുഷത്വം. എങ്ങനെയാണ് താങ്കളെ പ്രജകള്‍ പിന്തുടരുക . എങ്ങനെയാണ് താങ്കളെ ജനങ്ങള്‍ മാനിക്കുക. ചതിയിലൂടെയും വഞ്ചനയിലൂടെയും അങ്ങ് നേടിയെന്ന് കരുതുന്ന ഒരു വിജയവും വിജയമല്ല എന്നറിയുക. കൗശലം കൊണ്ട് മാത്രമാണ് അങ്ങ് യുദ്ധം ജയിച്ചു എന്നെ വീണ്ടെടുത്തത് . പക്ഷേ അത് ലോകത്തിന് മുന്നില്‍ സ്വന്തം പുരുഷത്വം തെളിയിക്കാന്‍ വേണ്ടിയുള്ള ഒരു കസര്‍ത്ത് മാത്രം. ഉള്ളിന്റെ ഉള്ളില്‍ അങ്ങ് പേറുന്ന അപകര്‍ഷതാബോധം കാലം അങ്ങേക്ക് നേരെ വിരല്‍ ചൂണ്ടുന്നതിന് കാരണമാകും എന്നറിയുക. 
ഒരു രാജാവെന്ന നിലയ്ക്ക് എന്റെ കടമയാണ് പ്രജകളെ സംരക്ഷിക്കുക എന്നതും അവരുടെ താത്പര്യങ്ങള്‍ നിവര്‍ത്തിക്കൊടുക്കുക എന്നതും. അതിനപ്പുറം ഞാന്‍ എന്റെ സ്വകാര്യതയ്ക്ക് അവിടെ സ്ഥാനം എങ്ങനെ നല്കും. രാജനീതി എന്തെന്ന് ജാനകിയ്ക്കു അറിയില്ല എന്നില്ലല്ലോ . 
അങ്ങ് പറയുന്ന രാജനീതി , അവിടത്തെ ഒരു പ്രജയായ എനിക്കും കൂടി അവകാശപ്പെട്ടതല്ലേ . ലോകത്തിന് മുന്നില്‍ പരിഹാസ്യയായി പതിതയായി നില്‍ക്കാന്‍ തക്കവണ്ണം എന്തു തെറ്റ് ഞാന്‍ ചെയ്തു. എന്നെ രാവണന്‍ പിടിച്ച് കൊണ്ടുപോയത് എന്റെ അനുവാദത്തോടെ ആയിരുന്നില്ല. അവിടെ അറിയാത്ത ഒരു സ്ഥലത്തു ഒറ്റയ്ക്ക് ഭയന്ന് കഴിഞ്ഞതും എന്റെ സമ്മതത്തോടെ അല്ലായിരുന്നു. പക്ഷേ എല്ലാവരും പറയുന്നതു പോലെ ഒരു മനുഷ്യന്‍ ആയിരുന്നു രാവണന്‍ എങ്കില്‍ അങ്ങെന്നെ തിരികെ കൊണ്ട് വരുമ്പോള്‍ ഞാന്‍ രാവണന്റെ പത്നിയായി അയാളുടെ വിധവയായി ആയിരുന്നെനേ. സുഗ്രീവന്റെ മുന്നിലേക്ക് താരയെ എങ്ങനെ ബാലിയെ കൊന്നു അങ്ങ് തിരിച്ചു കൊടുത്തോ ആ ഒരു അവസ്ഥ എന്തായാലും ജാനകിയ്ക്കു അവകാശപ്പെടാന്‍ കഴിയാത്ത വണ്ണം രാവണന്‍ മാന്യന്‍ തന്നെയായിരുന്നു. എന്നിട്ടും അങ്ങെന്നെ പരീക്ഷിച്ചു. ഗര്‍ഭിണി ആണെന്നറിഞ്ഞും കാട്ടില്‍ ഉപേക്ഷിച്ചു. രണ്ടു മക്കള്‍ അവര്‍ക്ക് അങ്ങയുടെ രൂപവും സൗന്ദര്യവും കണ്ടത് കൊണ്ട് മാത്രം എന്നെ തിരികെ കൊണ്ട് വന്നു. ഇപ്പോഴോ ….. വെറുമൊരു ചിത്രത്തിന്റെ പേരില്‍ അങ്ങെന്നെ കൊല്ലാന്‍ തുടങ്ങുന്നു. ഇത് രാജനീതി. ഇത് പുരുഷ ധർമ്മം. കൊള്ളാം നന്നായിരിക്കുന്നു അങ്ങയുടെ രാജ്യത്തിന്റെ ഭാവി ഇതില്‍ നിന്നാകും ഇനി മുന്നോട്ട് പോവുക. 
ലജ്ജയും അപമാനവും ക്രോധവും നല്കിയ ആവേശത്തില്‍ ജാനകിയുടെ നേരെ ക്രൂദ്ധനായി ഓടി അടുത്ത രാഘവനില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി ജാനകി മട്ടുപ്പാവിലേക്കു  ഓടിക്കയറി . പിറകെ അവളെ കൊല്ലുവാനുള്ള പകയുമായി രാഘവനും. ഒടുവില്‍ ഓടാന്‍ മുന്നില്‍ വഴിയില്ല എന്നു കണ്ട ജാനകി ഒരു നിമിഷം പകച്ചു നിന്നു. ജീവിതത്തോടും ലോകത്തോടുമുള്ള ഒടുങ്ങാത്ത പകയും വാശിയും അവളിലേക്ക് ഇരച്ചു കയറവേ മറ്റൊന്നും ചിന്തിക്കാതെ അവള്‍ താഴേക്കു ചാടി. ഓടിയടുത്ത രാഘവന്‍ ഇച്ഛാഭംഗത്തോടെ താഴേക്കു നോക്കി. കൊട്ടാരത്തിന് പുറത്തു സുരക്ഷയ്ക്കായി കെട്ടിയ അഗാധമായ കൊക്കയിലെവിടെയോ ജാനകി മറഞ്ഞു കഴിഞ്ഞിരുന്നു. രാഘവന്‍ ഇതികര്‍ത്തവ്യതാമൂഢനായി അകലേക്ക് നോക്കി നിന്നു . തനിക്ക് നേരെ വിരല്‍ ചൂണ്ടി ആര്‍ത്തട്ടഹസിക്കുന്ന പ്രജകളെ മനസ്സില്‍ കണ്ടു ശരീരം തളര്‍ന്നു രാഘവന്‍ ഇരുകൈകളും തലയില്‍ പിടിച്ച് കുനിഞ്ഞിരുന്നു പൊട്ടിക്കരയാന്‍ തുടങ്ങി. 
കൊട്ടാരം ഒരു വലിയ മൂകതയിലേക്ക് വീണപോലെ നിശബ്ദമായി കണ്ടു. ആകാശം കറുത്തുപോയി ...

Saturday, September 28, 2024

പഞ്ചാബി കഥകള്‍.............................. സമ്പാദകന്‍: ഡോ: ഹര്‍ഭജന്‍ സിംഗ്

 

പഞ്ചാബി കഥകള്‍ (കഥ സമാഹാരം)

സമ്പാദകന്‍: ഡോ: ഹര്‍ഭജന്‍ സിംഗ്  

വിവര്‍ത്തനം: പി കെ മണി

നാഷണല്‍ ബുക്ക് ട്രസ്റ്റ് (1970)

വില: 16 രൂപ

 

കഥകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍!!!. കഥകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വായനക്കാരന്‍ അതിനാലാകണം അവയെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് . പക്ഷേ, മനുഷ്യന്‍ കഥ പറയാന്‍ തുടങ്ങിയിട്ടേത്രയോ നൂറ്റാണ്ടുകള്‍ ആകുന്നു. ഇപ്പൊഴും കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പറയാത്തതോ എഴുതാത്തതോ ആയ ഒരു കഥകളും പുതുതായി ഉണ്ടാകുന്നുമില്ല. എന്നാല്‍ത്തന്നെ ഓരോ കഥകളും ഓരോ കാലത്തിലും അതാത് കാലത്തിന്റെ പുറംചട്ടയില്‍ കുറിക്കപ്പെടുന്നതിനാല്‍ പുതുമയുള്ളതും വേറിട്ടതും ആയി തോന്നുന്നു. ഇത് കഥയുടെ കഴിവല്ല മറിച്ചു കഥാകാരന്റെ കഴിവായി വിലയിരുത്തേണ്ടതുണ്ട്. കഥകള്‍ക്ക് മനുഷ്യന്റെ എല്ലാ വികാരങ്ങളെയും ഉണര്‍ത്താനും ഉല്ലസിപ്പിക്കാനും ഉള്ള കഴിവുണ്ട്. അതെങ്ങനെ സന്നിവേശിപ്പിക്കണം എന്നതിലാണ് കഥാകാരന്റെ കഴിവ് ഒളിഞ്ഞിരിക്കുന്നത്. കഥകള്‍ വായിച്ചു കരയുന്നവരും ചിരിക്കുന്നവരും വിഷാദിക്കുന്നവരും കോപിക്കുന്നവരും പ്രണയത്തിലാകുന്നവരും കാമം ഉണരുന്നവരും ഭയക്കുന്നവരും ഒക്കെ ഉണ്ട് . കഥകള്‍ വായിച്ചു പുസ്തകം വലിച്ചെറിയുന്നവരും ഉണ്ട് . മനുഷ്യ വികാരങ്ങളെ അറിയാനും കാണാനും പ്രതിഫലിപ്പിക്കാനും എഴുത്തുകാരന്‍ ശ്രമിക്കുന്നിടത്ത് വിജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ നമുക്ക് നഷ്ടമാകുന്ന വായനാശീലം, എഴുത്തിന്റെ സ്വാഭാവികമായ നൈസര്‍ഗ്ഗികതയെ നിശ്ചേഷ്ടമാക്കിക്കളയുന്നത് എഴുത്തുകാര്‍ മനസ്സിലാക്കുന്നിടത്താണ് അവര്‍ക്ക് വിജയിക്കാനാകുക. മലയാളകഥകളില്‍ എന്തുകൊണ്ടാണ് ചില എഴുത്തുകാര്‍ മാത്രം ഇന്നും ആദരിക്കപ്പെടുകയും വായിക്കപ്പെടുകയും ഓര്‍മ്മിക്കപ്പെടുകയും ഒക്കെ ചെയ്യുന്നത്. അവര്‍ എഴുതിയിട്ട വരികള്‍ കാലം ഇത്ര കഴിഞ്ഞും വായനക്കാരനെ മേല്‍പ്പറഞ്ഞ വിവിധങ്ങളായ മാനുഷിക വികാരങ്ങള്‍ വേട്ടയാടുന്നതിനാല്‍ മാത്രമാണത്. അടുത്തിടെ zee tv യുടെ ഒരു ഒന്പതു എപ്പിസോഡുകള്‍ കാണുകയുണ്ടായി. പ്രിയ എഴുത്തുകാരന്‍ എം. ടി യുടെ ഒന്പതു കഥകള്‍ മലയാള സിനിമയിലെ പ്രഗല്‍ഭരായ അഭിനേതാക്കള്‍ അഭിനയിച്ചു എന്നതിനപ്പുറം ആ കഥകളുടെ ചിത്രീകരണം മനസ്സില്‍ ആഴത്തില്‍ പതിയുന്ന വിധത്തില്‍ അവതരിപ്പിച്ചു എന്നു തന്നെ പറയാം. ആ കഥകള്‍ വായിച്ചിട്ടുള്ളതില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെ അതേപോലെ ആവിഷ്കരിക്കുക മൂലം സിനിമാവത്കരണം എന്ന കച്ചവട സാധ്യത അതില്‍ നിന്നും അകന്നു നിന്നപ്പോള്‍ കഥകള്‍ എത്ര ഹൃദ്യമായി എന്നു പറഞ്ഞറിയിക്കാന്‍ കഴിയില്ല.

 

എല്ലാ നാട്ടിലും കഥകള്‍ ഉണ്ട്. മലയാളിക്കെന്നല്ല മനുഷ്യര്‍ എവിടെയെല്ലാം ഉണ്ടോ അവിടെയൊക്കെ കഥകളും ഉണ്ട്. ഇത്തരം കഥകള്‍ ഭാഷയും ദേശവും കടന്നുപോകുകയും എല്ലാ മനുഷ്യര്‍ക്കും വായിക്കാന്‍ കഴിയുകയും ചെയ്യുന്നത് എത്ര സന്തോഷകരമായ അനുഭവമായിരിക്കും. ഇക്കാലത്ത് അധികം അത്തരം വായനാ സന്തോഷം ലഭ്യമാണോ എന്നറിയില്ല. കാരണം വര്‍ദ്ധിച്ചു വരുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ തന്നെ വായിച്ചു തീരുന്നില്ല അപ്പോള്‍ എങ്ങനെയാകും ഒരു വായനക്കാരന് അന്യഭാഷയുടെ വായനയെ സമീപിക്കാന്‍ കഴിയുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാലത്തിനെ അടയാളപ്പെടുത്തുന്ന കഥകള്‍ അധികം വായിക്കപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന പഞ്ചാബികളുടെ കുറേയേറെ കഥകള്‍ ഡോ. ഹര്‍ഭജന്‍ സിംഗ് സമാഹരിക്കുകയും അതിനെ നാഷണല്‍ ബുക്ക് ട്രസ്റ്റ് പി കെ മണിയിലൂടെ മലയാളത്തിലും മൊഴിമാറ്റം നല്കി സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുന്ന കാഴ്ച വര്‍ഷങ്ങള്‍ക്കിപ്പുറം അത് വായിക്കാന്‍ കഴിയുമ്പോള്‍ അടക്കി വയ്ക്കാന്‍ കഴിയുന്നതല്ല. ഇന്ത്യാ പാകിസ്ഥാന്‍ വിഭജനം പഞ്ചാബില്‍ നല്കിയ മുറിവുകള്‍ ഈ കഥകളുടെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു. ഹിന്ദുക്കള്‍, മുസ്ലീംങ്ങള്‍, സിക്കുകാര്‍ ഇങ്ങനെ മൂന്നു ജനതയുടെ ആത്മസംഘര്‍ഷങ്ങളുടെ , വിഭജനമുറിവുകളുടെ, കാഴ്ചപ്പാടുകളുടെ ഒക്കെ ഒരു സമ്മിശ്രക്കാഴ്ചയാണ് ഈ പുസ്തകത്തിന്റെ കാതലായ അംശം. ജീവിതത്തെ പച്ചയായി ആവിഷ്കരിക്കുന്ന, പ്രതിഫലിപ്പിക്കുന്ന ഈ കഥകളില്‍ കൂടി കടന്നുപോകുമ്പോള്‍ മനുഷ്യര്‍ എന്തൊക്കെ അനുഭവിച്ചിരുന്നു എന്നത് നമുക്ക് ഒരു വായന മാത്രമായി നില്ക്കും എന്നൊരു വിരോധാഭാസം കൂടിയുണ്ട് . ഗ്രാമീണ ജീവിതത്തിന്റെ ശരി തെറ്റുകള്‍ , വിശ്വാസങ്ങള്‍ , കാഴ്ചപ്പാടുകള്‍ എന്നിവയെ മനസ്സിലാക്കാന്‍ കഴിയുന്ന എഴുത്തുകള്‍ ആണ് പഴയകാല സാഹിത്യങ്ങള്‍ എന്നത് തര്‍ക്കമാറ്റ വസ്തുതയാണ്. അന്യം നിന്നുപോയ ചില കാഴ്ചകള്‍ ആയി, നോസ്റ്റാള്‍ജിയ ആയി ഇണനുഭവിക്കാന്‍ കഴിയാതെ ഓര്‍ക്കാന്‍ മാത്രം കഴിയുന്ന ഗ്രാമങ്ങളുടെ ജീവിതമറിയാനായി അതുകൊണ്ടു തന്നെ പഴയകാല സാഹിത്യം വളരെ ഉപകാരപ്പെടുന്നതാണ് . മുറിവേറ്റ മനുഷ്യരുടെ ജീവിതം മാത്രമല്ല ഗ്രാമീണതയുടെ സരളതയും ഈ കഥകളില്‍ നിറഞ്ഞു നില്ക്കുന്നു.

 

പദാനുപദ തര്‍ജ്ജമകള്‍ വിരസതയുണ്ടാക്കുന്ന കാഴ്ചകള്‍ നമുക്ക് വായനാനുഭവം ആകും. ചില രസികന്‍മാര്‍ ആകട്ടെ തര്‍ജ്ജമയില്‍ പ്രാദേശിക ഭാഷ കടമെടുത്ത് വായനക്കാരെ മറ്റൊരു ദേശമോ ഭാഷയോ അല്ല ഇവിടെ എന്റെ മുന്നില്‍ നടക്കുന്ന ഒന്നാണിത് എന്നു ദ്യോതിപ്പിക്കാന്‍ സാധിപ്പിക്കുന്ന വിധം മൊഴിമാറ്റം ചെയ്യാറുണ്ട്. പി.കെ. മണി എന്ന എഴുത്തുകാരന്‍ ഇവിടെ അത്തരമൊരു സമീപനം ആണ് മൊഴിമാറ്റത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. വായനയെ അത് രസിപ്പിക്കുന്നുണ്ട് . അരോചകമായേക്കാവുന്ന അന്യദേശത്തിന്റെ പരിതസ്ഥിതികളെ അതിനാല്‍ത്തന്നെ അനുഭവേദ്യമായ ഒന്നാക്കാന്‍ എഴുത്തുകാരന് കഴിഞ്ഞു . ഇതും ഒരു നല്ല അനുഭവവും വഴിക്കാഴ്ചയുമാണ്. തീര്‍ച്ചയായും പഴയതൊക്കെ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും , നല്ല കഥകള്‍ തേടുന്നവര്‍ക്കും നല്ലൊരു വിരുന്നാണ് ഈ പുസ്തകം എന്നു പറയാന്‍ ആഗ്രഹിക്കുന്നു. വായനയുടെ ലോകത്തില്‍ ഓരോ മനുഷ്യരും വ്യത്യസ്ഥര്‍ ആയതിനാല്‍ വായനയില്‍ മുന്‍വിധികള്‍ ഇല്ലാതെ സമീപിക്കുന്നവര്‍ക്ക് ആസ്വാദ്യകരമാകും എന്നു കരുതുന്നു. സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

Tuesday, September 10, 2024

ചെറുപുഷ്പം ........മേലങ്ങത്ത് അച്യുതമേനോന്‍

ചെറുപുഷ്പം (ഖണ്ഡകാവ്യം)
മേലങ്ങത്ത് അച്യുതമേനോന്‍ 
സാഹിത്യനിലയം 
വില : 12 അണ 


മലയാള സാഹിത്യത്തില്‍, കവിതാശാഖയില്‍ ഒട്ടനവധി ഖണ്ഡകാവ്യങ്ങള്‍ പ്രചാരത്തില്‍ ഉണ്ട് . സ്കൂള്‍ കാലത്ത് പാഠാവലികളില്‍ അവ വായിച്ചിട്ടുണ്ട് . കുമാരനാശാന്റെ കവിതകള്‍ ആയിരുന്നവയില്‍ പ്രധാനമായും ഓര്‍മ്മയില്‍ ഉള്ളത് . എന്നാല്‍ 1929 ല്‍ പ്രസിദ്ധമായതും , മദ്രാസ് സര്‍വ്വകലാശാല 1944ലെ ഇന്‍റര്‍മീഡിയറ്റില്‍ പാഠ്യ പുസ്തകമായി തിരഞ്ഞെടുത്തതുമായ ചെറുപുഷ്പം എന്ന ഖണ്ഡകാവ്യം ആദ്യമായാണ് ശ്രദ്ധയില്‍പ്പെട്ടതും വായിച്ചതും. സാധാരണ വായനയില്‍പ്പെട്ടിട്ടുള്ള ഖണ്ഡകാവ്യങ്ങള്‍ ഒക്കെയും , പഴയകാല കവിതകളും പ്രതിനിധാനം ചെയ്യുന്നത് കൃഷ്ണനും രാമനും ഒക്കെ അടങ്ങുന്ന ഹൈന്ദവ ദൈവങ്ങളുടെ ജീവിതത്തെയാണ് സംഭവങ്ങളെയാണ്. ആശാനില്‍ എത്തുന്ന സമയത്താണ് അവയില്‍ ഗ്രാമീണ ജീവിതം വന്നത് എന്നൊരു തോന്നല്‍ ഉണ്ട്. ചങ്ങമ്പുഴയുടെ കാലത്തും അതിനു ജനകീയത ഉണ്ട് എന്നത് കാണാം. പക്ഷേ മേലങ്ങത്ത് അച്യുതമേനോന്‍ എഴുതിയ ചെറുപുഷ്പഹാരം എന്ന ഖണ്ഡകാവ്യം യേശുവിന്റെ ജീവിതവും മഹത്വവും ഒക്കെ പ്രമേയമായ ഒന്നാണ് . ഇത് ഒരു പക്ഷേ വിരളമായ ഒരു വായനയായി എനിക്കു തോന്നിയത് എന്റെ വായനയുടെ പരപ്പിന്റെ കുറവുമാകാം . എങ്കിലും വായനയില്‍ സന്തോഷം തോന്നിയത് കവിതയുടെ ഭംഗി കൊണ്ട് തന്നെയാണ് . ഇത്തരം കവിതകകള്‍ വായിക്കുമ്പോള്‍ ആണ് ഒരു കവിത എഴുത്തുകാരന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടുന്ന വിവിധങ്ങളായ വിഷയങ്ങളെ ഓര്മ്മ വരിക . വൃത്തം , അലങ്കാരം തുടങ്ങിയ നിയമങ്ങള്‍ ഉള്ള ഒരു സംഗതിയെ എഴുതുന്നതും , വായില്‍ വരുന്നത് അത് പോലെ സാഹിത്യഭംഗിയില്‍ എഴുതുന്നതും ഒന്നാണ് എന്നു കരുതുന്ന അബദ്ധ പഞ്ചാംഗങ്ങള്‍ ആണ് നവയുഗ എഴുത്തുകാര്‍ മിക്കവരും. തങ്ങളുടെ എഴുത്തുകളെ ഇഷ്ടം പോലെ വളച്ചൊടിച്ച് കവിതവല്‍ക്കരിച്ചു അരികും മൂലയും ചെത്തിമിനുക്കി അവതരിപ്പിക്കുകയും അതിനു മേല്‍ അടയിരുന്നു ന്യായവാദം മുഴക്കുകയും ചെയ്യുന്ന ഒരുപാട് കവികളെ കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട് . 
ഏതൊരു കാര്യത്തിനും ഒരു നിയമം നല്ലതാണ്, അത് അനുസരിച്ചു പ്രവര്‍ത്തിക്കുന്നതും നല്ലതാണ്. ഇവയുടെ പിടിയില്‍ നിന്നും വെളിയില്‍ വരികയും അരാജകത്വം പ്രവര്‍ത്തിക്കുകയും ചെയ്യുകയും ഇതാണ് ശരി എന്നു പറയുകയും ചെയ്യുന്നതും ശരി തന്നെയാണ് എന്നു കരുതുന്നവരുടെ പ്രധാന പ്രശ്നം , ഞാന്‍ മനസ്സിലാക്കുന്നത് കവിതാ നിയമങ്ങള്‍ അനുസരിച്ചു കവിത എഴുതാന്‍ പുറപ്പെട്ടാല്‍ ഇവരില്‍ നിന്നും കവിത വരിക വലിയ ക്ലേശകരമായ ഒരു സംഗതിയാണ് എന്നതാണു. അതിനാല്‍ത്തന്നെ ഇവരൊരിക്കലും അതിനെ ന്യായീകരിക്കാന്‍ നില്‍ക്കില്ല. ചര്‍ച്ചയ്ക്ക് വരുന്നവര്‍ ആദ്യമേ പറഞ്ഞു തുടങ്ങുക ഇത് സവര്‍ണ്ണതയുടെ ശേഷിപ്പാണ് എന്നൊക്കെയാവും. എ.ആര്‍. രാജരാജവര്‍മ്മയുടെ കവിതയും സാഹിത്യവും എങ്ങനെയുണ്ടാകണം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഒരുകാലവും ഇവര്‍ വായിച്ചു നോക്കുകയുമില്ല. എന്തിനധികം പറയണം. ഇത് പറയുന്നവരോടു പോലും ഇത്തരക്കാര്‍ കാണിക്കുന്ന മനോഭാവം ഇവരൊക്കെ പഴഞ്ചന്‍മാര്‍ ആണ് ഇവര്‍ ഇപ്പൊഴും സവര്‍ണ്ണതയുടെ വാഹകര്‍ ആണെന്നൊക്കെയാകും. 
ആധുനിക കവിത , അത്യാന്ധാധുനിക കവിത എന്നൊക്കെ പുതിയ കാലം കവിതകളെ വേര്‍തിരിച്ചു കാണിച്ചുകൊണ്ടു ഒരുപാട് മാറ്റങ്ങളെ കുറിച്ച്  സംസാരിക്കുന്നുണ്ട്. ഇന്നൊരു അന്‍പത് വയസ്സു കഴിഞ്ഞ ഏതൊരാള്ക്കും താന്‍ തന്റെ സ്കൂള്‍ പഠന കാലത്ത് പഠിച്ച ഒരു കവിതയെങ്കിലും മനസ്സില്‍ കുറച്ചു വരികള്‍ എങ്കിലും ഓര്മ്മ വരും. കാരണം അത് കവിതയായി താളത്തോടെ മനസ്സില്‍ പതിഞ്ഞത് കൊണ്ടുതന്നെയാണ്. എന്നാല്‍ ഇനിയോര് അന്‍പത് വര്ഷം കഴിഞ്ഞാല്‍ അന്നത്തെ അന്‍പതുകാര്‍ക്ക് അങ്ങനെ ഓര്‍ക്കാന്‍ ഒരു കവിത ഉണ്ടാകും എന്നു കരുതുന്നത് അതിമോഹം ആയിരിയ്ക്കും. ഇന്നത്തെ കവികളുടെ കവിതകളെ എത്ര പേര്‍ക്ക് എത്ര കവിത അറിയാം എന്നു വെറുതെ ഒന്നു ചിന്തിച്ച് നോക്കിയാല്‍ തന്നെ ഈ പോരായ്മയെ മനസ്സിലാക്കാം. എഴുത്തുകാരന് പോലും അറിയില്ല ഇത് താന്‍ എഴുതിയതാണോ എന്നതാണ് അവസ്ഥ . 
തര്‍ക്ക വിതര്‍ക്കങ്ങള്‍ നിലനില്‍ക്കട്ടെ . അവനനവന് ശരിയെന്ന് തോന്നുന്നത് എഴുതട്ടെ . അതിനപ്പുറം തിരുത്താനും വിമര്‍ശിക്കാനും നില്‍ക്കുന്നത് പാഴ് വേലയാണ് എന്നു കരുതുന്നു. ചെറുപുഷ്പഹാരം എന്ന ഖണ്ഡകാവ്യം ഒരു കവിതയെന്ന രീതിയില്‍ , വിഭിന്ന വൃത്തങ്ങളുടെ ഒരു സമന്വയം എന്ന രീതിയില്‍ വായനയില്‍ ഇഷ്ടം തോന്നി. ദൈവ ചിന്തകളും അവരുടെ പൊലിപ്പിക്കപ്പെടുന്ന ജീവിത കഥകളും ഇന്നത്തെ സമൂഹത്തില്‍ കാലഹരണപ്പെട്ട ഒന്നായതിനാല്‍ അതിനെ ശ്രദ്ധിക്കാന്‍ പോകുന്നില്ല. കവിതകളുടെ രൂപപരിണാമങ്ങളെ നോക്കിക്കാണാനും പഠിക്കാനും ശ്രമിക്കുന്നവര്‍ക്ക് വായനയ്ക്കുതകുന്ന ഒരു പുസ്തകം എന്നു മാത്രം അടയാളപ്പെടുത്തുന്നു. ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

ബന്‍ഗര്‍ വാടി .................വെങ്കടേഷ് മാട്ഗുഴ്ക്കര്‍

 

ബന്‍ഗര്‍ വാടി (നോവല്‍)

വെങ്കടേഷ് മാട്ഗുഴ്ക്കര്‍

വിവര്‍ത്തനം : ബാബു

നാഷണല്‍ ബുക്ക് ട്രസ്റ്റ് (1976)

വില : 25.00

            മനുഷ്യരുടെ ജീവിതത്തെ പച്ചയായി അവതരിപ്പിക്കുന്ന എഴുത്തുകള്‍ എന്നും വായനക്കാരെ ആകര്‍ഷിച്ചിരുന്നവയായിരുന്നു. സമൂഹത്തിന്റെ മുഖം അതുപോലെ പറഞ്ഞു പോകുന്നതില്‍ ഒരു നൈതികത ഉണ്ട് . ഈ നൈതികത ആണ് എഴുത്തുകാരന്റെ ഐഡന്‍റിറ്റി വെളിവാക്കപ്പെടുന്നത് . എം ടി ആയാലും മാധവിക്കുട്ടി ആയാലും മുകുന്ദന്‍ , സേതു , ഒ വി വിജയന്‍ തുടങ്ങി എണ്ണം പറഞ്ഞ ഏതൊരു എഴുത്തുകാരന്റെയും എഴുത്തുകാരിയുടെയും രചനകളെ വായനക്കാര്‍ ഹൃയദയപൂര്‍വ്വം സ്വീകരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. ഇന്നത്തെ വായന മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു മറാഠി നോവലാണ് . മറാത്താ സാഹിത്യത്തില്‍ വളരെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ ആണ് വെങ്കടേഷ് മാട്ഗുഴ്ക്കര്‍ . മറാത്ത സാഹിത്യത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ ഒരു പഴയകാല സാഹിത്യകാരന്‍. അദ്ദേഹത്തിന്‍റെ വളരെ പ്രശസ്തമായ ഒരു നോവല്‍ ആണ് ബംഗര്‍ വാടി. 1956 ല്‍ പുസ്തകമായി ഇറങ്ങുമ്പോl തന്നെ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു നോവലാണ് ഇത്. ഇംഗ്ലീഷിലടക്കം ഒട്ടനവധി ഭാഷകളിലേക്ക് ഈ പുസ്തകം സഞ്ചരിച്ചിട്ടുണ്ട് . മലയാളത്തിലേക്കു ബാബു എന്ന എഴുത്തുകാരന്‍ തര്‍ജ്ജമ ചെയ്ത ഈ പുസ്തകം നാഷണല്‍ ബുക്ക് ട്രസ്റ്റ് ആണ് 1976 ല്‍ പുറത്തിറക്കിയത്.

            ഗ്രാമം പശ്ചാത്തലമാക്കി ആയിരുന്നു പഴയകാല നോവലുകള്‍ മിക്കതും സംഭവിച്ചിട്ടുള്ളത് . ഗ്രാമം, അവിടെ നിന്നും നഗരത്തിലേക്കുള്ള പലായനം അതുപോലെ നഗരജീവിതവും ഗ്രാമീണതയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ , പാളിച്ചകള്‍ ഒക്കെയാണ് വായനയില്‍ കണ്ടിട്ടുള്ളത് . തിരികെ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരങ്ങളും വിഷയങ്ങള്‍ ആയി വന്നിട്ടുണ്ട് . തസ്റാക്ക് ഒരു നോസ്റ്റാള്‍ജിയയായി മലയാളിയുടെ മനസ്സില്‍ നിറച്ച ഒ വി വിജയനെ ഇത്തരുണത്തില്‍ സ്മരിക്കാതെ വയ്യ. കാരണം മലയാളിക്ക് തസ്റാക്ക് എന്ന സ്ഥലം സമ്മാനിച്ചപോലെ, ബംഗര്‍വാടി എന്ന ഇടയാഗ്രാമത്തെ വെങ്കടേഷ് മറാത്തിക്ക് സമ്മാനിച്ചിരുന്നു. ഈ ഇടയഗ്രാമത്തിലെ സ്കൂളിലേക്ക് വരുന്ന അദ്ധ്യാപകന്‍ . അയാള്‍ ആ ഗ്രാത്തിലേക്ക് വരുന്നതും അവിടെയുള്ള ജനങ്ങളുടെ ഇടയില്‍ ഒരു സ്ഥാനം നേടിയെടുക്കുന്നതും തനിക്ക് മുന്‍പുണ്ടായിരുന്ന അദ്ധ്യാപകനെക്കാള്‍ സ്വീകാര്യനായിത്തീരുകയും ഗ്രാമത്തിന്റെ ബൌദ്ധികവും സാംസ്കാരിക വികാസത്തിനുമായി പ്രയത്നിക്കുന്നതും ആണ് ഈ നോവല്‍ ഇതിവൃത്തം. പുലരുമ്പോള്‍ ആട്ടിന്‍ കൂട്ടങ്ങളുമായി മേയ്ക്കാന്‍ പോകുന്ന പുരുഷന്മാരും പാടത്തും മറ്റും ധാന്യ ശേഖരണം നടത്താന്‍ പോകുന്ന സ്ത്രീകളും നിറഞ്ഞ ആ ഗ്രാമത്തില്‍ പണിയെടുക്കാതെ ഉള്ളത് പ്രായമായി രോഗം ബാധിച്ചവരും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളും മാത്രമാണു . വിദ്യാഭ്യാസ ഒരു വലിയ കാര്യമായി അവര്‍ കാണുന്നതേയില്ല. അതുകൊണ്ടാണ് സ്കൂളില്‍ പോകാന്‍ തുടങ്ങിയ മകന്‍ ഒരു ദിവസം തങ്ങളുടെ ആട്ടിന്‍ കൂട്ടത്തെ ആക്രമിച്ച ചെന്നായയെ വെട്ടിക്കൊന്നതിനാല്‍ ഇനി അവന്‍ പഠിക്കണ്ട അവന്‍ വലുതായി ധീരനായി ഇനി അവന്‍ ആടിനെ മേയ്ക്കാന്‍ പോകട്ടെ എന്നു മാതാപിതാക്കള്‍ തീരുമാനിക്കുന്ന രംഗം നമുക്ക് കാണിച്ചു തരുന്നത് .

            ദാരിദ്ര്യവും വൃത്തിഹീനവും ആയ ആ ഗ്രാമാന്തരീക്ഷത്തെ മാറ്റി മറിയ്ക്കാന്‍ തക്കവണം കഴിവൊന്നും ആ അദ്ധ്യാപകന് ഉണ്ടായിരുന്നില്ല . എങ്കിലും കഴിവതും കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വരുവിക്കാന് ആ അദ്ധ്യാപകന് കഴിഞ്ഞു . അതുപോലെ ആ ഗ്രാമത്തിന് കെട്ടുറപ്പുള്ള ഒരു കെട്ടിടം പണിയിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു അതുകൊണ്ടു അവര്‍ക്ക് പിന്നീട് ഉപയോഗം ഒന്നും ഉണ്ടാകുന്നില്ല എങ്കിലും. ആ ഇടയ ഗ്രാമത്തിന്റെ പ്രത്യേകതയായി എടുത്തു പറയാന്‍ ഉള്ളത്  അവിടെയുള്ള മനുഷ്യര്‍ക്ക് കളങ്കമില്ലാത്ത ഒരു മനസ്സുണ്ടായിരുന്നു എന്നതാണു. ഒരാള്‍ മോഷണം തൊഴിലാക്കിയ ആള്‍ ആണ്. സ്ഥിരം മോഷണം അല്ല പക്ഷേ ആഹാരത്തിന് വേറെ ഒരു മാര്‍ഗ്ഗവും കിട്ടിയില്ലെങ്കില്‍ പുള്ളിക്കാരന്‍ ഏതെലും കൃഷിഭൂവിലേക്ക് ഇറങ്ങും . കുറച്ചു പച്ചക്കറി മോഷ്ടിക്കും. ശേഷം ഉടമസ്ഥനെ കാണുമ്പോ പറയും അടുത്തിടെ വിള മോഷണം പോയിരുന്നു അല്ലേ . അത് ഞാനാ എടുത്തത്. മൃഗങ്ങളും പക്ഷികളും കൊണ്ട് പോയെന്ന് കരുതിക്കോ. അതുപോലെ അമിതമായ മുതല്‍ മോഹം അയാളില്‍ ഇല്ല. കാരണം ഒരിക്കല്‍ അദ്ധ്യാപകന്റെ ഭക്ഷണം രാത്രിയില്‍ മോഷ്ടിച്ചുകൊണ്ടു പോകുമ്പോള്‍ ആ കെട്ടില്‍ ഉണ്ടായിരുന്ന പണം കണ്ടപ്പോള്‍ അതില്‍ നിന്നും മൂന്നു രൂപ മാത്രം എടുത്തു ബാക്കി കുറച്ചു ദിവസം കഴിഞ്ഞു തിരികെ കൊണ്ട് കൊടുത്തു ഞാനാണ് എടുത്തത് ക്ഷമിക്കണം എന്നു പറയുന്ന ഒരു അവസ്ഥ കാണാം.

            വേനലും വരള്‍ച്ചയും മഴ ഇല്ലായ്മയും കൊണ്ട് നട്ടം തിരിയുന്ന നാടിന്റെ അവസ്ഥ കൂടി പറയാതെ ഈ നോവല്‍ പൂര്‍ത്തിയാവില്ല . വിളകള്‍ നഷ്ടമാകുകയും ഭൂമി വരണ്ടു ഉണങ്ങുകയും ചെയ്തപ്പോള്‍ (മഴ ഇല്ലാതായത്തിന് ഗ്രാമീണരുടെ വിശ്വാസമിതാണ്. രാമന്‍ അത് വഴി പോകുമ്പോള്‍ , വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത സമയത്ത് മഴ പെയ്തു നനഞ്ഞതിനാല്‍ മഴയെ കോപിച്ചു ആട്ടിയോടിച്ചതിനാലാണ് അവിടെ മഴ പെയ്യാത്തതെന്ന് ) ഗ്രാമീണര്‍ തങ്ങളുടെ ആടുകളെ വിറ്റും സാധനങ്ങള്‍ വിറ്റും പിടിച്ച് നില്‍ക്കന്‍ ശ്രമിക്കുകയും ഒടുവില്‍ ഓരോരുത്തരായി മറ്റ് ഗ്രാമങ്ങള്‍ തിരഞ്ഞു പോകുകയും ചെയ്യുന്ന അതി ദയനീയമായ കാഴ്ച വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് ഈ നോവല്‍ . ഭാഷയിലെ ചാരുതയും തര്‍ജ്ജമയിലെ ഭംഗിയും വായനയെ സന്തോഷിപ്പിച്ചു എന്നു പറയാതെ വയ്യ. ഗ്രാമീണ ഭാഷയുടെ , ചിന്തയുടെ , ജീവിതത്തിന്റെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ നോവല്‍ നല്ലൊരു വായന അനുഭവം ആയിരുന്നു. തര്‍ക്കമില്ല ഈ നോവല്‍ അന്ന് ഇത്രയേറെ സ്വീകരിക്കപ്പെട്ടത് എന്നറിയുന്നതില്‍ . അന്യഭാഷാ നോവലുകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന ഭാഷയോടും സംസ്കാരത്തോടുമുള്ള അകല്‍ച്ചയും പരിഭ്രാന്തിയും ഈ നോവലില്‍ കാണാന്‍ കഴിയുന്നില്ല എന്നതും നല്ലൊരു അനുഭവം തന്നെയാണ് . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

Friday, August 30, 2024

ആദര്‍ശ ഹിന്ദു ഹോട്ടല്‍ ........ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ

ആദര്‍ശ ഹിന്ദു ഹോട്ടല്‍ (നോവല്‍)
ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ
വിവര്‍ത്തനം : രവി വര്‍മ്മ 
നാഷണല്‍ ബുക്ക് ട്രസ്റ്റ് (1989)

ഒരു കാലത്ത് മലയാളിയുടെ വായനയെ പരിപോഷിപ്പിക്കുകയും  ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തുകയും ചെയ്തിരുന്ന ഘടകമാണ് വിദേശ ഭാഷകളില്‍ നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്ന മനോഹരമായ കഥകളും നോവലുകളും കവിതകളും ഒക്കെ . മലയാള സാഹിത്യത്തിന്റെ ഉണര്‍വ്വുമുത്തേജനവുമായി എഴുത്തുകാരെ കര്‍മ്മനിരതരാക്കുന്നതില്‍ ഈ മൊഴിമാറ്റങ്ങളും വായനകളും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട് . പഴയ തലമുറയിലെ എഴുത്തുകാരെ ആരെ എടുത്തു നോക്കിയാലും അവരിലൊക്കെ പരന്ന വായനയും , ചര്‍ച്ചകളും നടന്നിരുന്നതായി വായിക്കാനും അറിയാനും കഴിയും. ആധുനിക സാഹിത്യത്തില്‍ ഇല്ലാതെ പോകുന്ന ഒരു വസ്തുതയാണ് പരന്ന വായനയും തുറന്ന ചര്‍ച്ചകളും. ഇവിടെ ഇന്ന് കൊണ്ടാടപ്പെടുന്ന ഒരു സംഘടനകളും ആ ഒരു കാര്യത്തില്‍ വ്യഥ്യസ്തമല്ല . അവര്‍ വായിക്കുന്നത് അവരുടെ ഗ്രൂപ്പുകളില്‍ ഉള്ളവരില്‍ നിന്നും അവര്‍ തന്നെ തിരഞ്ഞെടുക്കുന്ന താത്പര്യങ്ങള്‍ക്ക് മേലുള്ള വായനകളും അഭിപ്രായങ്ങളും മാത്രമാണു . മലയാളഭാഷയില്‍ ഇതിന് മുന്പും ഇതിന് ശേഷവും മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ടായിട്ടില്ല എന്നൊക്കെയാണ് അഭിനവ നിരൂപണ സിംഹങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ പറഞ്ഞു കാണാറുള്ളതും . എന്നാല്‍ ആ പുസ്തകം ഒരു പക്ഷേ അവര്‍ പോലും മുഴുവന്‍ വായിച്ചിട്ടുണ്ടോ എന്നത് സംശയം ആണ് . അവര്‍ നോക്കുന്നത് എഴുതിയ ആളിനെയാണ് പുസ്തകമല്ല. അതില്‍ പല താത്പര്യങ്ങളും ഉണ്ടാകുകയും ചെയ്യാം. 

പഴയകാല വായനകളെ ഉത്തേജിപ്പിച്ചു നിര്‍ത്തിയ മൊഴിമാറ്റ സംരംഭങ്ങളെ ആണ് പറഞ്ഞു വന്നത് ഇടക്ക് വഴിമാറിപ്പോയി എന്നത് സത്യം. തര്‍ജ്ജമകള്‍ പലപ്പോഴും വായിക്കുമ്പോള്‍ ഇത് മറ്റാരുടെയോ ഭാഷയാണ് ഇത് മനസ്സിലാക്കുന്നത് വലിയ പ്രയാസമാണ് എന്നു തോന്നിപ്പോകാറുണ്ട് . ഇതിന് കാരണം മൊഴിമാറ്റം ചെയ്യുന്നവര്‍ പ്രയോഗിക്കുന്ന പദാനുപദഭാഷമാറ്റം ആണെന്ന് കരുതുന്നു. ഈ ഒരു അസ്കിത ഒഴിവാക്കി നോക്കിയാല്‍ മൊത്തത്തില്‍ ഒരു നവോന്മേഷം നല്‍കുന്ന തിരഞ്ഞെടുപ്പുകള്‍ ആയിരുന്നു അന്ന് സാഹിത്യ രചനകളില്‍ എഴുത്തുകാര്‍ കൈകൊണ്ടത്, പ്രസാധകര്‍ സ്വീകരിച്ചതും. ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായയെ അറിയാത്തവര്‍ ചുരുക്കമാണ് എന്നു പറയാന്‍ വിഷമം ഉണ്ട് . കാരണം ആധുനിക മലയാള സാഹിത്യത്തില്‍ അതൊരു സത്യമാണ്...  മറവി അല്ലെങ്കില്‍ അറിവില്ലായ്മ . പഥേര്‍ പാഞ്ചാലി പോലുള്ള കൃതികളിലൂടെ ബംഗാളി ഭാഷയില്‍ നിറഞ്ഞു നിന്ന ഒരു പ്രശസ്ത സാഹിത്യകാരനാണ് ബിഭൂതിഭൂഷന്‍ ബന്ദ്യോപാധ്യായ. എഴുപതോളം പുസ്തകങ്ങള്‍ സ്വന്തമായിട്ടുള്ള അദ്ദേഹത്തിന്റെ കൃതികള്‍ ഒരുകാലത്ത് ഇന്ത്യന്‍ സാഹിത്യത്തില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു. സാഹിത്യത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്ന രണ്ടു ഭാഷകളായിരുന്നു ബംഗാളി ഭാഷയും മലയാള ഭാഷയും. മറ്റ് ഭാഷകളില്‍ കൃതികള്‍ ഇല്ല എന്നല്ല പക്ഷേ ശ്രദ്ധിക്കപ്പെട്ടവ മിക്കതും ഈ രണ്ടു ഭാഷകളുടെയായിരുന്നു . അവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നോവലുകളും കഥകളും ഇന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ ആയി വായനക്കാരില്‍ മാത്രമല്ല കാഴ്ചക്കാരിലും ചെന്നെത്തിയിരുന്നു . 

ഹജാരി ഠാക്കൂര്‍ എന്ന മനുഷ്യന്റെ ജീവിതമാണ് ആദര്‍ശ ഹിന്ദു ഹോട്ടല്‍ എന്ന ഈ നോവലിന്റെ ഇതിവൃത്തം . ബംഗാളില്‍ നിലനിന്ന സാമൂഹിക ക്രമവും സമൂഹ വീക്ഷണവും ഇന്ത്യന്‍ ജീവിത്തിലേക്ക് വരുന്ന പുതുമകളും ഒക്കെ ഈ നോവല്‍ വരച്ചിടുന്നു . ഇന്ത്യന്‍ റയില്‍വേയുടെ ആദ്യകാലം, ബ്രിട്ടീഷ് ഭരണ കാലം , ബംഗാളിന്റെ സാമൂഹ്യ ജീവിതം ഒക്കെയും ഈ നോവലിന്റെ പശ്ചാത്തലമായി നില്ക്കുന്നു . ഒരു ഹോട്ടലിലെ പാചകക്കാരനായി എട്ടു രൂപ മാസവേതനത്തില്‍ ജോലി ചെയ്യുന്ന സാധുബ്രാഹ്മണനായ ഹാജാരി ഠാക്കൂര്‍ എന്നും കനവ് കാണുന്നത് സ്വന്തമായി ഒരു ഹോട്ടലും അത് നടത്തിക്കാട്ടി തന്റെ യജമാനനേ എങ്ങനെയാണ് മനുഷ്യരോടു ഇടപെടേണ്ടത് എന്നു മനസ്സിലാക്കിക്കൊടുക്കാന്‍ എന്നും കനവ് കാണുന്ന ഒരു ദരിദ്രന്‍ . അയാളുടെ ലോകം ആ കുശിനിയും അവിടെയുള്ള മനുഷ്യരും ദൂരെ ഗ്രാമത്തിലുള്ള തന്റെ കുടുംബവും മാത്രമാണു . പക്ഷേ തന്റെ ആഗ്രഹം അയാള്‍ ക്രമേണ എങ്ങനെ സാധിച്ചെടുക്കുന്നു എന്നും അയാള്‍ എവിടെ എത്തിയെന്നും കാണുമ്പോഴാണ് അസാധ്യമായ് ഒന്നുമില്ല എന്ന വാക്യം അന്വര്‍ത്തമാകുന്നത് . നിഷ്കളങ്കരായ ഗ്രാമീണരും , അവരുടെ ജാതി ഭക്തിയും , മനുഷ്യരോടുള്ള ദയവായ്പ്പും വളരെ മനോഹരമായിത്തന്നെ നോവലില്‍ അടയാളപ്പെടുന്നു . ആധുനിക സമൂഹത്തിനു അന്യമായ കാഴ്ചകളാണ് അവ . മലയാളത്തിലെ അനവധി പ്രധാന കഥകളും നോവലുകളും മാനുഷിക മൂല്യം , മത സൌഹാര്‍ദ്ദം മനുഷ്യനിലെ വിവിധ വികാരങ്ങളും വിവേചനങ്ങളും ഒക്കെക്കാട്ടി നമ്മെ ആനന്ദിപ്പിച്ചിട്ടുണ്ട് . അവയൊക്കെ പ്രാദേശികമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അതേ പോലെയുള്ള ഒരു അനുഭൂതിയാണ് ഈ നോവലിലും കാണാന്‍ കഴിയുക . മനുഷ്യനിലെ നന്‍മയുടെ അംശങ്ങളെ കാട്ടിത്തരുന്ന ഠാക്കൂര്‍ , കുസുമം , ആന്‍സിത തുടങ്ങിയവരുടെ ഇടയിലെ നിര്‍മമമായാ ബന്ധവും പത്മം, ബേക്ക് ചക്കത്തി തുടങ്ങിയ മനുഷ്യരിലൂടെ ചതി, പക, തുടങ്ങിയ മാനുഷിക വികാരങ്ങളുടെ പ്രസരണ വഴികളും നോവലില്‍ പകര്‍ത്തൂമ്പോള്‍ അതിശയോക്തികള്‍ ഒട്ടുംതന്നെ ഉണ്ടാകുന്നില്ല മാത്രവുമല്ല വായനക്കാരന് അറിയാത്ത ഒരു വഴിയിലൂടെയോ കാണാത്ത ഒരാളിനെയോ നോവല്‍ സമ്മാനിക്കുന്നില്ല എന്നതാണു പ്രത്യേകത. അവരുടെ മനോസഞ്ചാരങ്ങളിലൂടെ വളരെ എളുപ്പം സഞ്ചരിക്കാന്‍ കഴിയും വിധം ലളിതമാണ് അവതരണം. തര്‍ജ്ജമയിലും രവി വര്‍മ്മ ഈ ഒരു ലാളിത്യം കൊണ്ട് വന്നിട്ടുള്ളതിനാല്‍ വായന ആയാസരഹിതവും  അനുഭാവെദ്യവും ആകുന്നു. 

വായിക്കാന്‍ നല്ലൊരു നോവല്‍ എന്നതിനപ്പുറം ഒരു കാലഘട്ടത്തെ ഓര്‍മ്മിക്കാന്‍ ഒരു വായന നല്‍കുന്ന പുസ്തകമാണ് ആദര്‍ശ ഹിന്ദു ഹോട്ടല്‍ എന്നു പരിചയപ്പെടുത്താന്‍ ആണ് ആഗ്രഹം. തീര്‍ച്ചയായും സാഹിത്യത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പുസ്തകം നല്ലൊരു വായന സമ്മാനിക്കും എന്നതില്‍ സംശയമില്ല. സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

Thursday, August 22, 2024

സമസ്യ പോലെ നീ

എൻ്റെ പ്രതീക്ഷകൾക്കപ്പുറം ചരിക്കുന്ന വെള്ളിനക്ഷത്രമേ !
നിൻ്റെ ജ്വലിക്കും കണ്ണിണകളിൽ വീണെൻ കരളുരുകുന്നു.
എൻ്റെ സ്വപ്നങ്ങൾക്കപ്പുറം നല്കുന്ന വാർമഴവില്ലേ
നിൻ്റെ നിറക്കൂട്ടിൽ വീണെൻ നിഴൽ മറഞ്ഞിടുന്നു.

നിൻ്റെ പറമ്പിലെ ഒരില പോലുമിന്നെനിക്കപരിചിതമല്ല.
നിന്നുടലിലേയൊരു മറുകു പോലുമിന്നീ മിഴി കാണാത്തതില്ല.
എങ്കിലും നീയെൻ്റെ ചാരത്തു നിന്നും മറഞ്ഞുനില്ക്കുമ്പോൾ
നിൻ്റെ കിടക്കയിൽ ഞാനണഞ്ഞീടുന്നു ചോരനെപ്പോലെ.

അമ്പിളിമാമനെ കൊണ്ടുവരാൻ പറഞ്ഞു പോയെന്നാൽ
സൂര്യനെയപ്പാടെ കൈകളിലേന്തി നീ വന്നു നിന്നീടുന്നു.
ഒരു കിണർ വെള്ളം കുടിക്കാൻ കൊതി പറഞ്ഞീടുകിൽ
ഒരു കടൽ നീയെൻ്റെ മുന്നിലായക്ഷണം വിതാനിച്ചിടുന്നു.

നിൻ്റെ ഹൃദയത്തിന്നറകളിൽ ഞാൻ എന്നെ തിരയവേ
ചെത്തിയെടുത്തതെൻ കാൽക്കൽ വച്ചീടുന്നു കല്മഷമില്ലാതെ
നിന്നെ പിരിഞ്ഞു നടന്നു തുടങ്ങാൻ ഞാൻ നിനച്ചീടവേ
എൻ്റെ പാതയിൽ നീ ചിതറി വീഴുന്നു പൂക്കളെപ്പോലെ.
@ ബി.ജി.എൻ.വർക്കല

Tuesday, August 20, 2024

ഒരു ഗാനം കൂടി

പ്രണയം നിലാവിൻ്റെ പൂക്കൂട നെയ്യുന്ന
പകലിൻ്റെ ചാരത്തിലൂടെ 
യാത്ര ചെയ്യും എൻ്റെ കൂട്ടുകാരീ നിൻ്റെ
ചിത്തത്തിൽ ഞാനുമുണ്ടെന്നോ.!!
നിൻ്റെ ചിത്രത്തിൽ ഞാനുണ്ടെന്നോ.

കരളിൽ വികാരത്തിൻ തീക്കൂട വിതറുന്ന
ഇരുളിൻ്റെ പാതയിലൂടെ
കടന്നുപോകും എൻ്റെ കൂട്ടുകാരാ നിൻ്റെ
മനസ്സിൽ ഞാൻ മാത്രമാണെന്നോ?
നിൻ്റെ മിഴിയിലെൻ രൂപമാണെന്നോ!

ഒരു പാത തന്നുടെ ഇരുവശം ചേർന്നു നാം
അപരിചിതരായി നടക്കാൻ
ഇനിയുമീ മുഖപടം എന്തിനണിയണം
വരിക ഈ കൈവിരൽ പിടിക്കൂ
കൈകോർത്തു നാമിനി നടക്കാം.

കുളിർകോരുമീ പുലർകാലത്തിൻ വെളിച്ചം
ഉടയാടയായണിയുന്ന നമ്മൾ
ഒരു സ്വപ്നം ഉള്ളിൽ വിരിയുന്നീ ഉലകിൻ
അനന്തത പുൽകാൻ കൊതിപ്പൂ
നാമൊരുമിച്ചു പോകാൻ കൊതിപ്പൂ.
@ ബി.ജി.എൻ വർക്കല 

Thursday, August 15, 2024

ഇന്ദുലേഖ............ ഒ.ചന്തുമേനോൻ

ഇന്ദുലേഖ (നോവല്‍)
ഒ ചന്തുമേനോന്‍ 


മലയാളത്തിലെ പഴയ പുസ്തകങ്ങള്‍ വായിക്കാന്‍ ഒന്നുകൂടി തോന്നിപ്പിക്കുന്നത് അവ ഇക്കാലത്തില്‍ ഒരു പുനര്‍വായന അര്‍ഹിക്കുന്നു എന്ന ചിന്തയില്‍ നിന്നല്ല. മറിച്ച് കുട്ടിക്കാലത്തിലെ പാകതയില്ലാത്ത വായനകള്‍ ഇന്ന് ഒന്നുകൂടി വായിച്ചു നോക്കേണ്ടതിന്റെ കൗതുകം കൊണ്ട് മാത്രം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്പ് പാഠപുസ്തകത്തില്‍ പഠിച്ചു എന്നൊരോര്‍മ്മ മാത്രമാണു ഇന്ദുലേഖ എന്ന നോവലിനെക്കുറിച്ച് പറയാന്‍ ആദ്യം കിട്ടുന്നത്. സൂരി നമ്പൂതിരിപ്പാടിന്റെ ഭോഷത്തരങ്ങള്‍ , ഇന്ദുലേഖയും മാധവനും തമ്മിലുള്ള അനുരാഗം . ഇവയുടെ ഇടയിലെ സങ്കടകരമായ ഒരു വേര്‍പാടും പിന്നെയുള്ള ഒന്നിക്കലും. കഴിഞ്ഞു ഇന്ദുലേഖ എന്ന നോവലിനെക്കുറിച്ചുള്ള ഓര്‍മ്മയും ധാരണയും ഇവ മാത്രമാണു . മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന വിശേഷണം ഇന്ദുലേഖയ്ക്കും ആദ്യ നോവല്‍ എന്ന പദവി കുന്ദലതയ്ക്കും ആണെന്ന് കേട്ടിട്ടുണ്ട്. ചരിത്രങ്ങളില്‍ താത്പര്യമുണ്ടെങ്കിലും സാഹിത്യ ചരിത്രങ്ങള്‍ തിരഞ്ഞു പോകാനോ ഓര്‍മ്മയില്‍ സൂക്ഷിക്കാനോ താത്പര്യം തോന്നാത്തതിനാല്‍ അതിന്റെ ചര്‍ച്ചകളിലേക്കൊ വിശേഷങ്ങളിക്കോ പോകാന്‍ തോന്നുന്നില്ല. എന്റെ താത്പര്യം മനുഷ്യ ചരിത്രവും മറ്റ് സാംസ്കാരിക ചരിത്രവും ഒക്കെയായതിനാല്‍ സാഹിത്യ ചരിത്രങ്ങള്‍ ഓര്‍മ്മയില്‍ ഇല്ല തന്നെ . സത്യത്തില്‍ ഇതുവരെയും ഇന്ദുലേഖയെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയോ വായനയോ ഞാൻ കാണാനോ ശ്രദ്ധിക്കാനോ ശ്രമിച്ചിട്ടില്ല എന്നതിനാല്‍ത്തനെ ഞാന്‍ ഈ പുസ്തകത്തെ വായിച്ചത് എഴുതുമ്പോൾ സാധാരണഗതിയില്‍ വായനക്കാര്‍ക്ക് ഒരു തമാശയോ അതിഭാവുകത്വമോ തോന്നിയേക്കാം എന്നത് ഞാന്‍ കാര്യമാക്കുന്നില്ല . എന്റെ വായന ഇപ്പോഴാണല്ലോ സംഭവിച്ചത് അപ്പോള്‍ എനിക്കു പറയാനുള്ളതും ഇപ്പോഴാണ്. . 

ഇന്ദുലേഖയുടെ കഥ ഒരു പക്ഷേ എല്ലാവർക്കും അറിയാവുന്നതുപോലെ മാധവനും ഇന്ദുലേഖയും തമ്മിലുള്ള പ്രണയവും ഇടയില്‍ പഞ്ചുമേനവന്റെ ഉഗ്രശാപം മൂലം സൂരി നമ്പൂതിരിപ്പാട് മംഗലം കഴിക്കാന്‍ വരികയും പരിഹാസ്യനായി മറ്റൊരു പെണ്ണിനെ വേളി കഴിച്ചു രാത്രിക്ക് രാത്രി നാട്ടുകാരെ മുഴുവന്‍ ഇന്ദുലേഖയെ ആണ് താന്‍ വേളി കഴിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥലം കാലിയാക്കുന്നതും ഇതറിഞ്ഞ മാധവന്‍ നാട് വിട്ടുപോകുന്നതും ഒടുവില്‍ അയാളെ തിരഞ്ഞു പോയ അച്ഛനും ബന്ധുവും കാര്യങ്ങള്‍ ഒക്കെ വിശദീകരിച്ചു തിരികെ കൊണ്ട് വരികയും അവര്‍ അനന്തരം വിവാഹം ഒക്കെ കഴിച്ചു സന്തോഷമായി ജീവിക്കുന്നതും ആണ് . ഈ കഥയെ അറിയാത്ത മലയാളികള്‍ ചുരുക്കം ആണ്. ഈ കഥ വായിച്ചപ്പോഴോ പഠിച്ചപ്പോഴോ പറഞ്ഞു തരാതെ പോയതും മനസ്സിലാകാതെ പോയതുമായ ചില വസ്തുതകളെ ഇന്നത്തെ പുതിയ വായന നല്‍കിയതിനെക്കുറിച്ച് പറയാന്‍ വേണ്ടി മാത്രമാണു ഈ കുറിപ്പു തയ്യാറാക്കിയത് . അല്ലെങ്കില്‍ വായിച്ച പുസ്തകങ്ങളെ അടയാളപ്പെടുത്തുന്നതിനിടയില്‍ ഇന്ദുലേഖയെ ഇനിയും വായിച്ചു എന്നു പറയണമോ എന്നൊരു തോന്നലില്‍ അടുത്ത വായനയിലേക്ക് പോകുകയായിരുന്നു ചെയ്യുക . 

എന്താണ് പുതിയ കാലത്തില്‍ , ഒരു പഴയ വായന തന്ന പുതിയ അറിവുകള്‍ എന്നു പറയാതെ ഈ കുറിപ്പു അവസാനിപ്പിക്കുക സാധ്യമല്ല . ആയിരത്തി എണ്ണൂറിന്റെ അവസാന കാലത്ത് എഴുതിയ ഈ പുസ്തകത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ സ്വാധീനവും ചിന്തകളും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട് . വിദ്യയുടെ ഗുണം എന്തെന്ന വിഷയത്തെ വളരെ നല്ല രീതിയില്‍ത്തന്നെ ഈ നോവല്‍ കൈകാര്യം ചെയ്യുന്നുണ്ട് . ഉദ്യോഗമുള്ള പിതാവിന്റെ ധീരമായ നിലപാടാണ് ഇന്ദുലേഖ എന്ന പെൺകുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചതു അതും സാധാരണ അക്കാലത്ത് നിലവില്‍ ഉള്ള മലയാളവും സംസ്കൃതവും മാത്രമല്ല ആംഗലേയവും പഠിക്കാന്‍ കഴിഞ്ഞത് . ആ വിദ്യാഭാസത്തിൻ്റെ മേന്മ ഇന്ദുലേഖ എന്ന നായര്‍ പെൺകുട്ടിയുടെ വാക്കുകളിലും പ്രവര്‍ത്തിയിലും വളരെ നന്നായ് പ്രതിഫലിക്കുന്നുമുണ്ട് . നായർ സ്ത്രീയുടെ ഇഷ്ട ദാമ്പത്യം എന്ന ആക്ഷേപത്തെ ഇന്ദുലേഖയില്‍ പുരോഗമന ചിന്ത ഖണ്ഡിക്കുന്നത് കാണാം . മാധവന്‍, നായര്‍ സ്ത്രീകള്‍ പാമ്പ് പടം പൊഴിക്കുമ്പോലെ പുരുഷന്മാരേ തിരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന വിഷയം അവതരിപ്പിക്കുമ്പോള്‍ ഇന്ദുലേഖ പ്രതിരോധിക്കുന്നത് എല്ലാവരും അങ്ങനെ എന്നു കരുതരുത് . ചിലര്‍ അത് അനുവര്‍ത്തിക്കുന്നു എന്നതുകൊണ്ടു മുഴുവന് നായര്‍ സ്ത്രീകളെയും അതേ അച്ചു കൊണ്ട് അളക്കരുത് എന്നായിരുന്നു. അതുപോലെ സൂരി നമ്പൂതിരിപ്പാട് ഇന്ദുലേഖയെ കാണാന്‍ വരുമ്പോള്‍  അവള്‍ അയാളോട് സംസാരിക്കുമ്പോള്‍ "ഞാന്‍" എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട് . നമ്പൂതിരിയില്‍ ആ വാക്ക് നല്‍കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ് . 'പഠിച്ചതിന്റെ അഹങ്കാരം' എന്നാണ് അയാള്‍ അതിനെ പിന്നീട് പ്രതികരിക്കുന്നത് പോലും. നായര്‍ തറവാട് എന്നാല്‍ ആഭിജാത്യത്തിന്റെ ഒരിടം ആണെന്ന ധാരണ വളര്‍ത്താനും അന്നത്തെ സമൂഹത്തില്‍ നമ്പൂതിരി സമുദായത്തിനെക്കാള്‍ ഉയരത്തില്‍ പ്രതാപം കാണിക്കാനും കഴിയുന്ന വീടുകള്‍ ഉണ്ടെന്നും ഇന്ദുലേഖയില്‍ കാണുന്നു . സംബന്ധം നമ്പൂതിരിയോട് ആകുന്നത് അഭിമാനവും മറ്റുമായി കാണുന്ന കാഴ്ചപ്പാട് മാറിയിട്ടില്ല എങ്കിലും പദവിയില്‍ അവര്‍ക്കും മുകളില്‍ നിന്നുകൊണ്ടു രാജാക്കന്മാരുടെ ഒരു തലയെടുപ്പാണ് പഞ്ചുമേനവന് ചന്തുമേനോൻ നല്‍കുന്നത് . ബ്രാഹ്മണർക്ക് സമൂഹത്തില്‍ ഒരു തരത്തില്‍ പറയുകയാണെങ്കില്‍ അഭയാര്‍ത്ഥികളുടെ സ്ഥാനം ആണ് ഈ നോവലില്‍ കാണാന്‍ കഴിയുക . ഊട്ടുപുരകളില്‍ നിന്നും കിട്ടുന്ന ഭക്ഷണവും കഴിച്ചു നായര്‍ വീടുകളില്‍ സംബന്ധം നടത്തി അവിടത്തന്നെ അടിമകളെ പോലെ കഴിയുന്ന മനുഷ്യരെ ആണ് ഈ നോവലില്‍ കാണാന്‍ കഴിയുക. ഇത് ചരിത്ര രചനകളില്‍ നിന്നും വേറിട്ട കാഴ്ചയും ചര്‍ച്ചയും ആകുന്നതായി അനുഭവപ്പെടുന്നു .  വിദ്യാഭ്യാസമില്ലായ്മയുടെ ദോഷഫലങ്ങള്‍ നമ്പൂതിരി സമുദായം അനുഭവിക്കുന്ന പല സന്ദര്‍ഭങ്ങളും ഇതില്‍ കാണാന്‍ കഴിയും . ഭൂമി വ്യവഹാരങ്ങളിലും കോടതി വ്യവഹാരങ്ങളിലും ഒക്കെ ഇത് പ്രതിഫലിക്കുന്നതും മറ്റും എങ്ങനെയാണ് ധനികരായ പലരും പിന്നീട് പിച്ച എടുക്കുന്ന തലത്തിലേക്ക് വീണുപോയതെന്നതിന് മറുപടിയായി കാണാന്‍ കഴിയും . 

വിദ്യാഭ്യാസം കിട്ടിയതു കൊണ്ട് തുറന്ന ലോക വീക്ഷണവും ജീവിത നിലവാരവും കിട്ടിയ മനുഷ്യരെ ഈ നോവലില്‍ കാണാന്‍ കഴിയുന്നു. ബ്രിട്ടീഷുകാര്‍ നല്കിയ പല ചിന്തകളും രീതികളും പിന്തുടരുകയും ആതിനെ ശരിയെന്ന് ധരിക്കുകയും ചെയ്യുന്ന ഒരു പരിഷ്കാരം ആണ് വിദ്യാഭ്യാസം കൊണ്ട് അവര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് . വസ്ത്ര ദ്ധാരണം, ലോക കാര്യങ്ങള്‍ നോക്കിക്കാണുന്നതിലെ വ്യത്യസ്ഥത തുടങ്ങിയവ ഇതാണ് നമുക്ക് പറഞ്ഞു തരുന്നത് . കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ നല്ല പരിഷ്കാരം ഉള്ള മനുഷ്യരായ മലയാള നാട്ടുകാര്‍ അഥവാ മദ്രാസികള്‍, രാജാക്കന്മാര്‍ ആണെന്ന ഉത്തരേന്ത്യന്‍ കാഴ്ചപ്പാടും മലയാളി നായര്‍ എന്ന വിലാസം നല്‍കുന്ന ജാത്യാഭിമാന കാഴ്ചയും കാണുമ്പോൾ എണ്‍പതുകളിലും മറ്റും ബോംബെ നഗരത്തില്‍ നായര്‍ എന്നു പറഞ്ഞാല്‍ കേരളത്തിലെ ഉയർന്ന ജാതിയാണെന്ന ചിന്തയും സ്ഥാനവും കണ്ടിട്ടു ബഷീര്‍ നായരും മത്തായി നായരും ഒക്കെ ഉണ്ടായിരുന്നെന്ന കഥകള്‍ കേട്ട മറുനാടന്‍ ജീവിതം ഓര്‍ത്തുപോകുന്നുണ്ട് . കല്‍ക്കട്ടയിലെ ധനികന്‍ എന്നത് കേരളത്തിലെ ധനികന്റെ പത്തു മടങ്ങ് വലിപ്പമുള്ളതാണ് സമ്പത്തിൽ എന്നു ചന്തുമേനോൻ പറയുന്നുണ്ട് . ഉത്തരേന്ത്യയില്‍ അന്നത്തെ വികസനം കൂടുതലും ബോംബയിലും കല്‍ക്കട്ടയിലും ആയിരുന്നു എന്നു ഈ നോവല്‍ പറയുന്നുണ്ട് . 

ഒരു പ്രണയ കഥയ്ക്കപ്പുറം ഈ നോവലില്‍ എടുത്തു പറയാന്‍ കഴിഞ്ഞ ഒരു വിഷയം കഥയുടെ അവസാനം എത്തുമ്പോഴേക്കും വിഷയം പെട്ടെന്നു മാറുന്നതും ഒരു വലിയ അധ്യായം മുഴുവനും മാധവനും അച്ഛനും ബന്ധുവും ഒന്നിച്ചുള്ള സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ സുദീര്‍ഘ ചര്‍ച്ചയിലേക്ക് പോകുന്നതുമായ കാഴ്ചയാണ് . പഠനം കിട്ടിയാല്‍ അതും ആംഗലേയ വിദ്യാഭ്യാസം കിട്ടിയാല്‍ പിന്നെ ആ വ്യക്തി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംസ്കാരത്തെയും ഉപേക്ഷിക്കുകയും നിരീശ്വര മതത്തിലേക്ക് ചെന്നു ചേരുകയും ചെയ്യുമെന്ന മാധവന്റെ അച്ഛന്റെ കാഴ്ചപ്പാടിനെ ആഗ്നോയിസ്റ്റ് ആയ മാധവനും എതീസ്റ്റ് ആയ ബന്ധുവും ചേര്‍ന്ന് ഖണ്ഡിക്കുന്നതും ചര്‍ച്ചകള്‍ സംഭവിക്കുന്നതും കാണുന്നത് ഈ നോവലിന്റെ ഒരു വലിയ സംഭാവനയായി കരുതുന്നു . പതിനെട്ടാം നൂറ്റാണ്ടില്‍ നിലവിലിരുന്ന പരിണാമ ചിന്തയും ഡാര്‍വിന്‍ ചിന്തയും അതുപോലെ ബ്രിട്ടീഷ് ഭരണം മൂലം ലഭ്യമായ ആംഗലേയ വിദ്യാഭ്യാസവും അതുമൂലം വായിക്കാനും ചിന്തിക്കാനും പ്രേരകമായ ശാസ്ത്ര പുസ്തകങ്ങളും കണ്ടുപിടിത്തങ്ങളും പരിചയമാകാനും വായിക്കാനും തലമുറ കാട്ടിയ ആവേശവും വലിയ ഒരു നേട്ടമായി കാണാന്‍ കഴിയുന്നു . അതുപോലെ കോൺഗ്രസ്സിൻ്റെ വളർച്ചയും കോട്ടങ്ങളും ഉദ്ദേശലക്ഷ്യങ്ങളും അന്ന് എങ്ങനെ വിമർശിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും  ചെയ്തു എന്നത് ഈ നോവലിൽ പ്രതിപാദിക്കുന്നുണ്ട്. വിദ്യ നേടിയതിനാൽ ത്തന്നെ ഇംഗ്ലീഷുകാരോട് അമിതമായ ഒരു അടുപ്പം പുതിയ തലമുറക്കുണ്ടാകുന്നതും കാണാൻ കഴിയുന്നു. സ്വാതന്ത്ര്യ സമരത്തിൻ്റെ കാര്യകാരണങ്ങളെ പുനർവായന ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട് ഇത്. പക്ഷേ ഇതൊന്നും ഈ നോവല്‍ പഠിപ്പിച്ച ക്ലാസ്സുകളില്‍ പഠിപ്പിക്കുകയോ അറിയുകയോ ചെയ്യാതെയാണ് ഞാന്‍ എന്ന വിദ്യാര്‍ത്ഥി വളര്‍ന്ന് വന്നതെന്നത് ഒരു വിരോധാഭാസമായി അനുഭവപ്പെടുകയും ചെയ്തു. നാം എന്തു പഠിക്കണം എന്തു പഠിക്കണ്ട എന്നു തീരുമാനിക്കാനുള്ള അദ്ധ്യാപകരുടെ മനസ്ഥിതി ആണ് ഈ ഒരു തോന്നലില്‍ ഇന്നെത്താന്‍ തോന്നിച്ചത് എന്നതിനാല്‍ത്തന്നെ പഴയ പുസ്തകങ്ങള്‍ ഇനിയും വായിക്കേണ്ടതുണ്ട് എന്നൊരു ബോധം ഉരുവാകുകയും ചെയ്യുന്നു . ധര്‍മ്മരാജയും മാര്‍ത്തണ്ട വര്‍മ്മയും ഇന്നൊരിക്കല്‍ കൂടി വായിച്ചാല്‍ ഒരു പക്ഷേ അന്ന് കാണാതെ പോയ സാംസ്കാരിക രാഷ്ട്രീയ വിനിമയവിഷയങ്ങളെ ഇന്ന് കണ്ടെത്താന്‍ കഴിയും എന്നതില്‍ ഒരു സംശയവും തോന്നുന്നുമില്ല . 

ഈ നോവല്‍ വായന , നമ്മുടെ പാഠ പുസ്തകങ്ങളെ കുട്ടികളില്‍ എങ്ങനെ വായനയ്ക്ക് പ്രേരകമാക്കാന്‍ ഒരു അദ്ധ്യാപകന് കഴിയണം എന്നു ചിന്തിക്കാനും ആ രീതിയില്‍ അവരെ പരിശീലിപ്പിക്കാനും പ്രയോജനകരമായ രീതിയില്‍ ഒരു ചര്‍ച്ചയുടെ ആവശ്യത്തെ ഉണര്‍ത്തുന്നു . കൂടുതല്‍ വായനകളും ചര്‍ച്ചകളും ഉണ്ടാകട്ടെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല

Monday, August 5, 2024

ലളിത ഗാനം

ഒരു ലളിത ഗാനം
..............................
ഒരു നിമിഷാർദ്ധത്തിൻ രസധൂളിയിൽ
പടർന്നു കയറുന്നു നീ .... (2)
ഇലയടരാത്തൊരീ ശാഖികൾ തോറും ഒരു 
കാറ്റിനെ അയക്കുന്നു നീ . (ഒരു ... )

പറയൂ വിഷാദമേ ഈ രാവിലിന്നു ഞാൻ
കരയാതുറങ്ങുന്നതെങ്ങിനെ? (2)
നിൻ കരം മുത്തി ഞാൻ ചങ്കുപിളർന്നൊരു
കവിത കുറിക്കുമീ രാവിൽ (പറയൂ.....) 

മഞ്ഞു പൊഴിഞ്ഞു കഴിഞ്ഞൊരീ രാത്രിതൻ
മദഗന്ധം കാറ്റും മറന്നൂ. (2)
എന്നിലെ നിന്നെ തിരഞ്ഞു ഞാൻ രാവാകെ
എന്നിലൂടലഞ്ഞു നടന്നു. (ഒരു ... )

വേദനകൊണ്ടു ഞാനുച്ചത്തിൽ ശബ്ദിക്കേ
ഹാ ! എന്തു രസമെന്ന് ലോകം.(2)
കണ്ണുനീരെന്നിൽ നിന്നൂറിയിറങ്ങവേ 
കണ്ണുതിളങ്ങുന്ന ലോകം. (ഒരു...)
@ബി.ജി.എൻ വർക്കല 
05-08-2024

Saturday, July 27, 2024

हम एक हैं

हम एक हैं

  जब तुम चाँद को रुलाओगे
  आप कभी भी चैन से न सो सकते.
  अगर आप प्यार फैलाते हैं
  जिंदगी तुम्हें हर दिन एक फूल देगी।

 भले ही हम इस दुनिया में नहीं हैं
 यहां कोई फर्क नहीं पड़ेगा यार।
 इसलिए मैं आपको बता रहा हूं
 आप हमेशा शांति से रहें यहाँ।

  यह हम सभी की भूमि है मानलो.
  दूसरों की जाति मत देखो तुम ।
  यह दुनिया हम सभी के है गुरो
  लिंग के आधार पर भेदभाव न करें.

 हर किसी का रंग अलग होता है.
 सोच भी अलग है मेरे दोस्त!
 भले ही आप दूसरे देश में हुआ हो
 याद रखें कि हर कोई एक है

  जब तुम चाँद को रुलाओगे
  तुम्हें कभी चैन की नींद नहीं आएगी.
  अगर आप प्यार फैलाते हैं
  जिंदगी तुम्हें हर दिन एक फूल देगी।

  बीजू जी नाथ वर्कला

Wednesday, July 17, 2024

നെയ്ത്തുകാർ

നെയ്ത്തുകാർ
.........................
അവർ ഒന്നിച്ചു ചേർന്ന് ജീവിതത്തിൻറെ, പ്രണയത്തിൻറെ, ഭാവിയുടെ അതിമനോഹരമായ ഒരു പുടവ നെയ്യുവാൻ തുടങ്ങുകയായിരുന്നു.

അവൾ: നിൻറെ പ്രണയം എൻറെ ജീവിതവും, ലക്ഷ്യവും, ഭാവിയും ആകുന്നു.

അവൻ: ഞാൻ ആരുടെയും കീഴിൽ ഒതുങ്ങിക്കൂടുവാൻ ആഗ്രഹിക്കുന്ന ഒരാളെ അല്ല.

അവൾ: ഇതുവരെയും നീ എങ്ങനെയായിരുന്നു എന്നതിലല്ല ഇപ്പോൾ നീ എന്റേത് മാത്രമായിരിക്കുന്നതിലാണ് എനിക്ക് സന്തോഷം.

അവൻ: ആരും ആർക്കും ഒരുകാലത്തും സ്വന്തമായിരുന്നില്ലല്ലോ. സ്വന്തം ആവുകയും ഇല്ലല്ലോ.

അവൾ: നിനക്ക് 100 കുറ്റങ്ങളും തെറ്റുകളും പിഴവുകളും ഉണ്ടെങ്കിലും നീ എനിക്ക് മുന്നിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എനിക്ക് നീ എന്നും ശരി തന്നെയാണ്.

അവൻ: നിനക്ക് വട്ടായി തുടങ്ങിയിരിക്കുന്നു. പ്രണയത്തിൻറെ അന്ധതയിൽ, നീ എന്നിലെ തെറ്റുകളും കുറ്റങ്ങളും ദോഷങ്ങളും കാണാതെ പോകുന്നു. അല്ലെങ്കിൽ എൻറെ പ്രണയം നഷ്ടമാകാതിരിക്കാൻ നീ അവയെ ശരിയെന്ന് ധരിക്കുകയും ചിന്തിക്കുകയും അങ്ങനെ വിശ്വസിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതല്ലേ ശരി?

അവൾ: നീ പറയുന്നത് ശരിയല്ല. ഇതൊക്കെയും നിൻറെ ഭാവനകൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ നീയൊരു ശുദ്ധനായ, നന്മയുള്ള മനുഷ്യനാണ്. നിന്നെ, നിൻറെ അക്ഷരങ്ങളെ എന്നോ പ്രണയിച്ചു തുടങ്ങിയ ഞാൻ എങ്ങനെയാണ് നിന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുക. അങ്ങനെ ഒന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ എൻറെ തലച്ചോറിനുള്ളിൽ ഇതാ കടന്തലുകൾ മൂളുന്ന ഒച്ച ഞാൻ കേൾക്കുന്നുണ്ടല്ലോ.

അവൻ: നീ ഒന്ന് ഓർക്കണം. ആർക്കും ഒന്നിനും കീഴടങ്ങി ജീവിക്കുവാൻ എനിക്ക് കഴിയുകയില്ല. സദാചാരപരമായ ഈ ലോകത്ത് എല്ലാവരും ചിന്തിക്കുന്നത് പോലെയും പ്രവർത്തിക്കുന്നതുപോലെയും ജീവിക്കുവാൻ എനിക്ക് സാധ്യമല്ല. ആരുടെയും അടിമയായോ, ആർക്കെങ്കിലും വേണ്ടി മാത്രമായോ ജീവിക്കുക എന്നത് ജീവിത ലക്ഷ്യമായി കാണുന്നവർ ഉണ്ടായിരിക്കാം. പക്ഷേ ഒന്നിനുവേണ്ടിയും, ആർക്കും അടിമയാകാനോ ആരുടെയും അനുസരണയിൽ കഴിയാനോ എല്ലാ ആൾക്കാരും പാലിച്ചു പോകുന്ന ആചാരങ്ങളും ചിന്തകളും പ്രവർത്തികളും അതുപോലെ തുടർന്ന് അവരെപ്പോലെ ജീവിച്ച് മരിക്കുവാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എൻറെ ജീവിതവും അല്ല. എൻറെ ജീവിതം, ഞാൻ തെരഞ്ഞെടുക്കുന്ന എൻറെ സ്വതന്ത്രതയാണ്. എൻറെ സ്വതന്ത്രതയിൽ എനിക്ക് ഞാനാണ് രാജാവും പ്രജയും. എൻറെ ആഗ്രഹങ്ങൾ അവ എനിക്കുമാത്രം ആഗ്രഹങ്ങൾ ആവുകയും, എന്റെ മാത്രം ശരികൾ ആവുകയും ചെയ്യുന്ന ഒരിടത്താണ് ഞാൻ ജീവിക്കുന്നത്. എൻറെ ആഗ്രഹങ്ങളെ ഞാൻ കൂട് തുറന്നു വിടുമ്പോൾ അത് ഒരിക്കലും ഇന്നത്തെ ഇവിടത്തെ സദാചാര ലോകത്തിന് അല്ലെങ്കിൽ പരിഷ്കൃതരെന്ന് കരുതുന്ന നിങ്ങൾക്കാർക്കും ഒരുപക്ഷേ ശരിയായി തോന്നിയേക്കില്ല. നിങ്ങൾ എന്നെ വട്ടൻ എന്നും വഷളൻ എന്നും ഭ്രാന്തനെന്നും വിളിച്ചേക്കാം ക്രൂരൻ എന്നും  ഹൃദയമില്ലാത്തവൻ എന്ന് പറഞ്ഞേക്കാം. പക്ഷേ എനിക്ക് ഒരു ഹൃദയം ഉള്ളതുകൊണ്ടാണ് ഞാൻ ജീവിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. പ്രായോഗിക ജീവിതത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. കാല്പനികതയിൽ എൻറെ എഴുത്തുമാത്രമേയുള്ളൂ. എൻറെ ജീവിതം കാല്പനികതയല്ല. ഞാൻ യാഥാർത്ഥ്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. 

അവൾ: എൻറെ മനസ്സിൽ നിനക്ക് ഉള്ള സ്ഥാനം എന്തെന്ന് നിനക്കറിയില്ല. ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയ കാലം തൊട്ടാണ് ഞാൻ പ്രണയം എന്തെന്നും സ്നേഹം എന്തെന്നും ജീവിതം എന്തെന്നും അറിഞ്ഞു തുടങ്ങിയത്. ഞാൻ അതിനുശേഷമാണ് പൂവിട്ട് തുടങ്ങിയത്. വരണ്ടു തുടങ്ങിയ എൻറെ ജീവിതത്തിൻറെ എല്ലാ ചില്ലകളും വീണ്ടും തളിർക്കാനും തുടങ്ങിയത് നീ എൻറെ അരികിൽ എപ്പോഴും ഉണ്ടാകാൻ തുടങ്ങിയപ്പോൾ മുതലാണ്. നിനക്കറിയുമോ നീ വന്നതിനുശേഷം ഞാൻ ഉറക്കിച്ചിരിക്കാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. എൻറെ ബാല്യത്തിൽ നിന്നും എൻറെ കൗമാരത്തിൽ നിന്നും ഇടയിൽ ഉണ്ടായ ഒരു കാലയളവിലെ മൗനത്തിനുശേഷം എൻറെ ഉറക്കെയുള്ള ചിരികൾ ലോകം കേട്ടു തുടങ്ങിയിരിക്കുന്നു. ഞാൻ എത്രത്തോളം സന്തോഷിക്കുന്നുവെന്ന് നിനക്കറിയാമോ? എൻറെ രാത്രികൾ എത്ര മനോഹരമായ സ്വപ്നങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു! നിനക്കറിയുമോ ഇപ്പോൾ രാത്രി വരുവാൻ കാത്തിരിക്കുന്ന ഒരാളായി മാറിയിരിക്കുന്നു ഞാൻ. നിനക്കറിയുമോ? എൻറെ പകലുകൾ നിന്നെയോർത്ത് എപ്പോഴും ഊഷരമായി കൊണ്ടിരിക്കുന്നു. എൻറെ ജീവിതം തികച്ചും അർത്ഥവത്തായത് നീ വന്നതിനുശേഷം മാത്രമാണ്. അങ്ങനെയുള്ള നിന്നെ നഷ്ടപ്പെടുവാൻ ഞാൻ എന്തിനാഗ്രഹിക്കണം? നിന്റെ ആഗ്രഹങ്ങൾ മാത്രമാണ് ശരിയെന്നാൽ, എൻറെ ആഗ്രഹങ്ങൾ എന്റേതാണല്ലോ. എനിക്കും ആഗ്രഹിക്കാൻ കഴിയുമല്ലോ. എൻറെ ആഗ്രഹങ്ങളെ നീ എന്തിന് നിരാകരിക്കണം?

അവൻ: ഞാൻ നിന്റെ ആഗ്രഹങ്ങളെയോ സ്വപ്നങ്ങളെയോ നിരാകരിക്കാൻ ആഗ്രഹിക്കുന്നതേയില്ല. നീ എന്നും സന്തോഷമായി ഇരിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. നിനക്ക് അതിന് കഴിയുവാൻ എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എൻറെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്യും. അത് സഹാനുഭൂതി കൊണ്ടൊന്നുമല്ല. നിന്നോടുള്ള ഇഷ്ടവും, സ്നേഹവും , പ്രണയവും കൊണ്ട് തന്നെയാണ്. അതിനർത്ഥം ഞാൻ അടിമയായി നിന്നെ മാത്രം ധ്യാനിച്ച് നിൻറെ കാൽച്ചുവട്ടിൽ ഒരു നായയെ പോലെ ഉണ്ടാകുമെന്നല്ല. നിൻറെ കാവൽക്കാരനായി ഉണ്ടാകും എന്നല്ല. നിന്റെ രക്ഷാധികാരിയായി ഉണ്ടാകും എന്നല്ല. നിനക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായിരിക്കും ഞാൻ. ഒപ്പം എന്റെ ആകാശത്തിൽ സ്വതന്ത്രമായി പാറി നടക്കാൻ ഞാൻ   ആഗ്രഹിക്കുന്നു. നീ അത് ആഗ്രഹിക്കുന്നില്ല എങ്കിൽക്കൂടിയും. പക്ഷേ അത് നിന്നെ നിരാശപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യും എന്നോർത്ത് എനിക്ക് അങ്ങനെ ആകാതിരിക്കാൻ കഴിയില്ല. ഒരു പക്ഷേ നിനക്ക് വേണ്ടി, എൻറെ പ്രണയത്തിനു വേണ്ടി നിൻറെ സന്തോഷത്തിനുവേണ്ടി ഞാൻ അങ്ങനെയാകുമ്പോൾ എനിക്ക് എന്നെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എനിക്ക് എന്നെ നഷ്ടപ്പെടുക എന്ന് പറയുമ്പോൾ ഞാൻ കോംപ്രമൈസ് ആവുകയാണ് . ഞാൻ ഉപാധികൾക്ക് അടിമപ്പെടുകയാണ്. ഉപാധികൾ ഇല്ലാത്ത ഒരു ലോകത്തിലാണ് എനിക്ക് ജീവിക്കേണ്ടത് . ഉപാധികൾ ഇല്ലാത്ത ഒരു പ്രണയത്തിലാണ് ഞാൻ വിശ്വസിക്കുന്നത് .  ഉപാധികളില്ലാത്ത ആ ഒരു പ്രണയത്തെ , എൻറെ പ്രണയത്തെ എനിക്ക് വേണ്ട ആ ഒരു പ്രണയത്തെ ഞാൻ തേടുന്നു എന്നുള്ളതാണ് ശരി.

അവൾ: നമ്മൾ തമ്മിൽ കരാറിലുള്ളതാണ് നമുക്കിടയിൽ ഒരു കരാറുകളും ഉണ്ടാകില്ല എന്നുള്ളത് ഒരു കരാർ ആവണം എന്നുള്ള കാര്യം ഞാൻ മറക്കുന്നുമില്ല. നിൻറെ ഉപാധികൾക്ക് മേൽ അടയിരിക്കുന്ന ഒരു കിളിയായി എനിക്ക് ജീവിക്കാനും കഴിയില്ല. എൻറെ ഇഷ്ടങ്ങളും എൻറെ ആഗ്രഹങ്ങളും എൻറെ മനസ്സും എൻറെ ശരീരവും എൻറെ ചിന്തകളും ഒക്കെയും വായിച്ചറിഞ്ഞ, കൈവെള്ളയിലെ രേഖ പോലെ അറിയാവുന്ന നിന്നെ അല്ലാതെ മറ്റാരെയാണ് ഞാൻ സ്നേഹിക്കുക.? നീ എനിക്ക് നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ കഴിയില്ല.

അവൻ: ഞാൻ ഇവിടെ നഷ്ടപ്പെടലുകളെ കുറിച്ചല്ല പറയുന്നത്. നിന്നെ ഉപേക്ഷിച്ചു പോകലുകളെ കുറിച്ചല്ല ഞാൻ പറയുന്നത്. ഞാൻ പറയുന്നത് നിനക്കൊപ്പം ഉണ്ടാകുമ്പോഴും ഞാൻ ഞാനായിട്ട് തന്നെ ഇരിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് നിൻറെ കാര്യവും. നീ എനിക്കൊപ്പം ഉണ്ടായിരിക്കുമ്പോഴും നീയായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്കുവേണ്ടി മാറുകയും എനിക്ക് വേണ്ടി സഹിക്കുകയും എനിക്കുവേണ്ടി എനിക്ക് എനിക്ക് നേരെ സഹതാപമോ സഹനമോ ചെയ്യുന്നത് തീർച്ചയായിട്ടും എനിക്ക് ഇഷ്ടമില്ലാത്ത ഒരു സംഗതിയാണ്. ഞാൻ ഞാനായിരിക്കുകയും നീ നീയായിരിക്കുകയും ചെയ്യുന്ന ലോകത്താണ്  സ്വാതന്ത്ര്യവും സന്തോഷവും സ്നേഹവും പ്രണയവും നമുക്ക് പങ്കിടാൻ കഴിയുന്നത്.

അവൾ: അപ്പോൾ, നിൻറെ ഭാഗത്തുനിന്നും എന്താണ് പ്രണയം എന്നാണ് നീ പറയുന്നത്?

അവൻ: എൻറെ പ്രണയം എന്ന് പറയുന്നത്  ഞാൻ നേരത്തെ പറഞ്ഞല്ലോ ഉപാധികൾ ഇല്ലാത്ത ഒരു സഹജീവിയാത്രയാണ്. ഞാൻ എന്താണോ അങ്ങനെ നീ എന്താണോ അങ്ങനെ ഒരുമിച്ച് ഒരേ പാതയിലൂടെ സഞ്ചരിക്കുക എന്നുള്ളതാണ് എൻറെ കാഴ്ചപ്പാടിൽ പ്രണയം എന്ന് പറയുന്നത്. എനിക്ക് എന്താണ് വേണ്ടതെന്ന് നിനക്ക് മനസ്സിലാകുകയും നിനക്ക് എന്താണ് വേണ്ടത് എന്ന് എനിക്ക് മനസ്സിലാകുകയും  ചെയ്യുകയും ചെയ്യുന്നിടത്ത് , നീ ആഗ്രഹിക്കുന്നത് എന്താണോ അതാണ് ഞാനും ആഗ്രഹിക്കുന്നത് എന്നു വരുന്നിടത്ത് ഒക്കെയാണ് പ്രണയത്തിൻറെ ഒരു പൂർണ്ണത ഉണ്ടാകുന്നത് എന്ന് ഞാൻ കരുതുന്നു. അപ്പോൾത്തന്നെയും വ്യത്യസ്തമായ ചിന്തകൾ ഉള്ള രണ്ടുപേർ തമ്മിൽ വ്യത്യസ്തമായ രീതിയിൽ ജീവിക്കുമ്പോൾ,അവർ ഒന്നിച്ച് ഒരു പ്രണയത്തിൻറെ കീഴിൽ വരുമ്പോൾ അപ്പോഴും അവർ അതേ ചിന്തകളിൽ അവരുടെ അതേ രീതികളിൽ അവർ ജീവിക്കുകയും ഒപ്പം തന്നെ അവർ പരസ്പരം സ്നേഹിക്കുകയും ഒന്നും അങ്ങോട്ടുമിങ്ങോട്ടും ഒന്നും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത് ഉപാധികളില്ലാത്ത ഒരു പ്രണയത്തിൻറെ ലക്ഷണമായി ഞാൻ കാണുന്നു. അവർക്ക് വേണ്ടത് ചോദിക്കാതെ എടുക്കാനും അവർക്ക് പറയേണ്ടത് ചോദിക്കാതെ അനുവാദമില്ലാതെ പറയാനും അവർക്ക് എന്താണ് വേണ്ടതെന്നുള്ളത് ചോദിക്കാതെ കൊടുക്കാനും അല്ലെങ്കിൽ അറിഞ്ഞു ചെയ്യാനും കഴിയുന്ന ഒരു രീതി അതിനുള്ളിൽ തന്നെ ഉണ്ട്. പക്ഷേ അത് ഒരിക്കലും അവരവരുടെ ഇഷ്ടത്തിനോ ആഗ്രഹങ്ങൾക്കോ ചിന്തകൾക്കോ അവരുടെ സ്വയാർജ്ജിത സദാചാരം മൂല്യങ്ങൾക്കോ എതിരാകാതിരിക്കുക എന്നുള്ളതും പ്രധാനം തന്നെയാണ്. അപ്പോൾ അങ്ങനെ നോക്കുമ്പോൾ ഒരു വ്യത്യസ്തനായ ഒരു മനുഷ്യനായി ഞാൻ എന്നെ കാണുന്നു.  ഒരു സ്വതന്ത്ര വ്യക്തിയായി എനിക്ക് നിന്നെ കാണാൻ കഴിയുകയും കഴിയുമെങ്കിൽ നിനക്ക് എന്നെ കാണാനും കഴിയുമെങ്കിൽ അപ്പോഴല്ലേ നമ്മുടെ പ്രണയം ശരിക്കും പ്രണയമായി തീരുന്നത്. അവിടെ പരാതികളും പരിഭവങ്ങളും ഇല്ലാതെ കണ്ണീരും സങ്കടങ്ങളും ഇല്ലാതെ നമുക്ക് സന്തോഷമായി കഴിയാൻ കഴിയുന്നത് .

അനന്തരം അവർ ആ പുടവ പണിയുന്നത് നിർത്തിവയ്ക്കുകയും വിശ്രമത്തിനായി പുറത്തേക്ക് പോവുകയും ചെയ്തു. ആ പുടവ പൂർത്തിയാകുമോ ?
ബിജു ജി നാഥ് വർക്കല

Friday, July 12, 2024

നഗരം

സ്വപ്നങ്ങളില്ലാത്ത ഒരു നഗരത്തിൽ നിന്നാണ് അവൾ വരുന്നത് .!

ജീവിതത്തിന്റെ പരുക്കൻ പാതയിലൂടെ അതിദൂരം സഞ്ചരിച്ച്, ഇരുട്ടും വെളിച്ചവും സമമായി വീതിച്ച് കിട്ടിയ യാത്ര. വെളിച്ചത്തിൽ കാണാതെ പോയ കാഴ്ചകളും, ഇരുട്ടിൽ അറിയാതെ പോയ വീഴ്ചകളും ഒന്നിച്ചു ചേർന്നപ്പോളവൾ ജീവിതം എന്തെന്നത് മറക്കുകയും താൻ ജീവിച്ചതാണ് ജീവിതം എന്നു കരുതുകയും ചെയ്തു. തന്റെ പാദങ്ങളിൽ തറച്ചുകയറിയ വിഷക്കല്ലുകളും മുള്ളുകളും തനിക്ക് വിധിച്ചിട്ടുള്ള നോവുകൾ ആണെന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയും തന്റെ ദൈവത്തിന് നന്ദി പറയുകയും ചെയ്യുവാൻ അപ്പോഴേക്കും അവൾ പഠിച്ചു കഴിഞ്ഞിരുന്നു. ചുറ്റും വീശിയടിക്കുന്ന കാറ്റും പൊള്ളിപ്പിടയിക്കുന്ന ചൂടും തനിക്ക് ആശ്വാസമായി വരുന്ന ദൈവത്തിന്റെ കരങ്ങൾ ആകുമെന്നവൾ ധരിച്ചു. മഞ്ഞണിഞ്ഞ മലകളും, കോടക്കാറ്റും, ചാറ്റൽമഴകളും തന്റെ ജീവിതത്തിനെ തകർക്കാൻ വരുന്ന സാത്താന്റെ മായകൾ ആണെന്നവൾ കരുതി. അവയിൽ നിന്നൊക്കെ അകന്നു നിൽക്കാനും തന്റെ ദൈവത്തെ മുറുകെപ്പിടിച്ചു തനിക്ക് ലഭിക്കുന്നതൊക്കെ സന്തോഷമെന്ന് നിനച്ചു ജീവിക്കുകയും ചെയ്യുക എന്നത്  ഒരു കടമപോലെ അവൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു . 

ആദ്യമായി അവൾ ഈ പുതിയ നഗരത്തിൽ വരുമ്പോൾ, അവളിൽ ഒരു പരിചപോലെ ആ വിശ്വാസവും കൂടെയുണ്ടായിരുന്നു. പക്ഷേ, പതിയെപ്പതിയെ അവൾ പുതിയ നഗരത്തിന്റെ നിറവും മണവും രുചിയും അറിഞ്ഞു തുടങ്ങുകയായി. അവൾ സ്വപ്നം കാണാൻ തുടങ്ങിയത് പുതിയ നഗരത്തിൽ എത്തിയ ശേഷമാണ്. ഈ നഗരം അവൾ ഇന്നുവരെ കാണാത്ത, അവൾ എന്നോ ഒരിക്കൽ ആഗ്രഹിച്ചിരുന്ന, സ്വപ്നം കാണാൻ മോഹിച്ചിരുന്ന പലതും അവൾക്ക് നല്കി. അവൾ സ്വപ്നം കണ്ടുതുടങ്ങി. ആദ്യമാദ്യം സ്വപ്നം കാണുന്നത് പോലും അവളെ ചകിതയാക്കിയിരുന്നെങ്കിൽ പിന്നെപ്പിന്നെ സ്വപ്നം കാണാതെയാകുന്ന ദിനമാണ് അവളിൽ വിഷാദം നിറയ്ക്കാൻ തുടങ്ങിയത്. അവളുടെ ലോകത്തിൽ, പൂക്കൾ പുഞ്ചിരിക്കാനും തേൻ ചുരത്താനും തുടങ്ങി. അവളുടെ പാതകൾ പച്ചപ്പ് നിറഞ്ഞതാകുകയും, പുൽനാമ്പുകൾ അവളുടെ പാദങ്ങളിൽ ഉമ്മവയ്ക്കാനും ഇക്കിളിയിടാനും തുടങ്ങി. അവൾ കുളിക്കുമ്പോൾ മീൻചുണ്ടുകൾ അവളുടെ മൃദുലവികാരങ്ങളിൽ കുളിരു നിറച്ചുതുടങ്ങി. 

നോക്കൂ.... ഒരു നഗരം മാറിയപ്പോൾ അവളിൽ എന്തൊക്കെ മാറ്റങ്ങളാണ് !!!. അവളുടെ വിഷാദ നയനങ്ങളിൽ ഇപ്പോൾ നക്ഷത്രങ്ങൾ കൂടുവച്ചിരിക്കുന്നു. അവളുടെ വരണ്ട ചുണ്ടുകളിൽ ചെറിപ്പഴങ്ങൾ ചായം തേക്കുന്നു. അവളുടെ മങ്ങിയ കവിൾത്തടങ്ങൾ അസ്തമയ സൂര്യനോട് യുദ്ധം ചെയ്തു തുടങ്ങിയിരിക്കുന്നു. ഉണങ്ങിപ്പോയെന്ന് അവൾ കരുതിയ മുലക്കണ്ണുകൾ മുന്തിരിച്ചോപ്പിൽ തുടുത്തു വന്നിരിക്കുന്നു. കടന്തലുകൾ കൂടുവച്ച പുക്കിൾച്ചുഴിയിൽ ഇന്ന് തേനീച്ചകൾ വിരുന്നുവരുന്നു. കരിവണ്ടുകൾ ആക്രമിച്ചിരുന്ന പെൺപൂവിൽ  ശലഭങ്ങൾ വിരുന്നു വരാൻ തുടങ്ങിയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞുപോയെന്ന് കരുതിയ  കാൽവിരലുകളിൽ റോസാപുഷ്പങ്ങൾ ഛായം പുരട്ടിത്തുടങ്ങിയിരിക്കുന്നു. 

നിങ്ങളറിയും അവളെ. നിങ്ങളല്ലാതെ ആരാണവളെ അത്രയും കൃത്യമായി അറിയാതിരിക്കുക. പുരാതനമായ ആ നഗരം വിട്ടു നിങ്ങളുടെയും പാദങ്ങൾ ചലിച്ച് തുടങ്ങിയിട്ടുണ്ടാകണം ഇപ്പോൾ .... നിങ്ങളുടെ വരവും കാത്ത് നഗരം എപ്പോഴേ ഉണർന്നിരിക്കുകയാണ് ..
ഒരിക്കലും സഫലമാകില്ലെന്ന് കരുതിയ ഒന്നും വ്യർത്ഥമോഹങ്ങളായി ഒടുങ്ങാതിരിക്കാനും, അവൾ സന്തോഷിച്ചതു പോലെ സന്തോഷിക്കാനും ആഗ്രഹിക്കുന്നവർ സ്വപ്നം കാണുന്നുണ്ട് ഈ നഗരത്തിനെ. നിങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന എല്ലാം തന്നെ നിങ്ങൾ കരുതും പോലെ നിങ്ങളുടെ ലോകമല്ല. നിങ്ങൾ സ്വപ്നം കണ്ടിരിക്കാം ഒരിക്കൽ. ചിത്രശലഭങ്ങളെപ്പോലെ പെറ്റിക്കോട്ടിൽ പറന്നു നടന്ന ബാല്യത്തിലോ, നിഗൂഢമായ ഒരാനന്ദം കണ്ണുകളിൽ നിങ്ങൾ മാത്രം കാണും വിധം മറച്ചു പിടിച്ച കൗമാരത്തിലോ നിങ്ങൾ ആഗ്രഹിച്ച ആ നഗരം! എപ്പഴോ നിങ്ങൾ പുരാതന നഗരത്തിൽ തളച്ചിടപ്പെട്ടു പോയിരിക്കുന്നു. നിങ്ങളുടെ കാലുകളിൽ അദൃശ്യമായ ഒരു ചങ്ങലക്കൊളുത്ത് കുത്തിനോവിക്കുന്നുണ്ടാവും. ഓർക്കുക ....നഗരം നിങ്ങളെ കാത്തിരിക്കുന്നു.
@ബിജു.ജി.നാഥ് വർക്കല

Friday, July 5, 2024

വെളിപാടു പുസ്തകം ഒന്നാം വാള്യം.

വെളിപാടു പുസ്തകം ഒന്നാം വാള്യം.
...........................................................
എൻ്റെ ബുദ്ധിക്കുമപ്പുറം നില്ക്കുമീ 
അല്പപ്രാണനെ തെല്ലൊന്നു നോക്കവേ.
എന്ത് കാരണം കൊണ്ടു ഞാനിപ്പഴും
കൊണ്ടു പോകുന്നീ ദേഹവും ദേഹിയും.?

കണ്ടു നില്ക്കും ജനത്തിന് രസിക്കുവാൻ
ഒന്നുമില്ലിന്ന് ബാക്കിയായെന്നിലായ്.
പ്രാണൻ പോകുന്ന നേരവും കാത്തെന്നിൽ
പാത്തിരിക്കും കൃമികളല്ലാതൊന്നുമേ !

പ്രണയം ആസ്വദിച്ചീടുവാൻ കഴിയാത്ത
ഹൃദയമൊന്നതുണ്ടീ ശരീരത്തിലായ്.
കാമമോഹിതമേറുന്ന  ചിന്തയാൽ 
ചോണനുറുമ്പ് മേഞ്ഞു നടക്കും തലച്ചോറും.

ഒന്നു ചിന്തിക്കിൽ എത്ര കുതൂഹലം! 
ഇപ്രപഞ്ചവും ഇരുകാലി മൃഗങ്ങളും.
ഒത്തു കിട്ടിയാൽ സത്തയെടുത്തിട്ട്
ചാവു നിലത്തിൽ വലിച്ചെറിഞ്ഞീടുന്നോർ!

ആത്മബന്ധമെന്നുള്ളൊരു പദത്തിൻ്റെ
ആത്മാവിനെ ചുട്ടെരിക്കുന്നവർ
ഒന്നു താങ്ങാൻ ഒട്ടൊന്നു മുതിരാതെ
മറ്റൊരാളെ തിരഞ്ഞു പിടിക്കുന്നവർ.

എത്ര തിരയുവാൻ മുതിരുകയാണെങ്കിലും
ഓർത്തുകൊള്ളുക നിങ്ങളെൻ മാളോരെ.
കിട്ടുകില്ലെവിടെയും നിങ്ങൾക്കൊരിക്കലും
മനുഷ്യനെന്ന പദത്തിൻ്റെ സത്തയെ....
@ബിജു.ജി.നാഥ് വർക്കല 05.07.2024




Friday, June 28, 2024

കവിതയുടെ കവന രീതി..............................................

കവിതയുടെ കവന രീതി.
.............................................

ഒരിക്കൽ കവിതയെഴുതിയിരുന്നു.
പ്രാസമൊപ്പിക്കലാണ് കവിതയെന്നു തോന്നി 
മകാരവും 
തകാരവും 
കകാരവും ഒക്കെ പ്രയോഗിച്ചു.
ആരും കണ്ട ഭാവം നടിച്ചില്ല.

വൃത്തത്തിൽ എഴുതിയാൽ 
മൊത്തത്തിൽ കാവ്യമാകാം
ആരോ പറഞ്ഞു കേട്ടതിനാൽ,
വൃത്തം പരീക്ഷിച്ചു. 
അലങ്കാരം കൊടുത്തു.
ആരും കണ്ട ഭാവം നടിച്ചില്ല.

ആധുനികവും 
അത്യന്താധുനികവും 
കവിതയുടെ പരീക്ഷണം എന്നറിഞ്ഞു.
എന്നൊക്കെ നോക്കി.
ആരും കണ്ട ഭാവം നടിച്ചില്ല.


കവിതയിൽ മൊത്തം 
മുല
യോനി
രതി
ലിംഗം
എത്രയാവർത്തി വന്നു 
എന്ന് കണക്കു നോക്കിയവർ മാത്രം
ഒരുപോലെ പറഞ്ഞു.

ഇവൻ കമ്പിക്കവിയാണ്.
ഇൻബോക്സിൽ പോയാൽ
ഗർഭം ഉറപ്പാണ്.
അകന്നു നിന്നാൽ
മാനമെങ്കിലും കിട്ടും.

കവിത എഴുതിയവർ ഒക്കെ കവികൾ ആയി
കഥ എഴുതിയവർ ഒക്കെ കഥാകാരും
നോവൽ എഴുതിയവർ നോവലിസ്റ്റും
ആസ്വാദനം എഴുതിയവർ ബുജികളും.

കവിയല്ലാതിരുന്നിട്ടും 
ഒരിക്കൽ വാനോളം പുകഴ്ത്തിയവർ
ഒരു കവിക്കുഞ്ഞിനെ മോഹിച്ചവർ
ഒരു പ്രണയത്തെ കൊതിച്ചവർ
എന്നും കണിയായി
കവിത വേണമെന്ന് ശഠിച്ചവർ
എന്നിലെ കവിയെ മാത്രം സ്നേഹിച്ചവർ
എല്ലാവരും ഇന്നുമുണ്ട്.
ആരുടെയൊക്കെയോ പിറകിൽ.......

ചരിത്രം ആവർത്തിക്കുമ്പോഴും 
ഒന്നുമാകാത്ത വിഷമം ലവലേശമില്ലാതെ
കാണാതെ നടിക്കുന്നവർക്കിടയിൽ 
ഞാനുണ്ടല്ലോ ഇന്നും.
പരിഭവവുമില്ല
പരാതികളുമില്ല.
എല്ലാം കണ്ടു നില്ക്കുന്നു മൂകം.
@ ബി.ജി.എൻ വർക്കല

Thursday, May 16, 2024

വാക്കും വഴിയും മറക്കുകയാണ്....

മഴയുടെ നൂൽ മിഴികളിലൂടെ 
തടയണ പൊട്ടിയൊഴുകുമ്പോൾ
നിഴലുകൾ പോലെ പടിവാതിലപ്പുറം
അകലുകയാണ് പകലും കതിരവനും.

പിടയുകയാണ് മറനീക്കി
പടരുകയാണിരുൾക്കാട് ചുറ്റിനും.
വിളറിയ വെളിച്ചക്കണ്ണുകൾ
അടഞ്ഞും തുറന്നും ഉരുകുകയാണ്.

കാറ്റു വീശാതെ 
വെളിച്ചം പടരാതെ
പുഴ കവിയാതെ
കുന്നിടിയാതെ
മഴ പെയ്യുകയാണ്.

എവിടെ നഷ്ടമായ് നിന്നെ?
എവിടെ മറന്നു വച്ചു ഞാൻ !
വാക്കുകൾ മറന്നു പോകുന്നു 
ഞാനെൻ്റെ വഴിയും .....
@ ബി.ജി.എൻ വർക്കല

Friday, May 3, 2024

വെളിപാട്

കാലം കടന്നു പോയ് എത്ര വേഗം
പ്രായവും ഏറെയങ്ങേറിയല്ലോ.
പിന്തിരിഞ്ഞങ്ങൊന്നു നോക്കിടുമ്പോൾ
ജീവിച്ചിരുന്നതൊരത്ഭുതം പോൽ.

നഷ്ടപ്പെടുത്തി ഞാൻ നിൻ ജീവിതം
കഷ്ടങ്ങൾ മാത്രം നിത്യം നല്കിടുന്നു.
പൊട്ടിച്ചെറിഞ്ഞങ്ങകന്നീടുവാൻ നീയിനിയും
എന്തിത്ര വൈകുന്നതറിവീലല്ലോ.

രണ്ടു ധ്രുവങ്ങളിൽ നാമെത്ര കാലമായി-
ങ്ങനെ വെവ്വേറിതുക്കളെ കണ്ടീടുന്നു.
ഇന്നീ പകലിനെ സാക്ഷിയായ് നാം
ബന്ധിതരല്ലെന്ന് പ്രതിജ്ഞ ചെയ്തീടിടാം.
@ബിജു.ജി.നാഥ് വർക്കല


Wednesday, May 1, 2024

അയാൾ കവിത എഴുതുകയാണ്

പ്രിയരേ
ഞാനൊരു കവിത കുറിക്കട്ടെ?
വൃത്തം ഉണ്ടോ എന്ന് ചോദിക്കരുത്.
എനിക്കാെരു വൃത്തമേ അറിയൂ.
അലങ്കാരം അറിയുമോ എന്നും.
കാരണം 
അലങ്കോലമാകും മൊത്തം.
പക്ഷേ 
കവിത ഞാനെഴുതും. 
ദേ ഇങ്ങനെ.
അവൾ 
കുന്തിച്ചിരുന്നു
ശി ർ ർ ർ 
ഒരു ശബ്ദം
ഇതുകണ്ടാടണ്ട കണ്ണൻ ചേമ്പേ

ഏയ് അരുത്.
ഇത് കവിതയാണ്.
അല്ലെന്ന് പറയാൻ എന്താ നിൻ്റെ ക്വാളിറ്റി ?
നീ പുസ്തകം ഇറക്കിയിട്ടുണ്ടോ?
നിനക്ക് അവാർഡ് കൾ കിട്ടിയിട്ടുണ്ടോ?
അയ്യായിരം ക്ലബിൽ അംഗമാണോ?
കവിത എഴുതാൻ നിയമം വേണ്ട
കഥ(?) പറയുന്നതുപോലെ പറയുക.
എന്താ പ്രശ്നം???

അതേ 
മലയാളത്തിലെത്ര അക്ഷരമുണ്ടെന്നും
കവിത എഴുതാൻ ഒരു നിയമം ഉണ്ടെന്നും 
ഇനി മിണ്ടരുത്.
അതൊക്കെ വരേണ്യ വർഗ്ഗത്തിൻ്റെ
ബ്രഹ്മണ്യത്തിൻ്റെ
ചുമലിൽ ഇട്ടു 
കൈ ഒഴിഞ്ഞിട്ടുണ്ട്.

കവിത എഴുതുമ്പോൾ
അതിൽ വേണം ചിലത്.
പ്രണയം
രതി
ശരീരഭാഗങ്ങൾ
അശ്ളീലം...
ആർത്തവം
30 + കാരിയെ പ്രണയിക്കൽ...
ആ 
തത്ക്കാലം ഇത്ര മതി.

നോക്കൂ 
എത്ര പെട്ടെന്നാ ഞാൻ കവിത എഴുതിയത്.
ഈ കവിതയുടെ ജനനവും 
മരണവും 
ഇതാ  
ഇവിടെ കഴിഞ്ഞു.
ഇനി വായനക്കാരുടെ ഊഴമാണ്.
ഞാനിതാ നഗ്നനായിക്കഴിഞ്ഞു.
നിങ്ങൾക്ക് തുടങ്ങാം.
എന്നെ ഭോഗിക്കാം 
എനിക്ക് ഭോഗഭാക്കുമാകാം.
@ ബി.ജി.എൻ വർക്കല

Monday, April 29, 2024

ഞാനാര്

 
.........ഞാനാര്......
എനിക്കറിയാം
ഞാൻ മോശമാണ്
ആർക്കും അഭികാമ്യനല്ല.
നിങ്ങളുടെ ആരുടെയും
കാഴ്ചപ്പാടുകൾക്കോ
വിശ്വാസങ്ങൾക്കോ
രീതികൾക്കോ
ഇഷ്ടങ്ങൾക്കോ
ഒന്നും ഒത്തു പോകുന്നവനല്ല.
ഒരു പാടു കൂട്ടങ്ങളിൽ നിന്നും
ഒരു പാട് ഇടങ്ങളിൽ നിന്നും
ഒത്തിരി ബന്ധങ്ങളിൽ നിന്നും
നിങ്ങൾ ബോധപൂർവ്വം അകറ്റി നിർത്തിയവൻ.
വ്യഭിചാരി
മദ്യപാനി
അവിശ്വാസി
പ്രണയിക്കാൻ കൊള്ളാത്തവൻ
കൂട്ടുകൂടാൻ പറ്റാത്തവൻ....
എന്തൊക്കെയാണ് നിങ്ങൾ എന്നെപ്പറ്റി കേട്ടത്.
സ്വന്തം അഭിപ്രായം 
സത്യസന്ധമായി പറയാൻ
എത്ര പേർ മുന്നോട്ട് വരും?
(ഞാനത് ആഗ്രഹിക്കുന്നുമില്ല)

നോക്കൂ 
ഇത് കവിതയല്ല....
ഞാനിങ്ങനെയാണ്.
മുഖം മൂടി ഇല്ലാത്തതു കൊണ്ട് മാത്രം
കൂട്ടങ്ങളിൽ നിന്നും
പ്രണയത്തിൽ നിന്നും
സൗഹൃദങ്ങളിൽ നിന്നും
ബന്ധങ്ങളിൽ നിന്നും
ഒക്കെയും 
പരിത്യജിക്കപ്പെട്ടവൻ.
ഞാൻ 
ഞാനിങ്ങനെയാണ്
ഇങ്ങനെ മാത്രമേ 
ഞാൻ മരിക്കുകയുള്ളു
ഇങ്ങനെ മാത്രമേ
ഞാനടയാളപ്പെടപ്പെടുകയുള്ളു.
@ ബി.ജി.എൻ വർക്കല

Saturday, April 20, 2024

സ്വപ്നാടനം

സ്വപ്നാടനം
--------------
ഇന്നലെയേവം ഞാൻ നിന്നെയോർത്ത്
നിദ്ര വെടിഞ്ഞു കഴിഞ്ഞിരുന്നു.
നീ വരുമെന്ന പ്രതീക്ഷയിങ്കൽ
വാതിലതും ഞാൻ അടച്ചതില്ല.

ഭക്ഷണമേതും കരുതിയില്ല നിൻ
ഭക്ഷണമാകാൻ കൊതിച്ചു ഞാനും.
ഒത്തിരിയൊക്കെയും ഓർത്തിടവേ
നെഞ്ചകം വല്ലാതെ മിടിച്ചിരുന്നു.

കാറ്റും തണുപ്പും വന്നുവെൻ്റെ 
രാത്രിയെ വല്ലാതലട്ടിയല്ലോ.
എത്ര പറഞ്ഞിട്ടും കേട്ടിടാതെന്‍
ചിത്തം കുതികുതിച്ചീടുന്നല്ലോ.

എപ്പഴോ ഞാനൊന്ന് മയങ്ങിയതും
ചാരത്ത് നീ വന്നതറിഞ്ഞുവല്ലോ.
നിൻ വിരലെൻ്റെ കപോലത്തിങ്കൽ
ശൈത്യമോടങ്ങിങ്ങങ്ങോടുന്നതും.

മെല്ലെ വിടർന്നൊരെന്നധരങ്ങളെ
നിർലജ്ജം നീ മുകർന്നാ നിമിഷം
സുഖദമാമൊരു മോഹാലസ്യനിദ്ര
എന്നെ കവർന്നു കടന്നു പോയി.

ഒന്നുമറിഞ്ഞില്ല ഞാൻ പ്രിയനേ
പുലരിവന്നെന്നെ വിളിക്കും വരെ.
എന്നുടയാടകൾ എന്നെ വിട്ട്
എങ്ങോ പോയെന്നറിഞ്ഞു ഞാനും.

ലജ്ജയോടെൻ്റെ കുളിമുറിയിൽ
നനവിൽ പൊതിഞ്ഞു നിൽക്കെ ഞാനും
നീറും തനുവിൻ നിഗൂഢതകളേന്നോട്
രാവിൻ കഥകൾ പറഞ്ഞു തന്നു.

എങ്കിലും എൻ്റെ പ്രിയ മിത്രമേ,നീ 
എന്നെയുണർത്താൻ മടിച്ചതെന്തേ.
ചോരനെപ്പോൽ നീ വന്നു പോയ്
അറിയാതെൻ്റെന്നെ കവർന്നുപോയ്.

ഇനി വരും രാവുകൾ നിശ്ചയം ഞാൻ
മതിമറന്നുറങ്ങും നീ ഓർത്തുകൊൾക.
ഇനിയെൻ്റെ ശയനാലയത്തിൻ വാതിൽ
പാടേ അടച്ചു തഴുതിടും ഞാന്‍ .
@ബിജു.ജി.നാഥ് വര്‍ക്കല

Friday, March 15, 2024

നിന്നെക്കുറിച്ച്

നിന്നെക്കുറിച്ച്...

എഴുതാൻ തുടങ്ങുമ്പോഴൊക്കെ
എന്നെ തടഞ്ഞുകൊണ്ട്
നിൻ്റെ നീൾമിഴികൾ നിറയുന്നു.
ഞാൻ എഴുതുമ്പോൾ
അത് മറ്റാർക്കോ വേണ്ടിയെന്ന്
നീ ഭയക്കുന്നു.

വരയ്ക്കാൻ തുടങ്ങുമ്പോഴൊക്കെ
എന്നെ തടഞ്ഞു കൊണ്ട്
നീ പരിഹാസം ചൊരിയുന്നു.
എൻ്റെ രതിറാണിമാരുടെ
ഉടലളവുകൾ ഞാൻ പകർത്തുകയാണ് 
എന്ന് നീ പരിഭവിക്കുന്നു.

പാടാൻ തുടങ്ങുമ്പോഴൊക്കെ
എന്നെ തടഞ്ഞു കൊണ്ട് 
നീ ദേഷ്യപ്പെടുന്നു.
എൻ്റെ സ്വരം നീ മാത്രം കേൾക്കണ്ടതാണ്
എന്ന് നീ അവകാശപ്പെടുന്നു.

നിന്നോട് മിണ്ടാൻ തുടങ്ങുമ്പോൾ
നിന്നെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ
നിന്നെ പ്രണയിക്കാനൊരുങ്ങുമ്പോൾ
നീ എന്നെയുപേക്ഷിച്ചു യാത്രയാകുന്നു.

ഒരു തളിരിലയാൽ,
ഒരു വള്ളിത്തുമ്പിനാൽ
നീയെൻ്റെ ഉടലിനെ തഴുകി മുറുക്കുന്നു.
നിൻ്റെ നിറഞ്ഞ മാറിടത്തിൽ നിന്നും
പ്രണയരസം ഉതിരുന്നു.
പക്ഷേ അപ്പോഴും
എനിക്കപ്രാപ്യമായ അകലത്തിൽ
നീ ഒരു പൂന്തോട്ടമായി നില്ക്കുന്നു.

ഞാൻ...
മരുഭൂമിയുടെ തീക്കാറ്റിൽ,
ഉടലുവെന്ത ഗാഫ് മരമാകുന്നു.
നിറുകയിൽ വീഴുന്ന 
ഒരു തരി തണുപ്പിനായ്.
ഉണങ്ങി വരണ്ട് 
കാത്തു കിടക്കുന്നു.
നീയതറിയുന്നുണ്ടാകുമോ.....?
@ബിജു.ജി.നാഥ് വർക്കല

Saturday, March 9, 2024

പ്രണയം



പ്രണയം.

അഗ്നിയായ് നമ്മൾ ജ്വലിച്ചിരുന്നു
ഹിമമായീ മണ്ണിൽ അലിഞ്ഞിരുന്നു.
തൂവലായ് കാറ്റിൽ പറന്നിരുന്നു
ഇലയായ് സമുദ്രത്തിൽ വീണിരുന്നു.

സ്വപ്നങ്ങൾ നമ്മൾ പകുത്തിരുന്നു
ദുഃഖത്തിൽ പങ്കാളിയായിരുന്നു.
നമ്മൾ പരസ്പരം ചുമലുകളായ്
നമ്മൾ മനസ്സിലൊന്നായിരുന്നു.

പ്രണയവും വിരഹവും കാമവുമായ്
ഇരവും പകലും പോയ് മറഞ്ഞു.
ഋതുക്കൾ മാറുവതറിയാതെ നാം
ധരണിയിൽ ഹരിണങ്ങൾ പോലലഞ്ഞു.

സ്വച്ഛമാകാശം മേഘത്തണൽ വിരിച്ചും
മന്ദസമീരൻ, തൻ കുളിർ നല്കിയും
മേദിനി ഹരിതാഭ വാരീയണിഞ്ഞും
ചേർത്തു പിടിച്ചൂ നടത്തി നമ്മെ!

ഒരു മുള്ളു കാലിൽ തറച്ചിടാതെ
ഒരു പേമാരിയും നനച്ചിടാതെ
ഒരു വേനൽ കൊണ്ടും വാട്ടിടാതെ
കരുതലോടെ നമ്മൾ വാണിരുന്നു.

വിട്ടു പോകാനായ് മനസ്സുമില്ല
പട്ടു പോകാനും ഇഷ്ടമില്ല
ഒറ്റക്കു പോകുവാൻ കഴിയുകില്ല
നമ്മളൊന്നിച്ചു പോകുന്നീ നിമിഷം.

ഒടുവിലീ അന്ത്യയാത്രയ്ക്കിടയിൽ
തിരികെ മടങ്ങാൻ കൊതിപ്പെടുന്നു.
ഒരു ജന്മകാലത്തിനകത്തു നമ്മൾ
മുഴുമിച്ചിടാത്തതെന്തോ തിരഞ്ഞ്.
@ബിജു. ജി. നാഥ് വർക്കല 19-02-2024

https://youtu.be/n_7KgMP43cM?si=jr5IiIrnshrvleYm

Monday, March 4, 2024

എല്ലാം ശര്യാകും

എല്ലാം ശര്യാകും

എന്നും കേട്ടിരുന്നാ വാക്ക് 
ഓരോ ദശാസന്ധികളിലും 
മുറതെറ്റാതെ കേട്ടു ശീലിച്ചു
എല്ലാം ശര്യാകും.

ജീവിതം കൈവിട്ടു പോയപ്പോൾ
ഉറ്റ സ്നേഹിതൻ അരികിലിരുന്നു 
ചുമലിൽ തട്ടിപ്പറഞ്ഞു പോയി.
എല്ലാം ശര്യാകും.

പ്രണയം പടിയിറങ്ങിപ്പോകുമ്പോൾ
ആശ്വാസം പോലെ പറഞ്ഞിരുന്നു
ഉരുക്കാണ് നീ എന്നതറിയുക 
എല്ലാം ശര്യാകും

അടിതെറ്റി വീണ് കിടന്നപ്പോൾ
അരികിലിരുന്നന്ന് നല്ല പാതിയും 
കൈവിരലുകൾ മെല്ലെതലോടിപ്പറഞ്ഞു 
എല്ലാം ശര്യാകും.

ഒടുവിൽ, വെള്ളപുതച്ചു കിടക്കുമ്പോൾ
വന്നണഞ്ഞു പല ദിക്കിൽ നിന്നവർ
തൊട്ടു നോക്കി തണുത്ത ദേഹിയിൽ
ഉള്ളാൽ പറഞ്ഞിരിക്കുമോ
എല്ലാം ശര്യാകുമെന്ന്!!!
@ബിജു ജി.നാഥ് വർക്കല

Sunday, March 3, 2024

Voyage to India ........................Athanasius Nikitin of Twer

Voyage to India (Travelog)

Athanasius Nikitin of Twer

Translated by Count Wielhorski

In Parenthese Publications

E Copy

 

 

നമ്മള്‍ അറിയുന്ന ചരിത്രം എല്ലാം നമുക്കാരെങ്കിലും പറഞ്ഞു തരുന്നവയാണല്ലോ . എഴുതപ്പെട്ട ചരിത്രങ്ങള്‍ക്കും വായ്മൊഴി ചരിത്രങ്ങള്‍ക്കും പരിമിതികള്‍ പലവിധമാണ് . എഴുതപ്പെടുന്നതായാലും അത് ചരിത്രനിര്‍മ്മിതിക്കൊപ്പം സംഭവിക്കുന്നതാണെങ്കില്‍ ഉള്ള ആധികാരികത ഒരിയ്ക്കലും കേട്ടു പഴകിയ കഥകളെ എഴുതുമ്പോ കിട്ടണമെന്നില്ല. കറുപ്പ് കാക്കയായി മാറുന്ന അതിഭാവുകത്വം അവയില്‍ ഉണ്ടാകുന്നു . പുരാണ കഥകളും , ബൈബിള്‍ കഥകളും ഒക്കെ ഇത്തരം വായ്പ്പാട്ടുകള്‍ ഇരുന്നൂറും മുന്നൂറും വര്‍ഷങ്ങള്‍ക്ക് ശേഷം എഴുതപ്പെട്ടവയായി മനസ്സിലാക്കാന്‍ സാധിക്കുന്നതിലെ അത്ഭുതം ആ വായനയോട് നമുക്ക് പുലര്‍ത്താനും കഴിയുന്നുണ്ട് . അമിതമായ വിശ്വാസവും ഭയവും അന്ധത നല്കുമ്പോള്‍ എല്ലാവര്ക്കും അതിനോടു സമരസപ്പെടാന്‍ കഴിഞ്ഞു എന്നു വരില്ല . ഒരു നൂറ്റമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലും , ഇന്ത്യയിലും ഒരു അവതാരപുരുഷനും (തരം പോലെ വൈഷ്ണവരോ ശൈവരോ കൂടെക്കൂട്ടിക്കൊളും) ദൈവവുമായി ശ്രീ നാരായണ ഗുരുവിനെ ദര്‍ശിക്കാന്‍ വരുന്ന തലമുറയ്ക്ക് കഴിയും. ഇപ്പോഴേ ദൈവം ആണെന്ന് നടേശപുത്രന്‍ ശംഖുമുഖത്ത് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളത് മറക്കുന്നില്ല. നമ്മുടെ രാജ്യം ഇന്ന് ചരിത്രം തിരുത്തി എഴുതുന്ന തിരക്കില്‍ ആണ് . അതിനായി മാത്രം നിയോഗിക്കപ്പെട്ട ഒരു കൂട്ടം എഴുത്തുകാര്‍ ഇന്ന് സജീവമായ എഴുത്തുകളുമായി തിരക്കിലാണ് . ദക്ഷിണേന്ത്യയല്ല ഉത്തരേന്ത്യയാണ് എന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നു കരുതുന്നു. പ്രധാനമായും ഉത്തരേന്ത്യയുടെ ഭൂവിഭാഗങ്ങളില്‍ ഒരുപാട് അധിനിവേശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൊള്ളയും കുരുതികളും സംഭവിച്ചിട്ടുണ്ട് . മുഗളന്‍മാരും മറ്റും എത്ര തന്നെ കൊള്ളയടിച്ചിട്ടും തീരാത്ത മുതലുമായി ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ അവശേഷിച്ചിരുന്നു എങ്കില്‍ എത്ര ധനികര്‍ ആയിരുന്നിരിക്കണം അവര്‍ . എന്നാല്‍ പോലും ഇന്ത്യയെ മുഗളര്‍ ഭരിച്ചിരുന്ന കാലത്ത് ഒരുത്തരേന്ത്യനും സ്വാതന്ത്ര്യമോഹം ആവശ്യപ്പെട്ടു സമരം നടത്തിയിട്ടില്ല . ഒരു ഗാന്ധിയും ഉപവസിച്ചിട്ടുമില്ല . പക്ഷേ ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ മാത്രമാണു ഇന്ത്യ അസ്വതന്ത്രയാണെന്ന് ഇന്ത്യാക്കാര്‍ക്ക് മനസ്സിലായത് എന്നു കേള്‍ക്കുമ്പോള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നവരാണ് ഭൂരിഭാഗവും . പക്ഷേ ഒന്നാലോചിച്ചാല്‍ ഈ സ്വാതന്ത്ര്യ സമരം ഒരു തരത്തില്‍ ഒരു ഗൂഡാലോചനയുടെ ബാക്കിയല്ലേ? രാജാക്കന്മാരുടെ അധികാരം കപ്പം വാങ്ങിക്കൊണ്ട് അതേപടി അനുവദിച്ചുകൊടുത്തിരുന്നവര്‍ ആയിരുന്നു മുഗളന്‍മാര്‍ . അവര്‍ക്ക് ഈ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു സ്വന്തം നാട്ടിലേക്കു കൊണ്ട് പോകാനും ഇവിടെ സുഖിമാന്‍മാരായി വസിക്കാനും മാത്രമായിരുന്നു താത്പര്യം. സാമന്ത രാജാക്കന്മാരായി തങ്ങള്‍ അതുവരെ അനുഭവിച്ച് വന്ന അധികാരം കൈവശം ഇരുന്നതിനാല്‍ രാജാക്കന്മാര്‍ക്കും മതം തിന്നു ജീവിച്ചിരുന്ന പുരോഹിതര്‍ക്കും പ്രശ്നം ഒട്ടും ഇല്ലായിരുന്നു . ബ്രിട്ടീഷുകാര്‍ ആകട്ടെ രാജ്യത്തെ കൊള്ളയടിക്കുന്നത് മാത്രമായിരുന്നില്ല കോളനി ഉണ്ടാക്കി അവരുടെ പരമാധികാരം അടിച്ചേല്‍പ്പിക്കുന്നതിലായിരുന്നു താത്പര്യപ്പെട്ടത് . നോക്കുകുത്തികള്‍ ആകുന്ന രാജാക്കന്‍മാര്‍ക്ക് എന്തു വിലയാണുള്ളത്! അപ്പോള്‍ ജനങ്ങളെ ഇളക്കി വിട്ടത് സ്വാതന്ത്ര്യ മോഹം എന്ന ഇരയെ ഇട്ടുകൊടുത്തുകൊണ്ടാണ് . മാത്രവുമല്ല മതവും സാഹിത്യവും പഠിച്ചു അടിയാളന്മാരായി ജീവിച്ചവര്‍ ഒക്കെ വിദ്യ നേടി ശാസ്ത്ര ബോധം ഉള്ളവരാകുന്ന അപകടവും മുന്നില്‍ കണ്ടു . എന്തായാലും അവര്‍ വിജയിച്ചത് രാജ്യവും അധികാരവും നഷ്ടപ്പെടുത്തിക്കൊണ്ടാണ് . എന്നാല്‍ അധികാരം എന്നത് പുതിയ തലക്കെട്ടില്‍, പുതിയ രൂപത്തില്‍ രാഷ്ട്രീയമായി തിരികെ വന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടി എന്നത് ഒരു തമാശയായി അനുഭവപ്പെടുന്നിടത്തേക്ക് ജനം വീണുപോയി.

ചരിത്രം എഴുതുന്നതില്‍ പരാജയപ്പെട്ട ഒരു സമൂഹമാണു നാം! അതിനാല്‍ത്തന്നെ നമ്മുടെ ചരിത്രങ്ങളൊക്കെ അബദ്ധപഞ്ചാംഗങ്ങള്‍ ആയ മിത്തുകളും പുരാണങ്ങളും കൈമാറി കിട്ടിയ സംസ്കാരമെന്ന കടത്തിവിടലുകള്‍ ആണ് . ലോകത്തെ ഏറ്റവും പഴയ സംസ്കാരമായ സിന്ധൂനദീതട സംസ്കാരം അതിനാല്‍ ഇന്നും വിഗ്രഹങ്ങളും മിത്തുകളും ക്ഷേത്രങ്ങളും ഒക്കെയായി തല ഉയര്‍ത്തിനില്‍ക്കാന്‍ ശ്രമിക്കുന്നു . എഴുതപ്പെട്ട ചരിത്രങ്ങള്‍ നമുക്ക് ലഭിക്കുന്നത് ഭാരതീയരല്ലാത്ത സന്ദര്‍ശകരുടെ കുത്തിക്കുറിപ്പുകളിലൂടെ മാത്രമാണു . പക്ഷേ പരദേശികളുടെ കുത്തിക്കുറിപ്പുകളില്‍ പലപ്പോഴും സംഭവിക്കുക അതിശയോക്തികളും , അവര്‍ കണ്ട കാഴ്ചകളും അറിയുന്ന വിവരങ്ങളും ആരെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കുന്നവയും ആകുന്നു. ഇതില്‍ നിന്നും സത്യം എത്രത്തോളം ഉണ്ടെന്നത് അന്വേഷിച്ചു കണ്ടെത്താന്‍ ഉള്ള ഒരു ശ്രമം കൂടി ചരിത്ര ഗവേഷകരില്‍ നിക്ഷിപ്തമാകുന്നു.

ഹ്യുയംസാംഗ് , ഇബ്നുന്‍ ബത്തൂത്ത തുടങ്ങിയവരുടെ സഞ്ചാരക്കുറിപ്പുകള്‍ വായിച്ചിട്ടുണ്ട് . ചരിത്രമെന്ന രീതിയില്‍ ആ വായനകള്‍ എത്രത്തോളം വസ്തുതകളെ സാധൂകരിക്കാറുണ്ട് എന്നതില്‍ കുറച്ചൊക്കെ കുഴപ്പങ്ങള്‍ കണ്ടിട്ടുമുണ്ട് .  ഇപ്പോള്‍ വായിച്ചത് പതിനാലാം നൂറ്റാണ്ടില്‍ റഷ്യയില്‍ നിന്നും ഇന്ത്യ കാണാന്‍ വന്ന അതാനെഷിയുസ് നികിതിന്‍ എന്ന സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പാണ് . ഇരുപത്തിയാറു പേജുകള്‍ മാത്രമുള്ള , നെറ്റില്‍ ലഭ്യമായ ഈ പുസ്തകത്തില്‍ പതിനാലാം നൂറ്റാണ്ടിന്റെ ഭാരതത്തിലെ തീരദേശ പട്ടണങ്ങളുടെ കാഴ്ച രേഖപ്പെടുത്തിയിരിക്കുന്നു . കേരളം , ഗുജറാത്ത് , കര്‍ണ്ണാടക , സിലോണ്‍ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്ക(പതിനാലാം നൂറ്റാണ്ടിലും സിലോണ്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് പുരാണങ്ങളിലെ ലങ്ക എന്നു കേള്‍ക്കുമ്പോള്‍ ഒരു തമാശയൊക്കെ തോന്നുന്നുണ്ട്) എന്നിവിടങ്ങളില്‍ കൂടി യാത്ര ചെയ്ത വിശേഷങ്ങള്‍ വളരെ കുറച്ചു മാത്രം ഇതില്‍ പറയുന്നു. സ്ഥലനാമങ്ങള്‍ പലതും ഊഹങ്ങള്‍ ആണ് ഇതായിരിക്കും എന്നത് . കാരണം റഷ്യക്കാരന്‍ ഇന്ത്യന്‍ ഭാഷ അറിയാതെ അതിനെ ശരിക്ക് ഉച്ചരിക്കാന്‍ കഴിയാതെ എഴുതുന്നതാണല്ലോ . കേരളത്തില്‍ വന്ന അയാള്‍ കണ്ട കാഴ്ചയെ ഇങ്ങനെയൊക്കെ വിവരിക്കുന്നു . കച്ചവടക്കാരായ വെളുത്ത തൊലിയുള്ളവരെ ആരാധനയോടെ നോക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ . അരയില്‍ ഒരു തുണി മാത്രമുടുത്ത സ്ത്രീ പുരുഷന്മാര്‍ . വര്‍ഷാവര്‍ഷം പ്രസവിക്കുന്ന, അരക്കെട്ടില്‍ ദുര്‍മേദസ്സുള്ള തടിച്ച സ്ത്രീകള്‍  . ആറ് ഏഴു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് തുണിയെന്ന വസ്തുവേ ശരീരത്തില്‍ ഇല്ല . വിദേശികള്‍ ആയ കച്ചവടക്കാര്‍ വന്നാല്‍ അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വീട്ടുകാര്‍ക്ക് വലിയ താത്പര്യമാണ് . അങ്ങനെ അതിഥി ആയി കിട്ടുന്ന ആളുടെ പരിചരണം ഗൃഹനായികയുടെ സ്വന്തം ചുമതല ആണ് . ഭക്ഷണ പാനീയങ്ങള്‍ നല്കുക മാത്രമല്ല ശരീരദാനം കൂടി അവള്‍ ചെയ്തു കൊടുക്കും. ഗുജറാത്ത് പോലുള്ള ഇടങ്ങളിലെ യാത്രയിലും ജനങ്ങള്‍ അര്‍ദ്ധനഗ്നരാണ് . സ്ത്രീകള്‍ അതും സമൂഹത്തിലെ ഉയര്ന്ന അധികാരത്തില്‍ ഉള്ള സ്ത്രീകള്‍ ഒരു നീണ്ട തുണി അരയിലൂടെ ചുറ്റി മാറിലൂടെ തലയില്‍ ഇട്ടിട്ടുണ്ട് . ആരെങ്കിലും മരിച്ചാല്‍ ശവശരീരം കത്തിച്ചു ചാരം നദിയില്‍ ഒഴുക്കും. (സതിയെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല ). രാജാക്കന്മാരും റാണിമാരും യാത്ര ചെയ്യുമ്പോള്‍ സ്വര്‍ണവും വെള്ളിയും കൊണ്ട് പണിഞ്ഞ കട്ടിലും, പല്ലക്കും ചുമക്കുന്ന ഭൃത്യന്മാര്‍ക്കു അരയിലൊരു ചെറിയ തുണി ഉണ്ടാകും അവര്‍ക്ക് , കൈയ്യില്‍ വാളോ കുന്തമോ കത്തിയോ അമ്പും വില്ലുമോ കാണും. അര്‍ദ്ധനഗ്നരായ സ്ത്രീകള്‍ റാണിമാര്‍ക്ക് കുടിക്കാനുള്ള വെള്ളം നിറഞ്ഞ പാത്രവുമായി ഓരോ പല്ലക്കിനും ഒപ്പം സഞ്ചരിക്കും. മുസ്ലീം ഭരണാധികള്‍ പലരും അദ്ദേഹത്തിന്റെ കുതിരയെ പിടിച്ച് വച്ച് ക്രിസ്തുമതം ഉപേക്ഷിച്ചു മുസ്ലീം ആകാന്‍ നിര്‍ബന്ധിച്ച് എന്നും അത് ചെയ്താല്‍ കുതിരയെയും പൊന്‍പണവും നല്കാം അല്ലെങ്കില്‍ അവയൊക്കെ അങ്ങോട്ട് കൊടുക്കണം എന്നു നിര്‍ബന്ധം പിടിച്ചതായും മതം മാറാതെ തന്നെ രക്ഷപ്പെട്ടതുമായ കഥകള്‍ സഞ്ചാരി വിവരിക്കുന്നു . മുഴുവന്‍ വിവരണങ്ങളിലേക്കും പോകുന്നില്ല എങ്കിലും ചില വിവരണങ്ങളില്‍ കല്ലുകടിയും ചിലവ ചിന്തയ്ക്കും വഴി വച്ചു. ചരിത്രപഠനം നടത്തുന്നവര്‍ക്ക് വായിക്കാന്‍ ഉതകുന്ന ഈ പുസ്തകം മൂലകൃതിയുടെ ഇംഗ്ലീഷ് പരിഭാഷയാണ് . അതാനെഷിയുസ് നികിതിന്‍ കുറിച്ചു വച്ച ചരിത്രം പല ധാരണകളെയും തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ സഹായിക്കുന്ന ഒരു വായനയാണ് . സസ്നേഹം ബി.ജി.എന്‍ വര്‍ക്കല

 

 

 

 


കാലമേ സാക്ഷി ........................... ദീപ മംഗലം ഡാം

 


കാലമേ സാക്ഷി (കഥകള്‍ )

ദീപ മംഗലം ഡാം

ഗ്രാമീണ പബ്ലിക്കേഷന്‍സ്

വില : ₹ 160


 


പതിമൂന്നു കഥകളും ഒരു നോവലെറ്റും അടങ്ങിയ കാലമേ സാക്ഷി എന്ന പുസ്തകം ദീപ മംഗലം ഡാം എന്ന കലാകാരിയുടെ സംഭാവനയാണ് . ഗാനരചയിതാവ് , കവി , എഴുത്തുകാരി , സാമൂഹ്യ പ്രവര്‍ത്തക തുടങ്ങിയ ബഹുമുഖ പ്രതിഭയുള്ള ദീപ മംഗലം ഡാം നോവല്‍ , കഥ കവിത , ഷോര്‍ട്ട് ഫിലിം , ഗാനങ്ങള്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയയിലും സാഹിത്യരംഗത്തും അറിയപ്പെട്ടു വരുന്ന ഒരാള്‍ ആണ് .


“ഇതെന്റെ മനസ്സാണ്

ഒരു ചെറുകനവിതിലുണ്ട്

ഒരു നോവിന്‍ ഗദ്ഗദവും” എന്നു തുടങ്ങുന്ന ഈ പുസ്തകത്തിലെ , കഥകള്‍ എല്ലാം സമൂഹത്തിലെ വിവിധ വിഷയങ്ങളെ തൊട്ട് തലോടി കടന്നു പോകുന്നവയാണ് . ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍ , പരാജയപ്പെട്ടു പോകുന്ന മനുഷ്യര്‍ എന്നിവരുടെ മൗനഭാഷ്യം കഥകളില്‍ കൊണ്ടുവരാന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . ജീവിതം കൈവിട്ടുപോകുന്ന നിമിഷങ്ങളില്‍ ഒരു പുനര്‍ ചിന്ത ആവശ്യമെന്ന് പറയാന്‍ ശ്രമിക്കുന്ന കഥാ പാത്രങ്ങള്‍ , സ്ത്രീധനം, രോഗാവസ്ഥ , വാര്‍ധക്യം , ഒറ്റപ്പെടല്‍ തുടങ്ങിയ മാനുഷികാവസ്ഥകളുടെ വിലയിരുത്തലുകള്‍ ആയി കഥകളെ സമീപിക്കാവുന്നതാണ് . എഴുതിത്തുടങ്ങുന്ന ഒരാള്‍ എന്ന നിലയ്ക്കുള്ള ചില പോരായ്മകള്‍ കഥകളുടെ ഫ്രെയിം വര്‍ക്കുകളില്‍ കാണാം . പൊതുവേ എഴുത്തുകാരില്‍ ഇന്ന് കണ്ടു വരുന്ന ഒരു പ്രശ്നം കഥയോ കവിതയോ കൈയ്യിലുണ്ട് പക്ഷേ അത് പറഞ്ഞു പിടിപ്പിക്കാനുള്ള കഴിവ് ഉണ്ടാകാറില്ല എന്നതാണു.  അതുമൂലം വായനക്കാര്‍ക്ക് കഥകള്‍ വായിക്കുമ്പോള്‍ അതൊരാള്‍ പറഞ്ഞു തരുന്ന ഫീല്‍ ആണ് തോന്നുക. പലപ്പോഴും കഥാപാത്രങ്ങളെ കാണിച്ചു തരികയും ഇടയ്ക്കവര്‍ തന്നെ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ഒരു വിവരണക്കുറിപ്പ് വായിക്കുന്ന പ്രതീതി ജനിച്ചുപോകും. ഇവിടെ ദീപ മംഗലം ഡാമിന്റെ കഥകളിലും നോവലെറ്റിലും ഇതേ പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഒക്കെ തോന്നിപ്പിക്കുന്നുണ്ട് . നീന എന്ന കഥയില്‍ പ്രണയ വഞ്ചനയുടെയും പ്രണയ ദുരന്തത്തിന്റെയും രണ്ടു കാലങ്ങളെയാണ് അവതരിപ്പിക്കുന്നത് . സംഭവിക്കുമായിരുന്ന ഒരു വിഷമതയെ പക്ഷേ കൈകാര്യം ചെയ്ത രീതി ഭീരുത്വം നിറഞ്ഞ ഒന്നായി തോന്നി . മകളില്ലാ വീട് എന്ന കഥ എടുത്തുവളര്‍ത്തിയ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരുന്ന ദമ്പതികളുടെ മനോവ്യഥ പ്രമേയമായിരുന്നു . വലിയ പരിക്കുകള്‍ ഇല്ലാതെ അക്കഥ പറഞ്ഞുപോയി . സെക്സ് ടോയ് എന്ന കഥ ദാരിദ്ര്യത്തിന്റെ പരകോടിയില്‍ ശരീര വില്പന തുടങ്ങേണ്ടി വന്ന ഒരു ബ്രാഹ്മണയുവതിയുടെ പ്രണയ സാഫല്യത്തിന്റെ കഥ പറയുന്നു . ഏറെ നാടകീയതകള്‍ കഥയെ ചൂഴ്ന്നു പോകുന്നുണ്ട് . മുറിവുകള്‍ എന്ന കഥയാകട്ടെ പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി പറയാനായി ചെന്ന് അവിടെ നിന്നും മുറിവേറ്റ മനസ്സുമായി ഇറങ്ങിപ്പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു . പ്രമേയം നന്നായിട്ടുണ്ട് . പക്ഷേ പതിനായിരത്തില്‍ ഒന്നോ രണ്ടോ സംഭവിക്കുന്ന സംഭവങ്ങളെ കഥയാക്കുന്നതിലും നല്ലത് പോസിറ്റീവ് ആയുള്ള ഒരു ഊര്‍ജ്ജം സമൂഹത്തിനു നല്‍കുന്നതല്ലേ എന്നൊരു ആശങ്ക വായനയുടെ ഒടുവില്‍ തോന്നി . കാലമേ സാക്ഷി എന്ന കഥയും ഇപ്രകാരമാണ് തോന്നിച്ചത് . ഒരു സീരിയല്‍ കഥയ്ക്ക് അനുയോജ്യമായ വകകള്‍ അടങ്ങിയ കഥ ആയിരുന്നു അത് .  ലഹരി എന്ന കഥ മദ്യപാനത്തിന്റെ ദോഷങ്ങള്‍ കാണിക്കുന്ന, പറഞ്ഞു പഴകിയ ഒരു വിഷയമായി തോന്നി . അച്ഛന്‍ എന്ന കഥയും ഒരു സീരിയല്‍ ടൈപ്പ് കഥയായി തോന്നി . കാരണം മറ്റൊന്നുമല്ല നാടകീയത , കഥയെ പെട്ടെന്നു പറഞ്ഞു തീര്‍ക്കലിനുള്ള ആവേശം . എല്ലാം കുറച്ചു വാക്കില്‍ ഒതുക്കി നിര്‍ത്തണം എന്ന കരുതല്‍ ഒക്കെക്കൂടി വ്യത്യസ്ഥത ഉള്ള ആ വിഷയത്തെ ആഴത്തില്‍ പതിപ്പിക്കാന്‍ കഴിയാത്ത പോലെ ആക്കിയതായി അനുഭവപ്പെട്ടു . ഓട്ടോക്കാരന്‍ എന്ന കഥ നല്ല കഥ ആയിരുന്നു .ഇന്നത്തെ കാലത്ത് മനുഷ്യര്‍ക്ക് നഷ്ടമാകുന്ന മാനവികതയും കലര്‍പ്പില്ലാത്ത വികാര വിക്ഷോഭങ്ങളുടെ ആവിഷ്കാരവും കഥയെ നല്ല വായനാനുഭവം നല്‍കിച്ചു . മണല്‍ക്കാട്ടിലെ പഞ്ചവര്‍ണക്കിളികള്‍ സമൂഹത്തിലെ ഗുപ്തമായ ഒരു വൃദ്ധസദന സംവിധാനത്തിന്റെ തുറന്നു കാട്ടലായിരുന്നു . വാര്‍ദ്ധക്യം , ഒറ്റപ്പെടല്‍ ഇവയെ പക്ഷേ ശരിക്കും അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞോ എന്നത് സംശയമാണ് . ഓര്‍മ്മപ്പൂക്കളിലെ മഞ്ഞു തുള്ളികള്‍ എന്ന നോവലെറ്റ് പ്രമേയത്തില്‍ വ്യത്യസ്ഥത ഉണ്ടായിരുന്നു എങ്കിലും കണ്ണികള്‍ വിട്ടുപോയ തുടക്കവും നാടകീയത കൊണ്ടുവരാനുള്ള ശ്രമത്തില്‍പ്പെട്ട് സീരിയലൈസ് ചെയ്യപ്പെടുകയും ചെയ്ത ഒരു വര്‍ക്കായിരുന്നു എന്നു അനുഭവപ്പെട്ടു . നോവലെറ്റ് എന്ന തലത്തില്‍ നിന്നും അകന്ന് ഇതൊരു കഥയായി പറഞ്ഞു പോകാമായിരുന്നു . അല്ലെങ്കില്‍ കുറച്ചു കൂടി വികസിപ്പിച്ചു ഒരു നോവല്‍ ആക്കാമായിരുന്നു . പറയാനുള്ളതെല്ലാം പറയാന്‍ കഴിഞ്ഞുമില്ല എന്നാല്‍ പറയുമ്പോള്‍ അവയില്‍ ലുബ്ധ് കാണിക്കുകയും ചെയ്ത പോലെ വായന തോന്നിപ്പിച്ചു .


ദീപ മംഗലം ഡാം എന്ന എഴുത്തുകാരിയുടെ കവിതകള്‍ , ഗാനങ്ങള്‍ ഒക്കെ മിക്കതും വായിച്ചിട്ടുണ്ട് . കഥയും ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നത് വായിച്ചിട്ടുണ്ട് . പുസ്തകരൂപത്തില്‍ വായിക്കുന്നത് ഇപ്പോഴാണ് . നല്ല കഴിവുള്ള ഒരു എഴുത്തുകാരിയാണ് . ഭാഷ കൈയ്യിലുണ്ട് . അതിനെ ഒന്നു തേച്ച് മിനുക്കി , സമയക്കുറവുകള്‍ പരിഹരിച്ച് മനസ്സ് നൂറു ശതമാനം കൊടുത്തു ചെയ്യുകയാണെങ്കില്‍ ഇതിലും മികച്ച വര്‍ക്കുകള്‍ ഈ എഴുത്തുകാരിക്ക് നല്കാന്‍ കഴിയും എന്നൊരു തോന്നല്‍ അടയാളമിടുന്നവയാണ് വായിച്ചവയൊക്കെ . ആശംസകളോടെ ബി.ജി.എന്‍ വര്‍ക്കല